എസെക്സിനെതിരെ ആദ്യ ദിവസം 322/6 എന്ന സ്കോര്‍ നേടി ഇന്ത്യ. ദിനേശ് കാര്‍ത്തിക്ക് പുറത്താകാതെ 82 റണ്‍സുമായി ഇന്ത്യന്‍ ടീമിനെ മുന്നില്‍ നിന്ന് നയിച്ചു. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് തുടക്കം തകര്‍ച്ചയോടെയായിരുന്നു. പൂജ്യത്തിനു ധവാനും ഒരു റണ്‍സ് നേടി ചേതേശ്വര്‍ പുജാരയും മടങ്ങിയപ്പോള്‍ സ്കോര്‍ ബോര്‍ഡില്‍ അഞ്ച് റണ്‍സ്. ഇരുവരുടെയും വിക്കറ്റുകള്‍ മാറ്റ് കോള്‍സ് ആണ് നേടിയത്. ഏറെ വൈകാതെ അജിങ്ക്യ രഹാനെയും(17) പവലിയനിലേക്ക് മടങ്ങി.
44/3 എന്ന നിലയില്‍ നിന്ന് മുരളി വിജയ്(53), വിരാട് കോഹ്‍ലി(68), ലോകേഷ് രാഹുല്‍(58), ദിനേശ് കാര്‍ത്തിക്ക്(82*) എന്നിവരോടൊപ്പം ഹാര്‍ദ്ദിക് പാണ്ഡ്യയും മികച്ച രീതിയില്‍ ബാറ്റ് വീശിയപ്പോള്‍ ഇന്ത്യ ഒന്നാം ദിവസം 322 റണ്‍സ് എന്ന നിലയില്‍ അവസാനിപ്പിക്കുകയായിരുന്നു.
ഇംഗ്ലണ്ടിലെ ടെസ്റ്റ് പരമ്പരയില്‍ വിരാട് കോഹ‍്‍ലി മികച്ച ഫോമിലേക്കുയരുമെന്ന് തനിക്ക് പ്രതീക്ഷയുണ്ടെന്നറിയിച്ച് സൗരവ് ഗാംഗുലി. മുന്‍ പരമ്പരകളിലേതില്‍ നിന്ന് വ്യത്യസ്തമായി വിരാട് കോഹ്‍ലി ഇംഗ്ലണ്ടില്‍ ഇത്തവണ ഫോമിലേക്ക് ഉയരും. ഇത് ഇന്ത്യയുടെ ആത്മവിശ്വാസം ഉയര്‍ത്തുമെന്നും ഗാംഗുലി അറിയിച്ചു. രാജ്യം പ്രതീക്ഷയോടെയാണ് താരത്തെ ഉറ്റുനോക്കുന്നതെന്നും ആ പ്രതീക്ഷ തീര്‍ച്ചയായും വിരാട് കാത്ത് രക്ഷിക്കുമെന്നും മുന്‍ ഇന്ത്യന്‍ നായകന്‍ അഭിപ്രായപ്പെട്ടു.
വിരാട് കോഹ്‍ലി എവിടെ ബാറ്റ് ചെയ്യാനിറങ്ങിയാലും ആളുകള്‍ അത് കാണാനായി എത്തും. അതാണ് താരത്തിന്റെ പ്രഭാവും. തന്റെ ടീമിനെ മുന്നില്‍ നിന്ന് നയിക്കുവാനും ലക്ഷ്യത്തിലേക്ക് എത്തിക്കുവാനും നിശ്ചയിച്ചുറപ്പ് മനോഭാവമാണ് താരം പലപ്പോഴും പ്രകടപ്പിക്കുന്നത്. അത് വിരാടിന്റെ ടീമിനെ അതിശക്തമാക്കുന്നുവെന്നും സൗരവ് ഗാംഗുലി പറഞ്ഞു.
