യുവി നീ ഇതിലും ഭേദപ്പെട്ട യാത്രയയപ്പ് അര്‍ഹിച്ചിരുന്നു – രോഹിത് ശര്‍മ്മ

തന്റെ 19 വര്‍ഷത്തെ അന്താരാഷ്ട്ര ക്രിക്കറ്റ് കരിയറിനു യുവരാജ് സിംഗ് ഇന്നലെ വിരാമം കുറിച്ച് കൊണ്ടുള്ള പ്രഖ്യാപനം നടത്തി ഏറെ വൈകുന്നതിനു മുമ്പ് താരത്തിനു ആശംസകളുമായി മുന്‍ താരങ്ങളും ഇപ്പോളത്തെ ഇന്ത്യന്‍ ടീമിലെ താരങ്ങളുമെല്ലാം രംഗത്തെത്തുമ്പോളും യുവരാജ് സിംഗിനു ഇതിലും മികച്ചൊരു യാത്രയയപ്പ് അര്‍ഹിച്ചിരുന്നുവെന്ന് പറഞ്ഞ് രോഹിത് ശര്‍മ്മ.

ഒരു കാര്യം നഷ്ടമാകുമ്പോള്‍ മാത്രമാണ് നമുക്ക് അത് എത്രമാത്രം വിലമതിക്കുന്നതെന്ന് മനസ്സിലാകുകയുള്ളു. ലവ് യൂ ബ്രദര്‍മാന്‍, നീ ഇതിലും ഭേദപ്പെട്ട യാത്രയയപ്പ് അര്‍ഹിക്കുന്നുവെന്നാണ് രോഹിത് തന്റെ ട്വിറ്ററില്‍ കുറിച്ചത്. തനിക്ക് യോ-യോ ടെസ്റ്റില്‍ പരാജയം നേരിടേണ്ടി വരികയാണെങ്കില്‍ ഒരു സെന്‍ഡ് ഓഫ് മാച്ച് നല്‍കാമെന്ന് യുവരാജിനോട് ബിസിസിഐ പറഞ്ഞുവെന്ന് താരം തന്നെ വെളിപ്പെടുത്തിയിരുന്നു.

എന്നാല്‍ തനിക്ക് സെന്‍ഡ് ഓഫ് മാച്ച് ആവശ്യമില്ലെന്നും താന്‍ യോ യോ ടെസ്റ്റ് പരാജയപ്പെടുകയാണെങ്കില്‍ അത് വഴി നേരെ വീട്ടിലേക്ക് മടങ്ങുമെന്നുമായിരുന്നു യുവരാജിന്റെ മറുപടി. പിന്നീടുള്ള യോ-യോ ടെസ്റ്റ് താന്‍ പാസ്സായെന്നും എന്നാല്‍ അതിനു ശേഷമുള്ള കാര്യം തന്റെ കൈയ്യിലല്ലെന്നും യുവരാജ് സിംഗ് ഇന്നലെ പറഞ്ഞിരുന്നു.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ച് യുവി

19 വര്‍ഷത്തെ തന്റെ അന്താരാഷ്ട്ര കരിയറിനു വിരാമം കുറിച്ച് യുവരാജ് സിംഗ്. ഇന്ത്യയുടെ ഈ ചാമ്പ്യന്‍ താരം 2011ലെ ലോകകപ്പ് ജേതാവ് കൂടിയാണ്. ക്യാന്‍സറിനെ അതിജീവിച്ച് ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയെങ്കിലും താരത്തിനു അധികം ശോഭിക്കാനായിരുന്നില്ല. 402 മത്സരങ്ങളില്‍ നിന്ന് 11788 അന്താരാഷ്ട്ര റണ്‍സുകളാണ് യുവരാജ് സിംഗ് നേടിയിട്ടുള്ളത്. ഇതില്‍ 17 ശതകങ്ങളും 71 അര്‍ദ്ധ ശതകങ്ങളും നേടിയിട്ടുണ്ട്.

