അഞ്ച് വിക്കറ്റ് നേട്ടവുമായി ഇഷാന്ത്, 31 ഓവറിനുള്ളില്‍ ഓള്‍ഔട്ട് ആയി ബംഗ്ലാദേശ്

കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ ബംഗ്ലാദേശിന് നാണംകെട്ട ബാറ്റിംഗ് തകര്‍ച്ച. ചരിത്രം പിറന്ന ഇന്ത്യയിലെ ആദ്യ ഡേ നൈറ്റ് ടെസ്റ്റില്‍ ബംഗ്ലാദേശ് 30.3 ഓവറില്‍ 106 റണ്‍സിന് ഓള്‍ഔട്ട് ആവുകയായിരുന്നു. ഇഷാന്ത് ശര്‍മ്മയുടെ അഞ്ച് വിക്കറ്റ് നേട്ടത്തിനൊപ്പം ഉമേഷ് യാദവ് മൂന്ന് വിക്കറ്റും നേടിയപ്പോള്‍ ബംഗ്ലാദേശ് ബാറ്റ്സ്മാന്മാര്‍ വെള്ളം കുടിയ്ക്കുകയായിരുന്നു. മുഹമ്മദ് ഷമിയ്ക്ക് രണ്ട് വിക്കറ്റ് ലഭിച്ചു.

29 റണ്‍സ് നേടിയ ഓപ്പണര്‍ ഷദ്മന്‍ ഇസ്ലാം ടോപ് സ്കോറര്‍ ആയപ്പോള്‍ ലിറ്റണ്‍ ദാസ് 24 റണ്‍സ് നേടി പുറത്തായി. നയീം ഹസന്‍(19) ആണ് രണ്ടക്ക സ്കോറിലേക്ക് കടന്ന മറ്റൊരു താരം.

ജോര്‍ജ്ജ് ലിന്‍ഡേയുടെ ചെറുത്ത് നില്പ് അവസാനിപ്പിച്ച് ഉമേഷ് യാദവ്, 162 റണ്‍സിന് ഓള്‍ഔട്ട് ആയി ദക്ഷിണാഫ്രിക്ക, ഫോളോ ഓണ്‍ ഏര്‍പ്പെടുത്തി ഇന്ത്യ

ദക്ഷിണാഫ്രിക്കയ്ക്കെതിരെ 335 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടി ഇന്ത്യ. ദക്ഷിണാഫ്രിക്കയെ ഫോളോ ഓണ്‍ ചെയ്യിക്കാമെന്ന് ഇന്ത്യ തീരുമാനിച്ചതോടെ ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിംഗ്സില്‍ വീണ്ടും ബാറ്റ് ചെയ്യാനിറങ്ങും. 56.2 ഓവറില്‍ 162 റണ്‍സിനാണ് ദക്ഷിണാഫ്രിക്ക ഓള്‍ഔട്ട് ആയത്. 37 റണ്‍സുമായി വാലറ്റത്തോടൊപ്പം ചെറുത്ത് നില്പ് നടത്തിയ ജോര്‍ജ്ജ് ലിന്‍ഡേയെ ഉമേഷ് യാദവ് പുറത്താക്കിയതോടെ ദക്ഷിണാഫ്രിക്കയുടെ ഇന്നിംഗ്സ് അധികം വൈകാതെ അവസാനിച്ചു.

നേരത്തെ നാലാം വിക്കറ്റില്‍ സുബൈര്‍ ഹംസ-ടെംബ ബാവുമ കൂട്ടുകെട്ട് മാത്രമാണ് ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ബാറ്റിംഗില്‍ തിളങ്ങിയത്. ഹംസ 62 റണ്‍സും ബാവുമ 32 റണ്‍സുമാണ് നേടിയത്. ഇന്ത്യയ്ക്കായി ഉമേഷ് യാദവ് മൂന്നും മുഹമ്മദ് ഷമി, ഷഹ്ബാസ് നദീം, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

ദക്ഷിണാഫ്രിക്ക ഫോളോ ഓണ്‍ ഭീഷണിയില്‍, ഷഹ്ബാസ് നദീമിന് ടെസ്റ്റിലെ ആദ്യ വിക്കറ്റ്

ഇന്ത്യയ്ക്കെതിരെ റാഞ്ചി ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. ഇന്ത്യ 497/9 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്ത ശേഷം ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക മൂന്നാം ദിവസം ഉച്ച ഭക്ഷണത്തിന് പിരിയുമ്പോള്‍ 129/6 എന്ന നിലയിലാണ്.