വിരാട് കോഹ്‍ലിയെ നിലയുറപ്പിക്കുവാന്‍ അനുവദിക്കാതിരുന്നാല്‍ ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കാമെന്ന് പറഞ്ഞ് സ്റ്റുവര്‍ട് ബ്രോഡ്. ഇന്ത്യയ്ക്കെതിരെ തന്റെ ലക്ഷ്യം വിരാട് കോഹ്‍ലിയെ ക്രീസിലെത്തുമ്പോള്‍ തന്നെ പുറത്താക്കുകയെന്നാണെന്നും സ്റ്റുവര്‍ട് ബ്രോഡ് പറഞ്ഞു. കോഹ്‍ലി തന്റെ സ്കോറിംഗ് ആരംഭിക്കുന്നതിനു മുമ്പ് തന്നെ മടക്കിയയ്ക്കാനായാല്‍ ഇന്ത്യ സമ്മര്‍ദ്ദത്തിലാവുമെന്ന് ബ്രോഡ് പറഞ്ഞു.
ഇന്നിംഗ്സിന്റെ തുടക്കത്തില്‍ കോഹ്‍ലി വിക്കറ്റിനു മുന്നില്‍ കുടുങ്ങുവാനുള്ള സാധ്യത ഏറെയാണ്. 2014ല്‍ ടെലിവിഷന്‍ ഫുട്ടേജുകള്‍ എല്ലാം ഞങ്ങള്‍ പലയാവര്‍ത്തി കണ്ട് കഴിഞ്ഞുവെന്നുമുള്ള മുന്നറിയിപ്പ് സ്റ്റുവര്‍ട് ബ്രോഡ് ഇന്ത്യന്‍ നായകന് നല്‍കിയിട്ടുണ്ട്. 2014ല്‍ ഇംഗ്ലണ്ടില്‍ കോഹ്‍ലിയ്ക്ക് കാര്യമായ പ്രഭാവമുണ്ടാക്കുവാനായിരുന്നില്ല.
ഇന്ത്യയ്ക്കെതിരെ ഏകദിന പരമ്പരയില്‍ രണ്ട് ശതകങ്ങള്‍ സ്വന്തമാക്കിയ ജോ റൂട്ട് ഏകദിന റാങ്കിംഗില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. വിരാട് കോഹ്‍ലി തന്നെയാണ് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. തന്റെ കരിയറിലെ ഏറ്റവും മികച്ച റേറ്റിംഗ് പോയിന്റായ 911 പോയിന്റാണ് വിരാട് ഇപ്പോള്‍ സ്വന്തമാക്കിയിരിക്കുന്നത്. 935 റേറ്റിംഗ് പോയിന്റ് നേടിയ വിവിയന്‍ റിച്ചാര്‍ഡ്സാണ് ഏറ്റവും മികച്ച ഐസിസി റേറ്റിംഗ് സ്വന്തമാക്കിയിട്ടുള്ളത്.
രണ്ടാം സ്ഥാനത്തുള്ള ജോ റൂട്ട് 818 പോയിന്റാണ് നേടിയിട്ടുള്ളത്. മൂന്നാം സ്ഥാനം ബാബര്‍ അസം(808) സ്വന്തമാക്കിയപ്പോള്‍ രോഹിത് ശര്‍മ്മയാണ് നാലാം സ്ഥാനത്ത്. 806 പോയിന്റാണ് രോഹിത്തിനുള്ളത്.
നിര്‍ണ്ണായകമായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യയെ മുന്‍നിര ബാറ്റ്സ്മാന്മാര്‍ കൈവിട്ടു. ക്യാപ്റ്റന്‍ വിരാട് കോഹിലുടെ അര്‍ദ്ധ ശതകവും ശിഖര്‍ ധവാന്റെ 44 റണ്‍സും ഒഴിച്ച് നിര്‍ത്തിയാല്‍ നിരാശാജനകമായ ബാറ്റിംഗ് പ്രകടനമാണ് ഇന്ത്യന്‍ താരങ്ങളില്‍ നിന്നുണ്ടായത്. ഇംഗ്ലണ്ടിനു വേണ്ടി ആദില്‍ റഷീദാണ് ഇന്ത്യന്‍ ബാറ്റിംഗ് നിരയുടെ നട്ടെലൊടിച്ചത്. മത്സരത്തില്‍ വിരാട് കോഹ്‍ലി(71) ഉള്‍പ്പെടെ 3 വിക്കറ്റുകളാണ് റഷീദ് വീഴ്ത്തിയത്.
