ഭാവിയില്‍ തന്റെ വേഗതയാര്‍ന്ന അന്താരാഷ്ട്ര ടി20 അര്‍ദ്ധ ശതകമെന്ന റെക്കോര്‍ഡ് ഭേദിക്കുക കെഎല്‍ രാഹുലോ ഹാര്‍ദ്ദിക് പാണ്ഡ്യയോ ആയിരിക്കുമെന്ന് യുവരാജ് സിംഗ്

2007 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ 12 പന്തില്‍ നിന്നാണ് യുവരാജ് സിംഗ് തന്റെ അര്‍ദ്ധ ശതകം തികച്ചത്. സ്റ്റുവര്‍ട് ബ്രോഡിനെതിരെ നേടിയ ആറ് സിക്സുകള്‍ അടക്കമാണ് അന്ന് യുവരാജ് സംഹാര താണ്ഡവമായത്. അത് അന്താരാഷ്ട്ര ടി20യിലെ ഏറ്റവും വേഗതയാര്‍ന്ന അര്‍ദ്ധ ശതകമായിരുന്നു. തന്റെ ഈ റെക്കോര്‍ഡ് ആര് ഭേദിക്കുമെന്ന് പറഞ്ഞിരിക്കുകയാണ് യുവരാജ് സിംഗ് ഇപ്പോള്‍.

ഇന്ത്യന്‍ താരങ്ങളായ ഹാര്‍ദ്ദിക് പാണ്ഡ്യയോ കെഎല്‍ രാഹുലോ ആവും തന്റെ ഈ റെക്കോര്‍ഡ് ഭേദിക്കുവാന്‍ ഏറ്റവും സാധ്യത ഉള്ളവരായി താന്‍ കാണുന്നതെന്ന് യുവരാജ് സിംഗ് പറഞ്ഞു. ഇരു താരങ്ങളും അതിവേഗം സ്കോര്‍ ചെയ്യുവാന്‍ മിടുക്കന്മാരായവര്‍ ആണ്. കെഎല്‍ രാഹുല്‍ ഐപിഎലില്‍ 14 പന്തില്‍ നിന്ന് അര്‍ദ്ധ ശതകം നേടിയ താരമാണ്. അതിനാല്‍ തന്നെ ഇവരിലാരെങ്കിലുമാകും തന്റെ റെക്കോര്‍ഡ് ഭേദിക്കുക എന്ന് യുവരാജ് അഭിപ്രായപ്പെട്ടു.

പലരും യുവരാജിനെ പിന്നില്‍ നിന്ന് കുത്തിയിട്ടുണ്ട് – യോഗ്‍രാജ് സിംഗ്

2019 ലോകകപ്പിനിടെയാണ് യുവരാജ് സിംഗ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചത്. അതിന് ശേഷം പല വെളിപ്പെടുത്തലുകള്‍ നടത്തിയ താരം തനിക്ക് ധോണിയില്‍ നിന്നോ കോഹ്‍ലിയില്‍ നിന്നോ അല്ല പകരം സൗരവ് ഗാംഗുലിയില്‍ നിന്നാണ് ക്യാപ്റ്റനെന്ന നിലയില്‍ ഏറ്റവും അധികം പിന്തുണ ലഭിച്ചതെന്നാണ് പറഞ്ഞത്. ഇപ്പോള്‍ മുമ്പ് പലതവണ ധോണിയെ ലക്ഷ്യം വെച്ച് പല കമന്റുകളും പറയുന്ന യുവരാജിന്റെ പിതാവ് യോഗ്‍രാജ് സിംഗ് ഇപ്പോള്‍ ഇത് ഏറ്റ് പിടിച്ചിരിക്കുകയാണ്.

ഇന്ത്യന്‍ ടീമില്‍ യുവരാജിന്റെ അവസാന കാലത്ത് സ്ഥാനം നല്‍കാതിരുന്നത് ധോണിയുടെ ഇടപെടല്‍ മൂലമാണെന്ന് മുമ്പ് യോഗ്‍രാജ് ആരോപിച്ചിട്ടുണ്ട്. ഇപ്പോള്‍ ധോണിയെയും വിരാട് കോഹ്‍ലിയെയും നേരിട്ടല്ലാതെയാണ് യോഗ്‍രാജ് ലക്ഷ്യം വെച്ചിരിക്കുന്നത്. ധോണിയ്ക്കും കോഹ്‍ലിയ്ക്കുമൊപ്പം സെലക്ടര്‍മാരും യുവരാജിന് ഒരു യാത്രയയപ്പ് മത്സരം നല്‍കാതെ ചതിയ്ക്കുകയായിരുന്നുവെന്നാണ് യോഗ്‍രാജ് ആരോപിക്കുന്നത്.

