വെടിക്കെട്ട് പ്രകടനവുമായി ഷിമ്രണ്‍ ഹെറ്റ്മ്യര്‍, ഹെറ്റ്മ്യറിനൊപ്പം ശതകം നേടി ഷായി ഹോപും, ആദ്യ ഏകദിനം സ്വന്തമാക്കി വിന്‍ഡീസ്

ടീമിനെ വിജയത്തിലെത്തിക്കുന്നതിന് മുമ്പ് ഷിമ്രണ്‍ ഹെറ്റ്മ്യര്‍ മുഹമ്മദ് ഷമിയ്ക്ക് വിക്കറ്റ് നല്‍കി മടങ്ങിയെങ്കിലും 106 പന്തില്‍ നിന്ന് 139 റണ്‍സ് നേടിയ താരത്തിന്റെ പ്രകടനം ഇന്ത്യയ്ക്കെതിരെ വിന്‍ഡീസിന്റെ വിജയം ഉറപ്പാക്കുവാന്‍ പോന്നതായിരുന്നു. താരം പുറത്താകുമ്പോള്‍ 68 പന്തില്‍ നിന്ന് 59 റണ്‍സായിരുന്നു വിന്‍ഡീസ് നേടേണ്ടിയിരുന്നത്. അത് വലിയ ബുദ്ധിമുട്ടില്ലാതെ ഷായി ഹോപും നിക്കോളസ് പൂരനും കൂടി നേടുകയായിരുന്നു. 151 പന്തില്‍ നിന്ന് ഹോപ് 102 റണ്‍സ് നേടി പുറത്താകാതെ നിന്നപ്പോള്‍ നിക്കോളസ് പൂരന്‍ 29 റണ്‍സ് നേടി. 47.5 ഓവറിലാണ് വിന്‍ഡീസ് തങ്ങളുടെ 8 വിക്കറ്റ് വിജയം പൂര്‍ത്തിയാക്കിയത്.

288 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ വിന്‍ഡീസിന് തുടക്കത്തില്‍ സുനില്‍ അംബ്രിസിനെ നഷ്ടമായി. 9 റണ്‍സ് നേടിയ താരത്തെ ദീപക് ചഹാര്‍ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. പിന്നീട് രണ്ടാം വിക്കറ്റില്‍ ഷിമ്രണ്‍ ഹെറ്റ്മ്യറും ഷായി ഹോപും ചേര്‍ന്ന് ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് ഒരു അവസരം പോലും നല്‍കാതെ വിന്‍ഡീസിനെ മുന്നോട്ട് നയിച്ചു. 218 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് നേടിയത്. ഷിമ്രണ്‍ ഹെറ്റ്മ്യര്‍ വെടിക്കെട്ട് ബാറ്റിംഗിലേക്ക് ഗിയര്‍ മാറ്റിയ നിമിഷത്തിലാണ് ഷമിയ്ക്ക് വിക്കറ്റ് നേടാനായത്.

വിന്‍ഡീസ് ടീമിന് റോസ്ടണ്‍ ചേസ് മികച്ച സന്തുലിതാവസ്ഥ നല്‍കുന്നു

ഇന്ത്യയ്ക്കെതിരെ ടി20 പരമ്പര കൈവിട്ടുവെങ്കിലും ഏകദിനത്തില്‍ തങ്ങളുടെ ടീമിന് കൂടുതല്‍ സന്തുലിതാവസ്ഥയുണ്ടെന്ന് പറഞ്ഞ് കീറണ്‍ പൊള്ളാര്‍ഡ്. ടെസ്റ്റ് ടീമിലെ അവിഭാജ്യ ഘടകമായ റോസ്ടണ്‍ ചേസ് ഏകദിന ടീമിലേക്ക് എത്തുന്നത് ടീമിന് മികച്ച സന്തുലിതാവസ്ഥയാണ് നല്‍കുന്നതെന്ന് പൊള്ളാര്‍ഡ് പറഞ്ഞു. ലോകകപ്പിന് ശേഷമാണ് താരത്തെ ഏകദിന ടീമിലേക്ക് ഉള്‍പ്പെടുത്തുന്നത്. അഫ്ഗാനിസ്ഥാന്‍ പരമ്പരയില്‍ മൂന്ന് മത്സരങ്ങളിലും ബാറ്റ് കൊണ്ടും ബോള് കൊണ്ടും സംഭാവന നടത്തിയ താരം പരമ്പരയിലെ താരമായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.

