ബുംറയോ ബോൾട്ടോ മികച്ചത്, വ്യക്തമായ ഉത്തരമില്ലെന്ന് മൈക്കൽ വോൺ

മുംബൈ ഇന്ത്യൻസ് താരങ്ങളായ ജസ്പ്രീത് ബുംറയും ട്രെന്റ് ബോൾട്ടും എതിരാളികളായിട്ടായിരിക്കും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഏറ്റുമുട്ടുക. ഇവരിലാരാണ് മികച്ചതെന്ന ചോദ്യത്തിന് തനിക്ക് വ്യക്തമായ ഉത്തരമില്ലെന്നാണ് ഇംഗ്ലണ്ട് മുൻ നായകൻ മൈക്കൽ വോൺ പറഞ്ഞത്. ഇരുവരും തമ്മിൽ ഒപ്പത്തിനൊപ്പമുള്ള പോരാട്ടമായിരിക്കുമെന്നും എന്നാൽ ഏറെ കാലമായി ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്ന ട്രെന്റ് ബോൾട്ടിന് താൻ നേരിയ മുൻതൂക്കം നൽകുമെന്നും വോൺ പറഞ്ഞു.

താരം കൂടുതൽ കാലമായി ടെസ്റ്റ് കളിക്കുന്നു എന്നതിനാൽ മാത്രമാണ് താൻ ഇത്തരത്തിൽ തിരഞ്ഞെടുത്തതെന്നും അല്ലെങ്കിൽ തനിക്ക് ആരാണ് മികച്ചതെന്ന അഭിപ്രായത്തിലെത്തുവാനാകാത്ത തരത്തിൽ ഇരുവരും മികച്ച താരങ്ങളാണെന്ന് മൈക്കൽ വോൺ പറഞ്ഞു.

ന്യൂസിലാണ്ട് താരങ്ങള്‍ ഡല്‍ഹിയിലെ ബയോ ബബിളില്‍

ഐപിഎല്‍ കളിക്കാനെത്തിയ ന്യൂസിലാണ്ട് താരങ്ങളായ കെയിന്‍ വില്യംസണും ട്രെന്റ് ബോള്‍ട്ടും ഉള്‍പ്പെടുന്ന സംഘം ഡല്‍ഹിയിലെ ബയോ ബബിളിലാണ് ഇപ്പോളുള്ളത്. മേയ് 11 അവര്‍ ഇംഗ്ലണ്ടിലേക്ക് യാത്രയാകുമെന്നാണ് അറിയുന്നത്. ഈ വാര്‍ത്ത ന്യൂസിലാണ്ട് ക്രിക്കറ്റാണ് സ്ഥിരീകരിച്ചത്.

സുരക്ഷ ബബിള്‍ സൃഷ്ടിക്കുവാനുള്ള എല്ലാ തയ്യാറെടുപ്പുകളും ന്യൂസിലാണ്ട് ക്രിക്കറ്റാണ് നടത്തിയതെന്നും അറിയുന്നു. ഇപ്പോള്‍ ബയോ ബബിളില്‍ കഴിയുന്ന താരങ്ങളില്‍ കെയിന്‍ വില്യംസണ്‍, കൈല്‍ ജാമിസണ്‍, മിച്ചല്‍ സാന്റനര്‍ എന്നിവര്‍ക്ക് പുറമെ ഫിസിയോ ടോമി സിംസെക്കും ഇംഗ്ലണ്ടിലേക്ക് യാത്രയാകും.

അതേ സമയം ട്രെന്റ് ബോള്‍ട്ട് വീട്ടിലേക്ക് യാത്രയായതിന് ശേഷം മാത്രമേ ജൂണില്‍ ടെസ്റ്റ് സംഘത്തിനൊപ്പം ചേരുകയുള്ളുവെന്നാണ് അറിയുന്നത്. ബോള്‍ട്ട് മേയ് 8ന് ഇന്ത്യയില്‍ നിന്ന് യാത്രയാകുമെന്നാണ് അറിയുന്നത്. ഇംഗ്ലണ്ടിനെതിരെയുള്ള രണ്ടാം ടെസ്റ്റിനാവും ബോള്‍ട്ട് ടീമിനൊപ്പം ചേരുകയെന്നാണ് അറിയുന്നത്.

