സൂര്യവൻശിയുടെ വെടിക്കെട്ട് ബാറ്റിംഗ്: അണ്ടർ 19 ഏകദിനത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ ജയം


ഇംഗ്ലണ്ട് പര്യടനത്തിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ, ആതിഥേയരായ ഇംഗ്ലണ്ട് അണ്ടർ 19 ടീമിനെതിരെ ഇന്ത്യ അണ്ടർ 19 ടീമിന് 6 വിക്കറ്റിന്റെ തകർപ്പൻ വിജയം. ഹോവയിൽ നടന്ന ആദ്യ യൂത്ത് ഏകദിനത്തിൽ, 175 റൺസിന്റെ ചെറിയ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ, വെറും 24 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 178 റൺസ് നേടി വിജയം കണ്ടു.

14 വയസ്സുകാരൻ വൈഭവ് സൂര്യവംശി വെറും 19 പന്തിൽ നിന്ന് 5 സിക്സറുകളും 3 ബൗണ്ടറികളും സഹിതം 48 റൺസ് നേടി വിജയത്തിൽ നിർണായക പങ്കുവഹിച്ചു.
ഈ വർഷം ഐപിഎല്ലിൽ റെക്കോർഡ് സെഞ്ച്വറി നേടി ശ്രദ്ധേയനായ സൂര്യവംശി, ക്യാപ്റ്റൻ ആയുഷ് മത്രേയുമായി ചേർന്ന് 7.3 ഓവറിൽ 71 റൺസ് കൂട്ടിച്ചേർത്തു.

ഇംഗ്ലണ്ടിലെ സാഹചര്യങ്ങളിൽ അരങ്ങേറ്റം കുറിച്ച സൂര്യവംശി, റാൾഫി ആൽബെർട്ടിനെ നേരിടാനുള്ള ശ്രമത്തിൽ പുറത്തായെങ്കിലും, ഇന്ത്യയ്ക്ക് അപ്പോഴേക്കും വിജയത്തിലേക്ക് അടുത്തിരുന്നു. വിക്കറ്റ് കീപ്പർ അഭിജ്ഞൻ കുണ്ടു 45 റൺസെടുത്ത് പുറത്താകാതെ നിന്ന് ടീമിനെ വിജയത്തിലെത്തിച്ചു.


നേരത്തെ, ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് 42.2 ഓവറിൽ 174 റൺസിന് ഓൾഔട്ടായി. റോക്കി ഫ്ലിന്റ്ഓഫ് (56), ഐസക് മുഹമ്മദ് (42) എന്നിവർ മാത്രമാണ് 20 റൺസ് കടന്നത്. മൊയീൻ അലിയുടെ ബന്ധുവും അരങ്ങേറ്റക്കാരനുമായ ഐസക്, 28 പന്തിൽ നിന്ന് 4 സിക്സറുകൾ പറത്തി ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചെങ്കിലും സ്പിന്നർ മുഹമ്മദ് ഇനാനന് മുന്നിൽ വീണു.

മുഹമ്മദ് ഇനാനനും കനിഷ്ക് ചൗഹാനും ചേർന്ന് ഇംഗ്ലണ്ടിന്റെ മധ്യനിരയെയും വാലറ്റത്തെയും തകർത്തെറിഞ്ഞു. ഈ സ്പിൻ ജോഡി അഞ്ച് വിക്കറ്റുകൾ പങ്കിട്ടെടുത്തു, ഇംഗ്ലണ്ടിന്റെ മികച്ച തുടക്കം തടഞ്ഞു.
തകർച്ചയ്ക്കിടയിലും ഫ്ലിന്റ്ഓഫ് ഉറച്ചുനിന്നെങ്കിലും പിന്തുണ ലഭിച്ചില്ല. സ്കോർ വേഗത്തിലാക്കാനുള്ള ശ്രമത്തിൽ അവസാനത്തെ വിക്കറ്റായി ഫ്ലിന്റ്ഓഫ് പുറത്തായി. ഇന്ത്യയുടെ ബൗളിംഗ്, പ്രത്യേകിച്ച് സ്പിന്നർമാർ, മേഘാവൃതമായ കാലാവസ്ഥയിലും അനുകൂലമായ പിച്ചിലും മികച്ച പ്രകടനം കാഴ്ചവെച്ചു.