ഇന്ത്യയുടെ തുടക്കം തന്നെ പതിഞ്ഞ രൂപത്തിലായിരുന്നു. ആദ്യ ആറോവറില്‍ 13 റണ്‍സ് നേടാന്‍ മാത്രമേ ഇന്ത്യയ്ക്ക് സാധിച്ചുള്ളു. രോഹിത് ശര്‍മ്മയുടെ വിക്കറ്റും ടീമിനു നഷ്ടമായി. പിന്നീട് 71 റണ്‍സ് കൂട്ടുകെട്ടുമായി ശിഖര്‍ ധവാന്‍-വിരാട് കോഹ്‍ലി കൂട്ടുകെട്ട് ഇന്ത്യയെ മുന്നോട്ട് നയിച്ചുവെങ്കിലും ധവാന്‍ റണ്‍ഔട്ടായി പുറത്തായി.
മത്സരത്തില്‍ ലോകേഷ് രാഹുലിനു പകരം അവസരം ലഭിച്ച ദിനേശ് കാര്‍ത്തിക് 21 റണ്‍സ് നേടിയെങ്കിലും ആദില്‍ റഷീദ് താരത്തെ പുറത്താക്കി. ഏതാനും ഓവറുകള്‍ക്ക് ശേഷം വിരാട് കോഹ്‍ലിയെയും ആദില്‍ റഷീദ് തന്നെ മടക്കിയയച്ചു. എംഎസ് ധോണി 42 റണ്‍സ് നേടിയെങ്കിലും തുടക്കത്തില്‍ ഏറെ പന്തുകള്‍ താരം നഷ്ടപ്പെടുത്തി. 66 പന്തില്‍ നിന്നാണ് ധോണിയുടെ 42 റണ്‍സ്.
50 ഓവറില്‍ നിന്ന് 8 വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 258 റണ്‍സാണ് നേടിയത്. ബെന്‍ സ്റ്റോക്സ് എറിഞ്ഞ 49ാം ഓവറില്‍ രണ്ട് സിക്സ് സഹിതം 17 റണ്‍സ് നേടി ശര്‍ദ്ധുല്‍ താക്കൂര്‍ ആണ് ഇന്ത്യയുടെ സ്കോര്‍ 250 കടത്തിയത്. താക്കൂര്‍ 22 റണ്‍സുമായി പുറത്താകാതെ നിന്നു. 13 പന്തില്‍ നിന്നാണ് ശര്‍ദ്ധുളിന്റെ വെടിക്കെട്ട്.
ആദില്‍ റഷീദിനു പുറമേ മാര്‍ക്ക് വുഡ്, ഡേവിഡ് വില്ലി(3) എന്നിവരാണ് ഇംഗ്ലണ്ടിനായി വിക്കറ്റുകള്‍ നേടിയത്.
27ാം ഓവറില്‍ ക്രീസില്‍ എത്തിയ ധോണി പിന്നീട് വളരെ പതുക്കെയാണ് തന്റെ ഇന്നിംഗ്സ് പടുത്തുയര്‍ത്തിയത്. 47ാം ഓവറില്‍ ഡ്രെസ്സിംഗ് റൂമില്‍ നിന്ന് സന്ദേശമെത്തിയ ശേഷം തൊട്ടടുത്ത പന്തില്‍ ധോണി പുറത്തായിരുന്നു. എന്ത് സന്ദേശമാണ് ധോണിയ്ക്ക് നല്‍കിയതെന്ന ചോദ്യത്തിനു പത്ര സമ്മേളനത്തില്‍ യൂസുവേന്ദ്ര ചഹാല്‍ അതിനെക്കുറിച്ച് തനിക്കറിയില്ലെന്നാണ് മറുപടി പറഞ്ഞത്.
