ടെസ്റ്റ് പരമ്പര ഇംഗ്ലണ്ടിനു, സൗത്താംപ്ടണില്‍ ഇന്ത്യയ്ക്കെതിരെ 60 റണ്‍സ് ജയം

നേരത്തെ സൂചിപ്പിച്ചത് പോലെ 245 റണ്‍സ് എന്ന ശ്രമകരമായ ലക്ഷ്യം നേടാനാകാതെ ഇന്ത്യ 184 റണ്‍സിനു ഓള്‍ഔട്ട് ആയപ്പോള്‍ സൗത്താംപ്ടണ്‍ ടെസ്റ്റില്‍ ഇംഗ്ലണ്ടിനു 60 റണ്‍സ് ജയം. ജയത്തോടെ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര 3-1 നു വിജയിച്ചു. തുടക്കം പിഴച്ച ഇന്ത്യയ്ക്ക് പ്രതീക്ഷയായി നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ 101 റണ്‍സുമായി വിരാട് കോഹ്‍ലിയും(58) അജിങ്ക്യ രഹാനെയും(51) പൊരുതിയെങ്കിലും ചായയ്ക്ക് മുമ്പ് കോഹ്‍ലി പുറത്തായതോടെ ഇന്ത്യ തകരുകയായിരുന്നു. അശ്വിന്‍ 25 റണ്‍സ് നേടി ഇന്നിംഗ്സിലെ അവസാന വിക്കറ്റായി പുറത്തായി.

കോഹ്‍ലിയെ പുറത്താക്കിയ മോയിന്‍ അലി തന്നെയാണ് അജിങ്ക്യ രഹാനയെയും വിക്കറ്റിനു മുന്നില്‍ കുടുക്കിയത്. മത്സരത്തില്‍ നിന്ന് മോയിന്‍ അലി നാലും ജെയിംസ് ആന്‍ഡേഴ്സണ്‍, ബെന്‍ സ്റ്റോക്സ് എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി. സ്റ്റുവര്‍ട് ബ്രോഡിനും സാം കറനും ഓരോ വിക്കറ്റ് ലഭിച്ചു.

കോഹ്‍ലിയ്ക്ക് വിശ്രമം, ഏഷ്യ കപ്പില്‍ ഇന്ത്യയെ രോഹിത് നയിക്കും

ഏഷ്യ കപ്പില്‍ വിരാട് കോഹ്‍ലിയ്ക്ക് വിശ്രമം നല്‍കി ബിസിസിഐ. ഏഷ്യ കപ്പിനുള്ള ടീമിനെ വിരാട് കോഹ്‍ലിയുടെ അഭാവത്തില്‍ രോഹിത് ശര്‍മ്മ നയിക്കും. 16 അംഗ സ്ക്വാഡിനെ ഇന്നാണ് ബിസിസിഐ പ്രഖ്യാപിച്ചത്. മനീഷ് പാണ്ഡേ, അമ്പാട്ടി റായിഡു, കേധാര്‍ ജാഥവ് എന്നിവര്‍ തിരികെ ടീമില്‍ മടങ്ങിയെത്തുമ്പോള്‍ കഴിഞ്ഞ പരമ്പരയില്‍ കളിച്ചവരില്‍ സുരേഷ് റെയ്‍ന, ഉമേഷ് യാദവ്, സിദ്ധാര്‍ത്ഥ് കൗള്‍ എന്നിവര്‍ ടീമിനു പുറത്ത് പോകുന്നു.

സ്ക്വാഡ്: രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍, കെഎല്‍ രാഹുല്‍, അമ്പാട്ടി റായിഡു, കേധാര്‍ ജാഥവ്, മനീഷ് പാണ്ഡേ, എംഎസ് ധോണി, ദിനേശ് കാര്‍ത്തിക്, ഹാര്‍ദ്ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ്, യൂസുവേന്ദ്ര ചഹാല്‍, അക്സര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, ശര്‍ദ്ധുല്‍ താക്കൂര്‍, ഖലീല്‍ അഹമ്മദ്.

