ഇരട്ട ശതകത്തിനു ഏഴ് റണ്‍സ് അകലെ എത്തി വിഷ്ണു വിനോദ്, ജയിക്കുവാന്‍ മധ്യ പ്രദേശ് നേടേണ്ടത് 191 റണ്‍സ്

കേരളത്തിന്റെ രണ്ടാം ഇന്നിംഗ്സ് 455 റണ്‍സിനു അവസാനിച്ചു. മത്സരത്തില്‍ ഇപ്പോള്‍ കേരളത്തിനു 190 റണ്‍സിന്റെ ലീഡാണ് കൈവശമുള്ളത്. ബേസില്‍ തമ്പി 57 റണ്‍സ് നേടി പുറത്തായപ്പോള്‍ വിഷ്ണു വിനോദ് തന്റെ ഇരട്ട ശതകത്തിനു 7 റണ്‍സ് അകലെ വരെ എത്തി നില്‍ക്കുകയായിരുന്നു. 131 റണ്‍സാണ് ഒമ്പതാം വിക്കറ്റില്‍ കേരളത്തിനായി തമ്പി-വിഷ്ണു കൂട്ടുകെട്ട് നേടിയത്.

ഇന്ന് വീണ രണ്ട് വിക്കറ്റും മധ്യ പ്രദേശിനായി വീഴ്ത്തിയത് ശുഭം ശര്‍മ്മയാണ്. നേരിട്ട ആദ്യ പന്തില്‍ തന്നെ സന്ദീപ് വാര്യര്‍ പുറത്തായപ്പോള്‍ കേരളത്തിന്റെ ഇന്നിംഗ്സ് 455 റണ്‍സില്‍ അവസാനിച്ചു. വിഷ്ണു വിനോദ് 193 റണ്‍സുമായി പുറത്താകാതെ നിന്നു. 390/8 എന്ന നിലയില്‍ ഇന്ന് 65 റണ്‍സ് കൂടിയാണ് കേരളം തങ്ങളുടെ സ്കോറിനോട് നേടിയത്.

അവിശ്വസനീയം ഈ തിരിച്ചുവരവ്, വിഷ്ണു വിനോദിനും സച്ചിന്‍ ബേബിയ്ക്കും ബിഗ് സല്യൂട്ട്

ആദ്യ ഇന്നിംഗ്സില്‍ 63 റണ്‍സിനു ഓള്‍ഔട്ട്, രണ്ടാം ഇന്നിംഗ്സില്‍ 8 റണ്‍സിനിടെ നഷ്ടമായത് 4 മുന്‍ നിര വിക്കറ്റുകള്‍. എന്നിട്ടും കേരളം കീഴടങ്ങാതെ പോരാടി, സച്ചിന്‍ ബേബിയിലൂടെയും വിഷ്ണു വിനോദിലൂടെയും. ലീഡ് 125 റണ്‍സ് മാത്രമാണ് കേരളത്തിന്റെ കൈവശമുള്ളത്. അവശേഷിക്കുന്നതാകട്ടെ 2 വിക്കറ്റും. ജയിക്കുവാന്‍ പോന്നൊരു സ്കോറെന്ന് പറയാനാകില്ലെങ്കിലും ഇത് ജയത്തിനു തുല്യമായ ഒരു തിരിച്ചുവരവ് തന്നെയാണ്.

100/6 എന്ന നിലയില്‍ നിന്ന് മൂന്നാം ദിവസം അവസാനിപ്പിക്കുമ്പോള്‍ 390/8 എന്ന നിലയില്‍ അവസാനിക്കുമ്പോള്‍ കൈവശമുള്ള ലീഡിനെക്കാളുപരി ടീം ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കി എന്നുള്ളത് കേരളത്തിന്റെ ആത്മവിശ്വാസത്തെ എറെ ഉയര്‍ത്തുവാന്‍ സഹായിക്കും. ബംഗാളിനെ കീഴടക്കിയെത്തിയ ടീമിനു ആദ്യ ഇന്നിംഗ്സിലെ തകര്‍ച്ച നിരാശയേകുന്നതായിരുന്നു. മധ്യ പ്രദേശിനെ ചെറുത്ത് നിര്‍ത്താനാകാതെ 328 റണ്‍സ് വഴങ്ങിയപ്പോള്‍ ടീമിന്റെ മുന്നില്‍ ശ്രമകരമായൊരു ദൗത്യമായിരുന്നു ഉള്ളത്.

