ബോര്‍ഡ് പ്രസിഡന്റ്സ് ഇലവനെ കരുണ്‍ നായര്‍ നയിക്കും, ബേസില്‍ തമ്പി ടീമില്‍

വിന്‍ഡീസിനെതിരെ ബോര്‍ഡ് പ്രസിഡന്റ്സ് ഇലവനെ കരുണ്‍ നായര്‍ നയിക്കും. സെപ്റ്റംബര്‍ 29നു നടക്കുന്ന ദ്വിദിന മത്സരത്തിലാണ് ഇരു ടീമുകളും ഏറ്റുമുട്ടുന്നത്. വഡോദരയിലാണ് മത്സരം. ഇന്ത്യയുടെ ടെസ്റ്റ് ടീം മോഹികളായ മയാംഗ് അഗര്‍വാല്‍, പൃഥ്വി ഷാ, ഹനുമ വിഹാരി എന്നിവര്‍ ഉള്‍പ്പെടുന്ന ടീമാണ് ബോര്‍ഡ് പ്രസിഡന്റ് ഇലവന്‍.

സ്ക്വാഡ്: മയാംഗ് അഗര്‍വാല്‍, പൃഥ്വി ഷാ, ഹനുമ വിഹാരി, കരുണ്‍ നായര്‍, ശ്രേയസ്സ് അയ്യര്‍, അങ്കിത് ഭാവനേ, ഇഷാന്‍ കിഷന്‍, ജലജ് സക്സേന, സൗരഭ് കുമാര്‍, ബേസില്‍ തമ്പി, അവേഷ് ഖാന്‍, കെ വിഗ്നേഷ്, ഇഷാന്‍ പോറെല്‍

വിന്‍ഡീസ് പരമ്പരയ്ക്കായി പ്രത്യേകം തയ്യാറെടുപ്പുകള്‍: ഋഷഭ് പന്ത്

ഒക്ടോബര്‍ 4നു ആരംഭിക്കുന്ന വിന്‍ഡീസ് പരമ്പരയില്‍ അവസരം ലഭിയ്ക്കുന്നതിനായി തന്റെ വിക്കറ്റ് കീപ്പിംഗ് മെച്ചപ്പെടുത്തുവാനായി പ്രത്യേക തയ്യാറെടുപ്പുകള്‍ നടത്തുമെന്ന് അറിയിച്ച് ഋഷഭ് പന്ത്. രണ്ട് ടെസ്റ്റ് പരമ്പരകള്‍ക്കായി വിന്‍ഡീസ് ഇന്ത്യയിലെത്തുമ്പോള്‍ കീപ്പിംഗ് ദൗത്യം ഋഷഭ് പന്തിനോ ദിനേശ് കാര്‍ത്തിക്കിനെയോ ആവും ഏല്പിക്കുക. വൃദ്ധിമന്‍ സാഹയുടെ പരിക്ക് ഭേദപ്പെടാത്തതിനാലാണ് ഇത്.

നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലെ ടേണിംഗ് പിച്ചുകളില്‍ പരിശീലനം നടത്തുകയാണ് തന്റെ ലക്ഷ്യമെന്ന് പന്ത് ഇറിയിച്ചു. രാജ്കോട്ടിലെയും ഹൈദ്രാബാദിലെയും ടെസ്റ്റ് വേദികളിലേതിനു സമാനമായി കുത്തി തിരിയുന്ന പന്തുകളെ കീപ്പ് ചെയ്യുവാനാണ് തന്റെ ശ്രമമെന്നും പന്ത് പറഞ്ഞു. പരമ്പരയ്ക്ക് മു്പ് താന്‍ എന്‍സിഎ സന്ദര്‍ശിക്കുമെന്നും വിജയ് ഹസാരെ ട്രോഫി കളിക്കുന്ന പന്ത് അറിയിച്ചു.

