46 റണ്‍സ് വിജയം, സെമിയുറപ്പാക്കി ഇംഗ്ലണ്ട്

വിന്‍ഡീസിനെതിരെ 46 റണ്‍സ് വിജയത്തോടെ വനിത ടി20 ലോകകപ്പില്‍ സെമി ഫൈനല്‍ സ്ഥാനം ഉറപ്പാക്കി ഇംഗ്ലണ്ട്. ആദ്യം ബാറ്റ് ചെയ്ത് നത്താലി സ്കിവറിന്റെ അര്‍ദ്ധ ശതകത്തിന്റെ ബലത്തില്‍ 143 റണ്‍സ് നേടി ഇംഗ്ലണ്ട് എതിരാളികളെ 97 റണ്‍സിന് പുറത്താക്കുകയായിരുന്നു. 17.1 ഓവറില്‍ വെസ്റ്റ് ഇന്‍ഡീസ് ഓള്‍ഔട്ട് ആകുകയായിരുന്നു.

20 റണ്‍സ് നേടി ലീ-ആന്‍ കിര്‍ബി ആണ് വിന്‍ഡീസ് നിരയിലെ ടോപ് സ്കോറര്‍. 3 വിക്കറ്റ് നേടിയ സോഫി എക്സെല്‍സ്റ്റോണ്‍ ആണ് ഇംഗ്ലണ്ട് നിരയിലെ തിളങ്ങിയത്. 3.1 ഓവറില്‍ 7 റണ്‍സാണ് താരം വിട്ട് നല്‍കിയത്. സാറ ഗ്ലെന്‍ 2 വിക്കറ്റും നേടി.

സ്കിവറിന് അര്‍ദ്ധ ശതകം, ഇംഗ്ലണ്ടിന് 143 റണ്‍സ്

വനിത ലോക ടി20യില്‍ ഇംഗ്ലണ്ടിന് 143 റണ്‍സ്. വിന്‍ഡീസിനെതിരെ ആദ്യം ബാറ്റ് ചെയ്ത ടീം അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ഈ സ്കോര്‍ നേടിയത്. നത്താലി സ്കിവറുടെ അര്‍ദ്ധ ശതകമാണ് ഇംഗ്ലണ്ടിനെ പൊരുതാവുന്ന സ്കോറിലേക്ക് നയിച്ചത്. അവസാന മൂന്നോവറില്‍ നേടിയ 36 റണ്‍സാണ് ടീമിനെ തുണച്ചത്. ആദ്യ ഓവറില്‍ തന്നെ താമി ബ്യൂമോണ്ടിനെ നഷ്ടമായ ശേഷം ഇംഗ്ലണ്ടിനെ നത്താലി സ്കിവറും ഡാനിയേല്‍ വയട്ടും ചേര്‍ന്നാണ് മുന്നോട്ട് നയിച്ചത്.

50 റണ്‍സ് കൂട്ടുകെട്ട് രണ്ടാം വിക്കറ്റില്‍ നേടിയ ശേഷം വയട്ട് 29 റണ്‍സ് നേടി പുറത്താകുകയായിരുന്നു. സ്കിവര്‍ 57 റണ്‍സ് നേടിയപ്പോള്‍ ക്യാപ്റ്റന്‍ ഹീത്തര്‍ നൈറ്റ് റണ്ണൗട്ട് രൂപത്തില്‍ പുറത്തായി. 13 പന്തില്‍ 23 റണ്‍സ് നേടി ആമി എല്ലെന്‍ ജോണ്‍സും 4 പന്തില്‍ 10 റണ്‍സ് നേടി കാത്തറിന്‍ ബ്രണ്ടുമാണ് 143 എന്ന ഭേദപ്പെട്ട സ്കോറിലേക്ക് ഇംഗ്ലണ്ടിനെ നയിച്ചത്.