 

പതിവ് ആവര്‍ത്തിച്ച് സണ്‍റൈസേഴ്സ് ഹൈദ്രാബാദ്, വീണ്ടും ജയം കൈവിട്ടു

ജോണി ബൈര്‍സ്റ്റോയുടെ വെടിക്കെട്ട് ബൗളിംഗ് പ്രകടനത്തിന്റെ ബലത്തില്‍ സണ്‍റൈസേഴ്സ് മുംബൈയ്ക്കെതിരെ വിജയം നേടുമെന്ന് തോന്നിപ്പിച്ചുവെങ്കിലും അവസാനത്തോടടുത്ത് വീണ്ടും കാലിടറി ടീം. 19.4 ഓവറില്‍ സണ്‍റൈസേഴ്സിനെ 137 റണ്‍സിന് പുറത്താക്കിയാണ് മുംബൈ 13 റണ്‍സിന്റെ വിജയം സ്വന്തമാക്കിയത്. 90/2 എന്ന നിലയില്‍ വിജയം ഇത്തവണ സ്വന്തമാക്കുവാനാകുമെന്ന സ്ഥിതിയില്‍ നിന്നാണ് സണ്‍റൈസേഴ്സിന്റെ തകര്‍ച്ച

ജോണി ബൈര്‍സ്റ്റോയും ഡേവിഡ് വാര്‍ണറും ചേര്‍ന്ന് 7.2 ഓവറില്‍ 67 റണ്‍സാണ് ഒന്നാം വിക്കറ്റില്‍ നേടിയത്. 22 പന്തില്‍ 43 റണ്‍സ് നേടിയ ജോണി ബൈര്‍സ്റ്റോ നിര്‍ഭാഗ്യകരമായ രീതിയില്‍ ഹിറ്റ് വിക്കറ്റായി പുറത്തായതോടെ വീണ്ടും സണ്‍റൈസേഴ്സ് തകരുന്ന കാഴ്ചയാണ് കണ്ടത്. 67/0 എന്ന നിലയില്‍ നിന്ന് 104/5 എന്ന നിലയിലേക്ക് സണ്‍റൈസേഴ്സ് വീണപ്പോള്‍ മത്സരത്തില്‍ മുംബൈ പിടിമുറുക്കുന്ന കാഴ്ചയാണ് കണ്ടത്.

Bairstowwarner

ഡേവിഡ് വാര്‍ണര്‍ 36 റണ്‍സ് നേടിയെങ്കിലും റണ്ണൗട്ട് ആയി പുറത്തായതും സണ്‍റൈസേഴ്സിന് തിരിച്ചടിയായി. മനീഷ് പാണ്ടേ, വിരാട് സിംഗ്, അഭിഷേക് ശര്‍മ്മ എന്നിവരുടെ വിക്കറ്റുകളാണ് രാഹുല്‍ ചഹാര്‍ നേടിയത്.

മൂന്ന് വിക്കറ്റുകളാണ് 19 റണ്‍സ് വിട്ട് നല്‍കി മുംബൈയ്ക്ക് വേണ്ടി രാഹുല്‍ ചഹാര്‍ നേടിയത്. ഈ സ്പെല്ലാണ് സണ്‍റൈസേഴ്സിന്റെ കാര്യം കുഴപ്പത്തിലാക്കിയത്. 15 ഓവര്‍ അവസാനിക്കുമ്പോള്‍ 104 റണ്‍സാണ് ഹൈദ്രാബാദ് നേടിയത്.

