വെസ്റ്റിൻഡീസ് 150ന് ഓളൗട്ട്, ഇന്ത്യൻ സ്പിന്നിന് മുന്നിൽ പതറി

വെസ്റ്റിൻഡീസിനെ ആദ്യ ദിവസം തന്നെ എറിഞ്ഞിട്ട് ഇന്ത്യ. ആദ്യ ടെസ്റ്റിന്റെ മൂന്നാം സെഷന്റെ തുടക്കത്തിൽ തന്നെ വെസ്റ്റിൻഡീസ് ഓളൗട്ട് ആയി. 150 റൺസ് മാത്രമാണ് വെസ്റ്റിൻഡീസ് എടുത്തത്‌. അഞ്ചു വിക്കറ്റ് എടുത്ത് അശ്വിൻ ആണ് ആദ്യ ദിവസം ഇന്ത്യയുടെ സ്റ്റാർ ആയത്‌. 60 റൺസ് മാത്രം വിട്ടു നൽകിയാണ് അശ്വിൻ 5 വിക്കറ്റ് എടുത്തത്‌. ജഡേജ മൂന്ന് വിക്കറ്റും ശ്രദ്ധുൽ താക്കൂറും സിറാജും ഒരോ വിക്കറ്റ് വീതവും വീഴ്ത്തി.

47 റൺസ് എടുത്ത അലിക് അതനസ് ആണ് വെസ്റ്റിൻഡീസിന്റെ ടോപ് സ്കോറർ ആയത്. മറ്റു പ്രധാന ബാറ്റേഴ്സ് എല്ലാം നിരാശപ്പെടുത്തി. ബ്രെത്വൈറ്റ് 20, ചന്ദ്രപോൾ 12, ബ്ലാക്വുഡ് 14 എന്നിങ്ങനെ ചെറിയ സ്കോറുകളിൽ പ്രധാന താരങ്ങൾ വീണു.

അശ്വിന്റെ ഇരട്ട പ്രഹരത്തിൽ ആടിയുലഞ്ഞ് ആതിഥേയര്‍, വെസ്റ്റിന്‍ഡീസിന് നാല് വിക്കറ്റ് നഷ്ടം

ഡൊമിനിക്ക ടെസ്റ്റിന്റെ ആദ്യ സെഷനിൽ തന്നെ വെസ്റ്റിന്‍ഡീസിന് മൂന്ന് വിക്കറ്റ് നഷ്ടം. ഓപ്പണര്‍മാരായ ടാഗ്നരൈന്‍ ചന്ദര്‍പോളും ക്രെയിഗ് ബ്രാത്‍വൈറ്റും ചേര്‍ന്ന് കരുതലോടെ 31 റൺസ് കൂട്ടിചേര്‍ത്ത് ടീമിനെ മുന്നോട്ട് നയിച്ചുവെങ്കിലും രവിചന്ദ്രന്‍ അശ്വിന്‍ ഇരുവരെയും പുറത്താക്കി ടീമിനെ പ്രതിരോധത്തിലാക്കി.

ചന്ദര്‍പോള്‍ 12 റൺസും ബ്രാത്‍വൈറ്റ് 20 റൺസും ആണ് നേടിയത്. അധികം വൈകാതെ റെയ്മൺ റീഫറുടെ വിക്കറ്റ് ശര്‍ദ്ധുൽ താക്കൂര്‍ പുറത്താക്കിയപ്പോള്‍ വെസ്റ്റിന്‍ഡീസ് 47/3 എന്ന സ്കോര്‍ നേടി. നാലാം വിക്കറ്റായി ജെര്‍മൈന്‍ ബ്ലാക്ക്വുഡിനെ(14) ജഡേജ പുറത്താക്കിയപ്പോള്‍ ലഞ്ചിന് അമ്പയര്‍മാര്‍ സിഗ്നൽ ചെയ്തു. 68/4 എന്ന നിലയിലുള്ള വെസ്റ്റിന്‍ഡീസിനായി 13 റൺസുമായി അലിക് അത്താന്‍സേ ആണ് ക്രീസിലുള്ളത്.