ശ്രീലങ്കയുടെ ടി20 സ്ക്വാഡിലേക്ക് മടങ്ങിയെത്തി തിസാര പെരേരയും നുവാന്‍ പ്രദീപും

വിന്‍ഡീസിനെതിരെയുള്ള രണ്ട് മത്സരങ്ങളുടെ ടി20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ശ്രീലങ്ക. സ്ക്വാഡിലേക്ക് തിസാര പെരേര, ഷെഹാന്‍ ജയസൂര്യ, നുവാന്‍ പ്രദീപ് എന്നിവരെ തിരികെ വിളിച്ചപ്പോള്‍ കസുന്‍ രജിത, ഭാനുക രാജപക്സ, ഒഷാഡ ഫെര്‍ണാണ്ടോ എന്നിവരെ ഒഴിവാക്കി.

മാര്‍ച്ച് 4, 6 തീയ്യതികളിലാണ് മത്സരങ്ങള്‍ അരങ്ങേറുക.

Sri Lanka squad: Lasith Malinga (capt), Niroshan Dickwella (vice-capt, wk), Avishka Fernando, Kusal Perera, Danushka Gunathilaka, Kusal Mendis, Shehan Jayasuriya, Dasun Shanaka, Wanindu Hasaranga, Akila Dananjaya, Lakshan Sandakan, Isuru Udana, Kasun Rajitha, Lahiru Kumara, Lahiru Madushanka

നാണംകെട്ട് വിന്‍ഡീസ്, ശ്രീലങ്കയുടെ വിജയം 161 റണ്‍സിന്

345 റണ്‍സെന്ന ശ്രീലങ്കയുടെ പടുകൂറ്റന്‍ സ്കോര്‍ പിന്തുടര്‍ന്ന വിന്‍ഡീസിന് നാണംകെട്ട തോല്‍വി. ഇന്ന് നടന്ന മത്സരത്തില്‍ 184 റണ്‍സിന് 39.1 ഓവറില്‍ വിന്‍ഡീസ് ഓള്‍ഔട്ട് ആയപ്പോള്‍ മത്സരത്തില്‍ ശ്രീലങ്ക 161 റണ്‍സിന്റെ വിജയമാണ് നേടിയത്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയ്ക്കായി അവിഷ്ക ഫെര്‍ണാണ്ടോയും കുശല്‍ മെന്‍ഡിസും ശതകങ്ങള്‍ നേടിയപ്പോളാണ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 345 റണ്‍സെന്ന വലിയ സ്കോര്‍ ശ്രീലങ്ക നേടിയത്.

അവിഷ്ക 127 റണ്‍സും കുശല്‍ മെന്‍ഡിസ് 119 റണ്‍സുമാണ് നേടിയത്. 9/2 എന്ന നിലയിലേക്ക് വീണ ലങ്കയ്ക്കായി 239 റണ്‍സിന്റെ കൂറ്റന്‍ കൂട്ടുകെട്ടാണ് ഇവര്‍ മൂന്നാം വിക്കറ്റില്‍ നേടിയത്. തിസാര പെരേര 36 റണ്‍സ് നേടിയപ്പോള്‍ ചുരുങ്ങിയ പന്തുകളില്‍ വേഗത്തില്‍ സ്കോറിംഗ് നടത്തി ധനന്‍ജയ ഡിസില്‍വ(12), വനിഡു ഹസരംഗ(17), ഇസ്രു ഉഡാന(17*) എന്നിവരും തിളങ്ങി. വിന്‍ഡീസിനായി ഷെല്‍ഡണ്‍ കോട്രെല്‍ നാലും അല്‍സാരി ജോസഫ് മൂന്നും വിക്കറ്റ് നേടി.

51 റണ്‍സ് നേടിയ ഷായി ഹോപും 31 റണ്‍സ് നേടിയ നിക്കോളസ് പൂരനും മാത്രമാണ് വിന്‍ഡീസ് നിരയില്‍ തിളങ്ങിയത്. മൂന്ന് വീതം വിക്കറ്റുമായി ലക്ഷന്‍ സണ്ടകനും വനിഡു ഹസരംഗയ്ക്കും രണ്ട് വിക്കറ്റ് നേടി നുവാന്‍ പ്രദീപുമാണ് ലങ്കന്‍ ബൗളര്‍മാരിലെ താരങ്ങള്‍.

