ഗൈഡ്ഹൗസിനെതിരെ 7 വിക്കറ്റ് വിജയവുമായി യുഎസ്ടി ഗ്ലോബല്‍

അനന്തപുരി ഹോസ്പിറ്റല്‍സ് ട്രിവാന്‍ഡ്രം കോര്‍പ്പറേറ്റ് ടി20യുടെ സെമിയില്‍ എത്തി യുഎസ്ടി ഗ്ലോബല്‍. ഇന്ന് നടന്ന മത്സരത്തില്‍ യുഎസ്ടി ഗൈഡ്ഹൗസിനെയാണ് പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഗൈഡ്ഹൗസ് 18.2 ഓവറില്‍ 96 റണ്‍സിന് ഓള്‍ഔട്ട് ആകുകയായിരുന്നു.

തുടക്കത്തില്‍ വിക്കറ്റ് നഷ്ടമായ ശേഷം രണ്ടാം വിക്കറ്റില്‍ 40 റണ്‍സ് കൂട്ടുകെട്ടുമായി ഷാനവാസ് ഖാന്‍(25), സുധി സുദര്‍ശന്‍(23) കൂട്ടുകെട്ട് ടീമിനെ മുന്നോട്ട് നയിക്കുന്നതിനിടെയാണ് തുടരെ വിക്കറ്റുകളുമായി യുഎസ്ടി മത്സരത്തിലേക്ക് തിരിച്ചുവരവ് നടത്തുന്നത്. 42/1 എന്ന നിലയില്‍ നിന്ന് 74/8 എന്ന നിലയിലേക്ക് വീണ ഗൈഡ്ഹൗസിനെ ഒമ്പതാം വിക്കറ്റില്‍ 22 റണ്‍സ് നേടിയ നസീം നവാബ്(11), ഷിബിന്‍ സതീശന്‍(14) കൂട്ടുകെട്ടാണ് 96 റണ്‍സിലേക്ക് എത്തിച്ചത്. യുഎസ്ടിയ്ക്കായി മനീഷ് നായര്‍ മൂന്നും രോഹിത്, വിമല്‍ വിജയകുമാര്‍, മഹേശ്വരന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

25 പന്തില്‍ പുറത്താകാതെ 48 റണ്‍സ് നേടിയ അനീഷ് കുമാറും 21 റണ്‍സ് നേടിയ ജീത്തുമാണ് 27/3 എന്ന നിലയിലേക്ക് വീണ യുഎസ്ടിയുടെ വിജയം വേഗത്തിലാക്കിയത്. 13.2 ഓവറലാണ് യുഎസ്ടി ഏഴ് വിക്കറ്റ് വിജയം കരസ്ഥമാക്കി സെമിയിലേക്ക് കടന്നത്. ഗൈഡ്ഹൗസിന് വേണ്ടി അനീഷ് രണ്ട് വിക്കറ്റ് നേടി.

ഇംപീരിയല്‍ കിച്ചനെ തകര്‍ത്തെറിഞ്ഞ് യുഎസ്ടി ഗ്ലോബല്‍

അനന്തപുരി ഹോസ്പിറ്റല്‍സ് ട്രിവാന്‍ഡ്രം കോര്‍പ്പറേറ്റ് ടി20യില്‍ ആധിപത്യമാര്‍ന്ന വിജയം കരസ്ഥമാക്കി യുഎസ്ടി ഗ്ലോബല്‍. ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത യുഎസ്ടി 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 119 റണ്‍സാണ് നേടിയത്. 34 പന്തില്‍ നിന്ന് 56 റണ്‍സ് നേടിയ അനീഷാണ് യുഎസ്ടിയെ 119 റണ്‍സിലേക്ക് എത്തിച്ചത്. ജീത്ത് ശശിധരന്‍(15), അരുണ്‍ ഗോപാല്‍(11) ആണ് രണ്ടക്ക സ്കോറിലെത്തിയ താരങ്ങള്‍. ഇംപീരിയല്‍ കിച്ചണ് വേണ്ടി നസീം നെസി, നന്ദകുമാര്‍, ഷാനവാസ് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗില്‍ ഇംപീരിയല്‍ കിച്ചണ്‍ തകര്‍ന്നടിയുന്ന കാഴ്ചയാണ് കണ്ടത്. അനസ് താഹ 18 റണ്‍സുമായി ടീമിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ യുഎസ്ടിയുടെ മുരളി ഇംപീരിയല്‍ കിച്ചണിന്റെ നടുവൊടിക്കുകയായിരുന്നു. മുരളി അഞ്ച് വിക്കറ്റും ഫര്‍ഹാന്‍ 2 വിക്കറ്റും നേടിയപ്പോള്‍ 54 റണ്‍സിന് ഇംപീരിയല്‍ കിച്ചണ്‍ 10.3 ഓവറില്‍ ഓള്‍ഔട്ട് ആയി.

