മൊഹാലിയില്‍ വീണ്ടും ഗെയില്‍ സ്റ്റോം, അവസാന പന്തില്‍ ബൗണ്ടറി നേടിയെങ്കിലും ഗെയിലിനു ശതകമില്ല

ക്രിസ് ഗെയില്‍ 99 റണ്‍സ് നേടി പുറത്താകാതെ നിന്നപ്പോള്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ആദ്യം ബാറ്റ് ചെയ്ത് 4 വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സ് നേടിയാണ് കിംഗ്സ് ഇലവന്‍ പഞ്ചാബ് തങ്ങളുടെ ഇന്നിംഗ്സ് അവസാനിപ്പിച്ചത്. ഒരു വശത്ത് ക്രിസ് ഗെയില്‍ അടിച്ച് തകര്‍ത്തപ്പോളും മറുവശത്ത് വിക്കറ്റുകള്‍ വീഴ്ത്തി കിംഗ്സ് ഇലവന്‍ പഞ്ചാബിന്റെ ബാറ്റിംഗ് ഒഴുക്ക് തടസ്സപ്പെടുത്താന്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂറിനായിിന്നുവെങ്കിലും അവസാന ഓവറുകളില്‍ വീണ്ടും ആഞ്ഞടിച്ച് ഗെയില്‍ ടീമിനെ 20 ഓവറില്‍ നിന്ന് 173 റണ്‍സിലേക്ക് എത്തിയ്ക്കുകയായിരുന്നു. ഗെയില്‍ 64 പന്തില്‍ നിന്ന് പുറത്താകാതെ 99 റണ്‍സ് നേടിയപ്പോള്‍ കെഎല്‍ രാഹുല്‍(18), മയാംഗ് അഗര്‍വാല്‍(15), സര്‍ഫ്രാസ് ഖാന്‍(15) എന്നിവരെല്ലാം തന്നെ ലഭിച്ച തുടക്കം കൈമോശപ്പെടുത്തുകയായിരുന്നു. മന്‍ദീപ് സിംഗ് 18 റണ്‍സുമായി പുറത്താകാതെ നിന്നു. ഗെയില്‍ 10 ബൗണ്ടറിയും 5 സിക്സുമാണ് തന്റെ ഇന്നിംഗ്സില്‍ നേടിയത്.

യൂസുവേന്ദ്ര ചഹാലും മോയിന്‍ അലിയും മധ്യ ഓവറുകളില്‍ മികച്ച ബൗളിംഗ് പ്രകടനം പുറത്തെടുത്തുവെങ്കിലും പേസ് ബൗളര്‍മാരെല്ലാവരും കണക്കറ്റ് പ്രഹരം ഏറ്റുവാങ്ങുകയായിരുന്നു. ഉമേഷ് യാദവ് നാലോവറില്‍ 42 റണ്‍സും മുഹമ്മദ് സിറാജ് 54 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് നേടി. ചഹാല്‍ നാലോവറില്‍ 33 റണ്‍സിനു രണ്ട് വിക്കറ്റും മോയിന്‍ അലി 19 റണ്‍സ് വഴങ്ങി 1 വിക്കറ്റും നേടി. നവ്ദീപ് സൈനി നാലോവില്‍ 23 റണ്‍സ് മാത്രം വഴങ്ങി പേസ് ബൗളര്‍മാരില്‍ മികവ് പുലര്‍ത്തി.

ഡിവില്ലയേഴ്സും കോഹ്‍ലിയും ഉള്‍പ്പെടെ നാല് വിക്കറ്റ്, പര്‍പ്പിള്‍ ക്യാപ് സ്വന്തമാക്കി റബാഡ

പവര്‍പ്ലേയുടെ അവസാനം എബി ഡി വില്ലിയേഴ്സിനെയും ഇന്നിംഗ്സിന്റെ അവസാനത്തോടെ ആക്രമിച്ച് കളിക്കുവാന്‍ തുടങ്ങിയ വിരാട് കോഹ്‍ലിയെയും പുറത്താക്കിയപ്പോള്‍ കാഗിസോ റബാഡ ബാംഗ്ലൂരിനെ വരിഞ്ഞു കെട്ടുവാന്‍ ഡല്‍ഹിയെ സഹായിക്കുകയായിരുന്നതിനൊപ്പം യൂസുവേന്ദ്ര ചഹാലിനൊപ്പം പര്‍പ്പിള്‍ ക്യാപ് പട്ടികള്‍ ഒപ്പത്തിനെത്തിയിരുന്നു. എന്നാല്‍ ശരാശരിയിലും എക്കണോമിയിലും മെച്ചപ്പെട്ട് നിന്നിരുന്ന ചഹാല്‍ തന്നെയായിരുന്നു അപ്പോളും പട്ടികയില്‍ മുന്നില്‍.

ഓവറിന്റെ ഒന്നാം പന്തില്‍ കോഹ്‍ലിയെ ശ്രേയസ്സ് അയ്യരുടെ കൈകളിലെത്തിച്ച റബാഡ മൂന്നാം പന്തില്‍ അക്ഷദീപ് നാഥിനെ മടക്കിയയച്ച് ക്യാപ് സ്വന്തം പേരിലാക്കി. അതേ ഓവറിന്റെ അവസാന പന്തില്‍ പവന്‍ നേഗിയെ കൂടി പുറത്താക്കി റബാഡ ചഹാലിനെക്കാള്‍ രണ്ട് വിക്കറ്റ് മുന്നില്‍ തന്നെ എത്തിക്കുക കൂടിയായിരുന്നു ഈ പ്രകടനത്തിലൂടെ.

