യുവരാജും ഗുര്‍കീരത്ത് മന്നും പഞ്ചാബ് ടീമിലെ പിതൃതുല്യ സ്ഥാനീയര്‍

തന്റെ വളര്‍ച്ചയില്‍ യുവരാജ് സിംഗിന് വലിയ പങ്കുണ്ടെന്നും പഞ്ചാബ് ടീമില്‍ പിതൃ തുല്യരായ സ്ഥാനമുള്ള താരങ്ങളാണ് യുവരാജ് സിംഗും, ഗുര്‍കീരത്ത് മന്നും എന്ന് പറഞ്ഞ് ശുഭ്മന്‍ ഗില്‍. ഒട്ടനവധി ആളുകള്‍ തന്നെ ഉപദേശിക്കാറുണ്ട്, താന്‍ വളരെ അധികം അടുപ്പമുള്ളയാളാണ് തന്റെ പിതാവ്, അദ്ദേഹവും തന്റെ ഉപദേശകരില്‍ ഒരാളാണെന്നും ഗില്‍ പറഞ്ഞു. യുവരാജ് സിംഗ് തന്നോട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു കമ്പനിയുമായി കരാറില്‍ ഏര്‍പ്പെടരുതെന്നും കളിയില്‍ മാത്രമാണ് ശ്രദ്ധിക്കേണ്ടതെന്ന് പറഞ്ഞിരുന്നു, താന്‍ അത് അനുസരിക്കുകയും ചെയ്തുവെന്ന് ഗില്‍ പറഞ്ഞു.

യുവരാജ് തന്നോട് എന്ത് ചെയ്യണമെന്നും എന്ത് ചെയ്യരുതെന്നും ഉപദേശിക്കാറുണ്ടെന്നും ഇന്ത്യന്‍ മുന്‍ ഓള്‍റൗണ്ടറെക്കുറിച്ച് ശുഭ്മന്‍ ഗില്‍ പറഞ്ഞു. തന്റെ വളര്‍ച്ചയില്‍ നിര്‍ണ്ണായകമായ പങ്ക് വഹിച്ച താരമാണ് യുവരാജ് സിംഗെന്നും ശുഭ്മന്‍ ഗില്‍ പറഞ്ഞു.

യുവരാജിന്റെ വെടിക്കെട്ട് പ്രകടനം തുണയായില്ല, ടൊറന്റോക്ക് തോൽവി

കാനഡ ഗ്ലോബൽ ടി20 ലീഗിൽ യുവരാജിന്റെ ഓൾ റൗണ്ട് പ്രകടനത്തിനും ടൊറന്റോയെ തോൽ‌വിയിൽ നിന്ന് രക്ഷിക്കാനായില്ല. ടൊറന്റോ നാഷണൽസ് ഉയർത്തിയ 217 റൺസ് എന്ന ലക്‌ഷ്യം അവസാന പന്തിൽ 3 വിക്കറ്റ് ശേഷിക്കെ വിന്നിപെഗ് ഹോക്സ് മറികടക്കുകയായിരുന്നു.  48 പന്തിൽ 89 റൺസ് എടുത്ത ക്രിസ് ലിന്നിന്റെയും 27 പന്തിൽ 58 റൺസ് എടുത്ത സോഹലിന്റെയും 21 പന്തിൽ 43 റൺസ് എടുത്ത ഷൈമാൻ അൻവറിന്റെയും പ്രകടനത്തിന്റെ പിൻബലത്തിലാണ് വിന്നിപെഗ് ഹോക്സ് ജയം സ്വന്തമാക്കിയത്. മത്സരത്തിൽ ബ്രാവോയുടെ വിക്കറ്റ് സ്വന്തമാക്കാനും യുവരാജ് സിംഗിനായി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ടൊറന്റോ നാഷണൽസ് 7 വിക്കറ്റ് നഷ്ടത്തിൽ 216 റൺസാണ് നേടിയത്. ഓപണർ റോഡ്രിഗോ തോമസിന്റെ വെടിക്കെട്ട് തുടക്കത്തിന് പിന്നാലെ യുവരാജ് സിങ്ങും പൊള്ളാർഡും നടത്തിയ മികച്ച പ്രകടനത്തിന്റെ പിൻബലത്തിലാണ് ടൊറന്റോ നാഷണൽസ് 216 റൺസ് നേടിയത്. തോമസ് 46 പന്തിൽ 65 റൺസ് എടുത്തപ്പോൾ 21 പന്തിൽ 52 റൺസ് നേടി പൊള്ളാർഡും 26 പന്തിൽ 45 റൺസ് നേടി യുവരാജ് സിങ്ങും ടൊറന്റോയുടെ സ്കോറിന് ഉയർത്തി. വിന്നിപെഗ് ഹോക്സിന് വേണ്ടി ബ്രാവോ നാല് വിക്കറ്റ് വീഴ്ത്തി.

