ഹൃദയം തൊട്ട് ഈ കാഴ്ച! ലോക ചാമ്പ്യൻഷിപ്പിൽ വനിത പോൾ വോൾട്ട് സ്വർണം രണ്ടു താരങ്ങൾ പങ്ക് വെച്ചു

ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പ് വനിതകളുടെ പോൾ വോൾട്ട് ഫൈനലിൽ നാടകീയ നിമിഷങ്ങൾ. കഴിഞ്ഞ ഒളിമ്പിക്സ് ഹൈജംപ് ഫൈനലിൽ ഇറ്റാലിയൻ താരം ജിയാന്‍മാര്‍ക്കോ ടംബേരിയും ഖത്തർ താരം മുത്താസ് ഇസ ബാശിമും സ്വർണം പങ്ക് വെച്ചതിന് സമാനമായി പോൾ വോൾട്ടിലും രണ്ടു താരങ്ങൾ സ്വർണം പങ്ക് വെച്ചു. ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പ് ചരിത്രത്തിൽ ഇത് ആദ്യമായി ആണ് ഒരു ഇനത്തിൽ രണ്ട് ലോക ചാമ്പ്യന്മാർ ഉണ്ടാവുന്നത്.

അമേരിക്കയുടെ ഒളിമ്പിക് സ്വർണ മെഡൽ ജേതാവും കഴിഞ്ഞ ലോക ചാമ്പ്യൻഷിപ്പ് സ്വർണ മെഡൽ ജേതാവും ആയ കാറ്റി മൂണും ഓസ്‌ട്രേലിയൻ താരം നിന കെന്നഡിയും ആണ് സ്വർണം പങ്ക് വെച്ചത്. കഴിഞ്ഞ ചാമ്പ്യൻഷിപ്പിലെ മികച്ച ഉയരം ആയ 4.85 മീറ്റർ അനായാസം മറികടന്ന ഇരു താരങ്ങളും തങ്ങളുടെ അവസാനത്തെയും മൂന്നാമത്തെയും ശ്രമത്തിൽ 4.90 മീറ്റർ ഫൈനലിൽ മറികടക്കുക ആയിരുന്നു.

തുടർന്ന് 4.95 മീറ്റർ മറികടക്കാനുള്ള ശ്രമത്തിൽ ഇരുവരും പരാജയപ്പെട്ടതോടെ ഇരുവരും അർഹിച്ച സ്വർണനേട്ടവും ആയി കളം വിടുക ആയിരുന്നു. കഴിഞ്ഞ ചാമ്പ്യൻഷിപ്പിൽ വെങ്കലം നേടിയ കെന്നഡി സ്വർണം നേടി സ്വപ്നം പൂർത്തിയാക്കിയപ്പോൾ രണ്ടാം തവണയും ലോക ചാമ്പ്യൻ ആയ കാറ്റിക്ക് ഇത് ഒരിക്കലും മറക്കാൻ ആവാത്ത അനുഭവം തന്നെയായി. സീസണിലെ തന്റെ ഏറ്റവും മികച്ച ഉയരം ആയ 4.80 മീറ്റർ ചാടിയ ഫിൻലന്റ് താരം വിൽമ മെർറ്റോ ആണ് ഈ ഇനത്തിൽ വെങ്കലം നേടിയത്.