ഏഴാം വിക്കറ്റില്‍ ബേബിയും വിഷ്ണുവും ഒത്തുകൂടുമ്പോള്‍ സ്കോര്‍ ബോര്‍ഡില്‍ 100 റണ്‍സ് മാത്രമാണുണ്ടായിരുന്നത്. അവിടെ നിന്ന് 199 റണ്‍സിന്റെ കൂട്ടുകെട്ട് നേടി ചായയ്ക്ക് ശേഷം 143 റണ്‍സ് നേടി സച്ചിന്‍ ബേബി പുറത്താകുമ്പോള്‍ വിഷ്ണു തന്റെ കന്നി ഫസ്റ്റ് ക്ലാസ് ശതകത്തിനു അരികിലായിരുന്നു. അക്ഷയ് കെസിയെ കുല്‍ദീപ് സെന്‍ വേഗത്തില്‍ പുറത്താക്കിയെങ്കിലും തുണയായി ബേസില്‍ തമ്പി എത്തിയപ്പോള്‍ കേരളം അക്ഷരാര്‍ത്ഥത്തില്‍ കരകയറുകയായിരുന്നു.

കന്നി ശതകവുമായി വിഷ്ണു വിനോദ്, ചായയ്ക്ക് ശേഷം പുറത്തായി സച്ചിന്‍ ബേബി

ചായയ്ക്ക് ശേഷം മത്സരം പുനരാരംഭിച്ചപ്പോള്‍ മധ്യ പ്രദേശ് കാത്തിരുന്ന വിക്കറ്റുമായി സാരന്‍ഷ് ജെയിന്‍. കേരളത്തിന്റെ നായകനും വിഷ്ണു വിനോദിനൊപ്പം ടീമിനെ ലീഡിലേക്ക് നയിച്ച സച്ചിന്‍ ബേബിയുടെ വിക്കറ്റാണ് കേരളത്തിനു നഷ്ടമായത്. 143 റണ്‍സ് നേടിയ ശേഷം സച്ചിന്‍ പുറത്താകുമ്പോള്‍ കേരളത്തിന്റെ സ്കോര്‍ 299 റണ്‍സായിരുന്നു.

ഏഴാം വിക്കറ്റില്‍ 199 റണ്‍സാണ് കേരളം നേടിയത്. സച്ചിന്‍ ബേബി പുറത്തായ ശേഷം തന്റെ കന്നി ഫസ്റ്റ് ക്ലാസ് ശതകം പൂര്‍ത്തിയാക്കുവാന്‍ വിഷ്ണു വിനോദിനു സാധിച്ചു. 149 പന്തില്‍ നിന്നാണ് വിഷ്ണു വിനോദ് തന്റെ ശതകം നേടിയത്. 80 ഓവറുകള്‍ പിന്നിടുമ്പോള്‍ കേരളം 307 റണ്‍സാണ് നേടിയിട്ടുള്ളത്. 42 റണ്‍സിന്റെ ലീഡാണ് കേരളത്തിനുള്ളത്.

വിഷ്ണു വിനോദിനൊപ്പം(102*) അക്ഷയ് കെസി ഒരു റണ്‍ നേടി ക്രീസില്‍ നില്‍ക്കുന്നു.

സച്ചിന്‍ ബേബിയ്ക്ക് ശതകം, അര്‍ദ്ധ ശതകം നേടി വിഷ്ണു വിനോദ്, കേരളത്തിനു ലീഡ്

അവിശ്വസനീയമായ ഏഴാം വിക്കറ്റ് കൂട്ടുകെട്ടിന്റെ ബലത്തില്‍ ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കി കേരളം. സച്ചിന്‍ ബേബി ശതകവും വിഷ്ണു വിനോദ് അര്‍ദ്ധ ശതകവും നേടിയ ഏഴാം വിക്കറ്റ് കൂട്ടുകെട്ടില്‍ നേടിയ 167 റണ്‍സിന്റെ ബലത്തിലാണ് കേരളം മധ്യ പ്രദേശിന്റെ ലീഡ് മറികടന്നത്. 130 റണ്‍സുമായി സച്ചിന്‍ ബേബിയും 7 റണ്‍സ് നേടി വിഷ്ണു വിനോദുമാണ് മധ്യ പ്രദേശ് ബൗളര്‍മാരെ വെള്ളം കുടിപ്പിച്ച് മൂന്നാം ദിവസം കേരളത്തെ മുന്നോട്ട് നയിക്കുന്നത്. കേരളം 67 ഓവറുകള്‍ പിന്നിട്ടപ്പോള്‍ 267 റണ്‍സാണ് 6 വിക്കറ്റ് നഷ്ടത്തില്‍ നേടിയത്.

