ബയേണ് എല്ലാം നിസ്സാരം, ഇറ്റലിയിൽ ചെന്ന് ഇന്റർ മിലാനെ തോൽപ്പിച്ചു

ഇന്റർ മിലാന് സാൻസിരോയിൽ ഒരു പരാജയം കൂടെ. ഇന്ന് ചാമ്പ്യൻസ് ലീഗിലെ മരണ ഗ്രൂപ്പ് എന്ന് പറയപ്പെടുന്ന ഗ്രൂപ്പ് സിയിലെ ആദ്യ മത്സരത്തിൽ ബയേൺ മ്യൂണിച്ചിനെ നേരിട്ട ഇന്റർ മിലാൻ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പരാജയപ്പെട്ടു. സ്വന്തം കാണികൾക്ക് മുന്നിൽ ആണ് ഇന്റർ മിലാന്റെ ഈ പരാജയം. മൂന്ന് ദിവസം മുമ്പ് അവർ മിലാൻ ഡാർബിയിലും പരാജയപ്പെട്ടിരുന്നു.

ഇന്ന് സാൻസിരോയിൽ ആയിരുന്നു കളി എങ്കിലും തുടക്കം മുതൽ കളി നിയന്ത്രിച്ചത് ബയേൺ ആയിരുന്നു. അവർ നിരവധി അവസരങ്ങൾ സൃഷ്ടിച്ചു. 25ആം മിനുട്ടിൽ അവർ അർഹിച്ച ആദ്യ ഗോൾ വന്നു‌. കിമ്മിചിന്റെ ഒരു ലോങ് പാസ് മനോഹരമായ ഫസ്റ്റ് ടച്ചിലൂടെ വരുതിയിലാക്കിയ സാനെ ഗോൾ കീപ്പർ ഒനാനയെ വീഴ്ത്തി കൊണ്ട് വലയിലേക്ക് തൊടുത്തു. സ്കോർ 1-0.

ആദ്യ പകുതിയിൽ തന്നെ ലീഡ് ഉയർത്താൻ ബയേണ് അവസരം ഉണ്ടായിരുന്നു എങ്കിലും അവരുടെ ഗോൾ ശ്രമങ്ങൾ എല്ലാം ലക്ഷ്യത്തിൽ നിന്ന് അകന്നു‌. രണ്ടാം പകുതിയിൽ ഒരു സെൽഫ് ഗോളാണ് ബയേണിന്റെ ലീഡ് ഉയർത്തിയത്‌. ഡിഅംബ്രോസിയോയുടെ വക ആയിരുന്ന ഈ സെൽഫ് ഗോൾ. ഈ ഗോളോടെ ബയേൺ മൂന്ന് പോയിന്റും ജയവും ഉറപ്പിച്ചു.

നാപൾസിൽ പേടിച്ച് വിറച്ച് ലിവർപൂൾ, ക്ലോപ്പിന്റെ ടീമിനെ നാണംകെടുത്തി നാപോളി

ലിവർപൂൾ ഈ സീസൺ തുടക്കം മുതൽ കഷ്ടപ്പെടുകയായിരുന്നു. ലീഗിൽ ഒരു മത്സരത്തിൽ ബൗണ്മതിനെതിരെ 9 ഗോളുകൾ അടിച്ചത് കൊണ്ട് ആ പ്രകടനങ്ങളും വിമർശനങ്ങളും ഒക്കെ തൽക്കാലം മറക്കാൻ ലിവർപൂളിന് ആയിരുന്നു. എന്നാൽ ഇന്ന് നാപൾസിൽ ലിവർപൂളിന്റെ എല്ലാ ബലഹീനതകളും ലോകം കണ്ടു. നാപോളിയോട് 4-1ന്റെ വലിയ പരാജയം തന്നെ ക്ലോപ്പിന്റെ ടീം നേരിട്ടു.

ഇന്ന് ആദ്യ പകുതിയിൽ ലിവർപൂൾ നടത്തിയ പ്രകടനം ക്ലോപ്പിന്റെ കീഴിൽ ലിവർപൂൾ നടത്തിയ ഏറ്റവും മോശം പ്രകടനങ്ങളിൽ ഒന്നാകും. ആദ്യ പകുതിയിൽ തന്നെ ലിവർപൂൾ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് പിറകിൽ പോയി. അത് മൂന്നിൽ നിന്നത് ലിവർപൂളിന്റെ ഭാഗ്യം കൊണ്ട് മാത്രമായിരുന്നു.

