വെംബ്ലി ക്ലാസിക്, ജർമ്മനിക്ക് എതിരെ ഇംഗ്ലണ്ടിന്റെ മാസ്കരിക തിരിച്ചുവരവ്, എന്നിട്ടും വിജയമില്ല

വെംബ്ലി സ്റ്റേഡിയത്തിന്റെ ചരിത്രത്തിലേക്ക് ഒരു ക്ലാസിക് മത്സരം കൂടെ. ഇന്ന് നാഷൺസ് ലീഗിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ ഇംഗ്ലണ്ടും ജർമ്മനിയും അത്തരമൊരു പ്രകടനമാണ് കാഴ്ചവെച്ചത്. രണ്ട് ഗോളുകൾക്ക് പിറകിൽ നിന്ന ഇംഗ്ലണ്ട് തിരിച്ചടിച്ച് കൊണ്ട് 3-2ന് മുന്നിൽ എത്തി എങ്കിലും അവസാനം ജർമ്മനിൽ 3-3ന്റെ സമനില കണ്ടെത്തി.

ഇന്ന് ആദ്യ പകുതിയിൽ ഗോൾ ഒന്നും പിറന്നിരുന്നില്ല. 52ആം മിനുട്ടിൽ മഗ്വയർ വഴങ്ങിയ ഒരു പെനാൾട്ടി ജർമ്മനിക്ക് ലീഡ് നൽകി. ഗുണ്ടൊഗനാണ് പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ചത്. 67ആം മിനുട്ടിൽ ഹവേട്സിലൂടെ ജർമ്മനി രണ്ടാം ഗോൾ നേടിയപ്പോൾ ഇംഗ്ലണ്ടിന്റെ മറ്റൊരു പരാജയം ആണ് പ്രതീക്ഷിച്ചത്.

പക്ഷെ ഇംഗ്ലണ്ട് പൊരുതി കളിയിലേക്ക് തിരികെ വന്നു. 71ആം മിനുട്ടിൽ ലെഫ്റ്റ് ബാക്കായ ലൂക് ഷോയിലൂടെ ആദ്യ ഗോൾ. ഇതിനു പിന്നാലെ 75ആം മിനുട്ടിൽ ചെൽസി താരം മൗണ്ടിലൂടെ സമനില ഗോൾ. ഇതോടെ ആരാധകരുടെ പിന്തുണ കൂടെ ലഭിച്ച ഇംഗ്ലണ്ട് വിജയ ഗോളിനായി ശ്രമിച്ചു. 82ആം മിനുട്ടിൽ അവർക്ക് ഒരു പെനാൾട്ടി ലഭിച്ചു. ഇത് ക്യാപ്റ്റൻ ഹാരി കെയ്ൻ ലക്ഷ്യത്തിൽ എത്തിച്ചതോടെ. ഇംഗ്ലണ്ട് 3-2ന്റെ ലീഡിൽ.

എന്നിട്ടും വിജയം ഉറപ്പിക്കാൻ ഇംഗ്ലണ്ടിനായില്ല. 87ആം മിനുട്ടിലെ നിക് പോപിന്റെ ഒരു പിഴവ് ഹവേർട്സ് മുതലെടുത്ത് ജർമ്മനിയുടെ മൂന്നാം ഗോൾ നേടി. ഇതോടെ കളി 3-3 എന്നായി‌. കളി സമനിലയിൽ അവസാനിച്ചു. ഇംഗ്ലണ്ട് നേരത്തെ തന്നെ നാഷൺസ് ലീഗിൽ നിന്ന് റിലഗേറ്റ് ആയിരുന്നു.

ലോക ചാമ്പ്യന്മാരെ തറപറ്റിച്ച് ഡെന്മാർക്ക്

ഡെന്മാർക്ക് ആരെയും ഭയക്കുന്ന ടീമല്ല. ഇന്ന് അവർ യുവേഫ നാഷൺസ് ലീഗിലെ നിർണായക മത്സരത്തിൽ ലോക ചാമ്പ്യന്മാരായ ഫ്രാൻസിനെ പരാജയപ്പെടുത്തി. എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു ഡെന്മാർക്കിന്റെ വിജയം. ആദ്യ പകുതിയിലാണ് ഫ്രാൻസിനെ ഞെട്ടിച്ച രണ്ട് ഗോളുകൾ വന്നത്.