62 റണ്‍സ് നേടിയ സുബൈര്‍ ഹംസയും 32 റണ്‍സ് നേടിയ ടെംബ ബാവുമയും മാത്രമാണ് ദക്ഷിണാഫ്രിക്കന്‍ നിരയില്‍ പൊരുതി നിന്നത്. തലേ ദിവസത്തെ സ്കോറായ 9/2 എന്ന നിലയില്‍ നിന്ന് ബാറ്റിംഗ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിയെ വേഗത്തില്‍ നഷ്ടമായി. പിന്നീട് നാലാം വിക്കറ്റില്‍ സുബൈര്‍ ഹംസയും ടെംബ ബാവുമയും ചേര്‍ന്ന് സ്കോര്‍ 107ലേക്ക് എത്തിച്ചുവെങ്കിലും സുബൈറിനെ രവീന്ദ്ര ജഡേജ പുറത്താക്കി.

91 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റില്‍ നേടിയത്. തൊട്ടടുത്ത ഓവറില്‍ ടെംബ ബാവുമയെ ഷഹ്ബാസ് നദീം പുറത്താക്കിയതോടെ ദക്ഷിണാഫ്രിക്കയുടെ നില പരുങ്ങലിലായി. നദീം തന്റെ ടെസ്റ്റിലെ ആദ്യ വിക്കറ്റാണ് ബാവുമയെ പുറത്താക്കി നേടിയത്.

107/3 എന്ന നിലയില്‍ നിന്ന് 107/5 എന്ന നിലയിലേക്ക് വീണ് ദക്ഷിണാഫ്രിക്കയെ ഹെയിന്‍റിച്ച് ക്ലാസ്സെന്‍-ജോര്‍ജ്ജ് ലിന്‍ഡേ കൂട്ടുകെട്ട് കൂടുതല്‍ നഷ്ടമില്ലാതെ ലഞ്ച് വരെ എത്തിക്കുമെന്ന് തോന്നിപ്പിച്ചുവെങ്കിലും ക്ലാസ്സനെ പുറത്താക്കി രവീന്ദ്ര ജഡേജ സന്ദര്‍ശകരുടെ നില കൂടുതല്‍ ദയനീയമാക്കി.

368 റണ്‍സ് പിന്നിലായി നില്‍ക്കുന്ന ദക്ഷിണാഫ്രിക്കയ്ക്കായി ഇപ്പോള്‍ 10 റണ്‍സുമായി ജോര്‍ജ്ജ് ലിന്‍ഡേയും 4 റണ്‍സ് നേടിയ ഡെയ്ന്‍ പീഡെടുമാണ് ക്രീസിലുള്ളത്. ഇന്ത്യയ്ക്കായി ഉമേഷ് യാദവും രവീന്ദ്ര ജഡേജയും രണ്ട് വീതം വിക്കറ്റ് നേടി.

417 റണ്‍സിന് ഓള്‍ഔട്ട് ആയി ഇന്ത്യ, ജലജ് സക്സേന പുറത്താകാതെ 48 റണ്‍സ്

ദക്ഷിണാഫ്രിക്ക എ യ്ക്കെതിരെ 417 റണ്‍സിന് പുറത്തായി ഇന്ത്യ. 339/5 എന്ന നിലയില്‍ രണ്ടാം ദിവസം ഉച്ച ഭക്ഷണത്തിന് ശേഷം ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യ. 78 റണ്‍സ് കൂടി നേടി പുറത്താകുകയായിരുന്നു. ശിവം ഡുബേ 68 റണ്‍സ് നേടിയപ്പോള്‍ ജലജ് സക്സേന പുറത്താകാതെ 48 റണ്‍സുമായി നിന്നു. 24 റണ്‍സ് നേടിയ ഉമേഷ് യാദവുമായി ചേര്‍ന്ന് ജലജ് എട്ടാം വിക്കറ്റില്‍ നേടിയ 35 റണ്‍സാണ് ഇന്ത്യയെ 400 കടക്കുവാന്‍ സഹായിച്ചത്.

