വിനു മങ്കാദ് ട്രോഫിയിൽ കരുത്തരായ ബംഗാളിനെ തോല്പിച്ച് കേരളം

പുതുച്ചേരി: 19 വയസ്സിൽ താഴെയുള്ളവർക്കായുള്ള വിനു മങ്കാദ് ട്രോഫിയിൽ ബംഗാളിനെ ആവേശപ്പോരാട്ടത്തിൽ മറികടന്ന് കേരളം. മഴ മൂലം വെട്ടിച്ചുരുക്കിയ മത്സരത്തിൽ രണ്ട് റൺസിനായിരുന്നു കേരളത്തിൻ്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത കേരളം 26 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 139 റൺസെടുത്തു. വീണ്ടും മഴ പെയ്തതിനെ തുടർന്ന് ബംഗാളിൻ്റെ ലക്ഷ്യം 26 ഓവറിൽ 148 റൺസായി പുതുക്കി നിശ്ചയിച്ചു. മറുപടി ബാറ്റിങ്ങിൽ അവർക്ക് 26 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 145 റൺസ് മാത്രമാണ് നേടാനായത്.

ടോസ് നേടി ആദ്യം ബാറ്റിങ് തെരഞ്ഞെടുത്ത കേരളത്തിന് തുടക്കത്തിൽ തന്നെ മൂന്ന് വിക്കറ്റുകൾ നഷ്ടമായി. ജോബിൻ ജോബി രണ്ടും കെ ആർ രോഹിത് ഒന്നും ക്യാപ്റ്റൻ മാനവ് കൃഷ്ണ രണ്ടും റൺസ് നേടി മടങ്ങി. സംഗീത് സാഗറിൻ്റെയും മാധവ് കൃഷ്ണയുടെയും ഇന്നിങ്സുകളാണ് കേരളത്തെ കരകയറ്റിയത്. അവസാന ഓവറുകളിൽ അമയ് മനോജിൻ്റെ മികച്ച ഇന്നിങ്സും കേരളത്തിന് തുണയായി. സംഗീത് സാഗർ 36 റൺസെടുത്തു. മാധവ് കൃഷ്ണ 38ഉം അമയ് മനോജ് 43 പന്തുകളിൽ നിന്ന് 42 റൺസുമായും പുറത്താകാതെ നിന്നു. ബംഗാളിന് വേണ്ടി രോഹിത് കുമാർ ദാസ് രണ്ട് വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ബംഗാളിന് ഓപ്പണർമാർ മികച്ച തുടക്കമായിരുന്നു നല്കിയത്. അഗസ്ത്യ ശുക്ലയും അങ്കിത് ചാറ്റർജിയും ചേർന്ന് ഓപ്പണിങ് വിക്കറ്റിൽ 62 റൺസ് നേടി. അഗസ്ത്യ 29ഉം അങ്കിത് 27ഉം റൺസ് നേടി. ഇരുവരും പുറത്തായതോടെ കേരളത്തിൻ്റെ ബൌളർമാർ പിടിമുറുക്കി. തുടരെ രണ്ട് വിക്കറ്റുകൾ കൂടി വീണതോടെ ബംഗാൾ ഇന്നിങ്സിൻ്റെ വേഗം കുറഞ്ഞു. ഒടുവിൽ അവസാന ഓവറുകളിൾ മൂന്ന് വിക്കറ്റുകൾ കൂടി വീഴ്ത്തി കേരളം മല്സരത്തിൽ വിജയം സ്വന്തമാക്കി. 41 റൺസെടുത്ത ക്യാപ്റ്റൻ ചന്ദ്രഹാസാണ് ബംഗാളിൻ്റെ ടോപ് സ്കോറർ. കേരളത്തിന് വേണ്ടി മൊഹമ്മദ് ഇനാൻ മൂന്നും തോമസ് മാത്യു രണ്ടും വിക്കറ്റുകൾ വീഴ്ത്തി.

വിനൂ മങ്കഡ് ട്രോഫിയ്ക്കുള്ള കേരള ടീം പ്രഖ്യാപിച്ചു

വിനൂ മങ്കഡ് ട്രോഫിയ്ക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. ഉത്തരാഖണ്ഡിലെ ഡെറാഡൂണിലാണ് മത്സരങ്ങള്‍ നടക്കുക. ടീമിനെ അഭിഷേക് നായര്‍ നയിക്കും. സോണി ചെറുവത്തൂര്‍ ആണ് മുഖ്യ കോച്ച്. വേണുഗോപാലിനെ അസിസ്റ്റന്റ് കോച്ചായും പ്രഖ്യാപിച്ചിട്ടുണ്ട്.