ഇതൊരു മനോഹരമായ കഥയാണ്, എന്നാല്‍ ഇതിനും അന്ത്യം കുറിയ്ക്കേണ്ട സമയം ഉണ്ട്. ഇന്നാണ് ഇത്, ഇന്നാണ് വിട ചൊല്ലിയ ശേഷം തിരിഞ്ഞ് നടക്കുവാനുള്ള ആ ദിനം എന്നും യുവരാജ് തന്റെ വിടവാങ്ങല്‍ അറിയിച്ചു കൊണ്ടു പറഞ്ഞു. ക്രിക്കറ്റാണ് തന്നെ ജീവിതത്തില്‍ പൊരുതുവാന്‍ പഠിപ്പിച്ചതെന്നും യുവരാജ് പറഞ്ഞു. ഇന്ന് മുംബൈയില്‍ വിളിച്ച് ചേര്‍ത്ത പത്ര സമ്മേളനത്തിലാണ് യുവരാജ് തന്റെ വിരമിക്കല്‍ തീരൂമാനം അറിയിച്ചത്.

40 ടെസ്റ്റുകളും 304 ഏകദിനങ്ങളും 58 ടി20 മത്സരങ്ങളും കളിച്ച യുവി ഇന്ത്യയുടെ 2007 ടി20 ലോകകപ്പിലും 2011 ഏകദിന വിജയങ്ങളിലും ശ്രദ്ധേയമായ പ്രകടനമാണ് പുറത്തെടുത്തിട്ടുള്ളത്. ഇരു കിരീടങ്ങളിലും ഇന്ത്യയുടെ വിജയത്തിനു പിന്നിലെ നിര്‍ണ്ണായക സ്വാധീനമായിരുന്നു യുവരാജ് സിംഗ്. ഇരു ടൂര്‍ണ്ണമെന്റുകളിലെയും പരമ്പരയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത് യുവരാജ് സിംഗ് ആയിരുന്നു.

2000ല്‍ കെനിയയ്ക്കെതിരെയായിരുന്നു യുവിയുടെ ഏകദിന അരങ്ങേറ്റം. 2003ല്‍ ടെസ്റ്റില്‍ താരത്തിന്റെ അരങ്ങേറ്റമുണ്ടായെങ്കിലും ശ്രദ്ധേയമായ പ്രകടനം ടെസ്റ്റുകളില്‍ താരത്തില്‍ നിന്നുണ്ടായില്ലെങ്കിലും ഏകദിനത്തില്‍ ഇന്ത്യയുടെ ഏക്കാലത്തെയും മികച്ച ബാറ്റ്സ്മാന്മാരില്‍ ഒരാളായി യുവി മാറി.

2017ലെ വിന്‍ഡീസ് ടൂറിലേക്ക് തിരഞ്ഞെടുക്കപ്പെട്ട യുവരാജ് അവിടെയാണ് ഇന്ത്യയ്ക്കായി തന്റെ അവസാന ഏകദിനം കളിച്ചത്.

നിര്‍ണ്ണായ താരം പാണ്ഡ്യ തന്നെ

ഈ ലോകകപ്പിലെ ഇന്ത്യയുടെ നിര്‍ണ്ണായക താരം അത് ഹാര്‍ദ്ദിക് പാണ്ഡ്യയാണെന്ന് അഭിപ്രായപ്പെട്ട് യുവരാജ് സിംഗ്. തന്റെ ഐപിഎല്‍ ടീമംഗമായ ഹാര്‍ദ്ദിക് തന്നെയാണ് ഇന്ത്യയുടെ എക്സ്-ഫാക്ടര്‍ താരമെന്നാണ് മുന്‍ ലോകകപ്പ് ജേതാവ് അഭിപ്രായപ്പെട്ടത്. നേരത്തെ സുരേഷ് റെയ്‍നയും ഇതേ അഭിപ്രായം പങ്കുവെച്ചിരുന്നു. ഐപിഎലില്‍ മിന്നും ഫോമിലുള്ള താരം 402 റണ്‍സും 14 വിക്കറ്റുമാണ് നേടിയിരുന്നത്.