6000 ടെസ്റ്റ് റണ്‍സ് നേടുന്ന പത്താമത്തെ ഇന്ത്യന്‍ താരമായി കോഹ്‍ലി

ടെസ്റ്റില്‍ 6000 റണ്‍സ് പൂര്‍ത്തിയാക്കുന്ന പത്താമത്തെ ഇന്ത്യന്‍ താരമായി വിരാട് കോഹ്‍ലി. 119 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നാണ് വിരാട് കോഹ‍്‍ലി ഈ നേട്ടം കൊയ്തത്. സുനില്‍ ഗവാസ്കര്‍ മാത്രമാണ് കോഹ്‍ലിയെക്കാള്‍ കുറഞ്ഞ ടെസ്റ്റില്‍ ഈ നേട്ടം സ്വന്തമാക്കിയത്. സച്ചിന്‍(120), വിരേന്ദര്‍ സേവാഗ്(123), രാഹുല്‍ ദ്രാവിഡ്(125), മുഹമ്മദ് അസ്ഹറുദ്ദീന്‍(143) എന്നിവരാണ് ഈ നേട്ടം സ്വന്തമാക്കിയ മറ്റു താരങ്ങളില്‍ ചിലര്‍.

ഓപ്പണര്‍മാര്‍ മടങ്ങി, ഇന്ത്യയെ മുന്നോട്ട് നയിച്ച് കോഹ്‍ലിയും പുജാരയും

ഇംഗ്ലണ്ടിനെതിരെ സൗത്താംപ്ടണ്‍ ടെസ്റ്റിന്റെ രണ്ടാം ദിവസം ഉച്ച ഭക്ഷണത്തിനു പിരിയുമ്പോള്‍ ഇന്ത്യ 100/2 എന്ന നിലയില്‍. 19/0 എന്ന നിലയില്‍ രണ്ടാം ദിവസം ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യന്‍ സ്കോര്‍ 50 എത്തിയപ്പോള്‍ ഓപ്പണര്‍മാരെ നഷ്ടമായിരുന്നു. കെഎല്‍ രാഹുല്‍(19), ശിഖര്‍ ധവാന്‍(23) എന്നിവരെ സ്റ്റുവര്‍ട് ബ്രോഡാണ് പുറത്താക്കിയത്.

എന്നാല്‍ പിന്നീട് കൂടുതല്‍ വിക്കറ്റ് നഷ്ടമില്ലാതെ ചേതേശ്വര്‍ പുജാരയും വിരാട് കോഹ്‍ലിയും ചേര്‍ന്ന് ഇന്ത്യയെ ഉച്ച ഭക്ഷണം വരെ എത്തിയ്ക്കുകയായിരുന്നു. പുരാജ 28 റണ്‍സും കോഹ്‍ലി 25 റണ്‍സും നേടിയാണ് ക്രീസില്‍ നില്‍ക്കുന്നത്. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറിനു 146 റണ്‍സ് പിന്നിലായാണ് ഇന്ത്യയിപ്പോള്‍ നിലകൊള്ളുന്നത്.

വീണ്ടും ഒന്നാമതെത്തി കോഹ്‍ലി

രണ്ടാം ടെസ്റ്റിനു ശേഷം നഷ്ടപ്പെട്ട ടെസ്റ്റ് ബാറ്റിംഗ് റാങ്കിലെ ഒന്നാം സ്ഥാനം തിരിച്ചു പിടിച്ച് വിരാട് കോഹ്‍ലി. ലോര്‍ഡ്സില്‍ 23, 17 എന്നീ സ്കോറുകള്‍ കാരണം തന്റെ ഒന്നാം റാങ്ക് സ്റ്റീവ് സ്മിത്തിനു അടിയറവു വെച്ച ശേഷം കോഹ്‍ലി ട്രെന്റ് ബ്രിഡ്ജില്‍ 97, 103 എന്നീ സ്കോറുകളുമായി ഫോമിലേക്കുയര്‍ന്ന് വീണ്ടും ഒന്നാം റാങ്ക് തിരിച്ചെടുക്കുകയായിരുന്നു. 937 റേറ്റിംഗ് പോയിന്റാണ് കോഹ്‍ലിയ്ക്ക സ്വന്തമായുള്ളത്.

കോഹ്‍ലിയുടെ കരിയറിലെ ഏറ്റവും മികച്ച റേറ്റിംഗ് പോയിന്റാണ് ഇത്. 961 പോയിന്റ് നേടിയ ഡോണ്‍ ബ്രാഡ്മാന്‍ ആണ് ഇതുവരെ നേടിയ ഏറ്റവും മികച്ച റേറ്റിംഗ് പോയിന്റിനു ഉടമ.

