ചായയ്ക്ക് മുമ്പ് പൃഥ്വി ഷാ മടങ്ങി, ഇന്ത്യ അതി ശക്തമായ നിലയില്‍

വിന്‍ഡീസിനെതിരെ രാജ്കോട്ട് ടെസ്റ്റില്‍ ഇന്ത്യ അതി ശക്തമായ നിലയില്‍. രണ്ടാം സെഷനില്‍ ചേതേശ്വര്‍ പുജാരയെയും പൃഥ്വി ഷായെയും ഇന്ത്യയ്ക്ക് നഷ്ടമായെങ്കിലും 232/3 എന്ന നിലയിലാണ് ഇന്ത്യ നില്‍ക്കുന്നത്. ചായയ്ക്ക് തൊട്ടുമുമ്പാണ് 134 റണ്‍സ് നേടിയ പൃഥ്വി ഷാ ദേവേന്ദ്ര ബിഷുവിനു റിട്ടേണ്‍ ക്യാച്ച് നല്‍കി മടങ്ങിയത്.

ഉച്ച ഭക്ഷണത്തിനു ശേഷം ചേതേശ്വര്‍ പുജാരയെ ഇന്ത്യയ്ക്ക് നഷ്ടമായിരുന്നു. അരങ്ങേറ്റക്കാരന്‍ ഷെര്‍മന്‍ ലൂയിസിനു വിക്കറ്റ് നല്‍കിയാണ് പുജാരയുടെ മടക്കം. 86 റണ്‍സാണ് താരം രാജ്കോട്ടില്‍ നേടിയത്. ഇന്ത്യയ്ക്കായി 4 റണ്‍സുമായി വിരാട് കോഹ്‍ലിയും റണ്ണൊന്നുമെടുക്കാതെ അജിങ്ക്യ രഹാനെയുമാണ് ക്രീസില്‍ നില്‍ക്കുന്നത്.

രാഹുലിനെ നഷ്ടമായ ശേഷം ആദ്യ സെഷന്‍ സ്വന്തമാക്കി ഇന്ത്യ, ഷായ്ക്കും പുജാരയ്ക്കും അര്‍ദ്ധ ശതകം

രാജ്കോട്ട് ടെസ്റ്റിലെ ആദ്യ സെഷന്‍ ഇന്ത്യയ്ക്ക് സ്വന്തം. ഇന്നിംഗ്സിലെ ആറാം പന്തില്‍ ലോകേഷ് രാഹുലിനെ ഷാനണ്‍ ഗബ്രിയേല്‍ പുറത്താക്കിയ ശേഷം ഒന്നാം ദിവസത്തെ ആദ്യ സെഷനില്‍ ഇന്ത്യുയുടെ പൂര്‍ണ്ണാധിപത്യമാണ് കണ്ടത്. പുജാര മെല്ലെയാണ് തുടങ്ങിയതെങ്കിലും പൃഥ്വി ഷാ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ തന്നെ ബാറ്റ് വീശിയപ്പോള്‍ ഇന്ത്യ വിന്‍ഡീസിനെ ഏറെ പിന്നിലാക്കി കുതിച്ചു.

രണ്ടാം വിക്കറ്റില്‍ 146 പന്തില്‍ നിന്ന് 130 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്. 56 പന്തില്‍ നിന്ന് തന്റെ അര്‍ദ്ധ ശതകം തികച്ച പൃഥ്വി ഷാ 11 ബൗണ്ടറിയുമായി 75 റണ്‍സാണ് ലഞ്ചിനു പിരിയുമ്പോള്‍ നേടിയിരിക്കുന്നത്. 74 പന്തില്‍ നിന്ന് 56 റണ്‍സുമായി പുജാരയും ക്രീസില്‍ നില്‍ക്കുന്നു. 67 പന്തില്‍ നിന്നാണ് പുജാര തന്റെ 19ാം അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കിയത്.