രോഹിത്തും വിരാടും ഇന്ത്യയ്ക്ക് നിര്‍ണ്ണായകമാണ്, ഇവരില്‍ ആര്‍ക്കെങ്കിലും മികച്ച ടൂര്‍ണ്ണമെന്റായാല്‍ ഇന്ത്യയ്ക്ക് അത് ഗുണം ചെയ്യും, പക്ഷേ ഈ ടൂര്‍ണ്ണമെന്റിലെ എക്സ്-ഫാക്ടര്‍ അത് ഹാര്‍ദ്ദിക് ആവുമെന്നാണ് യുവരാജ് പറഞ്ഞത്. താരം ടി20യില്‍ നിന്ന് 50 ഓവര്‍ ക്രിക്കറ്റിലേക്കുള്ള മാറ്റം എത്തരത്തില്‍ ഉള്‍ക്കൊള്ളുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും ഇന്ത്യയുടെ സാധ്യതകളെന്നും യുവരാജ് പറഞ്ഞു.

ലോകകപ്പില്‍ സാധ്യത ഇംഗ്ലണ്ടിനും ഇന്ത്യയ്ക്കും – യുവരാജ് സിംഗ്

2019 ലോകകപ്പില്‍ ഇന്ത്യയും ഇംഗ്ലണ്ടുമാണ് ചാമ്പ്യന്മാരാകുവാന്‍ സാധ്യതയുള്ളവരെന്ന് വിലയിരുത്തി യുവരാജ് സിംഗ്. ഇന്ത്യയും ഇംഗ്ലണ്ടും കഴിഞ്ഞാല്‍ ടൂര്‍ണ്ണമെന്റില്‍ മികച്ച പ്രകടനം പുറത്തെടുക്കുവാന്‍ സാധ്യതയുള്ള ടീമുകള്‍ ഓസ്ട്രേലിയയും വിന്‍ഡീസുമാണെന്ന് യുവരാജ് പറഞ്ഞു. കിരീടം നേടുവാന്‍ തന്റെ പ്രിയപ്പെട്ട രണ്ട് ടീമുകള്‍ ഇംഗ്ലണ്ടും ഇന്ത്യയുമാണ്, ഡേവിഡ് വാര്‍ണറും സ്റ്റീവ് സ്മിത്തും തിരികെ എത്തുന്നത് ഓസ്ട്രേലിയയെ ശക്തിപ്പെടുത്തുമ്പോള്‍ വിന്‍ഡീസ് നിരയില്‍ ഒട്ടനവധി വെടിക്കെട്ട് വീരന്മാരുണ്ടെന്നതും ടീമിനു സാധ്യത നല്‍കുന്നു.

എന്നാല്‍ ഈ ഘട്ടത്തില്‍ ഇത്തരം പ്രവചനങ്ങള്‍ക്ക് സാധ്യതയില്ലെങ്കിലും താന്‍ ഒന്നാം സ്ഥാനം ഇന്ത്യയ്ക്കും രണ്ടാമത് ഇംഗ്ലണ്ടും എത്തുമെന്നാണ് കരുതുന്നതെന്ന് യുവരാജ് സിംഗ് പറഞ്ഞു.

സണ്‍റൈസേഴ്സിനു ടോസ്, മുംബൈയെ ബാറ്റിംഗിനയയ്ച്ചു, യുവി ഇന്ന് മത്സരിക്കാനില്ല

ഇന്നത്തെ രണ്ടാമത്തെയും തീപാറുമെന്ന് കരുതുന്ന മത്സരത്തിലും മുംബൈ ഇന്ത്യന്‍സ് ആദ്യം ബാറ്റ് ചെയ്യും. സണ്‍റൈസേഴ്സിന്റെ വെടിക്കെട്ട് താരങ്ങള്‍ക്കെതിരെ കൂറ്റന്‍ സ്കോര്‍ നേടുകയെന്ന ലക്ഷ്യത്തോടെയാവും മുംബൈ ബാറ്റിംഗിനിറങ്ങുക. മത്സരത്തില്‍ ടോസ് സണ്‍റൈസേഴ്സ് നായകന്‍ ഭുവനേശ്വര്‍ കുമാറാണ് ടോസ് നേടിയത്. മത്സരത്തില്‍ മാറ്റങ്ങളില്ലാതെയാണ് സണ്‍റൈസേഴ്സ് ഇറങ്ങുന്നത്. അതേ സമയം മുംബൈ നിരയില്‍ യുവരാജ് സിംഗിനു പകരം ഇഷാന്‍ കിഷനും ലസിത് മലിംഗയ്ക്കു പകരം അല്‍സാരി ജോസഫ് തന്റെ അരങ്ങേറ്റവും നടത്തുന്നു.