ട്രെന്റ് ബ്രിഡ്ജ് വിജയം പ്രളയബാധിതര്‍ക്ക് സമര്‍പ്പിച്ച് വിരാട് കോഹ്‍ലി

ട്രെന്റ് ബ്രിഡ്ജില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ നേടിയ 203 റണ്‍സ് ജയം കേരളത്തിലെ പ്രളയ ബാധിതര്‍ക്ക് സമര്‍പ്പിച്ച് വിരാട് കോഹ്‍ലി. വിജയത്തിനു ശേഷമുള്ള മാന്‍ ഓഫ് ദി മാച്ച് പുരസ്കാരം സ്വീകരിച്ച ശേഷമുള്ള തന്റെ പ്രസംഗം ആരംഭിച്ച കോഹ്‍ലി ടീം ഒന്നടങ്കം ഈ വിജയം നാട്ടിലെ പ്രളയക്കെടുതിയില്‍ അകപ്പെട്ടവര്‍ക്ക് സമര്‍പ്പിക്കുകയാണെന്നാണ് പറഞ്ഞത്.

ലീഡ് 520, ഡിക്ലയര്‍ ചെയ്ത് ഇന്ത്യ, ഇംഗ്ലണ്ടിനു ശ്രമകരമായ ദൗത്യം

ഹാര്‍ദ്ദിക് പാണ്ഡ്യ തന്റെ അര്‍ദ്ധ ശതകം തികച്ച ശേഷം ഡിക്ലറേഷന്‍ നടത്തി ഇന്ത്യ. വിരാട് കോഹ്‍ലിയുടെ ശതകത്തിന്റെ ബലത്തില്‍ മൂന്നാം ദിവസം അവസാനിക്കുവാന്‍ 9 ഓവറുകള്‍ അവശേഷിക്കെയാണ് ഇന്ത്യയുടെ ഡിക്ലറേഷന്‍. 352/7 എന്ന നിലയില്‍ 520 റണ്‍സ് ലീഡാണ് ഇന്ത്യ നേടിയത്. ഇംഗ്ലണ്ടിന്റെ വിജയലക്ഷ്യം 521 റണ്‍സാണ്. ഏറെക്കുറെ അപ്രാപ്യമായ ഈ ലക്ഷ്യം നേടുവാന്‍ ഇംഗ്ലണ്ടിനു രണ്ട് ദിവസമാണുള്ളത്. മത്സരത്തില്‍ നിന്ന് ഫലം ഉണ്ടാകുമെന്ന് ഇതോടെ ഉറപ്പായിരിക്കുകയാണ്.

ഇന്ത്യന്‍ നിരയില്‍ 103 റണ്‍സുമായി വിരാട് കോഹ്‍ലി ടോപ് സ്കോറര്‍ ആയി. 72 റണ്‍സ് നേടിയ ചേതേശ്വര്‍ പുജാരയും പുറത്താകാതെ 52 റണ്‍സ് നേടിയ ഹാര്‍ദ്ദിക് പാണ്ഡ്യയുമാണ് തിളങ്ങിയ മറ്റു താരങ്ങള്‍. ശിഖര്‍ ധവാന്‍ (44), ലോകേഷ് രാഹുല്‍(36) എന്നിവരാണ് മറ്റു സ്കോറര്‍മാര്‍. ഇം്ലണ്ടിനായി ആദില്‍ റഷീദ് മൂന്നും ബെന്‍ സ്റ്റോക്സ് രണ്ടും വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്സില്‍ 23/0 എന്ന നിലയിലാണ്. 9 ഓവറുകളാണ് ടീം നേരിട്ടത്. കീറ്റണ്‍ ജെന്നിംഗ്സ് 13 റണ്‍സും അലിസ്റ്റര്‍ കുക്ക് 9 റണ്‍സും നേടിയിട്ടുണ്ട്. 498 റണ്‍സ് കൂടി ഇംഗ്ലണ്ട് ജയത്തിനായി നേടേണ്ടതുണ്ട്.