അടുത്തിടെ പന്തിന്റെ ബാറ്റിംഗിനെ പ്രശംസിച്ച സെലക്ടര്‍ എംഎസ്‍കെ പ്രസാദ് താരത്തിന്റെ കീപ്പിംഗ് ഇനിയും ഏറെ മെച്ചപ്പെടാനുണ്ടെന്ന് അറിയിച്ചിരുന്നു. ഇംഗ്ലണ്ടില്‍ അശ്വിനും രവീന്ദ്ര ജഡേജയ്ക്കും വേണ്ടി കീപ്പിംഗ് ചെയ്തത് തന്റെ ആത്മവിശ്വാസം ഉയര്‍ത്തുന്നുവെന്നും പന്ത് പറഞ്ഞു. ഓവലിലെ പിച്ച് ഇന്ത്യന്‍ പിച്ചുകള്‍ക്ക് സമാനമായിരുന്നുവെന്നും പന്ത് കൂട്ടിചേര്‍ത്തു.

അല്‍സാരി ജോസഫിനു പകരം ഷെര്‍മാന്‍ ലൂയിസ് ഇന്ത്യ ടെസ്റ്റ് പരമ്പരയ്ക്ക്

ഒക്ടോബര്‍ 4നു ആരംഭിക്കുന്ന ഇന്ത്യയ്ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമില്‍ ഒരു മാറ്റം വരുത്തി വിന്‍ഡീസ്. പരിക്കേറ്റ അല്‍സാരി ജോസഫിനു പകരം ഷെര്‍മാന്‍ ലൂയിസിനെയാണ് ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇതുവരെ ടെസ്റ്റ് കളിച്ചിട്ടില്ലാത്ത ലൂയിസ് കഴിഞ്ഞ മാര്‍ച്ചിലാണ് ഫസ്റ്റ്-ക്ലാസ് അരങ്ങേറ്റം കുറിയ്ക്കുന്നത്. ഇന്ത്യ എ യ്ക്കെതിരെയുള്ള അനൗദ്യോഗിക ടെസ്റ്റില്‍ ഇരു ഇന്നിംഗ്സുകളിലും 4 വീതം വിക്കറ്റ് നേടിയിരുന്നു ലൂയിസ്.

അതേ സമയം പരിക്കേറ്റ അല്‍സാരി ജോസഫ് വീണ്ടും റീഹാബിലേഷന്‍ പ്രോഗ്രാം തുടരുമെന്ന് വിന്‍ഡീസ് ബോര്‍ഡ് അറിയിച്ചിട്ടുണ്ട്.

ലക്നൗവില്‍ അന്താരാഷ്ട്ര മത്സര അരങ്ങേറ്റം, നവംബര്‍ ഒന്നിനു തിരുവനന്തപുരത്ത് ഏകദിനം

ക്രിക്കറ്റ് അന്താരാഷ്ട്ര ഭൂപടത്തില്‍ ഇടം പിടിക്കാനൊരുങ്ങി ലക്നൗ. വിന്‍ഡീസ് പരമ്പരയ്ക്കിടെ ടി20 മത്സരത്തിനു ആതിഥ്യം വഹിക്കുന്നതോടെയാണ് ലക്നൗവും അന്താരാഷ്ട്ര ക്രിക്കറ്റില്‍ സജീവമാകുവാന്‍ പോകുന്നത്. നവംബര്‍ 6നു നടക്കുന്ന രണ്ടാം ടി20 മത്സരത്തിലാവും ലക്നൗ ഇന്ത്യ-വിന്‍ഡീസ് പരമ്പരയില്‍ വേദിയാവുക. രണ്ട് ടെസ്റ്റും അഞ്ച് ഏകദിനങ്ങളും മൂന്ന് ടി20 മത്സരങ്ങളുമാണ് വിന്‍ഡീസ് ഇന്ത്യയില്‍ കളിക്കുക.

ഇന്ന് ബിസിസിഐ മത്സരങ്ങളുടെ പൂര്‍ണ്ണ ഫിക്സ്ച്ചറുകള്‍ പുറത്ത് വിടുകയായിരുന്നു.