മുംബൈ ഇന്ത്യന്‍സ്: രോഹിത് ശര്‍മ്മ, ക്വിന്റണ്‍ ഡി കോക്ക്, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, കീറണ്‍ പൊള്ളാര്‍ഡ്, ഹാര്‍ദ്ദിക് പാണ്ഡ്യ, ക്രുണാല്‍ പാണ്ഡ്യ, രാഹുല്‍ ചഹാര്‍, ജസ്പ്രീത് ബുംറ, അല്‍സാരി ജോസഫ്, ജേസണ്‍ ബെഹ്രെന്‍ഡോര്‍ഫ്

സണ്‍റൈസേഴ്സ് ഹൈദ്രാബാദ്: ഡേവിഡ് വാര്‍ണര്‍, ജോണി ബൈര്‍സ്റ്റോ, മനീഷ് പാണ്ടേ, ദീപക് ഹൂഡ, വിജയ് ശങ്കര്‍, യൂസഫ് പത്താന്‍, റഷീദ് ഖാന്‍, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് നബി, സന്ദീപ് ശര്‍മ്മ, സിദ്ധാര്‍ത്ഥ് കൗള്‍

സാം കറന്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിനു വേണ്ടി ഹാട്രിക്ക് നേടുന്ന മൂന്നാമത്തെ താരം

കിംഗ്സ് ഇലവന്‍ പഞ്ചാബിനു വേണ്ടി ഹാട്രിക്ക് നേട്ടം കൊയ്യുന്ന മൂന്നാമത്തെ താരമായാണ് ഇന്നലത്തെ തന്റെ ഹാട്രിക്ക് പ്രകടനത്തിലൂടെ സാം കറന്‍ മാറിയത്. ഇതിനു മുമ്പ് മൂന്ന് തവണയാണ് ഹാട്രിക്ക് നേട്ടം പഞ്ചാബ് താരങ്ങള്‍ നേടിയിട്ടുള്ളത്. അതില്‍ യുവരാജ് സിംഗ് രണ്ട് തവണ ഈ നേട്ടം സ്വന്തമാക്കി. 2009ല്‍ ഒരേ സീസണിലാണ് യുവിയുടെ രണ്ട് ഹാട്രിക്കുകളും. ഡര്‍ബനില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെയും ജോഹാന്നസ്ബര്‍ഗില്‍ ഡെക്കാന്‍ ചാര്‍ജേഴ്സിനെതിരെയുമായിരുന്നു യുവിയുടെ നേട്ടം.

അക്സര്‍ പട്ടേലാണ് നേട്ടം സ്വന്തമാക്കിയ മറ്റൊരു താരം. 2016ല്‍ രാജ്കോട്ടില്‍ ഗുജറാത്ത് ലയണ്‍സിനെതിരെയായിരുന്നു അക്സര്‍ പട്ടേലിന്റെ ഹാട്രിക്ക് പ്രകടനം.

തന്റെ ബാറ്റിങ്ങിൽ സന്തോഷവാനാണെന്ന് യുവരാജ്

ഡൽഹി ക്യാപിറ്റൽസിനെതിരെ ആദ്യ മത്സരത്തിൽ മുംബൈ ഇന്ത്യൻസ് തോറ്റെങ്കിലും തന്റെ ബാറ്റിങ്ങിൽ സന്തോഷവാനാണെന്ന് പറഞ്ഞ് യുവരാജ് സിങ്. മത്സരത്തിൽ 35 പന്തിൽ 53 റൺസ് എടുത്ത യുവരാജ് സിങ് മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും ഡൽഹി ക്യാപിറ്റൽസിനെതിരെ മുംബൈ ഇന്ത്യൻസ് 37 റൺസിന്‌ തോറ്റിരുന്നു.