33ആം മിനിട്ടിൽ ഇടതു വിങ്ങിൽ നിന്ന് വന്ന ഡാസ്ംഗാർഡിന്റെ ലോ ക്രോസ് ഡോൽബർഗ് ലക്ഷ്യത്തിൽ എത്തിച്ചു. ഇത് കഴിഞ്ഞ് ആറ് മിനുട്ടിനകം രണ്ടാം ഗോൾ വന്നു‌‌. എറിക്സൺ എടുത്ത ഒരു കോർണർ ക്ലിയർ ചെയ്യാൻ ഫ്രാൻസ് ഡിഫൻസിന് ആയില്ല. ഈ അവസരം മുതലാക്കി ഡെലേനി നൽകിയ പാസ് മികച്ച സ്ട്രൈക്കിലൂടെ ഓൾസൺ വലയിൽ എത്തിച്ചു.

ഈ ഗോളുകൾക്ക് ഒരു മറുപടിയും ഫ്രാൻസിന്റെ കൈകളിൽ ഉണ്ടായിരുന്നില്ല. രണ്ടാം പകുതി ആകെ ശ്രമിച്ചിട്ടും ഒരു ഗോൾ പോലും അവർക്ക് മടക്കാനായില്ല.

ഈ വിജയത്തോടെ ഡെന്മാർക്ക് 12 പോയിന്റുമായി ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു. ഫ്രാൻസ് മൂന്നാമതാണ്. അവർക്ക് 6 മത്സരങ്ങളിൽ ആകെ ഒരു ജയം മാത്രമേ ഉള്ളൂ. ഈ ഗ്രൂപ്പിൽ നിന്ന് ഓസ്ട്രിയ റിലഗേറ്റ് ആയി.

നേഷൻസ് ലീഗ് – സ്പെയിനിനെ വീഴ്ത്തി സ്വിസ് പട

യുഫേഫ നേഷൻസ് ലീഗ് ഗ്രൂപ്പ് എ 2 വിൽ സ്പെയിനിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് വീഴ്ത്തി സ്വിസർലന്റ്. സ്വന്തം മൈതാനത്ത് നടന്ന മത്സരത്തിൽ പന്ത് കൂടുതൽ നേരം കൈവശം വച്ചത് സ്‌പെയിൻ ആയിരുന്നു എങ്കിലും അവർക്ക് അത് ജയം ആയി മാറ്റാൻ സാധിച്ചില്ല. മത്സരത്തിൽ 21 മത്തെ മിനിറ്റിൽ റൂബൻ വർഗാസിന്റെ കോർണറിൽ നിന്നു ഹെഡറിലൂടെ പ്രതിരോധതാരം മാനുവൽ അക്കാഞ്ചി സ്വിസ് ടീമിന് മുൻതൂക്കം സമ്മാനിക്കുക ആയിരുന്നു.

രണ്ടാം പകുതി തുടങ്ങി 10 മിനിറ്റിനുള്ളിൽ സ്പെയിൻ മത്സരത്തിൽ ഒപ്പമെത്തി. മാർകോ അസൻസിയോയുടെ പാസിൽ നിന്നു ജോർദി ആൽബയാണ് സമനില ഗോൾ കണ്ടത്തിയത്. 3 മിനിറ്റിനുള്ളിൽ സ്വിസ് ടീം തങ്ങളുടെ മുൻതൂക്കം തിരിച്ചു പിടിച്ചു. വർഗാസിന്റെ ഫ്രീകിക്കിൽ നിന്നു അക്കാഞ്ചിയുടെ ഗോൾ നേടാനുള്ള ശ്രമം എറിക് ഗാർസിയയുടെ ദേഹത്ത് തട്ടി സെൽഫ് ഗോൾ ആവുക ആയിരുന്നു. ജയത്തോടെ ഗ്രൂപ്പിൽ നിലവിൽ മൂന്നാമത് ആവാൻ സ്വിസ് ടീമിന് ആയി എന്നാൽ സ്‌പെയിൻ ഗ്രൂപ്പിൽ രണ്ടാമത് തുടരുകയാണ്.