അഞ്ചാം മിനുട്ടിൽ മിൽനറിന്റെ ഒരു ഹാൻഡ്ബോളിന് ലഭിച്ച പെനാൾട്ടി സിയെലിൻസ്കി വലയിൽ എത്തിച്ചു. 18ആം മിനുട്ടിൽ വീണ്ടും നാപോളിക്ക് ഒരു പെനാൾട്ടി. ഇത്തവണ ഒസിമനാണ് കിക്ക് എടുത്തത്. ഒസിമന്റെ കിക്ക് പക്ഷെ അലിസൺ തടഞ്ഞു‌. അതുകൊണ്ട് മാത്രം ഗോളുകൾ നിന്നില്ല.

31ആം മിനുറ്റിൽ അംഗുയിസയുടെ ഫിനിഷ് നാപോളിയെ രണ്ട് ഗോളിന് മുന്നിൽ എത്തിച്ചു. ഈ ഗോൾ ലിവർപൂൾ ഡിഫൻസിനെ ആകെ ചോദ്യ ചിഹ്നത്തിൽ നിർത്തുന്നതായിരുന്നു. ഇതിനു ശേഷം ഒസിമന് പരിക്കേറ്റതിനാൽ സബ്ബായി എത്തിയ സിമിയോണിയും ഗോൾ നേടി. ഇതോടെ നാപോളി 3-0ന് മുന്നിൽ.

രണ്ടാം പകുതിയും നാപോളി ഗോളുമായി തുടങ്ങി. 47ആം മിനുട്ടിൽ സിയെലെൻസ്കിയുടെ രണ്ടാമത്തെ ഗോൾ. സ്കോർ 4-0. ഇതിനു ശേഷം ലൂയിസ് ഡയസിലൂടെ ഒരു ഗോൾ മടക്കി ലിവർപൂൾ 4-1 എന്ന നിലയിലേക്ക് കളി എത്തിച്ചു. ഇതിനു ശേഷം ലിവർപൂൾ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു എങ്കിലും അപ്പോഴേക്ക് ഏറെ വൈകിപ്പോയിരുന്നു. അധികം കഷ്ടപ്പെടാതെ തന്നെ രണ്ടാം പകുതിയിൽ നാപോളിക്ക് വിജയം ഉറപ്പിക്കാൻ ആയി.
.

ചാമ്പ്യന്മാർ വിജയവുമായി തുടങ്ങി, ഹസാർഡിന് അസിസ്റ്റും ഗോളും

റയൽ മാഡ്രിഡിന്റെ സ്കോട്ട്‌ലൻഡ് യാത്ര വലിയ വിജയത്തിൽ അവസാനിച്ചു. എതിരില്ലാത്ത മൂന്ന് ഗോളുകളുടെ വിജയമാണ് റയൽ മാഡ്രിഡ് ഇന്ന് നേടിയത്. ഒരു ഗോളും ഒരു അസിസ്റ്റും ഒരുക്കി ഹസാർഡ് ഇന്ന് താരമായി മാറി.

എളുപ്പത്തിൽ സെൽറ്റിക്കിനെ തോൽപ്പിക്കാം എന്ന് കരുതി ഇറങ്ങിയ നിലവിലെ ചാമ്പ്യന്മാർ ആദ്യ പകുതിയിൽ കുറച്ച് കഷ്ടപ്പെടേണ്ടി വന്നു. മത്സരത്തിന്റെ 29ആം മിനുട്ടിൽ സൂപ്പർ താരം ബെൻസീമ പരിക്കേറ്റ് കളം വിട്ടത് റയൽ മാഡ്രിഡിനെ പ്രതിസന്ധിയിൽ ആക്കി. മാഡ്രിഡ് ബെൻസീമക്ക് പകരം ഹസാർഡിനെ രംഗത്ത് ഇറക്കി.

ആദ്യ പകുതിയിൽ ഗോളടിക്കാൻ കിട്ടിയ സുവർണ്ണാവസരം ഹസാർഡ് നഷ്ടമാക്കുകയും ചെയ്തു. ആദ്യ പകുതി ഗോൾ ഇല്ലാതെ അവസാനിച്ചു. രണ്ടാം പകുതിയിലാണ് ശരിക്കുള്ള റയൽ മാഡ്രിഡിനെ കാണാൻ ആയത്.

56ആം മിനുട്ടിൽ വലതു വിങ്ങിലൂടെ മുന്നേറിയ വാൽവെർദെ ഇടതു വിങ്ങിലൂടെ പെനാൾട്ടി ബോക്സിലേക്ക് വരുന്നത് കണ്ട് വിനീഷ്യസിലേക്ക് പന്ത് എത്തിച്ചു. പെനാൾട്ടി ബോക്സിൽ. ഓടിയെത്തിയ വിനീഷ്യസിന് പന്ത് ആദ്യ ടച്ചിൽ തന്നെ വലയിൽ എത്തിക്കാൻ ആയി.