ടെസ്റ്റ് മത്സരങ്ങള്‍: ഒക്ടോബര്‍ നാല് – രാജ്കോട്ട്, ഒക്ടോബര്‍ 12 ഹൈദ്രാബാദ്

ഏകദിനങ്ങള്‍ – ഒക്ടോബര്‍ 21 – ഗുവഹാട്ടി, ഒക്ടോബര്‍ 24 – ഇന്‍ഡോര്‍, ഒക്ടോബര്‍ 27 – പൂനെ, ഒക്ടോബര്‍ 29 – മുംബൈ, നവംബര്‍ 1 – തിരുവനന്തപുരം

ടി20 മത്സരങ്ങള്‍: നവംബര്‍ 4 – കൊല്‍ക്കത്ത, നവംബര്‍ 6 -ലക്നൗ, നവംബര്‍ -11 ചെന്നൈ

ഇന്ത്യന്‍ ടെസ്റ്റ് പരമ്പരയില്‍ നിന്ന് ഡെവണ്‍ സ്മിത്തിനെ ഒഴിവാക്കി വിന്‍ഡീസ്

ഇന്ത്യയ്ക്കെതിരെ ഒക്ടോബറില്‍ ആരംഭിക്കുന്ന രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലേക്കുള്ള ടീമില്‍ നിന്ന് ഡെവണ്‍ സ്മിത്തിനെ ഒഴിവാക്കി വിന്‍ഡീസ്. 15 അംഗ സ്ക്വാഡിലേക്ക് സ്മിത്തിനു പകരം സുനില്‍ അംബ്രിസ് തിരികെ മടങ്ങിയെത്തുന്നു. മടങ്ങി വരവില്‍ സ്മിത്ത് 9 ഇന്നിംഗ്സുകളില്‍ നിന്ന് രണ്ട് അര്‍ദ്ധ ശതകങ്ങള്‍ നേടിയിരുന്നുവെങ്കിലും മറ്റു ഇന്നിംഗ്സുകളില്‍ അഞ്ചെണ്ണത്തില്‍ താരം ഒറ്റയക്കത്തിനു പുറത്താകുകയായിരുന്നു.

സ്ക്വാ‍‍ഡ്: ജേസണ്‍ ഹോള്‍ഡര്‍, സുനില്‍ അംബ്രിസ്, ദേവേന്ദ്ര ബിഷൂ, ക്രെയിഗ് ബ്രാത്‍വൈറ്റ്, റോഷ്ടണ്‍ ചേസ്, ഷെയിന്‍ ഡോവ്റിച്ച്, ഷാനണ്‍ ഗബ്രിയേല്‍, ജാഹ്മര്‍ ഹാമിള്‍ട്ടണ്‍, ഷിമ്രണ്‍ ഹെറ്റ്മ്യര്‍, ഷായി ഹോപ്, അല്‍സാരി ജോസഫ്, കീമോ പോള്‍, കീറണ്‍ പവല്‍, കെമര്‍ റോച്ച്, ജോമെല്‍ വാരിക്കന്‍

ദേവേന്ദ്ര ബിഷുവിനു കൂട്ടായി ജോമെല്‍ വാരിക്കന്‍ സ്പിന്‍ ഡിപ്പാര്‍ട്മെന്റിലേക്ക് എത്തുന്നതും ടീമിനു ഗുണകരമാകുമെന്ന് കരുതുന്നു. ഇന്ത്യന്‍ പര്യടനത്തില്‍ വിന്‍ഡീസ് രണ്ട് ടെസ്റ്റുകളും അഞ്ച് ഏകദിനങ്ങളും മൂന്ന് ടി20 മത്സരങ്ങളുമാണ് കളിക്കുന്നത്.