ഇംഗ്ലണ്ടിന് നേഷൺസ് ലീഗിൽ റിലഗേഷൻ, ഇറ്റലിക്ക് മുന്നിൽ ഒരു പരാജയം കൂടെ

യുവേഫ നാഷൺസ് ലീഗിൽ ഇറ്റലിക്ക് മുന്നിൽ ഇംഗ്ലണ്ട് പരാജയപ്പെട്ടു. സാൻ സിരോയിൽ നടന്ന മത്സരത്തിൽ മറുപടിയില്ലാത്ത ഏക ഗോളിനാണ് ഇറ്റലി വിജയിച്ചത്. അവസാന കുറച്ചു മത്സരങ്ങൾ ആയി ഗോൾ അടിക്കാനും ഗോൾ അവസരങ്ങൾ സൃഷ്ടിക്കാനും പ്രയാസപ്പെടുന്ന ഇംഗ്ലണ്ടിനെ ആണ് ഇന്നും കാണാൻ ആയത്. ഇന്നത്തെ മത്സരത്തിലും ഗോളടിക്കാൻ ആവാഞ്ഞതോടെ ഓപ്പൺ പ്ലേയിൽ നിന്ന് ഗോൾ ഇല്ലാതെ ഇംഗ്ലണ്ട് 400 മിനുട്ടുകൾ കടന്നു.

ഇന്ന് രണ്ടാം പകുതിയിൽ ആണ് ഇറ്റലി വിജയ ഗോൾ കണ്ടെത്തിയത്. 68ആം മിനുട്ടിൽ ബൊണൂചി നൽകിയ ലോംഗ് പാസ് സ്വീകരിച്ച റാസ്പൊഡാറി മികച്ച ഫിനിഷിലൂടെ വല കണ്ടെത്തുക ആയിരുന്നു. റാസ്പൊഡറിയുടെ ഇറ്റലിക്കായുള്ള ആദ്യ ഗോളാണിത്. ഈ ഗോളിന് ഇംഗ്ലണ്ടിന് മറുപടി ഒന്നും ഉണ്ടായിരുന്നില്ല.

അഞ്ചു മത്സരങ്ങൾ കഴിഞ്ഞപ്പോഴും ജയം ഒന്നും ഇല്ലാത്ത ഇംഗ്ലണ്ട് ഇതോടെ യുവേഫ നാഷൺസ് ലീഗ് എയിൽ നിന്ന് റിലഗേറ്റ് ആകും എന്ന് ഉറപ്പായി.

ഗോളടിച്ചും അടിപ്പിച്ചും മെർട്ടൻസ്, ഡെന്മാർക്കിനെ മറികടന്നു ബെൽജിയം

യുഫേഫ നേഷൻസ്‌ ലീഗിൽ തങ്ങളുടെ ആദ്യ മത്സരം ജയത്തോടെ തുടങ്ങി ലോക ഒന്നാം നമ്പർ ടീമായ ബെൽജിയം. ഇത് തുടർച്ചയായ 11 മത്തെ മത്സരത്തിൽ ആണ് ചുവന്ന ചെകുത്താന്മാർ ജയം കാണുന്നത്. പല പ്രമുഖ താരങ്ങളും ഇല്ലാതെയാണ് ബെൽജിയം ഇന്ന് കളത്തിൽ ഇറങ്ങിയത്. ബോൾ കൈവശം വക്കുന്നതിൽ ഇരു ടീമുകളും ഏതാണ്ട് തുല്യത പുലർത്തിയപ്പോൾ ബെൽജിയം ആണ് കൂടുതൽ അവസരങ്ങൾ തുറന്നത്.

കളി തുടങ്ങി ഒമ്പതാം മിനിറ്റിൽ തന്നെ ബെൽജിയം മത്സരത്തിൽ മുന്നിലെത്തി. ലിയോൺ പ്രതിരോധനിര താരം ഡീനയാർ ആണ് മെർട്ടൻസിന്റെ പാസിൽ നിന്നു ലോക ഒന്നാം നമ്പർ ടീമിന് ലീഡ് സമ്മാനിക്കുന്നത്. തുടർന്ന് കളി ഏതാണ്ട് സമാസമം ആയി തന്നെ തുടർന്നു. രണ്ടാം പകുതിയിൽ 76 മത്തെ മിനിറ്റിൽ മെർട്ടൻസിന്റെ ഗോൾ ബെൽജിയത്തിന്റെ ജയം ഉറപ്പിച്ചു. ഇംഗ്ലണ്ട്, ഐസിലാന്റ് ടീമുകൾ ഉൾപ്പെട്ട ഗ്രൂപ്പിൽ ഇപ്പോൾ ബെൽജിയം ആണ് മുന്നിൽ.

