തീപാറും തുടക്കം, പിന്നീട് തകര്‍ച്ച, രാജസ്ഥാന്‍ പതിവ് തെറ്റിച്ചില്ല

എവിന്‍ ലൂയിസും യശസ്വി ജൈസ്വാളും നല്‍കിയ മിന്നും തുടക്കം കളഞ്ഞ് കുളിച്ച് രാജസ്ഥാന്‍ റോയൽസ്. 11 ഓവറിൽ 100/1 എന്ന നിലയിൽ നിന്ന് 20 ഓവര്‍ അവസാനിക്കുമ്പോള്‍ 9 വിക്കറ്റ് നഷ്ടത്തിൽ 149 റൺസ് മാത്രമാണ് ടീം നേടിയത്.

77 റൺസാണ് എവിന്‍ ലൂയിസ് – യശസ്വി ജൈസ്വാള്‍ കൂട്ടുകെട്ട് 8.2 ഓവറിൽ നേടിയത്. 22 പന്തിൽ 31 റൺസ് നേടിയ ജൈസ്വാളിനെ ഡാനിയേൽ ക്രിസ്റ്റ്യന്‍ ആണ് പുറത്താക്കിയത്. ജൈസ്വാളിന്റെ വിക്കറ്റിന് ശേഷം എത്തിയ സഞ്ജുവിനൊപ്പം ലൂയിസ് രാജസ്ഥാനെ 11 ഓവറില്‍ നൂറ് എന്ന സ്കോറിലേക്ക് എത്തിച്ചു.

തൊട്ടടുത്ത ഓവറിൽ എവിന്‍ ലൂയിസിനെ ഗാര്‍ട്ടൺ പുറത്താക്കി തന്റെ ആദ്യ ഐപിഎൽ വിക്കറ്റ് നേടുകയായിരുന്നു. 58 റൺസാണ് 37 പന്തിൽ ഈ ലൂയിസ് നേടിയത്. ലൂയിസ് സഞ്ജു കൂട്ടുകെട്ട് 23 റൺസാണ് നേടിയത്. ലൂയിസ് പുറത്തായി അധികം വൈകാതെ മഹിപാൽ ലോംറോറിനെ ചഹാല്‍ പുറത്താക്കിയപ്പോള്‍ 113/3 എന്ന നിലയിലേക്ക് രാജസ്ഥാന്‍ വീണു.

അടുത്ത ഓവറിൽ സ‍ഞ്ജു സാംസണും(19) വീണതോടെ കാര്യങ്ങള്‍ രാജസ്ഥാന് കടുപ്പമായി മാറി. ഷഹ്ബാസ് അഹമ്മദ് ആണ് വിക്കറ്റ് നേടിയത്. 113/2 എന്ന നിലയിൽ നിന്നാണ് 113/4 എന്ന നിലയിലേക്ക് ടീം വീഴുന്ന കാഴ്ചയാണ് കണ്ടത്. അതേ ഓവറിൽ രാഹുല്‍ തെവാത്തിയയും പുറത്തായപ്പോള്‍ സ്കോര്‍ ബോര്‍ഡിൽ 4 റൺസ് കൂടിയാണ് വന്നത്.

വെടിക്കെട്ട് താരം ലിയാം ലിവിംഗ്സ്റ്റണിനെ ചഹാല്‍ പുറത്താക്കിയതോടെ രാജസ്ഥാന്‍ 127/6 എന്ന നിലയിലേക്ക് വീണ രാജസ്ഥാന്‍ 20 ഓവറിൽ 149 റൺസ് മാത്രം നേടി ഇന്നിംഗ്സ് അവസാനിക്കുകയായിരുന്നു. ഹര്‍ഷൽ പട്ടേല്‍ അവസാന ഓവറിൽ റിയാന്‍ പരാഗിനെയും ക്രിസ് മോറിസിനെയും പുറത്താക്കി ഹാട്രിക്കിന് അടുത്തെത്തുകയായിരുന്നു. എന്നാൽ തുടര്‍ച്ചയായ രണ്ടാം മത്സരത്തിൽ ഹാട്രിക്ക് നേടുവാന്‍ താരത്തിന് സാധിച്ചില്ല. ഇന്നിംഗ്സിലെ അവസാന പന്തിൽ ഹര്‍ഷൽ തന്റെ മൂന്നാം വിക്കറ്റും നേടി.