 

മണിപ്പൂര്‍, ചണ്ടിഗഢ്, ഉത്തര്‍പ്രദേശ്, ജമ്മു & കാശ്മീര്‍, ബംഗാള്‍ എന്നിവരാണ് കേരളത്തിന്റെ എതിരാളികള്‍. ഇവരുമായുള്ള മത്സരങ്ങള്‍ ഒക്ടോബര്‍ 7, 8, 10, 12, 14 തീയ്യതികളിൽ നടക്കും.

ബംഗാളിനെ എറിഞ്ഞിട്ട് കേരളം, വിജയ് വിശ്വനാഥിന് 5 വിക്കറ്റ്

വിനൂ മങ്കഡ് ട്രോഫിയിൽ കേരളത്തിന് തകര്‍പ്പന്‍ ബൗളിംഗ് പ്രകടനം. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത കേരളം ബംഗാളിന്റെ ഇന്നിംഗ്സ് 29.1 ഓവറിൽ അവസാനിപ്പിച്ചപ്പോള്‍ എതിരാളികള്‍ നേടിയത് 119 റൺസ് മാത്രമാണ്.

5 വിക്കറ്റ് നേടിയ വിജയ് വിശ്വനാഥ് ആണ് കേരള നിരയില്‍ തിളങ്ങിയത്. മിലിന്ദ് മോണ്ടൽ 25 റൺസുമായി ബംഗാളിന്റെ ടോപ് സ്കോറര്‍ ആയി. 18 റൺസ് നേടിയ ആയുഷ് കുമാര്‍ സിംഗ് ആണ് രണ്ടാമത്തെ ടോപ് സ്കോറര്‍. വിനയ് വര്‍ഗീസ് മൂന്ന് വിക്കറ്റ് നേടി ബൗളിംഗിൽ മികവ് കാട്ടി.

സംഗക്കാരയെയും ആന്‍ഡി ഫ്ലവറിനെയും ഐസിസി ഹാള്‍ ഓഫ് ഫെയിമിൽ ഉള്‍പ്പെടുത്തി, ഇന്ത്യയുടെ വിനു മങ്കഡും ലിസ്റ്റിൽ

ഐസിസിയുടെ ഹാള്‍ ഓഫ് ഫെയിമിലേക്ക് കുമാര്‍ സംഗക്കാരയെയും ആന്‍ഡി ഫ്ലവറിനെയും ഉള്‍പ്പെടെ പത്ത് താരങ്ങളെ ഉള്‍പ്പെടുത്തി. ഇതോടെ ഹാള്‍ ഓഫ് ഫെയിമിലെ ആകെ അംഗങ്ങളുടെ എണ്ണം 103 ആയി ഉയര്‍ന്നു. ടെസ്റ്റ് ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച വിക്കറ്റ് കീപ്പര്‍മാരായിരുന്നു സംഗക്കാരയും ആന്‍ഡി ഫ്ലവറും. ശ്രീലങ്കയിൽ നിന്നുള്ള രണ്ടാമത്തെ താരമാണ് സംഗക്കാര. മുമ്പ് മുത്തയ്യ മുരളീധരന്‍ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. ആന്‍ഡി ഫ്ലവര്‍ സിംബാബ്‍വേയിൽ നിന്ന് ഈ പട്ടികയിൽ ഇടം പിടിച്ച ആദ്യ താരമാണ്.

ശ്രീലങ്കയുടെയും സിംബാബ്‍വേയുടെയും ഈ രണ്ട് മുന്‍കാല താരങ്ങള്‍ക്ക് പുറമെ എട്ട് താരങ്ങളെ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിൽ ഇന്ത്യയുടെ വിനു മങ്കഡും ഉള്‍പ്പെടുന്നു.

ഓബ്രേ ഫോക്നര്‍(ദക്ഷിണാഫ്രിക്ക), മോണ്ടി നോബിള്‍(ഓസ്ട്രേലിയ), സര്‍ ലയറി കോൺ‍സ്റ്റന്‍റൈന്‍(വെസ്റ്റ് ഇന്‍ഡീസ്), സ്റ്റാന്‍ മക്കാബേ(ഓസ്ട്രേലിയ), ഡെസ്മണ്ട് ഹെയിന്‍സ്(വെസ്റ്റ് ഇന്‍ഡീസ്), ടെഡ് ഡെക്സ്റ്റര്‍(ഇംഗ്ലണ്ട്), ബോബ് വില്ലിസ്(ഇംഗ്ലണ്ട്) എന്നിവരാണ് പട്ടികയിൽ ഇടം പിടിച്ച മറ്റ് താരങ്ങള്‍.

Exit mobile version