നാക്ക് പിഴച്ചു, ആഷ്‍ലി നഴ്സിനു പിഴ

വിന്‍ഡീസ്-ബംഗ്ലാദേശ് ടി20 പരമ്പരയിലെ അവസാന ടി20 മത്സരത്തിനിടെ അസഭ്യം പറഞ്ഞതിനു വിന്‍ഡീസ് ഓഫ് സ്പിന്നര്‍ ആഷ്‍ലി നഴ്സിനു ഒരു ഡീ മെറിറ്റ് പോയിന്റ് പിഴയായി വിധിച്ചു. തന്റെ ആദ്യ ഓവറിലെ അവസാന പന്തില്‍ എതിര്‍ താരം ബൗണ്ടറി പായിച്ചപ്പോളാണ് അസഭ്യം പറഞ്ഞത് സ്റ്റംപ് മൈക്കില്‍ പതിഞ്ഞത്. താരത്തിനെതിരെ 2.1.4 ആര്‍ട്ടിക്കിള്‍ പ്രകാരം പെരുമാറ്റ ചട്ടത്തിന്റെ ലംഘനമാണ് ചുമത്തിയിരിക്കുന്നത്.

ടൂര്‍ണ്ണമെന്റിനിടെ ഇത് മൂന്നാമത്തെ താരത്തിനെതിരെയാണ് നടപടി. നേരത്തെ റൂബല്‍ ഹൊസൈനും അബു ഹൈദറിനും എതിരെ ഐസിസി നടപടിയുണ്ടായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

മഴ നിയമത്തില്‍ വിന്‍ഡീസിനു തോല്‍വി, ടി20 പരമ്പര സ്വന്തമാക്കി ബംഗ്ലാദേശ്

185 റണ്‍സ് ചേസ് ചെയ്ത വിന്‍ഡീസ് 17.1 ഓവറില്‍ 135/7 എന്ന നിലയില്‍ നില്‍ക്കെ മഴ തടസ്സമായി എത്തിയപ്പോള്‍ 19 റണ്‍സിന്റെ ഡക്ക്വര്‍ത്ത് ലൂയിസ് വിജയം നേടി ബംഗ്ലാദേശ്. ഇതോടെ വിന്‍ഡീസിനെതിരെയുള്ള ടി20 പരമ്പര 2-1 നു ബംഗ്ലാദേശ് സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിനെ 184 റണ്‍സെന്ന മികച്ച സ്കോറിലേക്ക് നയിച്ചത് ലിറ്റണ്‍ ദാസിന്റെ വെടിക്കെട്ട് അര്‍ദ്ധ ശതകമാണ്. 32 പന്തില്‍ നിന്ന് 61 റണ്‍സാണ് താരം നേടിയത്.

മഹമ്മദുള്ള(20 പന്തില്‍ 32*), ഷാക്കിബ് അല്‍ ഹസന്‍(24), തമീം ഇക്ബാല്‍(13 പന്തില്‍ 21) എന്നിവരാണ് തിളങ്ങിയ മറ്റു താരങ്ങള്‍. 5 വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സ് നേടിയ ബംഗ്ലാദേശിനു വേണ്ടി ആരിഫുള്‍ ഹക്ക് 18 റണ്‍സ് നേടി പുറത്താകാതെ നിന്നു. വിന്‍ഡീസിനു വേണ്ടി കാര്‍ലോസ് ബ്രാത്‍വൈറ്റ്, കീമോ പോള്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

ടോപ് ഓര്‍ഡറിന്റെ പരാജയമാണ് വിന്‍ഡീസിനു തിരിച്ചടിയായത്. ആന്‍ഡ്രേ റസ്സല്‍ 21 പന്തില്‍ 6 സിക്സുകളുടെ സഹായത്തോടെ 47 റണ്‍സ് നേടിയാണ് വിന്‍ഡീസിന്റെ തോല്‍വിയുടെ ആഘാതം കുറച്ചത്. റോവ്മന്‍ പവല്‍ 23 റണ്‍സും ദിനേഷ് രാംദിന്‍ 21 റണ്‍സും നേടി. ബംഗ്ലാദേശിനു വേണ്ടി മുസ്തഫിസുര്‍ റഹ്മാന്‍ മൂന്ന് വിക്കറ്റ് നേടി തിളങ്ങി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