ചേസ് ഓള്‍റൗണ്ടര്‍ ആണെന്ന ആനുകൂല്യം വിന്‍ഡീസിന് അധിക ബാറ്റ്സ്മാനെ കളിപ്പിക്കുവാനുള്ള അവസരം കൂടി നല്‍കുന്നുണ്ട്. ഇത് ടീമിനെ വലിയ ഗുണം ആണ് സൃഷ്ടിക്കുന്നെതെന്നാണ് പൊള്ളാര്‍ഡ് പറയുന്നത്. ടെസ്റ്റ് ക്രിക്കറ്റില്‍ മധ്യനിരയില്‍ ബാറ്റ് ചെയ്യുന്ന ചേസ് ഏകദിനത്തില്‍ വലിയ പ്രഭാവം സൃഷ്ടിക്കാനാകും. കൂടാതെ ബൗളറുടെ റോളും കൈകാര്യം ചെയ്യാനാകുന്ന താരമാണ് ചേസ് എന്ന് പൊള്ളാര്‍ഡ് വ്യക്തമാക്കി. ഇത് ടീമിന് ഒരു ബാറ്റ്സ്മാനെയോ ബൗളറെയോ ഓള്‍റൗണ്ടറെയോ അധികമായി കളിപ്പിക്കുവാന്‍ സഹായിക്കുന്നുവെന്നും പൊള്ളാര്‍ഡ് വ്യക്തമാക്കി.

ബ്രാവോ തിരിച്ചുവരുന്നത് ആവേശകരമായ വാര്‍ത്ത

വിന്‍ഡീസ് ഓള്‍റൗണ്ടര്‍ ഡ്വെയിന്‍ ബ്രാവോ ടി20 അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങി വരുവാന്‍ ‍ആഗ്രഹം പ്രകടിപ്പിച്ചത് വളരെ ആവേശകരമായ വാര്‍ത്തയാണെന്ന് പറഞ്ഞ് വിന്‍ഡീസ് സഹ പരിശീലകന്‍ റോഡി എസ്റ്റ്വിക്. മൂന്ന് വര്‍ഷത്തിലധികമായി വിന്‍ഡീസിന് വേണ്ടി കളിക്കാത്ത താരം ടി20 ലോകകപ്പില്‍ വിന്‍ഡീസിനായി കളിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ബ്രാവോ എന്ന് മടങ്ങി വരുമെന്ന് തനിക്ക് വ്യക്തമായി അറിയില്ലെങ്കിലും പരിചയ സമ്പത്തുള്ള താരം ഡ്രെസ്സിംഗ് റൂമിലുള്ളത് സന്തോഷകരമായ കാര്യമാണെന്ന് റോഡി അഭിപ്രായപ്പെട്ടു.

ടി20യില്‍ ബ്രാവോയുടെ അത്രയും പരിചയസമ്പത്തുള്ള താരം എത്തുന്നത് ടീമില്‍ എല്ലാവരും സന്തോഷത്തോടെയാവും സ്വീകരിക്കുകയെന്നും റോഡി വ്യക്തമാക്കി. ബ്രാവോയുടെ ഡെത്ത് ബൗളിംഗ് കഴിവും വൈവിധ്യവും താരത്തെ സര്‍വ്വ സമ്മതനാക്കുന്നുവെന്നും റോഡി അഭിപ്രായപ്പെട്ടു.