141 പന്തില്‍ നിന്നാണ് സച്ചിന്‍ ബേബി തന്റെ ശതകം പൂര്‍ത്തിയാക്കിയത്. അതേ സമയം 63 പന്തുകള്‍ നേരിട്ടാണ് വിഷ്ണു വിനോദ് തന്റെ അര്‍ദ്ധ ശതകം തികച്ചത്.

ലീഡ് നേടിയെങ്കിലും നാല് വിക്കറ്റ് മാത്രം കൈവശമുള്ള കേരളത്തിനു എത്ര നേരം ക്രീസില്‍ പിടിച്ച് നിന്നു സ്കോറിംഗ് മുന്നോട്ട് കൊണ്ടു പോകാമെന്നതിനെ ആശ്രയിച്ചിരിക്കും മത്സരത്തില്‍ നിന്ന് തോല്‍വി ഒഴിവാക്കുകയെന്നത് സ്വപ്നം കാണുവാനാവുക.

ശതകത്തിനരികെ സച്ചിന്‍ ബേബി ,ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കുവാന്‍ കേരളം പൊരുതുന്നു

മധ്യ പ്രദേശിനെതിരെ ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കുവാന്‍ കേരളം പൊരുതുന്നു. സച്ചിന്‍ ബേബിയും വിഷ്ണു വിനോദും ചേര്‍ന്നുള്ള ഏഴാം വിക്കറ്റ് കൂട്ടുകെട്ട് നേടിയ 89 റണ്‍സിന്റെ ബലത്തില്‍ മൂന്നാം ദിവസം ഉച്ച ഭക്ഷണത്തിനു പിരിയുമ്പോള്‍ കേരളം 189/6 എന്ന നിലയിലാണ്. ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കുവാന്‍ ടീം 76 റണ്‍സ് കൂടി നേടേണ്ടതുണ്ട്.

തലേ ദിവസത്തെ സ്കോറായ 38/4 എന്ന നിലയില്‍ നിന്ന് ബാറ്റിംഗ് പുനരാരംഭിച്ച കേരളം 42 റണ്‍സ് കൂടി നേടിയ ശേഷമാണ് ആദ്യ വിക്കറ്റ് നഷ്ടമാകുന്നത്. 26 റണ്‍സ് നേടിയ വിഎ ജഗദീഷിനെയാണ് ടീമിനു ആദ്യം നഷ്ടമായത്. അധികം വൈകാതെ ടീമിനു സഞ്ജു സാംസണെയും(19) നഷ്ടമായി. റണ്ണൗട്ട് രൂപത്തില്‍ സഞ്ജു പുറത്താകുമ്പോള്‍ സ്കോര്‍ ബോര്‍ഡില്‍ നൂറ് റണ്‍സാണ് കേരളം നേടിയത്.

അവിടെ നിന്ന് പോരാട്ട വീര്യമായി സച്ചിന്‍ ബേബിയും വിഷ്ണു വിനോദും കേരളത്തിന്റെ പടപൊരുതല്‍ നയിക്കുകയായിരുന്നു. ജയമെന്നത് അപ്രാപ്യവും തോല്‍വി ഒഴിവാക്കുക ശ്രമകരവുമെന്ന അവസ്ഥയില്‍ എത്ര നേരം ഈ കൂട്ടുകെട്ട് പിടിച്ച് നില്‍ക്കുമെന്നതിനെ ആശ്രയിച്ചിരിക്കും കേരളം ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കുന്നത്. സച്ചിന്‍ ബേബി 90 റണ്‍സും വിഷ്ണും വിനോദ് 38 റണ്‍സുമായാണ് ക്രീസില്‍ നില്‍ക്കുന്നത്.

