സല്‍മാന്‍ നിസാറിന് ശതകം കേരളത്തിന് ആന്ധ്രയ്ക്കെതിരെ മികച്ച വിജയം

അണ്ടര്‍ 23 പുരുഷ ഏകദിന ട്രോഫിയില്‍ മികച്ച വിജയവുമായി കേരളം. ആന്ധ്ര നല്‍കിയ 222 റണ്‍സ് വിജയ ലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ കേരളം മറികടന്നപ്പോള്‍ ശതകം നേടി പുറത്താകാതെ നിന്ന സല്‍മാന്‍ നിസാറിന്റെ പ്രകടനമാണ് ഏറ്റവും ശ്രദ്ധേയം. സല്‍മാന്‍ നിസാര്‍ 146 പന്തില്‍ 107 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ വത്സല്‍ ഗോവിന്ദ് 61 റണ്‍സ് നേടി. ആല്‍ബിന്‍ ഏലിയാസ് 24 റണ്‍സുമായി വിജയ സമയത്ത് സല്‍മാന്‍ നിസാറിനൊപ്പം നിലകൊണ്ടു. 48.1 ഓവറിലാണ് കേരളത്തിന്റെ വിജയം.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ആന്ധ്രയെ 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സ് മാത്രം നേടുവാനെ കേരളം അനുവദിച്ചുള്ളു. കേരള ബൗളര്‍മാരില്‍ അതുല്‍ രവീന്ദ്രന്‍ രണ്ടും വത്സല്‍ ഗോവിന്ദ്, ആതിഫ് അഷ്റഫ്, വിശ്വേശര്‍ സുരേഷ്, അഖില്‍ സ്കറിയ തോമസ്, അഖില്‍ അനില്‍ കുമാര്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

48 റണ്‍സ് നേടിയ കരണ്‍ ഷിന്‍ഡേ ആന്ധ്രയുടെ ടോപ് സ്കോറര്‍ ആയപ്പോള്‍ പുറത്താകാതെ 45 റണ്‍സുമായി അകൃതി പ്രശാന്ത് ആണ് ആന്ധ്രയുടെ സ്കോറിന് മാന്യത പകര്‍ന്നത്.

കേരള വനിതകള്‍ വിജയം തുടരുന്നു, ആസാമിനെതിരെ ആറ് വിക്കറ്റ് ജയം

അണ്ടര്‍ 23 ടി20 വനിത ടൂര്‍ണ്ണമെന്റില്‍ ആസാമിനെതിരെയും വിജയം നേടി കേരളം. 82/7 എന്ന നിലയില്‍ ആസാമിനെ എറിഞ്ഞിട്ട ശേഷം കേരളം ഒരു പന്ത് അവശേഷിക്കെയാണ് 4 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നത്.

ക്യാപ്റ്റന്‍ മിന്നു മണി(37*) പുറത്താകാതെ നിന്നാണ് കേരളത്തിന്റ വിജയം ഉറപ്പാക്കിയത്. ലക്ഷ്യം ചെറുതെങ്കിലും കാര്യങ്ങള്‍ കേരളത്തിന് അത്ര എളുപ്പമായിരുന്നില്ല. അവസാന ഓവറിലെ അഞ്ചാം പന്തില്‍ മാത്രമാണ് കേരളം വിജയം കുറിച്ചത്.

ഉമ ഛേത്രി(35), രശ്മി റബി ഡേ(23) എന്നിവരാണ് ആസാമിനായി ബാറ്റിംഗില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയത്. കേരളത്തിനായി മൃദുല വിഎസ് രണ്ട് വിക്കറ്റ് നേടി.

നേപ്പാളിനെ തറപറ്റിച്ച് ഇന്ത്യന്‍ യുവനിര

എസിസി എമേര്‍ജിംഗ് ടീംസ് ഏഷ്യ കപ്പ് 2019ല്‍ നേപ്പാളിനെതിരെ 7 വിക്കറ്റ് വിജയം രചിച്ച് ഇന്ത്യ അണ്ടര്‍ 23 ടീം. ഇന്ന് ബംഗ്ലാദേശില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്ത നേപ്പാളിനെ 44.5 ഓവറില്‍ 193 റണ്‍സിന് ഓള്‍ഔട്ട് ആക്കുകയായിരുന്നു. ലക്ഷ്യം 42 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. നേപ്പാളിന് വേണ്ടി പവന്‍ സറഫ് 56 റണ്‍സുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ ശരദ് വേസാവ്കര്‍ 44 റണ്‍സ് നേടി. കുശാല്‍ ബുര്‍ടേല്‍(28), ദീപേന്ദ്ര സിംഗ് ഐറി(24), കരണ്‍ കെസി(20) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. ഇന്ത്യയ്ക്കായി സൗരഭ് ഡുബേ നാല് വിക്കറ്റും യഷ് റാഥോഡ് മൂന്ന് വിക്കറ്റും നേടി തിളങ്ങി.

അര്‍ദ്ധ ശതകങ്ങള്‍ നേടിയ സന്‍വീര‍് സിംഗ്(56), അര്‍മാന്‍ ജാഫര്‍(51) എന്നിവരുടെയൊപ്പം ഒരു റണ്‍സിന് അര്‍ദ്ധ ശതകം നഷ്ടമായ ഇന്ത്യന്‍ നായകന്‍ ശരത്ത് ബിആര്‍ ആണ് തിളങ്ങിയ മറ്റൊരു താരം.

Exit mobile version