ഓപ്പണറായി കളിച്ച് വന്നത് ഏറെ ഗുണം ചെയ്തു – വാഷിംഗ്ടണ്‍ സുന്ദര്‍

ഇന്ത്യയ്ക്ക് വേണ്ടി ബ്രിസ്ബെയിനിലെ അരങ്ങേറ്റ ടെസ്റ്റില്‍ നിര്‍ണ്ണായക പ്രകടനം പുറത്തെടുത്ത താരങ്ങളില്‍ ഒരാളാണ് തമിഴ്നാട് സ്വദേശിയായ 21 വയസ്സുകാരന്‍ ഓള്‍റൗണ്ടര്‍ വാഷിംഗ്ടണ്‍ സുന്ദര്‍. ബാറ്റ് കൊണ്ടും ബോളു കൊണ്ടും നിര്‍ണ്ണായക പ്രകടനം പുറത്തെടുത്ത വാഷിംഗ്ടണ്‍ സുന്ദര്‍ നാല് വിക്കറ്റും ബാറ്റിംഗില്‍ ഏഴാം നമ്പറില്‍ ശ്രദ്ധേയമായ ചെറുത്തുനില്പും പുറത്തെടുത്തിരുന്നു.

തമിഴ്നാടിന് വേണ്ടി ഓപ്പണ്‍ ചെയ്ത് പരിചയമുള്ളത് തനിക്ക് വളരെ ഗുണം ചെയ്തിട്ടുണ്ടെന്നും വാഷിംഗ്ടണ്‍ സുന്ദര്‍ വ്യക്തമാക്കി. ഗാബയിലെ ഓസ്ട്രേലിയന്‍ കോട്ടയിലാണ് താരത്തിന്റെ ഈ പ്രകടനമെന്നതും ശ്രദ്ധേയമായ കാര്യമാണ്.

123 റണ്‍സാണ് മത്സരത്തിന്റെ ആദ്യ ഇന്നിംഗ്സില്‍ താരം ശര്‍ദ്ധുല്‍ താക്കൂറുമായി നേടിയത്. രണ്ടാം ഇന്നിംഗ്സിലാകട്ടെ ഋഷഭ് പന്തുമായി ഓസ്ട്രേലിയന്‍ ന്യൂ ബോളിനെ ആക്രമിച്ച് ചെറുതെങ്കിലും പ്രഭാവമുള്ള ഇന്നിംഗ്സ് താരം പുറത്തെടുക്കുകയായിരുന്നു.

ടോപ് ഓര്‍ഡറില്‍ ചെറുപ്പം മുതല്‍ കളിച്ച് വന്നതിനാല്‍ തന്നെ ന്യൂ ബോളിനെ തനിക്ക് പ്രതിരോധിക്കുവാന്‍ സാധിച്ചുവെന്നാണ് വാഷിംഗ്ടണ്‍ സുന്ദര്‍ അഭിപ്രായപ്പെട്ടത്. ഈ സാഹചര്യത്തിലെ ബാറ്റിംഗ് താന്‍ ആസ്വദിച്ചുവെന്നും ഇവിടെ റണ്‍സ് കണ്ടെത്താനായതില്‍ സന്തോഷമുണ്ടെന്നും വാഷിംഗ്ടണ്‍ സുന്ദര്‍ സൂചിപ്പിച്ചു.

ബാറ്റിംഗില്‍ ഇന്ത്യയ്ക്കായി എന്നെങ്കിലും ഓപ്പണ്‍ ചെയ്യുവാന്‍ സാധിച്ചാല്‍ അത് വലിയൊരു ഭാഗ്യമായി താന്‍ കരുതുമെന്നും വാഷിംഗ്ടണ്‍ സുന്ദര്‍ അഭിപ്രായപ്പെട്ടു.

ഇന്ത്യയുടെ ചെറുത്ത്നില്പ് അവസാനിപ്പിച്ച് ഹാസല്‍വുഡ്, അഞ്ച് വിക്കറ്റ്

ശര്‍ദ്ധുല്‍ താക്കൂര്‍ – വാഷിംഗ്ടണ്‍ സുന്ദര്‍ കൂട്ടുകെട്ടിന്റെ പ്രതിരോധം ഒടുവില്‍ ഓസ്ട്രേലിയ ഭേദിച്ചു. 67 റണ്‍സ് നേടിയ താക്കൂറിനെ പുറത്താക്കി പാറ്റ് കമ്മിന്‍സ് ആണ് ഓസ്ട്രേലിയയ്ക്ക് ആശ്വാസമായ പ്രകടനം പുറത്തെടുത്തത്. അധികം വൈകാതെ ഇന്ത്യയുടെ ഇന്നിംഗ്സിന് അവസാനം കുറിയ്ക്കുാന്‍ ഓസീസ് ബൗളര്‍മാര്‍ക്കായി.