കൂറ്റന്‍ സ്കോര്‍ നേടി കേരളം, സച്ചിന്‍ ബേബിയ്ക്ക് 93 റണ്‍സ്

സച്ചിന്‍ ബേബിയ്ക്കും വിഷ്ണു വിനോദിനുമൊപ്പം അരുണ്‍ കാര്‍ത്തിക്ക്(38*), വിഎ ജഗദീഷ്(41), സഞ്ജു സാംസണ്‍(30), ജലജ് സക്സേന(33) എന്നിവരും കൂടി ചേര്‍ന്നപ്പോള്‍ പടുകൂറ്റന്‍ സ്കോര്‍ നേടി കേരളം. സൗരാഷ്ട്രയ്ക്കെതിരെ ബാറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ട് ശേഷം കേരളം മികച്ച തുടക്കമാണ് നേടിയത്. വിഷ്ണു വിനോദ് തന്റെ സ്വതസിദ്ധ ശൈലിയിലല്ലെങ്കിലും 62 റണ്‍സ് നേടിയപ്പോള്‍ സച്ചിന്‍ ബേബിയുടെ വെടിക്കെട്ടാണ് കേരളത്തിനെ കൂറ്റന്‍ സ്കോറിലേക്ക് നയിച്ചത്. 50 ഓവറില്‍ നിന്ന് 7 വിക്കറ്റുകളുടെ നഷ്ടത്തില്‍ 316 റണ്‍സാണ് കേരളം നേടിയത്.

38 റണ്‍സ് നേടിയ അരു‍ണ്‍ കാര്‍ത്തിക്ക് വെറും 14 പന്തുകളാണ് നേരിട്ടത്. മൂന്ന് വിക്കറ്റുമായി ജയ് ചൗഹാനും രണ്ട് വിക്കറ്റ് നേടിയ യുവരാജ് ചാഡുസാമയുമാണ് സൗരാഷ്ട്രയുടെ പ്രധാന വിക്കറ്റ് നേട്ടക്കാര്‍.

വിജയ് ഹസാരെ ട്രോഫിയിലെ ആദ്യ ജയം സ്വന്തമാക്കി കേരളം

ത്രിപുരയ്ക്കെതിരെ 4 വിക്കറ്റ് ജയത്തോടെ വിജയ് ഹസാരെ ട്രോഫിയിലെ ആദ്യ ജയം സ്വന്തമാക്കി കേരളം. ആദ്യ മത്സരത്തില്‍ ബംഗാളിനെ തളച്ച ശേഷം കേരളം രണ്ടാം മത്സരത്തില്‍ ഹിമാച്ചല്‍ പ്രദേശിനോട് അപ്രതീക്ഷിത തോല്‍വി വഴങ്ങുകയായിരുന്നു. ത്രിപുരയുമായുള്ള മൂന്നാം മത്സരത്തില്‍ ടോസ് നേടിയ കേരളം ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 231 റണ്‍സാണ് ത്രിപുര നേടിയത്. 61 റണ്‍സുമായി ത്രിപുര നായകന്‍ മണിശങ്കര്‍ മുരാസിംഗ് ആണ് ത്രിപുരയുടെ ടോപ് സ്കോറര്‍. ശ്യാം ഗോണ്‍(35), രജത് ഡേ(46), സ്മിത് പട്ടേല്‍(33) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. കേരളത്തിനു വേണ്ടി എംഡി നിധീഷ് മൂന്ന് വിക്കറ്റ് നേട്ടം കൊയ്തപ്പോള്‍ അഭിഷേക് മോഹന്‍ രണ്ടും ജലജ് സക്സേന, കെസി അക്ഷയ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ കേരളത്തിനു വേണ്ടി രോഹന്‍ പ്രേം(52) ടോപ് സ്കോറര്‍ ആയി. വിഷ്ണു വിനോദ്(40), സഞ്ജു സാംസണ്‍(37) എന്നിവരും തിളങ്ങി. മുഹമ്മദ് അസ്ഹറുദ്ദീന്‍ പുറത്താകാതെ നേടിയ 47 റണ്‍സാണ് കേരളത്തിനെ വിജയത്തിലേക്ക് നയിച്ചത്. സച്ചിന്‍ ബേബി 26 റണ്‍സ് നേടി. 45.1 ഓവറിലാണ് കേരളം വിജയം ഉറപ്പിച്ചത്.