ഇന്ത്യക്ക് ആശ്വാസം ആയി ജെസ്വിൻ ആൽഡ്രിനും പരുൾ ചൗദരിയും ലോക ചാമ്പ്യൻഷിപ്പ് ഫൈനലിൽ

ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് നിരാശക്ക് ഇടയിലും ആശ്വാസം ആയി പുരുഷന്മാരുടെ ലോംഗ് ജമ്പിൽ ഫൈനലിൽ എത്തി ജെസ്വിൻ ആൽഡ്രിൻ. തന്റെ ആദ്യ ശ്രമത്തിൽ തന്നെ 8 മീറ്റർ ചാടിയാണ് താരം ഫൈനൽ ഉറപ്പിച്ചത്. ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഇത്തവണ ഫൈനലിൽ എത്തുന്ന ആദ്യ താരമായി ആൽഡ്രിൻ. 12 സ്ഥാനക്കാരൻ ആയാണ് താരം ഫൈനലിൽ പ്രവേശിച്ചത്. അതേസമയം മലയാളി താരം എം.ശ്രീശങ്കറിനു ഫൈനലിൽ പ്രവേശിക്കാൻ ആയില്ല. 7.74 മീറ്റർ ആയിരുന്നു ശ്രീശങ്കറിന്റെ മികച്ച ദൂരം.

അതേസമയം സ്ത്രീകളുടെ 3000 മീറ്റർ സ്റ്റീപ്പിൽ ചേസിൽ ഇന്ത്യയുടെ പരുൾ ചൗദരിയും ഫൈനലിൽ എത്തി. രണ്ടാം ഹീറ്റ്സിൽ 9 മിനിറ്റ് 24.29 സെക്കന്റ് സമയം എടുത്ത് റേസ് പൂർത്തിയാക്കിയ പരുൾ അഞ്ചാം സ്ഥാനക്കാരി ആയാണ് ഫൈനലിലേക്ക് മുന്നേറിയത്. വനിതകളുടെ ജാവലിൻ ത്രോയിൽ 57.05 മീറ്റർ ദൂരം എറിഞ്ഞു ഗ്രൂപ്പ് എയിൽ 11 മത് ആയ അന്നു റാണിക്കും ഫൈനലിൽ എത്താൻ ആയില്ല. 100 മീറ്റർ ഹർഡിൽസിൽ നാലാമത്തെ ഹീറ്റ്സിൽ 13.05 സെക്കന്റിൽ ഓടിയെത്തി ഏഴാമത് എത്തിയ ജ്യോതി യരാജിക്കും ഫൈനലിൽ പ്രവേശിക്കാൻ ആയില്ല.

അവശേഷിച്ച ലോക ചാമ്പ്യൻഷിപ്പ് സ്വർണവും സ്വന്തമാക്കി ജിയാന്‍മാര്‍ക്കോ ടംബേരി

ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഹൈജംപിൽ സ്വർണം നേടി ചരിത്രം എഴുതി ഇറ്റാലിയൻ താരം ജിയാന്‍മാര്‍ക്കോ ടംബേരി. നേരത്തെ ഒളിമ്പിക്, ലോക ഇൻഡോർ ലോക ചാമ്പ്യൻഷിപ്പ്, യൂറോപ്യൻ ചാമ്പ്യൻഷിപ്പ്, യൂറോപ്യൻ ഇൻഡോർ ചാമ്പ്യൻഷിപ്പ് തുടങ്ങിയവയിൽ സ്വർണം നേടിയ താരത്തിന്റെ ആദ്യ ലോക ചാമ്പ്യൻഷിപ്പ് സ്വർണം ആണ് ഇത്. ആവേശകരമായ ഫൈനലിൽ 2.36 മീറ്റർ ചാടിയാണ് ഇറ്റാലിയൻ താരം സ്വർണം നേടിയത്. തന്റെ സ്വതസിദ്ധമായ രീതിയിൽ സ്വർണ നേട്ടം താരം ആഘോഷിക്കുന്നതും കാണാൻ ആയി.