ആറാം വിക്കറ്റില്‍ 123 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്. ഓസ്ട്രേലിയയ്ക്ക് വെറും 33 റണ്‍സ് ലീഡ് മാത്രമേ ലഭിച്ചുവെന്ന് ഈ കൂട്ടുകെട്ട് ഉറപ്പാക്കുകയായിരുന്നു. ശര്‍ദ്ധുല്‍ പുറത്തായി അധികം വൈകാതെ 62 റണ്‍സ് നേടിയ വാഷിംഗ്ടണ്‍ സുന്ദറിനെയും ഇന്ത്യയ്ക്ക് നഷ്ടമായി.

Shardulwashington

ഇന്ത്യ 111.4 ഓവറില്‍ 336 റണ്‍സിന് ഓള്‍ഔട്ട് ആകുകയായിരുന്നു. ഓസ്ട്രേലിയയ്ക്കായി ജോഷ് ഹാസല്‍വുഡ് അഞ്ചും മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ് എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി. 13 റണ്‍സ് നേടി സിറാജ് അവസാന വിക്കറ്റായി പുറത്തായപ്പോള്‍ നടരാജന്‍ ഒരു റണ്‍സുമായി പുറത്താകാതെ നിന്നു.

വാഷിംഗ്ടണ്‍ സുന്ദറിന്റെയും ശര്‍ദ്ധുല്‍ താക്കൂറിന്റെയും ബാറ്റിംഗ് മികവില്‍ ഇന്ത്യ പൊരുതുന്നു

ഓസ്ട്രേലിയയ്ക്കെതിരെ മുന്‍ നിര ബാറ്റ്സ്മാന്മാര്‍ എല്ലാം മടങ്ങിയെങ്കിലും ഇന്ത്യയ്ക്കായി ചെറുത്തുനില്പുയര്‍ത്തി വാഷിംഗ്ടണ്‍ സുന്ദറും ശര്‍ദ്ധുല്‍ താക്കൂറും. മയാംഗ് അഗര്‍വാളിനെയും(38), ഋഷഭ് പന്തിനെയും(23) നഷ്ടമായി 186/6 എന്ന നിലയിലേക്ക് വീണ ഇന്ത്യയെ ചുരുങ്ങിയ സ്കോറിന് പുറത്താക്കാമെന്നാണ് ഓസ്ട്രേലിയ കരുതിയതെങ്കിലും അവരുടെ പ്രതീക്ഷ തകര്‍ത്ത് ഏഴാം വിക്കറ്റില്‍ ഇന്ത്യയ്ക്ക് ആശ്വാസം പകരുന്ന പ്രകടനമാണ് ഈ യുവ താരങ്ങള്‍ പുറത്തെടുത്തത്.

ജോഷ് ഹാസല്‍വുഡ് ആണ് അഗര്‍വാളിനെയും പന്തിനെയും പുറത്താക്കിയത്. 67 റണ്‍സാണ് സുന്ദര്‍ – ശര്‍ദ്ധുല്‍ കൂട്ടുകെട്ട് നേടിയത്. വാഷിംഗ്ടണ്‍ സുന്ദര്‍ 38 റണ്‍സും ശര്‍ദ്ധുല്‍ താക്കൂര്‍ 33 റണ്‍സുമാണ് നേടിയിട്ടുള്ളത്.

മൂന്നാം ദിവസം ചായയ്ക്കായി ടീമുകള്‍ പിരിയുമ്പോള്‍ ഇന്ത്യ ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറിനും 116 റണ്‍സ് പിന്നിലാണ്. ഇന്ത്യ 253/6 എന്ന സ്കോറാണ് ചായയ്ക്ക് പിരിയുമ്പോള്‍ നേടിയിട്ടുള്ളത്.

മാത്യു വെയിഡിനെ പുറത്താക്കി തന്റെ അരങ്ങേറ്റ ടെസ്റ്റ് വിക്കറ്റ് നേടി നടരാജന്‍, സ്മിത്തിനെ വീഴ്ത്തി വാഷിംഗ്ടണ്‍ സുന്ദറിനും കന്നി വിക്കറ്റ്

ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ന് അരങ്ങേറ്റം കുറിച്ച രണ്ട് യുവ താരങ്ങള്‍ക്കും തങ്ങളുടെ ആദ്യ വിക്കറ്റുകള്‍ നേടുവാനുള്ള ഭാഗ്യം സിദ്ധിച്ചു. ഇന്ന് നടരാജന്‍ തന്റെ കന്നി വിക്കറ്റായി മാത്യു വെയിഡിനെ പുറത്താക്കിയപ്പോള്‍ വാഷിംഗ്ടണ്‍ സുന്ദര്‍ തന്റെ ആദ്യ വിക്കറ്റായി വീഴ്ത്തിയത് ഓസ്ട്രേലിയന്‍ ഇതിഹാസ താരം കൂടിയായ സ്റ്റീവ് സ്മിത്തിനെയാണ്.

