ഹസരംഗയുടെ ഹാട്രിക്കിനും തടയാനായില്ല ദക്ഷിണാഫ്രിക്കന്‍ വിജയം, ത്രില്ലര്‍ വിജയം നല്‍കി കില്ലര്‍ മില്ലര്‍

വനിന്‍ഡു ഹസരംഗ നേടിയ ഹാട്രിക്കിന്റെ ബലത്തിൽ ദക്ഷിണാഫ്രിക്കയുടെ കഥ ശ്രീലങ്ക കഴിച്ചുവെന്ന് തോന്നിപ്പിച്ച നിമിഷത്തിൽ നിന്ന് വിജയം പിടിച്ചെടുത്ത് ഡേവിഡ് മില്ലര്‍. അവസാന രണ്ടോവറിൽ 25 റൺസ് വേണ്ടപ്പോള്‍ ഡേവിഡ് മില്ലറും കാഗിസോ റബാഡയും നേടിയ നിര്‍ണ്ണായക സിക്സുകളാണ് ദക്ഷിണാഫ്രിക്കന്‍ വിജയം സാധ്യമാക്കിയത്. 15 പന്തിൽ 34 റൺസിന്റെ അപരാജിത കൂട്ടുകെട്ടാണ് ശ്രീലങ്കന്‍ പ്രതീക്ഷകളെ ഇല്ലാതാക്കിയത്.

Waninduhasaranga

എയ്ഡന്‍ മാര്‍ക്രം, ടെംബ ബാവുമ, ഡ്വെയിന്‍ പ്രിട്ടോറിയസ് എന്നിവരുടെ വിക്കറ്റാണ് ഹസരംഗ വീഴ്ത്തിയത്. 18 പന്തിൽ ജയിക്കുവാന്‍ 31 റൺസ് വേണ്ട ഘട്ടത്തിൽ ഹസരംഗയുടെ ഓവര്‍ അവസാനിച്ചപ്പോള്‍ 6 റൺസ് മാത്രം വിട്ട് നല്‍കി താരം രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ഇതിൽ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ബാവുമയും ഉള്‍പ്പെട്ടു.

46 റൺസാണ് ബാവുമ നേടിയത്. നേരത്തെ റീസ് ഹെന്‍ഡ്രിക്സിനെയും ക്വിന്റൺ ഡി കോക്കിനെയും ഒരേ ഓവറിൽ പുറത്താക്കി ദുഷ്മന്ത ചമീരയാണ് ദക്ഷിണാഫ്രിക്കയുടെ ചേസിംഗിന്റെ താളം തെറ്റിച്ചത്. പിന്നീട് ബാവുമ റാസ്സി വാന്‍ ഡെര്‍ ഡൂസ്സനൊപ്പം 23 റൺസും എയ്ഡന്‍ മാര്‍ക്രത്തിനൊപ്പം 37 റൺസും നേടി ദക്ഷിണാഫ്രിക്കയുടെ തിരിച്ചുവരവിനായി ശ്രമിച്ചുവെങ്കിലും ഹസരംഗ മാര്‍ക്രത്തെ(19) പുറത്താക്കി തന്റെ ഹാട്രിക്കിലെ ആദ്യ വിക്കറ്റ് നേടി.

18ാം ഓവര്‍ എറിയാനെത്തിയ ഹസരംഗ ബാവുമയെയും പ്രിട്ടോറിയസിനെയും വീഴ്ത്തി ഹാട്രിക്ക് നേടിയെങ്കിലും ഏഴാം വിക്കറ്റിൽ ഡേവിഡ് മില്ലറും കാഗിസോ റബാഡയും ദക്ഷിണാഫ്രിക്കയ്ക്കനുകൂലമായി മത്സരം മാറ്റി മറിച്ചു.

ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയ്ക്കായി പതും നിസ്സങ്ക 58 പന്തിൽ 72 റൺസുമായാണ് ടോപ് സ്കോറര്‍ ആയത്. 14 പന്തിൽ 21 റൺസ് നേടിയ അസലങ്കയാണ് രണ്ടാമത്തെ ടോപ് സ്കോറര്‍. ഒരു വശത്ത് വിക്കറ്റ് വീഴുമ്പോളും സ്കോറിംഗ് മുന്നോട്ട് നയിച്ച നിസ്സങ്ക ടീമിന്റെ സ്കോര്‍ 142ല്‍ എത്തിക്കുവാന്‍ സഹായിക്കുകയായിരുന്നു.