മത്സരത്തിൽ രോഹിത് ശർമയെ നേരത്തെ നഷ്ടപ്പെട്ടതും ഡി കോക്കിന്റെ വിക്കറ്റ് നഷ്ടമായതും പോളാർഡിന് നിലയുറപ്പിക്കാനാവാതെപോയതുമാണ് പരാജയത്തിന് കാരണമായതെന്ന് യുവരാജ് പറഞ്ഞു. 27 പന്തിൽ 78 റൺസ് എടുത്ത റിഷഭ് പന്തിന്റെ പ്രകടനത്തെ അഭിനന്ദിക്കാനും യുവരാജ് സിങ് മറന്നില്ല. ഭാവിയിൽ റിഷഭ് പന്ത് ഇന്ത്യയുടെ പുതിയ കണ്ടെത്തലായി മാറുമെന്നും യുവരാജ് പറഞ്ഞു.

37 മത്തെ വയസ്സിലും കളിക്കുന്നതിനെ പറ്റി ചോദിച്ചപ്പോൾ സമയമാവുമ്പോൾ താൻ തന്നെ വിരമിക്കൽ പ്രഖ്യാപിക്കുമെന്ന് യുവരാജ് സിങ് പറഞ്ഞു. ഈ പ്രായത്തിലും കളിക്കുന്നതിനെ പറ്റി സച്ചിൻ ടെണ്ടുൽക്കറോട് അഭിപ്രായം ചോദിച്ചെന്നും സച്ചിന്റെ ഉപദേശം തനിക്ക് ഏറെ പ്രയോജനപ്പെട്ടെന്നും മുൻ ഇന്ത്യൻ താരം പറഞ്ഞു.

യുവരാജ് മാജിക്കും തുണയായില്ല, മുംബൈയ്ക്ക് 37 റണ്‍സ് തോല്‍വി

214 റണ്‍സെന്ന കൂറ്റന്‍ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ മുംബൈയ്ക്ക് അവസാന ഓവറുകളില്‍ കാലിടറിയപ്പോള്‍ 37 റണ്‍സിന്റെ തോല്‍വി. മുംബൈയ്ക്കായി തന്റെ അരങ്ങേറ്റ മത്സരത്തില്‍ അര്‍ദ്ധ ശതകവുമായി യുവരാജ് സിംഗ് തിളങ്ങിയെങ്കിലും മുംബൈയ്ക്ക്  176 റണ്‍സ് മാത്രമേ നേടാനായുള്ളു. പരിക്കേറ്റ ജസ്പ്രീത് ബുംറ ബാറ്റ് ചെയ്യാനിറങ്ങാതിരുന്നപ്പോള്‍ മുംബൈ ഇന്നിംഗ്സ് 19.2 ഓവറില്‍ അവസാനിച്ചു.

ക്വിന്റണ്‍ ഡി കോക്കും രോഹിത് ശര്‍മ്മയും ടീമിനു മികച്ച തുടക്കം നല്‍കിയെങ്കിലും 14 റണ്‍സെടുത്ത രോഹിത്തിനെ ഇഷാന്ത് ശര്‍മ്മ മടക്കി. ഏറെ വൈകാതെ സൂര്യകുമാര്‍ യാദവ് റണ്ണൗട്ടാവുകയും അധികം വൈകാതെ ക്വിന്റണ്‍ ഡിക്കോക്ക് പുറത്താകുകയും ചെയ്തതോതടെ മുംബൈ 45/3 എന്ന നിലയിലേക്ക് വീണു.