അനന്തപുരി ഹോസ്പിറ്റല്‍സ്- ട്രിവാന്‍ഡ്രം കോര്‍പ്പറേറ്റ് ടി20 ടൂര്‍ണ്ണമെന്റ്: ജയത്തോടെ ആരംഭിച്ച് ഐബിഎസ്

അനന്തപുരി ഹോസ്പിറ്റല്‍സുമായി ചേര്‍ന്ന് തിരുവനന്തപുരം ജില്ല ക്രിക്കറ്റ് അസോസ്സിയേഷന്‍ സംഘടിപ്പിക്കുന്ന ട്രിവാന്‍ഡ്രം കോര്‍പ്പറേറ്റ് ടി20 ടൂര്‍ണ്ണമെന്റില്‍ ഐബിഎസിന് വിജയത്തുടക്കം. ടൂര്‍ണ്ണമെന്റിന്റെ ഉദ്ഘാടന മത്സരത്തില്‍ യുഎസ്ടി ഗ്ലോബലിനെയാണ് ഐബിഎസ് 11 റണ്‍സിന് പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഐബിഎസ് നിശ്ചിത 20 ഓവറില്‍ നിന്ന് 146 റണ്‍സ് നേടിയപ്പോള്‍ യുഎസ്ടിയ്ക്ക് 135 റണ്‍സ് മാത്രമേ നേടാനായുള്ളു.

22 പന്തില്‍ നിന്ന് 38 റണ്‍സ് നേടിയ ടാര്‍സന്‍ ബെന്നിറ്റ്, റിച്ചാര്‍ഡ് ജോണ്‍സണ്‍(23), സന്തോഷ് ഹരിഹരന്‍(23) എന്നിവരാണ് ഐബിഎസിന് വേണ്ടി ബാറ്റിംഗില്‍ തിളങ്ങിയത്. യുഎസ്ടി ഗ്ലോബലിനായി വിമല്‍കുമാര്‍ വിജയകുമാര്‍ രണ്ടും സയ്യദ് ഫര്‍ഹാന്‍ സയ്യദ് ഒരു വിക്കറ്റും നേടി.

മറുപടി ബാറ്റിംഗിനിറങ്ങി യുഎസ്ടി ഗ്ലോബലിന് വേണ്ടി അനീഷ് കുമാര്‍(29), അരുണ്‍ രാജന്‍(27), വിമല്‍കുമാര്‍(28) എന്നിവര്‍ റണ്‍സ് കണ്ടെത്തിയെങ്കിലും ലക്ഷ്യത്തിന് 11 റണ്‍സ് അകലെ മാത്രമേ ടീമിന് എത്തുവാനായുള്ളു. 8 വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സില്‍ യുഎസ്ടിയുടെ ഇന്നിംഗ്സ് അവസാനിക്കുകയായിരുന്നു. 4 വിക്കറ്റ് നേടിയ വിഷ്ണു രാമചന്ദ്രന്‍ ആണ് ഐബിഎസിനായി തിളങ്ങിയത്.