വെടിക്കെട്ട് പ്രകടനത്തോടെ യുവരാജും ഗോണിയും, ആദ്യ ജയം സ്വന്തമാക്കി ടൊറന്റോ നാഷണൽസ്

ഇന്ത്യൻ താരങ്ങളായ യുവരാജ് സിങ്ങും ഗോണിയും വിശ്വരൂപം പുറത്തെടുത്തപ്പോൾ ഗ്ലോബൽ ടി20യിൽ ടൊറന്റോ നാഷണൽസിന്‌ രണ്ടു വിക്കറ്റ് ജയം. ആദ്യ ബാറ്റ് ചെയ്ത് 191 റൺസ് നേടിയ എഡ്മോണ്ടൺ റോയൽസിനെ 7 പന്ത് ബാക്കി നിൽക്കെ 8 വിക്കറ്റ് നഷ്ടത്തിൽ ടൊറന്റോ നാഷണൽസ് മറികടക്കുകയായിരുന്നു. 12 പന്തിൽ 33 റൺസ് എടുത്ത ഗോണിയും 21 പന്തിൽ 35 റൺസ് എടുത്ത യുവരാജ് സിങ്ങും ടൊറന്റോ നാഷണൽസിന്‌ ജയം നേടി കൊടുക്കുകയായിരുന്നു.

നേരത്തെ പുറത്താവാതെ 24 പന്തിൽ 43 റൺസ് നേടിയ കട്ടിങ്ങിന്റെയും 17 പന്തിൽ 36 റൺസ് എടുത്ത ഷദബ് ഖാന്റെയും ബാറ്റിംഗ് പ്രകടനത്തിന്റെ പിൻബലത്തിലാണ് എഡ്മോണ്ടൺ റോയൽ 191 റൺസ് എടുത്തത്.  ടൊറന്റോ നാഷണൽസിന്‌ വേണ്ടി മൂന്ന് വിക്കറ്റ് വഴിതിയ ഗ്രീൻ ആണ് മികച്ച പ്രകടനം പുറത്തെടുത്തത്.

തുടർന്ന് ബാറ്റ് ചെയ്ത ടൊറന്റോ നാഷണൽസ് 39 പന്തിൽ 45 ഹെയ്‌ൻറിച്ച് ക്ലാസന്റെ മികവിൽ പൊരുതുകയും അവസാന ഘട്ടത്തിൽ ആഞ്ഞടിച്ച യുവരാജ് സിംഗിന്റെയും ഗോണിയുടെയും രവീന്ദർപാൽ സിംഗിന്റെയും മികവിൽ ജയിച്ചു കയറുകയുമായിരുന്നു. രവീന്ദർപാൽ സിങ് 5 പന്തിൽ 17 റൺസ് എടുത്ത് പുറത്താവുകയായിരുന്നു.

തോൽവിയും വിചിത്രമായ ഔട്ടും, കാനഡയിൽ യുവരാജ് സിങ്ങിന് മോശം തുടക്കം (വീഡിയോ)

വലിയ പ്രതീക്ഷയുമായി കാനഡയിലെ ഗ്ലോബൽ ടി20യിൽ മത്സരിക്കാൻ ഇറങ്ങിയ യുവരാജ് സിങ്ങിന് തോൽവിയോടെ തുടക്കം.  സീസണിലെ ആദ്യ മത്സരത്തിൽ വാൻകോവർ നൈറ്റ്സ് ആണ് യുവരാജിന്റെ ടീമായ ടോറോന്റോ നാഷൽസിനെ 8 വിക്കറ്റിന് തോൽപ്പിച്ചത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത യുവരാജിന്റെ ടീം 20 ഓവറിൽ 159 റൺസാണ് നേടിയത്. തുടർന്ന് മറുപടി ബാറ്റ് ചെയ്ത വാൻകോവർ നൈറ്റ്സ് 17.2 ഓവറിൽ 162 റൺസ് നേടി വിജയം ഉറപ്പിക്കുകയായിരുന്നു.