ധോണിയോ കോഹ്‍ലിയോ രോഹിത്തോ റിട്ടയര്‍ ചെയ്യുകയാണെങ്കില്‍ താന്‍ ബോര്‍ഡിനോട് അവര്‍ക്ക് യാത്രയയപ്പ് മത്സരം നല്‍കണമെന്ന് ആവശ്യപ്പെടും. ഇന്ത്യയ്ക്കായി വലിയ കാര്യങ്ങള്‍ ക്രിക്കറ്റില്‍ ചെയ്തിട്ടുള്ള താരങ്ങള്‍ക്കെല്ലാം ആ അവസരം നല്‍കണം. പക്ഷേ യുവരാജിനെ പലരും പിന്നില്‍ നിന്ന് കുത്തിയിട്ടുണ്ടെന്നും അത് വേദനിക്കുന്നുവെന്നും യോഗ്‍രാജ് വെളിപ്പെടുത്തി.

ഇന്ത്യന്‍ സെലക്ടര്‍മാരില്‍ ശരണ്‍ദീപ് സിംഗ് ആണ് യുവരാജിനെ ടീമില്‍ നിന്ന് പുറത്താക്കുവാന്‍ ഏറ്റവും അധികം തവണ ആവശ്യപ്പെട്ടിട്ടുള്ളതെന്നും ക്രിക്കറ്റിന്റെ ആദ്യാക്ഷരങ്ങള്‍ പോലും അറിയാത്തവരെ സെലക്ടര്‍മാരായി തിരഞ്ഞെടുക്കുന്ന ബിസിസിഐയെയാണ് ഈ കാര്യത്തില്‍ കുറ്റപ്പെടുത്തേണ്ടതെന്നും ഇവരില്‍ നിന്ന് എന്താണ് ബോര്‍ഡ് പ്രതീക്ഷിക്കുന്നതെന്നും അറിയില്ലെന്നും യോഗ്‍രാജ് പറഞ്ഞു.

പന്തിന്റെ കളി കാണുമ്പോള്‍ തനിക്ക് യുവരാജിനെയും സേവാഗിനെയും ഓര്‍മ്മ വരുന്നു

ഋഷഭ് പന്ത് കളിക്കുന്നത് കാണുമ്പോള്‍ തനിക്ക് യുവരാജ് സിംഗിനെയും വിരേന്ദര്‍ സേവാഗിനെയും ഓര്‍മ്മ വരുന്നുവെന്ന് പറഞ്ഞ് സുരേഷ് റെയ്‍ന. താരം ആധിപത്യം ഉറപ്പിച്ച് കഴിഞ്ഞാല്‍ യുവരാജും സേവാഗുമെല്ലാം ഗ്രൗണ്ടില്‍ സൃഷ്ടിക്കുന്ന പ്രഭാവമാണെ് ഉണ്ടാകുന്നതെന്ന് റെയ്ന പറഞ്ഞു. അത് പോലെ തന്നെ ദ്രാവിഡിന്റെ ഫ്ലിക്ക് പോലെയാണ് പന്തിന്റെ ഫ്ലിക്കെന്നും റെയ്‍ന വ്യക്തമാക്കി.

പന്ത് മികച്ച ഫോമിലുള്ളപ്പോള്‍ പിടിച്ച് കെട്ടുവാന്‍ പാടുള്ള താരമാണെന്ന് പല മുന്‍ ഇന്ത്യന്‍ മഹാരഥന്മാരെയും താരം ഓര്‍മ്മപ്പെടുത്തുന്നുവെന്ന് റെയ്‍ന വ്യക്തമാക്കി. പന്തിനെ ധോണിയുടെ പകരക്കാരനായാണ് വിലയിരുത്തപ്പെടുന്നതെങ്കിലും ഇപ്പോള്‍ കീപ്പിംഗ് ദൗത്യം കെഎല്‍ രാഹുലിനെയാണ് ടീം മാനേജ്മെന്റ് ഏല്പിച്ചിരിക്കുന്നത്.