വൈഭവ്, ആയുഷ് എന്നിവർ ഇന്ത്യ അണ്ടർ 19 ടീമിനൊപ്പം ഇംഗ്ലണ്ട് പര്യടനത്തിന് പോകും

ഇന്ത്യയുടെ അണ്ടർ 19 ടീം 2025 ജൂണിൽ ഇംഗ്ലണ്ടിൽ ഒരു പര്യടനം നടത്തും, അവിടെ അവർ അഞ്ച് ഏകദിന മത്സരങ്ങളും രണ്ട് അനൗദ്യോഗിക ടെസ്റ്റുകളും കളിക്കും എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്മു. തിരഞ്ഞെടുക്കപ്പെട്ട കളിക്കാരിൽ ഐ‌പി‌എൽ 2025 ൽ തരംഗമാകുന്ന രണ്ട് യുവ പ്രതിഭകളും ഉൾപ്പെടുന്നു – 14 വയസ്സുള്ള വൈഭവ് സൂര്യവംശിയും 17 വയസ്സുള്ള ആയുഷ് മാത്രെയും.

ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര ടെസ്റ്റ് പരമ്പര ലീഡ്‌സിൽ ആരംഭിച്ചതിന് തൊട്ടുപിന്നാലെ, ജൂൺ 21 ന് അണ്ടർ 19 ടീം യുകെയിൽ എത്തും. അടുത്ത വർഷം സിംബാബ്‌വെയിലും നമീബിയയിലുമായി നടക്കാനിരിക്കുന്ന അണ്ടർ 19 ലോകകപ്പിനുള്ള ഒരുക്കമായി ഈ പര്യടനം നിർണായകമാകുമെന്ന് പ്രതീക്ഷിക്കുന്നു.

നിലവിൽ ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെ പ്രതിനിധീകരിക്കുന്ന സൂര്യവംശി ഏപ്രിൽ 28 ന് പുരുഷ ടി20 ക്രിക്കറ്റിൽ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി ചരിത്രം സൃഷ്ടിച്ചു. ഗുജറാത്ത് ടൈറ്റൻസിനെതിരെ വെറും 38 പന്തിൽ നിന്ന് 101 റൺസ് നേടിയ അദ്ദേഹം, വെറും 35 പന്തിൽ നിന്ന് സെഞ്ച്വറി തികച്ചു – ഒരു ഇന്ത്യക്കാരന്റെ ഏറ്റവും വേഗതയേറിയ ഐപിഎൽ സെഞ്ച്വറിയെന്ന യൂസഫ് പഠാന്റെ റെക്കോർഡ് അദ്ദേഹം തകർത്തു.

അതേസമയം, ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ ഭാഗമായ ആയുഷ് മാത്രെ ഏപ്രിൽ 20 ന് മുംബൈ ഇന്ത്യൻസിനെതിരെ അരങ്ങേറ്റം കുറിച്ചു. മുംബൈയിൽ ജനിച്ച ഈ വലംകൈയ്യൻ വെറും 15 പന്തിൽ നിന്ന് 32 റൺസ് നേടി, നാല് ബൗണ്ടറികളും രണ്ട് സിക്‌സറുകളും ഉൾപ്പെടെ തന്റെ ആക്രമണാത്മക ശൈലി പ്രകടിപ്പിച്ചു.

2024 ഡിസംബറിൽ നടന്ന അണ്ടർ-19 ഏഷ്യാ കപ്പിൽ രണ്ട് യുവതാരങ്ങളും മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു.

വൈഭവ് സൂര്യവൻശിക്ക് 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ബിഹാർ മുഖ്യമന്ത്രി


റെക്കോർഡ് തകർത്ത് ഐപിഎൽ സെഞ്ചുറി നേടിയ കൗമാര ക്രിക്കറ്റ് താരം വൈഭവ് സൂര്യവംശിക്ക് 10 ലക്ഷം രൂപ പാരിതോഷികം നൽകുമെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പ്രഖ്യാപിച്ചു. രാജസ്ഥാൻ റോയൽസിനു വേണ്ടി കളിക്കുന്ന 14-കാരനായ വൈഭവ് ഇന്ത്യൻ പ്രീമിയർ ലീഗിൽ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡ് സ്വന്തമാക്കിയിരുന്നു.