വിന്‍ഡീസിനെതിരെ ജയം കരസ്ഥമാക്കി പാക്കിസ്ഥാന്‍

വനിത ടി20 ലോകകപ്പില്‍ 8 വിക്കറ്റ് ജയവുമായി പാക്കിസ്ഥാന്‍. ഇന്ന് നടന്ന രണ്ടാമത്തെ മത്സരത്തില്‍ ഗ്രൂപ്പ് ബിയിലെ ടീമുകളായ പാക്കിസ്ഥാനും വിന്‍ഡീസുമാണ് ഏറ്റുമുട്ടിയത്. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 7 വിക്കറ്റ് നഷ്ടത്തില്‍ 124 റണ്‍സ് നേടിയപ്പോള്‍ ലക്ഷ്യം 18.2 ഓവറില്‍ പാക്കിസ്ഥാന്‍ 2 വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു.

ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസിനായി സ്റ്റഫാനി ടെയിലര്‍(43), ഷമൈന്‍ കാംപെല്‍(43) എന്നിവരുടെ പ്രകടനമാണ് 124 റണ്‍സിലേക്ക് വിന്‍ഡീസിനെ നയിച്ചത്. പാക്കിസ്ഥാന്‍ നിരയില്‍ രണ്ട് വീതം വിക്കറ്റുമായി ഡയാന ബൈഗ്, ഐമന്‍ അന്‍വര്‍, നിദ ദാര്‍ എന്നിവര്‍ ബൗളിംഗില്‍ തിളങ്ങി.

പാക്കിസ്ഥാനായി ബിസ്മ മഹ്റൂഫ്(39*), മുനീബ അലി(25), ജവേരിയ ഖാന്‍(35), നിദ ഡാര്‍(18*) എന്നിവരാണ് വിജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ചത്.

തായ്‍ലാന്‍ഡിനെതിരെ ഏഴ് വിക്കറ്റ് വിജയം നേടി വിന്‍ഡീസ് വനിതകള്‍

വനിത ടി20 ലോകകപ്പില്‍ തായ്‍ലാന്‍ഡിനെതിരെ വിജയവുമായി വിന്‍ഡീസ്. വിന്‍ഡീസിനെ തായ്‍ലാന്‍ഡ് ബൗളര്‍മാര്‍ ആദ്യം വിറപ്പിച്ചുവെങ്കിലും മധ്യനിരയുടെ പ്രകടനം ടീമിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. 78 റണ്‍സിന് തായ്‍ലാന്‍ഡിനെ പിടിച്ച് കെട്ടിയ ശേഷം ലക്ഷ്യം 16.4 ഓവറിലാണ് മൂന്ന് വിക്കറ്റ് നഷ്ടവുമായി വിന്‍ഡീസ് മറികടന്നത്.

റണ്ണൗട്ടുകള്‍ വിന്‍ഡീസിന് വിനയായപ്പോള്‍ ടീം 27/3 എന്ന നിലയില്‍ പരുങ്ങലിലായെങ്കിലും ക്യാപ്റ്റന്‍ സ്റ്റെഫാനി ടെയിലറും ഷെമൈന്‍ കാംപെല്ലും ചേര്‍ന്ന് ടീമിനെ നാലാം വിക്കറ്റില്‍ 53 റണ്‍സ് കൂട്ടുകെട്ടുമായി വിജയത്തിലേക്ക് നയിക്കുകയായിരുന്നു. സ്റ്റെഫാനി 26 റണ്‍സും ഷെമൈന്‍ 25 റണ്‍സും നേടിയാണ് അപരാജിത കൂട്ടുകെട്ടിലൂടെ ടീമിന്റെ വിജയം ഉറപ്പാക്കിയത്. ഹെയ്‍ലി മാത്യൂസ് 16 റണ്‍സ് നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത തായ്‍ലാന്‍ഡിന് വേണ്ടി 33 റണ്‍സ് നേടിയ നാന്നാപാട് കൊഞ്ചാറോയന്‍കായ് ആണ് ടോപ് സ്കോറര്‍. മറ്റാര്‍ക്കും തന്നെ ശ്രദ്ധേയമായ പ്രകടനം പുറത്തെടുക്കുവാനായില്ല. സ്റ്റെഫാനി ടെയിലര്‍ ബൗളിംഗില്‍ മൂന്ന് വിക്കറ്റുമായി തിളങ്ങുകയായിരുന്നു.