ഫൈനലിൽ സമാന ഉയരം താണ്ടാൻ അമേരിക്കൻ താരം ജുവോൺ ഹാരിസണിനും ആയെങ്കിലും കൂടുതൽ അവസരങ്ങൾ എടുത്തിനാൽ താരം വെള്ളി കൊണ്ടു തൃപ്തിപ്പെട്ടു. മൂന്നു അവസരങ്ങളിലും 2.36 മീറ്റർ ചാടാൻ പരാജയപ്പെട്ടു 2.33 മീറ്റർ ചാടിയ ഖത്തർ താരം മുത്താസ് ഇസ ബാശിം വെങ്കല മെഡൽ നേടി. കഴിഞ്ഞ ഒളിമ്പിക്സിൽ ഉറ്റ സുഹൃത്തുക്കൾ ആയ ടംബേരിയും ബാശിമും സ്വർണം പങ്ക് വെച്ചിരുന്നു. അതേസമയം വനിതകളുടെ 1500 മീറ്റർ ഓട്ടത്തിൽ കെനിയയുടെ ഫെയ്ത്ത് കിപ്യഗോണ്‍ തുടർച്ചയായ മൂന്നാം സ്വർണം സ്വന്തമാക്കി. 3 മിനിറ്റ് 54.87 സെക്കന്റ് സമയം എടുത്താണ് ഫെയ്ത്ത് 1500 മീറ്റർ പൂർത്തിയാക്കിയത്. എത്യോപ്യയുടെ ദിരിബെ വെൽട്ടെജി വെള്ളി മെഡൽ നേടിയപ്പോൾ ഡച്ച് സൂപ്പർ താരം സിഫാൻ ഹസൻ വെങ്കലം കൊണ്ടു തൃപ്തിപ്പെട്ടു.

പുരുഷന്മാരുടെ 3000 മീറ്റർ സ്റ്റീപ്പിൽ ചേസിൽ മൊറോക്കോയുടെ സൗഫിയാനെ എൽ ബക്കലി തന്റെ ലോക ചാമ്പ്യൻഷിപ്പ് സ്വർണം നിലനിർത്തി. 8 മിനിറ്റ് 3.53 സെക്കന്റ് എടുത്ത് ആണ് താരം റേസ് പൂർത്തിയാക്കിയത്. 2021 സെപ്റ്റംബറിനു ശേഷം ഒരു റേസും താരം തോറ്റിട്ടില്ല എന്നതും ശ്രദ്ധേയമാണ്. എത്യോപയുടെ ലമച്ച ഗിർമ വെള്ളി നേടിയപ്പോൾ കെനിയയുടെ അബ്രഹാം കിബിവോറ്റ് വെങ്കലവും നേടി. വനിതകളുടെ ഡിസ്കസ് ത്രോയിൽ സ്വർണം നേടിയ ആദ്യ അമേരിക്കൻ താരമായി ലൗലൗഗ തൗസാഗ മാറി. 69.49 മീറ്റർ ദൂരമാണ് താരം എറിഞ്ഞത്. അമേരിക്കയുടെ തന്നെ വലരി അൽമാൻ വെള്ളി നേടിയപ്പോൾ ചൈനയുടെ ഫെങ് ബിൻ വെങ്കലവും നേടി.

റെക്കോർഡ് പ്രകടനവും ആയി 100 മീറ്ററിൽ ലോക ചാമ്പ്യൻ ആയി ഷ’കാരി റിച്ചാർഡ്സൺ

ലോക ചാമ്പ്യൻഷിപ്പ് റെക്കോർഡ് പ്രകടനവും ആയി വനിതകളുടെ 100 മീറ്ററിൽ സ്വർണം അണിഞ്ഞു അമേരിക്കയുടെ ഷ’കാരി റിച്ചാർഡ്സൺ. 100 മീറ്റർ വെറും 10.65 സെക്കന്റിൽ താരം ഓടിയെത്തി. 10.72 സെക്കന്റ് സമയത്തിൽ ഓടിയെത്തിയ ജമൈക്കയുടെ ഷെരിക ജാക്സൺ വെള്ളി മെഡൽ നേടിയപ്പോൾ ഇതിഹാസ താരം ജമൈക്കയുടെ ഷെല്ലി-ആൻ പ്രയിസ് വെങ്കലം നേടി. 10.77 സെക്കന്റിൽ ആണ് ഷെല്ലി നൂറു മീറ്റർ പൂർത്തിയാക്കിയത്. പുരുഷന്മാർക്ക് പിന്നാലെ വനിതകളുടെ നൂറു മീറ്ററിലും ഇതോടെ അമേരിക്ക ജയം കണ്ടെത്തി.

