ലോക ചാമ്പ്യന്മാരെ തോൽപ്പിച്ച സന്തോഷത്തിൽ ടുണീഷ്യക്ക് മടങ്ങാം!!

ഇന്ന് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ലോക ചാമ്പ്യന്മാരായ ഫ്രാൻസിനെ വിറപ്പിച്ചിട്ടും ടുണീഷ്യക്ക് കണ്ണീർ. ടുണീഷ്യ എതിരില്ലാത്ത ഒരു ഗോളിന് ഫ്രാൻസിനെ തോൽപ്പിച്ചെങ്കിലും ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ഓസ്ട്രേലിയ ഡെന്മാർക്കിനെ തോൽപ്പിച്ചതോടെ ടുണീഷ്യ ടൂർണമെന്റിൽ നിന്ന് പുറത്തായി.

പ്രീക്വാർട്ടർ യോഗ്യത ഉറപ്പിച്ചത് കൊണ്ട് തന്നെ ഇന്ന് പല മാറ്റങ്ങളുമായാണ് ഫ്രാൻസ് ഇറങ്ങിയത്. എതിരാളികളായ ടുണീഷ്യക്ക് ഇത് ജീവന്മരണ പോരാട്ടം ആയതു കൊണ്ട് അവർ തന്നെയാണ് തുടക്കം മുതൽ ആക്രമിച്ചു കളിച്ചത്. ഫ്രാൻസിന് ആദ്യ പകുതിയിൽ താളം കണ്ടെത്താനെ ആയില്ല. എട്ടാം മിനുട്ടിൽ തന്നെ ടുണീഷ്യ ആദ്യ ഗോൾ നേടി. ഖാന്ദ്രിയുടെ വോളി മന്ദാദയെ കീഴ്പ്പെടുത്ത് വലയിൽ എത്തി എങ്കിലും ഓഫ്സൈഡ് ഫ്ലാഗ് ഉയർന്നത് ടുണീഷ്യക്ക് തിരിച്ചടിയായി.

30ആം മിനുട്ടിൽ ബെൻ സ്ലിമാനിയുടെ ഹെഡർ ഫ്രാൻസിന്റെ ഗോൾ കീപ്പർ സേവ് ചെയ്തു. 35ആം മിനുട്ടിൽ ഖാസ്രിയുടെ ഇടം കാലൻ ലോങ് റേഞ്ചറും ഫ്രഞ്ച് ഗോൾ കീപ്പറുടെ മുന്നിൽ അവസാനിച്ചു. ആദ്യ പകുതിയിൽ ഒരു ഷോട്ട് ടാർഗറ്റിലേക്ക് തൊടുക്കാൻ പോലും ഫ്രാൻസിന് ആയില്ല.

രണ്ടാം പകുതിയിൽ ഖാസ്രിയിലൂടെ ടുണീഷ്യ അവരുടെ ഈ ലോകകപ്പിലെ ആദ്യ ഗോൾ നേടി. 1-0ന് മുന്നിൽ. ലൈദൗനിയുടെ പാസ് സ്വീകരിച്ചായിരുന്നു ഖാസ്രിയുടെ ഗോൾ. ഈ ഗോൾ നേടിയതോടെ പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തേക്ക് എത്താൻ ടുണീഷ്യക്കായി. അവരുടെ പ്രീക്വാർട്ടർ പ്രതീക്ഷകളും സജീവമായി.

പക്ഷെ കുറച്ച് സമയമെ ആ സന്തോഷം നീണ്ടു നിന്നുള്ളൂ. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ഓസ്ട്രേലിയ ലീഡ് എടുത്തതോടെ ഓസ്ട്രേലിയ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു ടുണീഷ്യ മൂന്നാമതും ആയി.