ശതകവുമായി ഒറ്റയ്ക്ക് പൊരുതി ഷായി ഹോപ്, അവസാന ഓവറുകളില്‍ അടിച്ച് തകര്‍ത്ത് കീമോ പോള്‍ ഹെയ്ഡന്‍ വാല്‍ഷ് കൂട്ടുകെട്ട്

ശ്രീലങ്കയ്ക്കെതിരെ കൊളംബോയിലെ ആദ്യ ഏകദിനത്തില്‍ 289/7 റണ്‍സ് നേടി വിന്‍ഡീസ്. ഷായി ഹോപ് ഒഴികെ മറ്റു താരങ്ങള്‍ ക്രീസില്‍ അധിക നേരം നിലയുറപ്പിക്കുവാനാകാതെ മടങ്ങിയപ്പോള്‍ ശ്രീലങ്കയ്ക്കെതിരെ വിന്‍ഡീസിന് 50 ഓവറില്‍ നിന്ന് 289 റണ്‍സ് നേടി. അവസാന ഓവറുകളില്‍ കീമോ പോള്‍-ഹെയ്ഡന്‍ വാല്‍ഷ് കൂട്ടുകെട്ട് നേടിയ റണ്ണുകള്‍ വിന്‍ഡീസിനെ പൊരുതാവുന്ന സ്കോറിലേക്ക് എത്തിയ്ക്കുകയായിരുന്നു. 20 പന്തില്‍ നിന്ന് 49 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്.

ഷായി ഹോപ് തന്റെ ശതകവുമായി പൊരുതി നിന്നപ്പോള്‍ റോഷ്ടണ്‍ ചേസാണ് റണ്‍സ് കണ്ടെത്തിയ മറ്റൊരു താരം. സുനില്‍ ആംബ്രിസിനെ തുടക്കത്തില്‍ നഷ്ടമായ ശേഷം രണ്ടാം വിക്കറ്റില്‍ ഡാരെന്‍ ബ്രാവോയുമായി(39) ചേര്‍ന്ന് 77 റണ്‍സ് നേടിയ ഷായി ഹോപ് മൂന്നാം വിക്കറ്റില്‍ റോഷ്ടണ്‍ ചേസുമായി മികവാര്‍ന്ന കൂട്ടുകെട്ടാണ് പുറത്തെടുത്തത്. ഇരുവരും ചേര്‍ന്ന് 95 റണ്‍സ് നേടി ടീമിനെ മുന്നോട്ട് നയിക്കുന്നതിനിടയിലാണ് 41 റണ്‍സ് നേടിയ ചേസിനെ വിന്‍ഡീസിന് നഷ്ടമായത്.

172/2 എന്ന നിലയില്‍ നിന്ന് പിന്നീട് തുടരെ വിക്കറ്റുകള്‍ വിന്‍ഡീസിന് നഷ്ടമാകുന്നതാണ് കണ്ടത്. ഇതിനിടെ തന്റെ 9ാം ഏകദിന ശതകം നേടുകയായിരുന്നു.115 റണ്‍സ് നേടിയ ഹോപ് 45.1 ഓവറില്‍ ഇസ്രു ഉഡാനയ്ക്ക് വിക്കറ്റ് നല്‍കി മടങ്ങുകയായിരുന്നു.

അവസാന ഓവറുകളില്‍ കീമോ പോളിന്റെയും ഹെയ്ഡന്‍ വാല്‍ഷിന്റെയും പ്രകടനമാണ് വിന്‍ഡീസിനെ 289 റണ്‍സിലേക്ക് എത്തിച്ചത്. കീമോ പോള്‍ 17 പന്തില്‍ നിന്ന് 32 റണ്‍സും ഹെയ്‍ഡന്‍ വാല്‍ഷ് 8 പന്തില്‍ നിന്ന് 20 റണ്‍സും നേടിയപ്പോള്‍ അവസാന ആറോവറില്‍ വിന്‍ഡീസ് 66 റണ്‍സാണ് അടിച്ചെടുത്തത്.