ദക്ഷിണാഫ്രിക്കയ്ക്കായി ഷംസിയും പ്രിട്ടോറിയസും മൂന്ന് വീതം വിക്കറ്റും ആന്‍റിക് നോക്കിയ 2 വിക്കറ്റും നേടി.

ബാറ്റിംഗ് ഫോം വീണ്ടെടുത്ത് വാര്‍ണര്‍, ഓസ്ട്രേലിയയ്ക്ക് 7 വിക്കറ്റ് വിജയം

ശ്രീലങ്കയുടെ സ്കോറായ 154/6 ചേസ് ചെയ്ത ഓസ്ട്രേലിയയ്ക്ക് 17 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ വിജയം. ഡേവിഡ് വാര്‍ണറും ആരോൺ ഫിഞ്ചും അടിച്ച് തകര്‍ത്തപ്പോള്‍ ഒന്നാം വിക്കറ്റിൽ 6.5 ഓവറിൽ 70 റൺസാണ് കൂട്ടുകെട്ട് നേടിയത്. 23 പന്തിൽ 37 റൺസ് നേടിയ ഫിഞ്ചിനെ വനിന്‍ഡു ഹസരംഗ ബൗള്‍ഡാക്കിയപ്പോള്‍ തന്റെ അടുത്ത ഓവറിൽ മാക്സ്വവെല്ലിനെയും ഹസരംഗ തന്നെ പിടിച്ചു പുറത്താക്കി.

തന്റെ ബാറ്റിംഗ് ഫോം വീണ്ടെടുത്ത വാര്‍ണര്‍ 42 പന്തിൽ 65 റൺസ് നേടി പുറത്തായപ്പോള്‍ ഓസ്ട്രേലിയ വിജയത്തിന് ഏറെ അടുത്തെത്തിയിരുന്നു. സ്മിത്തും വാര്‍ണറും ചേര്‍ന്ന് മൂന്നാം വിക്കറ്റിൽ 50 റൺസാണ് കൂട്ടിചേര്‍ത്തത്. വാര്‍ണര്‍ പുറത്തായ ശേഷം സ്മിത്ത് – സ്റ്റോയിനിസ് കൂട്ടുകെട്ട് അവശേഷിക്കുന്ന 25 റൺസ് നേടി ടീമിന്റെ വിജയം ഉറപ്പാക്കി.

സ്മിത്ത് 28 റൺസും സ്റ്റോയിനിസ് 16 റൺസും നേടിയാണ് ഓസ്ട്രേലിയന്‍ വിജയം അനായാസം ആക്കിയത്.

ആധികാരിക ജയം നേടി ശ്രീലങ്ക, അയര്‍ലണ്ടിനെ തകര്‍ത്തത് 70 റൺസിന്

ടി20 ലോകകപ്പിന്റെ ക്വാളിഫയിംഗ് ഗ്രൂപ്പിലെ തങ്ങളുടെ രണ്ടാം ജയം സ്വന്തമാക്കി ശ്രീലങ്ക. ഇന്ന് അയര്‍ലണ്ടിനെതിരെ 70 റൺസിന്റെ വിജയം ആണ് ശ്രീലങ്ക നേടിയത്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 7 വിക്കറ്റ് നഷ്ടത്തിൽ 171 റൺസ് നേടിയപ്പോള്‍ അയര്‍ലണ്ട് 101 റൺസിന് പുറത്താകുകയായിരുന്നു. 18.3 ഓവറിലാണ് അയര്‍ലണ്ട് ഓള്‍ഔട്ട് ആയത്.

പതും നിസ്സങ്ക(47 പന്തിൽ 61), വനിന്‍ഡു ഹസരംഗ(47 പന്തിൽ 71) എന്നിവര്‍ക്കൊപ്പം ക്യാപ്റ്റന്‍ ദസുന്‍ ഷനക 11 പന്തിൽ 21 റൺസ് നേടിയാണ് 171 റൺസിലേക്ക് ശ്രീലങ്കയെ എത്തിച്ചത്. അയര്‍ലണ്ടിന് വേണ്ടി ജോഷ്വ ലിറ്റിൽ 4 വിക്കറ്റും മാര്‍ക്ക് അഡൈര്‍ 2 വിക്കറ്റും നേടി.