ഫ്രാൻസ് എംബപ്പെയെയും ഡെംബലെയും ഗ്രീസ്മനെയും കളത്തിലേക്ക് ഇറക്കി കളിയിലേക്ക് തിരികെ വരാൻ ശ്രമിച്ചു. ഫ്രാൻസിന് ഇതിനു ശേഷം മികച്ച അവസരങ്ങൾ സൃഷ്ടിച്ച് സമനിലക്ക് അടുത്ത് എത്തി. ഡെംബലെയും എംബപ്പെയും എല്ലാം ഗോളിന് അരികിൽ എത്തി എങ്കിലുൻ ടുണീഷ്യ പിടിച്ചു നിന്നു. അവസാനം 8 മിനുട്ടിന്റെ ഇഞ്ച്വറി ടൈം. ഇഞ്ച്വറി ടൈമിന്റെ അവസാനം ഗ്രീസ്മാനിലൂടെ ഫ്രാൻസ് സമനില നേടി ആഘോഷിച്ചു. പക്ഷെ VAR ട്വിസ്റ്റ്. വാർ ആ ഗോൾ നിഷേധിച്ചതായി വിധിച്ചു. അവസാനം ടുണീഷ്യ വിജയം ഉറപ്പിച്ചു. ഖത്തറിൽ നിന്ന് തല ഉയർത്തി തന്നെ ഈ ടുണീഷ്യ ടീമിന് മടങ്ങാം.

പരാജയപ്പെട്ടു എങ്കിലും ഫ്രാൻസ് ഗ്രൂപ്പ് ചാമ്പ്യന്മാരായി ഗ്രൂപ്പ് ഘട്ടം അവസാനിപ്പിച്ചു. ഫ്രാൻസിനും ഓസ്ട്രേലിയക്കും 6 പോയിന്റ് വീതമാണ് ഉള്ളത്. മെച്ചപ്പെട്ട ഗോൾ ഡിഫറൻസ് ഫ്രാൻസിന് തുണയായി‌‌. നാലു പോയിന്റുമായി ടുണീഷ്യ മൂന്നാമതും 1 പോയിന്റ് മാത്രമായി ഡെന്മാർക്ക് ഗ്രൂപ്പിൽ അവസാന സ്ഥാനത്തും ഫിനിഷ് ചെയ്തു. ഗ്രൂപ്പ് സിയിൽ നിന്ന് ഒന്നാമത് എത്തുന്നവരെ ആകും ഓസ്ട്രേലിയ പ്രീക്വാർട്ടറിൽ നേരിടുക. ഫ്രാൻസ് ഗ്രൂപ്പ് സിയിലെ രണ്ടാം സ്ഥാനക്കാരെയും നേരിടും.

ഒരൊറ്റ ഹെഡറിൽ ടുണീഷ്യയെ വീഴ്ത്തി ഓസ്ട്രേലിയ

ലോകകപ്പ് ഗ്രൂപ്പ് ഡിയിലെ രണ്ടാം റൗണ്ട് മത്സരത്തിൽ ടുണീഷ്യയെ തോൽപ്പിച്ച് കൊണ്ട് ഓസ്ട്രേലിയ അവരുടെ ആദ്യ വിജയം സ്വന്തമാക്കി. മത്സരത്തിന്റെ ആദ്യ പകുതിയിൽ മിച്ചൽ ഡ്യൂക് നേടിയ ഏക ഗോളിന്റെ ബലത്തിൽ 1-0 എന്ന സ്കോറിനാണ് ഓസ്ട്രേലിയ വിജയിച്ചത്.

മത്സരം നന്നായി ആരംഭിച്ചത് ഓസ്ട്രേലിയ തന്നെ ആയിരുന്നു. 23ആം മിനുട്ടിൽ ഡ്യൂക് ആണ് ഓസ്ട്രേലിയയുടെ വിജയ ഗോളായി മാറിയ ഗോൾ നേടിയത്. ഇടതു വിങ്ങിൽ നിന്ന് വന്ന ഡിഫ്ലക്റ്റഡ് ക്രോസ് ഒരു ഫ്ലിക്ക് ഹെഡറിലൂടെ ഡൂക് വലയിൽ എത്തിക്കുക ആയിരുന്നു.

41ആം മിനുട്ടിൽ ഡ്രാഗറിന് ഒരു അവസരം കിട്ടി എങ്കിലും ടുണീഷ്യക്ക് സമനില നൽകാൻ അദ്ദേഹത്തിന് ആയില്ല. ആദ്യ പകുതിയുടെ അവസാന മ്സ്കാനിയും ഒരു അവസരം പാഴാക്കി.