ഇന്ന് തന്റെ കന്നി ടെസ്റ്റ് വിക്കറ്റ് നേടിയ മറ്റൊരു താരമാണ് ശര്‍ദ്ധുല്‍ താക്കൂര്‍. മാര്‍ക്കസ് ഹാരിസിനെ പുറത്താക്കിയാണ് ഇന്ത്യന്‍ താരം തന്റെ ടെസ്റ്റ് വിക്കറ്റുകളുടെ അക്കൗണ്ട് തുറന്നത്.

വെയിഡിന്റെ മികവില്‍ ഓസ്ട്രേലിയ, മാക്സ്വെല്ലിനും അര്‍ദ്ധ ശതകം

മാത്യൂ വെയിഡിന്റെയും ഗ്ലെന്‍ മാക്സ്വെല്ലിന്റെയും അര്‍ദ്ധ ശതകങ്ങളുടെ മികവില്‍ ഇന്ത്യയ്ക്കെതിരെ മൂന്നാം ടി20യില്‍ 186 റണ്‍സ് നേടി ഓസ്ട്രേലിയ. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ടീമിന് ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചിനെ പൂജ്യത്തിന് നഷ്ടമായ ശേഷം മാത്യു വെയിഡും സ്റ്റീവന്‍ സ്മിത്തും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍  65 റണ്‍സ് നേടുകയായിരുന്നു. സ്മിത്തിനെ പുറത്താക്കി വാഷിംഗ്ടണ്‍ സുന്ദര്‍ ആണ് ഇന്ത്യയ്ക്ക് വിക്കറ്റ് നേടിക്കൊടുത്തത്. ഫിഞ്ചിന്റെ വിക്കറ്റും വാഷിംഗ്ടണ്‍ സുന്ദര്‍ ആണ് നേടിയത്.

23 റണ്‍സ് നേടിയ സ്മിത്ത് പുറത്തായ ശേഷം തന്റെ അര്‍ദ്ധ ശതകം നേടിയ മാത്യു വെയിഡും മാക്സ്വെല്ലും ചേര്‍ന്നാണ് ഓസ്ട്രേലിയയുടെ ഇന്നിംഗ്സിനെ മുന്നോട്ട് നയിച്ചത്. 53 പന്തില്‍ 80 റണ്‍സ് നേടിയ വെയിഡ് 19ാം ഓവറില്‍ പുറത്താകുമ്പോള്‍ 53 പന്തില്‍ നിന്ന് 90 റണ്‍സാണ് കൂട്ടുകെട്ട് മൂന്നാം വിക്കറ്റില്‍ പടുത്തുയര്‍ത്തിയത്. ശര്‍ദ്ധുല്‍ താക്കൂറിനായിരുന്നു വിക്കറ്റ്.

അതേ ഓവറില്‍ മാക്സ്വെല്ലിന്റെ ക്യാച്ച് ചഹാല്‍ കൈവിട്ടുവെങ്കിലും തൊട്ടടുത്ത ഓവറില്‍ നടരാജന്‍ മാക്സ്വെല്ലിനെ പുറത്താക്കി. 36 പന്തില്‍ നിന്ന് 54 റണ്‍സാണ് മാക്സ്വെല്‍ നേടിയത്.

 

അമ്പമ്പോ ആര്‍സിബി, കൊല്‍ക്കത്തയ്ക്കെതിരെ 82 റണ്‍സ് വിജയം

എബി ഡി വില്ലിയേഴ്സിന്റെ തട്ടുപൊളിപ്പന്‍ ബാറ്റിംഗ് പ്രകടനത്തിന് ശേഷം ബൗളര്‍മാരും ഫീല്‍ഡര്‍മാരും ഒപ്പം കിടപിടിക്കുന്ന ബൗളിംഗ് പ്രകടനങ്ങള്‍ പുറത്തെടുത്തപ്പോള്‍ കൊല്‍ക്കത്തയെ 112 റണ്‍സില്‍ ഒതുക്കി 82 റണ്‍സിന്റെ വലിയ വിജയമാണ് വിരാട് കോഹ്‍ലിയും സംഘവും നേടിയത്. ജയത്തോടെ ആര്‍സിബി മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു.

