വിമൻസ് U23 ടി 20: തോൽവിയറിയാതെ ഗ്രൂപ്പ് ചാമ്പ്യന്മാരായി കേരളം നോക്കൌട്ടിൽ

ഗുവഹാത്തി: ദേശീയ വിമൻസ് അണ്ടർ 23 ടി 20യിൽ തോൽവിയറിയാതെ നോക്കൌട്ടിലേക്ക് മുന്നേറി കേരളം. കളിച്ച അഞ്ച് മത്സരങ്ങളിലും ആധികാരിക വിജയവുമായി ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് കേരള വനിതകൾ നോക്കൌട്ടിലേക്ക് യോഗ്യത നേടിയത്. ലീഗ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഗുജറാത്തിനെ 32 റൺസിനാണ് കേരളം തോല്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 124 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഗുജറാത്തിന് എട്ട് വിക്കറ്റ് നഷ്ടത്തിൽ 92 റൺസ് മാത്രമാണ് നേടാനായത്.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് ഓപ്പണർമാരായ മാളവിക സാബുവും വൈഷ്ണ എംപിയും മികച്ച തുടക്കം നല്കി. ഇരുവരും ചേർന്ന് ആദ്യ വിക്കറ്റിൽ 44 റൺസെടുത്തു. മാളവിക 27ഉം വൈഷ്ണ 31ഉം റൺസെടുത്തു. അവസാന ഓവറുകളിൽ, വേഗത്തിൽ റൺസുയർത്തിയ ക്യാപ്റ്റൻ നജ്ല സിഎംസിയുടെയും അജന്യ ടി പിയുടെയും പ്രകടനം കൂടിച്ചേർന്നതോടെ കേരളത്തിൻ്റെ ഇന്നിങ്സ് 124ൽ അവസാനിച്ചു. നജ്ല 23ഉം അജന്യ പുറത്താകാതെ 16ഉം റൺസ് നേടി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഗുജറാത്തിനെ മികച്ച ബൌളിങ്ങിലൂടെയും ഫീൽഡിങ്ങിലൂടെയും കേരള താരങ്ങൾ സമ്മർദ്ദത്തിലാക്കി. വിക്കറ്റുകൾ മുറയ്ക്ക് വീണതോടെ ഗുജറാത്തിൻ്റെ മറുപടി 92ൽ അവസാനിച്ചു. 21 റൺസെടുത്ത ചക്സു പട്ടേലാണ് ഗുജറാത്തിൻ്റെ ടോപ് സ്കോറർ. കേരളത്തിന് വേണ്ടി അജന്യ ടി പി രണ്ടും സ്റ്റെഫ് സ്റ്റാൻലി, അലീന എം പി, ഭദ്ര പരമേശ്വരൻ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. മൂന്ന് ഗുജറാത്ത് താരങ്ങൾ റണ്ണൌട്ടാവുകയായിരുന്നു. ജനുവരി 16 മുതൽ തിരുവനന്തപുരത്താണ് നോക്കൌട്ട് മത്സരങ്ങൾ നടക്കുക. കേരളത്തിന്‍റെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം 18 ന് തിരുവനന്തപുരം – മംഗലാപുരത്തുള്ള കെ.സിഎ സ്റ്റേഡിയത്തില്‍ വച്ച് നടക്കും.

വിമൻസ് അണ്ടർ 23 ട്വൻ്റി 20: മേഘാലയയെ തോല്പിച്ച് കേരളം

ഗുവാഹത്തി : വിമൻസ് അണ്ടർ 23 ട്വൻ്റി 20യിൽ മേഘാലയക്കെതിരെ കേരളത്തിന് തകർപ്പൻ വിജയം. 104 റൺസിനാണ് കേരളം മേഘാലയയെ തോല്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 156 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മേഘാലയ 52 റൺസിന് ഓൾ ഔട്ടായി