മടങ്ങി വരവിന് താല്പര്യമുണ്ടെന്ന് അറിയിച്ച് ഡ്വെയിന്‍ ബ്രാവോ

അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങി വരുവാന്‍ തനിക്ക് താല്പര്യമുണ്ടെന്ന് അറിയിച്ച് ഡ്വെയിന്‍ ബ്രാവോ. ഒക്ടോബര്‍ 2018ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച താരം 2020 ഐസിസി പുരുഷ ടി20 ലോകകപ്പില്‍ കളിക്കുവാനുള്ള ആഗ്രഹമാണ് പ്രകടിപ്പിച്ചിരിക്കുന്നത്. വിന്‍ഡീസിനായി 2016നാണ് ഡ്വെയിന്‍ ബ്രാവോ അവസാനമായി ടി20 കളിച്ചിട്ടുള്ളത്. പിന്നീടം പരിക്കും ബോര്‍ഡുമായുള്ള അഭിപ്രായ വ്യത്യാസവും താരത്തിനെ ടീമില്‍ നിന്ന് പുറത്തിരുത്തി. ഇപ്പോള്‍ താന്‍ കോച്ചിനോടും ക്യാപ്റ്റനോടും പുതിയ പ്രസിഡന്റിനോടും മടങ്ങി വരവിന്റെ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് ബ്രാവോ അഭിപ്രായപ്പെട്ടു.

വിന്‍ഡീസ് ക്രിക്കറ്റിലെ പോസിറ്റീവായ മാറ്റങ്ങളാണ് തന്റെ തീരുമാനത്തെ പുനഃപരിശോധിക്കുവാന്‍ ഇടയാക്കിയിരിക്കുന്നതെന്ന് താരം പറഞ്ഞു. താന്‍ വീണ്ടും ടി20യിലൂടെ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തി ഈ ഫോര്‍മാറ്റില്‍ വിന്‍ഡീസിനെ പ്രതിനിധീകരിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് ബ്രാവോ വ്യക്തമാക്കി. തനിക്ക് ഒരിക്കലും ഫിറ്റ്നെസ്സ് പ്രശ്നങ്ങളുണ്ടായിരുന്നില്ലെന്നും തന്റെ പ്രതിഭയും പരിചയസമ്പത്തും ഒരിക്കലും മങ്ങുകയില്ലെന്നും ബ്രാവോ വ്യക്തമാക്കി.

67 റണ്‍സ് വിജയവുമായി ഇന്ത്യയ്ക്ക് പരമ്പര സ്വന്തം

വിന്‍ഡീസിനെതിരെ വാങ്കഡേയില്‍ 67 റണ്‍സ് ജയം സ്വന്തമാക്കിയതോടെ പരമ്പര 2-1ന് നേടി ഇന്ത്യ. കെഎല്‍ രാഹുല്‍, രോഹിത് ശര്‍മ്മ, വിരാട് കോഹ്‍ലി എന്നിവരുടെ അര്‍ദ്ധ ശതകങ്ങളുടെ ബലത്തിലാണ് ഇന്ത്യ ആദ്യം ബാറ്റ് ചെയ്ത് 240/3 എന്ന സ്കോര്‍ നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസ് നിരയില്‍ കീറണ്‍ പൊള്ളാര്‍ഡും ഷിമ്രണ്‍ ഹെറ്റ്മ്യറും മാത്രമാണ് കസറിയത്. വിന്‍ഡീസിന്റെ ഇന്നിംഗ്സ് 173/8 എന്ന നിലയില്‍ അവസാനിക്കുകയായിരുന്നു.