ജയ്പൂരിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ വെറും 38 പന്തുകളിൽ നിന്ന് 101 റൺസാണ് താരം നേടിയത്.
35 പന്തിൽ സെഞ്ചുറി നേടിയ താരം 11 സിക്സറുകളാണ് പറത്തിയത്. ഐപിഎൽ ചരിത്രത്തിൽ ഒരു ഇന്ത്യക്കാരന്റെ ഏറ്റവും വേഗതയേറിയ സെഞ്ചുറിയാണിത്. ക്രിസ് ഗെയ്‌ലിന്റെ 30 പന്തിലെ സെഞ്ചുറി മാത്രമാണ് ഇതിന് മുന്നിലുള്ളത്. വൈഭവിന്റെ തകർപ്പൻ പ്രകടനത്തിൽ രാജസ്ഥാൻ റോയൽസ് 210 റൺസ് വിജയലക്ഷ്യം 15.5 ഓവറിൽ മറികടന്ന് വിജയം നേടി.


2024-ൽ വൈഭവിനെയും അദ്ദേഹത്തിന്റെ പിതാവിനെയും കണ്ടുമുട്ടിയ നിമിഷം ഓർത്തെടുത്തുകൊണ്ട് ബിഹാർ മുഖ്യമന്ത്രി സോഷ്യൽ മീഡിയയിൽ യുവതാരത്തെ അഭിനന്ദിച്ചു. വൈഭവിന്റെ കഠിനാധ്വാനത്തെയും കഴിവിനെയും നിതീഷ് കുമാർ പ്രശംസിച്ചു. “ഇന്ത്യൻ ക്രിക്കറ്റിന്റെ പുതിയ പ്രതീക്ഷ” എന്നാണ് അദ്ദേഹം വൈഭവിനെ വിശേഷിപ്പിച്ചത്. ഐപിഎല്ലിലെ ഹീറോയിക് പ്രകടനത്തിന് ശേഷം വൈഭവിനോട് നേരിട്ട് സംസാരിച്ചെന്നും 10 ലക്ഷം രൂപ പാരിതോഷികം നൽകാനുള്ള സംസ്ഥാനത്തിന്റെ തീരുമാനം സ്ഥിരീകരിച്ചെന്നും അദ്ദേഹം അറിയിച്ചു.

വൈഭവ് ഇന്നലെ തകർത്ത റെക്കോർഡുകൾ ഇവയാണ്


രാജസ്ഥാൻ റോയൽസ് ഗുജറാത്ത് ടൈറ്റൻസിനെതിരെ 210 റൺസ് വിജയകരമായി പിന്തുടർന്ന മത്സരത്തിൽ വെറും 14 വയസ്സുകാരനായ വൈഭവ് സൂര്യവംശി തകർപ്പൻ സെഞ്ചുറി നേടി ഇന്ത്യൻ പ്രീമിയർ ലീഗിനെ ഞെട്ടിച്ചു. ജയ്പൂരിൽ നടന്ന മത്സരത്തിൽ റാഷിദ് ഖാൻ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ഇഷാന്ത് ശർമ്മ എന്നിവരടങ്ങിയ ശക്തമായ ബൗളിംഗ് നിരയെ നേരിട്ട് വെറും 35 പന്തുകളിൽ നിന്നാണ് വൈഭവ് തന്റെ കന്നി ഐപിഎൽ സെഞ്ചുറി നേടിയത്.
വൈഭവിന്റെ ഈ പ്രകടനം ക്രിക്കറ്റ് ചരിത്രത്തിലെ നിരവധി റെക്കോർഡുകൾ തിരുത്തിക്കുറിച്ചു.

ട്വന്റി20 ക്രിക്കറ്റിൽ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോർഡ് ഇപ്പോൾ വൈഭവിന്റെ പേരിലാണ്. വിജയ് സോളിന്റെ റെക്കോർഡാണ് താരം മറികടന്നത്. സോൾ 18 വയസ്സുള്ളപ്പോഴാണ് ഈ നേട്ടം സ്വന്തമാക്കിയത്. എന്നാൽ വൈഭവ് വെറും 14 വയസ്സും 32 ദിവസവും പ്രായമുള്ളപ്പോഴാണ് ഈ നേട്ടം കൈവരിച്ചത്.