അയര്‍ലണ്ട് ചേസിംഗിന്റെ ഒരു ഘട്ടത്തിലും ടീമിന് സാധ്യതയുണ്ടായിരുന്നില്ല. ക്യാപ്റ്റന്‍ ആന്‍ഡ്രൂ ബാല്‍ബിര്‍ണേ 41 റൺസ് നേടിയത് ഒഴിച്ച് ആരും തന്നെ ബാറ്റിംഗിൽ മികവ് പുലര്‍ത്തിയില്ല. കര്‍ട്ടിസ് കാംഫര്‍ 24 റൺസ് നേടി.

ശ്രീലങ്കയ്ക്ക് വേണ്ടി മഹീഷ് തീക്ഷണ മൂന്നും ചമിക കരുണാരത്നേ, ലഹിരു കുമര എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

ശ്രീലങ്കന്‍ താരങ്ങളെ റിലീസ് ചെയ്ത് ആര്‍സിബി

ആര്‍സിബിയുടെ ശ്രീലങ്കന്‍ താരങ്ങളായ വനിന്‍ഡു ഹസരംഗയെയും ദുഷ്മന്ത ചമീരയെയും റിലീസ് ചെയ്ത് ഫ്രാഞ്ചൈസി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ എലിമിനേറ്റര്‍ മത്സരത്തിന് മുമ്പാണ് താരങ്ങളെ റിലീസ് ചെയ്തത്. ഹസരംഗ ഏതാനും മത്സരങ്ങളിൽ ആര്‍സിബിയ്ക്ക് വേണ്ടി കളിച്ചുവെങ്കിലും ദുഷ്മന്ത ചമീരയ്ക്ക് ഒരു മത്സരത്തിൽ പോലും അവസരം ലഭിച്ചില്ല.

18 ഒക്ടോബറിന് നമീബിയ്ക്ക് എതിരെയാണ് ശ്രീലങ്ക തങ്ങളുടെ ആദ്യ ക്വാളിഫയര്‍ മത്സരം കളിക്കുന്നത്.

ഐപിഎൽ കളിക്കുവാന്‍ ചമീരയ്ക്കും ഹസരംഗയ്ക്കും അനുമതി നല്‍കി ലങ്കന്‍ ബോര്‍ഡ്

ആര്‍സിബിയുടെ ശ്രീലങ്കന്‍ താരങ്ങളായ ദുഷ്മന്ത ചമീര വനിന്‍ഡു ഹസരംഗയ്ക്കും നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി ലങ്കന്‍ ബോര്‍ഡ്. ടിം ഡേവിനൊപ്പമായിരുന്നു ഈ രണ്ട് താരങ്ങളെയും ടീമിലെത്തിച്ച വിവരം ആര്‍സിബി അറിയിച്ചത്.

ഫിന്‍ അല്ലെന്‍, ആഡം സംപ, കെയിന്‍ റിച്ചാര്‍ഡ്സൺ, ഡാനിയേൽ സാംസ്, സ്കോട്ട് കുഗ്ഗെലൈന്‍ എന്നിവരുടെ സേവനം ആര്‍സിബിയ്ക്ക് നഷ്ടമായതോടെയായിരുന്നു ഈ നീക്കം. സെപ്റ്റംബര്‍ 15ന് ആണ് ഐപിഎൽ ആരംഭിക്കുന്നത്.

നേരത്തെ ലങ്കന്‍ ബോര്‍ഡ് സെക്രട്ടറി മോഹന്‍ ഡി സിൽവ ഇരു താരങ്ങളും തങ്ങളോട് ഇത് സംബന്ധിച്ച് അറിയിപ്പ് നല്‍കിയിട്ടില്ലെന്ന് പറഞ്ഞിരുന്നു.

ബോര്‍ഡിനോട് ശ്രീലങ്കന്‍ താരങ്ങള്‍ ഐപിഎൽ പങ്കാളിത്തത്തെക്കുറിച്ച് അറിയിച്ചിട്ടില്ല

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ പകരക്കാരായി പ്രഖ്യാപിച്ച ശ്രീലങ്കന്‍ താരങ്ങളായ വനിന്‍ഡു ഹസരംഗയും ദുഷ്മന്ത ചമീരയും ഈ വിവരം ബോര്‍ഡിനോട് ഇതുവരെ അറിയിച്ചിട്ടില്ലെന്ന് അറിയിച്ച് ലങ്കന്‍ ബോര്‍ഡ് സെക്രട്ടറി മോഹന്‍ ഡി സിൽവ. താരങ്ങള്‍ ഇതുവരെ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് അപേക്ഷിച്ചിട്ടില്ലെന്നും അപ്പോള്‍ മാത്രമേ ഇതിനുള്ള അനുമതി നല്‍കുന്നത് ആലോചിക്കാനാകൂ എന്നും മോഹന് വ്യക്തമാക്കി.