സ്കോര്‍ 31ല്‍ നില്‍ക്കെ ഗില്ലിന്റെ ഒരു അനായാസ ക്യാച്ച് ലോംഗ് ഓണില്‍ ഫിഞ്ച് വിട്ട് കളയുകയായിരുന്നു. തൊട്ടടുത്ത പന്തില്‍ ഓയിന്‍ മോര്‍ഗനെതിരെ ഒരു അനാവശ്യ റിവ്യൂ നടത്തി ബാംഗ്ലൂര്‍ തങ്ങളുടെ പക്കലുള്ള റിവ്യൂവും നഷ്ടപ്പെടുത്തി. എന്നാല്‍ സ്കോറര്‍മാരെ അധികം ബുദ്ധിമുട്ടിക്കാതെ ഗില്‍ റണ്ണൗട്ട് രൂപത്തില്‍ മടങ്ങുകയായിരുന്നു.

ഗില്‍ ഔട്ടായ ശേഷം ക്രീസിലെത്തിയ ദിനേശ് കാര്‍ത്തിക്കിനെ(1) യൂസുവേന്ദ്ര ചഹാല്‍ പുറത്താക്കിയപ്പോള്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 62/4 എന്ന നിലയില്‍ പ്രതിരോധത്തിലായി. അടുത്തോവറില്‍ എട്ട് റണ്‍സ് നേടിയ ഓയിന്‍ മോര്‍ഗനെ പുറത്താക്കി വാഷിംഗ്ടണ്‍ സുന്ദര്‍ മത്സരത്തിലെ തന്റെ രണ്ടാം വിക്കറ്റ് നേടി.

ക്രിസ് മോറിസ് എറിഞ്ഞ അടുത്ത ഓവറില്‍ ആന്‍ഡ്രേ റസ്സലിന്റെ ക്യാച്ച് ദേവ്ദത്ത് പടിക്കല്‍ കൈവിടുകയായിരുന്നു. ഓവറില്‍ വെറും രണ്ട് റണ്‍സ് വിട്ട് നല്‍കി മികച്ച രീതിയിലാണ് മോറിസ് പന്തെറിഞ്ഞത്. ഇസ്രു ഉഡാന മത്സരത്തില്‍ ആദ്യമായി എറിയാനെത്തിയപ്പോള്‍ റസ്സല്‍ അടിതുടങ്ങുന്ന കാഴ്ചയാണ് ഷാര്‍ജ്ജയില്‍ കണ്ടത്.

ആദ്യ പന്തില്‍ ഫോറും പിന്നെ തുടരെ രണ്ട് സിക്സുകളും നേടി റസ്സല്‍ അപകടകാരിയായി മാറുമെന്ന തോന്നിപ്പിച്ച നിമിഷത്തില്‍ ഉഡാന റസ്സലിനെ പുറത്താക്കി. 10 പന്തില്‍ 16 റണ്‍സ് മാത്രമാണ് റസ്സല്‍ നേടിയത്. പാറ്റ് കമ്മിന്‍സും വേഗത്തില്‍ മടങ്ങിയതോടെ കെകെആര്‍ തോല്‍വി ഉറപ്പിച്ചു.

15 ഓവറുകള്‍ അവസാനിക്കുമ്പോള്‍ കൊല്‍ക്കത്ത 90/7 എന്ന നിലയിലായിരുന്നു. 16 റണ്‍സ് നേടിയ രാഹുല്‍ ത്രിപാഠിയെ മികച്ച ക്യാച്ചിലൂടെ ക്രിസ് മോറിസ് പിടിച്ചപ്പോള്‍ സിറാജിന് മത്സരത്തിലെ ആദ്യ വിക്കറ്റ് നേടി.

9 വിക്കറ്റുകളാണ് റണ്‍ ചേസില്‍ കൊല്‍ക്കത്തയ്ക്ക് നഷ്ടമായത്. രണ്ട് വീതം വിക്കറ്റ് നേടിയ ക്രിസ് മോറിസിനും വാഷിംഗ്ടണ്‍ സുന്ദറിനുമൊപ്പം മുഹമ്മദ് സിറാജ്, യൂസുവേന്ദ്ര ചഹാല്‍, ഇസ്രു ഉഡാന, നവ്ദീപ് സൈനി എന്നിവരും റണ്‍സ് കണ്ടെത്തി.