മത്സരത്തിൽ 27 ബോളിൽ നിന്ന് വെറും 14 റൺസ് മാത്രമാണ് യുവരാജ് എടുത്തത്. തന്റെ വിരമിക്കലിന് ശേഷം ആദ്യമായി കളിക്കാൻ ഇറങ്ങിയ യുവരാജ് സിങ്ങിന് നല്ല ഓർമ്മകൾ നൽകുന്നതായിരുന്നില്ല ഈ മത്സരം.

https://twitter.com/ebianfeatures/status/1154586983932366849

നാലാമനായി ഇറങ്ങിയ യുവരാജ് സിങ് 17മത്തെ ഓവറിലാണ് ഔട്ട് ആയത്. റിസ്‌വാൻ ചീമയുടെ ബോളിൽ യുവരാജിന്റെ ബാറ്റിൽ തട്ടുകയും എന്നാൽ വിക്കറ്റ് കീപ്പർ ടോബിയാസ് വിസ്സെ പന്ത് കൈപ്പിടിയിലൊതുക്കാൻ ശ്രമിക്കുന്നതിനിടെ പന്ത് സ്റ്റമ്പിൽ തട്ടുകയും ചെയ്തു. എന്നാൽ പന്ത് സ്റ്റമ്പിൽ തട്ടുമ്പോൾ യുവരാജ് ക്രീസിൽ തന്നെ ഉണ്ടായിരുന്നെങ്കിലും അമ്പയറുടെ തീരുമാനത്തിന് കാത്തിരിക്കാതെ യുവരാജ് ക്രീസ് വിടുകയായിരുന്നു. എന്നാൽ റിപ്ലേകളിൽ പന്ത് സ്റ്റമ്പിൽ തട്ടുമ്പോൾ യുവരാജ് ക്രീസിൽ നിന്ന് ഉണ്ടെന്ന് വ്യക്തമായിരുന്നു.

ഇന്ത്യയ്ക്ക് നാലാം നമ്പറിലേക്ക് യാതൊരു പദ്ധതിയുമുണ്ടായിരുന്നില്ലെന്ന് യുവരാജ് സിംഗ്

ലോകകപ്പിലെ ഇന്ത്യയുടെ നാലാം നമ്പറിലേക്കുള്ള പരീക്ഷണങ്ങളും പദ്ധതികളും പാളിയെന്ന് അഭിപ്രായപ്പെട്ട് യുവരാജ് സിംഗ്. ഒട്ടനവധി താരങ്ങളെ ഈ സ്ഥാനത്ത് പരീക്ഷിച്ചുവെങ്കിലും ആര്‍ക്കും മികച്ച രീതിയില്‍ ഈ സ്ഥാനത്തോട് നീതി പുലര്‍ത്തുവാന്‍ സാധിച്ചില്ലെന്ന് ഇന്ത്യയുടെ എക്കാലത്തെയും മികച്ച നാലാം നമ്പര്‍ ബാറ്റ്സ്മാനായ യുവരാജ് സിംഗ് പറഞ്ഞു. ഇന്ത്യ രണ്ട് ഐസിസി കിരീടങ്ങള്‍ നേടിയപ്പോള്‍ യുവരാജ് ആണ് നാലാം നമ്പറില്‍ ടീമിന്റെ മികവാര്‍ന്ന പോരാളിയായത്. എന്നാല്‍ ഇന്ത്യയുടെ ഇന്നത്തെ മാനേജ്മെന്റ് നാലാം നമ്പറിലെ താരങ്ങളോട് കാണിച്ച സമീപനം ശരിയായില്ലെന്ന് യുവരാജ് സിംഗ് പറഞ്ഞു.