നാലാം വിക്കറ്റില്‍ 74 റണ്‍സ് നേടി വിന്‍ഡീസിന് ഇരുവരും ചേര്‍ന്ന് പ്രതീക്ഷ നല്‍കിയെങ്കിലും 24 പ്തില്‍ നിന്ന് 41 റണ്‍സ് നേടിയ ഷിമ്രണ്‍ ഹെറ്റ്മ്യറിനെ കുല്‍ദീപ് യാദവ് പുറത്താക്കിയതോടെ വിന്‍ഡീസിന്റെ സാധ്യതകള്‍ മങ്ങി. കീറണ്‍ പൊള്ളാര്‍ഡ് വീണ്ടും ബാറ്റിംഗ് മികവ് തുടര്‍ന്നുവെങ്കിലും മറ്റു താരങ്ങളില്‍ നിന്ന് വേണ്ടത്ര പിന്തുണ ലഭിയ്ക്കാതെ വന്നപ്പോള്‍ ടീമിന് തോല്‍വിയേറ്റു വാങ്ങേണ്ടി വന്നു.

39 പന്തില്‍ 68 റണ്‍സ് നേടിയ പൊള്ളാര്‍ഡും പുറത്തായതോടെ ഇന്ത്യന്‍ വിജയം മത്സരം അവസാനിക്കുന്നതിന് മുമ്പ് തന്നെ ഉറപ്പാകുകയായിരുന്നു. ഭുവനേശ്വര്‍ കുമാറിനായിരുന്നു വിക്കറ്റ്.

രോഹിത്തിന്റെ താണ്ഡവം, ഒപ്പം കൂടി രാഹുലും, അവസാന ഓവറുകളില്‍ ആളിക്കത്തി കോഹ്‍ലി

രോഹിത് ശര്‍മ്മയും കെഎല്‍ രാഹുലും കത്തിക്കയറിയപ്പോള്‍ വാങ്കഡേയില്‍ നിര്‍ണ്ണായകമായ മൂന്നാം T20യിൽ പടുകൂറ്റന്‍ സ്കോര്‍ നേടി ഇന്ത്യ. രോഹിത് ശര്‍മ്മയും കെഎല്‍ രാഹുലും നല്‍കിയ മികച്ച തുടക്കത്തിന് ശേഷം ഇടയ്ക്ക് ഇന്ത്യന്‍ ബാറ്റിംഗിന് താളം തെറ്റിയെങ്കിലും അവസാന ഓവറുകളില്‍ വിരാട് കോഹ്‍ലിയുടെ തീപ്പൊരു ബാറ്റിംഗാണ് ഇന്ത്യയെ വലിയ സ്കോറിലേക്ക് നയിച്ചത്. 20 ഓവറില്‍ ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തില്‍ 240 റണ്‍സാണ് നേടിയത്.

ഓവറിനുള്ളില്‍ തന്നെ ഓപ്പണര്‍മാര്‍ ഇന്ത്യയുടെ സ്കോര്‍ 100 കടത്തുകയായിരുന്നു. 23 പന്തില്‍ രോഹിത് ശര്‍മ്മ തന്റെ അര്‍ദ്ധ ശതകം നേടിയപ്പോള്‍ കെഎല്‍ രാഹുല്‍ 29 പന്തില്‍ നിന്ന് 50 റണ്‍സ് നേടി.

സ്കോര്‍ 135ല്‍ നില്‍ക്കെ രോഹിത് ശര്‍മ്മയെയാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. 34 പന്തില്‍ നിന്ന് 6 ഫോറും 5 സിക്സും സഹിതം 71 റണ്‍സാണ് രോഹിത് നേടിയത്. കെസ്രിക് വില്യംസിനാണ് വിക്കറ്റ്. വണ്‍ ഡൗണായി ഇറങ്ങിയ ഋഷഭ് പന്തിനെ പൂജ്യത്തിന് പൊള്ളാര്‍ഡ് പുറത്താക്കിയതോടെ ഇന്ത്യയുടെ സ്കോറിംഗ് വേഗത കുറയുകയായിരുന്നു.