ലിസ്റ്റ് എ മത്സരത്തിൽ 1986ൽ സെഞ്ചുറി നേടിയ പാകിസ്ഥാന്റെ സഹൂർ ഇലാഹിയെ (15 വയസ്സും 209 ദിവസവും) മറികടന്ന് ഏതൊരു ലിമിറ്റഡ് ഓവർ ക്രിക്കറ്റിലും സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡും വൈഭവ് സ്വന്തമാക്കി.


ഐപിഎൽ ചരിത്രത്തിൽ ഏറ്റവും പ്രായം കുറഞ്ഞ അർദ്ധസെഞ്ചുറി നേടിയ താരം എന്ന റെക്കോർഡ് റിയാൻ പരാഗിനെ മറികടന്ന് വൈഭവ് സ്വന്തമാക്കുക മാത്രമല്ല, ഒരു ഇന്ത്യക്കാരന്റെ ഏറ്റവും വേഗതയേറിയ ട്വന്റി20 സെഞ്ചുറി എന്ന യൂസഫ് പഠാന്റെ റെക്കോർഡും തകർത്തു. യൂസഫ് മുംബൈ ഇന്ത്യൻസിനെതിരെ 37 പന്തുകളിൽ നിന്നാണ് സെഞ്ചുറി നേടിയതെങ്കിൽ വൈഭവ് വെറും 35 പന്തുകളിൽ ഈ നേട്ടം കൈവരിച്ചു.


നേട്ടങ്ങളുടെ പട്ടികയിലേക്ക് മറ്റൊന്ന് കൂടി ചേർത്തുകൊണ്ട്, ഒരു ഐപിഎൽ ഇന്നിംഗ്സിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടിയ താരമെന്ന റെക്കോർഡിന് വൈഭവ് തുല്യനായി (11 സിക്സറുകൾ). മുരളി വിജയ് ആണ് ഇതിനുമുമ്പ് ഈ റെക്കോർഡ് സ്വന്തമാക്കിയിരുന്നത്. ഒരു ഐപിഎൽ സെഞ്ചുറിയിൽ ബൗണ്ടറികളിലൂടെ ഏറ്റവും കൂടുതൽ റൺസ് നേടിയ താരം എന്ന റെക്കോർഡും വൈഭവ് സ്വന്തമാക്കി. തന്റെ 101 റൺസിൽ 93.06%വും ബൗണ്ടറികളിലൂടെയായിരുന്നു. ഇതിനുമുമ്പ് ജയ്സ്വാളിനായിരുന്നു ഈ റെക്കോർഡ്.

ഭയം ഇല്ലായിരുന്നു, പന്തിൽ മാത്രമായിരുന്നു ശ്രദ്ധ – വൈഭവ് സൂര്യവൻഷി

ഐപിഎല്ലിൽ ഒരു ഇന്ത്യക്കാരന്റെ ഏറ്റവും വേഗതയേറിയ സെഞ്ചുറി നേടിയാണ് വൈഭവ് സൂര്യവൻഷി ഇന്നലെ രാജസ്ഥാൻ റോയൽസിനെ വിജയത്തിലേക്ക് നയിച്ചത്. ജയ്പൂരിൽ നടന്ന മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ 210 റൺസ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാൻ റോയൽസിനുവേണ്ടി വെറും 38 പന്തുകളിൽ നിന്ന് 101 റൺസാണ് വൈഭവ് നേടിയത്. 11 സിക്സറുകളും ഏഴ് ബൗണ്ടറികളും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്സ്. 25 പന്തുകൾ ബാക്കിനിൽക്കെ രാജസ്ഥാൻ റോയൽസ് വിജയം സ്വന്തമാക്കി.


തന്റെ മൂന്നാം ഐപിഎൽ മത്സരത്തിൽ കളിക്കുകയായിരുന്ന വൈഭവ് വലിയ വേദിയിൽ അസാമാന്യമായ ശാന്തത പ്രകടിപ്പിച്ചു. ഇന്നിംഗ്സിനിടെ ഭയം തോന്നിയിരുന്നോ എന്ന ചോദ്യത്തിന് “ഇല്ല, ഭയമൊന്നുമില്ല” എന്ന് പുഞ്ചിരിച്ചുകൊണ്ട് താരം മറുപടി നൽകി.