അവസാന അഞ്ചോവറില്‍ 47 റണ്‍സെന്ന ലക്ഷ്യം തേടിയിറങ്ങിയ വിജയ് ശങ്കറും അബ്ദുള്‍ സമദും ക്രുണാല്‍ പാണ്ഡ്യ എറിഞ്ഞ 16ാം ഓവറില്‍ 16 റണ്‍സ് നേടുകയായിരുന്നു. ഇതില്‍ രണ്ട് സിക്സ് ഉള്‍പ്പെടെ 15 റണ്‍സാണ് വിജയ് ശങ്കര്‍ നേടിയത്.

ക്രുണാലിന്റെ ഓവര്‍ കവിഞ്ഞപ്പോള്‍ 24 പന്തില്‍ 31 ആയി ലക്ഷ്യം കുറഞ്ഞു. തന്റെ തുറുപ്പ് ചീട്ട് ജസ്പ്രീത് ബുംറയെ കളത്തിലിറക്കിയ രോഹിത് മത്സരം വിട്ട് കൊടുക്കുവാന്‍ തയ്യാറല്ലെന്ന് കാണിക്കുകയായിരുന്നു. ഓവറില്‍ നിന്ന് വെറും 4 റണ്‍സ് മാത്രമാണ് ബുംറ വിട്ട് നല്‍കിയത്.

ഡേവിഡ് വാര്‍ണറെ പുറത്താക്കിയത് പോലെ 18ാം ഓവറില്‍ അബ്ദുള്‍ സമദിനെയും റണ്ണൗട്ടാക്കി ഹാര്‍ദ്ദിക് പാണ്ഡ്യ സണ്‍റൈസേഴ്സിന്റെ ആറാം വിക്കറ്റ് വീഴ്ത്തുകയായിരുന്നു. ട്രെന്റ് ബോള്‍ട്ട് എറിഞ്ഞ ഓവറില്‍ നിന്ന് ആറ് റണ്‍സാണ് പിറന്നത്. ഓവറിലെ അവസാന പന്തില്‍ റഷീദ് ഖാനെ വിക്കറ്റിന് മുന്നില്‍ കുടുക്കി ബോള്‍ട്ട് മത്സരത്തില്‍ മുംബൈയ്ക്ക് മേല്‍ക്കൈ നേടിക്കൊടുത്തു.

25 പന്തില്‍ 28 റണ്‍സ് നേടിയ വിജയ് ശങ്കറിനെ 19ാം ഓവറില്‍ ജസ്പ്രീത് ബുംറ പുറത്താക്കിയപ്പോള്‍ മത്സരം മുംബൈ കൈപ്പിടിയിലാക്കുകയായിരുന്നു. 5 റണ്‍സ് മാത്രമാണ് ഓവറില്‍ നിന്ന് ബുംറ വിട്ട് കൊടുത്തത്. തന്റെ 4 ഓവറില്‍ 14 റണ്‍സ് മാത്രം വിട്ട് നല്‍കിയാണ് ബുംറയുടെ ഈ തകര്‍പ്പന്‍ സ്പെല്‍.

ട്രെന്റ് ബോള്‍ട്ട് 3.4 ഓവറില്‍ 28 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് നേടി.

റസ്സലിന്റെ ക്യാച്ച് നഷ്ടപ്പെടുത്തിയതില്‍ ബുംറയ്ക്ക് നിരാശ, എന്നാല്‍ മത്സരത്തിലെ നിര്‍ണ്ണായക ഓവര്‍ എറിഞ്ഞ് ബുംറ ടീമിനെ തിരികെ വിജയ പാതയിലേക്ക് നയിച്ചു – ട്രെന്റ് ബോള്‍ട്ട്

