വനിത ടി20 ചലഞ്ച് ഫൈനല്‍, സൂപ്പര്‍നോവാസിനു ടോസ്, ബൗളിംഗ് തിരഞ്ഞെടുത്ത്

വെലോസിറ്റിയ്ക്കെതിരായ വനിത ടി20 ചലഞ്ച് ഫൈനലില്‍ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് സൂപ്പര്‍നോവാസ്. ഇരു ടീമുകളും പ്രാഥമിക ഘട്ടത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ ജയം സൂപ്പര്‍നോവാസിനായിരുന്നു. 12 റണ്‍സിന്റെ വിജയമാണ് സൂപ്പര്‍നോവാസ് നേടിയത്. ഗ്രൂപ്പ് ഘട്ടത്തില്‍ സൂപ്പര്‍നോവാസിനും വെലോസിറ്റിയ്ക്കുമൊപ്പം ട്രെയില്‍ബ്ലേസേഴ്സിനും ഒരു ജയം സ്വന്തമായിരുന്നുവെങ്കിലും ടീം റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ ഫൈനലിനു പുറത്ത് പോകുകയായിരുന്നു.

വെലോസിറ്റി: ഷെഫാലി വര്‍മ്മ, ഹെയിലി മാത്യൂസ്, ഡാനിയേല്‍ വയട്ട്, മിത്താലി രാജ്, വേദ കൃഷ്ണമൂര്‍ത്തി, സുഷ്മ വര്‍മ്മ, ശിഖ പാണ്ടേ, ജഹ്നാര ആലം, അമേലിയ കെര്‍, ദേവിക വൈദ്യ, എക്സ ബിഷ്ട്

സൂപ്പര്‍നോവാസ്: പ്രിയ പൂനിയ, ചാമരി അട്ടപ്പട്ടു, ജെമീമ റോഡ്രിഗസ്, സോഫി ഡിവൈന്‍, ഹര്‍മ്മന്‍പ്രീത് കൗര്‍, നത്താലി സ്കിവര്‍, താനിയ ഭാട്ടിയ, ലിയ തഹാഹു, അനൂജ പാട്ടീല്‍, പൂനം യാദവ്, രാധ യാദവ്

12 റണ്‍സ് വിജയം കരസ്ഥമാക്കി സൂപ്പര്‍നോവാസ്

സൂപ്പര്‍നോവാസിനോട് 12 റണ്‍സിന്റെ തോല്‍വിയേറ്റു വാങ്ങിയെങ്കിലും വനിത ടി20 ചലഞ്ചിന്റെ ഫൈനലിലേക്ക് യോഗ്യത നേടി വെലോസിറ്റി. സൂപ്പര്‍നോവാസും വെലോസിറ്റിയും തമ്മിലാണ് നാളെ നടക്കുന്ന ഫൈനലില്‍ ഏറ്റുമുട്ടുക. മൂന്ന് ടീമുകള്‍ക്കും ഓരോ ജയം സ്വന്തമാക്കുവാനായെങ്കിലും റണ്‍റേറ്റില്‍ സൂപ്പര്‍നോവാസ് ഒന്നാം സ്ഥാനത്തും വെലോസിറ്റി രണ്ടാം സ്ഥാനത്തും എത്തുകയായിരുന്നു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത സൂപ്പര്‍നോവാസ് ജെമീമ റോഡ്രിഗസ്സിന്റെ(77) അര്‍ദ്ധ ശതകത്തിന്റെ ബലത്തില്‍ 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സ് നേടുകയായിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ വെലോസിറ്റിയ്ക്ക് 130 റണ്‍സാണ് 3 വിക്കറ്റ് നഷ്ടത്തില്‍ നേടിയത്. ഡാനിയേല്‍ വയട്ട് 43 റണ്‍സ് നേടി പുറത്തായപ്പോള്‍ മിത്താലി രാജും(40*) വേദ കൃഷ്ണമൂര്‍ത്തിയും(30*) പുറത്താകാതെ നിന്നുവെങ്കിലും ഇന്നിംഗ്സിനു വേഗത നല്‍കുവാന്‍ താരങ്ങള്‍ക്കായിരുന്നില്ല.