കേരളത്തിന്റെ മൂന്ന് വിക്കറ്റ് വീഴ്ത്തിയ നീലാംബുജ് വാട്സ് ആണ് ത്രിപുരയ്ക്കായി ബൗളിംഗില്‍ മികവ് പുലര്‍ത്തിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

കേരളത്തെ ഞെട്ടിച്ച് ഹിമാച്ചല്‍, ജയം ഒരു വിക്കറ്റിനു

വിജയ് ഹസാരെ ട്രോഫിയില്‍ തങ്ങളുടെ രണ്ടാം മത്സരത്തില്‍ ജയം സ്വന്തമാക്കാമെന്ന കേരളത്തിന്റെ മോഹങ്ങള്‍ക്ക് തിരിച്ചടി. ആദ്യം ബാറ്റ് ചെയ്ത കേരളം സച്ചിന്‍ ബേബി(95), വിഷ്ണു വിനോദ്(66) എന്നിവരുടെ ബാറ്റിംഗ് മികവില്‍ 271 റണ്‍സ് നേടുകയായിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ ഹിമാച്ചല്‍ ഒരു വിക്കറ്റ് ശേഷിക്കെ വിജയം സ്വന്തമാക്കി. ഹിിമാച്ചലിന്റെ ടോപ് ഓര്‍ഡറിനെ അക്ഷയ് കെസി വീഴ്ത്തിയപ്പോള്‍ വാലറ്റത്തെ ചുരുട്ടിക്കെട്ടിയത് കെഎം ആസിഫ് ആയിരുന്നു.  എന്നാല്‍ പത്താം വിക്കറ്റ് സ്വന്തമാക്കുവാന്‍  കേരളത്തിനാകാതെ പോയപ്പോള്‍ ജയം ഹിമാച്ചല്‍ സ്വന്തമാക്കി. 83 റണ്‍സുമായി പുറത്താകാതെ നിന്ന അങ്കിത് കൗശിക് ആണ് മത്സരം കേരളത്തില്‍ നിന്ന് തട്ടിത്തെറിപ്പിച്ചത്.

അക്ഷയ് കെസി തന്റെ 10 ഓവറില്‍ 32 റണ്‍സിനു നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ആസിഫ് 3 വിക്കറ്റാണ് നേടിയത്. സന്ദീപ് വാര്യറിനു 2 വിക്കറ്റ് ലഭിച്ചു.

ഹിമാച്ചലിനു വേണ്ടി 62 റണ്‍സ് നേടി നിഖില്‍ ഗംഗ്ത, അമിത് കുമാര്‍ (32) ആണ് ബാറ്റിംഗില്‍ തിളങ്ങിയ മറ്റു താരങ്ങള്‍. 219/9 എന്ന നിലയില്‍ നിന്നാണ് അവസാന വിക്കറ്റില്‍ 64 റണ്‍സ് നേടി കൗശിക്-വിനയ് ഗലേറ്റിയ കൂട്ടുകെട്ട് ഹിമാച്ചലിനെ രക്ഷിച്ചത്. ഇതില്‍ ഒരു റണ്‍സാണ് വിനയുടെ സംഭാവന. അവസാന ഓവറില്‍ 20 റണ്‍സ് വിജയത്തിനായി വേണ്ടിയിരുന്ന ഹിമാച്ചലിനെ കൗശിക വിജയത്തിലേക്ക് നയിക്കുകയായിരുന്നു. 77 പന്തില്‍ നിന്ന് 7 ബൗണ്ടറിയും 2 സിക്സും സഹിതമാണ് കൗശിക് തന്റെ കളി ജയിപ്പിച്ച ഇന്നിംഗ്സ് പുറത്തെടുത്തത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

വെടിക്കെട്ട് തുടക്കം മുതലാക്കാനാകാതെ കേരളം, കര്‍ണ്ണാടകയോടും തോല്‍വി

ഓപ്പണര്‍മാരായ സഞ്ജു സാംസണും വിഷ്ണു വിനോദും നല്‍കിയ സ്ഫോടനാത്മകമായ തുടക്കം മുതലാക്കാന്‍ മധ്യ ഓവറുകളിലും അവസാന ഓവറുകളിലും ക്രീസിലെത്തിയ താരങ്ങള്‍ക്ക് സാധിക്കാതെ വന്നപ്പോള്‍ കേരളത്തിനു സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ കര്‍ണ്ണാടകത്തോടും തോല്‍വി. ഇന്ന് ഉച്ചയ്ക്ക് ആരംഭിച്ച മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കര്‍ണ്ണാടക 20 ഓവറില്‍ 181/6 എന്ന നിലയില്‍ തങ്ങളുടെ ഇന്നിംഗ്സ് അവസാനിപ്പിച്ചപ്പോള്‍ കേരളത്തിനു 161 റണ്‍സ് മാത്രമേ നേടാനായുള്ളു.