ഐപിഎൽ ലേലത്തിൽ ഇരുവരെയും ആരും വാങ്ങിച്ചില്ലെങ്കിലും ആഡം സംപയും ഡാനിയേൽ സാംസും പിന്മാറിയതോടെ പകരക്കാരായാണ് താരങ്ങളെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍് സ്വന്തമാക്കിയത്.

താരങ്ങള്‍ക്ക് അനുമതി നല്‍കുന്നതിനെക്കുറിച്ച് ബോര്‍ഡ് അവരുടെ അപേക്ഷ ലഭിച്ചാൽ മാത്രമേ തീരുമാനം എടുക്കുകയുള്ളുവെന്നാണ് ശ്രീലങ്ക ക്രിക്കറ്റിന്റെ തീരുമാനം.

സൈമൺ കാറ്റിച്ച് ആര്‍സിബി മുഖ്യ കോച്ച് പദവി ഒഴിയുന്നു, ആഡം സംപയ്ക്ക് പകരം വനിന്‍ഡു ഹസരംഗയെ സ്വന്തമാക്കി ടീം

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ മുഖ്യ കോച്ചെന്ന പദവിയിൽ നിന്ന് മുന്‍ ഓസ്ട്രേലിയന്‍ താരം സൈമൺ കാറ്റിച്ച് ഒഴിയുന്നു. വ്യക്തിപരമായ കാരണങ്ങളാലാണ് ഈ തീരുമാനം. ഇതോടെ മൈക്ക് ഹെസ്സൺ ടീമിന്റെ മുഖ്യ കോച്ചെന്ന് അധിക ചുമതല കൂടി ഈ സീസണിൽ വഹിക്കും.

നിലവിൽ ടീമിന്റെ ഡയറക്ടര്‍ ഓഫ് ക്രിക്കറ്റാണ് ഹെസ്സൺ. ഐപിഎലിന്റെ രണ്ടാം പാതി ദുബായിയിൽ സെപ്റ്റംബര്‍ പകുതിയോടെ ആരംഭിക്കുവാനിരിക്കുമ്പോളാണ് ഈ കാറ്റിച്ച് സ്ഥാനം ഒഴിയുന്നത്. പുതിയ കോച്ചിനെ നിയമിക്കുവാന്‍ അധികം സമയമില്ലാത്തതിനാലാണ് ആര്‍സിബി ഈ നീക്കം നടത്തിയിരിക്കുന്നത്.

ആഡം സാംപയ്ക്ക് പകരം ടീം ശ്രീലങ്കന്‍ ഓള്‍റൗണ്ടര്‍ വനിന്‍ഡു ഹസരംഗയെ സ്വന്തമാക്കിയിട്ടുണ്ട്. കെയിന്‍ റിച്ചാര്‍ഡ്സണ് പകരം ദുഷ്മന്ത ചമീരയും ഫിന്‍ അല്ലെന് പകരം ടിം ഡേവിഡിനെയും ടീം സ്വന്തമാക്കിയിട്ടുണ്ട്.

ഐപിഎൽ കളിക്കണമെന്ന അതിയായ ആഗ്രഹത്തിന് കാരണമുണ്ട് – വനിന്‍ഡു ഹസരംഗ

ഐപിഎൽ 2021ൽ ഏവരും സ്വന്തമാക്കുവാന്‍ രംഗത്തെത്തുമെന്ന് കരുതുന്ന താരമാണ് ശ്രീലങ്കയുടെ ഓള്‍റൗണ്ടര്‍ വനിന്‍ഡു ഹസരംഗ. കഴിഞ്ഞ ഏതാനും മാസങ്ങളായി ശ്രീലങ്കന്‍ നിരയിലെ ഏറ്റവും മികച്ച പ്രകടനം നടത്തുന്ന താരങ്ങളിലൊരാളാണ് വനിന്‍ഡു.

