ട്രിവാൺഡ്രം റോയൽസിന് രാജകീയ മടക്കം; ആലപ്പിയെ തകർത്തത് 110 റൺസിന്

തിരുവനന്തപുരം: സീസണിലെ തങ്ങളുടെ അവസാന മല്സരത്തിൽ ആലപ്പി റിപ്പിൾസിനെതിരെ ഉജ്ജ്വല വിജയവുമായി ട്രിവാൺഡ്രം റോയൽസ്. 110 റൺസിനാണ് ട്രിവാൺഡ്രം റോയൽസ് ആലപ്പി റിപ്പിൾസിനെ തോല്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത റോയൽസ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 208 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ആലപ്പി 17 ഓവറിൽ 98 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. തോൽവിയോടെ ആലപ്പി റിപ്പിൾസിൻ്റെ സെമി സാധ്യതകൾ മങ്ങി. ട്രിവാൺഡ്രം റോയൽസിൻ്റെ സെമി സാധ്യതകൾ നേരത്തെ തന്നെ അവസാനിച്ചിരുന്നു. റോയൽസിന് വേണ്ടി നാല് വിക്കറ്റ് വീഴ്ത്തിയ അഭിജിത് പ്രവീൺ ആണ് പ്ലെയർ ഓഫ് ദി മാച്ച്.

അവസാന മല്സരത്തിൽ ഓപ്പണർമാർ മികച്ച തുടക്കമാണ് റോയൽസിന് നല്കിയത്. കൃഷ്ണപ്രസാദും വിഷ്ണുരാജും ചേർന്ന് 154 റൺസാണ് ആദ്യ വിക്കറ്റിൽ കൂട്ടിച്ചേർത്തത്. പതിഞ്ഞ താളത്തിലാണ് തുടങ്ങിയതെങ്കിലും പിന്നീട് ഇരുവരും ചേർന്ന് ആഞ്ഞടിക്കുകയായിരുന്നു. 36 പന്തുകളിൽ നിന്നായിരുന്നു കൃഷ്ണപ്രസാദ് അർദ്ധസെഞ്ച്വറി തികച്ചത്. എന്നാൽ അൻപതിൽ നിന്ന് തൊണ്ണൂറിലേക്കെത്താൻ വേണ്ടി വന്നത് 16 പന്തുകളും. തുടരെ രണ്ടാം സെഞ്ച്വറിയിലേക്കെന്ന് തോന്നിച്ച കൃഷ്ണപ്രസാദ് 52 പന്തിൽ 90 റൺസെടുത്താണ് പുറത്തായത്. തൊട്ടടുത്ത ഓവറിൽ 60 റൺസെടുത്ത വിഷ്ണുരാജും മടങ്ങി. അവസാന ഓവറിൽ ആഞ്ഞടിച്ച എം നിഖിലും സഞ്ജീവ് സതീശനുമാണ് റോയൽസിൻ്റെ സ്കോർ 200 കടത്തിയത്. സഞ്ജീവ് സതീശൻ 12 പന്തുകളിൽ രണ്ട് ഫോറും മൂന്ന് സിക്സുമടക്കം 31 റൺസാണ് നേടിയത്. നിഖിൽ ഏഴ് പന്തുകളിൽ നിന്ന് 18 റൺസുമായി പുറത്താകാതെ നിന്നു. ആലപ്പിയ്ക്ക് വേണ്ടി ശ്രീരൂപ് മൂന്ന് വിക്കറ്റ് വീഴ്ത്തി.