ഉമേഷ് റണ്ണൗട്ടായി അധികം വൈകാതെ ഇന്ത്യ എ ഇന്നിംഗ്സ് അവസാനിച്ചു. 13 പന്തില്‍ നിന്ന് 2 വീതം സിക്സും ഫോറും നേടിയാണ് ഉമേഷ് തന്റെ 24 റണ്‍സ് നേടിയത്. ദക്ഷിണാഫ്രിക്കയ്ക്കായി ഡെയിന്‍ പീഡെട്, വിയാന്‍ മുള്‍ഡര്‍ എന്നിവര്‍ മൂന്ന് വീതം വിക്കറ്റ് നേടി.

മൂന്ന് വീതം വിക്കറ്റുമായി ഇഷാന്ത്, കുല്‍ദീപ്, ഉമേഷ്, പരിശീലന മത്സരത്തില്‍ പിടിമുറുക്കി ഇന്ത്യ

വിന്‍ഡീസ് എ ടീമിനെതിരെ പരിശീലന മത്സരത്തില്‍ വലിയ ലീഡ് നേടി ഇന്ത്യ. ഇന്ത്യ തങ്ങളുടെ ഒന്നാം ഇന്നിംഗ്സ് 297/5 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്ത ശേഷം 181 റണ്‍സിന് പുറത്താക്കുകയായിരുന്നു.ഉമേഷ് യാദവ്, കുല്‍ദീപ് യാദവ്, ഇഷാന്ത് ശര്‍മ്മ എന്നിവര്‍ മൂന്ന് വീതം വിക്കറ്റ് നേടിയാണ് വിന്‍ഡീസിന്റെ പതനം ഉറപ്പാക്കിയത്. കവിം ഹോഡ്ജ് ആതിഥേയര്‍ക്കായി 51 റണ്‍സും ജാഹ്മാര്‍ ഹാമിള്‍ട്ടണ്‍ 33 റണ്‍സുമാണ് നേടിയിട്ടുള്ളത്.

രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യ 84/1 എന്ന നിലയിലാണ്. 48 റണ്‍സുമായി പുറത്താകാതെ നില്‍ക്കുന്ന ഹനുമ വിഹാരിയാണ് ഇന്ത്യയുടെ പ്രധാന സ്കോറര്‍. 200 റണ്‍സിന്റെ ലീഡാണ് രണ്ടാം ദിവസം കളിയവസാനിക്കുമ്പോള്‍ ഇന്ത്യ നേടിയിട്ടുള്ളത്. മയാംഗ് അഗര്‍വാളിനെ ഇന്ത്യയ്ക്ക് നഷ്ടമായപ്പോള്‍ 20 റണ്‍സുമായി രഹാനെയാണ് വിഹാരിയ്ക്ക് കൂട്ടായി ക്രീസിലുള്ളത്.

ഇന്ത്യയ്ക്കായി ആദ്യ ഇന്നിംഗ്സില്‍ ചേതേശ്വര്‍ പുജാര 100 റണ്‍സ് നേടിയപ്പോള്‍ രോഹിത് ശര്‍മ്മ 68 റണ്‍സും ഹനുമ വിഹാരി(37*), ലോകേഷ് രാഹുല്‍(36), ഋഷഭ് പന്ത്(33) എന്നിവരായിരുന്നു പ്രധാന സ്കോറര്‍മാര്‍.

അവസാന സ്ഥാനത്ത് നിന്ന് മോചനം, നിക്കോളസ് പൂരന്റെ വെല്ലുവിളിയെ അതിജീവിച്ച് നാലാം ജയം സ്വന്തമാക്കി ബാംഗ്ലൂര്‍

203 എന്ന ശ്രമകരമായ ലക്ഷ്യം തേടിയിറങ്ങിയ കിംഗ്സ് ഇലവന്‍ പഞ്ചാബിനു വേണ്ടി ഗെയിലും രാഹുലും പൂരനുമെല്ലാം ശ്രമിച്ചു നോക്കിയെങ്കിലും ഇവര്‍ക്കാര്‍ക്കും തങ്ങളുടെ ഇന്നിംഗ്സ് അധികം മുന്നോട്ട് നയിക്കുവാനാകാതെ പോയപ്പോള്‍ 185 റണ്‍സില്‍ അവസാനിച്ച് പഞ്ചാബ് ഇന്നിംഗ്സ്. 17 റണ്‍സ് വിജയത്തോടെ അവസാന സ്ഥാനത്ത് നിന്ന് മോചനം നേടുവാന്‍ ആര്‍സിബിയ്ക്ക് സാധിച്ചു. ജയത്തോടെ എട്ട് പോയിന്റുമായി പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കി നിര്‍ത്തുവാന്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനു സാധിച്ചു.