ഐപിഎൽ ഫ്രാഞ്ചൈസികള്‍ താരത്തെ സ്വന്തമാക്കുവാന്‍ രംഗത്തുണ്ടെന്ന് വിവരം ലഭിയ്ക്കുമ്പോള്‍ താന്‍ ഈ അവസരത്തിനായി ഉറ്റുനോക്കുകയാണെന്ന് താരം പറഞ്ഞു. അതിന് ഹസരംഗ പറയുന്ന കാരണം ഐപിഎൽ നടക്കുന്നത് ദുബായിയിലാണെന്നും ഇതേ ദുബായിയിലാണ് ടി20 ലോകകപ്പ് നടക്കുന്നതെന്നതിനാൽ തന്നെ തനിക്ക് അവിടെ കളിക്കുവാന്‍ അവസരം ലഭിച്ചാലത് ശ്രീലങ്കയ്ക്കും ഗുണം ചെയ്യുമെന്നാണ്.

വനിന്‍ഡു ഹസരംഗയെ സ്വന്തമാക്കുവാനായി ഐപിഎൽ ഫ്രാഞ്ചൈസികള്‍

ശ്രീലങ്കന്‍ ഓള്‍റൗണ്ടര്‍ വനിന്‍ഡു ഹസരംഗയെ സ്വന്തമാക്കുവാനായി ഐപിഎൽ ഫ്രാഞ്ചൈസികള്‍. ദുബായ് ലെഗിൽ പകരക്കാരനെന്ന നിലയിൽ വനിന്‍ഡു ഹസരംഗയെ ടീമിലെത്തിക്കുവാന്‍ നാല് ഫ്രാഞ്ചൈസികളാണ് രംഗത്ത് എത്തിയിട്ടുള്ളത്. ശ്രീലങ്കയുടെ ഇംഗ്ലണ്ട് ടൂറിലെ നിരാശയ്ക്കിടയിലും ആശ്വാസമായത് താരത്തിന്റെ പ്രകടനങ്ങളായിരുന്നു.

ലഭിയ്ക്കുന്ന വിവരങ്ങള്‍ പ്രകാരം സെപ്റ്റംബര്‍ 19ന് ആരംഭിക്കുന്ന ഐപിഎല്‍ ദുബായ് ലെഗിൽ താരത്തെ സ്വന്തമാക്കുവാനായി നാല് പ്രാ‍്ചൈസികള്‍ രംഗത്തുണ്ടെന്നാണ് അറിയുന്നത്. ഒട്ടനവധി വിദേശ താരങ്ങള്‍ ടൂര്‍ണ്ണമെന്റിൽ നിന്ന് പിന്മാറുമെന്നതിനാൽ തന്നെ പകരക്കാരെ സ്വന്തമാക്കുവാന്‍ ടീമുകള്‍ ലിസ്റ്ര് തയ്യാറാക്കിയിട്ടുണ്ട്.

സഞ്ജു പൂജ്യത്തിന് പുറത്ത്, ശ്രീലങ്കന്‍ സ്പിന്നര്‍മാര്‍ക്ക് മുന്നിൽ പതറി വീണ്ടും ഇന്ത്യയുടെ ഐപിഎൽ പുലികള്‍.

പ്രധാന താരങ്ങളില്ലാതെയാണെങ്കിലും ഇന്ത്യയുടെ ഐപിഎൽ പുലികള്‍ ആയ താരങ്ങള്‍ ശ്രീലങ്കന്‍ സ്പിന്നര്‍മാര്‍ക്ക് മുന്നിൽ പതറിയപ്പോള്‍ ഇന്ത്യയ്ക്ക് നേടാനായത് 81/8 എന്ന സ്കോര്‍. കല്‍ദീപ് യാദവ് പുറത്താകാതെ 23 റൺസും ഭുവനേശ്വര്‍ കുമാര്‍(16), റുതുരാജ് ഗായക്വാഡ്(14) എന്നിവരാണ് രണ്ടക്ക സ്കോറിലേക്ക് കടന്ന താരങ്ങള്‍.

4 ഓവറിൽ 9 റൺസ് മാത്രം വിട്ട് നല്‍കിയ 4 വിക്കറ്റ് നേടിയ വനിന്‍ഡു ഹസരംഗയും രണ്ട് വിക്കറ്റ് നേടിയ ദസുന്‍ ഷനകയുമാണ് ശ്രീലങ്കന്‍ ബൗളര്‍മാരിൽ തിളങ്ങിയത്.