ശര്‍ദ്ധുല്‍ താക്കൂറിനെയും അക്സര്‍ പട്ടേലിനെയും അയയ്ച്ച് ധോണിയ്ക്ക് കൈമാറിയ സന്ദേശം കൂറ്റനടികള്‍ക്ക് ശ്രമിക്കാന്‍ തന്നെയാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ അടുത്ത പന്തില്‍ തന്നെ താരം പുറത്തായതോടെ കാണികള്‍ അമര്‍ഷം പ്രകടിപ്പിക്കുകയായിരുന്നു.
ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ആധികാരിക ജയം നേടി ഇംഗ്ലണ്ട്. 86 റണ്‍സിനു ഇന്ത്യയെ മുട്ടുകുത്തിച്ച് ഇംഗ്ലണ്ട് പരമ്പരയില്‍ ഒപ്പമെത്തുകയായിരുന്നു. ആദ്യ ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ജോ റൂട്ടിന്റെ ശതകത്തിന്റെയും ഓയിന്‍ മോര്‍ഗന്‍, ഡേവിഡ് വില്ലി എന്നിവരുടെ അര്‍ദ്ധ ശതകങ്ങളുടെയും പിന്‍ബലത്തില്‍ 322/7 എന്ന കൂറ്റന്‍ സ്കോറിലേക്ക് എത്തുകയായിരുന്നു. ഇന്ത്യയ്ക്ക് 50 ഓവറില്‍ 236 റണ്‍സിനു ഓള്‍ഔട്ട് ആയി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് രോഹിത് ശര്‍മ്മയെ ആദ്യമേ നഷ്ടമായി. ശിഖര്‍ ധവാന്‍(36), വിരാട് കോഹ്‍ലി(45), സുരേഷ് റെയ്‍ന(46) എന്നിവര്‍ക്ക് മികച്ച തുടക്കം ലഭിച്ചുവെങ്കിലും ആര്‍ക്കും തങ്ങളുടെ ഇന്നിംഗ്സ് കൂറ്റന്‍ സ്കോറിലേക്ക് പടുത്തുയര്‍ത്താന്‍ സാധിക്കാതെ വന്നത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. എംഎസ് ധോണി 37 റണ്‍സ് നേടിയെങ്കിലും ഏറെ പന്തുകള്‍ ഉപയോഗപ്പെടുത്തിയതും ടീമിന്റെ സ്കോറിംഗ് ഗതിയെ ബാധിച്ചു. ഇന്നിംഗ്സിന്റെ അവസാന പന്തിലാണ് ഇന്ത്യ ഓള്‍ഔട്ട് ആയത്.
ഇംഗ്ലണ്ടിനു വേണ്ടി ലിയാം പ്ലങ്കറ്റ് നാലും ആദില്‍ റഷീദ്, ഡേവിഡ് വില്ലി എന്നിവര്‍ രണ്ടും വിക്കറ്റ് നേടി. മാര്‍ക്ക് വുഡ്, മോയിന്‍ അലി എന്നിവരും ഓരോ വിക്കറ്റുമായി വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചു.