റസ്സലിന്റെ ക്യാച്ച് കൈവിട്ടതില്‍ ബുംറയ്ക്ക് നിരാശയുണ്ടായിരുന്നുവെന്നും എന്നാല്‍ താരം മുംബൈയെ അവസാന ഓവറുകളിലെ മിന്നും ബൗളിംഗ് പ്രകടനത്തിലൂട വിജയ വഴിയിലേക്ക് തിരികെ കൊണ്ടുവന്നുവെന്ന് പറഞ്ഞ് ട്രെന്റ് ബോള്‍ട്ട്. ഇത്തരത്തില്‍ ക്ലോസ് മാച്ച് വിജയിക്കാനാകുന്നത് മികച്ച ഫീലിംഗ് ആണെന്നും മത്സരത്തിലെ അവസാനത്തോട് കൂടിയുള്ള നാല് മികച്ച ഓവറുകളാണ് മത്സരം മാറ്റിയതെന്നും അതില്‍ ജസ്പ്രീത് ബുംറയ്ക്ക് വലിയ പങ്കുണ്ടായിരുന്നുവെന്നും ട്രെന്റ് ബോള്‍ട്ട് വ്യക്തമാക്കി.

അവസാന രണ്ടോവറില്‍ 19 റണ്‍സ് വിജയത്തിനായി വേണ്ടിയിരുന്ന കൊല്‍ക്കത്തയ്ക്ക് ബുംറ എറിഞ്ഞ 19ാം ഓവറില്‍ വെറും 4 റണ്‍സ് മാത്രമേ നേടാനായുള്ളു. മുംബൈയുടെ സ്പിന്നര്‍മാര്‍ ഏറെ പരിചയസമ്പത്തുള്ളവരാണെന്നും അവര്‍ ഡോട്ട് ബോളുകളിലൂടെ സമ്മര്‍ദ്ദം സൃഷ്ടിച്ചുകൊണ്ടേയിരുന്നുവെന്നും അവസാന ഓവറില്‍ തനിക്ക് ഏതാനും വിക്കറ്റ് നേടാനായതില്‍ സന്തോഷമുണ്ടെന്നും ട്രെന്റ് ബോള്‍ട്ട് പറഞ്ഞു.

21.2 ഓവറില്‍ അനായാസ വിജയം കൈവരിച്ച് ന്യൂസിലാണ്ട്

ബംഗ്ലാദേശിനെതിരെ ആദ്യ ഏകദിനത്തില്‍ എട്ട് വിക്കറ്റ് വിജയം കരസ്ഥമാക്കി ന്യൂസിലാണ്ട്. ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിനെ 131 റണ്‍സിന് ഓള്‍ഔട്ട് ആക്കിയ ശേഷം ന്യൂസിലാണ്ട് ലക്ഷ്യം 21.2 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു. 49 റണ്‍സുമായി ഹെന്‍റി നിക്കോള്‍സ് പുറത്താകാതെ നിന്നപ്പോള്‍ മാര്‍ട്ടിന്‍ ഗപ്ടില്‍ 19 പന്തില്‍ 38 റണ്‍സും ഡെവണ്‍ കോണ്‍വേ 27 റണ്‍സും നേടി. തന്റെ അരങ്ങേറ്റ ഏകദിന മത്സരം കളിക്കുന്ന കോണ്‍വേ പതിവിന് വിപരീതമായി 52 പന്ത് നേരിട്ടാണ് ഈ സ്കോര്‍ നേടിയത്.

വിജയ സമയത്ത് നിക്കോള്‍സിന് കൂട്ടായി 11 റണ്‍സുമായി വില്‍ യംഗ് ക്രീസിലുണ്ടായിരുന്നു. ടാസ്കിന്‍ അഹമ്മദ്, ഹസന്‍ മഹമ്മൂദ് എന്നിവരാണ് ബംഗ്ലാദേശിനായി വിക്കറ്റ് നേടിയത്. 4 ബംഗ്ലാദേശ് വിക്കറ്റുകള്‍ വീഴ്ത്തിയ ട്രെന്റ് ബോള്‍ട്ട് ആണ് കളിയിലെ താരം.