സ്കോര്‍ 135ല്‍ നില്‍ക്കെ രോഹിത് ശര്‍മ്മയെയാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. 34 പന്തില്‍ നിന്ന് 6 ഫോറും 5 സിക്സും സഹിതം 71 റണ്‍സാണ് രോഹിത് നേടിയത്. കെസ്രിക് വില്യംസിനാണ് വിക്കറ്റ്. വണ്‍ ഡൗണായി ഇറങ്ങിയ ഋഷഭ് പന്തിനെ പൂജ്യത്തിന് പൊള്ളാര്‍ഡ് പുറത്താക്കിയതോടെ ഇന്ത്യയുടെ സ്കോറിംഗ് വേഗത കുറയുകയായിരുന്നു.

രോഹിത് പുറത്തായ ശേഷം താളം തെറ്റിയ ഇന്ത്യയ്ക്ക് ഒരു പരിധി വരെ ആശ്വാസമായത് വിരാട് കോഹ്‍ലിയുടെ ബാറ്റിംഗായിരുന്നു. കെഎല്‍ രാഹുലുമായി ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 95 റണ്‍സാണ് വിരാട് കോഹ്‍ലി നേടിയത്. അവസാന ഓവറുകളില്‍ കോഹ‍്‍ലി കത്തിക്കയറിയപ്പോള്‍ ഇന്ത്യ വമ്പന്‍ സ്കോര്‍ നേടുകയായിരുന്നു.

56 പന്തില്‍ നിന്ന് 91 റണ്‍സ് നേടി കെഎല്‍ രാഹുല്‍ അവസാന ഓവറില്‍ ഷെല്‍ഡണ്‍ കോട്രെല്ലിന് വിക്കറ്റ് നല്‍കി മടങ്ങുകയായിരുന്നു. 9 ഫോറും 4 സിക്സുമാണ് താരം നേടിയത്. വിരാട് കോഹ്‍ലി 7 സിക്സ് അടക്കം 29 പന്തില്‍ നിന്ന് 70 റണ്‍സ് നേടി പുറത്താകാതെ നിന്നു.

 

വാങ്കഡേയിലെ പൊള്ളാര്‍ഡിന്റെ പരിചയം തങ്ങളുടെ ബൗളര്‍മാരെ സഹായിക്കും

വാങ്കഡേയില്‍ കളിച്ച് പരിചയമുള്ള പൊള്ളാര്‍ഡിന്റെ കീഴില്‍ വിന്‍ഡീസ് ഇറങ്ങുന്നു എന്നത് ടീമിന്റെ ബൗളര്‍മാരെ വളരെയധികം സഹായിക്കുമെന്ന് അവകാശപ്പെട്ട് വിന്‍ഡീസ് കോച്ച് ഫില്‍ സിമ്മണ്‍സ്. ഇത് കൂടാതെ ഇന്ത്യയില്‍ അഫ്ഗാനിസ്ഥാനെതിരെയുള്ള പരമ്പര കളിക്കാനായി ടീം നേരത്തെ എത്തിയതും വാങ്കഡേയിലെ അവസാന മത്സരത്തില്‍ ടീമിന് ഗുണം ചെയ്യുമെന്നാണ് വിന്‍ഡീസ് കോച്ചിന്റെ അഭിപ്രായം. ആദ്യ മത്സരത്തില്‍ 200ലധികം റണ്‍സ് നേടിയ ശേഷമാണ് വിന്‍ഡീസ് കീഴടങ്ങിയത്. എന്നാല്‍ രണ്ടാം ഗെയിമില്‍ ഇന്ത്യയെ കെട്ടുകെട്ടിച്ച് പരമ്പരയില്‍ ഒപ്പമെത്തുവാന്‍ ടീമിന് സാധിച്ചു.

ഈ സാഹചര്യങ്ങളില്‍ കൂടുതല്‍ സമയം ടീം ചെലവഴിച്ചതും ഗുണം ചെയ്യുമെന്ന് ഫില്‍ സിമ്മണ്‍സ് വ്യക്തമാക്കി. ലക്നൗവില്‍ അഫ്ഗാനിസ്ഥാനെതിരെയുള്ള ടെസ്റ്റിലെ വിക്കറ്റും സമാനമായ സാഹചര്യത്തിലുള്ളതാണെന്ന് വിന്‍ഡീസ് കോച്ച് അഭിപ്രായപ്പെട്ടു.

