മാഡ്രിഡിൽ അത്ഭുതങ്ങൾ ഒന്നും ഇല്ല, ലിവർപൂളിനെ വീണ്ടും തോൽപ്പിച്ച് റയൽ ക്വാർട്ടറിൽ

മാഡ്രിഡിൽ ചെന്ന് അത്ഭുതങ്ങൾ ഒന്നും കാണിക്കാൻ ക്ലോപ്പിനോ അദ്ദേഹത്തിന്റെ ടീമായ ലിവർപൂളിനോ ആയില്ല. ഇന്ന് മാഡ്രിഡിൽ വെച്ച് റയൽ മാഡ്രിഡിനോട് പരാജയം ഏറ്റു വാങ്ങിയ ലിവർപൂൾ ടൂർണമെന്റിൽ നിന്ന് പുറത്തേക്ക് പോയി. റയൽ മാഡ്രിഡ് ക്വാർട്ടർ ഫൈനലിലേക്കും മുന്നേറി. പ്രീക്വാർട്ടറിന്റെ ആദ്യ പാദത്തിൽ ആൻഫീൽഡിൽ വെച്ച് റയൽ മാഡ്രിഡ് ലിവർപൂളിനെ 5-2 എന്ന സ്കോറിന് തോൽപ്പിച്ചിരുന്നു. ഇന്ന് ബെ‌ൻസീമ നേടിയ ഏക ഗോളിന്റെ ബലത്തിൽ ആയിരുന്നു ററ്റൽ മാഡ്രിഡ് വിജയിച്ചത്. അഗ്രി ഗേറ്റ് സ്കോർ 6-2

ഇന്ന് ബെർണബയു സ്റ്റേഡിയത്തിൽ തുടക്കം മുതൽ അറ്റാക്കിംഗ് ഫുട്ബോൾ കാണാൻ ആയി. ലിവർപൂളിന് ചുരുങ്ങിയത് മൂന്ന് ഗോൾ എങ്കിലും വേണമായിരുന്നു എന്നത് കൊണ്ട് അവർക്ക് അറ്റാക്ക് ചെയ്യുക അല്ലാതെ വഴി ഉണ്ടായിരുന്നില്ല. ആദ്യ പകുതിയ റയൽ മാഡ്രിഡ് ലീഡ് എടുക്കാതിരിക്കാൻ ലിവർപൂൾ ഗോൾ കീപ്പർ അലിസന്റെ മികച്ച സേവ് തന്നെ വേണ്ടി വന്നിരുന്നു.

രണ്ടാം പകുതിയിൽ കളി കൃത്യമായി നിയന്ത്രിച്ചു കൊണ്ട് റയൽ മാഡ്രിഡ് അവരുടെ ക്വാർട്ടർ ഉറപ്പിച്ചു. 79ആം മിനുട്ടിൽ ആയിരുന്നു ബെൻസീമയുടെ വിജയ ഗോളായി മാറിയ ഗോൾ‌.

നാപോളി അൺസ്റ്റോപ്പബിൾ!! ചരിത്രം തിരുത്തി ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഉറപ്പിച്ചു

യുവേഫ ചാമ്പ്യൻസ് ലീഗിന്റെ 16-ാം റൗണ്ടിന്റെ രണ്ടാം പാദത്തിൽ ഐൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ടിനെ 3-0 ന് തകർത്ത് നാപോളി ക്വാർട്ടർ ഫൈനലിൽ ഇടം നേടി. ആദ്യ പാദത്തിൽ 2-0ന് വിജയിച്ച ആത്മവിശ്വാസത്തിൽ ഇന്ന് സ്വന്തം ആരാധകർക്ക് മുന്നിൽ ഇറങ്ങിയ ഇറ്റാലിയൻ ടീം ഗംഭീര പ്രകടനം തന്നെ ഇന്ന് കാഴ്ചവെച്ചു. കളിയുടെ തുടക്കം മുതൽ അവസാനം വരെ അവർ ആധിപത്യം പുലർത്തി. 5-0ന്റെ അഗ്രിഗേറ്റ് സ്കോറിലാണ് നാപോളി വിജയിച്ചത്‌.

രണ്ട് ഗോളുകൾ നേടിയ വിക്ടർ ഒസിമെൻ ഇന്ന് നാപ്പോളിയുടെ ഹീറോ ആയി. പെനാൽറ്റി സ്പോട്ടിൽ നിന്ന് പിയോട്ടർ സീലിൻസ്കി മൂന്നാമതൊരു ഗോളും ചേർത്ത് ആതിഥേയ ടീമിന് അനായാസ ജയം സമ്മാനിച്ചു. ഈ സീസണിൽ തകർപ്പൻ ഫോമിലുള്ള നാപ്പോളിക്ക് ഈ വിജയം വലിയ ഉത്തേജനമാണ്. സീരി എ കിരീടം ഏതാണ്ട് ഉറച്ച നാപോളി ചാമ്പ്യൻസ് ലീഗിലും അത്ഭുതം കാണിക്കുമോ എന്ന് കണ്ടറിയണം. ഇതാദ്യമായാണ് നാപോളി യുവേഫ ചാമ്പ്യൻസ് ലീഗിൽ ക്വാർട്ടറിൽ എത്തുന്നത്.

ലെപ്സിഗിനെ മറികടക്കാൻ മാഞ്ചസ്റ്റർ സിറ്റി, ഇന്ററിന് ഭീഷണി ആവാൻ പോർട്ടോ

ചാമ്പ്യൻസ് ലീഗ് പ്രീ ക്വർട്ടർ ആദ്യ പാദത്തിലെ തിരിച്ചടി മറികടക്കാൻ മാഞ്ചസ്റ്റർ സിറ്റിയും മുൻതൂക്കം നിലനിർത്താൻ ഇന്റർ മിലാനും ഇറങ്ങുമ്പോൾ, ക്വർട്ടർ പ്രതീക്ഷകൾ അസ്തമിക്കാതെ ലെപ്സിഗും എഫ്സി പോർട്ടോയും കളത്തിൽ എത്തും. ബുധനാഴ്ച പുലർച്ചെ 1.30 ന് മത്സരങ്ങൾക്ക് വിസിൽ മുഴങ്ങും.