ഈ ഗോൾ കഴിഞ്ഞ് മിനുട്ടുകൾ മാത്രം കഴിഞ്ഞപ്പോൾ മോഡ്രിചിലൂടെ രണ്ടാം ഗോൾ വന്നു. ഹസാർഡിന്റെ പഴയ ഫോമിന്റെ മിന്നലാട്ടം ആണ് ആ ഗോളിലേക്ക് വഴി തെളിച്ചത്. മധ്യനിരയിൽ നിന്ന് പന്തുമായി കുതിച്ച ഹസാർഡ് നൽകിയ പാസ് സ്വീകരിച്ച് ആയിരുന്നു മോഡ്രിചിന്റെ ഫിനിഷ്. സ്കോർ 2-0

ഇതിനു ശേഷം ഹസാർഡിന്റെ വകയും ഒരു ഗോൾ വന്നു. 77ആം മിനുട്ടിൽ കാർവഹാലിന്റെ പാസിൽ നിന്നായിരുന്നു ഹസാർഡിന്റെ ഫിനിഷ്. ഹസാർഡ് ഫോമിലേക്ക് തിരികെയെത്തുന്ന മത്സരമായി ഈ മത്സരം രേഖപ്പെടുത്തിയേക്കാം. ഈ ഗോളോടെ റയൽ മാഡ്രിഡിന്റെ വിജയം പൂർത്തിയായി.

എംബപ്പെയുടെ ഡബിൾ മാജിക്ക്!! പാരീസിൽ യുവന്റസിനെ തോൽപ്പിച്ച് പി എസ് ജി

പാരീസിൽ പിഎസ് ജിയുടെ വിജയക്കൊടി. ഇന്ന് ചാമ്പ്യൻസ് ലീഗിലെ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ പി എസ് ജി യുവന്റസിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചു. എമ്പപ്പെയുടെ ആദ്യ പകുതിയിലെ ഇരട്ട ഗോളുകൾ ആണ് പി എസ് ജിക്ക് വിജയം നൽകിയത്

പി എസ് ജി സൂപ്പർ താരങ്ങൾ ഒരു സൂപ്പർ ടീമായി മാറുന്നത് ഈ സീസൺ തുടക്കം മുതൽ കാണുന്നുണ്ട്. അതിന്റെ തുടർച്ചയാണ് ഇന്ന് പാരീസിൽ കണ്ടത്. മത്സരത്തിന്റെ തുടക്കം മുതൽ പി എസ് ജി മത്സരത്തിൽ ആധിപത്യം പുലർത്തി. അഞ്ചാം മിനുട്ടിൽ തന്നെ അവർ ലീഡും എടുത്തു. ഈ ചാമ്പ്യൻസ് ലീഗ് സീസണിൽ കാണാൻ കഴിയുന്ന ഏറ്റവും നല്ല പാസുകളിൽ ഒന്നായി മാറുമെന്ന് ഉറപ്പുള്ള ഒരു പാസിൽ നിന്നായിരുന്നു ആദ്യ ഗോൾ വന്നത്.

പെനാൾട്ടി ബോക്സിന് പുറത്ത് നിന്ന് നെയ്മർ ചിപ് ചെയ്ത് നൽകിയ പാസിന്റെ വേഗതയും അളവും എല്ലാം കിറു കൃത്യമായിരുന്നു. യുവന്റസ് ഡിഫൻഡേഴ്സിന്റെ തലക്കു മുകളിലൂടെ എംബപ്പയ്ക്ക് ഒരു വോളി തൊടുക്കാൻ പാകത്തിൽ വന്ന ആ പാസ് എംബപ്പെ ലക്ഷ്യത്തിൽ എത്തിച്ചു. പി എസ് ജി 1-0 യുവന്റസ്.

ഇതിനു ശേഷം യുവന്റസിന് ഒരു ഗോൾ അവസരം വന്നു. 18ആം മിനുട്ടിലെ മിലികിന്റെ ഹെഡർ ഡൊണ്ണരുമ്മ തടഞ്ഞത് കൊണ്ട് കളി 1-0 എന്ന് തന്നെ തുടർന്നു. 22ആം മിനുട്ടിൽ എംബപ്പെയുടെ വക രണ്ടാം ഗോൾ വന്നു. ഈ ഗോളും മനോഹരമായിരുന്നു.

ഒരു ട്രെയിനിങ് ഗ്രൗണ്ട് എന്ന പോലെ ഹകിമിയും എംബപ്പെയും വൺ ടച്ച് പാസുകൾ കളിച്ച ശേഷമാണ് എംബപ്പെയുടെ ഫിനിഷ് വന്നത്. സ്കോർ 2-0. പാരീസിൽ പിന്നെ യുവന്റസിന് ഒരു തിരിച്ചുവരവ് പ്രതീക്ഷിക്കാൻ പോലും ആകുമായുരുന്നില്ല.