യുവേഫ നാഷൺസ് ലീഗ് നാളെ മുതൽ

രാജ്യാന്തര ഫുട്ബോൾ മത്സരങ്ങളുടെ ഭാവി തന്നെ മാറ്റിമറിക്കുമെന്ന് കരുതപ്പെടുന്ന യുവേഫ നാഷൺസ് ലീഗിന് നാളെ തുടക്കമാകും. നാളെ ജർമ്മനിയും ഫ്രാൻസും തമ്മിലുള്ള മത്സരത്തോടെയാണ് രാജ്യങ്ങളുടെ ലീഗ് പോരാട്ടത്തിന് തുടക്കമാവുക. നാല് ലീഗുകളിലായി 55 ടീമുകളാണ് നാഷൺസ് ലീഗിൽ പങ്കെടുക്കുന്നത്. റാങ്കുകളുടെ അടിസ്ഥാനത്തിലാണ് ലീഗുകളെ നാലാക്കി വേർതിരിച്ചിരിക്കുന്നത്.

ഒരോ ലീഗിലെയും അവസാന നാലു സ്ഥാനക്കാർ അടുത്ത വർഷം താഴ്ന്ന ലീഗിലേക്ക് തരം താഴ്ത്തപ്പെടുന്ന രീതിയിലാകും ലീഗ് നടക്കുക. മികച്ച ടീമുകൾക്ക് പ്രൊമോഷനും ഉണ്ടാകും. ലീഗ് എ, ലീഗ് ബി, ലീഗ് സി, ലീഗ് ഡി എന്നിങ്ങനെയാണ് ലീഗിന്റെ പേരുകൾ.

ഒരോ ലീഗിനേയും മത്സരങ്ങൾ എളുപ്പത്തിലാക്കാൻ വേണ്ടി നാല് ഗ്രൂപ്പുകളായി തിരിച്ചിട്ടുമുണ്ട്. ഒരു ഗ്രൂപ്പിൽ മൂന്ന് ടീമുകൾ എന്ന രീതിയിലാണ് ലീഗ് എയെ തരം തിരിച്ചിരിക്കുന്നത്. യൂറോ കപ്പ് യോഗ്യതയ യുവേഫ നാഷൺസ് ലീഗിലൂടെയാക്കാനും പദ്ധതിയുണ്ട്. യൂറോപ്പ്യൻ രാജ്യങ്ങളിലെ കരുത്തർ ഏറ്റുമുട്ടുന്നത് ലീഗ് എയിലാണ്.

ലീഗ് എ യിലെ ഗ്രൂപ്പുകളും ടീമുകളും;

ഗ്രൂപ്പ് 1; ഫ്രാൻസ്, ജർമ്മനി, ഹോളണ്ട്
ഗ്രൂപ്പ് 2; ബെൽജിയം, സ്വിറ്റ്സർലാന്റ്, ഐസ്‌ലാന്റ്
ഗ്രൂപ്പ് 3; ഇറ്റലി, പോർച്ചുഗൽ, പോളണ്ട്
ഗ്രൂപ്പ് 4; ഇംഗ്ലണ്ട്, ക്രൊയേഷ്യ, സ്പെയിൻ

വരുന്നു യുവേഫ നേഷൻസ് ലീഗ്

യൂറോപ്പിലെ ഇന്റർനാഷണൽ ഫുട്ബോളിനെ ഉടച്ച് വാർക്കാനായി യുവേഫ അവതരിപ്പിക്കുന്ന പുതിയ മത്സര ക്രമമാണ് യുവേഫ നേഷൻസ് ലീഗ്. അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങളുടെ എണ്ണം കുറച്ച് കൊണ്ട് കൂടുതൽ മത്സരങ്ങൾ ഉൾപ്പെടുത്താനാണ് യൂറോപ്പിലെ ഫുട്ബോളിന്റെ ഗവേണിങ് ബോഡിയായ യുവേഫയുടെ ലക്ഷ്യം. പുതിയൊരു ലീഗ് വരുന്നതിനെക്കുറിച്ച് കേൾക്കുമ്പോൾ ആദ്യം നമ്മുടെ മനസ്സിൽ ഉയർന്നു വരുന്ന ചോദ്യം യൂറോപ്പിൽ നിന്നും ആരൊക്കെയാവും മത്സരത്തിനായെത്തുക എന്നതാണ്. നാല് ലീഗുകളായി തിരിച്ച് യൂറോപ്പിലെ 55 ടീമുകളെ ഉൾക്കൊള്ളിച്ചാണ് യുവേഫ നേഷൻസ് ലീഗ് ഒരുങ്ങുന്നത്.