ഷാ തുടങ്ങി, അര്‍ദ്ധ ശതകവുമായി

തന്റെ ടെസ്റ്റ് അരങ്ങേറ്റത്തില്‍ തന്നെ അര്‍ദ്ധ ശതകം നേടി പൃഥ്വി ഷാ. ഇന്നിംഗ്സ് തുടക്കത്തില്‍ കെഎല്‍ രാഹുലിനെ ആദ്യ ഓവറില്‍ തന്നെ നഷ്ടമായെങ്കിലും പതറാതെ ബാറ്റ് വീശിയ പൃഥ്വി ഷാ തന്റെ അര്‍ദ്ധ ശതകം തികയ്ക്കുകയായിരുന്നു. പേസ് ബൗളര്‍മാരെയും സ്പിന്നര്‍മാരെയും സധൈര്യം നേരിട്ട ഷാ 56 പന്തില്‍ നിന്നാണ് തന്റെ അര്‍ദ്ധ ശതകം നേടിയത്. 7 ബൗണ്ടറിയുള്‍പ്പെടെയാണ് ഈ നേട്ടം.

18 ഓവറുകള്‍ പിന്നിടുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 89 റണ്‍സാണ് നേടിയിട്ടുള്ളത്. 39 റണ്‍സുമായി ചേതേശ്വര്‍ പുജാരയാണ് ഷായ്ക്ക് കൂട്ടായി ക്രീസിലുള്ളത്.

രാജ്കോട്ടില്‍ അരങ്ങേറ്റം കുറിച്ച് പൃഥ്വി ഷാ, ഇന്ത്യ ബാറ്റ് ചെയ്യും

ഇന്ത്യ-വിന്‍ഡീസ് ടെസ്റ്റ് പരമ്പരയ്ക്ക് രാജ്കോട്ടില്‍ തുടക്കം. ഇന്ന് ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യയ്ക്കായി പൃഥ്വി ഷാ അരങ്ങേറ്റം കുറിക്കുന്നു എന്ന പ്രത്യേക കൂടിയുണ്ട് രാജ്കോട്ടിലെ ഈ ടെസ്റ്റ് പരമ്പരയ്ക്ക്. വ്യക്തിഗത കാരണങ്ങളാല്‍ നാട്ടിലേക്ക് മടങ്ങേണ്ടി വന്ന കെമര്‍ റോച്ച് ഇല്ലാതെയാണ് വിന്‍ഡീസ് നിര മത്സരത്തിനിറങ്ങുന്നത്. പരമ്പരയിലെ രണ്ടാം ടെസ്റ്റ് ഹൈദ്രാബാദില്‍ ഒക്ടോബര്‍ 12നു അരങ്ങേറും. ജേസണ്‍ ഹോള്‍ഡറിനു പകരം ക്രെയിഗ് ബ്രാത്‍വൈറ്റാണ് വിന്‍ഡീസിനെ നയിക്കുന്നത്. ഷെര്‍മന്‍ ലൂയിസ് വിന്‍ഡീസിനായി അരങ്ങേറ്റം കുറിയ്ക്കും.

ഇന്ത്യ: പൃഥ്വി ഷാ, കെഎല്‍ രാഹുല്‍, ചേതേശ്വര്‍ പുജാര, വിരാട് കോഹ്‍ലി, അജിങ്ക്യ രഹാനെ, ഋഷഭ് പന്ത്, രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, ഉമേഷ് യാദവ്, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി

വിന്‍ഡീസ്: ക്രെയിഗ് ബ്രാത്‍വൈറ്റ്, ഷിമ്രണ്‍ ഹെറ്റ്മ്യര്‍, സുനില്‍ അംബ്രിസ്, ഷായി ഹോപ്, റോഷ്ടണ്‍ ചേസ്, കീറണ്‍ പവല്‍, ഷെയിന്‍ ഡോവ്റിച്ച്, ഷെര്‍മന്‍ ലൂയിസ്, ദേവേന്ദ്ര ബിഷൂ, ഷാനണ്‍ ഗബ്രിയേല്‍, കീമോ പോള്‍

പരിഭ്രമമുണ്ട്, എന്നാല്‍ ഏറെ അഭിമാനം തോന്നുന്നു: പൃഥ്വി ഷാ

നാളെ ടെസ്റ്റ് അരങ്ങേറ്റം കുറിയ്ക്കാനൊരുങ്ങുന്ന പൃഥ്വി ഷാ തനിക്ക് അല്പം പരിഭ്രമമുണ്ടെന്ന് തുറന്നു സമ്മതിച്ചു. എന്നാല്‍ ഏറെ അഭിമാനം തോന്നുന്ന നിമിഷമാണ് ഇതെന്നും താരം കൂട്ടിചേര്‍ത്തു. മത്സരത്തിന്റെ തലേ ദിവസം വിരാട് കോഹ്‍ലിയ്ക്കും രവി ശാസ്ത്രിയ്ക്കുമൊപ്പം പത്ര മാധ്യമങ്ങളുടെ ചോദ്യത്തിനു മറുപടിയായാണ് പൃഥ്വി ഷാ ഇത് പറഞ്ഞത്.