12 റണ്‍സ് ജയം നേടി ബംഗ്ലാദേശ്, പരമ്പരയില്‍ ഒപ്പം

വിന്‍ഡീസിനെതിരെ 12 റണ്‍സ് ജയം നേടി ബംഗ്ലാദേശ്. ഇതോടെ ടി20 പരമ്പരയില്‍ ഓരോ മത്സരങ്ങള്‍ ജയിച്ച് ഇരു ടീമുകളും ഒപ്പത്തിനൊപ്പം നില്‍ക്കുകയാണ്. തമീം ഇക്ബാല്‍(74), ഷാക്കിബ് അല്‍ ഹസന്‍(60) എന്നിവരുടെ ബാറ്റിംഗ് മികവില്‍ ബംഗ്ലാദേശ് 5 വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസിനു 159/9 എന്ന സ്കോര്‍ മാത്രമേ നേടാനായുള്ളു.

ആന്‍ഡ്രേ ഫ്ലെച്ചര്‍(43), റോവ്മന്‍ പവല്‍(43) എന്നിവര്‍ മാത്രമാണ് വിന്‍ഡീസ് നിരയില്‍ പൊരുതി നോക്കിയത്. ബൗളിംഗില്‍ ബംഗ്ലാദേശിനായി മുസ്തഫിസുര്‍ റഹ്മാന്‍, നസ്മുള്‍ ഇസ്ലാം എന്നിവര്‍ മൂന്ന് വീതം വിക്കറ്റ് വീഴ്ത്തി. ഷാക്കിബിനു രണ്ട് വിക്കറ്റ് ലഭിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സീനിയര്‍ താരങ്ങളുടെ മികവില്‍ മികച്ച സ്കോര്‍ നേടി ബംഗ്ലാദേശ്

സീനിയര്‍ താരങ്ങളായ തമീം ഇക്ബാലും ഷാക്കിബ് അല്‍ ഹസനും തിളങ്ങിയ ഫ്ലോറിഡയിലെ രണ്ടാം ടി20 മത്സരത്തില്‍ മികച്ച സ്കോര്‍ നേടി ബംഗ്ലാദേശ്. ടോസ് നേടിയ വിന്‍ഡീസ് ബംഗ്ലാദേശിനോട് ആദ്യം ബാറ്റ് ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തിലാണ് ടീം 171 റണ്‍സ് നേടിയത്. തുടക്കത്തില്‍ തുടരെ വിക്കറ്റുകള്‍ നഷ്ടമായ ബംഗ്ലാദേശ് 4ാം വിക്കറ്റ് കൂട്ടുകെട്ടില്‍ തമീം ഇക്ബാല്‍ – ഷാക്കിബ് അല്‍ ഹസന്‍ കൂട്ടുകെട്ട് നേടിയ 90 റണ്‍സിന്റെ ബലത്തില്‍ മികച്ച സ്കോറിലേക്ക് നീങ്ങുകയായിരുന്നു.

44 പന്തില്‍ നിന്ന് 74 റണ്‍സമാണ് തമീം ഇക്ബാല്‍ നേടിയത്. 6 ബൗണ്ടറിയും 4 സിക്സുമാണ് താരം നേടിയത്. ഷാക്കിബ് 38 പന്തില്‍ 60 റണ്‍സ് നേടി അവസാന ഓവറില്‍ പുറത്തായി. മഹമ്മദുള്ള 13 റണ്‍സ് നേടി പുറത്താകാതെ നിന്നു. ആഷ്‍ലി നഴ്സ്, കീമോ പോള്‍ എന്നിവര്‍ വിന്‍ഡീസിനായി രണ്ട് വീതം വിക്കറ്റ് നേടി. ആന്‍ഡ്രേ റസ്സലിനാണ് ഒരു വിക്കറ്റ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഫ്ലോറിഡയിലെ ബംഗ്ലാദേശി ആരാധകര്‍ ഞങ്ങളെ പ്രോത്സാഹിപ്പിക്കുവാനെത്തുമെന്ന് പ്രതീക്ഷിക്കുന്നു: ഷാകിബ്