ബംഗ്ലാദേശിന്റെ നടുവൊടിച്ച് ട്രെന്റ് ബോള്‍ട്ട്, സന്ദര്‍ശകര്‍ 131 റണ്‍സിന് ഓള്‍ഔട്ട്

ഡുണ്ടൈനില്‍ ഇന്നാരംഭിച്ച ഒന്നാം ഏകദിനത്തില്‍ ബംഗ്ലാദേശിന് ബാറ്റിംഗ് തകര്‍ച്ച. ടോസ് നേടിയ ന്യൂസിലാണ്ട് ബൗളിംഗ് തിരഞ്ഞെടുത്തപ്പോള്‍ ബംഗ്ലാദേശ് 41.5 ഓവറില്‍ 131 റണ്‍സിന് ഓള്‍ഔട്ട് ആയി. 4 വിക്കറ്റ് നേടി ട്രെന്റ് ബോള്‍ട്ടും രണ്ട് വീതം വിക്കറ്റ് നേടി ജെയിംസ് നീഷവും മിച്ചല്‍ സാന്റനറുമാണ് ബംഗ്ലാദേശിന്റെ അന്തകരായത്. 27 റണ്‍സ് നേടിയ മഹമ്മദുള്ളയാണ് ബംഗ്ലാദേശിന്റെ ടോപ് സ്കോറര്‍. മുഷ്ഫിക്കുര്‍ റഹിം 23 റണ്‍സ് നേടി.

മഹേദി ഹസന്‍, ടാസ്കിന്‍ അഹമ്മദ് എന്നിവര്‍ വാലറ്റത്തില്‍ ചെറുത്ത് നില്പുയര്‍ത്തിയാണ് ടീമിനെ131 റണ്‍സിലേക്ക് എത്തിച്ചത്. ലിറ്റണ്‍ ദാസ് 19 റണ്‍സും തമീം ഇക്ബാല്‍ 1 റണ്‍സും നേടി.

ബോള്‍ട്ട് ടോപ് ഓര്‍ഡറില്‍ രണ്ട് വിക്കറ്റും വാലറ്റത്തില്‍ രണ്ട് വിക്കറ്റും നേടിയാണ് ബംഗ്ലാദേശിന്റെ കഥ കഴിച്ചത്. തന്റെ 8.5 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 27 റണ്‍സാണ് താരം നേടിയത്.

ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കുവാന്‍ കിണഞ്ഞ് പരിശ്രമിച്ച് വെസ്റ്റ് ഇന്‍ഡീസ്

ആദ്യ ഇന്നിംഗ്സില്‍ 131 റണ്‍സിന് പുറത്തായ വെസ്റ്റിന്‍ഡീസ് രണ്ടാം ഇന്നിംഗ്സില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തുവെങ്കിലും ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കുവാന്‍ ഇനിയും 85 റണ്‍സ് ടീം നേടേണ്ടതുണ്ട്. കൈവശമുള്ളത് വെറും 4 വിക്കറ്റ് മാത്രം. മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ 244/6 എന്ന നിലയിലാണ് ഫോളോ ഓണ്‍ ചെയ്യപ്പെട്ട വിന്‍ഡീസ് രണ്ടാം ഇന്നിംഗ്സില്‍ നിലകൊള്ളുന്നത്.

74 റണ്‍സ് കൂട്ടുകെട്ടുമായി ജേസണ്‍ ഹോള്‍ഡര്‍ – ജോഷ്വ ഡാ സില്‍വ കൂട്ടുകെട്ടാണ് വിന്‍ഡീസിന്റെ ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കുവാനുള്ള കടുപ്പമേറിയ ദൗത്യത്തിലേര്‍പ്പെട്ടിരിക്കുന്നത്. ജേസണ്‍ ഹോള്‍ഡര്‍ 60 റണ്‍സും ജോഷ്വ 25 റണ്‍സും നേടിയാണ് ക്രീസിലുള്ളത്.

ജോണ്‍ കാംപെല്‍(68), ഷമാര്‍ ബ്രൂക്ക്സ്(36), ക്രെയിഗ് ബ്രാത്‍വൈറ്റ്(24), ജെര്‍മൈന്‍ ബ്ലാക്ക്വുഡ്(20) എന്നിവരാണ് വിന്‍ഡീസ് നിരയിലെ മറ്റു പ്രധാന സ്കോറര്‍മാര്‍. ന്യൂസിലാണ്ടിന് വേണ്ടി ട്രെന്റ് ബോള്‍ട്ട് മൂന്നും കൈല്‍ ജാമിസണ്‍ രണ്ടും വിക്കറ്റാണ് നേടിയത്.