3.2 ഓവറില്‍ 42 റണ്‍സ് നേടി പറക്കുകയായിരുന്നു പഞ്ചാബിനു ഉമേഷ് യാദവ് ആണ് ആദ്യ ബ്രേക്ക് ത്രൂ നല്‍കിയത്. 10 പന്തില്‍ നിന്ന് 23 റണ്‍സ് നേടിയ ക്രിസ് ഗെയില്‍ മടങ്ങിയെങ്കിലും ലോകേഷ് രാഹുലും മയാംഗ് അഗര്‍വാലും ടീമിന്റെ സ്കോറിംഗ് ദൗത്യം ഏറ്റെടുത്ത് മുന്നോട്ട് നയിക്കുകയായിരുന്നു. 59 റണ്‍സ് രണ്ടാം വിക്കറ്റില്‍ നേടി മയാംഗ് അഗര്‍വാല്‍ (35) മടങ്ങി ഏറെ വൈകാതെ 27 പന്തില്‍ നിന്ന് 42 റണ്‍സ് നേടിയ ലോകേഷ് രാഹുലും മടങ്ങിയതോടെ പഞ്ചാബിന്റെ ചേസിംഗ് പ്രതിസന്ധിയിലാകുകയായിരുന്നു.

10.1 ഓവറില്‍ 105 റണ്‍സ് നേടിയെങ്കിലും താരങ്ങളാരും വലിയ ഇന്നിംഗ്സിലേക്ക് തങ്ങളുടെ ബാറ്റിംഗ് പ്രകടനത്തെ മാറ്റാനാകാതെ പോയതാണ് പഞ്ചാബിനു തിരിച്ചടിയായത്. എന്നാല്‍ നാലാം വിക്കറ്റില്‍ മത്സരം തിരികെ പഞ്ചാബിന്റെ പക്ഷത്തേക്ക് നിക്കോളസ് പൂരന്‍ തിരിയ്ക്കുന്ന കാഴ്ചയാണ് കണ്ടത്. സിക്സുകളിലൂടെ ബാംഗ്ലൂര്‍ ബൗളര്‍മാരെ കണക്കറ്റ് പ്രഹരിച്ച് ലക്ഷ്യം 24 പന്തില്‍ 47 ആക്കി മാറ്റുവാന്‍ വിന്‍ഡീസ് യുവതാരത്തിനു സാധിച്ചിരുന്നു.

17ാം ഓവര്‍ എറിഞ്ഞ ടിം സൗത്തിയെ ആദ്യ രണ്ട് പന്തുകളില്‍ ബൗണ്ടറി നേടി മില്ലറും ഒപ്പം കൂടിയപ്പോള്‍ പഞ്ചാബ് വിജയ പ്രതീക്ഷ പുലര്‍ത്തുകയും ആര്‍സിബി ക്യാമ്പില്‍ പരിഭ്രാന്തി പരക്കുകയുമായിരുന്നു. 44 റണ്‍സില്‍ നിക്കോളസ് പൂരന്റെ ക്യാച്ച് മാര്‍ക്കസ് സ്റ്റോയിനിസ് കൈവിട്ടതും പഞ്ചാബിന്റെ പ്രതീക്ഷകള്‍ക്ക് കരുത്തേകി. ലക്ഷ്യം അവസാന രണ്ടോവറില്‍ 30 ആയിരുന്നുവെങ്കിലും മില്ലറും പൂരനും ക്രീസിലുള്ളപ്പോള്‍ പഞ്ചാബ് പ്രതീക്ഷ കൈവിട്ടിരുന്നില്ല.

നവ്ദീപ് സൈനി എറിഞ്ഞ 19ാം ഓവറില്‍ ഡേവിഡ് മില്ലറുടെ വിക്കറ്റ് മികച്ചൊരു ക്യാച്ചിലൂടെ എബിഡി പൂര്‍ത്തിയാക്കി. 25 പന്തില്‍ നിന്ന് 24 റണ്‍സാണ് മില്ലറുടെ സംഭാവന. ഓവറിന്റെ അവസാന പന്തില്‍ നിക്കോളസ് പൂരനെയും സൈനി പുറത്താക്കി. മികച്ചൊരു ജഡ്ജ്മെന്റിലൂടെ എബി ഡി വില്ലിയേഴ്സ് തന്നെയാണ് ആ ക്യാച്ചും പൂര്‍ത്തിയാക്കിയത്. 28 പന്തില്‍ നിന്ന് 5 സിക്സ് സഹിതം 46 റണ്‍സായിരുന്നു പൂരന്റെ സമ്പാദ്യം.