തുടക്കത്തിൽ തന്നെ രണ്ട് വിക്കറ്റുകൾ നഷ്ടമായ കേരളത്തെ അനന്യ കെ പ്രദീപും വൈഷ്ണ എം പിയും ചേർന്ന കൂട്ടുകെട്ടാണ് കരകയറ്റിയത്. ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ 93 റൺസ് കൂട്ടിച്ചേർത്തു. അനന്യ 35 പന്തുകളിൽ നിന്ന് 49 റൺസെടുത്തു. അനന്യക്ക് ശേഷമെത്തിയ ക്യാപ്റ്റൻ നജ്ല സി എം സിയും അതിവേഗം സ്കോർ ഉയർത്തി. നജ്ല 13 പന്തുകളിൽ 30 റൺസുമായും വൈഷ്ണ 49 പന്തുകളിൽ 50 റൺസുമായും പുറത്താകാതെ നിന്നു.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മേഘാലയ ബാറ്റിങ് നിരയിൽ ആർക്കും പിടിച്ചു നില്ക്കാനായില്ല. ആകെ രണ്ട് പേർ മാത്രമാണ് രണ്ടക്കം കടന്നത്. 20 ഓവറിൽ 52 റൺസിന് മേഘാലയ ഓൾ ഔട്ടായി. നാല് വിക്കറ്റ് വീഴ്ത്തിയ അലീന എം പിയാണ് കേരള ബൌളിങ് നിരയിൽ തിളങ്ങിയത്. ഐശ്വര്യ എ കെ മൂന്നും അജന്യ ടി പി രണ്ടും വിക്കറ്റുകൾ വീതം വീഴ്ത്തി.

വിമൻസ് അണ്ടർ 23 ടി20; വിജയം തുടർന്ന് കേരളം

ഗുവഹാത്തി: വിമൻസ് അണ്ടർ 23 ടി 20യിൽ ജമ്മു കാശ്മീരിനെ തോല്പിച്ച് കേരളം. 27 റൺസിനായിരുന്നു കേരളത്തിൻ്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 127 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ജമ്മു കാശ്മീരിന് 100 റൺസ് മാത്രമാണ് നേടാനായത്.

വിമൻസ് അണ്ടർ 23 ടി 20യിൽ 47 രണ്സ് നേടിയ മാളവിക സാബുവും (ഇടത്) 44 റണ്‍സ് നേടിയ (വലത്) അനന്യ കെ. പ്രദീപ്‌

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് ഓപ്പണർ മാളവിക സാബുവിൻ്റെയും അനന്യ കെ പ്രദീപിൻ്റെയും മികച്ച ഇന്നിങ്സുകളാണ് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ 67 റൺസ് കൂട്ടിച്ചേർത്തു. മാളവിക സാബു 47ഉം അനന്യ കെ പ്രദീപ് പുറത്താകാതെ 44 റൺസും നേടി. കശ്മീരിന് വേണ്ടി മരിയ നൂറൈനും രുദ്രാക്ഷി ഛിബും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ജമ്മു കാശ്മീരിന് തുടക്കത്തിൽ തന്നെ രണ്ട് വിക്കറ്റുകൾ നഷ്ടമായത് തിരിച്ചടിയായി. മധ്യനിരയിൽ വിക്കറ്റ് കീപ്പർ ബാറ്റർ ലളിതയും മധു ദേവിയും ചെറുത്തുനില്പിന് ശ്രമിച്ചെങ്കിലും മറ്റ് താരങ്ങൾക്ക് മികച്ച പ്രകടനം കാഴ്ച വയ്ക്കാനായില്ല. ഇതോടെ ജമ്മു കശ്മീരിൻ്റെ മറുപടി 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 100 റൺസിൽ അവസാനിച്ചു. ലളിത 31ഉം മധു ദേവി പുറത്താകാതെ 27ഉം റൺസെടുത്തു. കേരളത്തിന് വേണ്ടി സൂര്യ സുകുമാറഉം, നിത്യ ലൂർദ്ദും ഐശ്വര്യ എ കെയും അലീന എംപിയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ഝാർഖണ്ഡിനെ ആറ് റൺസിന് തോല്പിച്ച് കേരളം

ഗുവാഹത്തി : വിമൻസ് അണ്ടർ 23 ട്വൻ്റി 20യിൽ ഝാർഖണ്ഡിനെ തോല്പിച്ച് കേരളം. ആവേശപ്പോരാട്ടത്തിൽ ആറ് റൺസിനായിരുന്നു കേരളത്തിൻ്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 107 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഝാർഖണ്ഡ് 19.4 ഓവറിൽ 101 റൺസിന് ഓൾ ഔട്ടായി.