മൂന്ന് വര്‍ഷം മുമ്പ് ഞാന്‍ പ്രവചിച്ചത് പോലെ ജസ്പ്രീത് ബുംറ ഒന്നാം നമ്പര്‍ ബൗളറായി – യുവരാജ് സിംഗ്

റിട്ടയര്‍ ചെയ്യുന്നതിന് മുമ്പ് ജസ്പ്രീത് ബുംറയോടൊപ്പം തനിക്ക് തന്റെ കരിയറിന്റെ അവസാന കാലത്ത് കളിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെന്നും അത് സാധിച്ച ശേഷം റിട്ടയര്‍മെന്റ് ആകാമെന്ന് താന്‍ ചിന്തിച്ചിരുന്നുവെന്നും പറഞ്ഞ് യുവരാജ് സിംഗ്. പക്ഷേ 2018ല്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിന് വേണ്ടി കളിക്കുമ്പോള്‍ ആന്‍ഡ്രേ ടൈ തന്നെ യുവി പാ എന്ന് വിളിച്ചപ്പോളാണ് താന്‍ ശരിക്കും റിട്ടയര്‍ ചെയ്യണമെന്ന തോന്നിപ്പോയതെന്ന് പറഞ്ഞ് യുവരാജ് സിംഗ്.

ജസ്പ്രീത് ബുംറയുടെയൊപ്പം ഇന്‍സ്റ്റാഗ്രാം ലൈവ് ചര്‍ച്ചയിലാണ് യുവരാജ് രസകരമായ ഈ കാര്യം പങ്കുവെച്ചത്. അത് പോലെ തന്നെ ബുംറയുടെ ബൗളിംഗ് ആദ്യമായി ശ്രദ്ധയില്‍ പെട്ടപ്പോള്‍ തന്നെ താന്‍ ബുംറ ലോക ഒന്നാംം നമ്പര്‍ ബൗളറാകുമെന്ന് പ്രവചിച്ചിരുന്നുവെന്നും യുവരാജ് സിംഗ് പറഞ്ഞു.

മൂന്ന് വര്‍ഷം മുമ്പാണ് താന്‍ ഈ പ്രവചനം നടത്തിയതെന്നും ബുംറയോട് യുവരാജ് സിംഗ് വെളിപ്പെടുത്തി. 2007 ടി20 ലോകകപ്പും 2011 ഏകദിന ലോകകപ്പും നേടിയ യുവരാജ് കാന്‍സറിനെതിരെയുള്ള പോരാട്ടത്തിന് ശേഷം കളിക്കളത്തിലേക്ക് മടങ്ങിയെത്തിയ ശേഷം ഇന്ത്യന്‍ ടീമില്‍ സജീവ സാന്നിദ്ധ്യമാകുവാന്‍ സാധിക്കാതെ 2019ല്‍ ഇന്ത്യന്‍ ടീം ലോകകപ്പ് കളിക്കുന്നതിനിടെയാണ് തന്റെ അപ്രതീക്ഷിതമായ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നുള്ള വിരമിക്കല്‍ തീരുമാനം പുറത്ത് വിട്ടത്.

ഐ.പി.എല്ലിലെ പ്രകടനമല്ല തന്നെ ഇന്ത്യൻ ടീമിൽ എത്തിച്ചതെന്ന് ബുംറ

ഇന്ത്യൻ പ്രീമിയർ ലീഗിൽ താൻ നടത്തിയ പ്രകടനങ്ങൾ അല്ല തന്നെ ഇന്ത്യൻ ടീമിൽ എത്തിച്ചതെന്ന് ഇന്ത്യൻ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറ. മറിച്ച് പ്രാദേശിക ക്രിക്കറ്റിൽ താൻ നടത്തിയ പ്രകടനങ്ങളാണ് തനിക്ക് ഇന്ത്യൻ ടീമിൽ അവസരം നൽകിയതെന്നും ബുംറ പറഞ്ഞു. ഐ.പി.എല്ലിൽ കൂടിയാണ് താൻ ഇന്ത്യൻ ടീമിൽ എത്തിയെന്നത് എന്നത് കെട്ടുകഥയാണെന്നും അതിൽ യാഥാർഥ്യം ഇല്ലെന്നും ബുംറ പറഞ്ഞു. ഇൻസ്റ്റാഗ്രാമിൽ മുൻ ഇന്ത്യൻ ഓൾ റൗണ്ടർ യുവരാജ് സിംഗുമായുള്ള ലൈവ് ചാറ്റിനിടെയാണ് തന്റെ ഇന്ത്യൻ ടീമിലെ അരങ്ങേറ്റത്തെ കുറിച്ച് ബുംറ പ്രതികരിച്ചത്.