 

ജൈസ്വാളിനും ഇഷാന്‍ കിഷനും അരങ്ങേറ്റം, ഇന്ത്യയ്ക്കെതിരെ ബാറ്റിംഗ് തിരഞ്ഞെടുത്ത് വെസ്റ്റിന്‍ഡീസ്

ഡൊമിനിക്കയിൽ ഇന്ത്യയും വെസ്റ്റിന്‍ഡീസും തമ്മിലുള്ള ആദ്യ ടെസ്റ്റ് മത്സരത്തിൽ ടോസ് ആതിഥേയര്‍ക്ക്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു വെസ്റ്റിന്‍ഡീസ് നായകന്‍ ക്രെയിഗ് ബ്രാത്‍വൈറ്റ്. ഇന്ത്യയ്ക്കായി യശസ്വി ജൈസ്വാളും ഇഷാന്‍ കിഷനും ടെസ്റ്റ് അരങ്ങേറ്റം കുറിയ്ക്കുകയാണ്.

വെസ്റ്റിന്‍ഡീസ്: Kraigg Brathwaite(c), Tagenarine Chanderpaul, Raymon Reifer, Jermaine Blackwood, Alick Athanaze, Joshua Da Silva(w), Jason Holder, Rahkeem Cornwall, Alzarri Joseph, Kemar Roach, Jomel Warrican

ഇന്ത്യ: Rohit Sharma(c), Yashasvi Jaiswal, Shubman Gill, Virat Kohli, Ajinkya Rahane, Ravindra Jadeja, Ishan Kishan(w), Ravichandran Ashwin, Shardul Thakur, Jaydev Unadkat, Mohammed Siraj

ജൈസ്വാള്‍ ഓപ്പൺ ചെയ്യും, ഗിൽ നമ്പര്‍ 3യിൽ ഇറങ്ങും – രോഹിത് ശര്‍മ്മ

വെസ്റ്റിന്‍ഡീസിനെതിരെയുള്ള ആദ്യ ടെസ്റ്റിൽ ഇന്ത്യയുടെ ഓപ്പണറായി എത്തുക യശസ്വി ജൈസ്വാള്‍ ആയിരിക്കുമെന്ന് പറഞ്ഞ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ. ചേതേശ്വര്‍ പുജാരയുടെ അഭാവത്തിൽ ശുഭ്മന്‍ ഗിൽ മൂന്നാം നമ്പറില്‍ ബാറ്റിംഗിനിറങ്ങും. കോച്ച് രാഹുല്‍ ദ്രാവിഡിനോട് ശുഭ്മന്‍ ഗിൽ തന്നെയാണ് മിഡിൽ ഓര്‍ഡറിൽ സ്ഥാനം തരണമെന്ന ആവശ്യം ഉന്നയിച്ചതെന്നാണ് രോഹിത് വ്യക്തമാക്കുന്നത്.

താരം കരിയറിൽ കൂടുതലും മൂന്നാം നമ്പറിലും നാലാം നമ്പറിലുമാണ് ബാറ്റ് ചെയ്തതെന്നും അതിനാൽ തന്നെ താരം മൂന്നാം നമ്പറിലിറങ്ങുന്നതാകും നല്ലതെന്നാണ് കരുതുന്നതെന്നും ടീമിന് ഓപ്പണിംഗിൽ ഇടത്-വലത് കൂട്ടുകെട്ട് വരുന്നതും മികച്ച കാര്യമായിരിക്കുമെന്ന ചിന്തയും ഇതിന് പിന്നിലുണ്ടെന്നും രോഹിത് കൂട്ടിചേര്‍ത്തു.

ഈ നീക്കങ്ങള്‍ നീണ്ട കാലത്തേക്ക് തുടരാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും രോഹിത് അഭിപ്രായപ്പെട്ടു.