മുഹമ്മദ് അസറുദ്ദീൻ്റെ അഭാവത്തിൽ എ കെ ആകർഷായിരുന്നു ജലജ് സക്സേനയ്ക്കൊപ്പം ആലപ്പിയ്ക്കായി ഇന്നിങ്സ് തുറന്നത്. എന്നാൽ തുടക്കത്തിൽ തന്നെ ജലജ് സക്സേന റണ്ണൌട്ടായത് ടീമിന് തിരിച്ചടിയായി. ആകർഷും കെ എ അരുണും ചേർന്നുള്ള കൂട്ടുകെട്ട് ആലപ്പിയ്ക്ക് പ്രതീക്ഷ നല്കിയെങ്കിലും അത് ഏറെ നീണ്ടില്ല. ഒൻപതാം ഓവറിൽ അരുണിനെയും അഭിഷേക് പി നായരെയും മടക്കി അഭിജിത് പ്രവീൺ ആലപ്പിയുടെ മുന്നേറ്റത്തിന് തടയിട്ടു. ഒരു റൺസ് കൂടി കൂട്ടിച്ചേർക്കുന്നതിനിടെ അക്ഷയ് ടി കെ റണ്ണൌട്ടായി. ഒരു റണ്ണെടുത്ത മുഹമ്മദ് കൈഫിനെയും അഭിജിത് പ്രവീൺ പുറത്താക്കിയതോടെ ആലപ്പിയുടെ തകർച്ച പൂർണ്ണമായി. 43 പന്തുകളിൽ നിന്ന് 55 റൺസെടുത്ത എ കെ ആകർഷാണ് ആലപ്പിയുടെ ടോപ് സ്കോറർ. നാലോവറിൽ 18 റൺസ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തിയ അഭിജിത് പ്രവീണാണ് റോയൽസിൻ്റെ ബൌളിങ് നിരയിൽ തിളങ്ങിയത്.

ട്രിവാൺഡ്രം റോയൽസിനോട് 17 റൺസിൻ്റെ തോൽവി, ഇനിയും സെമിയുറപ്പിക്കാനാകാതെ തൃശൂർ ടൈറ്റൻസ്

കെസിഎല്ലിൽ തൃശൂർ ടൈറ്റൻസിനെ 17 റൺസിന് തോല്പിച്ച് ട്രിവാൺഡ്രം റോയൽസ്.
ആദ്യം ബാറ്റ് ചെയ്ത റോയൽസ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 201 റൺസ് നേടി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ തൃശൂരിന് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 184 റൺസ് മാത്രമാണ് നേടാനായത്. റോയൽസിനായി ഉജ്ജ്വല സെഞ്ച്വറി നേടിയ ക്യാപ്റ്റൻ കൃഷ്ണപ്രസാദാണ് പ്ലെയർ ഓഫ് ദി മാച്ച്.

ടോസ് നേടിയ ടൈറ്റൻസ്, റോയൽസിനെ ബാറ്റ് ചെയ്യാനയക്കുകയായിരുന്നു. സെമി സാധ്യതകൾ അവസാനിച്ചതിനാൽ ഒന്നും നഷ്ടപ്പടാനില്ലാത്ത ആത്മവിശ്വാസത്തോടെ റോയൽസിൻ്റെ താരങ്ങൾ ബാറ്റ് വീശി. വിഷ്ണുരാജും അനന്തകൃഷ്ണനും തുടക്കത്തിൽ തന്നെ മടങ്ങിയെങ്കിലും റിയ ബഷീറിനും നിഖിലിനുമൊപ്പം കൃഷ്ണപ്രസാദ് ഉയർത്തിയ കൂട്ടുകെട്ടുകളാണ് റോയൽസിൻ്റെ കൂറ്റൻ സ്കോറിന് അടിത്തറയിട്ടത്. രണ്ട് കൂട്ടുകെട്ടുകളിലുമായി പിറന്ന 109 റൺസിൻ്റെ മുക്കാൽ പങ്കും പിറന്നത് കൃഷ്ണപ്രസാദിൻ്റെ ബാറ്റിൽ നിന്നായിരുന്നു. നിർഭയം ബാറ്റ് വീശിയ കൃഷ്ണപ്രസാദ് 54 പന്തുകളിൽ നിന്ന് സെഞ്ച്വറി പൂർത്തിയാക്കി. റിയ ബഷീർ 17ഉം നിഖിൽ 12ഉം റൺസ് നേടി മടങ്ങി.