2013 ഇന്ത്യൻ പ്രീമിയർ ലീഗ് ടീമായ മുംബൈ ഇന്ത്യൻസിൻലൂടെയാണ് ബുംറയെ ക്രിക്കറ്റ് ലോകം അറിയുന്നത്. വ്യത്യസ്തമായ ബൗളിംഗ് ആക്ഷൻ കൊണ്ട് ശ്രദ്ധിക്കപ്പെട്ട ബുംറ അരങ്ങേറ്റ മത്സരത്തിൽ തന്നെ മൂന്ന് വിക്കറ്റ് നേടുകയും ചെയ്തിരുന്നു. 2013, 2014, 2015 സീസണുകളിൽ താൻ മുംബൈ ഇന്ത്യൻസിന് വേണ്ടി കുറച്ചു മത്സരങ്ങൾ മാത്രമാണ് കളിച്ചതെന്നും വിജയ് ഹസാരെ ട്രോഫിയിലും പ്രാദേശിക ടൂർണമെന്റിലും പുറത്തെടുത്ത മികച്ച പ്രകടനങ്ങളാണ് തനിക്ക് 2016ൽ ഇന്ത്യൻ ടീമിൽ അവസരം ലഭിക്കാൻ കാരണമായതെന്നും ബുംറ പറഞ്ഞു. 2016ൽ ഇന്ത്യക്ക് വേണ്ടി ടി20യിലും ഏകദിനത്തിലും അരങ്ങേറ്റം നടത്തിയ ബുംറ 2018ലാണ് ഇന്ത്യക്ക് വേണ്ടി ടെസ്റ്റിൽ അരങ്ങേറ്റം നടത്തുന്നത്.

എന്റെ മകന്റെ കരിയര്‍ ഏകദേശം നീ അവസാനിപ്പിച്ചു – ആറ് സിക്സുകള്‍ക്ക് ശേഷം സ്റ്റുവര്‍ട് ബ്രോഡിന്റെ അച്ഛന്‍ തന്നോട് പറഞ്ഞത് ഇതെന്ന് യുവരാജ് സിംഗ്

2007ലെ ഉദ്ഘാടന ടി20 ടൂര്‍ണ്ണമെന്റില്‍ ഇന്ത്യ കിരീടം നേടുമ്പോള്‍ അവയില്‍ ഓര്‍ത്തെടുക്കാനാകുന്ന പ്രകടനം ഇംഗ്ലണ്ടിനെതിരെ യുവരാജ് സിംഗ് നേടിയ ഒരോവറിലെ ആറ് സിക്സുകളാണ്. സ്റ്റുവര്‍ട് ബ്രോഡിനെതിരെ യുവരാജ് അന്ന് നേടിയ സിക്സുകളുടെ കാരണമായത് ആന്‍ഡ്രു ഫ്ലിന്റോഫുമായി ഉണ്ടായ ഗ്രൗണ്ടിലെ ഉരസലായിരുന്നു.

ആ ഓവറിന് തൊട്ടുമുമ്പാണ് ഫ്ലിന്റോഫും യുവരാജ് സിംഗും കോര്‍ത്തത്. പണി കിട്ടിയത് ബ്രോഡിനും. അന്ന് സ്റ്റുവര്‍ട് ബ്രോഡിന്റെ കരിയര്‍ ആരംഭിച്ച സമയമായിരുന്നു. ടൂര്‍ണ്ണമെന്റിലെ മാച്ച് റഫറി കൂടിയായ ക്രിസ് ബ്രോഡ് പിറ്റേ ദിവസം തന്നെ കണ്ട് മകനായ സ്റ്റുവര്‍ട് ബ്രോഡിന് വേണ്ടി തന്റെ ഒപ്പുള്ള ജഴ്സി വാങ്ങുവാന്‍ എത്തിയിരുന്നുവെന്ന് യുവരാജ് പറഞ്ഞു.