മുൻപ് തോൽവി അറിഞ്ഞിട്ടുള്ള ലെപ്സിഗിന്റെ തട്ടകത്തിൽ ആദ്യ പാദത്തിൽ ജയം കൈവിട്ടെങ്കിലും സമനില നേടാൻ കഴിഞ്ഞ ആശ്വാസത്തിൽ ആവും മാഞ്ചസ്റ്റർ സിറ്റി ഇത്തിഹാദ് സ്റ്റേഡിയത്തിൽ ബൂട്ട് കെട്ടി ഇറങ്ങുന്നത്. മെഹ്റസിന്റെ ഗോളിൽ ലീഡ് നേടിയെങ്കിലും ഗ്വാർഡിയോളിന്റെ ഗോളിൽ ലെപ്സിഗ് സമനില നേടി. നാളെ ടീം മുഴുവൻ പൂർണ സജ്ജരാണ് എന്നതാണ് സിറ്റിക്ക് നൽകുന്ന ഊർജം. ശേഷം നടന്ന ലീഗ് മത്സരങ്ങളിൽ എല്ലാം സമ്പൂർണ വിജയവുമായാണ് അവരുടെ വരവ്. ലെപ്സിഗ് ആവട്ടെ അവസാന മൂന്നിൽ രണ്ട് മത്സരങ്ങളും ജയിച്ചാണ് എത്തുന്നത്. വെർനർ, ഫോർസ്ബെർഗ് തുടങ്ങിവരും അവസാന മത്സരത്തിൽ ഗോൾ കണ്ടെത്തി. എങ്കിലും എൻകുങ്കു, അബ്‌ദു ഡിയാലോ, കീപ്പർ പീറ്റർ ഗുലാസി എന്നിവരുടെ സേവനം ടീമിന് ലഭിക്കില്ല. അവസാന തവണ ഇരു ടീമുകളും ഇതിഹാദിൽ ഏറ്റു മുട്ടിയപ്പോൾ ഗോൾ മഴ പെയ്ത മത്സരത്തിൽ 6-3 നാണ് സിറ്റി ജയിച്ചത്‌. അന്ന് ലെപ്സിഗിനായി എൻകുങ്കു ഹാട്രിക്കും നേടിയിരുന്നു.

സ്വന്തം തട്ടത്തിൽ ഇന്റർ മിലാനെ വരവേൽക്കുന്ന പോർട്ടോ പൊരുതാൻ ഉറച്ചു തന്നെ ആവും കളത്തിൽ എത്തുന്നത്. സാൻ സിറോയിൽ ഭൂരിഭാഗം സമയം ഇന്ററിനെ പിടിച്ചു കെട്ടാൻ സാധിച്ചിട്ടും അവസാന നിമിഷം ലുക്കാകു നേടിയ ഗോളിൽ പോർച്ചുഗീസ് ടീമിന് മത്സരം അടിയറവ് വെക്കേണ്ടി വന്നിരുന്നു. തങ്ങളുടെ സ്റ്റേഡിയത്തിൽ രണ്ടു ഗോൾ വ്യത്യാസത്തിൽ വിജയം നേടാൻ അവർ തന്ത്രങ്ങൾ മെനയുമെങ്കിലും ആദ്യ പാദത്തിൽ ഒട്ടാവിയോക്ക് ചുവപ്പ് കാർഡ് കണ്ടത് വലിയ തിരിച്ചടി ആണ്. ലീഗിൽ അവസാന രണ്ടു മത്സരങ്ങളിൽ ഓരോ തോൽവിയും ജയവും നേടിയാണ് പോർട്ടോ എത്തുന്നത്. ഇറ്റാലിയൻ ലീഗിൽ മികച്ച ഫോമിൽ കുതിക്കുകയായിരുന്ന ഇന്റർ എന്നാൽ കഴിഞ്ഞ മത്സരത്തിൽ സ്പെസിയയിൽ നിന്നും അപ്രതീക്ഷിത തിരിച്ചടി നേരിട്ടിരുന്നു. എങ്കിലും ലുക്കാകു സ്കോറിങ് തുടരുന്നതും, പ്രതിരോധം മികവിലേക്ക് ഉയരുകയും ചെയ്താൽ പോർട്ടോയെ അനായാസം മറികടക്കാൻ ഇന്ററിനാവും.

ചെൽസി ഈസ് ബാക്ക്!! ഡോർട്മുണ്ടിനെ തകർത്തുകൊണ്ട് ക്വാർട്ടർ ഫൈനലിൽ

സ്റ്റാംഫോർഡ് ബ്രിഡ്ജിൽ നടന്ന നിർണായക മത്സരത്തിൽ ബൊറൂസിയ ഡോർട്ട്മുണ്ടിനെ 2-0ന് തോൽപ്പിച്ച് ചെൽസി യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനലിൽ സ്ഥാനം ഉറപ്പിച്ചു. ആദ്യ പാദത്തിൽ 1-0ന് പരാജയപ്പെട്ട ചെൽസിക്ക് ഇന്ന് 2-0ന്റെ വിജയം എങ്കിലും ചുരുങ്ങിയത് വേണമായിരുന്നു. ഇന്ന് പോട്ടറിന്റെ കീഴിൽ അവസാന ആഴ്ചകളിൽ കളിച്ച ചെൽസിയയെ അല്ല കണ്ടത്. കളിയിലുടനീളം നിരവധി ഗോളവസരങ്ങൾ സൃഷ്ടിച്ച് നല്ല ഫുട്ബോൾ കളിച്ചു കൊണ്ടാണ് ചെൽസി ഇന്ന് വിജയിച്ചത്‌.