അഞ്ചാം തോല്‍വിയേറ്റ് വാങ്ങി ചെന്നൈ, തൊട്ടതെല്ലാം പൊന്നാക്കി വിരാട് കോഹ്‍ലി

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ നല്‍കിയ 170 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ചെന്നൈയ്ക്ക് 37 റണ്‍സ് തോല്‍വി. ടൂര്‍ണ്ണമെന്റില്‍ ടീം നേരിടുന്ന അഞ്ചാമത്തെ തോല്‍വിയാണിത്. മുംബൈയ്ക്കെതിരെയും പഞ്ചാബിനെതിരെയും ജയം നേടിയ ടീമിന് ബാക്കി മത്സരങ്ങളില്‍ കാര്യമായ പ്രഭാവമുണ്ടാക്കുവാന്‍ സാധിച്ചിരുന്നില്ല. 20 ഓവറില്‍ നിന്ന് 132 റണ്‍സാണ്  8 വിക്കറ്റ് നഷ്ടത്തില്‍ ചെന്നൈ നേടിയത്.

ചെന്നൈയുടെ ഓപ്പണര്‍മാരായ ഫാഫ് ഡു പ്ലെസിയും(8) ഷെയിന്‍ വാട്സണും(14) പവര്‍പ്ലേയില്‍ തന്നെ മുട്ട് മടക്കിയപ്പോള്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് 5.4 ഓവറില്‍ 25/2 എന്ന നിലയില്‍ പ്രതിരോധത്തിലായി. പിന്നീട് അമ്പാട്ടി റായിഡുവും നാരായണ്‍ ജഗദീഷനും ചേര്‍ന്നാണ് ടീമിനെ മുന്നോട്ട് ചെയ്തത്.

പത്തോവറില്‍ 47 റണ്‍സാണ് ചെന്നൈ നേടിയത്. ഇന്നിംഗ്സ് രണ്ടാം പകുതിയിലേക്ക് കടന്നപ്പോള്‍ വലിയ ഷോട്ടുകള്‍ കളിക്കുവാന്‍ ചെന്നൈ ബാറ്റ്സ്മാന്മാര്‍ നിര്‍ബന്ധിതരാകുകയായിരുന്നു. സ്ട്രാറ്റീജിക് ടൈം ഔട്ടിന് തൊട്ടുമുമ്പുള്ള ചഹാല്‍ എറിഞ്ഞ ഓവറില്‍ ജഗദീഷന്‍ രണ്ട് ഫോര്‍ നേടി ഓവറില്‍ നിന്ന് 12 റണ്‍സ് നേടുകയായിരുന്നു.

28 പന്തില്‍ നിന്ന് 33 റണ്‍സ് നേടിയ ജഗദീഷന്‍ ക്രിസ് മോറിസിന്റെ ഡയറക്ട് ഹിറ്റില്‍ പവലിയനിലേക്ക് മടങ്ങുമ്പോള്‍ 34 പന്തില്‍ 81 റണ്‍സായിരുന്നു ചെന്നൈ നേടേണ്ടിയിരുന്നത്. 5 പന്തില്‍ 10 റണ്‍സ് നേടി ധോണിയും മടങ്ങിയതോടെ ചെന്നൈ പ്രതീക്ഷകള്‍ അവസാനിച്ചു. തന്നെ സിക്സര്‍ പറത്തിയ ധോണിയെ പുറത്താക്കി മികച്ച പ്രതികാരമാണ് ചഹാല്‍ നേടിയത്.

42 റണ്‍സ് നേടിയ അമ്പാട്ടി റായിഡുവും ഇസ്രു ഉഡാനയ്ക്ക് വിക്കറ്റ് നല്‍കി മടങ്ങിയപ്പോള്‍ ചെന്നൈ തോല്‍വി ഉറപ്പിച്ചു. ബാംഗ്ലൂരിന് വേണ്ടി ക്രിസ് മോറിസ് മൂന്നും വാഷിംഗ്ടണ്‍ സുന്ദര്‍ രണ്ട് വിക്കറ്റും നേടി.

അവസാന ഓവറുകളില്‍ റണ്‍സ് വന്നില്ല, ക്യാച്ചുകള്‍ കൈവിട്ടതും തിരിച്ചടിയായി

വിന്‍ഡീസിനെതിരെയുള്ള തോല്‍വിയുടെ കാരണങ്ങളായി അവസാന ഓവറുകളിലെ ബാറ്റിംഗിനെയും ക്യാച്ചുകള്‍ നഷ്ടപ്പെടുത്തിയതിനെയും സൂചിപ്പിച്ച് വിരാട് കോഹ്‍ലി. ശിവം ഡുബേ മികച്ച ഇന്നിംഗ്സാണ് കാഴ്ച വെച്ചതെങ്കിലും അവസാന നാലോവറില്‍ ബാറ്റിംഗ് വേണ്ടത്ര ശോഭിച്ചില്ലെെന്ന് കോഹ്‍ലി പറഞ്ഞു.