അദ്ദേഹം അന്ന് പറഞ്ഞത് തന്റെ മകന്റെ കരിയര്‍ ഏകദേശം യുവരാജ് സിംഗ് അവസാനിപ്പിച്ചുവെന്നും അതിനാല്‍ തന്നെ ജഴ്സി ഒപ്പിട്ട് നല്‍കണമെന്നുമായിരുന്നുവെന്ന് യുവരാജ് സിംഗ് ഓര്‍ത്തെടുത്ത് പറഞ്ഞു. അതിനാല്‍ തന്നെ ജഴ്സിയില്‍ ഒപ്പിട്ട് താന്‍ ഇപ്രകാരം കുറിച്ച് – “എന്നെ ഒരോവറില്‍ അഞ്ച് സിക്സുകള്‍ അടിച്ചിട്ടുണ്ട്, അതിനാല്‍ തന്നെ അതെങ്ങനെയെന്ന് എനിക്കറിയാം, ഇംഗ്ലണ്ട് ടീമിലേക്ക് എല്ലാ വിധ ഭാവുകളങ്ങും നേരുന്നു”

സ്റ്റുവര്‍ട് ബ്രോഡ് ആ സംഭവത്തില്‍ നിന്ന് ഉയര്‍ത്തെഴുന്നേറ്റുവെന്നും ഇന്ന് ലോകത്തിലെ മികച്ച ബൗളര്‍മാരില്‍ ഒരാളായി മാറിയെന്നും യുവരാജ് സിംഗ് പറഞ്ഞു. ഇന്ത്യയിലെ ഒരു ബൗളര്‍ ആണെങ്കില്‍ ഇത്തരത്തില്‍ ആറ് സിക്സ് ഒരോവറില്‍ വഴങ്ങിയ ശേഷം തകര്‍ന്ന് പോയേക്കാമെന്നും ബ്രോഡ് മികച്ച തിരിച്ചുവരവാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നേടിയതെന്നും യുവി പറഞ്ഞു.

കോവിഡ്-19 പൂർണ്ണമായും ഇല്ലാതാക്കിയതിന് ശേഷം ക്രിക്കറ്റ് മതിയെന്ന് യുവരാജ് സിംഗ്

കോവിഡ്-19 പൂർണ്ണമായും ഇല്ലാതാക്കിയതിന് ശേഷം ക്രിക്കറ്റ് മത്സരങ്ങൾ നടത്തിയാൽ മതിയെന്ന് മുൻ ഇന്ത്യൻ താരം യുവരാജ് സിംഗ്. താരങ്ങളുടെ ആരോഗ്യവും സുരക്ഷക്കും ആയിരിക്കണം ക്രിക്കറ്റ് സംഘടകർ പ്രാമുഖ്യം നൽകേണ്ടതെന്നും യുവരാജ് സിംഗ് പറഞ്ഞു. ആദ്യം ഞമ്മൾ നമ്മുടെ രാജ്യത്തെ കൊറോണ വൈറസിൽ നിന്ന് പ്രധിരോധിക്കണമെന്നും ബി.ബി.സി പോഡ്‌കാസ്റ്റിൽ യുവരാജ് സിംഗ് പറഞ്ഞു. കൊറോണ വൈറസ് പൂർണമായും മാറിയില്ലെങ്കിൽ കളിക്കാൻ ഇറങ്ങുന്ന താരങ്ങൾക്ക് ഗ്രൗണ്ടിൽ ഇറങ്ങാനും ഡ്രസിങ് റൂമിൽ പോവാനും പേടിയുണ്ടാവുമെന്നും യുവരാജ് സിംഗ് പറഞ്ഞു.

താരങ്ങൾ തങ്ങളുടെ രാജ്യത്തിന് വേണ്ടി കളിക്കുമ്പോൾ ഒരുപാട് സമർദ്ദങ്ങൾക്കിടയിലാണ് കളിക്കുന്നതെന്നും അതിനിടയിൽ കൊറോണ വൈറസിന്റെ പേടി കൂടി താരങ്ങൾക്ക് ഉണ്ടാവേണ്ടതില്ലെന്നും 2011 ലോകകപ്പിലെ ഹീറോ പറഞ്ഞു. മത്സരത്തിനിടെ ഗ്ലൗസ് ഇടുമ്പോഴും വിയർക്കുമ്പോഴും മത്സരത്തിനിടെ ആരെങ്കിലും പഴം നൽകുന്ന സമയത്തും നിങ്ങൾ കൊറോണ വൈറസിനെ കുറിച്ച് ആലോചിക്കുമെന്നും അത് കൊണ്ട് ഇത്തരം കാര്യങ്ങൾ മനസ്സിൽ വരുന്നത് മാറിയതിന് ശേഷം ക്രിക്കറ്റ് പുനരാരംഭിച്ചാൽ മതിയെന്നും യുവരാജ് സിംഗ് പറഞ്ഞു.