മൂന്നാം ദിവസം മുന്നൂറിനു മേലെ ലീഡുമായി ഇന്ത്യ

വിരാട് കോഹ്‍ലിയുടെയും ചേതേശ്വര്‍ പുജാരയുടെയും അര്‍ദ്ധ ശതകങ്ങളുടെ ബലത്തില്‍ കൂറ്റന്‍ ലീഡിലേക്ക് ഇന്ത്യ കുതിയ്ക്കുന്നു. മൂന്നാം ദിവസം ഉച്ച ഭക്ഷണത്തിനായി ടീമുകള്‍ പിരിയുമ്പോള്‍ ഇന്ത്യ രണ്ടാം ഇന്നിംഗ്സില്‍ 194/2 എന്ന നിലയിലാണ്. രണ്ടാം ഇന്നിംഗ്സില്‍ 60 ഓവറുകളാണ് ഇതുവരെ എറിഞ്ഞിട്ടുള്ളത്. എന്നാല്‍ മൂന്നാം ദിവസത്തെ ആദ്യ സെഷനില്‍ ഇന്ത്യ മെല്ലെയാണ് സ്കോറിംഗ് നടത്തിയിരിക്കുന്നത്. 362 റണ്‍സിന്റെ ലീഡാണ് ഇന്ത്യയ്ക്ക് ഇപ്പോള്‍ സ്വന്തമായിട്ടുള്ളത്.

ഇംഗ്ലണ്ട് ഫീല്‍ഡര്‍മാരുടെ സഹകരണം കൂടി ലഭിച്ചതോടെ ഇന്ത്യ സെഷനില്‍ വിക്കറ്റ് നഷ്ടമില്ലാതെ മുന്നേറുകയായിരുന്നു. മൂന്നാം വിക്കറ്റില്‍ 83 റണ്‍സാണ് 220 പന്തുകളില്‍ നിന്നായി ഇന്ത്യന്‍ കൂട്ടുകെട്ട് ഇതുവരെ നേടിയത്. 54 റണ്‍സുമായി വിരാട് കോഹ്‍ലിയും 56 റണ്‍സ് നേടി ചേതേശ്വര്‍ പുജാരയുമാണ് ക്രീസില്‍ നില്‍ക്കുന്നത്.

കോഹ്‍ലിയ്ക്ക് ഒന്നാം സ്ഥാനം നഷ്ടം

ടെസ്റ്റ് ക്രിക്കറ്റിലെ ഒന്നാം റാങ്ക് കൈവിട്ട് വിരാട് കോഹ്‍ലി. എഡ്ജ്ബാസ്റ്റണിലെ പ്രകടനത്തിന്റെ ബലത്തില്‍ വിരാട് കോഹ്‍ലി സ്റ്റീവ് സ്മിത്തില്‍ നിന്ന് ഒന്നാം റാങ്ക് പിടിച്ചെടുത്തുവെങ്കിലും ലോര്‍ഡ്സിലെ പരാജയം താരത്തിന്റെ ഒന്നാം സ്ഥാനം കൈമോശം വരുത്തുവാന്‍ ഇടയാക്കി. ലോര്‍ഡ്സിലെ രണ്ടാം ടെസ്റ്റില്‍ കോഹ്‍ലി 23, 17 എന്നീ സ്കോറുകളാണ് നേടിയത്. ഇതോടെ വിരാട് കോഹ്‍ലി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും സ്റ്റീവ് സ്മിത്ത് വീണ്ടും ഒന്നാം സ്ഥാനത്തേക്ക് തിരികെ എത്തി.

കോഹ്‍ലിയ്ക്ക് 919 റേറ്റിംഗ് പോയിന്റും സ്റ്റീവ് സ്മിത്തിനു 929 റേറ്റിംഗ് പോയിന്റുമാണുള്ളത്. മൂന്നാം സ്ഥാനത്ത് ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് 851 പോയിന്റുമായി നിലകൊള്ളുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ലോര്‍ഡ്സിലേത് കോഹ്‍ലിയ്ക്ക് കീഴില്‍ ആദ്യത്തെ ഇന്നിംഗ്സ് തോല്‍വി