അവസാന നാലോവറില്‍ ടീമുകള്‍ പൊതുവേ 40-45 റണ്‍സാണ് പ്രതീക്ഷിക്കുന്നതെന്നും വെറും 30 റണ്‍സ് അല്ലെന്നും പറഞ്ഞു. എന്നാല്‍ തങ്ങളിന്ന് ഫീല്‍ഡ് ചെയ്തത് പോലെയാണെങ്കില്‍ ഇന്ന് നേടിയ ഭേദപ്പെട്ട സ്കോറും തടുക്കാന്‍ ടീമിനാവില്ലെന്ന് കോഹ്‍ലി വ്യക്തമാക്കി.

ക്യാച്ചുകള്‍ വൈകിട്ടാല്‍ മത്സരവും കൈവിടുമെന്ന് പറഞ്ഞ കോഹ്‍ലി തന്റെ ടീം ഫീല്‍ഡിംഗില്‍ കുറച്ച് കൂടെ ധീരന്മാരാവണമെന്ന് ആവശ്യപ്പെട്ടു.

മത്സരത്തില്‍ കോഹ്‍ലി മികച്ചൊരു ക്യാച്ച് പൂര്‍ത്തിയാക്കിയെങ്കിലും ഋഷഭ് പന്തും വാഷിംഗ്ടണ്‍ സുന്ദറും ക്യാച്ചുകള്‍ കൈവിടുകയായിരുന്നു.

ടി20യില്‍ ബൗളിംഗ് ഓപ്പണ്‍ ചെയ്യുന്നത് പ്രയാസകരം – വാഷിംഗ്ടണ്‍ സുന്ദര്‍

ടി20 ക്രിക്കറ്റില്‍ ബൗളിംഗ് ഓപ്പണ്‍ ചെയ്യുന്നത് സ്പിന്നറെ സംബന്ധിച്ച് വളരെ പ്രയാസമേറിയ കാര്യമാണെന്ന് അഭിപ്രായപ്പെട്ട് വാഷിംഗ്ടണ്‍ സുന്ദര്‍. റിസ്റ്റ് സ്പിന്നറെ അപേക്ഷിച്ച് ഫിംഗര്‍ സ്പിന്നര്‍ക്ക് അത് കൂടുതല്‍ പ്രയാസകരമാണെന്നും വാഷിംഗ്ടണ്‍ സുന്ദര്‍ അഭിപ്രായപ്പെട്ടു.

ടി20യില്‍ അത് വളരെ പ്രയാസമേറിയ കാര്യമാണ്. ശരിയായ ലെംഗ്ത്തില്‍ പന്തെറിയുക പ്രയാസമാണ്, വളരെ കടുപ്പമേറിയ പണിയാമെങ്കിലും തനിക്ക് അത് വളരെ ആവേശകരമായ ഒന്നായാണ് ഈ വെല്ലുവിളിയെ കുറിച്ച് തോന്നിയിട്ടുള്ളതെന്നും വാഷിംഗ്ടണ്‍ സുന്ദര്‍ പറഞ്ഞു.

താന്‍ എന്നും ഈ ദൗത്യം ആസ്വദിച്ചിട്ടേയുള്ളുവെന്നും സുന്ദര്‍ വെളിപ്പെടുത്തി.

ന്യൂബോള്‍ ദൗത്യം മികവോടെ പൂര്‍ത്തിയാക്കിയ വാഷിംഗ്ടണ്‍ സുന്ദറിനെ പ്രശംസിച്ച് കോഹ്‍ലി

ഇന്ത്യയ്ക്ക് വേണ്ടി വിന്‍ഡീസിനെതിരെ ടി20 മത്സരത്തില്‍ ന്യൂബോള്‍ ദൗത്യം ഏറ്റെടുത്തത് വാഷിംഗ്ടണ്‍ സുന്ദര്‍ ആയിരുന്നു. താരം തന്റെ മൂന്നോവറില്‍ വെറും 12 റണ്‍സ് വഴങ്ങി ഒരു വിക്കറ്റാണ് നേടിയത്. അതും പിഞ്ച് ഹിറ്റര്‍ ആയി ഇറങ്ങിയ സുനില്‍ നരൈനെ നിര്‍ത്തി ഒരു മെയ്ഡന്‍ ഓവറും സുന്ദര്‍ സ്വന്തമാക്കിയിരുന്നു. പിന്നീട് നരൈന്റെ വിക്കറ്റും തന്റെ രണ്ടാം ഓവറില്‍ വാഷിംഗ്ടണ്‍ സുന്ദര്‍ നേടി.