അനൂജ പാട്ടില്‍, രാധ യാദവ്, പൂനം യാദവ് എന്നിവരാണ് സൂപ്പര്‍നോവാസിനു വേണ്ടി വിക്കറ്റുകള്‍ നേടിയത്.

വെലോസിറ്റി ബൗളിംഗ് നിരയെ അടിച്ച് പറത്തി ജെമീമ, 142 റണ്‍സ് നേടി സൂപ്പര്‍നോവാസ്

വനിത ടി20 ചലഞ്ചില്‍ വെലോസിറ്റിയ്ക്കെതിരെ ആദ്യം ബാറ്റ് ചെയ്ത് 142 റണ്‍സ് നേടി സൂപ്പര്‍നോവാസ്. ഇന്നത്തെ മത്സരത്തില്‍ വിജയിക്കുവാനായില്ലെങ്കില്‍ ടീമിനു ഫൈനലിലേക്ക് യോഗ്യത നേടാനാകില്ലെന്നതിനാല്‍ ഏറെ നിര്‍ണ്ണായകമാണ് ഈ മത്സരം. സൂപ്പര്‍ നോവാസിനു വേണ്ടി ജെമീമ റോഡ്രീഗസ് നേടിയ അര്‍ദ്ധ ശതകമാണ് ടീമിനു തുണയായത്.

48 പന്തില്‍ നിന്ന് 77 റണ്‍സ് നേടിയ താരത്തിനൊപ്പം 31 റണ്‍സ് നേടിയ ചാമരി അട്ടപ്പട്ടുവാണ് തിളങ്ങിയ മറ്റൊരു താരം. 3 വിക്കറ്റുകള്‍ മാത്രമാണ് ടീമിനു നഷ്ടമായത്. പ്രിയ പൂനിയ(16) ആണ് പുറത്തായ മറ്റൊരു താരം. വെലോസിറ്റിയ്ക്ക് വേണ്ടി അമേലിയ കെര്‍ രണ്ട് വിക്കറ്റും ശിഖ പാണ്ടേ ഒരു വിക്കറ്റും നേടി. ഇരുവരും കണിശതയോടെ പന്തെറിഞ്ഞുവെങ്കിലും മറ്റു താരങ്ങളെയാണ് ജെമീമ തിരഞ്ഞ് പിടിച്ച് ആക്രമിച്ചത്.

സ്കോര്‍ നെല്‍സണിലെത്തിയപ്പോള്‍ വെലോസിറ്റിയ്ക്ക് നഷ്ടമായത് 5 വിക്കറ്റ്, എന്നിട്ടും ജയം കരസ്ഥമാക്കി ടീം

വനിത ടി20 ചലഞ്ചില്‍ ട്രെയില്‍ബ്ലേസേഴ്സിനെ 3 വിക്കറ്റിനു പരാജയപ്പെടുത്തി വെലോസിറ്റി. ആദ്യം ബാറ്റ് ചെയ്ത വെലോസിറ്റി 20 ഓവറില്‍ 112/6 എന്ന നിലയിലേക്ക് ചെറുത്ത് നിര്‍ത്തപ്പെട്ടപ്പോള്‍ ലക്ഷ്യം 7 വിക്കറ്റുകളുടെ നഷ്ടത്തില്‍ 18 ഓവറില്‍ വെലോസിറ്റി മറികടക്കുകയായിരുന്നു. 46 റണ്‍സ് നേടിയ ഡാനിയേല്‍ വയട്ടും ഷെഫാലി വര്‍മ്മയുമാണ് (34) വെലോസിറ്റി ബാറ്റിംഗ് നിരയില്‍ തിളങ്ങി താരങ്ങള്‍. മിത്താലി രാജ് 17 റണ്‍സ് നേടി.