“കഴിഞ്ഞ മൂന്നോ നാലോ മാസമായി ഞാൻ പരിശീലിച്ചതിന്റെ ഫലമാണ് ഇപ്പോൾ കാണുന്നത്. ഞാൻ ഗ്രൗണ്ടിനെ അധികം ശ്രദ്ധിക്കാറില്ല, പന്തിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.” താരം പറഞ്ഞു.


ഈ തകർപ്പൻ പ്രകടനത്തിലൂടെ വൈഭവ് ട്വന്റി20 ക്രിക്കറ്റിൽ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ക്രിക്കറ്റ് താരം എന്ന റെക്കോർഡ് സ്വന്തമാക്കി. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ സെഞ്ചുറികളിൽ ക്രിസ് ഗെയ്‌ലിന് പിന്നിൽ രണ്ടാം സ്ഥാനവും താരം കരസ്ഥമാക്കി.


13-ാം വയസ്സിൽ 1.1 കോടി രൂപയ്ക്ക് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയ വൈഭവിനെ അരങ്ങേറ്റത്തിന് മുമ്പ് പരിശീലകൻ രാഹുൽ ദ്രാവിഡ് ശ്രദ്ധാപൂർവ്വം പരിപാലിച്ചിരുന്നു. ബിഹാറിൽ ജനിച്ച താരം യൂത്ത് ക്രിക്കറ്റിൽ ഇതിനോടകം ശ്രദ്ധേയമായ പ്രകടനങ്ങൾ നടത്തിയിട്ടുണ്ട്. ഓസ്‌ട്രേലിയക്കെതിരെ യൂത്ത് ടെസ്റ്റിൽ ഒരു റെക്കോർഡ് സെഞ്ചുറിയും അണ്ടർ 19 ഏഷ്യാ കപ്പിൽ നിർണായക സംഭാവനകളും ഇതിൽ ഉൾപ്പെടുന്നു.

വൈഭവ് സൂര്യവംശി ഐപിഎൽ അരങ്ങേറ്റത്തിൽ 3 റെക്കോഡുകൾ തകർത്തു



രാജസ്ഥാൻ റോയൽസിന്റെ യുവ താരം വൈഭവ് സൂര്യവംശി വെറും 14 വയസ്സും 23 ദിവസവും പ്രായത്തിൽ ഇന്നലെ ഐപിഎൽ 2025ൽ റെക്കോഡ് തകർപ്പൻ അരങ്ങേറ്റം നടത്തി ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചു. ജയ്പൂരിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരായ മത്സരത്തിലാണ് ഈ നേട്ടം കൈവരിച്ചത്. ആദ്യ പന്തിൽ തന്നെ സിക്സർ പറത്തി സൂര്യവംശി തൻ്റെ വരവറിയിച്ചു – ആൻഡ്രേ റസ്സൽ, റോബ് ക്വിനി തുടങ്ങിയ ആദ്യ പന്തിൽ സിക്സർ നേടിയവരുടെ എലൈറ്റ് ഗ്രൂപ്പിൽ സൂര്യവംശിയും ഇടം നേടി.

2 ഫോറുകളും 3 സിക്സറുകളും ഉൾപ്പെടെ 20 പന്തിൽ 34 റൺസാണ് താരം നേടിയത്. 170 എന്ന മികച്ച സ്ട്രൈക്ക് റേറ്റിൽ കളിച്ച സൂര്യവംശി യശസ്വി ജയ്‌സ്വാളുമായി ചേർന്ന് 85 റൺസിന്റെ കൂട്ടുകെട്ടും പടുത്തുയർത്തി.

അദ്ദേഹം ഇന്നലെ തകർത്ത മൂന്ന് റെക്കോർഡുകൾ ഇതാ:

  • ഐപിഎൽ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അരങ്ങേറ്റക്കാരൻ (14 വർഷം, 23 ദിവസം) – പ്രയാസ് റേ ബർമാന്റെ റെക്കോർഡ് മറികടന്നു.
  • ഐപിഎല്ലിൽ സിക്സർ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം – ഈ റെക്കോർഡ് നേരത്തെ റിയാൻ പരാഗിന്റെ പേരിലായിരുന്നു.
  • ഐപിഎല്ലിൽ ഫോർ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം – ഇവിടെയും പ്രയാസ് റേ ബർമാന്റെ റെക്കോർഡാണ് തകർത്തത്.