ശ്രീലങ്കയ്ക്ക് വേണ്ടി ഇസ്രു ഉഡാനയാണ് ശ്രദ്ധേയമായ പ്രകടനം പുറത്തെടുത്തത്. 9 ഓവറില്‍ നിന്ന് 67 റണ്‍സ് വഴങ്ങിയെങ്കിലും വിന്‍ഡീസ് നിരയിലെ വമ്പനടിക്കാരെ ഉള്‍പ്പെടെ മൂന്ന് നിര്‍ണ്ണായക വിക്കറ്റ് താരം നേടി.

വിന്‍ഡീസിനെതിരെയുള്ള ലങ്കയുടെ ഏകദിന സ്ക്വാഡ് പ്രഖ്യാപിച്ചു

വിന്‍ഡീസിനെതിരെയുള്ള ശ്രീലങ്കയുടെ ഏകദിന സ്ക്വാഡ് പ്രഖ്യാപിച്ചു. ദിമുത് കരുണാരത്നേ നയിക്കുന്ന ടീമിലേക്ക് തിസാര പെരേരയെയും നിരോഷന്‍ ഡിക്ക്വെല്ലയെയും തിരികെ വിളിച്ചിട്ടുണ്ട്. അതേ സമയം ധനുഷ്ക ഗുണതിലകയും ഒഷാഡ ഫെര്‍ണാണ്ടോയും ടീമില്‍ നിന്ന് പുറത്ത് പോകുന്നു. പരിക്കാണ് ഇരു താരങ്ങള്‍ക്കും തിരിച്ചടി സൃഷ്ടിച്ചിരിക്കുന്നത്.

ശ്രീലങ്ക: ദിമുത് കരുണാരത്നേ, അവിഷ്ക ഫെര്‍ണാണ്ടോ, കുശല്‍ ജനിത് പെരേര, ഷെഹാന്‍ ജയസൂര്യ, നിരോഷന്‍ ഡിക്ക്വെല്ല, കുശല്‍ മെന്‍ഡിസ്, ആഞ്ചലോ മാത്യൂസ്, ധനന്‍ജയ ഡി സില്‍വ, തിസാര പെരേര, ദസുന്‍ ഷനക, വനിന്‍ഡു ഹസരംഗ, ലക്ഷന്‍ സണ്ടകന്‍, ഇസ്രു ഉഡാന, നുവാന്‍ പ്രദീപ്, ലഹിരു കുമര

വിന്‍ഡീസിനെതിരെ രണ്ട് റണ്‍സ് വിജയം നേടി ഇന്ത്യ, അവസാന ഓവറില്‍ ജയം ഒരുക്കി പൂനം യാദവ്

ശിഖ പാണ്ടേയുടെ കരുത്തില്‍ 107 റണ്‍സിലേക്ക് എത്തിയ ഇന്ത്യയ്ക്ക് വിന്‍ഡീസിനെതിരെ 2 റണ്‍സ് വിജയം. ഇന്ത്യയുടെ ചെറിയ സ്കോര്‍ ചേസ് ചെയ്തിറങ്ങിയ വിന്‍ഡീസിന് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 105 റണ്‍സ് മാത്രമേ നേടാനായുള്ളു. അവസാന രണ്ടോവറിലേക്ക് മത്സരം കടന്നപ്പോള്‍ വിന്‍ഡീസിന് ജയിക്കുവാന്‍ 30 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. രാജേശ്വരി ഗായക്വാഡ് എറിഞ്ഞ 19ാം ഓവറില്‍ എന്നാല്‍ വിന്‍ഡീസ് മത്സരം തിരികെ തങ്ങളുടെ പക്ഷത്തേക്ക് മാറ്റുകയായിരുന്നു. മൂന്ന് ഫോറും ഒരു സിക്സും അടക്കം 19 റണ്‍സാണ് ഓവറില്‍ നിന്ന് അവര്‍ നേടിയത്.