രണ്ടാം പകുതിയിൽ കൂടുതൽ അറ്റാക്കിലേക്ക് ടുണീഷ്യ തിരിഞ്ഞു. പക്ഷെ ഓസ്ട്രേലിയ ഡിഫൻസും ഗോൾകീപ്പർ റയാനും ടുണീഷ്യക്ക് തടസ്സമായി നിന്നു.

രണ്ട് മത്സരങ്ങൾ കഴിഞ്ഞപ്പോൾ ടുണീഷ്യക്ക് 1 പോയിന്റും ഓസ്ട്രേലിയക്ക് 3 പോയിന്റും ആണുള്ളത്.

ഈ ലോകകപ്പിലെ ആദ്യ ഗോളില്ലാ മത്സരം, ഡെന്മാർക്കും ടുണീഷ്യയും സമനിലയിൽ | FIFA World Cup

ഗ്രൂപ്പ് ഡിയിലെ ആദ്യ മത്സരത്തിൽ ടുണീഷ്യയും ഡെന്മാർക്കും സമനിലയിൽ പിരിഞ്ഞു. ഇരു ടീമുകൾക്കും ഇന്ന് ഗോൾ ഒന്നും നേടാൻ ആയില്ല. ഈ ലോകകപ്പിലെ ആദ്യ ഗോൾ രഹിത സമനില ആണിത്.

ടുണീഷ്യയും ഡെന്മാർക്കും തമ്മിലുള്ള മത്സരം രണ്ട് ടീമുകൾക്കും എളുപ്പം ആയിരുന്നില്ല. തുടക്കം മുതൽ അവസരങ്ങൾ സൃഷ്ടിക്കാൻ രണ്ട് ടീമുകളും പ്രയാസപ്പെട്ടു. 24ആം മിനുട്ടിൽ ജെബാലി ടുണീഷ്യക്കായി ഗോൾ നേടിയെങ്കിലും അത് ക്ലിയർ ഓഫ് സൈഡ് ആയിരുന്നു. ആദ്യ പകുതിയിലെ ഏറ്റവും നല്ല അവസരം ലഭിച്ചതും ജെബലിക്ക് ആയിരുന്നു. 41ആം മിനുട്ടിൽ ഷിമൈക്കിളെ ഛിപ് ചെയ്യാൻ ജെബാലി ശ്രമിച്ചു എങ്കിലും സമർത്ഥമായ സേവിലൂടെ ഡാനിഷ് കീപ്പർ ഡെന്മാർക്കിനെ രക്ഷിച്ചു.

രണ്ടാം പകുതിയിൽ കളിക്ക് വേഗത വർധിച്ചു. 56ആം മിനുട്ടിൽ ഓൽസൻ ഡെന്മാർക്കിനായി ഗോൾ നേടി എങ്കിലും അപ്പോഴും ഓഫ്സൈഡ് ഫ്ലാഗ് ഉയർന്നു. 69ആം മിനുട്ടിൽ എറിക്സന്റെ ഒരു പവർഫുൾ ഷോട്ട് ഡാഹ്മെൻ സേവ് ചെയ്തു സ്കോർ ഗോൾ രഹിതമായി നിർത്തി.

70ആം മിനുട്ടിൽ ഒരു കോർണറിൽ നിന്ന് ഡെന്മാർക്ക് ഗോളിന് അടുത്ത് എത്തി എങ്കിലിം കോർണലൊയുസിന്റെ ഹെഡർ പോസ്റ്റിൽ തട്ടി മടങ്ങി.

ഇരു ടീമുകളും ഏറെ മാറ്റങ്ങൾ വരുത്തിയിട്ടും ഗോൾ മാത്രം വന്നില്ല. ടുണീഷ്യ മാഞ്ചസ്റ്റർ യുണൈറ്റഡ് യുവതാരം ഹാന്നിബൽ മെജെബ്രിയെയും ഇന്ന് കളത്തിൽ ഇറക്കിയിരുന്നു. ഇനി ഫ്രാൻസും ഓസ്ട്രേലിയയും ആണ് ഡെന്മാർക്കിനും ടുണീഷ്യക്കും മുന്നിൽ ഉള്ളത്‌