അവസാന ഓവറില്‍ ജയിക്കുവാന്‍ 27 റണ്‍സ് വേണ്ടിയിരുന്ന പഞ്ചാബിനായി ആദ്യ പന്തില്‍ നായകന്‍ അശ്വിന്‍ സിക്സ് അടിച്ചുവെങ്കിലും വീണ്ടും സിക്സ് നേടുവാനുള്ള ശ്രമത്തിനിടെ കിംഗ്സ് നായകന്‍ അശ്വിനെ ഉമേഷ് യാദവ് പുറത്താക്കി. അടുത്ത പന്തില്‍ ഹാര്‍ഡസ് വില്‍ജോയനെയും ഉമേഷ് പുറത്താക്കിയതോടെ മത്സരം ബാംഗ്ലൂര്‍ സ്വന്തമാക്കുകയായിരുന്നു.

ബാംഗ്ലൂര്‍ ബൗളര്‍മാരില്‍ ഉമേഷ് യാദവ് നാലോവറില്‍ 36 റണ്‍സിനു 3 വിക്കറ്റ് വീഴ്ത്തിയപ്പോള്‍ നവ്ദീപ് സൈനി 33 റണ്‍സ് മാത്രം വഴങ്ങി 2 വിക്കറ്റ് നേടി.

ഇന്ത്യ ഓസ്ട്രേലിയയെ വിലകുറച്ച് കണ്ടു, അതിനു വലിയ വില കൊടുക്കേണ്ടി വന്നു, ഉമേഷിനെ കളിപ്പിച്ചത് മണ്ടത്തരം

വൈസാഗിലെ ആദ്യ ടി20യില്‍ ബാറ്റിംഗ് പരാജയത്തിനു ശേഷം ജസ്പ്രീത് ബുംറ ഇന്ത്യയ്ക്ക് വിജയ സാധ്യത തിരിച്ചുകൊണ്ടുവരുന്ന പ്രകടനം പുറത്തെടുത്തുവെങ്കിലും അവസാന ഓവറില്‍ 14 റണ്‍സ് ഉമേഷ് യാദവ് വിട്ടു നല്‍കിയപ്പോള്‍ ഓസ്ട്രേലിയ ആദ്യ മത്സരം വിജയിച്ച് പരമ്പരയില്‍ മുന്നിലെത്തിയതിന്റെ കാരണം വ്യക്തമാക്കി സുനില്‍ ഗവാസ്കര്‍.

തുടര്‍ച്ചയായ രണ്ടാം തവണയാണ് ഇന്ത്യ ടി20യില്‍ പരാജയപ്പെടുന്നത്. നേരത്തെ ന്യൂസിലാണ്ടില്‍ മൂന്നാം ടി20യില്‍ പരാജയപ്പെട്ട ടീം ഇവിടെ വീണ്ടും ഓസ്ട്രേലിയയോട് പരാജയപ്പെടുകയായിരുന്നു. നാട്ടില്‍ എട്ട് മത്സരങ്ങളില്‍ ഇന്ത്യയുടെ ആദ്യത്തെ ടി20 പരാജയമായിരുന്നു ഇത്. ഓസ്ട്രേലിയയെ നാട്ടില്‍ ടെസ്റ്റിലും ഏകദിനത്തിലും പരാജയപ്പെടുത്തിയ ഇന്ത്യ ഓസ്ട്രേലിയയെ വില കുറച്ച് കണ്ടതാണ് തോല്‍വിയ്ക്ക് കാരണമെന്നാണ് മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്കര്‍ അഭിപ്രായപ്പെടുന്നത്.

ടി20 പോലുള്ള ഫോര്‍മാറ്റില്‍ പ്രത്യേകിച്ചും ക്രിക്കറ്റില്‍ പൊതുവേയും എതിരാളികളെ വിലകുറച്ച് കാണരുതെന്ന ബോധ്യം കൂടി ഈ മത്സരത്തോടെ ഇന്ത്യയ്ക്ക് വന്ന് കാണുമെന്ന് സുനില്‍ അഭിപ്രായപ്പെട്ടു. ശിഖര്‍ ധവാനെ പോലെ സീനിയര്‍ താരത്തെ പുറത്തിരുത്തി കെഎല്‍ രാഹുലിനെ ഓപ്പണിംഗില്‍ പരീക്ഷിക്കുവാനുള്ള ഇന്ത്യയുടെ തീരമാനവും മധ്യ നിരയില്‍ മൂന്ന് കീപ്പര്‍മാരുമായി പോകുവാന്‍ തീരുമാനിച്ചതും ഇതിനുദാഹരണമാണെന്ന് ഗവാസ്കര്‍ പറഞ്ഞു.