പരിമിത ഓവര്‍ ക്രിക്കറ്റിലെ ഇന്ത്യന്‍ തുറുപ്പ് ചീട്ടുകളായ യൂസുവേന്ദ്ര ചഹാലിനെയും കുല്‍ദീപ് യാദവിനെയും ടെസ്റ്റിലും കളിപ്പിക്കുവാന്‍ തന്നെ അവരുടെ പ്രകടനം പ്രേരിപ്പിക്കുന്നുവെന്ന് പറഞ്ഞ് വിരാട് കോഹ്‍ലി. കുല്‍ദീപിന്റെ ബൗളിംഗിനു മുന്നില്‍ ടി20യിലും ഇന്നലെ നടന്ന ഏകദിനത്തിലും ഇംഗ്ലണ്ട് തകര്‍ന്നടിയുകയായിരുന്നു. ഇന്നലെ 25 റണ്‍സിനു ആറ് വിക്കറ്റ് നേടിയ കുല്‍ദീപ് ഇന്ത്യയുടെ വിജയത്തിനു വഴിയൊരുക്കുകയാണ്.
റിസ്റ്റ് സ്പിന്നര്‍മാരെ നേരിടുന്നതില്‍ ഇംഗ്ലണ്ടിന്റെ ബുദ്ധിമുട്ടിനെ മുതലാക്കന്നതിനായി ടെസ്റ്റില്‍ ഇരു സ്പിന്നര്‍മാരെയും ഉള്‍പ്പെടുത്തിയേക്കുമെന്നാണ് ഇപ്പോള്‍ വിരാട് കോഹ്‍ലി പറഞ്ഞത്. നിലവില്‍ ടെസ്റ്റില്‍ രവിചന്ദ്രന്‍ അശ്വിനും രവീന്ദ്ര ജഡേജയുമാണ് സ്പിന്‍ ദൗത്യം നിറവേറ്റി വരുന്നത്. ഇവരിലാരെയെങ്കിലുമോ ഇരുവരെയുമോ ടെസ്റ്റില്‍ ഉള്‍പ്പെടത്തുന്നതിനെക്കുറിച്ച് താന്‍ കാര്യമായി ചിന്തിക്കുകയാണെന്നാണ് ഇന്ത്യന്‍ നായകന്‍ അഭിപ്രായപ്പെട്ടത്.
കുല്‍ദീപിന്റെ പ്രകടനം താരത്തിനു മുന്‍തൂക്കം നല്‍കുന്നുണ്ടെങ്കിലും ചഹാലിനും സാധ്യതയുണ്ടെന്നാണ് വിരാട് കോഹ്‍ലി പറഞ്ഞത്. ഇംഗ്ലണ്ട് താരങ്ങള്‍ ഇരുവരെയും നേരിടുവാന്‍ ബുദ്ധിമുട്ടുന്നുണ്ട്. അത് ഇന്ത്യ ഉപയോഗപ്പെടുത്തണമെന്നും വിരാട് കോഹ്‍ലി പറഞ്ഞു. കളിച്ച രണ്ട് ടി20യിലും ഒരു ഏകദിനത്തിലും നിന്ന് കുല്‍ദീപ് 11 വിക്കറ്റാണ് ഇംഗ്ലണ്ടില്‍ നേടിയത്.
ടി20 പരമ്പരയിലെ വിജയത്തിനു ശേഷം ഏകദിന പരമ്പരയിലും ജയത്തോടെ തുടങ്ങി ഇന്ത്യ. ഒന്നാം റാങ്ക് തിരിച്ചുപിടിക്കുവാന്‍ പരമ്പര തൂത്തുവാരേണ്ടതുള്ള ഇന്ത്യ ഇന്ന് ട്രെന്റ് ബ്രിഡ്ജില്‍ നടന്ന ആദ്യ ഏകദിന മത്സരത്തില്‍ ആധികാരിക ജയമാണ് ഉറപ്പാക്കിയത്. ബൗളിംഗില്‍ കുല്‍ദീപ് യാദവിന്റെ ആറ് വിക്കറ്റ് നേട്ടത്തിനൊപ്പം നില്‍ക്കുന്ന ബാറ്റിംഗ് പ്രകടനവുമായി രോഹിത് ശര്‍മ്മയും വിരാട് കോഹ്‍ലിയും അരങ്ങുവാണ മത്സരത്തില്‍ ഇന്ത്യ 40.1 ഓവറില്‍ 2 വിക്കറ്റുകളുടെ നഷ്ടത്തിലാണ് ജയം സ്വന്തമാക്കിയത്.