അവസാന 9 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 49 റൺസ് മാത്രമാണ് രാജസ്ഥാന്‍ റോയൽസ് നേടിയത്.

 

 

ഞങ്ങളുടെ മികച്ച താരങ്ങള്‍ എങ്ങനെ ടീമിലില്ലാതെ പോയി, ഇന്ത്യന്‍ സെലക്ടര്‍മാരും ഇത് തന്നെയാവും ചിന്തിക്കുന്നത്

ഇന്ത്യയുടെ ടി20 സ്ക്വാഡ് തിരഞ്ഞെടുപ്പിനെ ചോദ്യം ചെയ്ത് ഡല്‍ഹി ക്യാപിറ്റൽസ് ഉടമ പാര്‍ത്ഥ് ജിന്‍ഡൽ. തന്റെ ടീമില്‍ മികച്ച ഫോമിൽ കളിക്കുന്ന ശിഖര്‍ ധവാനും ശ്രേയസ്സ് അയ്യരും ഇന്ത്യന്‍ സെലക്ടര്‍മാരുടെ ശ്രദ്ധ പിടിച്ച് പറ്റുവാന്‍ സാധിക്കാതെ ടീമിൽ ഇടം നേടിയിരുന്നില്ല.

ശ്രേയസ്സ് അയ്യര്‍ പരിക്ക് കാരണം നീണ്ട ഇടവേളയ്ക്ക് ശേഷം ഐപിഎലിലേക്ക് മടങ്ങിയെത്തി തന്റെ ഫോം വീണ്ടെടുക്കുന്ന കാഴ്ച കണ്ടപ്പോള്‍ ശിഖര്‍ ധവാന്‍ പതിവ് ശൈലിയിലാണ് ബാറ്റ് വീശിയത്.

മുംബൈയ്ക്കെതിരെ ആര്‍സിബിയുടെ യൂസുവേന്ദ്ര ചഹാലും തിളങ്ങിയപ്പോള്‍ പാര്‍ത്ഥ് ഇന്ത്യയുടെ മികച്ച ടി20 സ്പിന്നറെ എങ്ങനെ സെലക്ടര്‍മാര്‍ ഒഴിവാക്കിയെന്ന ചോദ്യവും ചോദിച്ചു.

എന്നാൽ താരങ്ങളുടെ ആരുടെയും പേരുകള്‍ പരാമര്‍ശിക്കാതെയാണ് പാര്‍ത്ഥ് തന്റെ ട്വിറ്ററിൽ ഇക്കാര്യം കുറിച്ചത്.

റോയല്‍ ചലഞ്ചേഴ്സിന്റെ സ്പിന്‍ കുരുക്കിൽ വീണ് മുംബൈ ഇന്ത്യൻസ്, ഹാട്രിക്കുമായി ഹര്‍ഷൽ പട്ടേലും

ഐപിഎലിൽ രോഹിത് ശര്‍മ്മയുടെയും സംഘത്തിന്റെയും കഷ്ടകാലം തുടരുന്നു. ഇന്ന് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ശക്തമായ തിരിച്ചുവരവ് മുംബൈ നടത്തി എതിരാളികളെ 165 റൺസിലൊതുക്കിയെങ്കിലും ബാറ്റ്സ്മാന്മാര്‍ അവസരത്തിനൊത്തുയരാതെ പോയപ്പോള്‍ മുംബൈയ്ക്ക്  54 റൺസിന്റെ തോല്‍വിയേറ്റ് വാങ്ങേണ്ടി വന്നു.

Rcbchahal

18.1 ഓവറിൽ 111 റൺസ് മാത്രമേ മുംബൈയ്ക്ക് നേടാനായുള്ളു. ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയും ക്വിന്റൺ ഡി കോക്കും മിന്നും തുടക്കം നല്‍കിയെങ്കിലും യൂസുവേന്ദ്ര ചഹാലും ഗ്ലെന്‍ മാക്സ്വെല്ലും വിക്കറ്റുകളുമായി ആര്‍സിബിയ്ക്ക് ആനുകൂല്യം നല്‍കി.