ബാംഗ്ലൂരിനായി ഇന്ന് ബൗളിംഗ് പ്രകടനത്തിനിറങ്ങുന്ന ചഹാലിനു തിരിച്ച് പര്‍പ്പിള്‍ ക്യാപ് നേടുന്ന പ്രകടനം പുറത്തെടുത്താല്‍ മാത്രമേ ടീമിനെ വിജയത്തിലേക്ക് നയിക്കാനാകൂ എന്ന സ്ഥിതിയിലാണ് കാര്യങ്ങള്‍. 150 റണ്‍സാണ് ഡല്‍ഹിയ്ക്ക് ജയിക്കുവാനായി വേണ്ടത്.

ലെഗ് സ്പിന്നര്‍മാര്‍ക്ക് മറ്റു ബൗളര്‍മാരെക്കാള്‍ വൈവിധ്യങ്ങളുണ്ട് ആവനാഴിയില്‍

മറ്റു ബൗളര്‍മാരെക്കാള്‍ ലെഗ് സ്പിന്നര്‍മാരുടെ ആവനാഴിയില്‍ വൈവിധ്യമാര്‍ന്ന ആയുധങ്ങളുണ്ടെന്ന് വ്യക്തമാക്കി ഐപിഎലില്‍ നിലവിലെ പര്‍പ്പിള്‍ ക്യാപ് നേട്ടം സ്വന്തമാക്കി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ യൂസുവേന്ദ്ര ചഹാല്‍. തന്റെ നേട്ടത്തിനു ശേഷം സംസാരിക്കവേയാണ് ഈ അഭിപ്രായം ചഹാല്‍ പങ്കുവെച്ചത്. ലെഗ് സ്പിന്നര്‍മാര്‍ക്ക് പിച്ചിന്റെ പ്രതലത്തില്‍ നിന്ന് കൂടുതല്‍ സ്പിന്‍ ലഭിയ്ക്കും. ഗൂഗ്ലിയും ടോപ് സ്പിന്നറും കൂടുതല്‍ തിരിയും.

ടി20യില്‍ ഏറ്റവും അധികം മികവ് പുലര്‍ത്തിയ ബൗളര്‍മാരെല്ലാം സ്പിന്നര്‍മാരാണ്, അതില്‍ തന്നെ ഏറിയ പങ്കം ലെഗ്സ്പിന്നര്‍മാരാണ് എന്നത് ചഹാല്‍ പറഞ്ഞതിന്റെ ഒരു സാക്ഷ്യ പത്രമായി വേണമെങ്കിലും കണക്കാക്കാക്കാം. ഐപിഎല്‍ ബൗളര്‍മാരുടെ പട്ടികയിലും ഇപ്പോള്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ സ്പിന്നര്‍മാരാണ്.

പര്‍പ്പിള്‍ ക്യാപ് സ്വന്തമാക്കാനായതില്‍ ഏറെ സന്തോഷമുണ്ടെന്ന് പറഞ്ഞ ചഹാല്‍ എന്നാല്‍ ടീമിന്റെ തുടര്‍ച്ചയായ തോല്‍വിയില്‍ തളരാതെ മുന്നോട്ട് പോകുകയാണ് വേണ്ടതെന്ന് വ്യക്തമാക്കി. 10 മത്സരങ്ങള്‍ ഇനിയും ബാക്കിയുണ്ട്, ദുഃഖിച്ചിരിക്കാതെ ആ മത്സരങ്ങള്‍ ജയിക്കുകയാണ് ടീമെന്ന നിലയില്‍ ആര്‍സിബി ചെയ്യേണ്ടതെന്നും താരം വ്യക്തമാക്കി. ഇത്തരം സാഹചര്യങ്ങളില്‍ ശുഭാപ്തി വിശ്വാസം കൈവിടാതെ നില്‍ക്കുന്ന എന്നതാണ് ഏറ്റവും പ്രധാനമെന്നും ചഹാല്‍ വ്യക്തമാക്കി.

ചഹാലിനു പര്‍പ്പിള്‍ ക്യാപ്, ബാംഗ്ലൂര്‍ ബൗളര്‍മാരിലെ തലയുയര്‍ത്തിയ പ്രകടനം

ജോസ് ബട്‍ലര്‍ എറിഞ്ഞ ബൗളര്‍മാരെയെല്ലാം അടിച്ച് തകര്‍ത്ത് മുന്നേറുന്നതിനിടെ രാജസ്ഥാന്റെ കുതിപ്പിനു തടയിടാനായത് യൂസുവേന്ദ്ര ചഹാലിനു മാത്രമായിരുന്നു. താരം തന്റെ നാലോവറില്‍ നിന്ന് 17 റണ്‍സിനു 2 വിക്കറ്റാണ് നേടിയത്. അജിങ്ക്യ രഹാനെയെയും ജോസ് ബട്‍ലറെയും പുറത്താക്കിയ ചഹാല്‍ ഇന്നിംഗ്സിന്റെ അവസാനത്തോടെ സ്റ്റീവന്‍ സ്മിത്തിനെ പുറത്താക്കുവാനുള്ള അവസരം സൃഷ്ടിച്ചുവെങ്കിലും ഉമേഷ് യാദവ് ക്യാച് കൈവിടുകയായിരുന്നു. മത്സരത്തിന്റെ നിര്‍ണ്ണായകമായ ഈ ഘട്ടത്തില്‍ ലഭിച്ച അവസരം ബാംഗ്ലൂര്‍ നേടിയിരുന്നുവെങ്കില്‍ മത്സരം തന്നെ മാറി മറിയുവാന്‍ സാധ്യതയുണ്ടായിരുന്നു.