ഇന്ത്യ ഇന്ന് തങ്ങളുടെ 12 അംഗ സംഘത്തെ പ്രഖ്യാപിച്ചപ്പോള്‍ പൃഥ്വി ഷായുടെ പേര് അതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടായിരുന്നു. ഇംഗ്ലണ്ടില്‍ ഇന്ത്യയുടെ സ്ക്വാഡില്‍ താരത്തിനെ ഉള്‍പ്പെടുത്തിയിരുന്നുവെങ്കിലും അവസരം ലഭിച്ചിരുന്നില്ല. ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത മഹാപ്രതിഭയെന്നാണ് താരത്തിനെ ഏവരും വിശേഷിപ്പിക്കുന്നത്.

ഇന്ത്യ എ യ്ക്കായി ഇംഗ്ലണ്ടില്‍ ശതകം നേടിയിട്ടുള്ള താരം ഐസിസി അണ്ടര്‍ 19 ലോകകപ്പ് കിരീടത്തിലേക്കും ടീമിനെ നയിച്ചു. അല്പം പരിഭ്രാന്തിയുണ്ട് എന്നത് സത്യമാണ്, എന്നാല്‍ ഡ്രെസ്സിംഗ് റൂമിലെത്തിയപ്പോള്‍ സീനിയര്‍ ജൂനിയര്‍ എന്ന വ്യത്യാസമില്ലാത്തതിനാല്‍ ഇപ്പോള്‍ വളരെ ആത്മവിശ്വാസം തനിക്ക് തോന്നുന്നുണ്ടെന്നും പൃഥ്വി ഷാ അഭിപ്രായപ്പെട്ടു.

ഇന്‍ഡോറിലല്ല, രണ്ടാം ഏകദിനം വിശാഖപട്ടണത്ത് നടക്കും

നേരത്തെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് പോലെ ബിസിസിഐയും മധ്യ പ്രദേശ് ക്രിക്കറ്റ് അസോസ്സിയേഷനും തമ്മിലുള്ള ടിക്കറ്റ് വില്പന സംബന്ധിച്ചുള്ള തര്‍ക്കം മൂലം ഇന്‍ഡോര്‍ ഏകദിനം മാറ്റി വിശാഖപട്ടണത് നടത്തുവാന്‍ ബിസിസിഐ തീരുാനം. ബിസിസിഐ ഭരണഘടനയിലെ പുതിയ നിയമപ്രകാരം 90 ശതമാനം ടിക്കറ്റുകളും പൊതു സംവിധാനത്തിലൂട വില്‍ക്കണമെന്നും 10 ശതമാനം ടിക്കറ്റുകള്‍ മാത്രം കോംപ്ലിമെന്ററി പാസ്സായി സംസ്ഥാന ബോര്‍ഡിനു കൈവശം വയ്ക്കാമെന്നാണ്.

ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ 27000 സീറ്റുകളാണുള്ളത്. ഇതില്‍ 2700 ടിക്കറ്റുകള്‍ കോംപ്ലിമെന്ററി ടിക്കറ്റുകളാണെങ്കിലും അതില്‍ തന്നെ ബിസിസിഐയ്ക്ക് നല്ലൊരു പങ്ക് നല്‍കേണ്ടി വരുമെന്നതിനാലാണ് ഇപ്പോള്‍ തര്‍ക്കം ഉടലെടുത്തിരിക്കുന്നത്. ഒക്ടോബര്‍ 24നു പരമ്പരയിലെ രണ്ടാം ഏകദിനമാണ് ഇന്‍ഡോറില്‍ നടക്കാനിരിക്കുന്നത്.

ഇതിനെതിരെ എംപിസിഎ ജോയിന്റ് സെക്രട്ടറി മിലിന്ദ് കന്മാദിക്കര്‍ രംഗത്തെത്തിയിരുന്നു. ഇന്‍ഡോറിലെ ഹോള്‍ക്കര്‍ ക്രിക്കറ്റ് സ്റ്റേഡയത്തില്‍ നിന്ന് മത്സരം വിശാഖപട്ടണത്തിലെ ഡോ.വൈ.എസ് രാജശേഖര റെഡ്ഢി എസിഎ-വിഡിസിഎ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടത്താനാണ് ബിസിസിഐ തീരുമാനം.