എന്നാൽ രണ്ടാം പകുതിയിൽ സബ്ബായി മക്കെന്നിയെ എത്തിച്ചു കൊണ്ട് അലെഗ്രി നടത്തിയ മാറ്റം ഫലം കണ്ടു. 53ആം മിനുട്ടിൽ മക്കെന്നി തന്നെ ഒരു ഗോൾ മടക്കി. ഇടതു വിങ്ങിൽ നിന്ന് കോസ്റ്റിച് കൊടുത്ത ഒരു ക്രോസ് മക്കെന്നി ഉയർന്ന് ചാടി ഹെഡ് ചെയ്ത് വലയിൽ എത്തിച്ചു. ജനുവരിക്ക് ശേഷം താരം യുവന്റസിനായി നേടുന്ന ആദ്യ ഗോളായിരുന്നു ഇത്. സ്കോർ 2-1.

ഇതിനു ശേഷം സമനിലക്കായി യുവന്റസും ലീഡ് ഉയർത്താൻ പി എസ് ജിയും ശ്രമിച്ചു എങ്കിലും വല പിന്നെ അനങ്ങിയില്ല. എമ്പപ്പെ നിരവധി അവസരങ്ങൾ പാഴാക്കിയത് താരത്തെ ഹാട്രിക്കിൽ നിന്ന് അകറ്റി.

ഹാളണ്ടിന് ഗോളടിക്കാതിരിക്കാൻ ആകുമോ!? മാഞ്ചസ്റ്റർ സിറ്റി വൻ വിജയവുമായി ചാമ്പ്യൻസ് ലീഗ് തുടങ്ങി

എർലിങ് ഹാളണ്ട് എന്നാൽ ഗോളുകൾ ആണ്. അത് പ്രീമിയർ ലീഗ് എന്നോ ചാമ്പ്യൻസ് ലീഗ് എന്നോ വ്യത്യാസമില്ല. പ്രീമിയർ ലീഗിൽ ഇതിനകം തന്നെ 10 ഗോളുകൾ അടിച്ചു കൂട്ടിയ ഹാളണ്ട് ഇന്ന് ചാമ്പ്യൻസ് ലീഗിലും തന്റെ ഗോൾ വേട്ട തുടങ്ങി. ഇന്ന് സ്പെയിനിൽ ചെന്ന് സെവിയ്യയെ നേരിട്ട മാഞ്ചസ്റ്റർ സിറ്റി എതിരില്ലാത്ത 4 ഗോളുകൾക്ക് വിജയിക്കുകയും ചെയ്തു.

എവേ മത്സരം ആയിട്ടും സിറ്റിയുടെ ആധിപത്യം ആണ് ഇന്ന് കണ്ടത്. ഇരുപതാം മിനുട്ടിൽ ആയിരുന്നു അവർ ലീഡെടുത്ത ഗോൾ വന്നത്. വലതു ഭാഗത്ത് ഫിൽ ഫോഡൻ തുടങ്ങിയ നീക്കം ഡി ബ്രുയിനിലേക്ക് എത്തി. ഡിബ്രുയിൻ നൽകിയ ക്രോസ് പുതിയ പതിവു പോലെ ഫാർ പോസ്റ്റി ഓടിയെത്തിയ ഹാളണ്ട് ലക്ഷ്യത്തിൽ എത്തിച്ചു. സ്കോർ 1-0.

രണ്ടാം പകുതിയിൽ മാഞ്ചസ്റ്റർ സിറ്റി തങ്ങളുടെ രണ്ടാം ഗോളും നേടി. 58ആം മിനുട്ടിൽ പെനാൾട്ടി ബോക്സിൽ വെച്ച് കാൻസെലോ നൽകിയ പന്ത് സ്വീകരിച്ച് സെവിയ്യ ഡിഫൻസുകൾക്ക് ഇടയിലൂടെ താളം പിടിച്ച് സമാധാനത്തിൽ പന്ത് വലയിൽ എത്തിക്കാൻ ഫോഡനായി. സ്കോർ 2-0

ഇതിനു ശേഷം ഹാളണ്ടിന്റെ രണ്ടാം ഗോൾ വന്നു. ഫോഡന്റെ ഒരു ഷോട്ട് ഗോളി തടഞ്ഞിട്ടത് ഹാളണ്ടിന്റെ വഴിയിലേക്ക് ആയിരുന്നു. അദ്ദേഹം അനായാസം സിറ്റിയുടെ ലീഡ് മൂന്ന് ആക്കി ഉയർത്തി. അവസാനം റൂബൻ ഡയസും ഗോൾ നേടിയതോടെ സിറ്റിയുടെ വിജയം പൂർത്തിയാവുകയും ചെയ്തു.