ഇത് കൂടാതെ മുംബൈ ഇന്ത്യന്‍സിന് വേണ്ടി കളിച്ചിട്ടുള്ള താരങ്ങള്‍ ടീമിലുള്ളതും വലിയ നേട്ടം തന്നെയാണെന്ന് എവിന്‍ ലൂയിസ്, ലെന്‍ഡല്‍ സിമ്മണ്‍സ്, കീറണ്‍ പൊള്ളാര്‍ഡ് എന്നിവരെ ചൂണ്ടിക്കാണിച്ച് സിമ്മണ്‍സ് വ്യക്തമാക്കി. ഇതില്‍ പൊള്ളാര്‍ഡിന്റെ ഐപിഎല്‍ പരിചയം ടീമിന് വലിയ ഗുണം ചെയ്യുമെന്നും സിമ്മണ്‍സ് പ്രത്യാശ പ്രകടിപ്പിച്ചു.

അവസാന ഓവറുകളില്‍ റണ്‍സ് വന്നില്ല, ക്യാച്ചുകള്‍ കൈവിട്ടതും തിരിച്ചടിയായി

വിന്‍ഡീസിനെതിരെയുള്ള തോല്‍വിയുടെ കാരണങ്ങളായി അവസാന ഓവറുകളിലെ ബാറ്റിംഗിനെയും ക്യാച്ചുകള്‍ നഷ്ടപ്പെടുത്തിയതിനെയും സൂചിപ്പിച്ച് വിരാട് കോഹ്‍ലി. ശിവം ഡുബേ മികച്ച ഇന്നിംഗ്സാണ് കാഴ്ച വെച്ചതെങ്കിലും അവസാന നാലോവറില്‍ ബാറ്റിംഗ് വേണ്ടത്ര ശോഭിച്ചില്ലെെന്ന് കോഹ്‍ലി പറഞ്ഞു.

അവസാന നാലോവറില്‍ ടീമുകള്‍ പൊതുവേ 40-45 റണ്‍സാണ് പ്രതീക്ഷിക്കുന്നതെന്നും വെറും 30 റണ്‍സ് അല്ലെന്നും പറഞ്ഞു. എന്നാല്‍ തങ്ങളിന്ന് ഫീല്‍ഡ് ചെയ്തത് പോലെയാണെങ്കില്‍ ഇന്ന് നേടിയ ഭേദപ്പെട്ട സ്കോറും തടുക്കാന്‍ ടീമിനാവില്ലെന്ന് കോഹ്‍ലി വ്യക്തമാക്കി.

ക്യാച്ചുകള്‍ വൈകിട്ടാല്‍ മത്സരവും കൈവിടുമെന്ന് പറഞ്ഞ കോഹ്‍ലി തന്റെ ടീം ഫീല്‍ഡിംഗില്‍ കുറച്ച് കൂടെ ധീരന്മാരാവണമെന്ന് ആവശ്യപ്പെട്ടു.

മത്സരത്തില്‍ കോഹ്‍ലി മികച്ചൊരു ക്യാച്ച് പൂര്‍ത്തിയാക്കിയെങ്കിലും ഋഷഭ് പന്തും വാഷിംഗ്ടണ്‍ സുന്ദറും ക്യാച്ചുകള്‍ കൈവിടുകയായിരുന്നു.