രാഹുല്‍ മികച്ച രീതിയില്‍ ബാറ്റ് ചെയ്തു അര്‍ദ്ധ ശതകം നേടിയെങ്കിലും അധിക നേരം ക്രീസില്‍ ചെലവഴിക്കുവാന്‍ താരത്തിനായില്ല അത് പന്തും മറ്റു കീപ്പര്‍ ബാറ്റ്സ്മാന്മാരുടെ ചുമലില്‍ അധിക ചുമതല വരുത്തുകയും അവര്‍ പരാജയപ്പെടുകയും ചെയ്തു. താരതമ്യേന പുതുമുഖമായ ക്രുണാല്‍ പാണ്ഡ്യയായിരുന്നു മധ്യ നിരയിലെ മറ്റൊരു ബാറ്റ്സ്മാനെന്നും സുനില്‍ ഗവാസ്കര്‍ ചൂണ്ടിക്കാട്ടി.

വൈറ്റ് ബോള്‍ ക്രിക്കറ്റിനു അനുയോജ്യമല്ലാത്ത താരമാണ് ഉമേഷ് യാദവെന്നും താരത്തെ കളിപ്പിച്ചത് മണ്ടത്തരമെന്നുമാണ് ഗവാസ്കര്‍ പറഞ്ഞത്. ഓസ്ട്രേലിയ ജയത്തിലേക്ക് അനായാസം നീങ്ങുമെന്ന് തോന്നിപ്പിച്ചുവെങ്കിലും 19ാം ഓവറില്‍ ജസ്പ്രീത് ബുംറ മത്സരം ഇന്ത്യയ്ക്ക് അനുകൂലമാക്കി മാറ്റിയെങ്കിലും അടുത്ത ഓവറില്‍ ഉമേഷ് യാദവിനെ 14 റണ്‍സ് നേടി ഓസ്ട്രേലിയ വിജയം കുറിയ്ക്കുകയായിരുന്നു.

ഇവരാകണം ലോകകപ്പിലെ ഇന്ത്യയുടെ പേസ് ബൗളര്‍മാര്‍: നെഹ്റ

2019 ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ പേസ് ബൗളര്‍മാര്‍ ആരായിരിക്കണമെന്ന് അഭിപ്രായപ്പെട്ട് ആശിഷ് നെഹ്റ. ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ എന്തായാലും ടീമിലെത്തുമെന്നത് ഏറെക്കുറെ ഉറപ്പാണെങ്കിലും നാലാമത്തെ താരമാരാകുമെന്നാണ് ചര്‍ച്ചകള്‍ സജീവമാകുന്നത്. ഖലീല്‍ അഹമ്മദും ഉമേഷ് യാദവും സിദ്ധാര്‍ത്ഥ് കൗളുമാണ് നാലാം സ്ഥാനത്തിനായി മുന്‍ പന്തിയിലുള്ളത്.

ഇവരില്‍ ഉമേഷ് യാദവിനെയാവും താന്‍ തിരഞ്ഞെടുക്കുകയെന്നാണ് ആശിഷ് നെഹ്റ വ്യക്തമാക്കുന്നത്. ലോകകപ്പില്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞ് ശീലമുള്ള താരമാണ് ഉമേഷ് യാദവ്. 2015 ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു ഉമേഷ്. അതേ സമയം ഖലീലിനു അത്രയും അനുഭവസമ്പത്തില്ല. ഫസ്റ്റ്-ക്സാസ് ക്രിക്കറ്റ് കളിച്ചുള്ള ശീലവുമില്ല. താരത്തിന്റെ വേഗതയും അല്പം കുറഞ്ഞിട്ടുണ്ടെങ്കിലും അത് സ്വാഭാവികമാണ്, ഖലീല്‍ പഠിച്ച് മെച്ചപ്പെടാനുള്ളതിനാല്‍ അല്പം കൂടി കാത്തിരിക്കേണ്ടതുണെന്നാണ് തന്റെ അഭിപ്രായമെന്നും നെഹ്റ പറഞ്ഞു.