സെഞ്ച്വറി പൂർത്തിയാക്കിയ ശേഷവും കൂറ്റൻ ഷോട്ടുകളിലൂടെ ബാറ്റിങ് തുടർന്ന കൃഷ്ണപ്രസാദ് 119 റൺസുമായി പുറത്താകാതെ നിന്നു. 62 പന്തുകളിൽ ആറ് ഫോറും പത്ത് സിക്സും അടങ്ങുന്നതായിരുന്നു കൃഷ്ണപ്രസാദിൻ്റെ ഇന്നിങ്സ്. അബ്ദുൾ ബാസിദ് 13 പന്തുകളിൽ 28 റൺസെടുത്തു. ഇരുവരും ചേർന്ന് അഞ്ചാം വിക്കറ്റിൽ 57 റൺസാണ് കൂട്ടിച്ചേർത്തത്. തൃശൂരിന് വേണ്ടി ആദിത്യ വിനോദ് രണ്ടും ആനന്ദ് ജോസഫ്, സിബിൻ ഗിരീഷ്, അജിനാസ് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ തൃശൂരിന് സ്കോർ ബോർഡ് തുറക്കും മുൻപെ കെ ആർ രോഹിതിൻ്റെ വിക്കറ്റ് നഷ്ടമായി. ഫോമിലുള്ള അഹ്മദ് ഇമ്രാൻ തകർത്തടിച്ച് തുടങ്ങിയെങ്കിലും വലിയൊരു ഇന്നിങ്സ് കാഴ്ച വയ്ക്കാനായില്ല. 18 പന്തുകളിൽ നിന്ന് 38 റൺസെടുത്ത അഹ്മദ് ഇമ്രാനെ അബ്ദുൾ ബാസിദാണ് പുറത്താക്കിയത്. മികച്ച ഷോട്ടുകളുമായി ക്യാപ്റ്റൻ ഷോൺ റോജറും അക്ഷയ് മനോഹറും പ്രതീക്ഷ നിലനിർത്തി. എന്നാൽ ഷോൺ റോജർ 37ഉം അക്ഷയ് മനോഹർ 27ഉം റൺസെടുത്ത് പുറത്തായത് തൃശൂരിന് തിരിച്ചടിയായി.

കളി കൈവിട്ടെന്ന് തോന്നിച്ച ഘട്ടത്തിൽ ഉജ്ജ്വല ഷോട്ടുകളുമായി പോരാട്ടം തുടർന്ന വിനോദ് കുമാറിൻ്റെ പ്രകടനവും ശ്രദ്ധേയമായി. 19 പന്തുകളിൽ രണ്ട് ഫോറും അഞ്ച് സിക്സുമടക്കം 41 റൺസുമായി വിനോദ് കുമാർ പുറത്താകാതെ നിന്നെങ്കിലും ടീമിന് വിജയമൊരുക്കാനായില്ല. തൃശൂരിൻ്റെ മറുപടി 184ൽ അവസാനിച്ചു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ആസിഫ് സലാമാണ് റോയൽസ് ബൌളിങ് നിരയിൽ തിളങ്ങിയത്. അഭിജിത് പ്രവീൺ രണ്ട് വിക്കറ്റും നേടി. തോൽവിയോടെ തൃശൂരിന് ഇനിയും സെമിയുറപ്പിക്കാനായില്ല. പത്ത് പോയിൻ്റുമായി ടീം ഇപ്പോൾ മൂന്നാം സ്ഥാനത്താണ്. എങ്കിലും വരും മല്സരങ്ങളിലെ ഫലം അനുസരിച്ചാകും ടീമിൻ്റെ സെമി പ്രവേശനം.

കൃഷ്ണപ്രസാദിൻ്റെ സെഞ്ച്വറി മികവിൽ തൃശൂരിനെതിരെ 202 റൺസ് വിജയലക്ഷ്യമുയർത്തി ട്രിവാൺഡ്രം റോയൽസ്

കെസിഎല്ലിൽ ട്രിവാൺഡ്രം റോയൽസിനെതിരെ തൃശൂർ ടൈറ്റൻസിന് 202 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത റോയൽസ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 201 റൺസ് നേടിയത്. ഉജ്ജ്വല സെഞ്ച്വറി നേടിയ ക്യാപ്റ്റൻ കൃഷ്ണപ്രസാദാണ് റോയൽസിനെ കൂറ്റൻ സ്കോറിലെത്തിച്ചത്.