2003ല്‍ ന്യൂസിലാണ്ട് പരമ്പരയില്‍ ടീമിലെ എല്ലാവരും പരാജയപ്പെട്ടപ്പോളും മാനേജ്മെന്റ് ഇതേ ടീമാണ് ലോകകപ്പില്‍ കളിക്കുവാന്‍ പോകുന്നതെന്ന് അറിയിച്ചിരുന്നു. അത് പോലെ ആരെയെങ്കിലും ഇപ്പോളത്തെ ടീം മാനേജ്മെന്റ് വളര്‍ത്തിക്കൊണ്ടു വരണമായിരുന്നുവെന്ന് യുവരാജ് സിംഗ് പറഞ്ഞു. അമ്പാട്ടി റായിഡുവിനെ ഇത് പോലെ വിശ്വാസത്തില്‍ എടുക്കണമായിരുന്നുവെന്നാണ് യുവരാജ് സിംഗ് പറയുന്നത്. താരത്തിന് അത്തരമൊരു ഉറപ്പ് ലഭിക്കാതെ പോയത് തന്നെ അമ്പരപ്പിച്ചുവെന്നും യുവരാജ് പറഞ്ഞു.

ന്യൂസിലാണ്ടില്‍ റായിഡു റണ്‍സ് കണ്ടെത്തി പിന്നീട് മോശം ഫോം വന്നപ്പോള്‍ താരത്തെ പുറത്താക്കി പകരം ഋഷഭ് പന്തിനെ പരിഗണിച്ച്, ഏതാനും മത്സരങ്ങള്‍ക്ക് ശേഷം താരവും പുറത്ത് പോയി. നാലാം നമ്പര്‍ പോലെ ഇത്രയും പ്രാധാന്യമുള്ള പൊസിഷനില്‍ കളിക്കുന്ന താരത്തിന് വേണ്ടത്ര പിന്തുണ നല്‍കേണ്ടത് ഏറെ ആവശ്യമായ കാര്യമായിരുന്നുവെന്നും യുവരാജ് പറഞ്ഞു. ഒരാള്‍ക്ക് ഒരു പ്രത്യേക സമയത്ത് മികവ് പുലര്‍ത്താനായില്ലെന്ന് കരുതി അവരെ പുറത്താക്കുകയല്ല താങ്കള്‍ ചെയ്യേണ്ടതെന്നും യുവരാജ് സിംഗ് പറഞ്ഞു.

ഇതിനിടെ ദിനേശ് കാര്‍ത്തിക്കിനെയും ഇന്ത്യ ഇടക്കാലത്ത് ഈ സ്ഥാനത്ത് പരീക്ഷിച്ചു, പിന്നീട് വീണ്ടും പന്തിലേക്ക് പോയി. എന്തായിരുന്നു ഇവരുടെ നാലാം നമ്പറിലെ പ്ലാനെന്ന് സത്യമായിട്ടും തനിക്ക് അറിയില്ലെന്നും യുവരാജ് സിംഗ് പറഞ്ഞു. എന്നാല്‍ റായിഡുവിനോട് കാണിച്ചത് നീതിയല്ലെന്നാണ് തന്റെ അഭിപ്രായമെന്നും ലോകകപ്പില്‍ കളിക്കേണ്ടിയിരുന്ന താരമായിരുന്നു റായിഡുവെന്നും എന്നാല്‍ അതുണ്ടായില്ലെന്നും യുവരാജ് സിംഗ് വ്യക്തമാക്കി.

നാലാം നമ്പറിൽ ഇന്ത്യ പുതിയ താരത്തെ കണ്ടെത്തിയെന്ന് യുവരാജ് സിങ്

നാലാം നമ്പറിൽ കളിക്കേണ്ട താരത്തെ ഇന്ത്യ കണ്ടെത്തിയെന്നും അത് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റിഷഭ് പന്ത് ആണെന്നും മുൻ ഇന്ത്യൻ താരം യുവരാജ് സിങ്. ട്വിറ്ററിൽ തന്റെ പോസ്റ്റിലൂടെയാണ് റിഷഭ് പന്ത് ഇന്ത്യയുടെ നാലാം നമ്പർ കളിക്കാരൻ ആവാൻ യോഗ്യനാണെന്ന് യുവരാജ് സിങ് പറഞ്ഞത്. കഴിഞ്ഞ മാസമാണ് യുവരാജ് സിങ് സജീവ ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്.