ചാമ്പ്യൻസ് ലീഗിൽ തുടക്കത്തിൽ തന്നെ ചെൽസിക്ക് കാലിടറി

മുൻ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ ചെൽസിക്ക് പുതിയ ചാമ്പ്യൻസ് ലീഗിൽ തുടക്കത്തിൽ തന്നെ തിരിച്ചടി. ഇന്ന് ക്രൊയേഷ്യൻ ക്ലബായ ഡൈനമോ സഗ്റബിനെ നേരിട്ട ചെൽസി മറുപടിയില്ലാത്ത ഒരു ഗോളിന്റെ പരാജയം ആണ് ഏറ്റുവാങ്ങിയത്. ചെൽസിയിൽ നിന്ന് ഈ സീസണിൽ ഇതുവരെ കണ്ട് അസ്ഥിരത തന്നെയാണ് ഇന്നും കാണാൻ ആയത്. അവസാന അഞ്ചു മത്സരങ്ങൾക്ക് ഇടയിൽ ചെൽസിയുടെ മൂന്നാം പരാജയമാണിത്‌.

ഇന്ന് മത്സരത്തിന്റെ തുടക്കത്തിൽ ഒരു കൗണ്ടർ അറ്റാക്കിൽ നിന്നാണ് ഡൈനമോ ലീഡ് എടുത്തത്. 13ആം മിനുട്ടിൽ പെട്രോവിചിന്റെ ഫ്ലിക്ക് പാസ് സ്വീകരിച്ച് മുന്നേറിയ ക്രൊയേഷ്യൻ താരം ഒർസിച് ആണ് ആതിഥേയർക്ക് ലീഡ് നൽകിയത്‌. ഈ ഗോളിന് ശേഷം ഒരു ഗംഭീര ഡിഫൻസീവ് പ്രകടനം ആണ് ക്രൊയേഷ്യൻ ക്ലബിൽ നിന്ന് കണ്ടത്‌‌. ഗോൾകീപ്പർ ലിവകോവിചിന്റെ നല്ല സേവുകളും സഗ്രബിന് മൂന്ന് പോയിന്റ് സ്വന്തമാക്കാൻ സഹായകരമായി‌‌.

ചെൽസിക്ക് ഒപ്പം ഗ്രൂപ്പ് ഇയിൽ എ സി മിലാൻ, സാൽസ്ബർഗ് എന്നീ ടീമുകളും ഉണ്ട്.

ചാമ്പ്യന്മാരുടെ ആദ്യ അങ്കം ഇന്ന്, ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡ് ഇറങ്ങും

സ്വപ്നതുല്യമായ അവസാന സീസണിന് ശേഷം റയൽ മാഡ്രിഡ് വീണ്ടും ചാമ്പ്യൻസ് ലീഗിന്റെ കളത്തിലേക്ക്. ആദ്യ മത്സരത്തിൽ സെൽറ്റിക്കാണ് നിലവിലെ ചാംപ്യന്മാരുടെ എതിരാളികൾ. മികച്ച ഫോമോടെ സീസണിന് ആരംഭം കുറിച്ച മാഡ്രിഡ് ചാമ്പ്യൻസ് ലീഗിലും വിജയത്തിൽ കുറഞ്ഞ ഒന്നും ആദ്യ മത്സരത്തിൽ പ്രതീക്ഷിക്കുന്നില്ല.

ലാ ലീഗയിലെ ആദ്യ മത്സരങ്ങളിൽ സമ്പൂർണ വിജയത്തോടെയാണ് മാഡ്രിഡ് കുതിക്കുന്നത്‌. അവസാന മത്സരത്തിൽ കരുത്തരായ എതിരാളികളായ റയൽ ബെറ്റിസിനെ തോൽപ്പിക്കാൻ ആയത് ടീമിന്റെ ആത്മവിശ്വാസം വീണ്ടും വർധിപ്പിക്കും. പതിവ് പോലെ ബെൻസിമയും വിനിഷ്യസും ഗോളടി ആരംഭിച്ചു കഴിഞ്ഞു. കമവിംഗയും ചൗമേനിയും യാതൊരു താമസവും കൂടാതെ ടീമിനോട് ഇണങ്ങി ചേർന്നു. ഇവരുടെ സാന്നിധ്യം വർഷങ്ങളായി ടീമിലെ സുപ്രധാന താരമായിരുന്ന കസേമിറോയുടെ അഭാവം മറികടക്കാൻ മാഡ്രിഡിനെ സഹായിക്കുന്നുണ്ട്. പ്രധാന താരങ്ങളിൽ ആർക്കും പരിക്ക് ഇല്ല. ബെറ്റിസിനെതിരായ മത്സരത്തിൽ ബെഞ്ചിൽ നിന്നും മത്സരം ആരംഭിച്ച വാൽവെർഡെ ആദ്യ ഇലവനിലേക്ക് മടങ്ങി എത്തിയേക്കും.