പുരുഷന്മാരുടെ 110 മീറ്റർ ഹർഡിൽസിൽ 12.96 സെക്കന്റിൽ ഓടിയെത്തിയ അമേരിക്കയുടെ ഗ്രാന്റ് ഹോളോവെ സ്വർണം നേടി. ജമൈക്കയുടെ പാർച്മെന്റ് വെള്ളി നേടിയപ്പോൾ അമേരിക്കയുടെ തന്നെ ഡാനിയേൽ റോബർട്സ് വെങ്കലം നേടി. പുരുഷന്മാരുടെ ട്രിപ്പിൾ ജംപിൽ 17.64 മീറ്റർ ചാടിയ ബുർകിനോ ഫാസോയുടെ ഹൂഗസ് ഫാബ്രീസ് സാങ്കോ സ്വർണം നേടി. കഴിഞ്ഞ ലോക ചാമ്പ്യൻഷിപ്പിൽ വെള്ളി നേടിയ താരം അതിനു മുമ്പത്തെ ലോക ചാമ്പ്യൻഷിപ്പിൽ വെങ്കലവും നേടിയിരുന്നു.

17.41 മീറ്റർ ചാടിയ ക്യൂബയുടെ ലസാരോ മാർട്ടിനസ് ട്രിപ്പിൾ ജംപിൽ വെള്ളി നേടിയപ്പോൾ 17.40 മീറ്റർ ചാടിയ ക്യൂബയുടെ തന്നെ ക്രിസ്റ്റിയൻ നപോളസ് വെങ്കലം നേടി. അതേസമയം പുരുഷന്മാരുടെ ഡിസ്കസ് ത്രോയിൽ തന്റെ അവസാന ഏറിൽ ലോക ചാമ്പ്യൻഷിപ്പ് റെക്കോർഡ് ആയ 71.46 മീറ്റർ എറിഞ്ഞ സ്വീഡന്റെ ഡാനിയേൽ സ്റ്റാൽ സ്വർണം നേടി. താരത്തിന്റെ രണ്ടാം ലോക ചാമ്പ്യൻഷിപ്പ് സ്വർണം ആണ് ഇത്. 70.02 മീറ്റർ എറിഞ്ഞ സ്ലൊവേനിയയുടെ ക്രിസ്റ്റിയൻ സെ വെള്ളി നേടിയപ്പോൾ 68.85 മീറ്റർ എറിഞ്ഞ ലുത്വാനിയയുടെ മിക്കോലസ് വെങ്കലവും നേടി.

100 മീറ്ററിൽ സ്വർണം നേടി നോഹ ലെയിൽസ്, തുടർച്ചയായ മൂന്നാം സ്വർണവും ആയി ജോഷ്വ ചെപ്‌റ്റെഗെ

ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പ് രണ്ടാം ദിനത്തിൽ പുരുഷന്മാരുടെ 100 മീറ്ററിൽ സ്വർണം നേടി അമേരിക്കയുടെ നോഹ ലെയിൽസ്. 9.83 സെക്കന്റിൽ ആണ് അമേരിക്കൻ താരം 100 മീറ്റർ പൂർത്തിയാക്കിയത്. 9.88 സെക്കന്റ് കുറിച്ച ബോട്ട്സ്വാനയുടെ ലെറ്റ്സ്‌ലി ടെബോഗോ വെള്ളി മെഡൽ നേടിയപ്പോൾ മൈക്രോ സെക്കന്റുകളുടെ വ്യത്യാസത്തിൽ അമേരിക്കയുടെ ഹാർനൽ ഹ്യൂഗ്സ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അതേസമയം പുരുഷന്മാരുടെ 10000 മീറ്റർ ഓട്ടത്തിൽ ഉഗാണ്ടയുടെ ജോഷ്വ ചെപ്‌റ്റെഗെ വീണ്ടും ചരിത്രം എഴുതി.