ടോസ് നേടിയ ഝാർഖണ്ഡ് കേരളത്തെ ആദ്യം ബാറ്റിങ്ങിന് അയക്കുകയായിരുന്നു. എന്നാൽ കേരള ബാറ്റിങ് നിരയിൽ ആർക്കും തന്നെ വലിയ സ്കോർ നേടാനായില്ല. 24 റൺസെടുത്ത പി അഖിലയാണ് കേരളത്തിൻ്റെ ടോപ് സ്കോറർ. അജന്യ ടി പി 17ഉം നിത്യ ലൂർദ്ദ് 16ഉം, ദിയ ഗിരീഷ് 14ഉം റൺസ് നേടി. ഝാർഖണ്ഡിന് വേണ്ടി ഷംപി, ചന്ദ്മുനി പൂർത്തി എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഝാർഖണ്ഡിന് വേണ്ടി ഓപ്പണർ ഇള ഖാൻ 45 റൺസുമായി മികച്ച പ്രകടനം കാഴ്ച വച്ചു. ഇഷ കേശ്രി 16ഉം ശിഖ 17ഉം റൺസെടുത്തു. ഇവരൊഴിച്ച് മറ്റാർക്കും രണ്ടക്കം പോലും കടക്കാനായില്ല. 19.4 ഓവറിൽ 101 റൺസിന് ഝാർഖണ്ഡ് ഓൾ ഔട്ടായി. കേരളത്തിന് വേണ്ടി അജന്യ ടി പി മൂന്നും ഐശ്വര്യ എ കെ , ഭദ്ര പരമേശ്വരൻ എന്നിവർ രണ്ട് വിക്കറ്റുകൾ വീതവും വീഴ്ത്തി.

അണ്ടര്‍ 23 വനിത ടി 20 ട്രോഫി – കേരളത്തെ നജ്ല സി.എം.സി നയിക്കും

തിരുവനന്തപുരം: വനിതകളുടെ അണ്ടര്‍ 23 ടി20 ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. ഓള്‍റൌണ്ടര്‍ നജ്ല സി.എം.സി ആണ് കേരള ടീമിന്‍റെ ക്യാപ്റ്റന്‍. കഴിഞ്ഞ മാസം നടന്ന സീനിയര്‍ വനിത ഏകദിന മത്സരത്തില്‍ മികച്ച പ്രകടനമാണ് നജ്ല പുറത്തെടുത്തത്. റുമേലി ധാര്‍ ആണ് മുഖ്യ പരിശീലക. ലീഗ് സ്റ്റേജില്‍ ഗ്രൂപ്പ് എ യിലാണ് കേരളം ഉള്‍പ്പെട്ടിരിക്കുന്നത്. ജനുവരി 5 ന് ഗുവഹാത്തിയില്‍ മധ്യപ്രദേശിനെതിരെയാണ് കേരളത്തിന്‍റെ ആദ്യ മത്സരം.

ടീം അംഗങ്ങള്‍ – നജ്ല സി.എം.സി ( ക്യാപ്റ്റന്‍), അനന്യ കെ. പ്രദീപ്‌, വൈഷ്ണ എം.പി,അഖില പി, സൂര്യ സുകുമാര്‍, നിത്യ ലൂര്‍ദ്, പവിത്ര ആര്‍.നായര്‍, ഭദ്ര പരമേശ്വരന്‍, സ്റ്റെഫി സ്റ്റാന്‍ലി, അബിന എം, അജന്യ ടി.പി, അലീന എം.പി, അലീന ഷിബു, ശ്രുതി എസ്, ഐശ്വര്യ എ.കെ, ദിയ ഗിരീഷ്‌, മാളവിക സാബു. അസിസ്റ്റന്റ് കോച്ച് – ഷബിന്‍ പാഷ,

Exit mobile version