പെനാൾട്ടി ഷൂട്ടൗട്ടിൽ അർജന്റീനയെ തോൽപ്പിച്ച് ജർമ്മനി U-17 ലോകകപ്പ് ഫൈനലിൽ

അണ്ടർ 17 ലോകകപ്പിൽ അർജന്റീന സെമി ഫൈനലിൽ വീണു. ഇന്ന് നടന്ന ഗംഭീരമായ സെമി ഫൈനലിൽ ജർമ്മനിയാണ് അർജന്റീനയെ തോൽപ്പിച്ചത്‌. പെനാൾട്ടി ഷൂട്ടൗട്ടിൽ വിജയിച്ചാണ് ജർമ്മനി ലോകകപ്പ് ഫൈനലിലേക്ക് മുന്നേറിയത്.റുബേർടോ അർജന്റീനക്ക് ആയി ഹാട്രിക്ക് നേടി എങ്കിലും വിജയത്തിലേക്ക് എത്താൻ അവർക്ക് ആയില്ല.

ഇന്ന് ഒമ്പതാം മിനുട്ടിൽ ബ്രണ്ണറിലൂടെ ജർമ്മനി ആണ് ആദ്യം മുന്നിൽ എത്തിയത്‌. റുബേർടോയുടെ 36ആം മിനുട്ടിലെയും 45ആം മിനുട്ടിലെയും ഫിനിഷിലൂടെ അർജന്റീന 2-1 എന്ന ലീഡിൽ ആദ്യ പകുതി അവസാനിപ്പിച്ചു. 58ആം മിനുട്ടിൽ ബ്രണ്ണറിന്റെ രണ്ടാം ഗോൾ ജർമ്മനിയെ വീണ്ടും ഒപ്പം എത്തിച്ചു. 69ആം മിനുട്ടിൽ മോർസ്റ്റെഡ്റ്റ് ജർമ്മനിക്ക് 3-2ന്റെ ലീഡും നൽകി.

മത്സരം ജർമ്മനി ജയിക്കുക ആണ് എന്ന് തോന്നിപ്പിച്ചു. പക്ഷെ ഇഞ്ച്വറി ടൈമിന്റെ ഏഴാം മിനുട്ടിൽ റുബെർടോയുടെ മൂന്നാം ഗോൾ വന്നു. സ്കോർ 3-3. അതു കഴിഞ്ഞ് കളി പിന്നീട് പെനാൾട്ടി ഷൂട്ടൗട്ടിൽ എത്തി. അവിടെ 4-2ന്റെ വിജയം ജർമ്മനി നേടി. രണ്ടാം സെമിയിൽ മാലിയും ഫ്രാൻസും ആണ് ഏറ്റുമുട്ടുന്നത്.

Exit mobile version