ലോര്‍ഡ്സില്‍ ഇന്ത്യ അമ്പേ പരാജയപ്പെട്ടപ്പോള്‍ അത് കോഹ്‍ലിയുടെ നേതൃത്വത്തിലെ ആദ്യത്തെ ഇന്നിംഗ്സ് തോല്‍വി കൂടിയായി മാറി. 37 ടെസ്റ്റുകളില്‍ ഇന്ത്യയെ നയിച്ച കോഹ്‍ലിയുടെ ക്യാപ്റ്റന്‍സി കരിയറില്‍ കോഹ്‍ലി മറക്കുവാനാഗ്രഹിക്കുന്നൊരു മത്സരമാവും ലോര്‍ഡ്സ് ടെസ്റ്റ്. 2014ല്‍ ഓവലിലാണ് ഇന്ത്യ ഇതിനു മുമ്പ് ഇന്നിംഗ്സ് പരാജയം ഏറ്റുവാങ്ങുന്നത്. ഇംഗ്ലണ്ടിനോട് അന്ന് ഇന്ത്യ ഇന്നിംഗ്സിനും 244 റണ്‍സിനുമാണ് പരാജയപ്പെട്ടത്. ഇന്നലത്തെ പരാജയം ഇന്നിംഗ്സിനും 159 റണ്‍സിനുമായിരുന്നു.

തോല്‍വിയുടെ വലുപ്പത്തില്‍ ഇത് ഇന്ത്യയുടെ 11ാമത്തെ ഏറ്റവും വലിയ തോല്‍വിയാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

നോട്ടിംഗാം ടെസ്റ്റില്‍ താന്‍ കളിക്കുമെന്ന് ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ച് കോഹ്‍ലി

ഇംഗ്ലണ്ടിനെതിരെയുള്ള അടുത്ത ടെസ്റ്റില്‍ താന്‍ കളിക്കുമെന്ന് വിശ്വാസം പ്രകടിപ്പിച്ച് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലി. പുറം വേദന കാരണം മൂന്നാം ദിവസത്തിന്റെ അവസാനവും നാലാം ദിവസത്തിന്റെ ആദ്യ മണിക്കൂറുകളിലും താരം കളത്തിലിറങ്ങാതെ വിട്ടു നിന്നിരുന്നു. ഇതിനെത്തുടര്‍ന്ന് വിരാട് കോഹ്‍ലി അടുത്ത ടെസ്റ്റില്‍ കളിക്കില്ല എന്ന തരത്തിലുള്ള വാര്‍ത്തകള്‍ പരന്നിരുന്നു. തന്റെ പതിവ് നാലാം നമ്പറില്‍ കോഹ്‍ലി ബാറ്റിംഗിനിറങ്ങായിതിരുന്നതും അഭ്യൂഹങ്ങള്‍ക്ക് ശക്തി പകര്‍ന്നു.

എന്നാല്‍ ഇപ്പോള്‍ കോഹ്‍ലി തന്നെ പറയുന്നത്. താന്‍ 100% ഫിറ്റല്ലെങ്കിലും മൂന്നാം ടെസ്റ്റില്‍ കളിക്കുമെന്നാണ്. വിക്കറ്റിനിടയിലെ ഓട്ടത്തിനെയും ഫീല്‍ഡിംഗിലും ഇത് ബാധിക്കുമെങ്കിലും ട്രെന്റ് ബ്രിഡ്ജില്‍ ഇംഗ്ലണ്ടിനെ നേരിടാന്‍ താനുണ്ടാകുമെന്നാണ് കോഹ്‍ലി അഭിപ്രായപ്പെട്ടത്. ഇനിയും അഞ്ച് ദിവസമുണ്ടെന്നത് തനിക്ക് ഇപ്പോളത്തെ നിലയില്‍ നിന്ന് ഭേദം പ്രാപിക്കുവാന്‍ സഹായകരമാകുമെന്നാണ് കോഹ്‍ലി പറഞ്ഞത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ദുല്‍ഖര്‍ ഇനി വിരാട് കോഹ്‍ലിയുടെ റോളിലോ?

മലയാളം സൂപ്പര്‍ സ്റ്റാര്‍ ദുല്‍ഖര്‍ സല്‍മാന്‍ സോനം കപ്പൂര്‍ നായികയാവുന്ന സോയ ഫാക്ടര്‍ എന്ന ചിത്രത്തില്‍ വിരാട് കോഹ്‍ലിയുടെ റോള്‍ ചെയ്യുമെന്ന് അഭ്യൂഹങ്ങള്‍. 2008ല്‍ പുറത്തിറങ്ങിയ അനൂജ ചൗഹാന്‍ എഴുതിയ നോവല്‍ സോയ ഫാക്ടറിന്റെ ചലചിത്രാവിഷ്കാരത്തിലാണ് ദുല്‍ഖര്‍ സല്‍മാനും എത്തുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

അടുത്ത വര്‍ഷം ഏപ്രിലില്‍ ചിത്രം പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version