ക്യാപ്റ്റൻ കൃഷ്ണപ്രസാദിനൊപ്പം വിഷ്ണുരാജായിരുന്നു ട്രിവാൺഡ്രം റോയൽസിനായി ഇന്നിങ്സ് തുറന്നത്. സെമി സാധ്യതകൾ അവസാനിച്ചതിനാൽ ഒന്നും നഷ്ടപ്പടാനില്ലാത്ത ആത്മവിശ്വാസത്തോടെ റോയൽസിൻ്റെ താരങ്ങൾ ബാറ്റ് വീശി. എന്നാൽ വിഷ്ണുരാജിനും തുടർന്നെത്തിയ അനന്തകൃഷ്ണനും പിടിച്ചു നില്ക്കാനായില്ല. വിഷ്ണുരാജ് 14ഉം അനന്തകൃഷ്ണൻ ഒരു റണ്ണും എടുത്ത് മടങ്ങി. തുടർന്നെത്തിയ റിയ ബഷീറും എം നിഖിലുമായി ചേർന്ന് കൃഷ്ണപ്രസാദ് ഉയർത്തിയ കൂട്ടുകെട്ടുകളാണ് റോയൽസിൻ്റെ കൂറ്റൻ സ്കോറിന് അടിത്തറയിട്ടത്. രണ്ട് കൂട്ടുകെട്ടുകളിലുമായി പിറന്ന 109 റൺസിൻ്റെ മുക്കാൽ പങ്കും പിറന്നത് കൃഷ്ണപ്രസാദിൻ്റെ ബാറ്റിൽ നിന്നായിരുന്നു. നിർഭയം ബാറ്റ് വീശിയ കൃഷ്ണപ്രസാദ് 54 പന്തുകളിൽ നിന്ന് സെഞ്ച്വറി പൂർത്തിയാക്കി. റിയ ബഷീർ 17ഉം നിഖിൽ 12ഉം റൺസ് നേടി മടങ്ങി.

സെഞ്ച്വറി പൂർത്തിയാക്കിയ ശേഷവും കൂറ്റൻ ഷോട്ടുകളിലൂടെ ബാറ്റിങ് തുടർന്ന കൃഷ്ണപ്രസാദ് 119 റൺസുമായി പുറത്താകാതെ നിന്നു. 62 പന്തുകളിൽ ആറ് ഫോറും പത്ത് സിക്സും അടങ്ങുന്നതായിരുന്നു കൃഷ്ണപ്രസാദിൻ്റെ ഇന്നിങ്സ്. അബ്ദുൾ ബാസിദ് 13 പന്തുകളിൽ 28 റൺസെടുത്തു. ഇരുവരും ചേർന്ന് അഞ്ചാം വിക്കറ്റിൽ 57 റൺസാണ് കൂട്ടിച്ചേർത്തത്. തൃശൂരിന് വേണ്ടി ആദിത്യ വിനോദ് രണ്ടും ആനന്ദ് ജോസഫ്, സിബിൻ ഗിരീഷ്, അജിനാസ് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

കെസിഎല്ലില്‍ മിന്നും പ്രകടനം കാഴ്ച്ചവെക്കാന്‍ ട്രിവാന്‍ഡ്രത്തിന്റെ രാജാക്കന്മാര്‍

തിരുവനന്തപുരം: ആവേശക്രിക്കറ്റിന് 21 ന് തിരിതെളിയുമ്പോള്‍ റോയല്‍ പ്രകടനം കാഴ്ച്ച വെക്കുവാനുള്ള തയാറെടുപ്പിലാണ് ട്രിവാന്‍ഡ്രം റോയല്‍സ്. ആറ് ബാറ്റര്‍മാരും അഞ്ച് ഓള്‍ റൗണ്ടര്‍മാരും അഞ്ച് ബൗളര്‍മാരും അടങ്ങുന്ന ടീമിനെ ഇത്തവണ നയിക്കുന്നത് കൃഷ്ണ പ്രസാദാണ്. ക്യാപ്റ്റന്റെ നേതൃത്വത്തിലുള്ള ബാറ്റിംഗ് നിര വെടിക്കെട്ട് തീര്‍ക്കാന്‍ കഴിവുള്ളവരാണ്.ഗോവിന്ദ് ദേവ് പൈ ആണ് ഉപനായകന്‍. ബേസില്‍ തമ്പി, അബ്ദുള്‍ ബാസിത്ത് എന്നിവരാണ് ടീമിലെ പ്രധാന താരങ്ങള്‍.

അബ്ദുള്‍ ബാസിത്തായിരുന്നു കഴിഞ്ഞ സീസണില്‍ ട്രിവാന്‍ഡ്രം റോയല്‍സ് ടീമിന്റെ നായകന്‍. ഗോവിന്ദ് ദേവ് പൈ, സുബിന്‍ എസ്, വിനില്‍ ടി.എസ് എന്നിവരെയാണ് റോയല്‍സ് ടീമില്‍ നിലനിര്‍ത്തിയത്. കഴിഞ്ഞ സീസണില്‍ റോയല്‍സിനായി ബാറ്റിങ്ങിലും ബോളിങ്ങിലും തിളങ്ങിയ താരമാണ് അബ്ദുള്‍ ബാസിത്ത്.റോയല്‍സിന്റെ വിക്കറ്റ് വേട്ടക്കാരിലും ഒന്നാമന്‍.നിര്‍ണ്ണായക ഘട്ടത്തില്‍ ബോള്‍ കൊണ്ടും ബാറ്റ് കൊണ്ടും കളിയുടെ ഗതി തിരിക്കാന്‍ കഴിവുള്ള താരമാണ് അബ്ദുള്‍ ബാസിത്ത്.