ഹര്‍ഷൽ പട്ടേൽ ഹാര്‍ദ്ദിക്, പൊള്ളാര്‍ഡ്, രാഹുല്‍ ചഹാര്‍ എന്നിവരെ പുറത്താക്കി തന്റെ ഹാട്രിക് സ്വന്തമാക്കുകയായിരുന്നു. ഹര്‍ഷൽ പട്ടേൽ നാലും ചഹാല്‍ മൂന്നും വിക്കറ്റ് നേടിയപ്പോള്‍ ഗ്ലെന്‍ മാക്സ്വെല്ലിന് ഒരു വിക്കറ്റ് ലഭിച്ചു.

യൂസുവേന്ദ്ര ചഹാലും കൃഷ്ണപ്പ ഗൗതമും കോവിഡ് പോസിറ്റീവ്

ഇന്ത്യന്‍ താരങ്ങളായ യൂസുവേന്ദ്ര ചഹാലും കൃഷ്ണപ്പ ഗൗതമും കോവിഡ് പോസിറ്റീവ്. കോവിഡ് പോസിറ്റീവ് ആയ ക്രുണാൽ പാണ്ഡ്യയുടെ അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയ എട്ട് പേരിൽ അടങ്ങുന്നവരാണ് ചഹാലും ഗൗതമും.

ഈ മൂന്ന് പേരും ബാക്കി ഐസൊലേഷനിലുള്ള ആറ് താരങ്ങളും ശ്രീലങ്കയിൽ തന്നെ തുടരുമെന്നാണ് അറിയുന്നത്. മറ്റു ആറ് താരങ്ങള്‍ ഹാര്‍ദ്ദിക് പാണ്ഡ്യ, പൃഥ്വി ഷാ, സൂര്യകുമാര്‍ യാദവ്, മനീഷ് പാണ്ടേ, ദീപക് ചഹാര്‍, ഇഷാന്‍ കിഷന്‍ എന്നിവരാണ്.

മധ്യ ഓവറുകള്‍ നിയന്ത്രണത്തിലാക്കുകയായിരുന്നു തന്റെ ലക്ഷ്യം – ചഹാല്‍

തനിക്ക് ഏല്പിച്ച ദൗത്യം മധ്യ ഓവറുകളിൽ നിയന്ത്രണത്തോടെ പന്തെറിയുകയായിരുന്നുവെന്ന് പറഞ്ഞ് ഇന്ത്യന്‍ സ്പിന്നര്‍ യൂസുവേന്ദ്ര ചഹാല്‍. 2019 ഏകദിന ലോകകപ്പിന് ശേഷം താരത്തിന്റെ ഫോമിൽ ഉണ്ടായ ഇടിവിനെത്തുടര്‍ന്ന് ടീമിലെ സ്ഥിരം സ്ഥാനം നഷ്ടമായ താരം ഇപ്പോള്‍ ശ്രീലങ്കയ്ക്കെതിരെ കരുത്താര്‍ന്ന പ്രകടനമാണ് പുറത്തെടുത്തത്.

കളിക്കാതിരുന്ന സമയത്ത് താന്‍ തന്റെ ബൗളിംഗ് കോച്ചിനൊപ്പം പ്രവര്‍ത്തിക്കുകയായിരുന്നുവെന്നും അതിന്റെ ഗുണം തനിക്ക് ലഭിച്ചുവെന്നും താരം പറഞ്ഞു. ആദ്യ ടി20യിൽ തന്നെ ഏല്പിച്ച ദൗത്യം മധ്യ ഓവറുകളിൽ നിയന്ത്രണത്തോടെ പന്തെറിയുകയായിരുന്നുവെന്നും താനാദൗത്യം വിജയകരമായി പാലിച്ചുവെന്നാണ് കരുതുന്നതെന്നും ചഹാല്‍ പറഞ്ഞു.

താന്‍ ജയന്ത് യാദവിനൊപ്പം പരിശീലനം നടത്തിയെന്നും താനത് കുട്ടിക്കാലം മുതൽ ചെയ്യുന്ന കാര്യമാണെന്നും ഇന്ത്യന്‍ താരം പറഞ്ഞു. ആ സെഷനുകള്‍ തന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചുവെന്നും ചഹാല്‍ വ്യക്തമാക്കി.