കേരളം ഐസിയുവില്‍, മികച്ച തുടക്കത്തിനു ശേഷം രണ്ടാം ഇന്നിംഗ്സിലും തകര്‍ച്ച

വിദര്‍ഭയുടെ ലീഡ് 106 റണ്‍സില്‍ മാത്രം ഒതുക്കിയ ബൗളര്‍മാരുടെ പ്രകടനത്തില്‍ നിന്ന് പ്രഛോദനം ഉള്‍ക്കൊണ്ട് കേരളം രണ്ടാം ഇന്നിംഗ്സില്‍ ദേദപ്പെട്ട തുടക്കം നേടിയെങ്കിലും ലഞ്ചിനോടടുത്ത് മത്സരത്തില്‍ വീണ്ടും പിടിമുറുക്കി വിദര്‍ഭ ബൗളര്‍മാര്‍. 59/1 എന്ന നിലയില്‍ നിന്ന് 66/7 എന്ന നിലയിലേക്ക് കേരളം വീഴുകയായിരുന്നു.

ജലജ് സക്സേനയെ നഷ്ടമായ ശേഷം രണ്ടാം വിക്കറ്റില്‍ വിഷ്ണു വിനോദും അരുണ്‍ കാര്‍ത്തിക്കും കേരളത്തെ സുരക്ഷിത തീരത്തേക്ക് എത്തിക്കുമെന്ന് കരുതിയ നിമിഷത്തിലാണ് ഉമേഷ് 15 റണ്‍സ് നേടിയ വിഷ്ണുവിനെ പുറത്താക്കിയത്. അടുത്ത ഓവറില്‍ 36 റണ്‍സ് നേടിയ അരുണ്‍ കാര്‍ത്തിക്കിനെയും കേരളത്തിനു നഷ്ടമായി. യഷ് താക്കൂറിനായിരുന്നു വിക്കറ്റ്. തൊട്ടടുത്ത ഓവറില്‍ ഉമേഷ് യാദവ് മുഹമ്മദ് അസ്ഹറുദ്ദീനെയും പുറത്താക്കിയതോടെ കേരളത്തിന്റെ നില പരുങ്ങലിലായി.

അതേ ഓവറിന്റെ അവസാന പന്തില്‍ സച്ചിന്‍ ബേബി റണ്ണൗട്ടായപ്പോള്‍ അടുത്ത പന്തില്‍ വിനൂപ് മനോഹരനും പുറത്തായി. യഷ് താക്കൂറിനായിരുന്നു വിക്കറ്റ്. ഒരോവറിനു ശേഷം രാഹുലിനെ പുറത്താക്കി യഷ് താക്കൂര്‍ തന്റെ മൂന്നാമത്തെ വിക്കറ്റും നേടി. ഇതോടെ ഉച്ച ഭക്ഷണത്തിനായി ടീമുകള്‍ പിരിഞ്ഞു. കേരളം ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കുവാന്‍ 36 റണ്‍സ് കൂടി നേടേണ്ടതുണ്ട്.

കേരളത്തിന്റെ നടുവൊടിച്ച് ഉമേഷ് യാദവ്, വിഷ്ണു വിനോദിന്റെ മികവില്‍ നൂറ് കടന്നു

വിദര്‍ഭയ്ക്കെതിരെ രഞ്ജി ട്രോഫി മത്സരത്തിന്റെ ആദ്യ ദിവസം ഒന്നാം ഇന്നിംഗ്സില്‍ തകര്‍ന്നടിഞ്ഞ് കേരളം. ഉമേഷ് യാദവിന്റെ ഏഴ് വിക്കറ്റ് നേട്ടമാണ് കേരളത്തിന്റെ സ്ഥിതി ദയനീയമാക്കിയത്. കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്തിയ വിദര്‍ഭ 28.4 ഓവറില്‍ കേരള ഇന്നിംഗ്സിനു അവസാനം കുറിയ്ക്കുകയായിരുന്നു. പുറത്താകാതെ 37 റണ്‍സ് നേടിയ വിഷ്ണു വിനോദിന്റെ മികവിലാണ് കേരളം നൂറ് കടന്നത്. ടോപ് സ്കോററും താരം തന്നെയാണ്. 50 പന്തില്‍ നിന്ന് ഒരു ബൗണ്ടറിയും രണ്ട് സിക്സും അടക്കമാണ് 37 റണ്‍സ് വിഷ്ണു വിനോദ് നേടിയത്.