ഇന്ത്യയ്ക്കെതിരെയുള്ള തയ്യാറെടുപ്പുകള്‍ ശരിയായ ദിശയിൽ – ബ്രയാന്‍ ലാറ

ഇന്ത്യയ്ക്കെതിരെയുള്ള പരമ്പരയ്ക്ക് മുമ്പ് തന്റെ ടീമിന്റെ തയ്യാറെടുപ്പുകള്‍ ശരിയായ ദിശയിലാണ് മുന്നോട്ട് പോകുന്നതെന്ന് പറഞ്ഞ് വെസ്റ്റിന്‍ഡീസ് പെര്‍ഫോമന്‍സ് മെന്റര്‍ ബ്രയാന്‍ ലാറ. രണ്ട് ടെസ്റ്റുകളിലും മൂന്ന് ഏകദിനത്തിലും അഞ്ച് ടി20 മത്സരത്തിലുമാണ് ഇരു ടീമുകളും ഏറ്റുമുട്ടുന്നത്.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിളിലെ തുടക്കത്തിലെ രണ്ട് പ്രധാന മത്സരങ്ങളാണ് ഇന്ത്യയ്ക്കെതിരെയുള്ളതെന്നും ലോകത്തിലെ മുന്‍ നിര ടീമിനെതിരെയുള്ള തയ്യാറെടുപ്പുകള്‍ മികച്ച രീതിയിൽ പുരോഗമിക്കുകയാണെന്നും ക്യാമ്പ് നേരത്തെ ആരംഭിച്ചതും തുണയായിട്ടുണ്ടെന്ന് ലാറ വ്യക്തമാക്കി.

ക്രെയിഗ് ബ്രാത്‍വൈറ്റ് നയിക്കുന്ന യുവ നിരയ്ക്ക് മികച്ച പ്രകടനം ഡൊമിനിക്കയിൽ പുറത്തെടുക്കാനാകുമെന്നും ലാറ പ്രത്യാശ പ്രകടിപ്പിച്ചു.

ഒമാനെതിരെ ഏഴ് വിക്കറ്റിന്റെ മികച്ച വിജയവുമായി വെസ്റ്റിന്‍ഡീസ്

ലോകകപ്പ് യോഗ്യത മത്സരങ്ങളുടെ ഭാഗമായുള്ള സൂപ്പര്‍ സിക്സ് മത്സരത്തിൽ 7 വിക്കറ്റ് വിജയവുമായി വെസ്റ്റിന്‍ഡീസ്. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ഒമാനെ 221/9 എന്ന സ്കോറിലൊതുക്കിയ ശേഷം വെസ്റ്റിന്‍ഡീസ് 39.4 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ വിജയം കുറിയ്ക്കുകയായിരുന്നു.

100 റൺസ് നേടി പുറത്തായ ബ്രണ്ടന്‍ കിംഗ് ആണ് വെസ്റ്റിന്‍ഡീസിന്റെ വിജയം എളുപ്പത്തിലാക്കിയത്. ഷായി ഹോപ് പുറത്താകാതെ 63 റൺസ് നേടി. കിംഗ് ആണ് കളിയിലെ താരം. വെസ്റ്റിന്‍ഡീസും ഒമാനും നേരത്തെ തന്നെ പുറത്തായതിനാൽ ഇന്നത്തെ മത്സരം അപ്രസക്തമായിരുന്നു.

വെസ്റ്റിന്‍ഡീസിന് വിജയ ലക്ഷ്യം 222 റൺസ്

ഒമാനെതിരെ അപ്രസക്തമായ ലോകകപ്പ് യോഗ്യത റൗണ്ട് മത്സരത്തിൽ വെസ്റ്റിന്‍ഡീസിന് വിജയത്തിനായി നേടേണ്ടത് 222 റൺസ്. ഇന്ന് ആദ്യം ബൗള്‍ ചെയ്യുവാന്‍ തീരുമാനിച്ച ശേഷം വെസ്റ്റിന്‍ഡീസ് ഒമാനെ 221 റൺസില്‍ ഒതുക്കുകയായിരുന്നു. 50 റൺസ് നേടിയ ഷൊയ്ബ് ഖാനും പുറത്താകാതെ 53 റൺസുമായി സൂരജ് കുമാറുമാണ്ട് ഒമാന് വേണ്ടി റൺസ് കണ്ടെത്തിയത്. 9 വിക്കറ്റ് നഷ്ടത്തിലാണ് ഒമാന്‍ ഈ സ്കോര്‍ നേടിയത്.

റൊമാരിയോ ഷെപ്പേര്‍ഡ് മൂന്ന് വിക്കറ്റ് നേടി വെസ്റ്റിന്‍ഡീസിനായി തിളങ്ങി. കൈൽ മയേഴ്സ് രണ്ട് വിക്കറ്റും നേടി.