ലീഗിലെ ആറു മത്സരങ്ങളിൽ നിന്നും ആറു വിജയം നേടിയ സെൽറ്റിക്കും മികച്ച ഫോമിൽ തന്നെയാണ്. അവസാന മത്സരത്തിൽ പ്രധാന എതിരാളികളും ലീഗിലെ രണ്ടാം സ്ഥാനക്കാരും ആയ റേഞ്ചേഴ്സിനെ തന്നെ എതിരില്ലാത്ത നാല് ഗോളിന് തോല്പിക്കാൻ അവർക്കായി. മാഡ്രിഡിനെ നേരിടാൻ ഒരുങ്ങുമ്പോൾ നിലവിലെ ഫോമിൽ ഒട്ടും വിട്ടു കൊടുക്കാൻ സെൽറ്റിക്കിനും ആവില്ല. സെൽറ്റിക്കിന്റെ സ്റ്റേഡിയം ആയ സെൽറ്റിക് പാർക്കിൽ വെച്ചാണ് മത്സരം. ഇന്ത്യൻ സമയം ബുധനാഴ്ച പുലർച്ചെ പന്ത്രണ്ട് മുപ്പത്തിന് മത്സരത്തിന് പന്തുരുണ്ടു തുടങ്ങും.

ബെൻസീമയാണ് താരം!! യുവേഫയുടെ ഈ സീസണിലെ മികച്ച താരമായി റയൽ മാഡ്രിഡ് സ്ട്രൈക്കർ

യുവേഫയുടെ ഈ വർഷത്തെ മികച്ച താരത്തിനുള്ള പുരസ്കാരം ഫ്രഞ്ച് താരം ബെൻസീമ സ്വന്തമാക്കി. ഇന്ന് നടന്ന പുരസ്കാര ചടങ്ങി ബെൻസീമ ഈ പുരസ്കാരം ഏറ്റുവാങ്ങി. കഴിഞ്ഞ സീസണിൽ റയൽ മാഡ്രിഡിനായി നടത്തിയ വലിയ പ്രകടനം ആണ് ബെൻസീമയെ ഈ പുരസ്കാരത്തിന് അർഹനാക്കിയത്. കഴിഞ്ഞ സീസണിൽ റയലിനൊപ്പം ചാമ്പ്യൻസ് ലീഗും ലാലിഗയും ബെൻസീമ നേടിയിരുന്നു.

ലാലിഗയിലും ചാമ്പ്യൻസ് ലീഗിലും കഴിഞ്ഞ സീസണിൽ ടോപ് സ്കോററും ബെൻസീമ ആയിരുന്നു. റയലിന്റെ തന്നെ കോർതോസിനെയും മാഞ്ചസ്റ്റർ സിറ്റിയുടെ ഡിബ്രുയിനെയും മറികടന്നാണ് ബെൻസീമ ഈ പുരസ്കാരം നേടിയത്. കഴിഞ്ഞ സീസണിൽ 46 മത്സരങ്ങളിൽ നിന്ന് 45 ഗോളുകൾ ബെൻസീമ നേടിയിരുന്നു. ചാമ്പ്യൻസ് ലീഗിൽ മാത്രം കഴിഞ്ഞ സീസണിൽ 15 ഗോളുകൾ താരം നേടിയിരുന്നു‌

ബയേൺ തന്നെയോ ഇത്!! വിയ്യാറയലിന് മുന്നിൽ ജർമ്മൻ വമ്പന്മാർ വീണു

ബുണ്ടസ് ലീഗ ചാമ്പ്യന്മാരും ഏത് ഗോൾ പോസ്റ്റിലും ഗോളടിച്ച് കൂട്ടുന്നവരുമായ ബയേൺ മ്യൂണിച്ച് ഒരു അട്ടിമറി തന്നെ നേരിട്ടു. ഇന്ന് ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിന്റെ ആദ്യ പാദത്തിൽ സ്പെയിനിൽ വെച്ച് വിയ്യറയൽ ആണ് ബയേണെ പരാജയപ്പെടുത്തിയത്. അതും ഒരു ഗോൾ പോലും ബയേണെ അടിക്കാൻ വിടാതെ.