രണ്ടാം മത്സരത്തിൽ 275 റൺസ് നേടി ശ്രീലങ്ക, അവിഷ്ക ഫെര്‍ണാണ്ടോയ്ക്കും ചരിത് അസലങ്കയ്ക്കും അര്‍ദ്ധ ശതകം

ഇന്ത്യയ്ക്കെതിരെ രണ്ടാം ഏകദിനത്തിൽ 275 റൺസ് നേടി ശ്രീലങ്ക. അവിഷ്ക ഫെര്‍ണാണ്ടോയും ചരിത് അസലങ്കയും നേടിയ അര്‍ദ്ധ ശതകങ്ങള്‍ക്കൊപ്പം മിനോദ് ഭാനുക(36), ധനന്‍ജയ ഡി സിൽവ(32) എന്നിവരുടെ പ്രകടനങ്ങള്‍ കൂടിയായപ്പോള്‍ ലങ്ക 9 വിക്കറ്റ് നഷ്ടത്തിൽ ആണ് ഈ സ്കോര്‍ നേടിയത്.

ഓപ്പണര്‍മാര്‍ 77 റൺസ് നേടി മികച്ച തുടക്കം നല്‍കിയ ശേഷം ചഹാല്‍ അടുത്തടുത്ത പന്തുകളിൽ മിനോദിനെയും ഭാനുക രാജപക്സയെയും പുറത്താക്കിയാണ് ശ്രീലങ്കയ്ക്ക് ആദ്യ പ്രഹരങ്ങള്‍ നല്‍കിയത്.

അവിഷ്ക ഫെര്‍ണാണ്ടോ 50 റൺസ് നേടി പുറത്തായപ്പോള്‍ ചരിത് അസലങ്ക 65 റൺസാണ് നേടിയത്. കഴിഞ്ഞ മത്സരത്തിൽ തിളങ്ങിയ ചമിക കരുണാരത്നേയും മികച്ച പ്രകടനമാണ് നടത്തിയത്. താരം 33 പന്തിൽ പുറത്താകാതെ 44 റൺസ് നേടി.

ഇന്ത്യയ്ക്ക് വേണ്ടി യൂസുവേന്ദ്ര ചഹാല്‍ മൂന്നും ഭുവനേശ്വര്‍ കുമാര്‍, ദീപക് ചഹാര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

തന്റെ ഫോം നഷ്ടമായിട്ടില്ല, ശ്രീലങ്കയിൽ മികവ് കാട്ടും – ചഹാൽ

2017 മുതൽ 2019 വരെയുള്ള യൂസുവേന്ദ്ര ചഹാലിന്റെ മികവ് താരത്തിന് പിന്നീടങ്ങോട്ട് പുലര്‍ത്തുവാന്‍ സാധിക്കാതെ ഒരു സമയത്ത് ഇന്ത്യയുടെ വിജയത്തിന്റെ അവിഭാജ്യ ഘടകമായിരുന്ന താരത്തിന് പിന്നീട് സെലക്ടര്‍മാരുടെ ശ്രദ്ധ പിടിച്ച് പറ്റുവാന്‍ സാധിക്കാത്തൊരു സാഹചര്യത്തിലൂടെ കടന്ന് പോകേണ്ടി വരികയായിരുന്നു.

ഒരു സമയത്ത് കുല്‍ദീപ് യാദവുമായി എതിരാളികളെ വെള്ളം കുടിപ്പിച്ച ചഹാലിനൊപ്പം കുല്‍ദീപിനും തന്റെ ഫോം നഷ്ടമായി. ജ‍ഡേജ മടങ്ങിയെത്തിയതും വാഷിംഗ്ടൺ സുന്ദറിനെ സെലക്ടര്‍മാര്‍ കൂടുതൽ പരിഗണിക്കുവാനും തുടങ്ങിയപ്പോൾ ടീമിൽ ചഹാൽ സ്ഥിരമല്ലാതെ ആകുകയായിരുന്നു.