ലോകകപ്പിനുള്ള ആദ്യ ഇന്ത്യൻ സ്‌ക്വാഡിൽ റിഷഭ് പന്ത് സ്ഥാനം പിടിച്ചിരുന്നില്ല. തുടർന്ന് ഇന്ത്യൻ ഓപണർ ശിഖർ ധവാൻ പരിക്കേറ്റ് ടീമിൽ നിന്ന് പുറത്തുപോയതിനെ തുടർന്നാണ് പന്ത് ഇന്ത്യൻ ടീമിൽ എത്തിയത്.  ഈ ലോകകപ്പിൽ രണ്ടു മത്സരങ്ങൾ കളിച്ച പന്ത് നാലാം നമ്പറിൽ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ഇംഗ്ലനെതിരെ 29 പന്തിൽ 32 റൺസ് എടുത്ത റിഷഭ് പന്ത്  ബംഗ്ലാദേശിനെതിരെ 41 പന്തിൽ 48 റൺസ് നേടിയിരുന്നു. ഭാവിയിൽ നാലാം നമ്പർ സ്ഥാനത്ത് റിഷഭ് പന്ത് നിലയുറപ്പിക്കുമെന്നും താരത്തെ നാലാം സ്ഥാനത്തേക്ക് ശെരിയായ രീതിയിൽ വളർത്തിക്കൊണ്ടു വരേണ്ടത് ഉണ്ടെന്നും യുവരാജ് പറഞ്ഞു.

ലോകകപ്പില്‍ ഒരു മത്സരത്തില്‍ തന്നെ 50 റണ്‍സിലധകവും അഞ്ച് വിക്കറ്റും നേടുന്ന രണ്ടാമത്തെ താരമായി ഷാക്കിബ്, ഒന്നാമന്‍ യുവരാജ് സിംഗ്

ലോകകപ്പില്‍ ഒരേ മത്സരത്തില്‍ 50ലധികം റണ്‍സും 5 വിക്കറ്റും നേടുന്ന രണ്ടാമത്തെ താരമായി ബംഗ്ലാദേശിന്റെ ഷാക്കിബ് അല്‍ ഹസന്‍. ഇന്ന് അഫ്ഗാനിസ്ഥാനെതിരെ 51 റണ്‍സും 5 വിക്കറ്റും നേടിയാണ് ഈ ചരിത്ര നേട്ടം ബംഗ്ലാദേശ് താരം നേടിയത്. 2011ല്‍ അയര്‍ലണ്ടിനെതിരെ ഇതേ നേട്ടം ആവര്‍ത്തിച്ച യുവരാജ് സിംഗിനൊപ്പമാണ് ഷാക്കിബ് ഇപ്പോള്‍ എത്തിയിരിക്കുന്നത്.

ഈ നേട്ടം സ്വന്തമാക്കിയ രണ്ട് താരങ്ങളും ഇടംങ്കൈയ്യന്‍ സ്പിന്നര്‍മാരാണെന്നതാണ് മറ്റൊരു പ്രത്യേകത.

യുവരാജ് സിംഗിനെ സ്വന്തമാക്കി ടൊറോണ്ടോ നാഷണല്‍സ്, ലോകകപ്പ് കളിയ്ക്കുന്ന താരങ്ങള്‍ ഉള്‍പ്പെടെ ലീഗിലേക്ക് ഒട്ടനവധി സൂപ്പര്‍ താരങ്ങള്‍

അടുത്തിടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച യുവരാജ് സിംഗ് ഗ്ലോബല്‍ ടി20 കാനഡയില്‍ കളിയ്ക്കുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുന്നു. ബിസിസിഐയുടെ അനുമതി നേരത്തെ താരം തേടിയെന്ന വാര്‍ത്ത പുറത്ത് വന്ന സാഹചര്യത്തിലാണ് ഇന്ന് രണ്ടാം സീസണിന്റെ പ്ലേയര്‍ ഡ്രാഫ്ടിലാണ് യുവരാജിനെ ടൊറോണ്ടോ നാഷണല്‍സ് സ്വന്തമാക്കിയത്. ടീമിന്റെ മാര്‍ക്കീ താരമായാണ് യുവരാജിനെ തിരഞ്ഞെടുത്തിരിക്കുന്നത്. ഇനി ബിസിസിഐ അനുമതിയുടെ കാര്യത്തില്‍ ഔദ്യോഗിക അറിയിപ്പ് വരാനാണ് ബാക്കിയിരിക്കുന്നത്.