ജേസൺ ഹോള്‍ഡറും അൽസാരി ജോസഫും നാട്ടിലേക്ക് നേരത്തെ മടങ്ങുന്നു

ലോകകപ്പിന് യോഗ്യത നേടാതെ വെസ്റ്റിന്‍ഡീസ് നേരത്തെ തന്നെ പുറത്തായതിനെത്തുടര്‍ന്ന് വെസ്റ്റിന്‍ഡീസ് പേസര്‍മാരായ ജേസൺ ഹോള്‍ഡറെയും അൽസാരി ജോസഫിനെയും നേരത്തെ നാട്ടിലേക്ക് തിരികെ വിളിച്ച് വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ്. താരങ്ങളുടെ ഇന്ത്യയ്ക്കെതിരെയുള്ള പരമ്പരയ്ക്ക് മുമ്പ് വര്‍ക്ക്ലോഡ് മാനേജ് ചെയ്യുന്നതിനായി ആണ് ഈ തീരുമാനം.

സ്കോട‍്ലാന്‍ഡിനോട് ഏറ്റ പരാജയത്തോടെ വെസ്റ്റിന്‍ഡീസ് ടൂര്‍ണ്ണമെന്റിൽ നിന്ന് പുറത്തായി. ഒമാന്‍, ശ്രീലങ്ക എന്നിവരോടാണ് ടീമിന്റെ അടുത്ത മത്സരങ്ങളെങ്കിലും മത്സരഫലം കൊണ്ട് ടീമിന് യാതൊരു ഗുണവുമില്ല. അതേ സമയം ജൂലൈ 12 ഇന്ത്യയ്ക്കെതിരെയുള്ള ടെസ്റ്റ് പരമ്പര ആരംഭിയ്ക്കുന്നതും ഈ പരമ്പര ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിളിന്റെ ഭാഗമായത് കൊണ്ടും വെസ്റ്റിന്‍ഡീസ് ഈ താരങ്ങളെ അതിനായി തയ്യാറെടുപ്പിക്കുക എന്നതിന്റെ ഭാഗമായാണ് തിരിച്ചുവിളിച്ചത്.

കാര്യങ്ങള്‍ ഒറ്റ ദിവസം കൊണ്ട് മാറി മറിയില്ല, വെസ്റ്റിന്‍ഡീസ് ക്രിക്കറ്റിലെ യാഥാര്‍ത്ഥ്യത്തിന്റെ പ്രതിബിംബമാണ് ഇത് – ഡാരന്‍ സാമി

നെതര്‍ലാണ്ട്സിനെതിരെയുള്ള ത്രില്ലര്‍ മത്സരത്തിൽ തോൽവിയുടെ പക്ഷത്തായതോടെ ലോകകപ്പ് യോഗ്യതയിൽ വെസ്റ്റിന്‍ഡീസിന് കാര്യങ്ങള്‍ പ്രയാസകരമാണ്. ടീം സൂപ്പര്‍ സിക്സിലേക്ക് യോഗ്യത നേടിയെങ്കിലും നെതര്‍ലാണ്ട്സിനോടുള്ള തോൽവി ടീമിന്റെ സാധ്യതകളെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്.

രണ്ട് ടീമുകള്‍ മാത്രം ലോകകപ്പിന് യോഗ്യത നേടുമ്പോള്‍ വെസ്റ്റിന്‍ഡീസിനെക്കാള്‍ പോയിന്റുമായി സിംബാബ്‍വേ(8 പോയിന്റ്), ശ്രീലങ്ക, സ്കോട്ലാന്‍ഡ്, നെതര്‍ലാണ്ട്സ് എന്നിവര്‍ ആറ് പോയിന്റുമായാണ് സൂപ്പര്‍ സിക്സിലേക്ക് യോഗ്യത നേടിയിട്ടുള്ളത്. ഒമാനും വെസ്റ്റിന്‍ഡീസും 4 പോയിന്റ് നേടിയിട്ടുണ്ട്.