പാകിസ്ഥാനെതിരെ ജയിക്കുമെന്ന് ഉറപ്പായിരുന്നുവെന്ന് യുവരാജ് സിംഗ്

2011 ലോകകപ്പ് സെമി ഫൈനലിൽ പാകിസ്ഥാനെതിരെ ഇന്ത്യ ജയിക്കുമെന്ന് ഉറപ്പായിരുന്നുവെന്ന് മുൻ ഇന്ത്യൻ താരം യുവരാജ് സിംഗ്. മൊഹാലിയിൽ നടന്ന സെമി ഫൈനൽ പോരാട്ടത്തിൽ ഇന്ത്യ പാകിസ്ഥാനെ 29 റൺസ് തോൽപ്പിച്ച് ഫൈനൽ ഉറപ്പിച്ചിരുന്നു. അന്ന് പാകിസ്ഥാനെതിരെ ഇന്ത്യ ജയം മുൻപിൽ കണ്ടിരുന്നുവെന്നും അന്ന് സച്ചിൻ ടെണ്ടുൽക്കർ പാകിസ്ഥാൻ താരങ്ങൾ 4 തവണ പുറത്താക്കുന്നതിൽ രക്ഷപെടുകയും ചെയ്‌തെന്നും യുവരാജ് സിംഗ് പറഞ്ഞു. അന്ന് സച്ചിൻ 85 പന്തിൽ 87 റൺസ് എടുത്ത് ഇന്ത്യയുടെ വിജയത്തിന് ചുക്കാൻ പിടിച്ചിരുന്നു.

കൂടാതെ തന്റെ ഹോം ഗ്രൗണ്ടായ മൊഹാലിയിലെ ഗ്രൗണ്ട് തനിക്ക് ഭാഗ്യമില്ലാത്തത് ആണെന്നും യുവരാജ് സിംഗ് പറഞ്ഞു. അന്ന് മൊഹാലിയിൽ പാകിസ്ഥാനെതിരെ കളിച്ചപ്പോൾ താൻ ആദ്യ പന്തിൽ തന്നെ പുറത്തായെന്നും യുവരാജ് സിംഗ് പറഞ്ഞു. താൻ മൊഹാലിയിലെ ഹോം ഗ്രൗണ്ടിൽ തന്നെയാണ് ടെസ്റ്റിൽ അരങ്ങേറ്റം നടത്തിയതെന്നും തന്റെ കാൽമുട്ടും കൈക്കും പൊട്ടലേറ്റതും ഈ ഗ്രൗണ്ടിൽ വെച്ച് തന്നെയാണെന്നും യുവരാജ് സിംഗ് പറഞ്ഞു.

നാറ്റ്‍വെസ്റ്റിലേത് കൈഫിന്റെ ഏറ്റവും മികച്ച ഇന്നിംഗ്സ്, തന്റെയും മികച്ച ഇന്നിംഗ്സുകളില്‍ ഒന്നെന്ന് യുവരാജ്

നാറ്റ്‍വെസ്റ്റില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത് നിര്‍ണ്ണായമായ ആറാം വിക്കറ്റ് കൂട്ടുകെട്ടില്‍ 121 റണ്‍സ് നേടിയ യുവരാജ് സിംഗിന്റെയും കൈഫിന്റെയും പ്രകടനമാണ്. വിജയത്തിനിടെ യുവരാജ് സിംഗ് 69 റണ്‍സ് നേടി പുറത്തായെങ്കിലും കൈഫ് 87 റണ്‍സുമായി പുറത്താകാതെ നിന്നാണ് ഇന്ത്യയുടെ വിജയമൊരുക്കിയത്.

താനും കൈഫും അണ്ടര്‍ 19 ക്രിക്കറ്റില്‍ ഒരുമിച്ച് കളിച്ചതിനാല്‍ ബാറ്റിംഗും വിക്കറ്റിനിടയിലെ ഓട്ടവും മികച്ചതായിരുന്നുവെന്ന് യുവരാജ് വ്യക്തമാക്കി. രാഹുല്‍ ദ്രാവിഡിന്റെ വിക്കറ്റ് നഷ്ടമായി 132/4 എന്ന നിലയില്‍ നില്‍ക്കവെയാണ് യുവരാജ് ക്രീസിലെത്തുന്നത്. അധികം വൈകാതെ ടെണ്ടുല്‍ക്കര്‍ പുറത്തായപ്പോള്‍ ഇന്ത്യ 146/5 എന്ന നിലയില്‍ നില്‍ക്കവെയാണ് കൈഫ് എത്തുന്നത്.