ഖത്തർ ലോകകപ്പിൽ ആഫ്രിക്കൻ കരുത്ത് കാട്ടാൻ ടുണീഷ്യ, മികവ് തുടരാൻ എറിക്സന്റെ ഡെന്മാർക്ക്

ഖത്തർ ലോകകപ്പ് ഗ്രൂപ്പ് ഡിയിൽ ഇന്ന് ആഫ്രിക്കൻ യൂറോപ്യൻ പോരാട്ടം. ആഫ്രിക്കൻ കരുത്തും ആയി ടുണീഷ്യ എത്തുമ്പോൾ സമീപകാലത്ത് ലോകത്തിലെ തന്നെ ഏറ്റവും മികച്ച ടീം ആയി വളർന്ന ഡെന്മാർക്ക് അവരുടെ കരുത്ത് ലോകത്തിനു കാണിക്കാൻ ആവും ഇറങ്ങുക. ഇന്ന് വൈകുന്നേരം ഇന്ത്യൻ സമയം 6.30 നു ആണ് ഈ മത്സരം നടക്കുക. ലോകകപ്പിൽ ഇരു ടീമുകളും ഇത് ആദ്യമായാണ് ഏറ്റുമുട്ടുന്നത്. മുമ്പ് സൗഹൃദ മത്സരത്തിൽ കണ്ടുമുട്ടിയപ്പോൾ ഡെന്മാർക്ക് ആണ് ജയം കണ്ടത്. യൂറോ കപ്പിൽ മരണത്തിന്റെ വക്കിൽ നിന്നു ഫുട്‌ബോൾ കളത്തിലേക്ക് തിരിച്ചു വന്ന ക്രിസ്റ്റിയൻ എറിക്സന്റെ സാന്നിധ്യം ഡെന്മാർക്കിന്‌ അനുഗ്രഹം ആണ്. ഖത്തറിലെ മനുഷ്യാവകാശ ലംഘനങ്ങൾക്ക് എതിരെ ജെഴ്‌സിയിൽ അടക്കം പ്രതിഷേധം രേഖപ്പെടുത്തിയാണ് ഡെന്മാർക്ക് ലോകകപ്പിന് എത്തുന്നത്.

യൂറോ കപ്പിൽ സെമി വരെ എത്തിയ പ്രകടനം ആവർത്തിക്കാൻ എത്തുന്ന അതിശക്തമായ ഡെന്മാർക്കിന്‌ എറിക്സനു പുറമെ ഡോൽബർഗ്, ഡാമ്സ്ഗാർഡ് എന്നിവർ മുന്നേറ്റത്തിലും ഹോയബിയർ, ഡിലേനി തുടങ്ങിയ താരങ്ങൾ മധ്യനിരയിലും ഉണ്ട്. ഗോളിന് മുന്നിൽ ഷെയ്മക്കലും പ്രതിരോധത്തിൽ കെറും പരിചയസമ്പന്നർ ആണ്. ക്രിസ്റ്റിയൻസൻ, മഹെല എന്നിവർ അടങ്ങിയ ഡെന്മാർക്ക് പ്രതിരോധം എപ്പോഴും വിശ്വസിക്കാവുന്ന ഒന്നാണ്. എറിക്‌സനെ തടയുന്നതിന് ഒപ്പം ഈ പ്രതിരോധം മറികടക്കുക എന്നതും ട്യുണീഷ്യക്ക് പ്രയാസമുള്ള പണിയാണ്. മറുവശത്ത് കൂട്ടായി കളിച്ചു നേടാൻ ആവും ട്യുണീഷ്യൻ ശ്രമം. മുന്നേറ്റത്തിൽ കാസ്‌റി അടക്കമുള്ള അപകടകാരികൾ ആയ താരങ്ങളും അവർക്ക് ഉണ്ട്. ഫ്രാൻസ് ഉൾപ്പെട്ട ഗ്രൂപ്പിൽ ട്യുണീഷ്യക്ക് എതിരെ അടിപതറിയാൽ അത് വലിയ അപകടം ചെയ്യും എന്നറിയാവുന്ന ഡെന്മാർക്ക് ഇന്ന് ജയം മാത്രമാവും ലക്ഷ്യം വക്കുക.