ഏറെ കാലം പരിക്ക് മൂലം ടീമിന് പുറത്തായിരുന്ന വാഷിംഗ്ടണ്‍ സുന്ദര്‍ ടീമിലേക്ക് മടങ്ങിയെത്തിയ ശേഷം ഇരു മത്സരങ്ങളിലും ന്യൂബോള്‍ കൊണ്ട് ശക്തമായ പ്രഭാവമാണ് സൃഷ്ടിച്ചത്. വാഷിംഗ്ടണ്‍ സുന്ദര്‍ പ്രശംസനീയമായ പ്രകടനമാണ് പുറത്തെടുത്തതെന്ന് കോഹ‍്‍ലി പ്രത്യേകം സൂചിപ്പിച്ചു. വിന്‍ഡീസ് മുന്‍ നിരയില്‍ കടന്നാക്രമിക്കുവാന്‍ ശേഷിയുള്ള താരങ്ങള്‍ക്കെതിരെയാണ് ന്യൂ ബോളില്‍ വാഷിംഗ്ടണ്‍ സുന്ദറിന്റെ പ്രകടനമെന്നതും ശ്രദ്ധേയമാണെന്ന് കോഹ്‍ലി വ്യക്തമാക്കി.

താരം കൂടുതല്‍ ഫിറ്റ് ആയിട്ടുണ്ടെന്നും ബാറ്റ് കൊണ്ടും ശ്രദ്ധേയമായ പ്രകടനം പുറത്തെടുക്കുവാന്‍ ശേഷിയുള്ള താരമായതിനാല്‍ തന്നെ ഇന്ത്യയുടെ ഭാവിയിലെ നിര്‍ണ്ണായക താരമായി മാറുമെന്നും കോഹ്‍ലി വ്യക്തമാക്കി.

മറ്റു ബാറ്റ്സ്മാന്മാര്‍ കൈവിട്ടുവെങ്കിലും സണ്‍റൈസേഴ്സിനെ മുന്നില്‍ നിന്ന് നയിച്ച് കെയിന്‍ വില്യംസണ്‍

കെയിന്‍ വില്യംസണ്‍ 43 പന്തില്‍ നിന്ന് നേടിയ 70 റണ്‍സിന്റെ ബലത്തില്‍ സണ്‍റൈസേഴ്സിനു റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ 175 റണ്‍സ്. മറ്റു ബാറ്റ്സ്മാന്മാര്‍ പരാജയപ്പെട്ടപ്പോളും കെയിന്‍ വില്യംസണാണ് ടീമിനെ തകരാതെ 175 റണ്‍സിലേക്ക് നയിച്ചത്. 5 ഫോറും 4 സിക്സുമാണ് താരം നേടിയത്. ഏഴ് വിക്കറ്റുകളാണ് സണ്‍റൈസേഴ്സിനു നഷ്ടമായത്.

ഒന്നാം വിക്കറ്റില്‍ മാര്‍ട്ടിന്‍ ഗപ്ടിലും വൃദ്ധിമന്‍ സാഹയും ചേര്‍ന്ന് 4.3 ഓവറില്‍ ടീമിനെ 46 റണ്‍സിലേക്ക് നയിച്ചുവെങ്കിലും 11 പന്തില്‍ 20 റണ്‍സ് നേടിയ സാഹയെ പുറത്താക്കി ചഹാല്‍ ആദ്യ ബ്രേക്ക് ത്രൂ ടീമിനു നല്‍കി. 23 പന്തില്‍ 30 റണ്‍സ് നേടിയ മാര്‍ട്ടിന്‍ ഗപ്ടിലിന്റെ വിക്കറ്റാണ് സണ്‍റൈസേഴ്സിനു രണ്ടാമത് നഷ്ടമായത്. അതേ ഓവറില്‍ മനീഷ് പാണ്ടേയെയും വാഷിംഗ്ടണ്‍ സുന്ദര്‍ പുറത്താക്കി. മികച്ചൊരു ക്യാച്ച് പൂര്‍ത്തിയാക്കിയ ഷിമ്രണ്‍ ഹെറ്റ്മ്യറാണ് വിക്കറ്റ് നേടുവാന്‍ സഹായിച്ചത്.

