വനിതാ അണ്ടർ 23 ഏകദിന ടൂർണ്ണമെൻ്റിൽ കേരളത്തെ തോല്പിച്ച് സൌരാഷ്ട്ര

പുതുച്ചേരി : വനിതാ അണ്ടർ 23 ഏകദിന ടൂർണ്ണമെൻ്റിൽ കേരളത്തിന് സൌരാഷ്ട്രയോട് തോൽവി. മൂന്ന് വിക്കറ്റിനായിരുന്നു സൌരാഷ്ട്രയുടെ വിജയം. ടൂർണ്ണമെൻ്റിൽ കേരളത്തിൻ്റെ രണ്ടാം തോൽവിയാണ് ഇത്.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കേരളം 45 ഓവറിൽ 156 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. ക്യാപ്റ്റൻ നജ്ല സിഎംസി, ഓപ്പണർ മാളവിക സാബു എന്നിവർ മാത്രമാണ് കേരള ബാറ്റിങ് നിരയിൽ അല്പമെങ്കിലും പിടിച്ചു നിന്നത്. നജ്ല 40ഉം മാളവിക 39ഉം റൺസ് നേടി. വൈഷ്ണ എം പി 16ഉം അജന്യ ടി പി 11ഉം റൺസെടുത്തപ്പോൾ മറ്റുള്ളവർ രണ്ടക്കം കാണാതെ പുറത്തായി. സൌരാഷ്ട്രയ്ക്ക് വേണ്ടി ഹീർവ മൂന്നും ആയുഷി, ജഡേജ ഹർഷിതാബ എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ സൌരാഷ്ട്രയ്ക്ക് ഓപ്പണർ ഉമേശ്വരിയുടെ മികച്ച ഇന്നിങ്സാണ് വിജയമൊരുക്കിയത്. ഉമേശ്വരി 71 റൺസ് നേടി. മധ്യ ഓവറുകളിൽ തുടരെ വിക്കറ്റുകൾ വീഴ്ത്തി കേരള ബൌളർമാർ പിടിമുറുക്കിയെങ്കിലും രണ്ട് പന്തുകൾ ബാക്കി നില്ക്കെ സൌരാഷ്ട്ര ലക്ഷ്യത്തിലെത്തി. കേരളത്തിന് വേണ്ടി അജന്യ ടി പി രണ്ടും ജോഷിത വി ജെ, നിയ നസ്നീൻ, അലീന എം പി എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

വനിതാ അണ്ടർ 23 ഏകദിന ടൂർണ്ണമെൻ്റിൽ മേഘാലയയെ 179 റൺസിന് തകർത്ത് കേരളം

പുതുച്ചേരി : വനിതാ അണ്ടർ 23 ഏകദിന ടൂർണ്ണമെൻ്റിൽ മേഘാലയക്കെതിരെ തകർപ്പൻ വിജയവുമായി കേരളം. 179 റൺസിനാണ് കേരളം മേഘാലയയെ തോല്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത കേരളം 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 263 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മേഘാലയ 84 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. അഞ്ച് വിക്കറ്റ് വീഴ്ത്തുകയും 66 റൺസെടുക്കുകയും ചെയ്ത ക്യാപ്റ്റൻ നജ്ല സിഎംസിയുടെ പ്രകടനമാണ് കേരളത്തിന് ഉജ്ജ്വല വിജയമൊരുക്കിയത്.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത കേരളത്തിന് ഓപ്പണർമാരായ ദിയ ഗിരീഷും മാളവിക സാബുവും ചേർന്ന് മികച്ച തുടക്കമാണ് നല്കിയത്. ഇരുവരും ചേർന്ന് ഓപ്പണിങ് കൂട്ടുകെട്ടിൽ 70 റൺസ് കൂട്ടിച്ചേർത്തു. 23 റൺസെടുത്ത മാളവിക റണ്ണൌട്ടായെങ്കിലും ദിയ ഗിരീഷ് 62 പന്തുകളിൽ 60 റൺസ് നേടി. തുടർന്നെത്തിയ വൈഷ്ണ 44 റൺസെടുത്തു. വൈഷ്ണ പുറത്തായതോടെ അടുപ്പിച്ച് മൂന്ന് വിക്കറ്റുകൾ നഷ്ടമായെങ്കിലും ക്യാപ്റ്റൻ്റെ ഇന്നിങ്സുമായി കളം നിറഞ്ഞ നജ്ലയുടെ പ്രകടനം കേരളത്തിന് തുണയായി. നജ്ലയ്ക്കൊപ്പം മികച്ച പ്രകടനവുമായി വാലറ്റക്കാരായ അജന്യയും സൂര്യ സുകുമാറും കൂടി ചേർന്നതോടെയാണ് കേരളം 263 റൺസെന്ന മികച്ച സ്കോറിലെത്തിയത്. 83 പന്തുകളിൽ 66 റൺസുമായി നജ്ല പുറത്താകാതെ നിന്നു. അജന്യ 32 പന്തുകളിൽ 29ഉം സൂര്യ സുകുമാർ 14 പന്തുകളിൽ 20 റൺസും നേടി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മേഘാലയയുടെ ബാറ്റിങ് നിരയിൽ ആർക്കും മികച്ച പ്രകടനം കാഴ്ച വയ്ക്കാനായില്ല. 22 റൺസെടുത്ത അങ്കിതയും 18 റൺസെടുത്ത സുരിതിയും മാത്രമാണ് രണ്ടക്കം കടന്നത്. നാല് ബാറ്റർമാർ പൂജ്യത്തിന് പുറത്തായി. 38.4 ഓവറിൽ 84 റൺസിന് മേഘാലയ ഓൾ ഔട്ടായി. അഞ്ച് വിക്കറ്റ് വീഴ്ത്തിയ നജ്ല സിഎംസിയാണ് മേഘാലയ ബാറ്റിങ് നിരയെ തകർത്തത്. മേഘാലയയുടെ രണ്ട് ബാറ്റർമാരെ റണ്ണൌട്ടിലൂടെ പുറത്താക്കിയതും നജ്ല തന്നെ. സൂര്യ സുകുമാർ, നിയ നസ്നീൻ, അലീന എംപി എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