ലങ്കന്‍ സ്വപ്നങ്ങള്‍ തകര്‍ത്ത് ദീപക് ചഹാര്‍

ഇന്ത്യയെ പരാജയപ്പെടുത്തി പരമ്പരയിലൊപ്പമെത്താമെന്ന ശ്രീലങ്കയുടെ മോഹങ്ങള്‍ തകര്‍ത്ത് ദീപക് ചഹാര്‍. ഭുവനേശ്വര്‍ കുമാറുമായി ചേര്‍ന്ന് എട്ടാം വിക്കറ്റിൽ നേടിയ 84 റൺസ് കൂട്ടുകെട്ടാണ് മത്സരം ഇന്ത്യയുടെ ഭാഗത്തേക്ക് തിരിച്ചത്. ചഹാര്‍ 69 റൺസുമായി പുറത്താകാതെ നിന്നപ്പോള്‍ ഭുവനേശ്വര്‍ കുമാര്‍ 19 റൺസുമായി ചഹാറിന് മികച്ച പിന്തുണ നല്‍കി. 49.1 ഓവറിൽ 277 റൺസ് നേടിയാണ് ഇന്ത്യയുടെ വിജയം.

193/7 എന്ന നിലയിലേക്ക് വീണ ഇന്ത്യയെ ഈ കൂട്ടുകെട്ടാണ് മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. സൂര്യകുമാര്‍ യാദവ്(53), ക്രുണാൽ പാണ്ഡ്യ(35) എന്നിവര്‍ക്കൊപ്പം മനീഷ് പാണ്ടേ(37), ശിഖര്‍ ധവാന്‍(29) എന്നിവരും മികച്ച പ്രകടനങ്ങള്‍ ഇന്ത്യയ്ക്കായി നടത്തി.

3 വിക്കറ്റ് നേടിയ വനിന്‍ഡു ഹസരംഗയുടെെ ബൗളിംഗ് പ്രകടനമാണ് ഇന്ത്യയുടെ താളം തെറ്റിച്ചതെങ്കിലും എട്ടാം വിക്കറ്റ് കൂട്ടുകെട്ടിനെ തകര്‍ക്കുവാന്‍ താരത്തിനും സാധിക്കാതെ പോയപ്പോള്‍ ചഹാറും ഭുവിയും ചേര്‍ന്ന് മത്സരം ഇന്ത്യയ്ക്കനുകൂലമാക്കി.

വനിൻഡു ഹസരംഗ ഭാവി താരം, അസാധ്യ പ്രതിഭ – മിക്കി ആർതർ

ശ്രീലങ്കയുടെ യുവതാരം വനിൻഡു ഹസരംഗ മികച്ച പ്രതിഭയാണെന്നും അസാധ്യ പ്രതിഭയാണ് താരമെന്നും താരം ഗെയിമിനെക്കുറിച്ച് കൂടുതൽ അറിയുകയാണെന്നും ഈ യുവ ടീമിനൊപ്പം താരവും വളർന്ന് വരുമെന്ന് ശ്രീലങ്കയുടെ മുഖ്യ കോച്ച് മിക്കി ആർതർ പറഞ്ഞു. ഈ യുവ ടീമിനൊപ്പമൊരു യാത്ര ആരംഭിച്ചിരിക്കയാണെന്നും ഇവരെല്ലാം പ്രതിഭകളായി വളരണമെന്നാണ് ആഗ്രഹമെന്നും അതിൽ മുൻ പന്തിയിലുള്ള താരമാണ് വനിൻഡു ഹസരംഗ എന്നും മിക്കി ആർതർ പറഞ്ഞു.

ശ്രീലങ്കയുടെ ബെഞ്ച് സ്ട്രെംഗ്ത്ത് വളർത്തിയെടുക്കുകയാണ് ടീം മാനേജ്മെന്റ് ലക്ഷ്യമാക്കിയിരിക്കുന്നതെന്നും 2023 ലോകകപ്പ് മുൻ നിർത്തിയുള്ള ടീമിനെ സൃഷ്ടിക്കുവാനുള്ള ശ്രമമാണ് ലങ്കയുടേതെന്നും മിക്കി ആർതർ സൂചിപ്പിച്ചു.

Exit mobile version