40 റണ്‍സ് നേടിയ ശിഖര്‍ ധവാനാണ് പുറത്തായ താരം 27 പന്തില്‍ നിന്നാണ് ധവാന്റെ 40 റണ്‍സ്. മോയിന്‍ അലിയ്ക്കാണ് വിക്കറ്റ്. ഒന്നാം വിക്കറ്റ്ലി്‍ 7.5 ഓവറില്‍ 59 റണ്‍സ് നേടിയ ശേഷമാണ് കൂട്ടുകെട്ട് തകര്‍ക്കുവാന്‍ ഇംഗ്ലണ്ടിനായത്. പകരമെത്തിയ വിരാട് കോഹ്‍ലിയും മികച്ച പ്രകടനം പുറത്തെടുത്തപ്പോള്‍ യാതൊരുവിധ ബുദ്ധിമുട്ടും സൃഷ്ടിക്കാന്‍ ഇംഗ്ലണ്ടിനായില്ല.
167 റണ്‍സ് രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിനൊടുവില്‍ ആദില്‍ റഷീദ് പുറത്താക്കി മടങ്ങുമ്പോള്‍ കോഹ്‍ലി 75 റണ്‍സാണ് നേടിയത്. രോഹിത് ശര്‍മ്മ 114 പന്തില്‍ നിന്ന് 137 റണ്‍സുമായി പുറത്താകാതെ നിന്ന് ടീമിന്റെ വിജയം ഉറപ്പിക്കുകയായിരുന്നു. 4 സിക്സും 15 ബൗണ്ടറിയും അടക്കമാണ് രോഹിത്തിന്റെ മികച്ച ഇന്നിംഗ്സ്.
നേരത്തെ മികച്ച തുടക്കത്തിനു ശേഷം കുല്‍ദീപ് യാദവിനു മുന്നില്‍ മത്സരം ഇംഗ്ലണ്ട് കൈവിടുകയായിരുന്നു.6 വിക്കറ്റാണ് തന്റെ പത്തോവറില്‍ നിന്ന് വെറും 25 റണ്‍സ് വിട്ടു നല്‍കി കുല്‍ദീപ് പിഴുതെടുത്തത്. 73/0 എന്ന നിലയില്‍ നിന്ന് 105/4 എന്ന നിലയിലേക്ക് വീണ ഇംഗ്ലണ്ടിനെ അഞ്ചാം വിക്കറ്റില്‍ ബെന്‍ സ്റ്റോക്സ്-ജോസ് ബട്‍ലര്‍ കൂട്ടുകെട്ടാണ് രക്ഷിച്ചെടുത്തത്. എന്നാല്‍ സ്റ്റോക്സിന്റെ മെല്ലെ പോക്ക് ടീമിന്റെ റണ്‍റേറ്റിനെ ഏറെ ബാധിച്ചിരുന്നു.
ബട്‍ലര്‍ പുറത്തായി ഏറെ വൈകാതെ സ്റ്റോക്സും പുറത്തായി. ബട്‍ലര്‍ 53 റണ്‍സ് നേടിയപ്പോള്‍ ബെന്‍ സ്റ്റോക്സ് 50 റണ്‍സ് പൂര്‍ത്തിയാക്കിയ ഉടനെ പുറത്തായി. മോയിന്‍ അലി(24), ആദില്‍ റഷീദ്(22) എന്നിവരുടെ ഇന്നിംഗ്സുകളും കൂടിയായപ്പോള്‍ ഇംഗ്ലണ്ട് 268 റണ്‍സിലേക്ക് എത്തുകയായിരുന്നു. 49.5 ഓവറില്‍ ടീം ഓള്‍ഔട്ട് ആയി. ഉമേഷ് യാദവ്(2), യൂസുവേന്ദ്ര ചഹാല്‍ എന്നിവരാണ് മറ്റു വിക്കറ്റ് നേട്ടക്കാര്‍.