ഇന്നത്തെ പ്രകടനത്തോടെ ചഹാല്‍ നാല് മത്സരങ്ങളില്‍ നിന്ന് 8 വിക്കറ്റുമായി ഐപിഎലിലെ ഏറ്റവും അധികം വിക്കറ്റ് നേടുന്ന താരങ്ങള്‍ക്കുള്ള പര്‍പ്പിള്‍ ക്യാപ് സ്വന്തമാക്കുകയായിരുന്നു. രണ്ടാം സ്ഥാനത്തുള്ള ഇമ്രാന്‍ താഹിറിനു ആറ് വിക്കറ്റാണ് കൈവശമുള്ളത്. ഇന്നത്തെ മത്സരത്തിലെ മൂന്ന് വിക്കറ്റ് പ്രകടനത്തോടെ ശ്രേയസ്സ് ഗോപാല്‍ മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നിട്ടുണ്ട്. കാഗിസോ റബാഡ, ഡ്വെയിന്‍ ബ്രാവോ, സാം കറന്‍ എന്നിവരും ആറ് വിക്കറ്റുമായി വിക്കറ്റ് പട്ടികയിലെ പ്രധാനികളായി നിലകൊള്ളുന്നു.

ജയമില്ലാത്തത് ആര്‍സിബിയ്ക്ക് മാത്രം, ഒരു പന്ത് അവശേഷിക്കെ ജയം സ്വന്തമാക്കി രാജസ്ഥാന്‍

ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിനെ ആദ്യം ബാറ്റിംഗിനു അയയ്ച്ച ശേഷം 158 റണ്‍സില്‍ എറിഞ്ഞ് പിടിച്ച ശേഷം ലക്ഷ്യം 3 വിക്കറ്റ് നഷ്ടത്തില്‍ 19.5 ഓവറില്‍ മറികടന്ന് രാജസ്ഥാന്‍ റോയല്‍സ്. ഇതോടെ ഐപിഎലില്‍ ഇതുവരെ ജയം നേടാനാകാത്ത ആദ്യ ടീമായി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ മാറി. ജോസ് ബട്‍ലറുടെ അര്‍ദ്ധ ശതകത്തോടൊപ്പം സ്റ്റീവ് സ്മിത്ത്(38), രാഹുല്‍ ത്രിപാഠി(34) എന്നിവരുടെ ഇന്നിംഗ്സുകളാണ് രാജസ്ഥാനു ജയം ഉറപ്പാക്കിയത്.

ഓപ്പണിംഗ് കൂട്ടുകെട്ടില്‍ 7.4 ഓവറില്‍ നിന്ന് ജോസ് ബട്‍ലര്‍-അജിങ്ക്യ രഹാനെ കൂട്ടുകെട്ട് 60 റണ്‍സ് നേടി മികച്ച തുടക്കം നല്‍കി. 22 റണ്‍സ് നേടിയ രഹാനെയെ ചഹാല്‍ വിക്കറ്റിനു മുന്നില്‍ കുടുക്കിയപ്പോള്‍ രാജസ്ഥാന് ആദ്യ തിരിച്ചടി നേരിടേണ്ടി വന്നു. ഇതിനിടെ തന്റെ അര്‍ദ്ധ ശതകം തികച്ച ജോസ് ബട‍്‍‍ലറും സ്റ്റീവന്‍ സ്മിത്തും ചേര്‍ന്ന് രാജസ്ഥാന്റെ സ്കോര്‍ നൂറ് കടത്തി.

12.4 ഓവറില്‍ ജോസ് ബട്‍ലറെയും ചഹാല്‍ തന്നെ പുറത്താക്കിയപ്പോള്‍ 43 പന്തില്‍ നിന്ന് 59 റണ്‍സാണ് താരം നേടിയത്. വിക്കറ്റ് വീഴുമ്പോള്‍ 12.4 ഓവറില്‍ 104 റണ്‍സാണ് രാജസ്ഥാന്‍ റോയല്‍സ് നേടിയിരുന്നത്. ബട്‍ലര്‍ പുറത്തായ ശേഷം റണ്‍സ് നേടുവാന്‍ പഴയ വേഗതയില്ലായിരുന്നുവെങ്കിലും ലക്ഷ്യം അത്ര വലുതല്ലാതിരുന്നത് രാജസ്ഥാനെ അലട്ടിയില്ല.