ജയം വെറും 2 റണ്‍സ് അകലെയായപ്പോള്‍ സ്കോര്‍ 111/2 എന്ന നിലയിലെത്തിയ ശേഷം ദീപ്തി ശര്‍മ്മ നാല് വിക്കറ്റ് നേടിയപ്പോള്‍ 111/7 എന്ന നിലയിലേക്ക് വെലോസിറ്റി വീണുവെങ്കിലും 18ാം ഓവറില്‍ ടീമിനു ജയം നേടുവാന്‍ സാധിയ്ക്കുകയായിരുന്നു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ട്രെയില്‍ബ്ലേസേഴ്സിനു വേണ്ടി 43 റണ്‍സുമായി ദീപ്തി ശര്‍മ്മ ടോപ് സ്കോറര്‍ ആയി. സൂസി ബെയ്റ്റ്സ് 26 റണ്‍സും ദീപ്തി ശര്‍മ്മ 16 റണ്‍സും നേടി. ഏകത ബിഷ്ട്, അമേലിയ കെര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് വെലോസിറ്റിയ്ക്ക് വേണ്ടി നേടി.

രണ്ടാം ജയം തേടി ട്രെയില്‍ബ്ലേസേഴ്സ്, അരങ്ങേറ്റ മത്സരത്തിനായി വെലോസിറ്റി

വനിത ടി20 ചലഞ്ചില്‍ തങ്ങളുടെ അരങ്ങേറ്റ മത്സരത്തില്‍ ടോസ് നേടി വെലോസിറ്റി ബൗളിംഗ് തിരഞ്ഞെടുത്തു. ടൂര്‍ണ്ണമെന്റിലെ ആദ്യ മത്സരത്തില്‍ ത്രില്ലര്‍ വിജയം സ്വന്തമാക്കിയ ട്രെയില്‍ബ്ലേസേഴ്സ് ആണ് ഇന്ന് ടീമിന്റ എതിരാളികള്‍. വെലോസിറ്റിയെ മിത്താലി രാജ് ആണഅ നയിക്കുന്നത്. സ്മൃതി മന്ഥാനയാണ് ട്രെയില്‍ബ്ലേസേഴ്സിന്റെ ക്യാപ്റ്റന്‍

ട്രെയില്‍ബ്ലേസേഴ്സ്: സൂസി ബെയ്റ്റ്സ്, സ്മൃതി മന്ഥാന, ഹര്‍ലീന്‍ ഡിയോള്‍, സ്റ്റെഫാനി ടെയിലര്‍, ദീപ്തി ശര്‍മ്മ, ദയാലന്‍ ഹേമലത, രവി കല്പന, സോഫി എക്സെല്‍സ്റ്റോണ്‍, ഷക്കീര സെല്‍മാന്‍, രാജേശ്വരി ഗായക്വാഡ്, ഭാരതി ഫുള്‍മാലി

വെലോസിറ്റി: ഡാനിയേല്‍ വയട്ട്, ഹെയിലി മാത്യൂസ്, മിത്താലി രാജ്, വേദ കൃഷ്ണമൂര്‍ത്തി, അമേലിയ കെര്‍, സുഷ്മ വര്‍മ്മ, എക്ത ബിഷ്ട്, കോമല്‍ സന്‍സദ്, സുശ്രി പ്രധാന, ഷെഫാലി വര്‍മ്മ, ശിഖ പാണ്ടേ

വനിത ടി20 ചലഞ്ച്, വെലോസിറ്റിയെ മിത്താലി രാജ് നയിക്കും, ട്രെയില്‍ബ്ലേസേഴ്സിന്റെ കോച്ചായി ബിജു ജോര്‍ജ്ജ്