27:51.42 മിനിറ്റ് എന്ന സമയത്ത് 10000 മീറ്റർ പൂർത്തിയാക്കിയ ചെപ്‌റ്റെഗെ തുടർച്ചയായ മൂന്നാം ലോക ചാമ്പ്യൻഷിപ്പിൽ ആണ് ഈ ഇനത്തിൽ സ്വർണം നേടുന്നത്. കെനിയയുടെ ഡാനിയേൽ എബന്യോ വെള്ളി നേടിയപ്പോൾ എത്യോപയുടെ സെലമോൻ ബെരെഗ വെങ്കലം നേടി. വനിതകളുടെ ലോങ് ജംപിൽ 7.14 മീറ്റർ ചാടിയ സെർബിയയുടെ ഇവാന വുലെറ്റ സ്വർണം നേടിയപ്പോൾ അമേരിക്കയുടെ ടാര ഡേവിസ്-വുഡ്ഹാൾ വെള്ളിയും റൊമാനിയയുടെ അലീന റൊടാറു-കോട്ട്മാൻ വെങ്കലവും നേടി. വനിതകളുടെ 20 കിലോമീറ്റർ നടത്തത്തിൽ 1 മണിക്കൂർ 26 മിനിറ്റ് 51 സെക്കന്റിൽ നടത്തം പൂർത്തിയാക്കിയ സ്പെയിനിന്റെ മരിയ പെരസ് സ്വർണം നേടി. ഓസ്‌ട്രേലിയയുടെ ജെമിമ മോൻടാഗ് വെള്ളിയും ഇറ്റലിയുടെ അന്റോനെല്ല വെങ്കലവും നേടി.

പുരുഷന്മാരുടെ ഹാമർ ത്രോയിൽ 81.25 മീറ്റർ എറിഞ്ഞ കാനഡയുടെ ഏഥൻ കാറ്റ്സ്ബർഗ് സ്വർണം നേടി. കരിയറിൽ ആദ്യമായി ആണ് താരം 80 മീറ്റർ താണ്ടുന്നത്. കാനഡയുടെ പുതിയ ദേശീയ റെക്കോർഡ് ആണ് ഇത്. ഒപ്പം ഏറ്റവും പ്രായം കുറഞ്ഞ ഹാമർ ത്രോ ലോക ചാമ്പ്യനും ആയി ഏഥൻ. പോളണ്ടിന്റെ വോസ്നിക് നോവിസ്കി വെള്ളി നേടിയപ്പോൾ ഹംഗറിയുടെ ബെൻസ് ഹലാസ് വെങ്കലം നേടി. അതേസമയം വനിതകളുടെ ഹെപ്റ്റത്തലോണിൽ ബ്രിട്ടന്റെ കാതറിന ജോൺസൺ-തോമ്പ്സൺ 6740 പോയിന്റുകളും ആയി സ്വർണം നേടിയപ്പോൾ അമേരിക്കയുടെ അന്ന ഹാൾ വെള്ളിയും ഹോളണ്ടിന്റെ അനൗക് വെറ്റർ വെങ്കലവും നേടി. രണ്ടാം ദിനവും ഇന്ത്യക്ക് നിരാശ തന്നെയാണ് സമ്മാനിച്ചത്.