വിന്‍ഡീസിലെ മറ്റ് താരങ്ങളെ പോലെയല്ല താന്‍, തനിക്ക് അല്പ സമയം ക്രീസില്‍ ചെലവഴിക്കേണ്ടതുണ്ട്

വിന്‍ഡീസ് നിരയിലെ പുതു താരങ്ങളായ ഷിമ്രണ്‍ ഹെറ്റ്മ്യര്‍, നിക്കോളസ് പൂരന്‍, എവിന്‍ ലൂയിസ് എന്നിവരുടെ ബാറ്റിംഗ് ശൈലിയില്‍ നിന്ന് വിഭിന്നമായ ശൈലിയാണ് തന്റേതെന്ന് പറഞ്ഞ് സ്പോര്‍ട്സ് ഹബ്ബില്‍ മാന്‍ ഓഫ് ദി മാച്ച് പുരസ്കാരം നേടിയ ലെന്‍ഡല്‍ സിമ്മണ്‍സ്. ഈ താരങ്ങള്‍ ആദ്യ പന്ത് മുതല്‍ അടിച്ച് കളിക്കുവാന്‍ ശേഷിയുള്ളവരാണെങ്കില്‍ താന്‍ ക്രീസില്‍ സമയം ചെലവഴിച്ച ശേഷം മാത്രമേ അടിച്ച് കളിക്കുകയുള്ളുവെന്ന് സിമ്മണ്‍സ് പറഞ്ഞു.

താന്‍ പഴയ സ്കൂളാണെന്നും ഏറെ നാള്‍ കൂടി വിന്‍ഡീസ് ടീമില്‍ വീണ്ടും കളിക്കാനായതില്‍ സന്തോഷമുണ്ടെന്നും സിമ്മണ്‍സ് പറഞ്ഞു. ഇന്ത്യയില്‍ ഇന്ത്യയ്ക്കെതിരെ കളിക്കുക എന്നത് വലിയ വെല്ലുവിലിയാണെന്നും താന്‍ തന്റെ ശൈലിയെയും ടീമിലെ റോളിനെയും വ്യക്തമായി മനസ്സിലാക്കുന്നുണ്ടെന്നും സിമ്മണ്‍സ് വ്യക്തമാക്കി.

സ്പോര്‍ട്സ് ഹബ്ബില്‍ കളി കൈവിട്ട് ഇന്ത്യ, പരമ്പരയില്‍ ഒപ്പമെത്തി വിന്‍ഡീസ്

വിന്‍ഡീസിനെതിരെ രണ്ടാം ടി20യില്‍ ഇന്ത്യയ്ക്ക് പരാജയം. ഇന്ന് തിരുവനന്തപുരം സ്പോര്‍ട്സ് ഹബ്ബില്‍ നടന്ന മത്സരത്തില്‍ വിന്‍ഡീസ് 8 വിക്കറ്റിന്റെ ആധികാരിക വിജയമാണ് നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സ് നേടിയപ്പോള്‍ 18.3 ഓവറില്‍ ഇന്ത്യയുടെ ലക്ഷ്യം വിന്‍ഡീസ് മറികടന്നു.

അര്‍ദ്ധ ശതകം നേടിയ ലെന്‍ഡല്‍ സിമ്മണ്‍സിനൊപ്പം എവിന്‍ ലൂയിസ്(40), ഷിമ്രണ്‍ ഹെറ്റ്മ്യര്‍(23), നിക്കോളസ് പൂരന്‍(38*) എന്നിവരാണ് വിന്‍ഡീസ് വിജയം എളുപ്പത്തിലാക്കിയത്. 45 പന്തില്‍ നിന്ന് 67 റണ്‍സ് നേടിയ ലെന്‍ഡല്‍ സിമ്മണ്‍സ് ആണ് മത്സരത്തില്‍ വിന്‍ഡീസിന് മേല്‍ക്കൈ നേടിക്കൊടുത്തത്.

18 പന്തില്‍ നിന്ന് 38 റണ്‍സുമായി പുറത്താകാതെ നിന്ന നിക്കോളസ് പൂരനുമായി ചേര്‍ന്ന് സിമ്മണ്‍സ് 29 പന്തില്‍ നിന്ന് 61 റണ്‍സിന്റെ മികച്ച അപരാജിത കൂട്ടുകെട്ടാണ് മൂന്നാം വിക്കറ്റില്‍ നേടിയത്.