ഇന്ന് മത്സരം ആരംഭിച്ച് എട്ടാം മിനുറ്റിൽ ആണ് വിയ്യറയൽ ലീഡ് എടുത്തത്. ഡാഞ്ജുമയാണ് ഗോൾ നേടിയത്. പരേഹോയുടെ ഷോട്ട് നൂയറിന് തൊട്ടു മുന്നിൽ വെച്ച് ഡഞ്ചുമ ഗതി തിരിച്ചു വിടുകയായിരുന്നു. ലീഡ് നേടിയതിനു ശേഷവും പക്വതയാർന്ന കളി കാഴ്ചവെച്ച വിയ്യാറയൽ 40ആം മിനുട്ടിൽ വീണ്ടും ഗോൾ നേടി. കോക്വലിൻ നേടിയ ഗോൾ പക്ഷെ വിവാദ തീരുമാനത്തിലൂടെ വാർ വഴി നിഷേധിക്കപ്പെട്ടു.

രണ്ടാം പകുതിയിൽ ബയേൺ കളിയിലേക്ക് തിരികെ വരാൻ ആഞ്ഞു ശ്രമിച്ചു എങ്കിലും ഫലം ഉണ്ടായില്ല. പതിവു പോലെ ഒരുപാട് അവസരങ്ങൾ സൃഷ്ടിക്കാനും അവർക്ക് ആയില്ല. അടുത്ത ആഴ്ച മ്യൂണിക്കിൽ വെച്ച് രണ്ടാം പാദ ക്വാർട്ടർ ഫൈനൽ നടക്കും.

അത്ലറ്റിക്കോയുടെ പ്രതിരോധ ബസ് മതിയായില്ല, ഡിബ്രുയിനയുടെ മികവിൽ മാഞ്ചസ്റ്റർ സിറ്റിക്ക് വിജയം

അത്ലറ്റിക്കോ മാഡ്രിഡിന്റെ ഡിഫൻസീവ് പൂട്ട് തകർത്ത് മാഞ്ചസ്റ്റർ സിറ്റിക്ക് വിജയം. ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു മാഞ്ചസ്റ്റർ സിറ്റിയുടെ വിജയം.

ഇന്ന് ഇത്തിഹാദ് സ്റ്റേഡിയത്തിൽ ആദ്യ പകുതിയിൽ കണ്ടത് തീർത്തും സിമിയോണിയുടെ ടീമിന്റെ ഡിഫൻസീവ് പ്രകടനമായുരുന്നു. ഡിഫൻസീവ് ബ്ലോക്ക് തീർത്ത് കൊണ്ട് മാഞ്ചസ്റ്റർ സിറ്റിക്ക് മുന്നിൽ നിന്ന അത്ലറ്റിക്കോ മാഡ്രിഡ് അവരെ അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ നിന്ന് തടഞ്ഞു. ആദ്യ പകുതിയിൽ 73% പൊസഷൻ സിറ്റിക്ക് ഉണ്ടായി എങ്കിലും ഒരു നല്ല അവസരം പോലും സൃഷ്ടിക്കാൻ മാഞ്ചസ്റ്റർ സിറ്റിക്ക് ആയില്ല. ഒബ്ലകിനെ പരീക്ഷിക്കാനും അവർക്ക് ആയില്ല.

രണ്ടാം പകുതിയിലും അത്ലറ്റിക്കോ മാഡ്രിഡ് ഡിഫൻസീവ് ടാക്ടിക്സ് തുടർന്നു. അവസാനം 70ആം മിനുറ്റിൽ കെവിൻ ഡിബ്രുയിന ആ പ്രതിരോധ കോട്ട തകർത്തു. ഫിൽ ഫോഡന്റെ പാസ് സ്വീകരിച്ചായിരുന്നു ഡിബ്രുയിന്റെ ഗോൾ. ഡിബ്രുയിന്റെ ഈ സീസണിലെ ആദ്യ ചാമ്പ്യൻസ് ലീഗ് ഗോളാണിത്. ഈ ഗോൾ മതിയായി മാഞ്ചസ്റ്റർ സിറ്റിക്ക് വിജയം ഉറപ്പാകാൻ.

ഇനി അടുത്ത ആഴ്ച മാഡ്രിഡിൽ രണ്ടാം പാദ ക്വാർട്ടർ മത്സരം നടക്കും.