പുതിയ സീസണില്‍ ഒട്ടനവധി സൂപ്പര്‍ താരങ്ങളെയാണ് പ്ലേയര്‍ ഡ്രാഫ്ടില്‍ ടീമുകള്‍ സ്വന്തമാക്കിയത്. ഇതില്‍ പുതുതായി ലീഗിലേക്ക് എത്തുന്ന ഫ്രാഞ്ചൈസിയായ ബ്രാംപ്ടണ്‍ വൂള്‍വ്സ് ബംഗ്ലാദേശിന്റെ ഓള്‍റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസനെ സ്വന്തമാക്കി. ഇന്ന് പ്ലേയര്‍ ഡ്രാഫ്ടിനൊപ്പം ടീമുകളുടെ ജഴ്സി പുറത്തിറക്കലും നടന്നിരുന്നു.

ക്രിസ് ഗെയില്‍, ജെപി ഡുമിനി, കെയിന്‍ വില്യംസണ്‍, ബ്രണ്ടന്‍ മക്കല്ലം, ക്രിസ് ലിന്‍, ജോര്‍ജ്ജ് ബെയിലി, ഡാരെന്‍ സാമി, ഡ്വെയിന്‍ ബ്രാവോ, ആന്‍ഡ്രേ റസ്സല്‍, ഷൊയ്ബ് മാലിക്, ഫാഫ് ഡു പ്ലെസി, കീറണ്‍ പൊള്ളാര്‍ഡ്, തിസാര പെരേര, സുനില്‍ നരൈന്‍, കോളിന്‍ മണ്‍റോ, ബെന്‍ കട്ടിംഗ് എന്നിവരും ഉള്‍പ്പെടുന്നു

ബിസിസിഐയോട് വിദേശ ലീഗില്‍ കളിക്കുവാന്‍ യുവരാജ് അനുമതി തേടി

അന്താരാഷട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് ഒരാഴ്ചയ്ക്കകം തന്നെ വിദേശ ടി20 ലീഗില്‍ കളിയ്ക്കുവാനുള്ള അനുമതി തേടി ബിസിസിഐയെ സമീപിച്ച് യുവരാജ് സിംഗ്. താരം വിരമിക്കല്‍ തീരുമാനം അറിയിക്കുന്ന സമയത്ത് തന്നെ തന്റെ ഇനിയുള്ള ലക്ഷ്യം ഇത്തരം ലീഗുകളില്‍ പങ്കെടുക്കുകയെന്നതാണെന്ന് അറിയിച്ചിരുന്നു. ഇപ്പോള്‍ ബിസിസിഐയെ ഇതിനു വേണ്ടി താരം സമീപിച്ചുവെന്നാണ് ലഭിയ്ക്കുന്ന റിപ്പോര്‍ട്ടുകള്‍.

ടി20 ക്രിക്കറ്റ് തനിയ്ക്ക് ഇനിയും കളിയ്ക്കണമെന്നും ഐപിഎല്‍ പോലുള്ള വലിയ ടൂര്‍ണ്ണമെന്റിന്റെ സമ്മര്‍ദ്ദമില്ലാതെ വിദേശ ടി20 ലീഗില്‍ കളിയ്ക്കുകയാണ് തന്റെ ലക്ഷ്യമെന്നും യുവരാജ് റിട്ടയര്‍മെന്റ് സമയത്ത് പറഞ്ഞിരുന്നു. ബിസിസിഐ മുമ്പ് വീരേന്ദര്‍ സേവാഗ്, സഹീര്‍ ഖാന്‍ എന്നീ താരങ്ങളെ ടി10 ലീഗില്‍ കളിയ്ക്കുവാന്‍ അനുമതി നല്‍കിയിരുന്നു. ഇരുവരും അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും ഫസ്റ്റ്-ക്ലാസ് ക്രിക്കറ്റില്‍ നിന്നും വിരമിച്ച ശേഷമായിരുന്നു ഈ തീരൂമാനം.