2018 -19 സീസണിലാണ് ആദ്യത്തെ നേഷൻസ് ലീഗിലെ മത്സരങ്ങൾ നടക്കുക. നാല് ലീഗുകളും മൂന്നോ നാലോ ടീമുകൾ ഉൾപ്പെടുന്ന നാല് ഗ്രൂപ്പുകളായിയാണ് തിരിക്കുക. ആദ്യത്തെ ലീഗുമത്സരങ്ങൾ ആയതിനാൽ ലീഗ് ഫേസിൽ ഉൾപ്പെടുന്ന ടീമുകൾ ഒക്ടോബർ 11, 2017 ലെ യുവേഫ നേഷൻസ് റാങ്കിങ് അനുസരിച്ചായിരിക്കും. അതായത് ലീഗ് എയിൽ യൂറോപ്പിലെ ടോപ്പ് റാങ്കിങ്ങിൽ ഉള്ള രാജ്യങ്ങൾ ആയിരിക്കും ഉണ്ടാവുക. ഗ്രൂപ്പ് ഡിയിൽ റാങ്കിങ്ങിൽ ഏറ്റവും താഴെയുള്ള രാജ്യങ്ങളാകും ഉണ്ടാവുക. എല്ലാ ലീഗുകളിലെയും പോലെ റെലെഗേഷനും പ്രമോഷനും യുവേഫ നേഷൻസ് ലീഗിലും ഉണ്ടാകും.

യുവേഫ നേഷൻസ് ലീഗ് ചാമ്പ്യന്മാർ ലീഗ് എ യിൽ നിന്നാവും ഉണ്ടാവുക. ഒരു മിനി ടൂർണമെന്റ് നടത്തിയാണ് ജേതാക്കളെ തീരുമാനിക്കുക. ജൂണിൽ നടക്കുന്ന ടൂർണമെന്റിൽ സെമിയും ഫൈനലും മൂന്നാം സ്ഥാനക്കാർക്കായി ഒരു മത്സരവും ഉണ്ടാകും. എ ഒഴിച്ചുള്ള ലോവർ ലീഗുകളിലും മത്സരങ്ങൾ ഉണ്ടാകും. ഗ്രൂപ്പ് ചാമ്പ്യന്മാർക്ക് പ്രമോഷനും പോയന്റ് നിലയിൽ പിന്നിലുള്ള ക്ലബ്ബ്കൾക്ക് റെലെഗേഷനും ഉണ്ടാവും. സ്പെറ്റംബറിലും നവംബറിലുമായാണ് ലീഗ് ഫേസ് മത്സരങ്ങൾ നടക്കുക. ഫൈനൽ ജൂൺ 2019തിനും യൂറോ 2020 പ്ലേയോഫ്‌സ് മാർച്ച് 2020നും നടക്കും. യൂറോയ്ക്കായുള്ള പത്ത് ലീഗ് ഗ്രൂപ്പുകളിലെ ആദ്യ രണ്ടു സ്ഥാനക്കാരാണ് യൂറോ 2020 യിലേക്ക് ക്വാളിഫൈ ആകുന്ന 20 ടീമുകൾ. ആകെ 24 രാജ്യങ്ങൾ മാറ്റുരയ്ക്കുന്ന യൂറോയിൽ ബാക്കി നാല് സ്ഥാനങ്ങൾ യുവേഫ നേഷൻസ് ലീഗിലെ നാല് ലീഗ് ചാമ്പ്യന്മാർക്കായിരിക്കും.