ടി20യിലെ തന്റെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ നേടി വിരാട് കോഹ്‍ലി

ഇന്ത്യയ്ക്ക് വേണ്ടി ടി20യിലെ തന്റെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ നേടി വിരാട് കോഹ്‍ലി. ഇന്ന് ഹൈദ്രാബാദില്‍ വിന്‍ഡീസിനെതിരെയുള്ള വലിയ ചേസില്‍ ടീമിനെ വിജയത്തിലേക്ക് നയിച്ചപ്പോളാണ് ഇന്ത്യന്‍ നായകന്റെ ഈ നേട്ടം. 50 പന്തില്‍ നിന്ന് പുറത്താകാതെ 94 റണ്‍സ് നേടിയ വിരാട് 2016ല്‍ ഓസ്ട്രേലിയയ്ക്കെതിരെ പുറത്താകാതെ അഡിലെയ്ഡില്‍ നേടിയ 90 റണ്‍സെന്ന റെക്കോര്‍ഡാണ് മറികടന്നത്.

കോഹ്‍ലിയുടെ മൂന്നാമത്തെ ഉയര്‍ന്ന വ്യക്തിഗത ടി20 സ്കോറും വിന്‍ഡീസിനെതിരെ ആണ്. 2016ല്‍ വാങ്കഡേയില്‍ 89 റണ്‍സ് നേടി പുറത്താകാതെ നില്‍ക്കുകയായിരുന്നു കോഹ്‍ലി.

ഇന്ത്യന്‍ ജയം ഉറപ്പാക്കി കിംഗ് കോഹ‍്‍ലിയും കെഎല്‍ രാഹുലും

വിന്‍ഡീസ് നല്‍കിയ 208 റണ്‍സെന്ന കൂറ്റന്‍ വിജയ ലക്ഷ്യം 4 വിക്കറ്റ് നഷ്ടത്തില്‍ 8 പന്തുകള്‍ അവശേഷിക്കെ മറികടന്ന് ഇന്ത്യ. തുടക്കത്തില്‍ തന്നെ രോഹിത് ശര്‍മ്മയെ നഷ്ടമായ ശേഷം രണ്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ കെഎല്‍ രാഹുലും വിരാട് കോഹ്‍ലിയും കൂടി നേടിയ 100 റണ്‍സ് കൂട്ടുകെട്ടാണ് ഇന്ത്യന്‍ വിജയത്തിന്റെ അടിത്തറ.

കോഹ്‍ലി പതിഞ്ഞ രീതിയിലാണ് തുടങ്ങിയതെങ്കിലും രാഹുല്‍ പുറത്തായ ശേഷം തന്റെ വിശ്വ രൂപം പുറത്തെടുക്കുകായയിരുന്നു. ഋഷഭ് പന്തും(18) ശ്രേയസ്സ് അയ്യരും(4) പുറത്തായെങ്കിലും ഒരു വശത്ത് വിന്‍ഡീസ് ബൗളിംഗിന തച്ച് തകര്‍ത്ത് ഇന്ത്യന്‍ വിജയം കോഹ്‍ലി ഉറപ്പാക്കി.

50 പന്തില്‍ നിന്ന് 94 റണ്‍സ് നേടിയ കോഹ്‍ലി പുറത്താകാതെ 6 വീതം സിക്സും ഫോറുമാണ് തന്റെ ഇന്നിംഗ്സില്‍ നേടിയത്. ലോകേഷ് രാഹുല്‍ 40 പന്തില്‍ നിന്ന് 5 ഫോറും 4 സിക്സും സഹിതം 62 റണ്‍സ് നേടി. കെസ്രിക് വില്യംസിനെ സിക്സര്‍ പറത്തി 18.4 ഓവറിലാണ് ഇന്ത്യ ആറ് വിക്കറ്റ് വിജയം ഉറപ്പാക്കിയത്.

വിന്‍ഡീസിനായി ഖാരി പിയറി രണ്ടും പൊള്ളാര്‍ഡ്, കോട്രെല്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

Exit mobile version