എന്നാല്‍ ബിസിസിഐ അടുത്തിടെ ഹോങ്കോംഗ് ടി20 ലീഗില്‍ യൂസഫ് പത്താന് നല്‍കിയ എന്‍ഒസി പിന്‍വലിച്ചിരുന്നു. അതേ സമയം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ സജീവമായിരിക്കെ ഇര്‍ഫാന്‍ പത്താന് പ്ലേയര്‍ ഡ്രാഫ്ടില്‍ ഉള്‍പ്പെടുവാനുള്ള അവസരം ബിസിസിഐ നല്‍കുകയും ചെയ്തിരുന്നു.

യുവരാജ് സിങ് മികച്ച വിടവാങ്ങൽ അർഹിച്ചിരുന്നെന്ന് കപിൽ ദേവ്

യുവരാജ് സിങ് ഇതിലും മികച്ച വിടവാങ്ങൽ അർഹിച്ചിരുന്നെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റനും ലോകകപ്പ് ജേതാവുകൂടിയായ കപിൽദേവ്. കഴിഞ്ഞ ദിവസമാണ് യുവരാജ് സിങ് ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. 17 വർഷത്തെ ക്രിക്കറ്റ് ജീവിതത്തിനാണ് യുവരാജ് അവസാനം കുറിച്ചത്. 2011 ലോകകപ്പിൽ ഇന്ത്യയുടെ ഹീറോയായ യുവരാജിന് നല്ലൊരു വിടവാങ്ങൽ നൽകാത്തതിനെതിരെ പല മുൻ താരങ്ങളും രംഗത്തെത്തിയിരുന്നു.

യുവരാജിനെ പോലെ ഒരു താരത്തിന് ഗ്രൗണ്ടിലാണ് വിടവാങ്ങൽ ലഭിക്കേണ്ടതെന്നും അത് ഒരു വാക്കിൽ പറയേണ്ടതില്ലെന്നും കപിൽ ദേവ് പറഞ്ഞു.  തന്റെ ഓൾ ടൈം ക്രിക്കറ്റ് താരങ്ങളുടെ പട്ടികയിൽ യുവരാജിന് സ്ഥാനം ഉണ്ടെന്നും കപിൽ ദേവ് പറഞ്ഞു. ക്രിക്കറ്റ് രംഗത്ത് യുവരാജ് നേടിയതിനേക്കാൾ നേട്ടങ്ങൾ ജീവിതത്തിൽ യുവരാജിന് ലഭിക്കട്ടെയെന്നും കപിൽദേവ് ആശംസിച്ചു. ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസങ്ങളായ സെവാഗ്, രാഹുൽ ദ്രാവിഡ്, ലക്ഷ്മൺ, ഗൗതം ഗംഭീർ എന്നിവർക്കും വിടവാങ്ങൽ മത്സരം ലഭിച്ചിരുന്നില്ല.

തന്റെ ഇഷ്ട്ട ക്യാപ്റ്റന്റെയും പരിശീലകന്റെയും പേര് വെളിപ്പെടുത്തി യുവരാജ് സിങ്

മുൻ ഇന്ത്യൻ ക്യാപ്റ്റനായിരുന്ന സൗരവ് ഗാംഗുലിയാണ് തന്റെ ക്യാപ്റ്റന്മാരിൽ ഏറ്റവും ഇഷ്ട്ടപെട്ട ക്യാപ്റ്റൻ എന്ന് കഴിഞ്ഞ ദിവസം സജീവ ക്രിക്കറ്റിൽ നിന്ന് വിരമിച്ച യുവരാജ് സിങ്. പരിശീലകരിൽ ഇന്ത്യയെ ലോകകപ്പ് വിജയത്തിലേക്ക് എത്തിച്ച ഗാരി കിർസ്റ്റൻ ആണ് മികച്ച പരിശീലകൻ എന്നും യുവരാജ് പറഞ്ഞു.