വീണ്ടും നിരാശ, ഹൈ ജംപിൽ സാർവേഷിനു ഫൈനലിലേക്ക് യോഗ്യത നേടാൻ ആയില്ല

ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ നിരാശ രണ്ടാം ദിനവും തുടരുന്നു. ഹൈ ജംപിൽ സാർവേഷ് അനിൽ കുശാറെക്ക് ഫൈനലിലേക്ക് യോഗ്യത നേടാൻ ആയില്ല. 2.22 മീറ്റർ ആയിരുന്നു താരത്തിന്റെ മികച്ച ചാട്ടം. ഗ്രൂപ്പ് ബിയിൽ 12 മത് ആയ താരം 20 സ്ഥാനത്ത് ആയിരുന്നു യോഗ്യതയിൽ ഫിനിഷ് ചെയ്തത്.

അതേസമയം 400 മീറ്റർ ഹർഡിൽസിൽ സന്തോഷ് കുമാറിന് സെമിയിലേക്ക് യോഗ്യത നേടാൻ ആയില്ല. മൂന്നാം ഹീറ്റ്സിൽ ഓടാൻ ഇറങ്ങിയ സന്തോഷ് കുമാർ 50.46 സെക്കന്റിൽ ആണ് ഓട്ടം പൂർത്തിയാക്കിയത്. ഹീറ്റ്സിൽ ഏഴാം സ്ഥാനത്ത് എത്തിയ താരത്തിന് സെമിഫൈനലിൽ എത്താൻ അത് മതിയായിരുന്നില്ല.

4×400 മീറ്റർ മിക്സഡ് റിലെയിൽ ലോക റെക്കോർഡ് കുറിച്ച് അമേരിക്ക, ചരിത്രം എഴുതി റയാൻ ക്രൗസറും

ബുഡാപെസ്റ്റിൽ നടക്കുന്ന ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ മീറ്റിലെ ആദ്യ ലോക റെക്കോർഡ് പിറന്നു. 4×400 മീറ്റർ മിക്സഡ് റിലെയിൽ അമേരിക്കൻ ടീം ആണ് ലോക റെക്കോർഡ് സമയം കുറിച്ചത്. 3:08.80 മിനിറ്റ് എന്ന റെക്കോർഡ് സമയം കുറിച്ച അമേരിക്ക ലോക റെക്കോർഡും സ്വർണ മെഡലും സ്വന്തം പേരിലാക്കി. ബ്രിട്ടൻ വെള്ളി മെഡൽ നേടിയപ്പോൾ ചെക് റിപ്പബ്ലിക് വെങ്കലം നേടി. റേസിൽ അവസാന 15 മീറ്റർ വരെ മുന്നിൽ ഉണ്ടായിരുന്നത് ഹോളണ്ട് ആയിരുന്നു.

എന്നാൽ അവസാന ലാപ്പ് ഓടിയ ഫെംകെ ബോൽ അവസാന നിമിഷം വീഴുക ആയിരുന്നു. തുടർന്ന് താരം ഓടി മൂന്നാമത് എത്തിയെങ്കിലും കയ്യിൽ ബാറ്റൺ ഇല്ലാത്തത് കാരണം അവർ അയോഗ്യരാക്കപ്പെട്ടു. അതേസമയം പുരുഷന്മാരുടെ ഷോട്ട് പുട്ടിൽ അമേരിക്കൻ താരം റയാൻ ക്രൗസർ ഒരിക്കൽ കൂടി വിസ്മയം ആയി. 23.51 മീറ്റർ ദൂരം എറിഞ്ഞ ഒളിമ്പിക് ചാമ്പ്യൻ കൂടിയായ താരം ലോക ചാമ്പ്യൻഷിപ്പ് റെക്കോർഡ് കുറിച്ചു. തന്റെ തന്നെ ലോക റെക്കോർഡിന് 5 സെന്റി മീറ്റർ മാത്രം കുറവ് ആണ് ഇത്. ഇറ്റലിയുടെ ലിയാൻഡ്രോ ഫാബ്രി വെള്ളി നേടിയപ്പോൾ അമേരിക്കയുടെ തന്നെ ജോ കൊവാക്സ് വെങ്കലം നേടി.