30 പന്തില്‍ ജയിക്കാന്‍ 38 റണ്‍സ് വേണ്ടിയിരുന്ന രാജസ്ഥാന് ടൈം ഔട്ട് കഴിഞ്ഞുള്ള ആദ്യ ഓവറില്‍ സ്റ്റീവ് സ്മിത്ത് വലിയ അടിയ്ക്ക് മുതിര്‍ന്നുവെങ്കിലും ബൗണ്ടറി ലൈനില്‍ ഉമേഷ് യാദവിന്റെ അടുത്തേക്ക് മാത്രമേ അടിക്കുവാന്‍ സാധിച്ചുള്ളു. എന്നാല്‍ ചഹാലിന്റെ ഓവറില്‍ ലഭിച്ച അവസരം ബൗണ്ടറി ലൈനില്‍ ഉമേഷ് യാദവ് കൈവിട്ടതോടെ ബാംഗ്ലൂരിന്റെ അവസാന പ്രതീക്ഷയും അസ്തമിച്ചു. തന്റെ നാലോവറില്‍ 17 റണ്‍സിനു രണ്ട് വിക്കറ്റ് നേടിയാണ് യൂസുവേന്ദ്ര ചഹാല്‍ തന്റെ സ്പെല്‍ അവസാനിപ്പിച്ചത്.

അവസാന നാലോവറിലേക്ക് മത്സരം കടന്നപ്പോള്‍ 34 റണ്‍സായിരുന്നു രാജസ്ഥാന്‍ നേടേണ്ടിയിരുന്നത്. മുഹമ്മദ് സിറാജ് എറിഞ്ഞ 17ാം  ഓവറില്‍ 16 റണ്‍സ് നേടി സ്റ്റീവന്‍ സ്മിത്തും രാഹുല്‍ ത്രിപാഠിയും ലക്ഷ്യം 18 പന്തില്‍ 18 ആക്കി മാറ്റി. നവദീപ് സൈനിയുടെ അടുത്ത ഓവറില്‍ നിന്ന് 9 റണ്‍സ് നേടി മത്സരം രാജസ്ഥാന്റെ പക്ഷത്തേക്ക് സ്മിത്തും ത്രിപാഠിയും ചേര്‍ന്ന് മാറ്റിയിരുന്നു.

അടുത്ത ഓവറില്‍ സ്മിത്ത് വീണ്ടുമൊരു അവസരം നല്‍കിയെങ്കിലും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ അതും കൈവിട്ടും. മുഹമ്മദ് സിറാജിന്റെ ഓവറില്‍ സബ്സ്റ്റിറ്റ്യൂട്ട് ഫീല്‍ഡറായി എത്തിയ പവന്‍ നേഗിയാണ് ക്യാച്ച് കൈവിട്ടത്. അടുത്ത പന്തില്‍ രാഹുല്‍ ത്രിപാഠി നല്‍കിയ അവസരം മോയിന്‍ അലിയും കൈവിട്ടതോടെ റോയല്‍ ചലഞ്ചേഴ്സ് നായകന്‍ മുഖം പൊത്തി നടക്കുന്ന കാഴ്ചയാണ് കണ്ടത്. അവസാന പന്തില്‍ സ്റ്റീവ് സ്മിത്ത് കൂറ്റനടിയ്ക്ക് ശ്രമിച്ചുവെങ്കിലും ബൗണ്ടറി ലൈനില്‍ ഉമേഷ് യാദവ് പിടിച്ച് പുറത്തായപ്പോള്‍ സിറാജിനു ആശ്വാസ വിക്കറ്റ് ലഭിച്ചു.

അവസാന ഓവറില്‍ ജയിക്കുവാന്‍ അഞ്ച് റണ്‍സ് നേടേണ്ടിയിരുന്ന രാജസ്ഥാന്‍ ഒരു പന്ത് അവശേഷിക്കെ വിജയം ഉറപ്പാക്കുകയായിരുന്നു. ഉമേഷ് യാദവിന്റെ ഓവറിലെ അഞ്ചാം പന്തില്‍ സിക്സര്‍ നേടിയാണ് രാഹുല്‍ ത്രിപാഠി ടീമിനു വേണ്ടി ഏഴ് വിക്കറ്റ് വിജയം പിടിച്ചെടുത്തത്. മത്സരത്തില്‍ നിന്ന് രാഹുല്‍ ത്രിപാഠി 23 പന്തില്‍ നിന്ന് 34 റണ്‍സ് നേടി പുറത്താകാതെ നിന്നു. മൂന്ന് ഫോറും ഒരു സിക്സുമായിരുന്നു രാഹുല്‍ ത്രിപാഠി നേടിയത്. ചഹാല്‍ കഴിഞ്ഞാല്‍ മുഹമ്മദ് സിറാജാണ് ബാംഗ്ലൂര്‍ നിരയില്‍ മികവ് പുലര്‍ത്തിയത്. എന്നാല്‍ താരത്തിന്റെ ഓവറില്‍ രണ്ട് ക്യാച്ചുകള്‍ കൈവിട്ടതോടെ താരത്തിനു ഒരു വിക്കറ്റ് കൊണ്ട് സംതൃപ്തിപ്പെടേണ്ടി വന്നു.

നാല് വിക്കറ്റ് വീഴ്ത്തി മുംബൈയുടെ നടുവൊടിച്ചു, പര്‍പ്പിള്‍ ക്യാപ് സ്വന്തമാക്കി ചഹാല്‍

ഐപിഎലില്‍ ഇന്നത്തെ മത്സരത്തില്‍ മുംബൈ ബാറ്റിംഗിന്റെ താളം തെറ്റിച്ച് നാല് വിക്കറ്റ് വീഴത്തിയ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ യൂസുവേന്ദ്ര ചഹാല്‍ ഏറ്റവും അധികം വിക്കറ്റ് നേടുന്നവര്‍ക്കുള്ള പര്‍പ്പിള്‍ ക്യാപ് സ്വന്തമാക്കി. ഐപിഎലില്‍ രണ്ട് മത്സരങ്ങളില്‍ നിന്ന് 5 വിക്കറ്റാണ് ചഹാലിന്റെ നിലവിലെ സമ്പാദ്യം. ഇന്നത്തെ മത്സരത്തില്‍ നാലോവറില്‍ നിന്ന് 38 റണ്‍സ് വഴങ്ങിയാണ് താരത്തിന്റെ നേട്ടം.