ബ്രസീൽ ഗോളടിച്ചു കൂട്ടി, ടുണീഷ്യ തകർന്നടിഞ്ഞു

ലോകകപ്പിനായി ഒരുങ്ങുന്ന ബ്രസീൽ ദേശീയ ഫുട്ബോൾ ടീമിന് ഒരു വലിയ വിജയം. ഇന്ന് ടുണീഷ്യയെ നേരിട്ട ബ്രസീൽ ഒന്നിനെതിരെ അഞ്ചു ഗോളുകളുടെ വിജയമാണ് നേടിയത്.

ഇന്ന് ആദ്യ 29 മിനുട്ടുകളിൽ തന്നെ ബ്രസീൽ മൂന്ന് ഗോളുകൾ അടിച്ചിരുന്നു. 11ആം മിനുട്ടിൽ കസമെറോയുടെ ഒരു ലോംഗ് പാസ് ഒരു ഫ്ലിക്ക് ഹെഡറിലൂടെ റഫിഞ്ഞ വലയിൽ എത്തിച്ചു. ഇതായിരുന്നു തുടക്കം. 18ആം മിനുട്ടിൽ ടുണീഷ്യ ഒരു ഫ്രീകിക്കിൽ നിന്ന് താൽബിയിലൂടെ സമനില നേടി.

പക്ഷെ തൊട്ടടുത്ത മിനുട്ടിൽ റഫീഞ്ഞയുടെ പാസിൽ നിന്ന് റിച്ചാർലിസന്റെ ഫിനിഷ് ബ്രസീലിന് ലീഡ് തിരികെ നൽകി. 2-1

29ആം മിനുട്ടിൽ ഒരു പെനാൾട്ടിയിലൂടെ നെയ്മർ ആണ് ബ്രസീലിന്റെ മൂന്നാം ഗോൾ നേടിയത്. ആദ്യ പകുതിയുടെ അവസാനം റിച്ചാർലിസന്റെ അസിസ്റ്റിൻ നിന്ന് റഫീഞ്ഞയുടെ ഒരു പവർ ഫുൾ ഷോട്ട് പോസ്റ്റിൽ തട്ടി വലയിലേക്ക് പതിച്ചതോടെ ആദ്യ പകുതി ബ്രസീൽ 4-1 എന്ന നിലയിൽ അവസനിപ്പിച്ചു. ഇതിനിടയിൽ ടുണീഷ്യ താരം ബ്രോൺ ചുവപ്പ് കാർഡ് കാണുകയും ചെയ്തിരുന്നു.

രണ്ടാം പകുതി ബ്രസീൽ അനായാസം ആണ് കളിച്ചത്. രണ്ടാം പകുതിയിൽ 73ആം മിനുട്ടിലെ പെഡ്രോയുടെ ഗോൾ ബ്രസീലിന്റെ സ്കോർ 5-1 എന്നാക്കി.പിന്നെ വലുതായി അധ്വാനിക്കേണ്ടി വരാതെ ബ്രസീൽ വിജയം ഉറപ്പിച്ചു.

സത്യന്‍ – ഹര്‍മീത് കൂട്ടുകെട്ടിന് കിരീടം

ടൂണീഷ്യയിൽ നടക്കുന്ന ഡബ്ല്യുടിടി കണ്ടെന്ററിൽ പുരുഷ വിഭാഗം ഡബിള്‍സ് കിരീടം നേടി ഇന്ത്യയുടെ സത്യന്‍ ജ്ഞാനശേഖരന്‍ – ഹര്‍മീത് ദേശായി കൂട്ടുകെട്ട്. ഫൈനലില്‍ ഫ്രാന്‍സിന്റെ ഇമ്മാനുവൽ ലെബേസ്സൺ – അലക്സാണ്ടേ കാസ്സിന്‍ കൂട്ടുകെട്ടിനെ 3-1 എന്ന സ്കോറിനാണ് പരാജയപ്പെടുത്തിയത്.

11-9, 4-11, 11-9, 11-5 എന്ന സ്കോറിനായിരുന്നു ഇന്ത്യന്‍ സഖ്യത്തിന്റെ വിജയം.

Exit mobile version