അബ്ദുള്‍ ബാസിതിനൊപ്പം ബേസില്‍ തമ്പി കൂടിയെത്തുമ്പോള്‍ ടീം കൂടുതല്‍ കരുത്തുറ്റതാവുകയാണ്. കഴിഞ്ഞ സീസണില്‍ അഖില്‍ സ്‌കറിയയും ഷറഫുദ്ദീനും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ താരം ബേസില്‍ തമ്പി ആയിരുന്നു. ബേസിലിന്റെ വര്‍ഷങ്ങളുടെ അനുഭവസമ്പത്തും ഐപിഎല്ലിലുള്‍പ്പടെ പന്തെറിഞ്ഞ പരിചയവും ടീമിന് മുതല്‍ക്കൂട്ടാവും. മാത്രമല്ല അവസാന ഓവറുകളില്‍ ബാറ്റ് കൊണ്ടും സംഭാവന നല്കാന്‍ ബേസില്‍ തമ്പിക്കാകും.

കഴിഞ്ഞ സീസണിലും ടീമിലുണ്ടായിരുന്ന ഗോവിന്ദ് ദേവ് പൈയും എസ് സുബിനും സമീപ കാലത്ത് മികച്ച ഫോമിലാണ്.
രണ്ട് അര്‍ധ സെഞ്ച്വറിയടക്കം 300 റണ്‍സ് സ്വന്തമാക്കിയ ഗോവിന്ദ് ആയിരുന്നു കഴിഞ്ഞ സീസണില്‍ ടീമിന്റെ ടോപ് സ്‌കോറര്‍. കൂറ്റനടികളിലൂടെ സ്‌കോര്‍ ഉയര്‍ത്താന്‍ മികവുള്ള സുബിനും അടുത്തിടെ നടന്ന ടൂര്‍ണ്ണമെന്റുകളില്‍ മികച്ച പ്രകടനം കാഴ്ച വച്ചിരുന്നു. കൃഷ്ണപ്രസാദ്, അഭിജിത് പ്രവീണ്‍, റിയ ബഷീര്‍, തുടങ്ങിയ യുവതാരങ്ങളുടെ വരവും ടീമിന് കരുത്തേറ്റിയിട്ടുണ്ട്.

ബൗളിങ് നിരയില്‍ അബ്ദുള്‍ ബാസിദിനും ബേസില്‍ തമ്പിക്കും പുറമെ ഫാനൂസ് ഫൈസിനെയും വി അജിത്തിനെയും എം നിഖിലിനെയും കൂടി ടീമിലെത്തിക്കാനായതും നേട്ടമായി. ആലപ്പി റിപ്പിള്‍സിന് വേണ്ടി കഴിഞ്ഞ സീസണില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തിയ താരമാണ് ഫാനൂസ്. വി അജിത്ത് ആകട്ടെ എന്‍എസ്‌കെ ട്രോഫിയില്‍ ഏറ്റവും മികച്ച ബൗളറായി തെരഞ്ഞെടുക്കപ്പെട്ട താരവുമാണ്. എം നിഖില്‍ കഴിഞ്ഞ സീസണില്‍ കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്‍സിന് വേണ്ടി മികച്ച പ്രകടനം കാഴ്ച വച്ചിരുന്നു. മുന്‍ രഞ്ജി താരം എസ് മനോജാണ് ടീമിന്റെ മുഖ്യ പരിശീലകന്‍.സംവിധായകന്‍ പ്രിയദര്‍ശന്‍,ജോസ് പട്ടാര എന്നിവര്‍ നേതൃത്വം നല്‍കുന്ന കണ്‍സോര്‍ഷ്യത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് ടീം.