പിന്നീട് യുവരാജ് സിംഗും കീറണ്‍ പൊള്ളാര്‍ഡും അഞ്ചാം വിക്കറ്റില്‍ 50 റണ്‍സ് നേടി മുംബൈയെ വീണ്ടും ട്രാക്കിലേക്കാകുമെന്ന് കരുതിയ നിമിഷത്തില്‍ 13 പന്തില്‍ 21 റണ്‍സ് നേടിയ പൊള്ളാര്‍ഡിനെ കീമോ പോള്‍ മടക്കി. തൊട്ടടുത്ത ഓവറില്‍ അക്സര്‍ പട്ടേല്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യയെ വീഴ്ത്തി. ആറാം വിക്കറ്റില്‍ 39 റണ്‍സ് വളരെച്ചുരുക്കം പന്തുകളില്‍ നേടി ക്രുണാല്‍ പാണ്ഡ്യയും യുവരാജും മുംബൈയുടെ പ്രതീക്ഷകള്‍ സജീവമാക്കിയെങ്കിലും ബോള്‍ട്ട് ക്രുണാലിനെ പുറത്താക്കിയതോടെ വീണ്ടും മുംബൈ പ്രതിരോധത്തിലായി.

അവസാന നാലോവറില്‍ വിജയിക്കുവാന്‍ 64 റണ്‍സായിരുന്നു മുംബൈയ്ക്ക് വേണ്ടിയിരുന്നത്. ക്രുണാല്‍ പാണ്ഡ്യ 15 പന്തില്‍ നിന്ന് 32 റണ്‍സ് നേടി പുറത്തായെങ്കിലും യുവരാജ് സിംഗ് ഫോമില്‍ കളിച്ചത് മുംബൈ ക്യാമ്പില്‍ പ്രതീക്ഷയായി നിന്നു. അടുത്ത ഓവറില്‍ കാഗിസോ റബാഡയ്ക്ക് വിക്കറ്റ് നല്‍കി ബെന്‍ കട്ടിംഗും മടങ്ങിയപ്പോള്‍ ലക്ഷ്യം 18 പന്തില്‍ 55 റണ്‍സ്.

ട്രെന്റ് ബോള്‍ട്ട് എറിഞ്ഞ 18ാം ഓവറില്‍ നിന്ന് 9 റണ്‍സാണ് മിച്ചല്‍ മക്ലെനാഗനും യുവരാജും ചേര്‍ന്ന് നേടിയത്. ഇതിനിടെ മുംബൈയ്ക്ക് വേണ്ടിയഉള്ള തന്റെ കന്നി ഐപിഎല്‍ അര്‍ദ്ധ ശതകവും യുവരാജ് സിംഗ് നേടി. കാഗിസോ റബാഡയ്ക്ക് വിക്കറ്റ് നല്‍കി മടങ്ങുമ്പോള്‍ 35 പന്തില്‍ നിന്ന് 53 റണ്‍സാണ് യുവരാജ് സിംഗ് നേടിയത്. 4 ഫോറും 3 സിക്സും അടങ്ങിയതായിരുന്നു യുവരാജിന്റെ ഇന്നിംഗ്സ്. അധികം വൈകാതെ മുംബൈ 176 റണ്‍സിനു ഓള്‍ഔട്ട് ആവുകയും ചെയ്തു.

മുംബൈ ഇന്ത്യന്‍സിനോട് നന്ദിയറിയിച്ച് യുവി

ഐപിഎല്‍ 2019ല്‍ തനിയ്ക്ക് അവസരം നല്‍കിയതില്‍ നന്ദി അറിയിച്ച് യുവരാജ് സിംഗ്. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് മുംബൈ ഇന്ത്യന്‍സ് കുടുംബത്തിന്റെ ഭാഗമാകുവാന്‍ കഴിഞ്ഞതിന്റെ സന്തോഷം താരം പങ്കുവെച്ചത്. കൂട്ടത്തില്‍ നായകന്‍ രോഹിത് ശര്‍മ്മയോട് ഉടനെ കാണാമെന്ന് പറയുകയും ചെയ്യുന്നുണ്ട് യുവരാജ് സിംഗ്.