തുടക്കം മുതൽ അരറ്റാക്ക് ചെയ്ത ചെൽസി 43-ാം മിനിറ്റിൽ റഹീം സ്റ്റെർലിലൂടെ ലീഡ് എടുത്തു. സ്റ്റെർലിംഗിന്റെ 27ആം ചാമ്പ്യൻസ് ലീഗ് ഗോളായിരുന്നു ഇത്. ചെൽസിയുടെ സ്‌കോറിംഗ് തുറന്നത്. രണ്ടാം പകുതിയിലും ആതിഥേയർ മുന്നോട്ട് കുതിച്ചു, 53-ാം മിനിറ്റിൽ ലഭിച്ച പ്ർനാൾട്ടി കൈ ഹാവെർട്സ് പെനാൽറ്റി ഗോളാക്കി ലീഡ് ഇരട്ടിയാക്കിയപ്പോൾ അവരുടെ ശ്രമങ്ങൾക്ക് പ്രതിഫലം ലഭിച്ചു.

ഡോർട്ട്മുണ്ടിൽ നിന്ന് കുറച്ച് വൈകി സമ്മർദ്ദമുണ്ടായെങ്കിലും ചെൽസി ക്ലീൻ ഷീറ്റും ഉറപ്പിച്ചു. 2-0 വിജയം, 2-1 ന്റെ അഗ്രിഗേറ്റ് സ്കോർ.

യുസിഎൽ: മാഞ്ചസ്റ്റർ സിറ്റിക്ക് ലെപ്സിഗിന്റെ വെല്ലുവിളി, ഇന്റർ പോർട്ടോക്ക് എതിരെ

ആശിച്ചു മോഹിച്ചിട്ടും എന്നും മാഞ്ചസ്റ്റർ സിറ്റിക്ക് കിട്ടാക്കനി ആയിട്ടുള്ള ചാമ്പ്യൻസ് ലീഗ് കിരീടത്തിന് പെപ്പും സംഘവും ഒരിക്കൽ കൂടി കച്ചകെട്ടി ഇറങ്ങുമ്പോൾ പ്രീ ക്വർട്ടറിൽ വെല്ലുവിളി ഉയർത്താൻ മുന്നിലെത്തുന്നത് ആർബി ലെപ്സീഗ്. സ്വന്തം മൈതാനത്ത് ജർമൻ ടീം സിറ്റിയെ വരവേൽക്കുമ്പോൾ മറ്റൊരു മത്സരത്തിൽ ഇന്ററിന് പോർട്ടോ ആണ് എതിരാളികൾ.

29.10.2022, xtgx,

നോട്ടിങ്ഹാമുമായി സമനില വഴങ്ങിയ ശേഷമാണ് മാഞ്ചസ്റ്റർ സിറ്റി ചാമ്പ്യൻസ് ലീഗ് മത്സരത്തിന് എത്തുന്നത്. സ്ഥിരത പുലർത്താൻ പതിവ് പോലെ സാധിക്കാതെ വരുന്നതാണ് സീസണിൽ സിറ്റിക്ക് തിരിച്ചടി ആവുന്നത്. എങ്കിലും വമ്പൻ താരങ്ങൾ നിറഞ്ഞ ടീമിന് ഇത്തവണയും തങ്ങളുടെ എക്കാലത്തെയും സ്വപ്നമായ ചാമ്പ്യൻസ് ലീഗിന് വേണ്ടി പൊരുതിയെ തീരൂ. സീസണിന്റെ ആദ്യ പാദത്തിൽ നിന്നും വ്യത്യസ്തമായി റൂബൻ ഡിയാസിനേയും ലപോർടയേയും ഗ്വാർഡിയോള കൂടുതലായി ആശ്രയിച്ചു തുടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധത്തിന് കരുത്തു പകരും. മെഹ്റസും ഗ്രീലിഷും കൂടെ ഹാലണ്ടും കൂടി ചേരുന്ന മുന്നേറ്റ നിരക്ക് മുന്നിൽ ലെപ്സിഗിന് പിടിച്ചു നിൽക്കാൻ സാധിക്കുമോ എന്നത് കണ്ടറിയണം. കൂടെ ഡി ബ്രൂയിനും സിൽവയും ഗുണ്ടോഗനും കൂടി ആവുമ്പോൾ സിറ്റിക്ക് മറ്റ് ആധികൾ ഇല്ല. സൂപ്പർ താരം ക്രിസ്റ്റഫർ എൻകുങ്കുവിന്റെ മടങ്ങി വരവാണ് ലെപ്സിഗിൽ നിന്നുള്ള പ്രധാന വാർത്ത. കുറച്ചു കാലമായി പരിക്കിന്റെ പിടിയിൽ ആയിരുന്ന താരം വോൾഫ്‌സ്ബെഗിനെതിരെ പകരക്കാരനായി എത്തിയിരുന്നു. വെർനറും ആന്ദ്രേ സിൽവയും അടങ്ങുന്ന മുന്നേറ്റ നിരക്ക് താരത്തിന്റെ വരവ് കൂടുതൽ കരുത്തെകും. ലയ്മറും, ലോകകപ്പ് ഹീറോ ഗ്വാർഡിയോളും കൂടി ചേരുന്ന ടീമിന് സ്വന്തം തട്ടകത്തിൽ സിറ്റിയെ വീഴ്ത്താൻ കഴിഞ്ഞാലും അത്ഭുതമില്ല. ’21ൽ ഗ്രൂപ്പ് ഘട്ടത്തിൽ ആദ്യ മത്സരത്തിൽ സിറ്റിയെ വീഴ്ത്താൻ അവർക്കായിരുന്നെങ്കിലും രണ്ടാം പാദത്തിൽ ഇത്തിഹാദ് സ്റ്റേഡിയത്തിൽ മൂന്നിനെതിരെ ആറു ഗോളുകൾ നേടിയാണ് സിറ്റി മറുപടി നൽകിയത്.