14-കാരനായ വൈഭവ് സൂര്യവൻശിയെ പ്രശംസിച്ച് സുന്ദർ പിച്ചൈ



ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിൽ ഇന്നലെ ഒരു പുതിയ അധ്യായം എഴുതിച്ചേർത്ത 14 വയസ്സുകാരനായ വൈഭവ് സൂര്യവംശിയെ പ്രശംസിച്ച് ഗൂഗിൾ സി ഇ ഒ സുന്ദർ പിച്ചൈ. രാജസ്ഥാൻ റോയൽസിനായി കളത്തിലിറങ്ങിയതോടെ ടൂർണമെന്റിൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി വൈഭവ് മാറി.

ബിഹാറിലെ സമസ്തിപൂർ സ്വദേശിയായ ഈ ഇടംകൈയ്യൻ ബാറ്റ്സ്മാൻ താൻ നേരിട്ട ആദ്യ പന്തിൽ തന്നെ സിക്സർ പറത്തി മിന്നുന്ന പ്രകടനം കാഴ്ചവെച്ചു. വെറും 20 പന്തുകളിൽ നിന്ന് 34 റൺസാണ് താരം നേടിയത്.



ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈയും കളി കണ്ടവരിൽ ഒരാളായിരുന്നു. അദ്ദേഹം എക്സിൽ കുറിച്ചത് ഇങ്ങനെയാണ്: “ഒരു എട്ടാം ക്ലാസുകാരൻ ഐപിഎല്ലിൽ കളിക്കുന്നത് കാണാനാണ് ഞാൻ ഉണർന്നത്!!!! എന്താ അരങ്ങേറ്റം!” ഈ പോസ്റ്റ് വൈറലായി മാറുകയും ചെയ്തു.

13 വയസ്സുള്ള വൈഭവ് സൂര്യവംശി ഈ ഐപിഎല്ലിൽ തിളങ്ങും എന്ന് സഞ്ജു സാംസൺ

ഐപിഎൽ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനാകാൻ പോകുന്ന ബിഹാറിൽ നിന്നുള്ള 13 വയസ്സുള്ള വൈഭവ് സൂര്യവംശിക്ക് വലിയ ഭാവി പ്രവചിച്ച് രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ. ഐപിഎൽ 2025 മെഗാ ലേലത്തിൽ രാജസ്ഥാൻ റോയൽസ് 1.10 കോടി രൂപയ്ക്ക് ആയിരുന്നു ഈ ഇടംകൈയ്യൻ ബാറ്റ്‌സ്മാനെ സ്വന്തമാക്കിയത്.

“വൈഭവ് വളരെ ആത്മവിശ്വാസത്തോടെ ആണ് പരിശീലനം നടത്തുന്നത്.; അക്കാദമിയിൽ അദ്ദേഹം ഗ്രൗണ്ടിന് പുറത്ത് സിക്സ് അടിക്കുകയായിരുന്നു. ആളുകൾ ഇതിനകം തന്നെ അദ്ദേഹത്തിന്റെ പവർ-ഹിറ്റിംഗിനെക്കുറിച്ച് സംസാരിച്ചുകൊണ്ടിരുന്നു. അവന്റെ ശക്തി മനസ്സിലാക്കുക, അവനെ പിന്തുണയ്ക്കുക, ഒരു മൂത്ത സഹോദരനെപ്പോലെ അവനോടൊപ്പം ഉണ്ടായിരിക്കുക എന്നതാണ് പ്രധാനം,” സാംസൺ ജിയോ ഹോട്ട്സ്റ്റാറിൽ പറഞ്ഞു.