ലേലത്തിന്റെ ആദ്യ റൗണ്ടില്‍ യുവരാജ് സിംഗിനെ സ്വന്തമാക്കുവാന്‍ ടീമുകള്‍ വിമുഖത കാണിച്ചിരുന്നു. രണ്ടാമത് അവസരം വന്നപ്പോള്‍ മുംബൈ ഇന്ത്യന്‍സ് താരത്തിന്റെ അടിസ്ഥാന വിലയായി ഒരു കോടി രൂപ നല്‍കി യുവരാജിനെ മുംബൈ പാളയത്തില്‍ എത്തിച്ചു.

യുവി ആരാധകര്‍ കൂട്ടത്തോടെ മുംബൈ പാളയത്തിലേക്ക് ചേക്കേറുമെന്ന് വേണം ട്വീറ്റിന്റെ സ്വീകാര്യത കണക്കിലാക്കുമ്പോള്‍ മനസ്സിലാക്കേണ്ട്. പ്രതാപ കാലത്ത് ഇന്ത്യയുടെ യുവരാജാവ് എന്ന് വാഴ്ത്തപ്പെട്ട താരത്തെ മുംബൈ ആരാധകരും പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.

യുവരാജിനോടും ഫിഞ്ചിനോടും വിട പറഞ്ഞ് കിംഗ്സ് ഇലവന്‍ പഞ്ചാബ്

സൂപ്പര്‍ താരം ആരോണ്‍ ഫിഞ്ചിനെയും ഇന്ത്യയുടെ ലോകകപ്പ് ഹീറോ യുവരാജ് സിംഗിനെയും ടീമില്‍ നിന്ന് വിട്ട് നല്‍കി കിംഗ്സ് ഇലവന്‍ പഞ്ചാബ്. ഇവരുള്‍പ്പെടെ 11 താരങ്ങളെയാണ് ടീം വിട്ട് നില്‍ക്കുന്നത്. നേരത്തെ മാര്‍ക്കസ് സ്റ്റോയിനിസിനു പകരം മന്‍ദീപ് സിംഗിനെ ബാംഗ്ലൂരില്‍ നിന്ന് ടീമിലേക്ക് മാനേജ്മെന്റ് എത്തിച്ചിരുന്നു. കഴിഞ്ഞ സീസണില്‍ മികച്ച തുടക്കം ലഭിച്ച ശേഷമാണ് കിംഗ്സ് ഇലവന്‍ പഞ്ചാബ് പിന്നീട് തകര്‍ന്ന് പോകുന്നത്.

കഴിഞ്ഞ സീസണില്‍ ടീമിലേക്ക് എത്തിയ യുവരാജിനെ കൈവിടുവാന്‍ കിംഗ്സ് ഇലവന്‍ തീരുമാനിക്കുകയായിരുന്നു. തന്റെ പ്രതാപ കാലം കഴിഞ്ഞ യുവരാജിന്റെ കാര്യത്തിലെ ടീമിന്റെ തീരുമാനം അത്ര ഞെട്ടിക്കുന്നതല്ലെങ്കിലും ടി20യില്‍ മികച്ച ഫോമില്‍ കളിക്കുന്ന ഓസ്ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ചിനെ വിട്ട് നല്‍കുവാനുള്ള തീരുമാനം ഏറെ ചര്‍ച്ച ചെയ്യപ്പെടുമെന്നാണ് വിശ്വസിക്കുന്നത്.

കരുണ്‍ നായര്‍, ലോകേഷ് രാഹുല്‍, രവിചന്ദ്രന്‍ അശ്വിന്‍ എന്നിവര്‍ക്കൊപ്പം ക്രിസ് ഗെയില്‍, ഡേവിഡ് മില്ലര്‍, മുജീബ് ഉര്‍ റഹ്മാന്‍ എന്നിവരെ ടീം നിലനിര്‍ത്തിയിട്ടുണ്ട്.

ശതകം നേടി ശുഭ്മന്‍ ഗില്‍, റണ്‍സുമായി യുവരാജ് സിംഗും, പഞ്ചാബിനു ജയം

ഹിമാച്ചല്‍ പ്രദേശിനെതിരെ 35 റണ്‍സ് ജയം നേടി പഞ്ചാബ്. യുവ താരം ശുഭ്മന്‍ ഗില്ലിനൊപ്പം യുവരാജ് സിംഗും മന്‍ദീപ് സിംഗും ഗുര്‍കീരത് സിംഗ് മന്നും നേടിയ റണ്‍സുകളുടെ ബലത്തില്‍ 290 റണ്‍സ് നേടിയ പഞ്ചാബ് എതിരാളികളെ 255 റണ്‍സിനു ഓള്‍ഔട്ട് ആക്കിയാണ് ഈ വിജയം നേടിയത്.