തകർപ്പൻ ഫോമിലാണ് ഇന്റർ മിലാന്റെ വരവ്. സൂപ്പർ കോപ്പ നേടിയ അവർ, സീസൺ പുനരാരംഭിച്ച ശേഷം നാപോളി, മിലാൻ, അറ്റലാന്റ എന്നിവയെല്ലാം വീഴ്ത്തി. ലുക്കാകുവും ലൗട്ടരോ മർട്ടിനസും ഗോൾ കണ്ടെത്തുന്നുണ്ട്. പോർച്ചുഗലിൽ നിലവിൽ രണ്ടാം സ്ഥാനത്താണ് പോർട്ടോ. അവസാന മത്സരത്തിൽ വിജയം കാണാൻ സാധിച്ച അവർക്ക് അതിന് മുൻപ് സ്‌പോർട്ടിങ്ങിനേയും കീഴടക്കാൻ സാധിച്ചു. ഒട്ടാവിയോ, ഇവാനിൽസൻ എന്നിവർ പരിക്കിന്റെ പിടിയിൽ ആണ്. സമീപ കാലത്ത് മികച്ച റെക്കോർഡ് ആണ് പോർട്ടോക്ക് ഇറ്റാലിയൻ ടീമുകൾക്ക് എതിരെ ഉള്ളത്. അത് കൊണ്ട് തന്നെ സ്വന്തം തട്ടകത്തിൽ വൻ വിജയം ലക്ഷ്യമിട്ട് തന്നെ ആവും ഇന്റർ ഇറങ്ങുന്നത്.

ചാമ്പ്യൻസ് ലീഗിലും നാപോളിയെ തടയാൻ ആകുന്നില്ല!!

ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ ആദ്യ ലെഗിൽ ഫ്രാങ്ക്ഫർട്ടിനെ 2-0ന് തകർത്ത് നാപ്പോളി. ഇറ്റലിയിലെ അവരുടെ ഫോം യൂറോപ്യൻ രാത്രിയിലും അവർ തുടരുന്നതാണ് ഇന്ന് കണ്ടത്. കളിയുടെ തുടക്കം മുതൽ ഒടുക്കം വരെ ആധിപത്യം പുലർത്തിയ ഇറ്റാലിയൻ ക്ലബ്ബ് ശക്തമായ പ്രകടനമാണ് ഇന്ന് കാഴ്ചവെച്ചത്.

36-ാം മിനിറ്റിൽ നാപോളിക്ക് ലഭിച്ച പെനാൾട്ടി ക്വാറത്‌സ്‌ഖേലിയ പാഴാക്കിയെങ്കിലും 40-ാം മിനിറ്റിൽ ഒസിമെൻ നാപോളിക്ക് ലീഡ് നൽകി. ഈ സീസണിലെ ഒസിമന്റെ 20-ാം ഗോളായി ഇത് മാറി. 65-ാം മിനിറ്റിൽ ക്വാറയുടെ അസിസ്റ്റിലൂടെ ഡി ലോറെൻസോ കൂടെ ഗോൾ കണ്ടെത്തിയതോടെ നാപോളിയുടെ വിജയം ഉറപ്പായി.

58-ാം മിനിറ്റിൽ കോലോ മുവാനി ചുവപ്പ് കാർഡ് കണ്ടതും ഫ്രാങ്ക്ഫർട്ടിന് വലിയ തിരിച്ചടിയായി. ഈ വിജയത്തോടെ, ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനൽ ഏതാണ്ട് നാപോളി ഉറപ്പിച്ചു എന്ന് പറയാം. ഇനി നാപൾസിലെ രണ്ടാം പാദത്തിനായുള്ള കാത്തിരിപ്പാണ്.

ആൻഫീൽഡ് ഇടിച്ചു നിരത്തി റയൽ മാഡ്രിഡ്!!! 2 അടിച്ച ലിവർപൂളിന് എതിരെ 5 അടിച്ച തിരിച്ചുവരവ്

റയൽ മാഡ്രിഡിനോടുള്ള കണക്കുകൾ ആൻഫീൽഡിൽ തീർക്കാം എന്ന് കരുതിയ ലിവർപൂൾ സ്വന്തം ആരാധകരുടെ മുന്നിലും നണംകെട്ടു. ഇന്ന് ആദ്യ 14 മിനുട്ടുകൾക്ക് അകം രണ്ടു ഗോളുകൾക്ക് മുന്നിൽ എത്തിയ ലിവർപൂൾ ആണ് പിന്നീട് തകർന്നടിയുകയും 5-2ന്റെ പരാജയം ഏറ്റുവാങ്ങേണ്ടിയും വന്നത്. ഇനി രണ്ടാം പാദത്തിൽ മാഡ്രിഡിൽ ചെന്ന് അത്ഭുതങ്ങൾ കാണിച്ചാലെ ലിവർപൂളിന് ക്വാർട്ടർ കാണാൻ ആകൂ.

കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് ഫൈനലിന്റെ ആവർത്തനമായ മത്സരത്തിൽ ആദ്യ ഗോൾ വരാൻ വെറും അഞ്ചു മിനുട്ട് മാത്രമാണ് എടുത്തത്. മൊ സല വലതു വിങ്ങിൽ നിന്ന് നൽകിയ പാസ് ഫ്ലിക്ക് ചെയ്ത് ഡാർവിൻ നൂനിയ വലയ്ക്ക് അകത്താക്കി. സ്കോർ 1-0. 14ആം മിനുട്ടിൽ കോർതോയുടെ ഒരു ഗിഫ്റ്റ് സ്വീകരിച്ച് സലാ ലിവർപൂളിന്റെ ലീഡ് ഇരട്ടിയാക്കി. സ്വപന തുടക്കം.