ഇമ്രാന്‍ താഹിര്‍, ഡ്വെയിന്‍ ബ്രാവോ, ആന്‍ഡ്രേ റസ്സല്‍ എന്നിവരാണ് 4 വിക്കറ്റുമായി ചഹാലിനു തൊട്ടു പുറകെ പട്ടികയിലുള്ള മറ്റു താരങ്ങള്‍.

പത്തോവറിനു ശേഷം ചഹാലിന്റെ നാല് വിക്കറ്റില്‍ ആടിയുലഞ്ഞ മുംബൈയെ രക്ഷിച്ച് ഹാര്‍ദ്ദിക് പാണ്ഡ്യ

200 റണ്‍സിനു മുകളില്‍ സ്കോര്‍ ചെയ്യുമെന്ന് യുവരാജും സൂര്യകുമാര്‍ യാദവും ക്രീസില്‍ നിന്നപ്പോള്‍ തോന്നിപ്പിച്ച മുംബൈയെ 200നു താഴെ സ്കോറിനു പിടിച്ചു കെട്ടി ബാംഗ്ലൂര്‍. യൂസുവേന്ദ്ര ചഹാലിന്റെ നാല് വിക്കറ്റുകളാണ് മുംബൈയുടെ കുതിപ്പിനു തടയിട്ടത്. 20 ഓവറില്‍ നിന്ന് 8 വിക്കറ്റ് നഷ്ടത്തില്‍ മുംബൈയ്ക്ക് 187 റണ്‍സാണ് നേടാനായത്. 5 റണ്‍സിനിടെ നാല് വിക്കറ്റാണ് മുംബൈയ്ക്ക് ഇന്നിംഗ്സിന്റെ അവസാനത്തോടെ നഷ്ടമായത്.

ക്വിന്റണ്‍ ഡി കോക്കും-രോഹിത് ശര്‍മ്മയും ചേര്‍ന്ന് ആദ്യ ഓവറുകളില്‍ ഭേദപ്പെട്ട തുടക്കം മുംബൈയ്ക്ക് നല്‍കിയെങ്കിലും പത്തോവറിനു ശേഷം വിക്കറ്റുകള്‍ തുടരെ നഷ്ടപ്പെട്ടപ്പോള്‍ മുംബൈ ബാറ്റിംഗിന്റെ താളം തെറ്റുകയായിരുന്നു. 6.3 ഓവറില്‍ ഡി കോക്കിനെ(23) നഷ്ടമാകുമ്പോള്‍ മുംബൈയുടെ സ്കോര്‍ 54 റണ്‍സായിരുന്നു. പിന്നീട് സ്കോര്‍ 87ല്‍ നില്‍ക്കെ രോഹിത്തിനെയും(48) മുംബൈയ്ക്ക് നഷ്ടമായി. ഡിക്കോക്കിനെ ചഹാലും രോഹിത്തിനെ ഉമേഷ് യാദവുമാണ് പുറത്താക്കിയത്.

തുടര്‍ന്ന് സൂര്യകുമാര്‍ യാദവും(38)-യുവരാജ് സിംഗും(23) ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 37 റണ്‍സ് അതിവേഗത്തില്‍ നേടിയെങ്കിലും യുവരാജ് സിംഗ് പുറത്തായതോടെ മുംബൈയുടെ താളം തെറ്റി. തന്റെ ഓവറിലെ ആദ്യ മൂന്ന് പന്തും യുവരാജ് സിംഗ് സിക്സര്‍ പറത്തിയെങ്കിലും നാലാം പന്തും അതിര്‍ത്തി കടത്തുവാന്‍ ശ്രമിച്ച യുവരാജിനെ പുറത്താക്കി ചഹാല്‍ പ്രതികാരം ചെയ്തു.

12 പന്തില്‍ മൂന്ന് സിക്സ് സഹിതമായിരുന്നു യുവരാജിന്റെ 23 റണ്‍സ്. തന്റെ അടുതത് ഓവറില്‍ സൂര്യകുമാര്‍ യാദവിനെയും പൊള്ളാര്‍ഡിനെയും പുറത്താക്കി ചഹാല്‍ തന്റെ നാലോവര്‍ പൂര്‍ത്തിയാക്കി 4 വിക്കറ്റ് നേടി. 38 റണ്‍സാണ് താരം വഴങ്ങിയത്. 142/3 എന്ന നിലയില്‍ നിന്ന് 147/7 എന്ന നിലയിലേക്ക് മുംബൈ വീഴുന്ന കാഴ്ച ചിന്നസ്വാമി സ്റ്റേഡിയത്തിലെ ആര്‍സിബി ആരാധകര്‍ക്ക് ആഹ്ലാദകരമായ നിമിഷമായിരുന്നു.