ഈ ഇന്നിംഗ്സ് കൈഫിന്റെ കരിയറിലെ ഏറ്റുവും മികച്ച ഇന്നിംഗ്സാണെന്നും തന്റെയും മികച്ച ഇന്നിംഗ്സുകളില്‍ ഒന്നാണെന്ന് യുവി വ്യക്തമാക്കി. ഞങ്ങള്‍ ഇരുവരും മികച്ച രീതിയിലാണ് അന്ന് ബോള്‍ ടൈം ചെയ്തതെന്നും താനായിരുന്നു കൂട്ടത്തില്‍ കൂടുതല്‍ ആക്രമിച്ച് കളിച്ചതെന്നും യുവി വ്യക്തമാക്കി.

നാറ്റ്‍വെസ്റ്റ് ഫൈനലില്‍ ഞാനും ഷര്‍ട്ട് ഊരിയാഘോഷിച്ചിരുന്നു, പക്ഷേ ആരും ശ്രദ്ധിച്ചില്ല – യുവരാജ് സിംഗ്

നാറ്റ്‍വെസ്റ്റ് വിജയത്തിന് ശേഷം സൗരവ് ഗാംഗുലിയെ പോലെ താനും ഷര്‍ട്ടൂരി ആഘോഷിച്ചിരുന്നുവെങ്കിലും ആരും അത് ശ്രദ്ധിച്ചില്ലെന്ന് പറഞ്ഞ് യുവരാജ് സിംഗ്. ലോര്‍ഡ്സില്‍ 2002ലാണ് ഇന്ത്യയുടെ നാറ്റ്‍വെസ്റ്റ് ഫൈനലിലെ വിജയം. മികച്ച തിരിച്ചുവരവുകളില്‍ ഒന്നില്‍ വിജയം കഴിഞ്ഞ് ലോര്‍ഡ്സിലെ ഗാലറിയില്‍ ഗാംഗുലി ഷര്‍ട്ടൂരി ചുഴറ്റിയത് ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

മത്സരത്തില്‍ നിര്‍ണ്ണായക പ്രകടനം പുറത്തെടുത്ത യുവരാജ് സിംഗും മുഹമ്മദ് കൈഫും ചേര്‍ന്നാണ് ടീമിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. 146/5 എന്ന നിലയില്‍ 24 ഓവറില്‍ ഇന്ത്യ പ്രതിരോധത്തിലായപ്പോളാണ് യുവി-കൈഫ് കൂട്ടുകെട്ട് 121 റണ്‍സുമായി ഇന്ത്യയെ മുന്നോട്ട് നയിച്ചത്. കൈഫ് 87 റണ്‍സുമായി പുറത്താകാതെ ചരിത്ര വിജയത്തിലേക്ക് നയിച്ചപ്പോള്‍ യുവരാജ് 69 റണ്‍സ് നേടി പുറത്താകുകയായിരുന്നു.

കുറച്ച് കൂടി തലയുപയോഗിച്ചിരുന്നുവെങ്കില്‍ തനിക്ക് ശതകം പൂര്‍ത്തിയാക്കാമായിരുന്നുവെന്നാണ് യുവരാജ് പറഞ്ഞത്. 325 റണ്‍സാണ് ഇംഗ്ലണ്ട് നേടിയത്. ഗാംഗുലി 69 റണ്‍സ് നേടിയെങ്കിലും ടോപ് ഓര്‍ഡര്‍ തകര്‍ന്നപ്പോള്‍ ഇന്ത്യ പരുങ്ങലിലായി. വിജയത്തിന് ശേഷം ഗാംഗുലിയെ പോലെ താനും ഷര്‍ട്ടൂരി ആഘോഷിച്ചുവെങ്കിലും ആരും ശ്രദ്ധിച്ചില്ലെന്ന് യുവരാജ് പറഞ്ഞു.

ധോണി ക്യാപ്റ്റനായിരുന്നപ്പോള്‍ ഏറ്റവും പ്രിയം റെയ്‍നയോട്, വളരെ അധികം പിന്തുണ താരത്തിന് ലഭിച്ചു – യുവരാജ് സിംഗ്

എംഎസ് ധോണി ക്യാപ്റ്റനായിരുന്നപ്പോള്‍ ഏറ്റവും അധികം അവസരം നല്‍കിയത് സുരേഷ് റെയ്‍നയ്ക്കായിരുന്നുവെന്ന് പറഞ്ഞ് യുവരാജ് സിംഗ്. താരത്തിനോട് ധോണിയ്ക്ക് ഏറെ പ്രിയമായിരുന്നുവന്നും യുവരാജ് പറഞ്ഞു. 2011 ലോകകപ്പിന് തൊട്ടു മുമ്പ് താനും റെയ്‍നയും രണ്ട് പേരും ഫോം ഔട്ട് ആയി നില്‍ക്കുകയായിരുന്നു. ഞങ്ങള്‍ രണ്ട് പേരും പക്ഷേ സ്ക്വാഡില്‍ ഇടം നേടി.