പൃഥ്വിയ്ക്ക് അരങ്ങേറ്റം, മയാംഗ് കാത്തിരിക്കണം, രാജ്കോട്ടിലേക്കുളള ഇന്ത്യന്‍ സംഘം പ്രഖ്യാപിച്ചു

ഇംഗ്ലണ്ട് പോലുള്ള ടെസ്റ്റ് ടീമുകള്‍ പ്രഖ്യാപിക്കുന്ന തരത്തില്‍ ടെസ്റ്റിനു ഒരു ദിവസം മുമ്പ് 12 അംഗ സംഘത്തിനെ പ്രഖ്യാപിച്ച് ഇന്ത്യ. ടെസ്റ്റില്‍ തന്റെ അരങ്ങേറ്റം കുറിയ്ക്കുവാനുള്ള അവസരം പൃഥ്വി ഷായ്ക്ക് വിന്‍ഡീസിനെതിരെ ലഭിയ്ക്കുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഷായ്ക്കൊപ്പം കെഎല്‍ രാഹുല്‍ ഓപ്പണറായി ഇറങ്ങുമെന്ന് ഉറപ്പായി. മൂന്ന് സ്പിന്നര്‍മാരെ കളിപ്പിക്കുന്ന ഇന്ത്യ പേസ് ബൗളിംഗ് ദൗത്യം മുഹമ്മദ് ഷമിയ്ക്കും ഉമേഷ് യാദവിനും നല്‍കുന്നു. ശര്‍ദ്ധുല്‍ താക്കൂര്‍ ആണ് ലിസ്റ്റിലെ 12ാമന്‍. ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മയാംഗ് അഗര്‍വാളിനു അരങ്ങേറ്റത്തിനായി ഇനിയും കാത്തിരിക്കേണ്ടതായുണ്ടെന്നാണ് ലഭിയ്ക്കുന്ന വിവരം.

ഇന്ത്യ(12 അംഗ സംഘം): പൃഥ്വി ഷാ, കെഎല്‍ രാഹുല്‍, ചേതേശ്വര്‍ പുജാര, വിരാട് കോഹ്‍ലി, അജിങ്ക്യ രഹാനെ, ഋഷഭ് പന്ത്, രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ശര്‍ദ്ധുല്‍ താക്കൂര്‍

കേന്ദ്ര കരാര്‍ വേണ്ടെന്ന് അറിയിച്ച് ലൂയിസ്

വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡിന്റെ കേന്ദ്ര കരാര്‍ വേണ്ടെന്ന് തീരുമാനിച്ച് എവിന്‍ ലൂയിസ്. 2018-19 സീസണിലേക്കുള്ള പരിമിത ഓവര്‍ കരാര്‍ ആണ് താരം നിരസിച്ചതെന്ന് ബോര്‍ഡ് തന്നെ അറിയിക്കുകയായിരുന്നു. ക്രിസ് ഗെയില്‍, ആന്‍ഡ്രേ റസ്സല്‍, കീറണ്‍ പൊള്ളാര്‍ഡ്, ഡ്വെയിന്‍ ബ്രാവോ, സുനില്‍ നരൈന്‍ എന്നീ താരങ്ങള്‍ ഇതിനു മുമ്പ് ടി20 ലീഗുകളില്‍ സജീവമായി കളിക്കുന്നതിനു വേണ്ടി ബോര്‍ഡുമായുള്ള കരാര്‍ വേണ്ടെന്ന് പലപ്പോഴായി തീരുമാനിച്ചിട്ടുള്ളവരാണ്.

ബോര്‍ഡ് ഇന്ന് പുരുഷ വനിത വിഭാഗത്തില്‍ കരാര്‍ നിലനിര്‍ത്തിയവരുടെ പട്ടിക പുറത്ത് വിട്ടപ്പോളാണ് ഈ വിവരം പുറത്ത് വന്നത്.