സച്ചിന്‍ ബേബി(22), ബേസില്‍ തമ്പി(10) എന്നിവരാണ് രണ്ടക്കത്തിലെത്തിയ മറ്റു താരങ്ങള്‍. വിഭര്‍ഭയ്ക്കായി മൂന്ന് വിക്കറ്റുമായി രജനീഷ് ഗുര്‍ബാനിയും മികച്ച പിന്തുണ ഉമേഷിനു നല്‍കി.

വസീം ജാഫര്‍ ഉള്‍പ്പെടുന്ന ശക്തമായ വിദര്‍ഭ ബാറ്റിംഗ് നിരയ്ക്കെതിരെ ഇനി മത്സരം വിജയിക്കണമെങ്കില്‍ കേരളം അത്ഭുതങ്ങള്‍ കാണിക്കേണ്ടതുണ്ട്.

തുടക്കം പാളി, ആദ്യ മണിക്കൂറിനുള്ളില്‍ തന്നെ നാല് വിക്കറ്റ് നഷ്ടമായി കേരളം

രഞ്ജി ട്രോഫി സെമി ഫൈനലില്‍ വിദര്‍ഭയ്ക്കെതിരെ കേരളത്തിനു മോശം തുടക്കം. പത്തോവറുകള്‍ പൂര്‍ത്തിയാക്കുമ്പോളേക്കും കേരളത്തിനു 4 വിക്കറ്റാണ് നഷ്ടമായിരിക്കുന്നത്. ഉമേഷ് യാദവ് മൂന്നും രജനീഷ് ഗുര്‍ബാനി ഒരു വിക്കറ്റും നേടിയപ്പോള്‍ പത്തോവറുകള്‍ക്ക് ശേഷം കേരളം 28/4 എന്ന നിലയിലാണ്.

മത്സരത്തില്‍ ടോസ് നേടിയ വിദര്‍ഭ കേരളത്തിനെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു. പരിക്കേറ്റ സഞ്ജു സാംസണു പകരം അരു‍ണ്‍ കാര്‍ത്തിക് കേരള ടീമില്‍ എത്തിയിട്ടുണ്ട്. ചരിത്രത്തില്‍ ആദ്യമായാണ് കേരളം രഞ്ജി ട്രോഫിയുടെ സെമി ഫൈനലില്‍ എത്തുന്നത്.

അവസാന ടി20 ഈ മൂന്ന് താരങ്ങള്‍ക്ക് വിശ്രമം

വിന്‍ഡീസിനെതിരെയുള്ള അവസാന ടി20യില്‍ മൂന്ന് ബൗളര്‍മാര്‍ക്ക് വിശ്രമം നല്‍കി ഇന്ത്യ. ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ്, ഉമേഷ് യാദവ് എന്നിവര്‍ക്കാണ് വിശ്രമം നല്‍കുവാന്‍ ബിസിസിഐയുടെ തീരുമാനം. ചെന്നൈയില്‍ നടക്കുന്ന മത്സരത്തില്‍ സിദ്ധാര്‍ത്ഥ് കൗളിനെ ടീമിലേക്ക് ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഷാഹ്ബാസ് നദീം, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവരും ടീമിലേക്ക് എത്തി. ബിസിസിഐ ഇന്ന് പത്രക്കുറിപ്പിലൂടെയാണ് ഈ തീരുമാനം പ്രഖ്യാപിച്ചത്.

ഇന്ത്യയുടെ ഓസ്ട്രേലിയന്‍ ടൂറിനു താരങ്ങള്‍ പൂര്‍ണ്ണാരോഗ്യവന്മാരായി ഇരിക്കുവാന്‍ കൂടിയാണ് ഈ തീരുമാനമെന്നാണ് അറിയുന്നത്.

ഇന്ത്യ: ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ്മ, കെഎല്‍ രാഹുല്‍, ഋഷഭ് പന്ത്, ദിനേശ് കാര്‍ത്തിക്, മനീഷ് പാണ്ടേ, ശ്രേയസ് അയ്യര്‍, ക്രുണാല്‍ പാണ്ഡ്യ, യൂസുവേന്ദ്ര ചഹാല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ഖലീല്‍ അഹമ്മദ്, ഭുവനേശ്വര്‍ കുമാര്‍, സിദ്ധാര്‍ത്ഥ് കൗള്‍, ഷാഹ്ബാസ് നദീം

Exit mobile version