പക്ഷെ കളി മാറിമറിയാൻ അധികനേരം എടുത്തില്ല. 21ആം മിനുട്ടിൽ ബെൻസീമയിൽ നിന്ന് പാസ് സ്വീകരിച്ച് വിനീഷ്യസിന്റെ നല്ല ചുവടുകൾ. അതിനു ശേഷം ഒരു കേർളിംഗ് ഷോട്ട് അലിസണെ കീഴ്പ്പെടുത്തി വലയിൽ. സ്കോർ 2-1.

36ആം മിനുട്ടിൽ കോർതോ വരുത്തിയത് പോലൊരു പിഴവ് അലിസണും വരുത്തി. അലിസന്റെ പാസ് വിനീഷ്യസിന്റെ കാലിൽ തട്ടി നേരെ വലയിലേക്ക്. സ്കോർ 2-2. കളി ആദ്യ പകുതിയിൽ 2-2 എന്ന നിലയിൽ പിരിഞ്ഞു.

രണ്ടാം പകുതി ആരംഭിച്ച് രണ്ടാം മിനുട്ടിൽ തന്നെ റയൽ മാഡ്രിഡ് ലീഡ് എടുത്തു. ഒരു ഫ്രീകിക്കിൽ നിന്ന് എഡർ മിലിറ്റാവോയുടെ ഹെഡർ. സ്കോർ 2-3. റയൽ മാഡ്രിഡ് കളി തുടങ്ങുന്നേ ഉണ്ടായിരുന്നുള്ളൂ. 55ആം മിനുട്ടിൽ ബെൻസീമയും ഗോൾ ലിസ്റ്റിലേക്ക് കയറി. ഇത്തവണ ഒരു വലിയ ഡിഫ്ലക്ഷൻ റയലിനെ സഹായിച്ചു. സ്കോർ 2-4. ലിവർപൂൾ കളി മറന്നതു പോലെ ആയ നിമിഷങ്ങൾ.

67ആം മിനുട്ടിൽ ബെൻസീമ ഒരിക്കൽ കൂടെ നിറയൊഴിച്ചു. വിനീഷ്യസിൽ നിന്ന് പന്ത് സ്വീകരിച്ച് അലിസണെയും ഡിഫൻഡേഴ്സിനെയും നാലു ഭാഗത്തേക്കും അയച്ച ഒരു ഡമ്മിക്കു ശേഷം ഒഴിഞ്ഞ വലയിലേക്ക് ആയിരുന്നു ബെൻസീമയുടെ ഷോട്ട്‌. സ്കോർ 2-5. ആൻഫീൽഡ് ഒരു കോട്ടയാണെന്ന് ലിവർപൂൾ ആരാധകർ പോലും ഇനി പറയില്ല എന്ന പരുവം.

1966നു ശേഷം ആദ്യമയാണ് ഒരു യൂറോപ്യൻ മത്സരത്തിൽ 5 ഗോളുകൾ വഴങ്ങുന്നത്. ഇനി മാർച്ച് 15നാണ് രണ്ടാം പാദ മത്സരം നടക്കുക.

“ഗംഭീര പ്രകടനങ്ങൾ കാഴ്ചവെച്ചാലെ റയലിനെ തോൽപ്പിക്കാൻ ആകൂ” – ക്ലോപ്പ്

ഇന്ന് ആൻഫീൽഡിൽ നടക്കുന്ന യുവേഫ ചാമ്പ്യൻസ് ലീഗ് റൗണ്ട് ഓഫ് 16 ഘട്ടത്തിൽ ലിവർപൂൾ റയൽ മാഡ്രിഡിനെ നേരിടാൻ ഒരുങ്ങുകയാണ്. ഗംഭീര പ്രകടനം നടത്തിയാൽ മാത്രമെ സ്പാനിഷ് ഭീമന്മാരെ തോൽപ്പിക്കാൻ ലിവർപൂളിന് ആകൂ എന്ന് പരിശീലകൻ ക്ലോപ്പ് പറഞ്ഞു. റയൽ മാഡ്രിഡ് മികച്ച മത്സരം കാഴ്ചവെച്ചില്ല എങ്കിൽ പോലും വിജയിക്കാൻ സാധ്യതയുണ്ട്. അത്രയ്ക്ക് മികവ് അവർക്ക് ഉണ്ട്. ക്ലോപ്പ് പറഞ്ഞു.

റയൽ മാഡ്രിഡിന്റെ മാനേജർ കാർലോ ആഞ്ചലോട്ടിയെയും ക്ലോപ്പ് പ്രശംസിച്ചു, താൻ ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ശാന്തനായ മാനേജർ ആണ് ആഞ്ചലോട്ടി എന്ന് ക്ലോപ്പ് അദ്ദേഹത്തെ വിശേഷിപ്പിച്ചു.

കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ കിരീട പോരാട്ടത്തിൽ റയൽ മാഡ്രിഡ് ലിവർപൂളിനെ തോൽപ്പിച്ചിരുന്നു. മുമ്പ് 2018ലും റയലും ലിവർപൂളും ഏറ്റുമുട്ടിയപ്പോൾ വിജയം റയൽ മാഡ്രിഡിന് ഒപ്പമായിരുന്നു.

വീണ്ടുമൊരു റയൽ മാഡ്രിഡ് ലിവർപൂൾ പോരാട്ടം, കണക്കുകൾ തീരുമോ?