ബിസിസിസിഐയുടെ ഏറ്റവും പുതിയ വനിത ടി20 ടീമായ വെലോസിറ്റിയെ ഇന്ത്യയുടെ ഏകദിന നായിക മിത്താലി രാജ് നയിക്കും. ടൂര്‍ണ്ണമെന്റില്‍ മൂന്ന് ടീമുകളാണ് കളിയ്ക്കുന്നത്. കഴിഞ്ഞ തവണ കളിച്ച സൂപ്പര്‍നോവാസിനെ ട്രെയില്‍ബ്ലേസേഴ്സും കളിച്ചപ്പോള്‍ ഇത്തവണ വെലോസിറ്റിയും കൂടി ടീമായി എത്തുന്നു. ഡബ്ല്യുവി രാമന്‍ സൂപ്പര്‍നോവാസിന്റെ കോച്ചാകുമ്പോള്‍ ട്രെയില്‍ബ്ലേസേഴ്സിന്റെ കോച്ചായി എത്തുന്നത് മലയാളി താരം ബിജു ജോര്‍ജ്ജാണ്.

ചാമരി അട്ടപ്പട്ടുവും(ശ്രീലങ്ക) ഇംഗ്ലണ്ടിന്റെ നത്താലി സ്കിവര്‍, സോഫി എക്സെല്‍സ്റ്റോണ്‍, വിന്‍ഡീസില്‍ നിന്ന് സകീര സീമാന്‍, സ്റ്റെഫാനി ടെയിലര്‍, ഹെയിലി മാത്യൂസ്, ന്യൂസിലാണ്ടില്‍ നിന്ന് അമേലിയ കെര്‍, ബംഗ്ലാദേശിന്റെ ജഹനാര അലം എന്നിവര്‍ ആണ് പുതുതായി ടൂര്‍ണ്ണമെന്റില്‍ എത്തു്ന താരങ്ങള്‍. അതേ സമയം ഓസ്ട്രേലിയന്‍ താരങ്ങളായ അലീസ ഹീലി, ബെത്ത് മൂണി, മെഗ് ലാന്നിംഗ്, എല്‍സെ പെറി, മെഗാന്‍ ഷൂട്ട് എന്നിവര്‍ ഇത്തവണ കളിയ്ക്കാനെത്തില്ല.

വനിത ടി20 ചലഞ്ച് പ്രഖ്യാപിച്ച് ബിസിസിഐ, സൂപ്പര്‍നോവാസിനും ട്രെയില്‍ബ്ലേസേഴ്സിനുമൊപ്പം ഇത്തവണ വെലോസിറ്റിയും

കഴിഞ്ഞ വര്‍ഷം നടത്തിയ വനിത ടി20 മത്സരത്തിന്റെ ചുവട് പിടിച്ച് ഇത്തവണ മൂന്ന് ടീമുകള്‍ പങ്കെടുക്കുന്ന നാല് മത്സരങ്ങളടങ്ങിയ ടൂര്‍ണ്ണമെന്റായി വിപുലീകരിച്ച് ബിസിസിഐ. മേയ് 6 മുതല്‍ മേയ് 11 വരെയാണ് മത്സരങ്ങള്‍ നടക്കുക. കഴിഞ്ഞ വര്‍ഷം സൂപ്പര്‍നോവാസും ട്രെയില്‍ബ്ലേസേഴ്സും പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ ഇത്തവണ വെലോസിറ്റി എന്ന ടീമിനെ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ടീമുകളെല്ലാം പരസ്പരം ഒരു തവണ കളിച്ച ശേഷം ആദ്യ രണ്ട് സ്ഥാനക്കാര്‍ മേയ് 11നു നടക്കുന്ന ഫൈനലില്‍ ഏറ്റുമുട്ടും. ജയ്പൂരിലെ സവായ് മാന്‍സിംഗ് സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടക്കുക. ഇന്ത്യയിലെയും വിദേശത്തെയും മുന്‍ നിര താരങ്ങള്‍ ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുമെന്നാണ് അറിയുന്നത്. ടീമുകളുടെ പ്രഖ്യാപനം വരും ദിവസങ്ങളിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Exit mobile version