പിന്നീട് മത്സരത്തില്‍ സണ്‍റൈസേഴ്സ് തിരിച്ചുവരുന്ന കാഴ്ചയാണ് കണ്ടത്. വിജയ് ശങ്കറും കെയിന്‍ വില്യംസണും ചേര്‍ന്ന് 45 റണ്‍സ് നാലാം വിക്കറ്റില്‍ നേടിയെങ്കിലും സുന്ദറിനെ തുടര്‍ച്ചയായ മൂന്നാം സിക്സിനു പായിക്കുവാന്‍ ശ്രമിച്ച വിജയ് ശങ്കര്‍ 18 പന്തില്‍ 27 റണ്‍സ് നേടി പുറത്താകുകയായിരുന്നു. വാഷിംഗ്ടണ്‍ സുന്ദറിന്റെ മൂന്നാമത്തെ വിക്കറ്റായിരുന്നു ഇത്.

കെയിന്‍ വില്യംസണ്‍ ഒരു വശത്ത് യഥേഷ്ടം റണ്‍സ് കണ്ടെത്തിയപ്പോള്‍ മറുവശത്ത് യൂസഫ് പത്താനും മുഹമ്മദ് നബിയും റഷീദ് ഖാനും ആരും തന്നെ സ്കോറര്‍മാരെ ബുദ്ധിമുട്ടിക്കാതെ മടങ്ങുകയായിരുന്നു. ഉമേഷ് യാദവ് എറിഞ്ഞ അവസാന ഓവറില്‍ 28 റണ്‍സാണ് കെയിന്‍ വില്യംസണും ഭുവനേശ്വര്‍ കുമാറും ചേര്‍ന്ന് നേടിയത്. ഇതില്‍ കെയിന്‍ വില്യംസണ്‍ രണ്ട് വീതം സിക്സും ഫോറും നേടിയപ്പോള്‍ ഭുവനേശ്വര്‍ കുമാര്‍ അവസാന പന്തില്‍ ബൗണ്ടറി നേടി.

തന്റെ ആദ്യ മൂന്നോവറില്‍ 18 റണ്‍സ് മാത്രം വഴങ്ങിയ ഉമേഷ് യാദവിന്റെ സ്പെല്‍ മോശമാക്കുക കൂടിയാണ് വില്യംസണ്‍ തന്റെ വെടിക്കെട്ടിലൂടെ ചെയ്തത്. വാഷിംഗ്ടണ്‍ സുന്ദര്‍ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ നവ്ദീപ് സൈനി രണ്ടും യൂസുവേന്ദ്ര ചഹാലും കുല്‍വന്ത് ഖെജ്രോലിയ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

അവസാന ടി20 ഈ മൂന്ന് താരങ്ങള്‍ക്ക് വിശ്രമം

വിന്‍ഡീസിനെതിരെയുള്ള അവസാന ടി20യില്‍ മൂന്ന് ബൗളര്‍മാര്‍ക്ക് വിശ്രമം നല്‍കി ഇന്ത്യ. ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ്, ഉമേഷ് യാദവ് എന്നിവര്‍ക്കാണ് വിശ്രമം നല്‍കുവാന്‍ ബിസിസിഐയുടെ തീരുമാനം. ചെന്നൈയില്‍ നടക്കുന്ന മത്സരത്തില്‍ സിദ്ധാര്‍ത്ഥ് കൗളിനെ ടീമിലേക്ക് ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഷാഹ്ബാസ് നദീം, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവരും ടീമിലേക്ക് എത്തി. ബിസിസിഐ ഇന്ന് പത്രക്കുറിപ്പിലൂടെയാണ് ഈ തീരുമാനം പ്രഖ്യാപിച്ചത്.

ഇന്ത്യയുടെ ഓസ്ട്രേലിയന്‍ ടൂറിനു താരങ്ങള്‍ പൂര്‍ണ്ണാരോഗ്യവന്മാരായി ഇരിക്കുവാന്‍ കൂടിയാണ് ഈ തീരുമാനമെന്നാണ് അറിയുന്നത്.

ഇന്ത്യ: ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ്മ, കെഎല്‍ രാഹുല്‍, ഋഷഭ് പന്ത്, ദിനേശ് കാര്‍ത്തിക്, മനീഷ് പാണ്ടേ, ശ്രേയസ് അയ്യര്‍, ക്രുണാല്‍ പാണ്ഡ്യ, യൂസുവേന്ദ്ര ചഹാല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ഖലീല്‍ അഹമ്മദ്, ഭുവനേശ്വര്‍ കുമാര്‍, സിദ്ധാര്‍ത്ഥ് കൗള്‍, ഷാഹ്ബാസ് നദീം

Exit mobile version