വെളിച്ചക്കുറവ് മൂലമാണ് മൂന്നാം ദിവസത്തെ മത്സരം നേരത്തെ അവസാനിപ്പിച്ചത്. നേരത്തെ ഒന്നാം ഇന്നിംഗ്സില്‍ 124/8 എന്ന നിലയില്‍ മൂന്നാം ദിവസം ബാറ്റിംഗ് പുനരാരംഭിച്ച വിന്‍ഡീസ് 7 റണ്‍സ് കൂടി നേടുന്നതിനിടയില്‍ ഓള്‍ഔട്ട് ആകുകയായിരുന്നു.

ഒന്നാം ഇന്നിംഗ്സില്‍ ന്യൂസിലാണ്ടിന് വേണ്ടി സൗത്തിയും ജാമിസണും അഞ്ച് വീതം വിക്കറ്റ് നേടി.

തുടക്കം പാളിയെങ്കിലും ഡല്‍ഹിയെ പൊരുതാവുന്ന സ്കോറിലേക്ക് നയിച്ച് ശ്രേയസ്സ് അയ്യരും ഋഷഭ് പന്തും

ഐപിഎലില്‍ തങ്ങളുടെ കന്നി ഫൈനലില്‍ കളിക്കാനിറങ്ങിയ ‍ഡല്‍ഹിയെ പൊരുതാവുന്ന സ്കോറിലേക്ക് നയിച്ച് ക്യാപ്റ്റന്‍ ശ്രേയസ്സ് അയ്യരും ഋഷഭ് പന്തും. ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റില്‍ നേടിയ 96 റണ്‍സിന്റെ അടിത്തറിയിലാണ് ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി 156 റണ്‍സിലേക്ക് എത്തിയത്. 7 വിക്കറ്റാണ് ടീമിന് നഷ്ടമായത്.

ആദ്യ പന്തില്‍ തന്നെ മാര്‍ക്കസ് സ്റ്റോയിനിസിനെ നഷ്ടമായ ഡല്‍ഹിയ്ക്ക് അജിങ്ക്യ രഹാനെയെയും തുടക്കത്തില്‍ തന്നെ നഷ്ടമായി. ഇരു വിക്കറ്റുകളും നേടയിത് ട്രെന്റ് ബോള്‍ട്ട് ആയിരുന്നു. 15 റണ്‍സ് നേടിയ മികച്ച ഫോമിലുള്ള ശിഖര്‍ ധവാനെയും നഷ്ടമായപ്പോള്‍ ഡല്‍ഹിയുടെ നില പരുങ്ങലിലായി. ജയന്ത് യാധവിന് ആയിരുന്നു വിക്കറ്റ്.

22/3 എന്ന നിലയില്‍ നിന്ന് ശ്രേയസ്സ് അയ്യരും ഋഷഭ് പന്തും ചേര്‍ന്ന് ടീമിനെ 15 ഓവറില്‍ 118 റണ്‍സിലേക്ക് എത്തിയ്ക്കുകായിരുന്നു. 69 പന്തില്‍ നിന്ന് 96 റണ്‍സ് നേടി അപകടകാരിയായി മാറുകയായിരുന്ന കൂട്ടുകെട്ടിനെ നഥാന്‍ കോള്‍ട്ടര്‍-നൈല്‍ ആണ് തകര്‍ത്തത്. 38 പന്തില്‍ നിന്ന് 56 റണ്‍സാണ് പന്ത് നേടിയത്.