ടീം സ്‌ക്വാഡ്: ബാറ്റര്‍- കൃഷ്ണ പ്രസാദ് (ക്യാപ്റ്റന്‍),ഗോവിന്ദ് ദേവ് പൈ( വൈസ് ക്യാപ്റ്റന്‍), റിയാ ബഷീര്‍, സന്‍ജീവ് സതീശന്‍. ഓള്‍ റൗണ്ടര്‍- അബ്ദുള്‍ ബാസിത്, അനന്തകൃഷ്ണന്‍, അഭിജിത്ത് പ്രവീണ്‍, വിനില്‍ ടീ എസ്, നിഖില്‍ എസ്.ഫാസ്റ്റ് ബൗളേഴ്‌സ്- ബേസില്‍ തമ്പി, ഫാനൂസ്, ആസിഫ് സലാം. സ്പിന്നര്‍- അജിത് വി, അനുരാജ് ജെ.എസ്. വിക്കറ്റ് കീപ്പര്‍ കം ബാറ്റര്‍- സുബിന്‍ എസ്, അദ്വൈത് പ്രിന്‍സ്.

കെസിഎല്‍ സീസണ്‍ 2: മൂന്ന് താരങ്ങളെ നിലനിര്‍ത്തി അദാനി ട്രിവാന്‍ഡ്രം റോയല്‍സ്

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് സീസണ്‍ 2 വില്‍ കഴിഞ്ഞ തവണത്തെ മൂന്ന് താരങ്ങളെ അദാനി ട്രിവാന്‍ഡ്രം റോയല്‍സ് നിലനിര്‍ത്തി. ബി കാറ്റഗറിയില്‍ ഉള്‍പ്പെട്ട ഗോവിന്ദ് ദേവ് ഡി പൈ, സി കാറ്റഗറിയില്‍പ്പെട്ട സുബിന്‍ എസ്,വിനില്‍ ടി.എസ് എന്നിവരെയാണ് റോയല്‍സ് നിലനിര്‍ത്തിയത്.

മികച്ച ബാറ്ററായ ഗോവിന്ദ് ദേവ് പൈ കേരള ക്രിക്കറ്റിലെ ഏറ്റവും ശ്രദ്ധേയരായ യുവതാരങ്ങളിൽ ഒരാളാണ്. കേരള ടീമിന്റെ ഒമാന്‍ ടൂറില്‍ മികച്ച പ്രകടനമായിരുന്നു ഗോവിന്ദ് കാഴ്ച്ച വെച്ചത്. കൂടാതെ, കഴിഞ്ഞ സീസണില്‍ കൂടുതല്‍ റണ്‍സ് നേടിയവരുടെ പട്ടികയിലും ഗോവിന്ദ് ഇടംപിടിച്ചിരുന്നു.11 കളിയില്‍ പാഡണിഞ്ഞ താരം രണ്ട് അര്‍ദ്ധ സെഞ്ചുറി ഉള്‍പ്പെടെ ടൂര്‍ണമെന്റിലാകെ മുന്നൂറ് റണ്‍സ് സ്വന്തമാക്കിയിരുന്നു. 79 റണ്‍സായിരുന്നു ഗോവിന്ദിന്റെ ആദ്യ സീസണിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. ബാറ്ററും വിക്കറ്റ് കീപ്പറുമാണ് സുബിന്‍ എസ്. കളിച്ച കളിയിലെല്ലാം സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുത്ത താരമായിരുന്നു സുബിന്‍. അടുത്തിടെ നടന്ന എൻഎസ്കെ ട്രോഫിയിലും പ്രസിഡൻസ് കപ്പിലുമെന്നല്ലാം സുബിൻ മികച്ച പ്രകടനം കാഴ്ച വച്ചിരുന്നു. കൂറ്റൻ ഷോട്ടുകൾ പായിക്കാനുള്ള കഴിവാണ് സുബിൻ്റെ പ്രധാന മികവ്.

ഇടംകൈയന്‍ ഫാസ്റ്റ് ബൗളറും അണ്ടര്‍ 19 സ്റ്റേറ്റ് പ്ലയറുമാണ് ടി.എസ് വിനില്‍.

“ഇത്തവണ കിരീടം ലക്ഷ്യമാക്കിയാണ് അദാനി ട്രിവാന്‍ഡ്രം റോയല്‍സ് കളത്തിലിറങ്ങുന്നത്. മികച്ച താരങ്ങളെ ഉള്‍പ്പെടുത്തി കരുത്തുറ്റ ടീമിനെയാകും മത്സരത്തിനിറക്കുക “- ട്രിവാന്‍ഡ്രം റോയല്‍സ് ടീം ഡയറക്ടർ റിയാസ് ആദം പറഞ്ഞു.

Exit mobile version