“അവൻ ടീമിന് സംഭാവന നൽകാൻ തയ്യാറാണെന്ന് ഞാൻ കരുതുന്നു. പ്രധാന കാര്യം, അവനെ മികച്ച നിലയിൽ നിലനിർത്തുകയും നല്ല ഒരു അന്തരീക്ഷം നൽകുകയും ചെയ്യുക എന്നതാണ്, രാജസ്ഥാൻ റോയൽസ് അതിന് പേരുകേട്ടതാണ്. കുറച്ച് വർഷത്തിനുള്ളിൽ അദ്ദേഹം ഇന്ത്യയ്ക്കുവേണ്ടി കളിക്കാൻ സാധ്യതയുണ്ട്. ഐപിഎല്ലിന് അദ്ദേഹം തയ്യാറാണെന്ന് എനിക്ക് തോന്നുന്നു,” സാംസൺ കൂട്ടിച്ചേർത്തു.

13കാരനായ സൂര്യവൻഷി തിളങ്ങി, ശ്രീലങ്കയെ തകർത്ത് ഇന്ത്യ അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനലിൽ

ദുബായിൽ നടന്ന സെമി ഫൈനലിൽ ശ്രീലങ്കയ്‌ക്കെതിരെ ഏഴ് വിക്കറ്റിൻ്റെ ആധിപത്യ വിജയത്തോടെ ഇന്ത്യ അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനലിൽ പ്രവേശിച്ചു. മിന്നുന്ന പ്രകടനം നടത്തിയ 13 കാരനായ വൈഭവ് സൂര്യവൻഷിയുടെ മികച്ച പ്രകടനം ഇന്ത്യക്ക് കരുത്തായി. വെറും 36 പന്തിൽ 67 റൺസ് അടിച്ചുകൂട്ടാൻ സൂര്യവംശിക്ക് ആയി.

ആദ്യം ബാറ്റ് ചെയ്യാൻ തിരഞ്ഞെടുത്ത ശ്രീലങ്ക ഇന്ത്യയുടെ അച്ചടക്കമുള്ള ബൗളിംഗ് ആക്രമണത്തിനെതിരെ പൊരുതുകയായിരുന്നു. 2/32 എന്ന നല്ല ബൗളിംഗ് കാഴ്ചവെച്ച കിരൺ ചോംലെയും ചേതൻ ശർമ്മയുടെ 3/32 എന്ന ബൗളിംഗും ശ്രീലങ്കയെ 173 റൺസിൽ നിർത്തി.

മറുപടിയായി, ഇന്ത്യയെ വെറും 21 ഓവറിൽ വിജയത്തിലെത്തിച്ചു. അടുത്തിടെ രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയ യുവ പ്രതിഭ സൂര്യവംശി, തൻ്റെ ശ്രദ്ധേയമായ പ്രകടനത്തിന് പ്ലെയർ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടു.

ഡിസംബർ എട്ടിന് ദുബായിൽ നടക്കുന്ന ഫൈനലിൽ ബംഗ്ലാദേശിനെയോ അല്ലെങ്കിൽ പാക്കിസ്ഥാനെയോ ഇന്ത്യ നേരിടും.

ചരിത്രം!! 13കാരൻ വൈഭവ് സൂര്യവൻഷിയെ 1.2കോടിക്ക് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കി

രാജസ്ഥാൻ റോയൽസ് 13 കാരനായ ബാറ്റിംഗ് സെൻസേഷൻ വൈഭവ് സൂര്യവൻഷിയെ ₹ 1.20 കോടിക്ക് സ്വന്തമാക്കി. ഐപിഎല്ലിൽ ഇതുവരെ വിറ്റഴിക്കപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി വൈഭവ് മാറി. 30 ലക്ഷം രൂപ അടിസ്ഥാന വിലയിൽ നിന്ന് ഡൽഹി ക്യാപിറ്റൽസും രാജസ്ഥാൻ റോയൽസും വൈഭവിനെ പിന്തുടർന്നു. അവസാനം രാജസ്ഥാൻ താരത്തെ സ്വന്തമാക്കുക ആയിരുന്നു.

നിലവിൽ ഇന്ത്യ അണ്ടർ 19 ഏഷ്യാ കപ്പ് ടീമിൻ്റെ ഭാഗമാണ്, വലിയ ഭാവി പ്രവചിക്കപ്പെടുന്ന ഒരു മികച്ച പ്രതിഭയായാണ് വൈഭവ്. ഐ പി എല്ലിൽ അരങ്ങേറ്റം നടത്തിയാൽ ഐ പി എൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി വൈഭവ് മാറും.

Exit mobile version