ചിലപ്പോള്‍ ടീം അടിത്തട്ടിലെത്തി നിൽക്കുമ്പോള്‍ മാത്രമാകും തിരിച്ചുവരവിന് പ്രചോദനം ഉണ്ടാകുകയെന്നും ശ്രമകരമായ ദൗത്യമാണ് മുന്നിലുള്ളതെന്ന് അറിയാമെന്നുമാണ് വിന്‍ഡീസ് മുഖ്യ കോച്ച് ഡാരന്‍ സാമി പറയുന്നത്. ഈ മാറ്റങ്ങള്‍ രാത്രി ഇരുട്ടി വെളുക്കുമ്പോള്‍ സംഭവിക്കില്ലെന്നും തനിക്കറിയാമെന്നും എന്നാൽ വെസ്റ്റിന്‍ഡീസ് ക്രിക്കറ്റിന്റെ യഥാര്‍ത്ഥ അവസ്ഥയുടെ പ്രതിബിംബം ആണ് ഇതെന്നും സാമി കൂട്ടിചേര്‍ത്തു.

നെതര്‍ലാണ്ട്സിന്റെ അവിശ്വസനീയ ബാറ്റിംഗ്, സൂപ്പർ ഓവറിൽ സൂപ്പർ വിജയം

വെസ്റ്റിന്‍ഡീസിനെതിരെ സൂപ്പര്‍ ഓവറിൽ വിജയം നേടി നെതര്‍ലാണ്ട്സ്. ഇരു ടീമുകളും 374 റൺസ് നേടിയതോടെ മത്സരം സൂപ്പര്‍ ഓവറിലേക്ക് എത്തിയപ്പോള്‍ സൂപ്പര്‍ ഓവറിൽ 30 റൺസാണ് നെതര്‍ലാണ്ട്സ് നേടിയത്. വെസ്റ്റിന്‍ഡീസ് 8 റൺസ് നേടുന്നതിനിടെ ഇരു വിക്കറ്റുകളും നഷ്ടമായി തോൽവിയിലേക്ക് വീണു.

375 റൺസെന്ന കൂറ്റന്‍ ലക്ഷ്യം തേടിയിറങ്ങിയ നെതര്‍ലാണ്ട്സിന് വിജയത്തിന് പടിവാതിൽക്കലെത്തിയെങ്കിലും അവസാന പന്തിൽ ജയിക്കുവാന്‍ ഒരു റൺസ് വേണ്ടപ്പോള്‍ ലോഗന്‍ വാന്‍ ബീക്കിന്റെ വിക്കറ്റ് നഷ്ടമായത് ടീമിന് അര്‍ഹമായ വിജയം കൈവിടുന്ന കാഴ്ചയാണ് കണ്ടത്. 9 വിക്കറ്റ് നഷ്ടത്തിൽ നെതര്‍ലാണ്ട്സ് 374 റൺസിലൊതുങ്ങിയപ്പോള്‍ മത്സരം സൂപ്പര്‍ ഓവറിലേക്ക് പോയി.

സൂപ്പര്‍ ഓവറിൽ ലോഗര്‍ വാന്‍ ബീക്ക് ജേസൺ ഹോള്‍ഡറെ അടിച്ച് പറത്തിയപ്പോള്‍ ഓവറിൽ നിന്ന് 30 റൺസാണ് പിറന്നത്. 3 സിക്സും മൂന്ന് ഫോറും നേടിയതോടെ വെസ്റ്റിന്‍ഡീസിന്റെ വിജയ ലക്ഷ്യം 31 റൺസായി മാറി. സൂപ്പര്‍ ഓവറിൽ വെസ്റ്റിന്‍ഡീസ് ഇന്നിംഗ്സ് 5 പന്തിൽ 9 റൺസിൽ അവസാനിച്ചു.

നേരത്തെ നെതര്‍ലാണ്ട്സിനായി 76 പന്തിൽ 111 റൺസ് നേടിയ തേജ നിദാമാനുരൂവും സ്കോട്ട് എഡ്വേര്‍ഡ്സ്(67), ലോഗന്‍ വാന്‍ ബീക്ക്(14 പന്തിൽ 28), ആര്യന്‍ ദത്ത്(9 പന്തിൽ 16) എന്നിവര്‍ക്കൊപ്പം വിക്രംജീത്ത് സിംഗ്(37), മാക്സ് ഒദൗദ്(36), ബാസ് ഡി ലീഡ്(33) എന്നിവരുടെ പ്രകടനവും സ്കോറുകള്‍ ഒപ്പമെത്തിക്കുവാന്‍ ടീമിനെ സഹായിച്ചു.