സമീപ കാലത്ത് യൂറോപ്പിലെ വമ്പൻ പോരാട്ടങ്ങളിൽ മുഖാമുഖം വന്നിട്ടുള്ള റയൽ മാഡ്രിഡും ലിവർപൂളും ചാമ്പ്യൻസ് ലീഗ് ക്വർട്ടറിൽ സ്ഥാനം ഉറപ്പിക്കാൻ ഒരിക്കൽ കൂടി കളത്തിൽ ഏറ്റു മുട്ടുന്നു. ലിവർപൂളിന്റെ തട്ടകത്തിൽ നിലവിലെ ഫൈനലിസ്റ്റുകൾ കൊമ്പുകോർക്കുമ്പോൾ മറ്റൊരു പ്രീ ക്വർട്ടർ മത്സരത്തിൽ നാപോളി ഫ്രാങ്ക്ഫെർട്ടിനേയും നേരിടും. ബുധനാഴ്ച പുലർച്ചെ 1.30നാണ് മത്സരങ്ങൾക്ക് പന്തുരുണ്ടു തുടങ്ങുക.

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ രണ്ടു തവണ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഏറ്റു മുട്ടിയ ടീമുകൾ ആണ് ലിവർപൂളും മാഡ്രിഡും. മാഡ്രിഡിന്റെ “തട്ടകമായ” ടൂർണമെന്റിൽ പക്ഷെ രണ്ടു തവണയും കീഴടങ്ങാൻ ആയിരുന്നു ക്ലോപ്പിന്റെയും സംഘത്തിന്റെയും വിധി. ഫോം ഇല്ലായിമ ആയിരുന്നു നിലവിലെ സീസണിൽ ലിവർപൂളിന്റെ പ്രശ്നം. ലീഗിൽ തുടർച്ചയായ തിരിച്ചടികൾ ആയിരുന്നു നേരിട്ടു കൊണ്ടിരുന്നത്. കഴിഞ്ഞ രണ്ടു മത്സരങ്ങളിൽ ന്യൂകാസിലിനെയും എവർടനേയും വീഴ്ത്താൻ കഴിഞ്ഞത് അവർക്ക് വലിയ ഊർജമായിട്ടുണ്ട്. ഗാക്പോയും ന്യൂനസും എല്ലാം ഗോൾ സ്‌കോർ ചെയ്തു തുടങ്ങിയതും ടീമിന് മുതൽക്കൂട്ടാണ്. പരിക്കിന്റെ പിടിയിൽ നിന്നും മോചിതനായി ജോട്ടയും വാൻ ഡൈക്കും എല്ലാം തിരിച്ചെത്തിയത് ലിവർപൂളിന് കരുത്തു പകരും. തോളിന് പരിക്കേറ്റിട്ടുണ്ടെങ്കിലും ന്യൂനസ് മത്സരത്തിന് ഉണ്ടാവും എന്നു തന്നയാണ് ക്ലോപ്പ് നൽകുന്ന സൂചന. എങ്കിലും മോഡ്രിച്ച് അടക്കമുള്ള മാഡ്രിഡിനെ പിടിച്ചു കെട്ടാൻ മധ്യനിരയുടെ പ്രകടനം കൂടി വേണ്ടി വരും എന്നതിനാൽ ക്ലോപ്പ് എന്ത് തന്ത്രം പ്രയോഗിക്കും എന്നാണ് കണ്ടറിയേണ്ടത്. മാഡ്രിഡിന് വേണ്ടി പതിവ് പോലെ വിനിഷ്യസും ബെൻസിമയും തന്നെ മുൻ നിരയിൽ എത്തും. ഫോമിലുള്ള അസൻസിയോ, റോഡ്രിഗോ എന്നിവരെയും ആൻസലോട്ടിക്ക് മുന്നേറ്റത്തിലേക്ക് പരിഗണിക്കാം. ക്രൂസും ചൗമേനിയും അസുഖം മൂലം ടീമിന് പുറത്താണ്. എങ്കിലും കമാവിംഗ, സെബയ്യോസ് എന്നിവർ മോഡ്രിച്ചിന് തുണയായി എത്തും. ഏതു സ്ഥാനത്തും കോച്ചിന് പരിഗണിക്കാവുന്ന വാൽവെർടേ കൂടി ആവുമ്പോൾ ടീമിന് വലിയ ആധികൾ ഇല്ല. കുർട്ടോയും അലാബയും റുഡിഗറും എഡർ മിലിറ്റാവോയും എല്ലാം ടീമിൽ ഇടം പിടിക്കും. സ്വന്തം തട്ടകത്തിൽ കൂടുതൽ ഗോളുകൾ ലക്ഷ്യം വെച്ചു തന്നെ ആവും ലിവർപൂൾ ഇറങ്ങുന്നത്.

യൂറോപ്പിലെ നിലവിലെ ഏറ്റവും മികച്ച ടീമുകളിൽ ഇന്നാണ് നാപോളി. സീരി എയിൽ കുതിക്കുന്ന അവർക്ക് ടീമിന്റെ എല്ലാ മേഖലകളിലും ശക്തി പ്രകടിപ്പിക്കാൻ സാധിക്കുന്നുണ്ട്. ഒസിമൻ നയിക്കുന്ന മുന്നേറ്റ നിരമുതൽ പോസ്റ്റിന് കീഴിൽ മെരെറ്റ് വരെ എല്ലാവരും പതിവ് പോലെ ഫോമിലേക്ക് ഉയർന്നാൽ നിലവിലെ യൂറോപ്പ ചാമ്പ്യന്മാർ കൂടിയായ ഫ്രാങ്ക്ഫെർട്ട് വിയർക്കും. അവസാന ഏഴ് ലീഗ് മത്സരങ്ങളിൽ വിജയവുമായാണ് നാപോളി എത്തുന്നത്. ലീഗിൽ ആറാം സ്ഥാനത്തുള്ള ഫ്രാങ്ക്ഫെർട്ടും വെർടർ ബ്രമനെ തോൽപ്പിച്ചാണ് എത്തുന്നത്. കൊളോ മുവാനി, ലിന്റ്സ്‌ട്രോം, മധ്യനിരയിൽ കമാഡ, പ്രതിരോധത്തിൽ എൻഡിക്ക എന്നിവർ അണിനിരക്കുന്ന ഫ്രാങ്ക്ഫെർട്ടും കടലാസിൽ കരുത്തർ തന്നെ.