എന്നാൽ തന്റെ ഫോം നഷ്ടമായിട്ടില്ലെന്നും ശ്രീലങ്കയിൽ താൻ ശക്തമായ തിരിച്ചുവരവ് നടത്തുമെന്നുമാണ് ചഹാൽ പറയുന്നത്. എല്ലാ മത്സരത്തിലും ഒരാള്‍ക്കും വിക്കറ്റ് നേടാനാകില്ലെന്നും അതിനര്‍ത്ഥം ഫോം നഷ്ടമായി എന്നല്ലെന്നും ചഹാല്‍ വ്യക്തമാക്കി. പ്രധാന താരങ്ങള്‍ ലങ്കയിലേക്കുണ്ടാകില്ലെന്നുറപ്പായതോടെ ചഹാലിന് വീണ്ടും അവസരം വന്നെത്തിയിരിക്കുകയാണ്.

താനത് മുതലാക്കുമെന്നും ശ്രീലങ്കയിൽ താൻ ഫോമിലേക്ക് മടങ്ങിയെത്തുമെന്നും താരം പറഞ്ഞു.

താൻ ഐപിഎലിൽ നിന്ന് പിന്മാറാൻ നിന്നപ്പോളാണ് ടൂര്‍ണ്ണമെന്റ് നിര്‍ത്തിവെച്ചത് – ചഹാൽ

ഐപിഎൽ നിര്‍ത്തിവയ്ക്കുന്നതിന് മുമ്പ് തന്നെ ടൂര്‍ണ്ണമെന്റിൽ നിന്ന് പിന്മാറുവാൻ തീരുമാനിച്ചിരുന്നുവെന്ന് പറഞ്ഞ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ താരം യൂസുവേന്ദ്ര ചഹാൽ. താൻ ഐപിഎൽ കളിക്കുന്നതിനിടെ തന്റെ മാതാപിതാക്കള്‍ക്ക് കോവിഡ് വന്നിരുന്നുവെന്നും അച്ഛന്‍ ആശുപത്രിയിലും അമ്മ വീട്ടിൽ ക്വാറന്റീനിലുമായിരുന്നുവെന്ന് താരം പറഞ്ഞു.

മേയ് 3ന് ആണ് അവര്‍ പോസിറ്റീവായത്. ഏതാനും ദിവസത്തിനകം ടൂര്‍ണ്ണമെന്റ് നിര്‍ത്തേണ്ട സാഹചര്യം വന്നു. അതില്ലായിരുന്നുവെങ്കിലും താൻ പിന്മാറുവാനിരുന്നതാണെന്നും മാതാപിതാക്കളുടെ അസുഖ വിവരം അറിഞ്ഞ ശേഷം മത്സരത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുവാൻ സാധിച്ചിരുന്നില്ലെന്നും ചഹാൽ പറ‍ഞ്ഞു.

വിദേശ താരങ്ങളായ കെയിൻ റിച്ചാര്‍ഡ്സൺ, ആഡം സംപ, ആന്‍ഡ്രൂ ടൈ എന്നിവര്‍ മടങ്ങിയപ്പോൾ ഇന്ത്യൻ താരം അശ്വിനും ടൂര്‍ണ്ണമെന്റ് ഉപേക്ഷിക്കുന്നതിന് മുമ്പ് പിന്മാറിയിരുന്നു.

ആര്‍സിബിയല്ലെങ്കിൽ താന്‍ കളിക്കുവാനാഗ്രഹിക്കുന്ന ഫ്രാഞ്ചൈസിയേതെന്ന് പറഞ്ഞ് ചഹാല്‍

ഐപിഎലിൽ ആര്‍സിബിയ്ക്ക് വേണ്ടി സുപ്രധാന പ്രകടനം പുറത്തെടുത്ത താരമാണ് യൂസുവേന്ദ്ര ചഹാൽ. വിരാട് കോഹ്‍ലി പലപ്പോഴും സുപ്രധാന നിമിഷങ്ങളിൽ പന്ത് കൈമാറിയിട്ടുള്ള താരം കൂടിയാണ് ചഹാൽ. ആര്‍സിബിയിൽ എത്തുന്നതിന് മുംബൈ ഇന്ത്യന്‍സുമായി ഏതാനും മത്സരങ്ങൾ താരം കളിച്ചിട്ടുണ്ട്. താന്‍ ആര്‍സിബിയ്ക്ക് വേണ്ടിയല്ല കളിക്കുന്നതെങ്കിൽ പിന്നെ കളിക്കുവാൻ ഏറെ ആഗ്രഹമുള്ളത് ചെന്നൈ സൂപ്പര്‍ കിംഗ്സിന് വേണ്ടിയാകുമെന്ന് താരം പറഞ്ഞു.