വെസ്റ്റിന്‍ഡീസിനായി റോസ്ടൺ ചേസ് 3 വിക്കറ്റും അൽസാരി ജോസഫ്, അകീൽ ഹൊസൈന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

65 പന്തിൽ 104 റൺസുമായി പൂരന്‍, വമ്പന്‍ സ്കോര്‍ നേടി വെസ്റ്റിന്‍ഡീസ്

നെതര്‍ലാണ്ട്സിനെതിരെയുള്ള ഗ്രൂപ്പ് എ മത്സരത്തിൽ 374/6 എന്ന വമ്പന്‍ സ്കോര്‍ നേടി വെസ്റ്റിന്‍ഡീസ്. 65 പന്തിൽ പുറത്താകാതെ 104 റൺസ് നേടിയ നിക്കോളസ് പൂരനൊപ്പം ബ്രണ്ടന്‍ കിംഗ്(76), ജോൺസൺ ചാള്‍സ്(54), ഷായി ഹോപ്(47) എന്നിവരും നിര്‍ണ്ണായ പ്രകടനം പുറത്തെടുത്തു.

അവസാന ഓവറുകളിൽ പൂരനൊപ്പം 25 പന്തിൽ 46 റൺസ് നേടി കീമോ പോളും ചേര്‍ന്ന് 40 പന്തിൽ 79 റൺസ് നേടി വെസ്റ്റിന്‍ഡീസിനെ മുന്നോട്ട് നയിക്കുകയായിരുന്നു. നെതര്‍ലാണ്ട്സിനായി ബാസ് ഡി ലീഡും സാഖിബ് സുൽഫിക്കറും 2 വീതം വിക്കറ്റ് നേടി.

സൂപ്പര്‍ സിക്സിലേക്ക് ആധികാരിക വിജയവുമായി സിംബാബ്‍വേ, വെസ്റ്റിന്‍ഡീസിനെ വീഴ്ത്തിയത് 35 റൺസ്

സൂപ്പര്‍ സിക്സിലേക്ക് നാല് പോയിന്റു റൺ റേറ്റുമായി കടന്ന് സിംബാബ്‍വേ. ഇന്ന് വെസ്റ്റിന്‍ഡീസിനെതിരെയുള്ള 35 റൺസ് വിജയത്തോടെയാണ് ഈ നേട്ടം സിംബാ‍ബ്‍വേ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത് സിംബാബ്‍വേ 49.5 ഓവറിൽ 268 റൺസിന് ഓള്‍ഔട്ട് ആയപ്പോള്‍ വെസ്റ്റിന്‍ഡീസ് 44.4 ഓവറിൽ 233 റൺസിന് ഓള്‍ഔട്ട് ആയി.

സിക്കന്ദര്‍ റാസ(68), റയാന്‍ ബര്‍ള്‍(50), ക്രെയിഗ് ഇര്‍വിന്‍(47) എന്നിവരുടെ ബാറ്റിംഗ് പ്രകടനം ആണ് സിംബാബ്‍വേയെ 268 റൺസിലേക്ക് എത്തിച്ചത്. വെസ്റ്റിന്‍ഡീസിനായി കീമോ പോള്‍ മൂന്നും അൽസാരി ജോസഫ്, അകീൽ ഹൊസൈന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

വെസ്റ്റിന്‍ഡീസിനായി കൈൽ മയേഴ്സ് 56 റൺസുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ റോസ്ടൺ ചേസ് 44 റൺസ് നേടി. ഷായി ഹോപ്(30), നിക്കോളസ് പൂരന്‍(34) എന്നിവരുടെ പ്രകടനങ്ങളും ടീമിനെ തുണച്ചില്ല. ടെണ്ടായി ചതാര മൂന്നും ബ്ലെസ്സിംഗ് മുസറബാനി, റിച്ചാര്‍ഡ് എന്‍ഗാരാവ, സിക്കന്ദര്‍ റാസ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

Exit mobile version