ക്രുണാല്‍ പാണ്ഡ്യയെ മികച്ചൊരു ക്യാച്ചിലൂടെ നവ്ദീപ് സൈനി പിടിച്ച് പുറത്തായപ്പോള്‍ ഉമേഷ് യാദവ് തന്റെ രണ്ടാം വിക്കറ്റ് നേടി. അടുത്ത വിക്കറ്റായി മക്ലെനാഗനെ സിറാജ് ക്ലീന്‍ബൗള്‍ഡായി പുറത്താക്കി. അവസാന ഓവറുകളില്‍ മുംബൈയെ മാന്യമായ സ്കോറിലേക്ക് ഉയര്‍ത്തുക എന്ന ലക്ഷ്യം ഹാര്‍ദ്ദിക് പാണ്ഡ്യയിലെത്തുകയായിരുന്നു.

എട്ടാം വിക്കറ്റില്‍ 25 റണ്‍സാണ് മയാംഗ് മാര്‍ക്കണ്ടേയെ ഒരറ്റത്ത് നിര്‍ത്തി ഹാര്‍ദ്ദിക് പാണ്ഡ്യ നേടിയത്. എന്നാല്‍ അവസാന ഓവറില്‍ സിറാജ് മാര്‍ക്കണ്ടേയെ(6) പുറത്താക്കി. അവസാന നാല് പന്തില്‍ നിന്ന് രണ്ട് സിക്സ് കൂടി നേടി ഹാര്‍ദ്ദിക് ടീമിനെ 187 റണ്‍സിലേക്ക് നയിക്കുകയായിരുന്നു. 14 പന്തില്‍ നിന്ന് 32 റണ്‍സ് നേടിയ ഹാര്‍ദ്ദിക് പാണ്ഡ്യയാണ് മത്സരത്തിലെ മുംബൈയുടെ രക്ഷകന്‍. 2 ഫോറും 3 സിക്സുമാണ് താരം നേടിയത്.

റോയല്‍ ചലഞ്ചേഴ്സിനു വേണ്ടി ചഹാല്‍ നാല് വിക്കറ്റ് നേടിയപ്പോള്‍ ഉമേഷ് യാദവും സിറാജും രണ്ട് വീതം വിക്കറ്റ് നേടി.

ഇത്തവണ കളി മാറും, മധ്യ നിര തിളങ്ങുമെന്ന പ്രത്യാശ പ്രകടിപ്പിച്ച് ചഹാല്‍

ഐപിഎലില്‍ ടോപ് ഓര്‍ഡറില്‍ വെടിക്കെട്ട് ബാറ്റ്സ്മാന്മാരുണ്ടെങ്കിലും മധ്യ നിര കൈവിടുന്ന പതിവാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനുള്ളത്. വെടിക്കെട്ട് പ്രകടനം പുറത്തെടുത്താലും ഒടുവില്‍ ബൗളര്‍മാര്‍ കൈവിടുന്നതും സ്ഥിരമായതോടെ കപ്പൊന്നും നേടുവാന്‍ ആര്‍സിബിയ്ക്ക് ഇതുവരെ ആയിട്ടില്ലി. എന്നാല്‍ ഇത്തവണ ഇതെല്ലാം മാറുമെന്നാണ് യൂസുവേന്ദ്ര ചഹാലിന്റെ പ്രതീക്ഷ.

എബി ഡി വില്ലിയേഴ്സും ഷിമ്രണ്‍ ഹെറ്റ്മ്യറും കോഹ്‍ലിയ്ക്കൊപ്പം എത്തുമ്പോള്‍ അത് മുമ്പ് ടീമിലുണ്ടായിരുന്ന അതികായന്മാരെ മറികടക്കുന്ന പ്രകടനം പുറത്തെടുക്കുവാന്‍ പോന്ന ടീമാണെന്നാണ് ആരാധകരും കരുതുന്നത്. ഗുര്‍കീര്‍ത്ത് മന്നും മാര്‍ക്കസ് സ്റ്റോയിനസും ഹെറ്റ്മ്യറും മധ്യനിരയില്‍ എത്തുന്നതോടെ ടീം കൂടുതല്‍ കരുത്തരായി എന്നാണ് ചഹാല്‍ പറയുന്നത്.

കുല്‍ദീപ് വോണിനെ പോലെ, ചഹാലിനെക്കാള്‍ അപകടകാരി

ഇന്ത്യയുടെ ശക്തരായ സ്പിന്‍ ദ്വയങ്ങളായ കുല്‍ദീപ് യാദവിനെയും യൂസുവേന്ദ്ര ചഹാലിനെയും താരതമ്യം ചെയ്ത് മാത്യൂ ഹെയ്ഡന്‍. ചഹാലിനെക്കാള്‍ താന്‍ അപകടകാരിയെന്ന് കരുതുന്നത് കുല്‍ദീപ് യാദവിനെയാണെന്നും ഷെയിന്‍ വോണിന്റേത് പോലുള്ള “ഡ്രിഫ്റ്റാണ്” കുല്‍ദീപിനെ ചഹാലിനെക്കാള്‍ കൂടുതല്‍ അപകടകാരിയാക്കുന്നതെന്നും ഹെയ്‍ഡന്‍ പറഞ്ഞു.

ബാറ്റ്സ്മാന്മാരിലേക്ക് പന്ത് എങ്ങനെ വരുന്നു എന്നതാണ് കുല്‍ദീപിന്റെ ശക്തി, അത് ഷെയിന്‍ വോണ്‍ പന്തെറിയുന്നത് പോലെയാണ്. വോണിനെ പോലെ പന്ത് അത്രയും തിരിക്കുവാന്‍ കുല്‍ദീപിനു കഴിയുന്നില്ലെങ്കിലും ചഹാിനെക്കാള്‍ കൂടുതല്‍ അപകടകാരിയായി താരത്തെ താന്‍ വിലയിരുത്തുന്നത് ഇതിനാലാണെന്ന് ഹെയ്ഡന്‍ പറഞ്ഞു.