അണ്ടർ 23 വനിതാ ഏകദിന ചാമ്പ്യൻഷിപ്പിൽ കേരളത്തിന് വിജയം

പുതുച്ചേരി : അണ്ടർ 23 വനിതാ ഏകദിന ചാമ്പ്യൻഷിപ്പിൽ ഹരിയാനയെ തോല്പിച്ച് കേരളം. 24 റൺസിനായിരുന്നു കേരളത്തിൻ്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത കേരളം 49.4 ഓവറിൽ 209 റൺസിന് പുറത്തായി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഹരിയാന 185 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് ഓപ്പണർ മാളവിക സാബുവിൻ്റെ വിക്കറ്റ് തുടക്കത്തിൽ തന്നെ നഷ്ടമായി. എന്നാൽ ദിയാ ഗിരീഷും വൈഷ്ണ എം പിയും ചേർന്ന രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് കേരളത്തിന് തുണയായി. ദിയ ഗിരീഷ് 38 റൺസെടുത്ത് പുറത്തായെങ്കിലും മറുവശത്ത് ഉറച്ച് നിന്ന വൈഷ്ണ എം പിയുടെ പ്രകടനമാണ് കേരളത്തിന് ഭേദപ്പെട്ട സ്കോർ നല്കിയത്.വൈഷ്ണ 58 റൺസ് നേടി. 43 റൺസെടുത്ത ക്യാപ്റ്റൻ നജ്ല സിഎംസിയും കേരള ബാറ്റിങ് നിരയിൽ തിളങ്ങി. അനന്യ കെ പ്രദീപ് 23 റൺസെടുത്തു. നജ്ലയുടെ വിക്കറ്റിന് പിറകെ വാലറ്റം തകർന്നടിഞ്ഞതോടെ കേരളം 209 റൺസിന് പുറത്തായി. മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തിയ വന്ദന സെയ്നിയും കരീന ജംഗ്രയുമാണ് ഹരിയാന ബൌളിങ് നിരയിൽ തിളങ്ങിയത്.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഹരിയാനയ്ക്ക് ഭേദപ്പെട്ട തുടക്കം ലഭിച്ചെങ്കിലും രണ്ട് ബാറ്റർമാർക്ക് മാത്രമാണ് മികച്ച ഇന്നിങ്സുകൾ കാഴ്ച വയ്ക്കാനായത്.60 റൺസെടുത്ത ഓപ്പണർ ദീയ യാദവും 43 റൺസെടുത്ത തനീഷ ഒഹ്ലാനും മാത്രമാണ് ഹരിയാന ബാറ്റിങ് നിരയിൽ തിളങ്ങിയത്. നാല് വിക്കറ്റുമായി ഹരിയാനയുടെ മധ്യനിരയെ തകർത്തെറിഞ്ഞ അലീന എം പിയുടെ പ്രകടനമാണ് കേരളത്തിന് മുതൽക്കൂട്ടായത്. ഐശ്വര്യ എ കെ രണ്ടും നജ്ല സിഎംസി ഒരു വിക്കറ്റും വീഴ്ത്തി.

Exit mobile version