ചെപ്പോക്കിലെ സ്പിന്നിനെ പിന്തുണയ്ക്കുന്ന പിച്ചും ഈ തീരുമാനത്തിന് കാരണം ആകാമെങ്കിലും മഹേന്ദ്ര സിംഗ് ധോണിയുടെ കീഴിൽ കളിക്കുക എന്നത് പൊതുവേ എല്ലാ ക്രിക്കറ്റര്‍മാരുടെയും ആഗ്രഹമാണ്. 2011ൽ മുംബൈ നിരയിലെത്തിയ ചഹാലിന് 2013ൽ മാത്രമാണ് ടീമിന് വേണ്ടി അരങ്ങേറ്റം നടത്തുവാന്‍ അവസരം ലഭിച്ചത്. എന്നാൽ അടുത്ത ലേലത്തിൽ താരത്തിനെ ഫ്രാഞ്ചൈസി നിലനിര്‍ത്തിയില്ല.

2014ൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ നിരയിലെത്തിയ ശേഷം ചഹാൽ ടീമിലെ സ്ഥിരം താരമായി മാറുകയായിരുന്നു.

എന്നെങ്കിലും ടെസ്റ്റ് ക്രിക്കറ്റ് കളിക്കാനാകുമെന്ന് പ്രതീക്ഷ – ചഹാല്‍

ഇന്ത്യയ്ക്കായി എന്നെങ്കിലും ടെസ്റ്റ് ക്രിക്കറ്റ് കളിക്കാന്‍ തനിക്കാകുമെന്ന് പ്രതീക്ഷിക്കുന്നതായി യൂസുവേന്ദ്ര ചഹാല്‍. ഐപിഎലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് വേണ്ടി മികവ് പുറത്തെടുത്തതാണ് താരത്തിന് പരിമിത ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യന്‍ ജഴ്സി അണിയുവാന്‍ അവസരം നല്‍കിയത്. 2016ല്‍ സിംബാബ്‍വേയ്ക്കെതിരെ താരത്തിന് അരങ്ങേറ്റത്തിന് അവസരം നല്‍കുവാന്‍ ബിസിസിഐ തീരുമാനിച്ച ശേഷം താരം പരിമിത ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിലെ സ്ഥിരം സാന്നിദ്ധ്യമായി മാറുകയായിരുന്നു.

ഇന്ത്യയ്ക്കായി 54 ഏകദിനങ്ങളും 48 ടി20 മത്സരങ്ങളിലും കളിച്ചിട്ടുള്ള താരം യഥാക്രമം 92ഉം 62ഉം വിക്കറ്റാണ് ഈ ഫോര്‍മാറ്റുകളില്‍ നേടിയിട്ടുള്ളത്. എന്നെങ്കിലും തന്നെ ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് വിളിക്കുമെന്ന പ്രതീക്ഷ തനിക്ക് എന്നുമുണ്ടെന്നും ടെസ്റ്റ് ഫോര്‍മാറ്റില്‍ കളിക്കണമെന്നത് തന്റെ വലിയ ആഗ്രഹമാണെന്നും താരം പറഞ്ഞു.

ആരെങ്കിലും തന്നെ ടെസ്റ്റ് ക്രിക്കറ്ററെന്ന് വിളിക്കുകയാണെങ്കില്‍ അതിലും വലിയ നേട്ടം മറ്റൊന്നുണ്ടെന്ന് താന്‍ കരുതുന്നില്ലെന്നും ചഹാല്‍ വ്യക്തമാക്കി.

വിക്കറ്റിന് പിന്നില്‍ താന്‍ ഇത്രയും ശബ്ദമുണ്ടാക്കിയത് യൂസുവേന്ദ്ര ചഹാലിന്റെ ആവശ്യ പ്രകാരം

വിക്കറ്റിന് മുന്നില്‍ നിരന്തരം സംസാരിക്കുന്ന കീപ്പര്‍മാര്‍ ഏറെയുണ്ട് ഐപിഎലില്‍. കഴിഞ്ഞ ദിവസം എബി ഡി വില്ലിയേഴ്സും സമാനമായ ഒരു രീതിയാണ് അവലംബിച്ചത്. താന്‍ പൊതുവേ അങ്ങനെ ചെയ്യാറില്ലെന്നും തന്നെ അതിന് പ്രേരിപ്പിച്ചതാണെന്നും അതിനുള്ള നന്ദി യൂസുവേന്ദ്ര ചഹാലിനാണെന്നും അദ്ദേഹം ആണ് അത് ആവശ്യപ്പെട്ടതെന്നും എബി ഡി വില്ലിയേഴ്സ് പറഞ്ഞു.