കരീം അദയെമിയുടെ അത്ഭുത ഗോൾ, ചെൽസിക്ക് ചാമ്പ്യൻസ് ലീഗിലും കഷ്ടകാലം!!

ചെൽസിക്ക് പ്രീമിയർ ലീഗിൽ മാത്രമല്ല ചാമ്പ്യൻസ് ലീഗിലും മോശം കാലം തന്നെ. ഇന്ന് യു സി എൽ പ്രീക്വാർട്ടറിൽ ഇറങ്ങിയ ചെൽസി ജർമ്മൻ ക്ലബായ ബൊറൂസിയ ഡോർട്മുണ്ടിന്റെ കയ്യിൽ നിന്ന് പരാജയം ഏറ്റുവാങ്ങി. മറുപടിയില്ലാത്ത ഒരു ഗോളൊനായിരുന്നു ചെൽസിയുടെ പരാജയം. ചെൽസി നല്ല ഫുട്ബോൾ കളിച്ചു എങ്കിലും കിട്ടിയ അവസരങ്ങൾ ഒന്നും മുതലെടുക്കാൻ ആകാത്തത് ചെൽസിക്ക് തിരിച്ചടിയായി.

ഇന്ന് രണ്ടാം പകുതിയിൽ ഒരു കൗണ്ടറിലൂടെ 21കാരൻ കരിം അദയെമി ആണ് ഡോർട്മുണ്ടിന് ലീഡ് നൽകിയത്. സ്വന്തം ഹാഫിൽ നിന്ന് പന്ത് സ്വീകരിച്ചു മിന്നൽ വേഗത്തിൽ ഒറ്റക്ക് കുതിച്ച അദയെമി ചെൽസി ഗോൾ കീപ്പർ കെപയെയും ഡ്രിബിൾ ചെയ്തു മാറ്റിയാണ് അദയെമി ഗോൾ നേടിയത്.

ഈ ഗോളിന് ശേഷം കൂടുതൽ അറ്റാക്ക് നടത്തിയത് ചെൽസി ആയിരുന്നു‌. കൗലിബലിയുടെ ഒരു ഗോളെന്ന് ഉറച്ച ഷോട്ട് ഗോൾ ലൈനിൽ വെച്ച എമിറെ ചാൻ സേവ് ചെയ്യുന്നതും കാണാൻ ആയി. ചെൽസി ഏറെ ശ്രമിച്ചു എങ്കിലും സമനില ഗോൾ ഇന്ന് വന്നില്ല.

രണ്ടാം പാദ സെമി ഫൈനൽ ഇനി സ്റ്റാംഫോർഡ് ബ്രിഡ്ജിൽ വെച്ച് രണ്ടാഴ്ച കഴിഞ്ഞു നടക്കും. ചെൽസിക്ക് അവസാന നാലു മത്സരങ്ങളിൽ ഒരു വിജയം പോലും ഇല്ല. അവസാന ഒമ്പതു മത്സരങ്ങളിൽ ഒരു വിജയം മാത്രമാണ് പോട്ടറിന്റെ ടീമിനു നേടാൻ ആയത്.

ചാമ്പ്യൻസ് ലീഗിൽ ചെൽസിക്ക് ഡോർട്മുണ്ടിന്റെ വെല്ലുവിളി

ചാമ്പ്യൻസ് ലീഗ് പ്രീ ക്വർട്ടറിൽ ചെൽസി ഡോർമുണ്ടിനെ നേരിടുമ്പോൾ ബെൻഫികക്ക് എതിരാളികൾ ആയി ക്ലബ്ബ് ബ്രുഷ്. സീസണിൽ വൻ തിരിച്ചടികൾ നേരിടുന്ന ചെൽസിക്ക് ചാമ്പ്യൻസ് ലീഗിൽ മുന്നേറാൻ കഴിഞ്ഞാൽ അത് വലിയ ആശ്വാസമാകുമെങ്കിൽ, നോക്ഔട്ട് റൗണ്ടിലേക്കുള്ള അപ്രതീക്ഷിത എൻട്രി ആയ ക്ലബ്ബ് ബ്രുജിനെതിരെ ഒരുങ്ങി തന്നെ ആവും ബെൻഫിക്കയും ഇറങ്ങുക. ഇന്ത്യൻ സമയം വ്യാഴാഴ്ച പുലർച്ചെ 1.30 നാണ് മത്സരങ്ങൾ ആരംഭിക്കുന്നത്.