അവസാന ഓവറില്‍ ജയിക്കുവാന്‍ 11 റണ്‍സ് ലക്ഷ്യം തേടിയിറങ്ങിയ വിന്‍ഡീസിന് ആദ്യ മൂന്ന് പന്തില്‍ നിന്ന് 7 റണ്‍സ് നേടനായി. എന്നാല്‍ അടുത്ത മൂന്ന് പന്തില്‍ ഒരു റണ്‍സ് മാത്രമേ ടീമിന് നേടാനായുള്ളു. രണ്ട് വിക്കറ്റുകളും ടീമിന് നഷ്ടമായി. ഇന്ത്യയുടെ പൂനം യാദവ് ആണ് അവസാന ഓവര്‍ എറിഞ്ഞത്. ആ ഓവറിലെ രണ്ട് വിക്കറ്റ് ഉള്‍പ്പെടെ മൂന്ന് വിക്കറ്റാണ് മത്സരത്തില്‍ പൂനം യാദവ് സ്വന്തമാക്കിയത്.

വിന്‍ഡീസിന് വേണ്ടി ലീ-ആന്‍ കിര്‍ബി 42 റണ്‍സും ഹെയ്‍ലി മാത്യൂസ് 25 റണ്‍സും നേടിയപ്പോള്‍ ചിനെല്ലേ ഹെന്‍റി 17 റണ്‍സ് നേടി. ഹെയ്‍ലി-ഹെന്‍റി കൂട്ടുകെട്ടാണ് അവസാന ഓവറുകളില്‍ ഇന്ത്യന്‍ ക്യാമ്പില്‍ പരിഭ്രാന്തി പരത്തിയത്.

കാറപടകത്തില്‍ പരിക്കേറ്റ് ഒഷെയ്ന്‍ തോമസ്

കഴിഞ്ഞ ഞായറാഴ്ചയുണ്ടായ കാറപകടത്തില്‍ പരിക്കേറ്റ് വിന്‍ഡീസ് പേസ് ബൗളര്‍ ഒഷെയ്ന്‍ തോമസ്. താരം ശ്രീലങ്കയ്ക്കെതിരെയുള്ള ഏകദിന സ്ക്വാഡിന്റെ ഭാഗമല്ലാത്തതിനാല്‍ ടി20 പരമ്പരയ്ക്ക് മുമ്പ് പരിക്ക് ഭേദമായി സെലക്ഷന് ലഭ്യമാകുമെന്നാണ് കരുതപ്പെടുന്നത്. അത് നടക്കുന്നില്ലെങ്കില്‍ താരത്തിന്റെ അടുത്ത ദൗത്യം ഐപിഎല്‍ ആയിരിക്കും. ഐപിഎലില്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടിയാണ് തോമസ് കളിക്കുന്നത്.

താരം അപകടശേഷവും സ്വബോധത്തിലായിരുന്നുവെന്നും പ്രതികരിക്കുന്നുണ്ടായിരുന്നുവെന്നാണ് വിന്‍ഡീസ് പ്ലേയേഴ്സ് അസോസ്സിയേഷന്‍ പത്രക്കുറിപ്പില്‍ അറിയിച്ചത്. താരം വേഗം സുഖം പ്രാപിക്കട്ടേയെന്നും അസോസ്സിയേഷന്‍ അറിയിച്ചു.

ഇന്ത്യയ്ക്ക് ബാറ്റിംഗ് തകര്‍ച്ച, നൂറ് കടത്തിയത് വാലറ്റത്തില്‍ ശിഖ പാണ്ടേയുടെ പോരാട്ട വീര്യം

ലോക വനിത ടി20യുടെ ഭാഗമായുള്ള സന്നാഹ മത്സരത്തില്‍ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. വിന്‍ഡീസിനെതിരെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 107 റണ്‍സ് മാത്രമേ നേടാനായുള്ളു. 16 പന്തില്‍ പുറത്താകാതെ 24 റണ്‍സ് നേടിയ ശിഖ പാണ്ടേ വാലറ്റത്തില്‍ പൊരുതി നിന്നാണ് ഇന്ത്യയുടെ സ്കോര്‍ നൂറ് കടത്തിയത്. 80/8 എന്ന് നിലയില്‍ ഇന്ത്യ നൂറിന് താഴെ ഓള്‍ഔട്ട് ആകുമെന്നാണ് കരുതിയതെങ്കിലും 9ാം വിക്കറ്റില്‍ ശിഖയും പൂനം യാദവും ചേര്‍ന്ന് 27 റണ്‍സാണ് കൂട്ടിചേര്‍ത്തത്. ഇതില്‍ പൂനം യാദവ് നേടിയത് 4 റണ്‍സായിരുന്നു.