ഇന്നലെ നടന്ന ഡ്രോയിൽ ഓരോ ലീഗ് ഗ്രൂപ്പുകളിൽ ഉള്ള ടീമുകളെ തിരഞ്ഞെടുത്തിട്ടുണ്ട്. ലീഗ് എയിൽ സ്പെയിൻ, ക്രോയേഷ്യ, ഇംഗ്ലണ്ട് എന്നിവരടങ്ങുന്ന ഗ്രൂപ്പാണ് ശ്കതമായ ഗ്രൂപ്പ്. ലോകകപ്പ് വിജയികളായ ജർമനി ഫ്രാൻസും നെതർലാൻഡ്‌സും അടങ്ങുന്ന ഗ്രൂപ്പിലാണ്. സൗഹൃദ മത്സരങ്ങളെ കൂടുതൽ ആവേശഭരിതമാക്കിമാറ്റുവാൻ നേഷൻസ് ലീഗ് സഹായിക്കുമെന്നതിൽ തർക്കമില്ല. യൂറോയിലേക്ക് താരതമ്മ്യേന വീക്കായ ടീമുകൾക്കും പ്രവേശനം ലഭിക്കാനുള്ള സാധ്യതയുണ്ട്. മത്സരങ്ങളിൽ നിന്നുള്ള വരുമാനം ഓരോ ഫുട്ബോൾ അസോസിയേഷനും ലഭിക്കുന്നത് ആശ്വാസകരമാണ്. യൂറോപ്പിലെ ദേശീയ ടീമുകളുടെ മത്സരങ്ങൾ കൂടുതൽ ഫുട്ബോൾ ആരാധകരെ ആകര്ഷിക്കുമെന്നു നമുക്ക് പ്രത്യാശിക്കാം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

യുവേഫ നേഷൻസ് ലീഗ് ഗ്രൂപ്പുകളായി, ജർമനിയും സ്പെയിനും മരണ ഗ്രൂപ്പിൽ

സൗഹൃദ മത്സരങ്ങൾക്ക് പകരം യുവേഫ നടപ്പാക്കുന്ന യുവേഫ നേഷൻസ് ലീഗിന്റെ മത്സര ക്രമം പുറത്തിറങ്ങി. നാല് ലീഗുകളായി തിരിച്ച് യൂറോപ്പിലെ 55 ടീമുകളെ ഉൾക്കൊള്ളിച്ചാണ് ലീഗ്. റാങ്കിങ്ങിന്റെ അടിസ്ഥാനത്തിലാണ് നാല് ലീഗുകളായി ടീമുകളെ തരം തിരിച്ചിരുക്കുന്നത്.

ലീഗ് എയിൽ സ്പെയിൻ, ക്രോയേഷ്യ, ഇംഗ്ലണ്ട് എന്നിവരടങ്ങുന്ന ഗ്രൂപ്പാണ് ശ്കതമായ ഗ്രൂപ്പ്. ലോകകപ്പ് വിജയികളായ ജർമനി ഫ്രാൻസും നെതർലാൻഡ്‌സും അടങ്ങുന്ന ഗ്രൂപ്പിലാണ്.  ബെൽജിയം, സ്വിറ്റ്സർലൻഡ്, ഐസ്ലാൻഡ് എന്നിവർ ഒരു ഗ്രൂപ്പിൽ ആണിനിരക്കുമ്പോൾ യൂറോ ചാമ്പ്യന്മാരായ പോർച്ചുഗൽ ഇറ്റലിയുടെയും പോളണ്ടിന്റെയും ഗ്രൂപ്പിലാണ്.

ലീഗ് ബിയിൽ റിപ്പബ്ലിക്ക് ഓഫ് അയർലണ്ടും വെയിൽസം ഡെന്മാർക്കിനൊപ്പം ഒരു ഗ്രൂപ്പിലാണ്.

ലീഗിൽ സെമി ഫൈനൽ, ഫൈനൽ, മൂന്നാം സ്ഥാനക്കാർക്കുള്ള മത്സരം എന്നിവയുണ്ടാകും. 2019 ജൂൺ 5  മുതൽ 9 വരെയുള്ള തിയ്യതികളിലാണ് ഈ മത്സരങ്ങൾ അരങ്ങേറുക. ഗ്രൂപ്പിൽ അവസാന സ്ഥാനത്തെത്തുന്ന ടീമുകൾ താഴെയുള്ള ലീഗിലേക്ക് തരംതാഴ്ത്തപ്പെടുകയും ചെയ്യും. 16 ഗ്രൂപ്പുകളിലെ വിജയികൾ 2020ലെ യൂറോ കപ്പിനുള്ള പ്ലേ ഓഫിനും യോഗ്യത നേടും. ഹോം ആൻഡ് എവേ ഫോർമാറ്റിൽ ആകും മത്സരം.

 

Exit mobile version