താന്‍ വീട്ടിലും ഹോട്ടല്‍ റൂമില്‍ ക്വാറന്റീനിലുമെല്ലാം നല്ല രീതിയില്‍ പരിശീലനം നടത്തിയിരുന്നുവെന്നും എബി ഡി വില്ലിയേഴ്സ് പറഞ്ഞു. എബി ഡി വില്ലിയേഴ്സിന്റെ 42 പന്തില്‍ നിന്നുള്ള 75 റണ്‍സിന്റെ മികവിലാണ് 171 റണ്‍സിലേക്ക് ബാംഗ്ലൂര്‍ എത്തിയതും മത്സരത്തില്‍ ഒരു റണ്‍സിന്റെ വിജയം നേടിയതും.

ചെന്നൈയില്‍ ലഭിച്ച പിന്തുണ മുംബൈയിലുണ്ടാവില്ല – ചഹാല്‍

ചെന്നൈയില്‍ സ്പിന്നര്‍മാര്‍ക്ക് ലഭിച്ച പിന്തുണ ഇനി തങ്ങളുടെ മത്സരങ്ങള്‍ നടക്കുന്ന മുംബൈയില്‍ ഉണ്ടാകില്ലെന്ന് പറഞ്ഞ യൂസുവേന്ദ്ര ചഹാല്‍. ആര്‍സിബിയ്ക്കായി ഇന്നലെ നാലോവറില്‍ 34 റണ്‍സ് വിട്ട് നല്‍കി 2 വിക്കറ്റാണ് ചഹാല്‍ നേടിയത്.

ഇതില്‍ മികച്ച ഫോമിലുള്ള നിതീഷ് റാണയുടെയും ദിനേശ് കാര്‍ത്തിക്കിന്റെയും വിക്കറ്റുകള്‍ ഉള്‍പ്പെടുന്നു. തന്റെ അവസാന ഓവറില്‍ ആന്‍ഡ്രേ റസ്സലിന്റെ കൈയ്യില്‍ നിന്ന് താരം കണക്കറ്റ് പ്രഹരമേറ്റു വാങ്ങിയിരുന്നു.

മൂന്നോവറില്‍ 14 റണ്‍സ് മാത്രം വഴങ്ങി 2 വിക്കറ്റ് നേടിയ താരത്തിന്റെ അവസാന ഓവറില്‍ റസ്സല്‍ രണ്ട് സിക്സും മൂന്ന് ഫോറും നേടിയപ്പോള്‍ ഓവറില്‍ നിന്ന് 20 റണ്‍സാണ് പിറന്നത്. തനിക്ക് റസ്സലിനെ ഔട്ടാക്കണെന്നുണ്ടായിരുന്നുവെന്നും അതിനാല്‍ തന്നെ വൈഡ് ആയിട്ടാണ് പന്തെറിഞ്ഞതെന്നും എന്നാല്‍ ലെഗ് സൈഡ് ബൗണ്ടറി ചെറുതായിരുന്നതിനാല്‍ തന്റെ പദ്ധതിയിലും ഫീല്‍ഡിലും ചെറിയ മാറ്റം വരുത്തേണ്ടി വന്നുവെന്ന് ചഹാല്‍ വ്യക്തമാക്കി.

ചില മത്സരങ്ങളില്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞാലും വിക്കറ്റ് ലഭിച്ചില്ലെങ്കില്‍ അത് വിഷമമുണ്ടാക്കുമെന്നും തനിക്ക് കൊല്‍ക്കത്തയ്ക്കെതിരെ ആദ്യ വിക്കറ്റ് ലഭിച്ചപ്പോള്‍ താനിത്തിരി വികാരനിര്‍ഭരനായിയെന്നും ചഹാല്‍ സമ്മതിച്ചു.

 

Exit mobile version