ചഹാല്‍ വ്യത്യസ്തനായ ബൗളറാണ്. വിക്കറ്റ് ടു വിക്കറ്റ് പന്തെറിയുന്ന താരം. താനാണ് ഒരു ബാറ്റ്സ്മാനെങ്കില്‍ കുല്‍ദീപിനു പകരം ചഹാലിനെ കളിക്കുവാന്‍ ആഗ്രഹിക്കുമെന്ന് മാത്യൂ ഹെയ്ഡന്‍ പറഞ്ഞു.

അമര്‍ഷമുണ്ട്, ബിസിസിഐയുടെ ഏത് തീരമാനത്തിനുമൊപ്പം ടീം – ചഹാല്‍

പുല്‍വാമ തീവ്രവാദ ആക്രമണത്തില്‍ ഏറെ അമര്‍ഷമുണ്ടെന്നും ലോകകപ്പില്‍ ഇന്ത്യ പാക്കിസ്ഥാനെ നേരിടണമോ എന്നതില്‍ ബിസിസിഐ തീരുമാനത്തിനൊപ്പം ടീം നില്‍ക്കുമെന്നും അറിയിച്ച് ഇന്ത്യയുടെ യുവ സ്പിന്നര്‍ യൂസുവേന്ദ്ര ചഹാല്‍. ഇന്ത്യയുടെ ക്രിക്കറ്റ് ആരാധകരും മുന്‍ താരങ്ങളുമെല്ലാം ഇന്ത്യ മത്സരം ബഹിഷ്കരിക്കണമെന്നും വേണ്ടെന്നുമുള്ള അഭിപ്രായവുമായി നിലകൊള്ളുമ്പോളാണ് ചഹാല്‍ ടീമിന്റെ അഭിപ്രായം എന്തെന്നുള്ള സൂചന നല്‍കുന്നത്.

ഇന്ത്യ പാക്കിസ്ഥാനെതിരെയുള്ള മത്സരം ബഹിഷ്കരിച്ചാലും ലോകകപ്പ് നേടുവാന്‍ ശേഷിയുള്ള ടീമാണെന്ന് ചിലര്‍ പറയുമ്പോള്‍ ലോകകപ്പില്‍ പാക്കിസ്ഥാനെ തോല്പിച്ച് തിരിച്ചടി നല്‍കണമെന്നാണ് വേറെ വിഭാഗത്തിന്റെ ആവശ്യം. ഐസിസിയില്‍ സമ്മര്‍ദ്ദം ചെലുത്തി പാക്കിസ്ഥാനെ ടൂര്‍ണ്ണമെന്റില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെടുന്ന വ്യക്തികളുമുണ്ട്. ബിസിസിഐ അത്തരത്തിലൊരു നീക്കത്തിനു ശ്രമിക്കുന്നുവെന്നും ഇല്ല അങ്ങനെ യാതൊരു തീരുമാനവും എടുത്തിട്ടില്ലെന്നുമെല്ലാം വാര്‍ത്തകള്‍ പരക്കുന്നുണ്ട്.

തങ്ങളുടെ കൈയ്യില്‍ അല്ല അന്തിമ തീരുമാനമെന്നാണ് ഇന്ത്യയുടെ സ്പിന്‍ താരം അഭിപ്രായപ്പെട്ടത്. ബിസിസിഐ ആണ് ഇതില്‍ അന്തിമ തീരുമാനം എടുക്കേണ്ടത്. കളിയ്ക്കണമെന്ന് അവര്‍ പറഞ്ഞാല്‍ ഞങ്ങള്‍ കളിയ്ക്കും കളിയ്ക്കേണ്ടെന്ന് പറഞ്ഞാല്‍ കളിയ്ക്കില്ല. പാക്കിസ്ഥാനിലെ എല്ലാവരും കുറ്റക്കാരാണെന്ന് ഞാന്‍ പറയുന്നില്ല, എന്നാല്‍ തെറ്റ് ചെയ്തവര്‍ക്കെതിരെ അവിടെ നിന്ന് നടപടി വരേണ്ടതുണ്ടെന്നും ചഹാല്‍ പറഞ്ഞു.

അധികം റണ്‍സ് പോയേക്കാം എന്നാല്‍ മധ്യ ഓവറുകളില്‍ ഈ സ്പിന്നര്‍മാര്‍ വിക്കറ്റുകള്‍ നല്‍കും

ഇന്ത്യയുടെ റിസ്റ്റ് സ്പിന്നിലേക്കുള്ള മാറ്റം ബോധപൂര്‍വ്വമായ നീക്കമാണെന്ന് പറഞ്ഞ് ഇന്ത്യന്‍ ടീം കോച്ച് രവി ശാസ്ത്രി. ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍ പരാജയത്തിനു ശേഷം എടുത്ത തീരുമാനമാണ് അത്. അന്ന് മധ്യ ഓവറുകളില്‍ വിക്കറ്റുകള്‍ നേടാനാകാതെ പോയതാണ് ടീമിനു തിരിച്ചടിയായത്. ടീം മാനേജ്മെന്റിന്റെ ഈ ആവശ്യം സെലക്ടര്‍മാര്‍ക്ക് വിശ്വാസം വന്നതിനാലാണ് ഈ ഒരു മാറ്റത്തിനു അവരും മുതിര്‍ന്നത്. രവീന്ദ്ര ജഡേജയെയും രവി ചന്ദ്രന്‍ അശ്വിനെയും പോലുള്ള താരങ്ങളെ മാറ്റി നിര്‍ത്തുക എന്നത് അത്ര ചെറിയ കാര്യമല്ലെന്ന് ഓര്‍ക്കണമെന്നും ശാസ്ത്രി പറഞ്ഞു.