വിന്‍ഡീസ് ബംഗ്ലാദേശ് ടി20 പരമ്പര കരീബിയന്‍ ദ്വീപില്‍ നിന്ന് അമേരിക്കയിലേക്ക് ചേക്കേറിയപ്പോള്‍ ഫ്ലോറിഡയിലെ ബംഗ്ലാദേശ് സ്വദേശികള്‍ ക്രിക്കറ്റ് കാണാനെത്തി തങ്ങളെ പ്രോത്സാഹിപ്പിക്കുവാന്‍ എത്തുമെന്ന് വിശ്വാസം പ്രകടിപ്പിച്ച് ബംഗ്ലാദേശ് നായകന്‍ ഷാകിബ് അല്‍ ഹസന്‍. ആദ്യ മത്സരത്തില്‍ ബംഗ്ലാദേശ് ഡക്ക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം 7 വിക്കറ്റിന്റെ തോല്‍വിയേറ്റു വാങ്ങിയിരുന്നു.

ഇന്ന് നടക്കുന്ന രണ്ടാം ടി20 മത്സരം സെന്‍ട്രല്‍ ബ്രോവാര്‍ഡ് റീജണല്‍ പാര്‍ക്കിലാണ് നടക്കുന്നത്. ഇവിടെ നടക്കുന്ന പല മത്സരങ്ങളും വലിയ സ്കോറുകള്‍ പിറക്കാറാണ് പതിവ്. വിന്‍ഡീസ് നിരയിലെ വെടിക്കെട്ട് വീരന്മാര്‍ ഇന്ന് തങ്ങള്‍ക്കത്തരമൊരു വിരുന്നൊരുക്കുമെന്നാണ് ക്രിക്കറ്റ് ആരാധകരുടെ പ്രതീക്ഷ.

കാഴ്ചക്കാരില്‍ ബംഗ്ലാദേശി സമൂഹം ഏറെയുണ്ടാകുമെന്നും അവര്‍ ബംഗ്ലാദേശ് ടീമിനു ആവേശം പകരുമെന്നുമാണ് ബംഗ്ലാദേശ് നായകന്റെ പ്രതീക്ഷ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഞങ്ങളുടെ ടീമില്‍ ആന്‍ഡ്രേ റസ്സല്‍ ഇല്ലായിരുന്നു: ഷാകിബ് അല്‍ ഹസന്‍

ആന്‍ഡ്രേ റസ്സലിനെ പോലെ പവര്‍ ഹിറ്റിംഗിനു പേരുകേട്ടൊരു താരം തന്റെ ടീമില്‍ ഇല്ലാതെ പോയതാണ് ആദ്യ ടി20യിലെ തോല്‍വിയ്ക്ക് കാരണമെന്ന് പറഞ്ഞ് ബംഗ്ലാദേശ് നായകന്‍ ഷാകിബ് അല്‍ ഹസന്‍. തന്റെ ടീമില്‍ ആന്‍ഡ്രേ റസ്സലിനെപ്പോലൊരു താരമുണ്ടായിരുന്നുവെങ്കില്‍ കാര്യങ്ങള്‍ മാറി മറിഞ്ഞേനെയെന്നാണ് ആദ്യ മത്സരത്തിലെ തോല്‍വിയെക്കുറിച്ച് ഷാകിബ് പറഞ്ഞത്.

ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ഒരു ഘടത്തില്‍ 11 ഓവറില്‍ 100/1 എന്ന നിലയിലായിരുന്നു. അവിടെ നിന്ന് അഞ്ച് വിക്കറ്റുകള്‍ നഷ്ടപ്പെട്ടതോടെ ടീം പ്രതിരോധത്തിലായി. ആ സന്ദര്‍ഭത്തില്‍ റസ്സലിനെപ്പോലൊരു താരമുണ്ടെങ്കില്‍ മാത്രമേ തിരിച്ച് മികച്ച സ്കോറിലേക്ക് ടീമിനെ നയിക്കുവാന്‍ സാധിക്കുകയുള്ളു. അതുപോലൊരു താരം ബംഗ്ലാദേശിനില്ലായെന്നത് തന്നെയാണ് ഇരു ടീമുകളും തമ്മിലുള്ള വ്യത്യാസമെന്നും ബംഗ്ലാദേശ് നായകന്‍ പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

മഴ നിയമത്തില്‍ വിന്‍ഡീസിനു ജയം

ബംഗ്ലാദേശ് ഇന്നിംഗ്സിനു ശേഷം മഴയെത്തിയപ്പോള്‍ മത്സരം 11 ഓവറും ലക്ഷ്യം 91 റണ്‍സുമാക്കി ചുരുക്കിയപ്പോള്‍ 3 വിക്കറ്റുകളുടെ നഷ്ടത്തില്‍ ഈ ലക്ഷ്യം 9.1 ഓവറില്‍ നേടി വിന്‍ഡീസ്. ആദ്യ ടി20 മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ 7 വിക്കറ്റ് ജയം നേടിയ ആതിഥേയര്‍ക്കായി ആന്‍ഡ്രേ റസ്സല്‍ മാന്‍ ഓഫ് ദി മാച്ച് പട്ടവും സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 143/9 എന്ന സ്കോറാണ് 20 ഓവറില്‍ നേടിയത്. ബംഗ്ലാദേശ് 9.1 ഓവറില്‍ 93/3 എന്ന സ്കോര്‍ നേടി ജയം ഉറപ്പാക്കി.

ബൗളിംഗില്‍ കെസ്രിക് വില്യംസ് നാല് വിക്കറ്റും ആഷ്‍ലി നഴ്സ്, കീമോ പോള്‍ എന്നിവര്‍ രണ്ടും വിക്കറ്റ് നേടിയപ്പോള്‍ ആന്‍ഡ്രേ റസ്സല്‍ ഒരു വിക്കറ്റുമാണ് വിന്‍ഡീസിനായി നേടിയത്. ആദ്യ ഓവറില്‍ തന്നെ തമീം ഇക്ബാലിനെയും സൗമ്യ സര്‍ക്കാരിനെയും നഷ്ടമായ ബംഗ്ലാദേശിനു പിന്നീട് മത്സരത്തില്‍ യാതൊരു വിധ പ്രഭാവവുമുണ്ടാക്കുവാനായില്ല. മഹമ്മദുള്ള 35 റണ്‍സ് നേടി ടോപ് സ്കോറര്‍ ആയപ്പോള്‍ ലിറ്റണ്‍ ദാസ് 24 റണ്‍സ് നേടി.

വിന്‍ഡീസിനും തുടക്കം മോശമായിരുന്നു. മുസ്തഫിസുര്‍ റഹ്മാന്‍ എറിഞ്ഞ ഇന്നിംഗ്സിലെ രണ്ടാം ഓവറില്‍ ഓപ്പണര്‍മാരായ ആന്‍ഡ്രേ ഫ്ലെച്ചര്‍, എവിന്‍ ലൂയിസ് എന്നിവരെ നഷ്ടമായ ആതിഥേയരെ ആന്‍ഡ്രേ റസ്സല്‍(35*)-മര്‍ലന്‍ സാമുവല്‍സ്(26) കൂട്ടുകെട്ടാണ് മുന്നോട്ട് നയിച്ചത്. റോവ്മന്‍ പവല്‍ 15 റണ്‍സുമായി ടീമിന്റെ വിജയസമയത്ത് റസ്സലിനു പിന്തുണയുമായി പുറത്താകാതെ നിന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version