ചാമ്പ്യൻസ് ലീഗിലും രക്ഷയില്ലാതെ മാഞ്ചസ്റ്റർ യുണൈറ്റഡ്, അത്കറ്റിക്കോ മാഡ്രിഡ് ക്വാർട്ടറിൽ

ചാമ്പ്യൻസ് ലീഗിലും മാഞ്ചസ്റ്റർ യുണൈറ്റഡിന് രക്ഷയില്ല. ഇന്ന് സ്വന്തം സ്റ്റേഡിയമായ ഓൾഡ് ട്രാഫോർഡിൽ മറുപടിയില്ലാത്ത ഏക ഗോളിന്റെ പരാജയം ആണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിധി എഴുതിയത്‌. ആദ്യ പാദത്തിൽ 1-1 എന്ന് അവസാനിച്ചിരുന്ന മത്സരം 2-1ന്റെ അഗ്രിഗേറ്റ് സ്കോറിൽ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് തോറ്റ് പുറത്തയത്‌. അത്ലറ്റിക്കോ മാഡ്രിഡ് ക്വാർട്ടറിലേക്ക് മുന്നേറുകയും ചെയ്തു.

ഇന്ന് ഓൾഡ്ട്രാഫോർഡിൽ നന്നായി തുടങ്ങാൻ ആയെങ്കിൽ ഗോൾ നേടാൻ യുണൈറ്റഡിനായില്ല. എലാംഗയുലൂടെ ഒരു നല്ല അവസരം യുണൈറ്റഡിന് ലഭിച്ചു എങ്കിലും ഫലം ഉണ്ടായില്ല. മത്സരത്തിന്റെ 41ആം മിനുട്ടിലാണ് അത്ലറ്റിക്കോ ലീഡ് എടുത്തത്. ബാക്ക് പോസ്റ്റിൽ നിന്ന് ഒരു ഹെഡറിലൂടെ റെനാൻ ലോഡി ആണ് സിമിയോണിയുടെ ടീമിന് ലീഡ് നൽകിയത്.

മത്സരത്തിന്റെ രണ്ടാം പകുതിയിൽ പോഗ്ബ, റാഷ്ഫോർഡ്, കവാനി, മാറ്റിച് എന്നിവരെ മാഞ്ചസ്റ്റർ യുണൈറ്റഡ് കളത്തിൽ ഇറക്കി. പക്ഷെ സിമിയോണിയുടെ ഡിഫൻസ് ഭേദിക്കുക എളുപ്പമേ ആയിരുന്നില്ല. 76ആം മിനുട്ടിൽ വരാന്റെ ഒരു ഹെഡർ ഒബ്ലക് മാരക സേവിലൂടെ രക്ഷിച്ചു.

ഇന്നത്തെ പരാജയം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ യൂറോപ്യൻ യാത്ര അവസാനിപ്പിച്ചു. ഒപ്പം ഈ സീസണിൽ ഇനി ഒരു കിരീടം എന്നതും യുണൈറ്റഡിന് പ്രയാസം ആണ്.

“അത്ലറ്റിക്കോ മാഡ്രിഡിന് എതിരെയും റൊണാൾഡോ മൂന്ന് ഗോൾ അടിക്കട്ടെ” – റാൾഫ് റാങ്നിക്

ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെയാകും ചാമ്പ്യൻസ് ലീഗ് രണ്ടാം പാദത്തിലും മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രധാന താരമെന്ന് റാൾഫ് റാങ്നിക്. അവസാന മത്സരത്തിൽ റൊണാൾഡോ ഹാട്രിക്ക് നേടിയിരുന്നു. നാളെ സ്പാനിഷ് ലീഗ് ചാമ്പ്യന്മാർക്കെതിരെയും റൊണാൾഡോ മൂന്ന് ഗോളുകൾ നേടിയിരുന്നു എങ്കിൽ നല്ലതായിരുന്നു എന്ന് റാങ്നിക്ക്.

“റൊണാൾഡോ നാളെ മൂന്ന് ഗോളുകൾ കൂടി സ്കോർ ചെയ്യാൻ കഴിയുമെങ്കിൽ നല്ലതായിരുന്നു. എന്നാൽ ഈ ടീമിനെതിരെ മൂന്ന് ഗോളുകൾ നേടുക എന്നത് അത്ര എളുപ്പമല്ല.” റാങ്നിക്ക് പറഞ്ഞു.

“അദ്ദേഹത്തിന്റെ മൊത്തത്തിലുള്ള പ്രകടനം മികച്ചതാണെന്ന് ഞാൻ കരുതുന്നു, വളരെ മികച്ചതല്ലെങ്കിൽ പോലും, നാളെ രാത്രി അവനിൽ നിന്ന് വീണ്ടും നല്ല പ്രകടനം ലഭിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നത്.” അദ്ദേഹം പറഞ്ഞു.

റയൽ മാഡ്രിഡിന് വേണ്ടി കളിക്കുമ്പോൾ റൊണാൾഡോ അത്‌ലറ്റിക്കോയെ ഏറെ നോവിച്ചിട്ടുണ്ട്. അത്തരം പ്രകടനമാകും ആരാധകർ കാത്തിരിക്കുന്നത്.

Exit mobile version