ഇംഗ്ലണ്ട് നല്‍കിയ 199 റണ്‍സ് ലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തില്‍ രണ്ട് തിരിച്ചടികളാണ് ലഭിച്ചതെങ്കിലും അവയില്‍ നിന്ന് കരകയറി 7 വിക്കറ്റ് വിജയം ഉറപ്പാക്കി ഇന്ത്യ. രോഹിത് ശര്‍മ്മയുടെ ശതകവും വിരാട് കോഹ്‍ലി, ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവരുടെ തകര്‍പ്പന്‍ ബാറ്റിംഗിന്റെ ബലത്തില്‍ ഇന്ത്യ 18.4 ഓവറിലാണ് മികച്ച വിജയം സ്വന്തമാക്കിയത്.
തുടക്കത്തില്‍ ശിഖര്‍ ധവാനെ നഷ്ടമായ ഇന്ത്യയ്ക്കായി കെഎല്‍ രാഹുല്‍ വെടിക്കെട്ട് തുടക്കം നല്‍കിയെങ്കിലും ക്രിസ് ജോര്‍ദാന്റെ തകര്‍പ്പന്‍ ക്യാച്ചിലൂടെ താരം മടങ്ങുമ്പോള്‍ 5.2 ഓവറില്‍ ഇന്ത്യ 62 റണ്‍സായിരുന്നു നേടിയിരുന്നത്. വിരാട് കോഹ്‍ലിയും വെടിക്കെട്ട് ബാറ്റിംഗുമായി രോഹിത് ശര്‍മ്മയ്ക്ക് പിന്തുണ നല്‍കിയപ്പോള്‍ ഇന്ത്യ 89 റണ്‍സ് കൂടി മൂന്നാം വിക്കറ്റില്‍ നേടി.
മത്സരം ഏറെക്കുറെ ഇന്ത്യന്‍ പക്ഷത്തേക്ക് തിരിഞ്ഞുവെന്ന സ്ഥിതിയില്‍ ജോര്‍ദാന്‍ കോഹ്‍ലിയെ പുറത്താക്കി. 29 പന്തില്‍ 43 റണ്‍സായിരുന്നു കോഹ്‍ലിയുടെ സംഭാവന. പകരമെത്തിയ ഹാര്‍ദ്ദിക് പാണ്ഡ്യ അധികം പന്തുകള്‍ നഷ്ടപ്പെടുത്താതെ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ ബാറ്റ് വീശിയപ്പോള്‍ ഇന്ത്യയ്ക്ക് കാര്യങ്ങള്‍ എളുപ്പമായി.
19ാം ഓവറിന്റെ ആദ്യ പന്തില്‍ 56 പന്ത് നേരിട്ട രോഹിത് ശര്‍മ്മ(100*) തന്റെ ശതകം പൂര്‍ത്തിയാക്കുമ്പോള്‍ ഇന്ത്യയ്ക്ക് ജയം 4 റണ്‍സ് അകലെയായിരുന്നു. രോഹിത്തിനു കൂട്ടായി 33 റണ്‍സുമായി ഹാര്‍ദ്ദിക് പാണ്ഡ്യയും. വെറും 14 പന്തില്‍ നിന്നാണ് ഹാര്‍ദ്ദിക്കിന്റെ ഈ റണ്ണുകള്‍.