ഡോർട്ടുമുണ്ടിന്റെ തട്ടകത്തിലാണ് ആദ്യ പാദ മത്സരം അരങ്ങേറുന്നത്. ബുണ്ടസ്ലീഗയിൽ തുടർച്ചയായ വിജയങ്ങൾ നേടി മുന്നേറുന്ന ടീമിന് ഫോമിന്റെ കാര്യത്തിൽ ആശങ്കകൾ ഒന്നുമില്ല. മുൻ നിരയിൽ യുവപ്രതിഭ യുസുഫ മോക്കോകൊ പരിക്ക് മൂലം ഉണ്ടായേക്കില്ല. എങ്കിലും കഴിഞ്ഞ സീസണിൽ അയാക്സിനായി ചാമ്പ്യൻസ് ലീഗിൽ ഗോളടിച്ചു കൂട്ടിയ സെബാസ്ട്ട്യൻ ഹാളർ എത്തുന്നത് ടീമിന് കരുത്താകും. കൂടാതെ റെയ്ന,റ്യൂസ്,കരീം അദെയെമി എന്നിവർ കൂടി ചേരുമ്പോൾ ചെൽസി പ്രതിരോധത്തിന് ശക്തമായ വെല്ലുവിളി ഉയർത്താൻ ആവും. ഇംഗ്ലീഷ് താരം ജൂഡ് ബെല്ലിങ്ഹാമിൽ തന്നെ ആവും പ്രധാന ആകർഷണം. ചെൽസി അടക്കം എല്ലാ വമ്പൻ ക്ലബ്ബുകളുടേയും നോട്ടപ്പുള്ളിയായ താരത്തിന് തിളങ്ങാനുള്ള മറ്റൊരു അവസരം കൂടിയാവും മത്സരം. പ്രീമിയർ ലീഗിലെ തിരിച്ചടികൾ മറന്നാവും ചെൽസി ചാമ്പ്യൻസ് ലീഗ് കളത്തിൽ ഇറങ്ങുക. ജനുവരിയിൽ ടീമിൽ എത്തിച്ച ജാവോ ഫെലിക്‌സ്, എൻസോ ഫെർണാണ്ടസ്, മുദ്രൈക്ക് എന്നിവർ ടീമിൽ ഉണ്ടാവും. ഔബമയങിനെ ചാമ്പ്യൻസ് ലീഗ് ടീമിൽ നിന്നും ഒഴിവാക്കിയിരുന്നു. ജാവോ ഫെലിക്‌സ് ഗോൾ കണ്ടെത്തി കഴിഞ്ഞതും എൻസോ തന്റെ ഫോം തുടരുന്നതും ടീമിന് ശുഭ സൂചനയാണ്. പോസ്റ്റിന് കീഴിൽ കെപ്പയും തിളങ്ങുന്നുണ്ട്. തുടർച്ചയായ മോശം ഫലങ്ങൾക്ക് ഇടയിൽ ഗ്രഹാം പോട്ടറിനും സംഘത്തിനും ചാമ്പ്യൻസ് ലീഗ് റിസൾട്ടുകൾ പ്രതീക്ഷിച്ച പോലെ വന്നാൽ അത് ആത്മവിശ്വാസമേകും.

ക്ലബ്ബ് ബ്രുഗ്ഗിനെ നേരിടാൻ ഒരുങ്ങുന്ന ബെൻഫിക കപ്പ് മത്സരത്തിൽ പെനാൽറ്റിയിൽ തോൽവി നേരിട്ട ശേഷമാണ് എത്തുന്നത്. എങ്കിലും ലീഗിൽ മികച്ച ഫോമിലുള്ള ടീം, നിലവിൽ ഒന്നാം സ്ഥാനത്താണ്. ജാവോ മാരിയോ, ഡേവിഡ് നേരെസ് എന്നിവർക്കൊപ്പം മുൻ നിരയിലേക്ക് പുതിയ താരം ഗോൺസാലോ ഗ്വേഡെസ് കൂടി എത്തും. പ്രതിരോധത്തിന് കരുത്തേക്കാൻ ലോക ചാമ്പ്യൻ നിക്കോളാസ് ഒട്ടാമേന്റിയും കൂടെ അലക്‌സ് ഗ്രിമാൾഡോയും എല്ലാം അണിനിരക്കുമ്പോൾ വിജയം തന്നെ ആവും ബെൻഫിക്കയുടെ ലക്ഷ്യം. ലീഗിൽ തുടർച്ചയായി സമനിലകൾ വഴങ്ങിയ ശേഷമാണ് ക്ലബ്ബ് ബ്രുഗ്ഗ് എത്തുന്നത്. ഒന്നാം സ്ഥാനക്കാരുമായി 20 പോയിന്റ് വ്യത്യാസത്തിൽ ആണവർ. എങ്കിലും ഇത്തവണ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിൽ മികച്ച പ്രകടനം നടത്താൻ അവർക്കായിരുന്നു. ലെവേർകൂസൻ, പോർട്ടോ, അത്ലറ്റികോ മാഡ്രിഡ് തുടങ്ങിയ വമ്പന്മാരെ വീഴ്ത്താൻ അവർക്കായി. സ്വന്തം തട്ടകത്തിൽ ഇതേ ഫോം തുടരാൻ ലക്ഷ്യമിട്ടാവും ബെൽജിയൻ ടീം ഇറങ്ങുന്നത്.

സാൻസിറോയിൽ സ്പർസിനെ തോൽപ്പിച്ച് എ സി മിലാൻ

സാൻ സിറോ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ പോരാട്ടത്തിന്റെ ആദ്യ പാദത്തിൽ ടോട്ടൻഹാമിനെതിരെ എസി മിലാൻ 1-0ന്റെ വിജയം നേടി. 7-ാം മിനിറ്റിൽ ബ്രാഹിം ഡയസ് ഒരു മികച്ച റീബൗണ്ടിലൂടെ ആണ് വിജയ ഗോൾ നേടിയത്. 2014ന് ശേഷമുള്ള എ സി മിലാന്റെ ചാമ്പ്യൻസ് ലീഗ് നോക്കൗട്ട് ഘട്ടത്തിലെ ആദ്യ ഗോളായിരുന്നു ഇത്.

മിലാനു വേണ്ടി ഡയസ് നേടിയ 20-ാം ഗോളാണ് ഇത്. ഇത് ആദ്യമായാണ് എസി മിലാൻ ടോട്ടൻഹാമിനെ പരാജയപ്പെടുത്തുന്നത്, ഈ വിജയം മിലാന് രണ്ടാം പാദത്തിൽ മുൻതൂക്കം നൽകും. എന്നാൽ ലണ്ടണിൽ വെച്ച് മിലാനെ മറികടന്ന് ക്വാർട്ടറിലേക്ക് പോകാൻ എന്ന പ്രതീക്ഷയിലാണ് സ്പർസ്.

Exit mobile version