നാല് താരങ്ങള്‍ക്കാണ് എല്ലാ ഫോര്‍മാറ്റിലും കരാര്‍ ലഭിയ്ക്കുന്നത്. ജേസണ്‍ ഹോള്‍ഡര്‍, അല്‍സാരി ജോസഫ്, ഷായി ഹോപ്, കെമര്‍ റോച്ച് എന്നിവരാണിവര്‍. ടെസ്റ്റില്‍ ദേവേന്ദ്ര ബിഷൂ, ക്രെയിഗ് ബ്രാത്‍വൈറ്റ്, റോഷ്ടണ്‍ ചേസ്, മിഗ്വല്‍ കമ്മിന്‍സ്, ഷെയിന്‍ ‍ഡോവ്റിച്ച്, ഷാനണ്‍ ഗബ്രിയേല്‍, ഷിമ്രണ്‍ ഹെറ്റ്മ്യര്‍, കീറണ്‍ പവല്‍ എന്നിവരും കാര്‍ലോസ് ബ്രാത്‍വൈറ്റ്, ആഷ്‍ലി നഴ്സ്, റോവ്മന്‍ പവല്‍ എന്നിവര്‍ വൈറ്റ് ബോള്‍ ക്രിക്കറ്റിലും കരാര്‍ ലഭിച്ചു. സുനില്‍ ആംബ്രിസ്, കീമോ പോള്‍, റേയ്മന്‍ റീഫര്‍ എന്നിവര്‍ക്ക് ഭാവി താരങ്ങളെന്ന നിലയില്‍ കരാര്‍ ലഭിച്ചു.

രാജ്‍കോട്ട് ടെസ്റ്റില്‍ റോച്ച് കളിക്കില്ല

രാജ്കോട്ട് ടെസ്റ്റില്‍ വിന്‍ഡീസ് ബൗളര്‍ കെമര്‍ റോച്ച് കളിക്കില്ലെന്ന് കോച്ച് സ്റ്റുവര്‍ട് ലോ വ്യക്തമാക്കി. തന്റെ മുത്തശിയുടെ മരണത്തെത്തുടര്‍ന്ന് താരം നാട്ടിലേക്ക് മടങ്ങിയിരുന്നു. ഇതിനു ശേഷം ബോര്‍ഡ് പ്രസിഡന്റ് ഇലവനെതിരെയുള്ള മത്സരത്തില്‍ താരം കളിച്ചില്ല. രാജ്കോട്ട് ടെസ്റ്റിനു മുമ്പ് ടീമിനൊപ്പം താരം മടങ്ങിയെത്തുമെന്നാണ് ആദ്യ പ്രതീക്ഷിച്ചതെങ്കിലും താരം തിരികെ എത്തുക ടെസ്റ്റ് തുടങ്ങിയ ശേഷം മാത്രമാവുമെന്നാണ് അറിയുന്നത്.

റോച്ചിന്റെ അഭാവത്തില്‍ ജേസണ്‍ ഹോള്‍ഡര്‍, ഷാനണ്‍ ഗബ്രിയേല്‍, കീമോ പോള്‍, ഷെര്‍മാന്‍ ലൂയിസ് എന്നിവരടങ്ങിയ പേസ് പടയെയാവും വിന്‍ഡീസ് ആശ്രയിക്കേണ്ടി വരിക.

ഒടുവില്‍ ആ വിളിയെത്തി, മയാംഗ് അഗര്‍വാല്‍ ഇന്ത്യന്‍ ടീമില്‍

മയാംഗ് അഗര്‍വാലിനും മുഹമ്മദ് സിറാജിനും ഇന്ത്യന്‍ ടീമിലേക്ക് ആദ്യ വിളി ലഭിച്ചപ്പോള്‍ മുന്‍ നിര പേസര്‍മാര്‍ക്ക് വിശ്രമം നല്‍കി വിന്‍ഡീസിനെതിരെയുള്ള ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിനെ ഇന്ത്യ പ്രഖ്യാപിച്ചു. ഓപ്പണര്‍മാരായ മുരളി വിജയും ശിഖര്‍ ധവാനും ടീമില്‍ ഇടം പിടിച്ചില്ല. രഞ്ജി കഴിഞ്ഞ സീസണില്‍ എട്ട് മത്സരങ്ങളില്‍ നിന്ന് 1160 റണ്‍സ് നേടിയ മയാംഗിനും മികച്ച ഫോമില്‍ കളിക്കുന്ന മുഹമ്മദ് സിറാജിനും ഇതാദ്യമായാണ് ഇന്ത്യന്‍ ടീമില്‍ സ്ഥാനം ലഭിയ്ക്കുന്നത്. ഓപ്പണര്‍മാര്‍ക്കും മുന്‍ നിര പേസര്‍മാര്‍ക്കെല്ലാം വിശ്രമം നല്‍കിയതിനാല്‍ ഇരുവരും തങ്ങളുടെ ടെസ്റ്റ് അരങ്ങേറ്റം പരമ്പരയ്ക്കിടയില്‍ നടത്തുമെന്ന് ഉറപ്പാണ്.