8 ഓവറില്‍ സഞ്ജുവും വിഷ്ണു വിനോദും കൂടി 96 റണ്‍സാണ് അടിച്ചത്. സഞ്ജു സാംസണ്‍ 26 പന്തില്‍ തന്റെ അര്‍ദ്ധ ശതകം തികച്ചപ്പോള്‍ വിഷ്ണു വിനോദ് 26 പന്തില്‍ 46 റണ്‍സ് നേടി പുറത്തായി. വിഷ്ണു പുറത്താകുമ്പോള്‍ കേരളം 9.3 ഓവറില്‍ 109 റണ്‍സ് നേടിയിട്ടുണ്ടായിരുന്നു. എന്നാല്‍ പിന്നീട് വിനയ് കുമാര്‍ പതിമൂന്നാം ഓവറില്‍ സഞ്ജുവിനെയും(71), സല്‍മാന്‍ നിസാറിനെയും പുറത്താക്കിയപ്പോള്‍ കേരളം വീണ്ടും പ്രതിരോധത്തിലായി. സഞ്ജു സാംസണ്‍ 41 പന്തുകളില്‍ നിന്നാണ് 71 റണ്‍സ് നേടിയത്.

109/0 എന്ന ശക്തമായ നിലയില്‍ നിന്ന് 128/3 എന്ന നിലയിലേക്ക് വീണ് കേരളം പതിയെ മത്സരം കൈവിടുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. 36 പന്തില്‍ 47 റണ്‍സ് വേണമെന്ന സ്ഥിതിയില്‍ കേരളത്തിന്റെ കൈവശം 7 വിക്കറ്റുകള്‍ ലഭ്യമായിരുന്നുവെങ്കിലും പ്രവീണ്‍ ദുബേയുടെ ബൗളിംഗിനു മുന്നില്‍ കേരളത്തിന്റെ മധ്യനിര വെള്ളം കുടിക്കുന്ന കാഴ്ചയാണ് കണ്ടത്. ഡാരില്‍ എസ് ഫെരാരിയോയെയും(7), അരുണ്‍ കാര്‍ത്തികിനെയും(13) വീഴ്ത്തി ദുബേ കേരളത്തിനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കി.

കര്‍ണ്ണാടകയ്ക്കായി പ്രവീണ്‍ ദുബേ മൂന്നും വിനയ് കുമാര്‍ രണ്ടും വിക്കറ്റ് വീഴ്ത്തി. ശ്രീനാഥ് അരവിന്ദ്, മിഥുന്‍ എ, സ്റ്റുവര്‍ട്ട് ബിന്നി എന്നിവര്‍ക്കും വിക്കറ്റുകള്‍ ലഭിച്ചു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത കര്‍ണ്ണാടക മയാംഗ് അഗര്‍വാലിന്റെ ഉഗ്രന്‍ ബാറ്റിംഗ് പ്രകടനത്തിന്റെ ബലത്തില്‍ 20 ഓവറില്‍ 181 റണ്‍സ് നേടുകയായിരുന്നു. 6 വിക്കറ്റുകള്‍ നഷ്ടമായ കര്‍ണ്ണാടകയ്ക്കായി 58 പന്തില്‍ നിന്നാണ് മയാംഗ് 86 റണ്‍സ് നേടിയത്. കേരളത്തിനായി കെഎം ആസിഫ് രണ്ടും അഭിഷേക് മോഹന്‍ സന്ദീപ് വാര്യര്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. രണ്ട് കര്‍ണ്ണാടക ബാറ്റ്സ്മാന്മാര്‍ റണ്‍ഔട്ട് ആവുകയായിരുന്നു.