ദീപ്തി ശര്‍മ്മയാണ് ടീമിലെ രണ്ടാമത്തെ ടോപ് സ്കോറര്‍. 21 റണ്‍സാണ് ദീപ്തി നേടിയത്. വിന്‍ഡീസിനായി അനീസ മുഹമ്മദ്, ഷാമിലിയ കോന്നെല്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

രവീന്ദ്ര ജഡേജയെ റണ്ണൗട്ട് വിധിച്ച രീതിയില്‍ അതൃപ്തി പ്രകടിപ്പിച്ച് വിരാട് കോഹ്‍ലി

ഇന്ത്യ – വിന്‍ഡീസ് ആദ്യ ഏകദിനത്തില്‍ രവീന്ദ്ര ജഡേജ ഔട്ടായ രീതി ശരിയല്ലന്ന് അഭിപ്രായപ്പെട്ട് വിരാട് കോഹ്‍ലി. ചെന്നൈയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ ഇന്നിംഗ്സിന്റെ 48ാം ഓവറിലാണ് സംഭവം. ഷോര്‍ട്ട് മിഡോഫില്‍ നിന്ന് റോഷ്ടണ്‍ ചേസ് എറിഞ്ഞ പന്ത് വിക്കറ്റില്‍ കൊണ്ടുവെങ്കിലും താരത്തിന്റെ അപ്പീല്‍ ഓണ്‍ ഫീല്‍ഡ് അമ്പയര്‍ നിരസിക്കുകയായിരുന്നു. എന്നാല്‍ പിന്നീട് ടെലിവിഷന്‍ ബ്രോഡ്കാസ്റ്റര്‍ പ്രക്ഷേപണം ചെയ്ത ഫ്രെയിമില്‍ താരം ക്രീസിലെത്തിയില്ലെന്ന് കാണുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് കീറണ്‍ പൊള്ളാര്‍ഡും മറ്റു താരങ്ങളും വീണ്ടും അപ്പീല്‍ ചെയ്യുകയും അമ്പയര്‍ മൂന്നാം അമ്പയറെ സമീപിക്കുകയായിരുന്നു.

ഇത്തരത്തില്‍ വൈകി വിധി കല്പിച്ചതില്‍ വിരാട് കോഹ‍്ലി അതൃപ്തി രേഖപ്പെടുത്തുകയും നാലാം അമ്പയറോട് വിശദീകരണം ചോദിക്കുകയും ഉണ്ടായിരുന്നു. അമ്പയര്‍ ആദ്യം നോട്ട് ഔട്ട് വിധിച്ചപ്പോള്‍ തന്നെ ആ സംഭവം അവിടെ തീര്‍ന്നുവെന്നും പുറത്ത് ടീവിയില്‍ നിന്ന് കണ്ട് ആളുകള്‍ അപ്പീല്‍ ചെയ്യുവാന്‍ ആവശ്യപ്പെടുന്നത് താന്‍ ക്രിക്കറ്റില്‍ ഇതിന് മുമ്പ് കണ്ടിട്ടില്ലെന്നും വിരാട് കോഹ്‍ലി വ്യക്തമാക്കി. ഈ സംഭവം നടന്നില്ലായിരുന്നുവങ്കില്‍ ഇന്ത്യയ്ക്ക് 15-20 റണ്‍സ് അധികം ലഭിച്ചേനെ എന്നും കോഹ്‍ലി പറഞ്ഞു.

എന്നാല്‍ ശരിയായ തീരുമാനമാണ് നടപ്പിലായതെന്നും അതാണ് ഏറ്റവും പ്രധാനമെന്നും വിന്‍ഡീസ് ക്യാപ്റ്റന്‍ കീറണ്‍ പൊള്ളാര്‍ഡ് വ്യക്തമാക്കി. ആദ്യം അമ്പയര്‍ തീരുമാനം എടുത്തില്ലെങ്കിലും അവസാനം ശരിയായ തീരുമാനം എടുത്തതാണ് പ്രധാനമെന്നും പൊള്ളാര്‍ഡ് പറഞ്ഞു.

Exit mobile version