വനിതകളുടെ 10000 മീറ്റർ ഓട്ടത്തിൽ എത്യോപ്യൻ സമഗ്രാധിപത്യം ആണ് കാണാൻ ആയത്. 31:27.18 മിനിറ്റിൽ ഓടിയെത്തിയ ഗുഡഫ് സെഗയ് ആണ് സ്വർണം നേടിയത്. എത്യോപ്യയുടെ തന്നെ ഗിഡയെ വെള്ളി നേടിയപ്പോൾ തായെ വെങ്കലം നേടി. ഒന്നാം സ്ഥാനം നേടും എന്നു തോന്നിപ്പിച്ച ഡച്ച് സൂപ്പർ താരം സിഫാൻ ഹസ്സൻ അവസാന നിമിഷങ്ങളിൽ വീണത് സങ്കട കാഴ്ചയായി. അതേസമയം ലോക ചാമ്പ്യൻഷിപ്പിലെ ആദ്യ സ്വർണം 20 മീറ്റർ നടത്തത്തിൽ സ്‌പെയിനിന്റെ അൽവാരോ മാർട്ടിൻ ആണ് നേടിയത്. ഒരു മണിക്കൂർ 17 മിനിറ്റ് 32 സെക്കന്റിൽ ആണ് മാർട്ടിൻ നടത്തം പൂർത്തിയാക്കിയത്. സ്വീഡന്റെ പെർസുസ് കാൾസ്‌ട്രോം വെള്ളി നേടിയപ്പോൾ ബ്രസീലിന്റെ ബോൻഫിം വെങ്കലം നേടി.

ട്രിപ്പിൾ ജംപിൽ അബ്‍ദുള്ള അബൂബക്കർ പതിനഞ്ചാം സ്ഥാനത്ത്, ഫൈനലിൽ എത്താൻ സാധിച്ചില്ല

ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പ് ട്രിപ്പിൾ ജംപിൽ ഇന്ത്യൻ താരങ്ങൾക്ക് നിരാശ. മൂന്നു താരങ്ങൾ ആണ് ഇന്ത്യക്ക് ആയി ട്രിപ്പിൾ ജംപിന് ആയി ഇറങ്ങിയത്. ആദ്യ ജംപിൽ 16.61 മീറ്റർ ചാടിയ അബ്‍ദുള്ള അബൂബക്കർക്ക് തുടർന്നുള്ള മറ്റ് രണ്ട് ശ്രമങ്ങളിലും 16.60 മീറ്റർ ചാടിയ അബ്‍ദുള്ള അബൂബക്കർ 15 സ്ഥാനത്ത് ആണ് ഫിനിഷ് ചെയ്തത്. ഇതോടെ താരം ഫൈനലിലേക്ക് യോഗ്യത നേടിയില്ല.

ആദ്യ 12 സ്ഥാനക്കാർ ആണ് ഫൈനലിലേക്ക് യോഗ്യത നേടിയത്. അതേസമയം കോമൺ വെൽത്ത് ഗെയിംസിൽ സ്വർണം നേടിയ എൽദോസ് പോളിന് മൂന്നു ശ്രമത്തിലും 16 മീറ്റർ മറികടക്കാൻ ആയില്ല. 15.59 മീറ്റർ ആയിരുന്നു എൽദോസ് പോളിന്റെ ഏറ്റവും മികച്ച ശ്രമം. അതേസമയം 16.38 മീറ്റർ ആദ്യ ശ്രമത്തിൽ മറികടന്ന പ്രവീൺ ചിത്രവേലിന് തന്റെ തുടർന്നുള്ള ചാട്ടങ്ങൾ മികച്ചത് ആക്കാൻ സാധിച്ചില്ല.

ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പ് ആദ്യ ദിനത്തിൽ ഇന്ത്യക്ക് നിരാശ

ബുദാപസ്റ്റിൽ നടക്കുന്ന ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പ് ആദ്യ ദിനത്തിൽ ഇന്ത്യക്ക് നിരാശ. ഇന്ന് നടന്ന 20 കിലോമീറ്റർ നടത്തത്തിൽ മത്സരിച്ച മൂന്നു ഇന്ത്യൻ താരങ്ങൾക്കും നിരാശ ആയിരുന്നു ഫലം. 1 മണിക്കൂർ 21 മിനിറ്റ് 58 സെക്കന്റ് സമയത്തിൽ ഫിനിഷ് ചെയ്ത വികാശ് സിങ് 27 സ്ഥാനത്ത് ആണ് എത്തിയത്. പ്രംജീത്ത് സിങ് 35 സ്ഥാനത്ത് എത്തിയപ്പോൾ ആകാശ്ദീപ് സിങ് 47 മത് ആണ് എത്തിയത്.

അതേസമയം പുരുഷന്മാരുടെ 3000 മീറ്റർ സ്റ്റീപ്പിൾചേസിൽ ആദ്യ ഹീറ്റ്സിൽ ഏഴാമത് ആയ അവിനാഷ് സേബിൾ ഫൈനലിൽ എത്തുന്നതിൽ പരാജയപ്പെട്ടു. 8:22.24 മിനിറ്റിൽ ആണ് താരം റേസ് പൂർത്തിയാക്കിയത്. ആദ്യ അഞ്ച് സ്ഥാനത്ത് എത്തുന്നവർ ആയിരുന്നു ഫൈനലിൽ എത്തുക. 1500 മീറ്റർ ഓട്ടത്തിൽ ഇന്ത്യയുടെ അജയ് കുമാർ സരോജിനു സെമിയിലേക്ക് യോഗ്യത നേടാൻ ആയില്ല. മൂന്നാം ഹീറ്റിൽ തന്റെ ഏറ്റവും മികച്ച സമയം ആയ 3:38.24 മിനിറ്റ് സമയം കുറിച്ച സരോജ് 13 മത് ആയി. ആദ്യ 6 സ്ഥാനക്കാർക്ക് ആയിരുന്നു സെമിഫൈനൽ യോഗ്യത ലഭിക്കുക.

ഇത് ചരിത്രം, എൽദോസ് പോള്‍ ലോക അത്‍ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ്സിലെ ട്രിപ്പിള്‍ ജംപ് ഫൈനലിന് യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ താരം

ലോക അത്‍ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ്സ് ട്രിപ്പിള്‍ ജംപിൽ ഫൈനലിലേക്ക് യോഗ്യത നേടി ഇന്ത്യയുടെ എൽദോസ് പോള്‍. ലോക ചാമ്പ്യന്‍ഷിപ്പിൽ ഈ മത്സരയിനത്തിൽ ഫൈനലില്‍ കടക്കുന്ന ആദ്യ ഇന്ത്യന്‍ താരം കൂടിയാണ് എൽദോസ്. 16.68 മീറ്റര്‍ ദൂരം താണ്ടിയ എൽദോസ് യോഗ്യത റൗണ്ടിൽ 12ാമനായി ആണ് അവസാനിച്ചത്. 12 പേര്‍ക്കാണ് ഫൈനലിലേക്ക് യോഗ്യത ലഭിച്ചത്. ഞായറാഴ്ച രാവിലെ 6.30ന് ആണ് ഫൈനൽ നടക്കുന്നത്.

നേരിട്ടുള്ള യോഗ്യതയ്ക്ക് 17.05 മീറ്റര്‍ ദൂരം ആയിരുന്നു താരങ്ങള്‍ ചാടേണ്ടിയിരുന്നത്. മറ്റു ഇന്ത്യന്‍ താരങ്ങളായ അബ്ദുള്ള അബൂബക്കര്‍ 16.45 മീറ്ററും പ്രവീൺ ചിത്രവേൽ 16.30 മീറ്ററും ആണ് ചാടിയത്.

Exit mobile version