ഇപ്പോള്‍ ഇംഗ്ലണ്ടിലുള്ള ഇന്ത്യന്‍ ടീം ടെസ്റ്റ് പരമ്പര ജയിക്കുവാന്‍ പോന്നതാണെന്നു അഭിപ്രായം പ്രകടിപ്പിച്ച് ദിലീപ് വെംഗസര്‍ക്കാര്‍. 2014ല്‍ എംഎസ് ധോണിയുടെ കീഴില്‍ ടെസ്റ്റ് പരമ്പര 1-3 എന്ന രീതിയില്‍ നഷ്ടപ്പെട്ടുവെങ്കിലും ഇത്തവണ സ്ഥിതി വ്യത്യസ്തമാകുമെന്നാണ് ദിലീപ് വെംഗ്സര്‍ക്കാര്‍ അഭിപ്രായം രേഖപ്പെടുത്തിയത്. അന്ന് ഏറെ കൊട്ടിഘോഷിച്ച വിരാട് കോഹ്‍ലി പരാജയപ്പെട്ടുവെങ്കിലും ഇത്തവണ താരം തന്റെ ബാറ്റിംഗില്‍ ഏറെ സമയം ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. അത് മാത്രമല്ല കഴിഞ്ഞ തവണത്തെക്കാള്‍ സന്തുലിതമായ ടീമാണ് ഇന്ത്യയുടേതെന്നും വെംഗ്സര്‍ക്കാര്‍ പറഞ്ഞു.
2014ല്‍ പരാജയം സംഭവിച്ച ഘടങ്ങളില്‍ കോഹ്‍ലി ഹോംവര്‍ക്ക് ചെയ്തിട്ടുണ്ടെന്ന് തനിക്ക് ഉറപ്പാണെന്നാണ് ഇതിനെക്കുറിച്ച വെംഗ്സര്‍ക്കാറുടെ അഭിപ്രായം. പേസ് ബൗളര്‍മാര്‍ക്കൊപ്പം ഇന്ത്യന്‍ സ്പിന്നര്‍മാരും ഇംഗ്ലണ്ടിനെ വട്ടംകറക്കുമെന്നാണ് മുന്‍ ഇന്ത്യന്‍ നായകന്‍ അഭിപ്രായപ്പെട്ടത്.
ഇംഗ്ലണ്ടിനെതിരെ രണ്ടാം ടി20 മത്സരത്തില്‍ റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടി ഇന്ത്യ. വിരാട് കോഹ്‍ലിയുടെ 47 റണ്‍സിന്റെ ബലത്തില്‍ ഇന്ത്യ 148 റണ്‍സാണ് ആദ്യം ബാറ്റ് ചെയ്ത് നേടിയത്. തകര്‍ച്ചയോടെ തുടങ്ങി ഇന്നിംഗ്സിന്റെ ഒരു ഘട്ടത്തില്‍ ഇന്ത്യ 22/3 എന്ന നിലയിലേക്ക് തകര്‍ന്നിരുന്നു. അവിടെ നിന്ന് വിരാട് കോഹ്‍ലിയും-സുരേഷ് റെയ്‍നയും ചേര്‍ന്ന് 57 റണ്‍സ് നേടി ടീമിനെ തിരികെ ട്രാക്കിലേക്ക് എത്തിച്ചുവെങ്കിലും 20 പന്തില്‍ 27 റണ്‍സ് നേടിയ റെയ്‍നയെ ആദില്‍ റഷീദിന്റെ പന്തില്‍ ജോസ് ബട‍്‍ലര്‍ സ്റ്റംപ് ചെയ്ത് പുറത്താകുകയായിരുന്നു.
വിരാട് കോഹ്‍ലി 47 റണ്‍സ് നേടിയപ്പോള്‍ എംഎസ് ധോണി 32 റണ്‍സ് നേടി 20 ഓവറില്‍ നിന്ന് ഇന്ത്യയുടെ സ്കോര്‍ 148/5 എന്ന നിലയിലേക്ക് എത്തിക്കുവാന്‍ സഹായിച്ചു.
അവസാന ഓവറില്‍ ഇന്ത്യ 22 റണ്‍സാണ് ഇംഗ്ലണ്ടിനെതിരെ നേടിയത്. ഇംഗ്ലണ്ടിനായി ആദില്‍ റഷീദ്, ജേക്ക് ബാള്‍, ലിയാം പ്ലങ്കറ്റ് എന്നിവര്‍ വിക്കറ്റ് നേടി.