ദിനേശ് കാര്‍ത്തിക്കിനെ ഒഴിവാക്കിയതോടെ കീപ്പിംഗ് ദൗത്യം ഋഷഭ് പന്ത് തന്നെ കൈകാര്യം ചെയ്യും. ഹാര്‍ദ്ദിക്ക് പാണ്ഡ്യയ്ക്കും ടീമില്‍ ഇടം ലഭിച്ചിട്ടില്ല. ഇംഗ്ലണ്ടില്‍ ഇന്ത്യയെ നയിച്ച പേസ് സഖ്യത്തില്‍ മുഹമ്മദ് ഷമി മാത്രമാണ് ടീമില്‍ സ്ഥാനം പിടിച്ചതെങ്കില്‍ അശ്വിനും രവീന്ദ്ര ജഡേജയും ടീമിലെ സ്ഥാനം നിലനിര്‍ത്തി. കുല്‍ദീപ് യാദവും ഇന്ത്യന്‍ ടീമിലെ സ്ഥാനം നിലനിര്‍ത്തിയിട്ടുണ്ട്.

ഇഷാന്തിനെ പരിക്കാണ് അലട്ടുന്നതെങ്കില്‍ ഭുവനേശ്വര്‍ കുമാറിനും ജസ്പ്രീത് ബുംറയ്ക്കും വിശ്രമം നല്‍കിയതാണെന്ന് വേണം വിശ്വസിക്കുവാന്‍. രാജ്കോട്ടില്‍ ഒക്ടോബര്‍ 4നാണ് പരമ്പരയിലെ ആദ്യ ടെസ്റ്റ് നടക്കുന്നത്. രണ്ടാമത്തെ ടെസ്റ്റ് ഒക്ടോബര്‍ 12നു ഹൈദ്രാബാദില്‍ നടക്കും.

ഇന്ത്യ: വിരാട് കോഹ്‍ലി, കെഎല്‍ രാഹുല്‍, പൃഥ്വി ഷാ, മയാംഗ് അഗര്‍വാല്‍, ചേതേശ്വര്‍ പുജാര, അജിങ്ക്യ രഹാനെ, ഹനുമ വിഹാരി, ഋഷഭ് പന്ത്, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ്, ശര്‍ദ്ധുല്‍ താക്കൂര്‍

അശ്വിനും ഇഷാന്ത് ശര്‍മ്മയ്ക്കും ഫിറ്റ്നെസ്സ് ടെസ്റ്റ് നിര്‍ബന്ധം

വിന്‍ഡീസ് ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കുവാന്‍ രവിചന്ദ്രന്‍ അശ്വിനും ഇഷാന്ത് ശര്‍മ്മയ്ക്കും ഫിറ്റ്നെസ്സ് ടെസ്റ്റ് നിര്‍ബന്ധമാണെന്ന് അറിയിച്ച് ബിസിസിഐ. ഇന്നലെ ഇന്ത്യന്‍ ടീമിന്റെ പ്രഖ്യാപനം വരാനിരുന്നതാണെങ്കില്‍ ഈ രണ്ട് താരങ്ങളുടെയും അഭാവത്തില്‍ ഫിറ്റ്നെസ്സ് ടെസ്റ്റ് വൈകുന്നതിനാലാണ് പ്രഖ്യാപനം മാറ്റിയത്. സെലക്ടര്‍മാരെല്ലാവരും തിരക്കിലായതിനാലും പ്രഖ്യാപനം മാറ്റിവയ്ക്കപ്പെട്ടുവെന്നും അറിയുന്നുണ്ട്. ഇരു താരങ്ങളും ഇന്ത്യന്‍ ടീമിലെ പ്രധാന അംഗങ്ങളാണെന്നതിനാല്‍ തന്നെ ഇവരുടെ ഫിറ്റ്നെസ്സിനു പ്രാധാന്യമുണ്ടെന്നാണ് ബിസിസിഐ അധികാരികള്‍ അറിയിച്ചത്.