കുല്‍ദീപും ചഹാലും മികച്ച സ്പിന്‍ ജോഡിയായി മാറിക്കഴിഞ്ഞിട്ടുണ്ട്. ഇരുവരുടെയും ഓവറുകളില്‍ ചിലപ്പോള്‍ റണ്‍സ് അധികം പോയേക്കാം എന്നാലും വിക്കറ്റുകള്‍ സുനിശ്ചിതമാണെന്ന് രവി ശാസ്ത്രി പറഞ്ഞു. മധ്യ ഓവറുകളില്‍ വിക്കറ്റുകള്‍ക്ക് ഏറെ പ്രാധാന്യമുണ്ടെന്നും രവി ശാസ്ത്രി പറഞ്ഞു.

കഴിഞ്ഞ രണ്ട് വര്‍ത്തിലായി ഇരുവരും മികച്ച രീതിയിലാണ് പന്തെറിഞ്ഞതെന്നും രവി ശാസ്ത്രി കൂട്ടിചേര്‍ത്തു. ചഹാല്‍ മാത്രം കളിച്ച വെല്ലിംഗ്ടണ്‍ ഓവല്‍ ഏകദിനത്തിലും താരം മൂന്ന് വിക്കറ്റ് നേടിയെന്നതും രവി ശാസ്ത്രി ചൂണ്ടിക്കാണിച്ചു.

ഇന്ത്യയെ പേടിപ്പിച്ച് ജെയിംസ് നീഷവും മിച്ചല്‍ സാന്റനറും, അഞ്ചാം ഏകദിനത്തില്‍ വിജയം പിടിച്ചെടുത്ത് ഇന്ത്യ

ബാറ്റിംഗ് തകര്‍ച്ചയില്‍ നിന്ന് ഇന്ത്യയെ പൊരുതാവുന്ന സ്കോറിലേക്ക് നയിച്ച അമ്പാട്ടി റായിഡു(90), ഹാര്‍ദ്ദിക് പാണ്ഡ്യ(45), വിജയ് ശങ്കര്‍(45), കേധാര്‍ ജാഥവ്(35) എന്നിവരുടെ പ്രകടനത്തിനു ശേഷം ബൗളര്‍മാര്‍ അവസരത്തിനൊത്തുയര്‍ന്നപ്പോള്‍ 35 റണ്‍സ് വിജയം സ്വന്തമാക്കി അഞ്ചാം ഏകദിനം നേടി ഇന്ത്യ.

ജെയിംസ് നീഷം വെടിക്കെട്ട് പ്രകടനവുമായി ഒരു ഘട്ടത്തില്‍ ഇന്ത്യയില്‍ നിന്ന് മത്സരം തട്ടിയെടുക്കുമെന്ന് തോന്നിപ്പിച്ചുവെങ്കിലും താരം റണ്ണൗട്ടായതോടെ മത്സരം വീണ്ടും ഇന്ത്യന്‍ പക്ഷത്തേക്ക് തിരിയുകയായിരുന്നു. നേരത്തെ കെയിന്‍ വില്യംസണ്‍(39), ടോം ലാഥം(37), കോളിന്‍ മണ്‍റോ(24) എന്നിവരും ക്രീസില്‍ നിലയുറപ്പിക്കുവാന്‍ ശ്രമിച്ചുവെങ്കിലും ഇന്ത്യന്‍ ബൗളര്‍മാര്‍ അവരെ മടക്കിയയ്ക്കുകയായിരുന്നു. മിച്ചല്‍ സാന്റനറും അവസാന ഓവറുകളില്‍ കീവികള്‍ക്കായി പൊരുതി നോക്കിയെങ്കിലും വിജയം നേടുവാന്‍ ആവശ്യമായ വിക്കറ്റുകള്‍ ടീമിന്റെ കൈവശമുണ്ടായിരുന്നില്ല. സാന്റനര്‍ 22 റണ്‍സും മാറ്റ് ഹെന്‍റി 9 പന്തില്‍ 17 റണ്‍സുമായി പുറത്താകാതെ നിന്നുവെങ്കിലും വിജയം അപ്രാപ്യമായി മാറുകയായിരുന്നു.

44.1 ഓവറില്‍ 217 റണ്‍സിനു ന്യൂസിലാണ്ട് ഓള്‍ഔട്ട് ആയതോടെ പരമ്പര ഇന്ത്യ 4-1നു സ്വന്തമാക്കി. ഇന്ത്യയ്ക്കായി ചഹാല്‍ മൂന്നും മുഹമ്മദ് ഷമി രണ്ടും വിക്കറ്റ് നേടി. ഹാര്‍ദ്ദിക് പാണ്ഡ്യും രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ഭുവിയ്ക്ക് ഒരു വിക്കറ്റ് ലഭിച്ചു.

Exit mobile version