തനിക്ക് ബൗള്‍ ചെയ്യാനാകുമെന്ന ആനുകൂല്യം ലഭിച്ചപ്പോള്‍ തന്നെ ആദ്യ ഇലവനില്‍ ഇടം പിടിക്കുവാന്‍ സാധിച്ചപ്പോള്‍ റെയ്‍നയ്ക്ക് നാല് മത്സരമാണ് കളിക്കാനായത്, ലീഗ് മത്സരങ്ങളില്‍ ആദ്യ ചോയിസ് അല്ലായിരുന്നു. താനും റെയ്‍നയും മികച്ച ഫോമിലല്ലായിരുന്നു ലോകകപ്പിന് തൊട്ടുമുമ്പ്, എന്നാല്‍ ഒരു ലെഫ്റ്റ് ആം സ്പിന്നറെ വേണമെന്നുള്ളതിനാല്‍ അവര്‍ തനിക്ക് ടീമില്‍ ഇടം നല്‍കി. താന്‍ വിക്കറ്റും എടുക്കുന്നുണ്ടായിരുന്നു, അതിനാല്‍ അവര്‍ക്ക് വേറെ മാര്‍ഗ്ഗമില്ലായിരുന്നു.

ധോണിയുടെ പ്രിയ താരമായിരുന്നു റെയ്ന എന്നതിനാല്‍ തന്നെ യൂസഫ് പത്താനും താനുമെല്ലാം മികച്ച ഫോമില്‍ കളിച്ചിരുന്നപ്പോളും മഹി റെയ്‍നയ്ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കിയിരുന്നുവെന്ന് യുവരാജ് പറഞ്ഞു.

യുവരാജ് സിംഗിനും ഹർഭജൻ സിംഗിനുമെതിരെയുള്ള വിമർശനങ്ങൾ മനുഷ്യത്വ രഹിതമെന്ന് ഷൊഹൈബ് അക്തർ

കൊറോണ വൈറസ് ബാധക്കെതിരെ താൻ നടത്തുന്ന പ്രവർത്തനങ്ങളെ പിന്തുണച്ചതിന്റെ പേരിൽ മുൻ ഇന്ത്യൻ താരങ്ങളായ യുവരാജ് സിംഗിനും ഹർഭജൻ സിംഗിനും നേരെ വിമർശനങ്ങൾ ഉന്നയിക്കുന്നത് മനുഷ്യത്വ രഹിതമാണെന്ന് മുൻ പാകിസ്ഥാൻ താരം ഷൊഹൈബ് അക്തർ. ഇരു താരങ്ങൾക്കുമെതിരെയുള്ള വിമർശനങ്ങൾ മനുഷ്യത്വ രഹിതമാണെന്നും ഇത് ഇപ്പോൾ ഒരു രാജ്യത്തെ കുറിച്ചോ ഒരു മതത്തെ കുറിച്ചോ ഉള്ളതല്ലെന്നും മനുഷ്യത്വത്തെ കുറിച്ചാണെന്നും മുൻ പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ പറഞ്ഞു.

ഷൊഹൈബ് അക്തറിന്റെ പ്രവർത്തനങ്ങളെ പിന്തുണച്ചതിന്റെ പേരിൽ മുൻ ഇന്ത്യൻ താരങ്ങളായ യുവരാജ് സിംഗിനും ഹർഭജൻ സിംഗിനും സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിനെ തുടർന്നാണ് പ്രതികരണവുമായി ഷൊഹൈബ് അക്തർ രംഗത്തെത്തിയത്. ഇന്ത്യക്കാരോട് തനിക്ക് ഒരുപാട് ബഹുമാനം ഉണ്ടെന്നും ഇന്ത്യയിൽ നിന്ന് താൻ ഉണ്ടാക്കിയ പണത്തിന്റെ ഒരു ഭാഗം താൻ ഇന്ത്യയിലെ പാവങ്ങൾക്ക് വേണ്ടി ചിലവഴിച്ചിട്ടുണ്ടെന്നും അക്തർ പറഞ്ഞു.

Exit mobile version