115 റണ്‍സ് നേടി ഗില്ലിനൊപ്പം യുവരാജ് 48 റണ്‍സും മന്‍ദീപ്(39), ഗുര്‍കീരത്(31) എന്നിവരും ചേര്‍ന്നപ്പോള്‍ പഞ്ചാബ് 50 ഓവറില്‍ നിന്ന് 7 വിക്കറ്റ് നഷ്ടത്തില്‍ 290 റണ്‍സ് നേടുകയായിരുന്നു. ഹിമാച്ചലിനു വേണ്ടി ഋഷി ധവാന്‍ മൂന്ന് വിക്കറ്റ് നേടി.

പ്രശാന്ത് ചോപ്ര(95), അന്‍കുഷ് ബൈന്‍സ്(56) എന്നിവരുടെ പോരാട്ട വീര്യത്തിനു പിന്തുണ നല്‍കുവാന്‍ മറ്റു താരങ്ങള്‍ക്ക് കഴിയാതെ പോയതാണ് ഹിമാച്ചലിനു തിരിച്ചടിയായത്. 48.3 ഓവറില്‍ ടീം 255 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. സിദ്ധാര്‍ത്ഥ് കൗള്‍ 4 വിക്കറ്റ് നേടി പഞ്ചാബ് ബൗളര്‍മാരില്‍ മികവ് തെളിയിച്ചപ്പോള്‍ ആര്‍ഷദീപ് സിംഗ് രണ്ടും മന്‍പ്രീത് ഗോണി, മയാംഗ് മാര്‍ക്കണ്ടേ, ഗുര്‍കീരത് സിംഗ് മന്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

നാഷണല്‍ ക്രിക്കറ്റ് അക്കാഡമിയ്ക്ക് പിന്തുണയുമായി യുവരാജ് സിംഗ്

ഇന്ത്യന്‍ താരങ്ങളുടെ പരിക്കിന്റെ പേരില്‍ പഴി കേള്‍ക്കേണ്ടി വന്ന നാഷണല്‍ ക്രിക്കറ്റ് അക്കാഡമിയ്ക്ക് പിന്തുണയുമായി യുവരാജ് സിംഗ്. സീനിയര്‍ താരങ്ങള്‍ നാഷണല്‍ ക്രിക്കറ്റ് അക്കാഡമിയില്‍ പരിശീലനത്തിനും റീഹാബിനും പോകുവാന്‍ മടിയ്ക്കുന്നു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ സജീവമാകുന്നതിനിടയിലാണ് തന്റെ അനുഭവം പങ്കുവെച്ച് യുവരാജ് സിംഗ് രംഗത്തെത്തിയിരിക്കുന്നത്.

തന്റെ ട്വിറ്റര്‍ സന്ദേശത്തിലാണ് താരം എന്‍സിഎയെ പുകഴ്ത്തിയത്. തനിക്ക് കാന്‍സറില്‍ നിന്ന് തിരിച്ചുവരവിനു സാധ്യമായതിനു പിന്നില്‍ നാഷണല്‍ ക്രിക്കറ്റ് അക്കാഡമിയുടെ പങ്ക് ഏറെ വലുതാണെന്നാണ് യുവി പറഞ്ഞത്. രാജ്യത്തെ ഏറ്റവും മികച്ച പരിശീലകരെയും ഫിസിയോകളെയും ബിസിസിഐ ചുമതലപ്പെടുത്തിയതിന്റെ ഗുണം പല താരങ്ങള്‍ക്കും ഉപയോഗപ്പെട്ടിട്ടുണ്ടെന്നും യുവരാജ് തന്റെ ട്വീറ്റിലൂടെ വ്യക്തമാക്കി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version