സെപ്റ്റംബര്‍ 29നു ഇരു താരങ്ങളും ഫിറ്റ്നെസ്സ് ടെസ്റ്റിനു വിധേയനാകുമെന്നാണ് ഇപ്പോള്‍ ലഭിയ്ക്കുന്ന വിവരം. എന്‍സിഎയില്‍ ഗ്രോയിന്‍ ഇഞ്ച്വറിയുടെ പരിക്കിനു റീഹാബിലേഷനില്‍ ഏര്‍പ്പെട്ട് വരികയാണ് അശ്വിന്‍. ഫിസിയോകള്‍ ഇരുവരെയും ഫിറ്റ്നെസ്സ് ടെസ്റ്റിനു മുമ്പ് പരിശോധിച്ച് ഇവരുടെ പരിക്ക് ഭേദമാകില്ലെന്ന് അറിയിച്ചാല്‍ 29നു മുമ്പ് ഇന്ത്യയുടെ ടീം പ്രഖ്യാപനമുണ്ടാകുമെന്നും അറിയുന്നു.

ഇന്ത്യ-ബംഗ്ലാദേശ് പരമ്പരകള്‍ക്ക് ശേഷം സ്റ്റുവര്‍ട് ലോ പടിയിറങ്ങും

വിന്‍ഡീസ് മുഖ്യ കോച്ചിന്റെ പദവിയില്‍ നിന്ന് രാജി പ്രഖ്യാപിച്ച് സ്റ്റുവര്‍ട് ലോക. ടീമിന്റെ ഇന്ത്യ-ബംഗ്ലാദേശ് പര്യടനത്തിനു ശേഷം താരം വിന്‍ഡീസ് കോച്ചിന്റെ പദവി ഒഴിയുമെന്ന് അറിയിച്ചിട്ടുണ്ട്. തുടര്‍ന്ന് മിഡില്‍സെക്സിന്റെ കോച്ചായിയാവും ലോ എത്തുക. ഇന്ത്യയില്‍ ഒക്ടോബറിലും വിന്‍ഡീസില്‍ നവംബറിലുമാണ് വിന്‍ഡീസ് ടെസ്റ്റ്-ഏകദിന പരമ്പരകള്‍ക്കായി എത്തുക. സ്റ്റുവര്‍ട് ലോ മിഡില്‍സെക്സുമായി 4 വര്‍ഷത്തെ കരാറിലാണ് എത്തിയിരിക്കുന്നത്. മൂന്ന് ഫോര്‍മാറ്റിലും ടീമിന്റെ കോച്ചായി ലോ പ്രവര്‍ത്തിക്കും.

2016 സെപ്റ്റംബറില്‍ ഫില്‍ സിമ്മണ്‍സിനെ പുറത്താക്കിയ ശേഷമാണ് ലോ വിന്‍ഡീസ് കോച്ചായി എത്തുന്നത്. 32 ടെസ്റ്റുകളില്‍ ടീമിനെ പരിശീലിപ്പിച്ച ലോയ്ക്ക് 9 ടെസ്റ്റില്‍ വിജയം നേടാനായി. 19 ടി20കളില്‍ 8 വിജയം നേടിയെങ്കിലും ചാമ്പ്യന്‍സ് ട്രോഫിയില്‍ യോഗ്യത നേടാനാകാതെ പോയതും ഐസിസി ലോക കപ്പ് യോഗ്യതയിലൂടെ 2019 ക്രിക്കറ്റ് ലോകകപ്പിലേക്ക് എത്തുവാന്‍ സാധിച്ചതും ലോയ്ക്ക് അത്ര മികച്ച ഫലങ്ങളായി പറയാനാകില്ല.

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ വിന്‍ഡീസ് ക്രിക്കറ്റ് മെച്ചപ്പെട്ടു വരികയായിരുന്നുവെന്നും അതില്‍ സ്റ്റുവര്‍ട് ലോ വഹിച്ച പങ്ക് ഏറെ വലുതാണെന്നുമാണ് വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് മുഖ്യന്‍ ജോണി ഗ്രേവ് അഭിപ്രായപ്പെട്ടത്. ഉടന്‍ തന്നെ പുതിയ മുഖ്യ കോച്ചിനെ നിയമിക്കുവാനുള്ള പ്രക്രിയ ആരംഭിക്കുമെന്നും ഗ്രേവ് അഭിപ്രായപ്പെട്ടു.

Exit mobile version