നാല് ഗ്രൂപ്പുകളിലായി 16 ടീമുകളാണ് ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുന്നത്. കെസിഎ ക്രിക്കറ്റ് ഗ്രൗണ്ട് മംഗലപുത്തും തുമ്പ സെയിന്റ് സേവിയേഴ്സ് ഗ്രൗണ്ടിലും നടക്കുന്ന ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ക്ക് ശേഷം ടൂര്‍ണ്ണമെന്റിന്റെ നോക്ക്ഔട്ട് മത്സരം തിരുവനന്തപുരം സ്പോര്‍ട്സ് ഹബ്ബില്‍ നടക്കും. ഫൈനല്‍ മത്സരം മാര്‍ച്ച് ഏഴിന് ഏഴ് മണിയ്ക്ക് നടക്കുമെന്നാണ് സംഘാടകര്‍ അറിയിച്ചിരിക്കുന്നത്.

ഗ്രൂപ്പ് എ – ഐബിഎസ്, യുഎസ്ടി ഗ്ലോബല്‍, ഇംപീരിയല്‍ കിച്ചന്‍, എന്‍വെസ്റ്റ്നെറ്റ്
ഗ്രൂപ്പ് ബി – ഗൈഡ്ഹോസ്, ക്യുബര്‍സ്റ്റ്, ഫിനസ്ട്ര, ഐടിസി
ഗ്രൂപ്പ് സി- എസ്എബി, പിആര്‍എസ്, ഐസിഐസിഐ, ടിസിഎസ്
ഗ്രൂപ്പ് ഡി – ഇന്‍ഫോസിസ്, പാലാഴി, അലയന്‍സ്, സ്പെറിക്കോണ്‍

ആവേശപ്പോരാടത്തില്‍ ജയം നേടി ക്വസ്റ്റ് ഗ്ലോബല്‍, ടെക്നോപാര്‍ക്ക് വനിത ക്രിക്കറ്റ് ലീഗ് ജേതാക്കള്‍

യുഎസ്ടി ഗ്ലോബലിനെ പരാജയപ്പെടുത്തി ടെക്നോപാര്‍ക്ക് വനിത ക്രിക്കറ്റ് ലീഗ് ജേതാക്കളായി ക്വസ്റ്റ് ഗ്ലോബല്‍. ഇന്ന് നടന്ന ഫൈനല്‍ മത്സരത്തില്‍ ആദ്യ ബാറ്റ് ചെയ്ത യുഎസ്ടി 2 വിക്കറ്റ് നഷ്ടത്തില്‍ 61 റണ്‍സ് നേടിയപ്പോള്‍ 2 പന്ത് അവശേഷിക്കെയാണ് ഒരു വിക്കറ്റ് ജയം ക്വസ്റ്റ് സ്വന്തമാക്കിയത്. പുറത്താകാതെ 15 റണ്‍സ് നേടിയ ജ്യോതിയും 29 റണ്‍സ് നേടിയ സ്വാതിയുമാണ് യുഎസ്ടിയ്ക്കായി റണ്‍സ് കണ്ടെത്തിയത്. ജയലക്ഷ്മി, വൈഷ്ണ എന്നിവര്‍ ക്വസ്റ്റിനായി വിക്കറ്റുകള്‍ വീഴ്ത്തി.

24 റണ്‍സ് നേടിയ ഓപ്പണിംഗ് താരം വൈഷ്ണയുടെ മികവിലാണ് ക്വസ്റ്റിന്റെ വിജയം. സ്കോര്‍ 58ല്‍ നില്‍ക്കെ വൈഷ്ണ ആറാം വിക്കറ്റായി പുറത്തായെങ്കിലും റീറ്റ സണ്ണി നേടിയ ബൗണ്ടറിയിലൂടെ ക്വസ്റ്റ് ഒരു വിക്കറ്റിന്റെ ആവേശ ജയം സ്വന്തമാക്കി. വൈഷ്ണ 18 പന്തില്‍ നിന്ന് 2 സിക്സും 2 ഫോറും സഹിതമാണ് തന്റെ 24 റണ്‍സ് നേടിയത്.

യുഎസ്ടിയ്ക്കായി സ്വാതി മൂന്നും ശ്രാവന്തി പിട്ടാല രണ്ടും വിക്കറ്റ് നേടി. ക്വസ്റ്റിന്റെ വൈഷ്ണയാണ് കളിയിലെ താരം. എട്ട് പേരടങ്ങുന്ന ടീമായാണ് വനിതകളുടെ ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചത്.

Exit mobile version