സച്ചിന്‍ ബേബി ഇല്ലാതെ ഇറങ്ങിയ കേരളത്തിനെ സഞ്ജു സാംസണ്‍ ആണ് നയിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ആദ്യം വെടിക്കെട്ട്, പിന്നെ തകര്‍ച്ച, കേരളം 120നു ഓള്‍ഔട്ട്

13 ഓവറാക്കി ചുരുക്കിയ ആന്ധ്ര കേരളം സയ്യദ് മുഷ്താഖ് അലി ടി20 ടൂര്‍ണ്ണമെന്റില്‍ കേരളത്തിനു 120 റണ്‍സ്. മികച്ച തുടക്കം ലഭിച്ചുവെങ്കിലും പിന്നീട് വിക്കറ്റുകള്‍ വീണപ്പോള്‍ പ്രതീക്ഷിച്ചതിലും കുറഞ്ഞ സ്കോറെ കേരളത്തിനു നേടാനായുള്ളു. ഫോമിലേക്ക് മടങ്ങിയെത്തിയ സഞ്ജു സാംസണും വെടിക്കെട്ട് വീരന്‍ വിഷ്ണു വിനോദും നല്‍കിയ തുടക്കം മുതലാക്കാന്‍ കേരളത്തിനു കഴിയാതെ പോകുകയായിരുന്നു. ആന്ധ്രയ്ക്കെതിരെയുള്ള സയ്യദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണ്ണമെന്റിലെ മൂന്നാം മത്സരത്തിലാണ് കേരളം ആദ്യം ബാറ്റ് ചെയ്ത് 120 റണ്‍സ് നേടിയത്. ഏഴാം ഓവറില്‍ 83/1 എന്ന നിലയില്‍ നിന്നാണ് കേരളം 12ാം ഓവറില്‍ 120 റണ്‍സിനു ഓള്‍ഔട്ട് ആയത്.

ടോസ് നേടിയ ആന്ധ്ര കേരളത്തിനെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു. 4.2 ഓവറില്‍ 50 റണ്‍സ് തികച്ച കേരളത്തിനു വേണ്ടി ഒന്നാം വിക്കറ്റില്‍ സഞ്ജു-വിഷ്ണു കൂട്ടുകെട്ട് 65 റണ്‍സാണ് നേടിയത്. സഞ്ജു 19 പന്തില്‍ 32 റണ്‍സ് നേടി പുറത്താകുമ്പോള്‍ കേരളത്തിന്റെ സ്കോര്‍ 5.4 ഓവറില്‍ 65 റണ്‍സായിരുന്നു.

തൊട്ടടുത്ത ഓവറില്‍ വിഷ്ണു വിനോദും മടങ്ങിയതോടെ കേരളത്തിന്റെ സ്കോറിംഗ് നിരക്ക് മന്ദ ഗതിയിലായി. ഒപ്പം വിക്കറ്റുകളും ഏളുപ്പത്തില്‍ നഷ്ടമായത് ടീമിന്റെ സ്കോറിംഗിനെ വല്ലാതെ ബാധിച്ചു. 20 പന്തില്‍ 45 റണ്‍സാണ് വിഷ്ണു അടിച്ചുകൂട്ടിയത്. 3 ബൗണ്ടറിയും 4 സിക്സും ഉള്‍പ്പെട്ട ഇന്നിംഗ്സായിരുന്നു വിഷ്ണു വിനോദിന്റെ. അധികം വൈകാതെ അരുണ്‍ കാര്‍ത്തികിനെയും കേരളത്തിനു നഷ്ടമായി. 83/1 എന്ന നിലയില്‍ നിന്ന് 95/5 എന്ന നിലയിലേക്ക് കേരളം വീഴുന്ന കാഴ്ചയാണ് പിന്നീട് വൈസാഗില്‍ കണ്ടത്. ഹരിശങ്കര്‍ റെഡ്ഢിയുടെ ബൗളിംഗിനു മുന്നില്‍ കേരള മധ്യനിര കുഴങ്ങിയപ്പോള്‍ 12 റണ്‍സ് എടുക്കുന്നതിനിടയില്‍ കേരളത്തിനു 4 വിക്കറ്റുകളാണ് നഷ്ടമായത്. പിന്നീട് 12ാം ഓവറില്‍ കേരളം 120 റണ്‍സിനു ഓള്‍ഔട്ട് ആയി.

മത്സരത്തില്‍ തന്റെ അരങ്ങേറ്റം കുറിച്ച  ഹരിശങ്കര്‍ റെഡ്ഢി നാല് വിക്കറ്റും അയ്യപ്പ് ഭണ്ഡാരു മൂന്ന് വിക്കറ്റും നേടി. ഭാര്‍ഗവ് ഭട്ട്, ഹനുമന വിഹാരി, ഗിരിനാഥ് റെഡ്ഢി എന്നിവര്‍ ഓരോ വിക്കറ്റും നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version