2000ൽ സൗരവ് ഗാംഗുലി ക്യാപ്റ്റനായിരിക്കുന്ന സമയത്താണ് യുവരാജ് സിങ് ഇന്ത്യക്ക് വേണ്ടി അരങ്ങേറ്റം നടത്തിയത്. തന്റെ ആദ്യ കാലത്ത് സൗരവ് ഗാംഗുലി തന്നെ ഒരുപാട് സഹായിച്ചിട്ടുണ്ടെന്നും യുവരാജ് പറഞ്ഞു. താൻ യുവ താരമായി ടീമിലെത്തിയ സമയത്ത് ഗാംഗുലി തന്നിൽ അർപ്പിച്ച വിശ്വാസത്തെ കുറിച്ചും വിടവാങ്ങൽ സമയത്ത് യുവരാജ് ഓർത്തു. താന്നെ പരിശീലിപ്പിച്ച കോച്ചുകളിൽ ഏറ്റവും മികച്ച കോച്ച് ആയിരുന്നു ഗാരി കിർസ്റ്റൻ എന്നും യുവരാജ് പറഞ്ഞു.

പ്രതിസന്ധി ഘട്ടങ്ങങ്ങൾ ശാന്തമായി കൈകാര്യം ചെയ്ത മഹേന്ദ്ര സിങ് ധോണിയുടെ ക്യാപ്റ്റൻസിയെയും യുവരാജ് പ്രകീർത്തിച്ചു. ഇന്ത്യക്ക് വേണ്ടി യുവരാജ് 304 ഏകദിന മത്സരങ്ങളും 40 ടെസ്റ്റ് മത്സരങ്ങളും 58 ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്.

അടുത്ത വര്‍ഷം മുതല്‍ ഐപിഎലിലും താനില്ലെന്ന് അറിയിച്ച് യുവി

അന്താരാഷ്ട്ര ക്രിക്കറ്റില്‍ മാത്രമല്ല ബിസിസിഐ ഇവന്റുകളില്‍ നിന്നും താന്‍ വിരമിക്കുകയാണെന്നാണ് യുവരാജ് സിംഗ് തന്റെ വിരമിക്കല്‍ തീരുമാനത്തില്‍ വ്യക്തമാക്കിയത്. 2019 ഐപിഎല്‍ ആണ് തന്റെ അവസാന ഐപിഎല്‍ എന്നും ഇനി താന്‍ ഐപിഎലിലും ഉണ്ടാകില്ലെന്ന് യുവരാജ് സിംഗ് അറിയിച്ചു. പകരം താന്‍ വിദേശത്തെ ടി20 ലീഗുകളില്‍ കളിയ്ക്കുവാനുള്ള അവസരം തേടുമെന്ന് യുവരാജ് സിംഗ് അറിയിച്ചു.

2019 ഐപിഎലില്‍ തനിക്ക് അധികം മത്സരം കളിയ്ക്കുവാന്‍ സാധിച്ചിരുന്നുവെങ്കില്‍ എന്ന് താന്‍ സത്യസന്ധമായി ആഗ്രഹിച്ചിരുന്നുവെന്ന് യുവരാജ് പറഞ്ഞു. ഈ വര്‍ഷത്തെ ഐപിഎലില്‍ തന്റെ മികവ് പുറത്തെടുക്കുകയായിരുന്നു തന്റെ ലക്ഷ്യം, എന്നാല്‍ തനിക്ക് നാല് മത്സരങ്ങളില്‍ മാത്രമാണ് അവസരം ലഭിച്ചത്, അതില്‍ തന്നെ 98 റണ്‍സ് മാത്രമേ നേടുവാനും ആയുള്ളു.

നേരത്തെ തന്നെ താന്‍ ഇത് തന്റെ അവസാന ഐപിഎല്‍ ആണെന്നും ഇതില്‍ മികച്ച പ്രകടനം അവസരം ലഭിച്ചാല്‍ പുറത്തെടുക്കണമെന്നും ചിന്തിച്ചിരുന്നതാണ് പക്ഷേ അത് നടന്നില്ലെന്നും യുവരാജ് പറഞ്ഞു. ബിസിസിഐയുടെ അനുമതിയോടെ വിദേശ രാജ്യങ്ങളില്‍ ടി20 ലീഗുകളില്‍ പങ്കെടുക്കുവാന്‍ താന്‍ ആഗ്രഹിക്കുന്നുണ്ടെന്ന് യുവരാജ് വ്യക്തമാക്കി.

Exit mobile version