പന്ത് പുറത്തായെങ്കിലും തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കി ശ്രേയസ്സ് അയ്യര്‍ മികച്ച രീതിയില്‍ ഡല്‍ഹി ഇന്നിംഗ്സ് മുന്നോട്ട് നയിക്കുകയായിരുന്നു. പന്ത് പുറത്തായെങ്കിലും തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കി ശ്രേയസ്സ് അയ്യര്‍ മികച്ച രീതിയില്‍ ഡല്‍ഹി ഇന്നിംഗ്സ് മുന്നോട്ട് നയിക്കുകയായിരുന്നു. ഷിമ്രണ്‍ ഹെറ്റ്മ്യറെ പുറത്താക്കി ട്രെന്റ് ബോള്‍ട്ട് തന്റെ മൂന്നാം വിക്കറ്റ് നേടി.

49 പന്തില്‍ നിന്ന് 64 റണ്‍സുമായി ശ്രേയസ്സ് അയ്യര്‍ പുറത്താകാതെ നിന്നുവെങ്കിലും അവസാന ഓവറുകളില്‍ ഡല്‍ഹിയെ അധികം റണ്‍സ് നല്‍കാതെ പിടിച്ചുകെട്ടുവാന്‍ മുംബൈയ്ക്ക് സാധിച്ചിരുന്ന. ജസ്പ്രീത് ബുംറയ്ക്ക് വിക്കറ്റ് ലഭിച്ചില്ലെങ്കിലും ട്രെന്റ് ബോള്‍ട്ട് മൂന്നും നഥാന്‍ കോള്‍ട്ടര്‍-നൈല്‍ രണ്ടും വിക്കറ്റ് നേടി. ശിഖര്‍ ധവാന്റെ നിര്‍ണ്ണായക വിക്കറ്റ് നേടി ജയന്ത് യാധവും തന്നെ ഫൈനലില്‍ ഉള്‍പ്പെടുത്തിയ മുംബൈ തീരുമാനം ശരിവയ്ക്കുന്ന പ്രകടനം പുറത്തെടുത്തു.

 

ആധികാരികം മുംബൈ, ഡല്‍ഹിയുടെ തോല്‍വിയുറപ്പാക്കി ബുംറയും ബോള്‍ട്ടും

ട്രെന്റ് ബോള്‍ട്ട് ആദ്യ ഓവറില്‍ നല്‍കിയ ഇരട്ട പ്രഹരത്തിന് ശേഷം തിരിച്ച് കയറാനാകാതെ ഡല്‍ഹി ക്യാപിറ്റല്‍സ്. 201 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ഡല്‍ഹി അക്കൗണ്ട് തുറക്കുന്നതിന് മുമ്പ് തന്നെ പൃഥ്വി ഷാ, അജിങ്ക്യ രഹാനെ എന്നിവരെ നഷ്ടമായി പ്രതിസന്ധിയിലായി. ശിഖര്‍ ധവാനെ ബുംറ പുറത്താക്കിയപ്പോള്‍ ആദ്യ മൂന്ന് ബാറ്റ്സ്മാന്മാരും പൂജ്യത്തിനാണ് പുറത്തായത്.

0/3 എന്ന നിലയില്‍ നിന്ന് ശ്രേയസ്സ് അയ്യരെയും(12) ഋഷഭ് പന്തിനെയും(5) നഷ്ടപ്പെട്ട ഡല്‍ഹിയെ കൂറ്റന്‍ തോല്‍വിയില്‍ നിന്ന് കരകയറ്റിയത്. മാര്‍ക്കസ് സ്റ്റോയിനിസും അക്സര്‍ പട്ടേലും ചേര്‍ന്നാണ്. 46 പന്തില്‍ 65 റണ്‍സ് നേടിയ സ്റ്റോയിനിസും അക്സറും ചേര്‍ന്ന് ആറാം വിക്കറ്റില്‍ 71 റണ്‍സാണ് നേടിയത്. സ്റ്റോയിനിസിനെയും ഡാനിയേല്‍ സാംസിനെയും പുറത്താക്കി ബുംറ വീണ്ടും ഡല്‍ഹിയുടെ ചേസിംഗിന് തടയിടുകയായിരുന്നു.

20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സാണ് ഡല്‍ഹി നേടിയത്. 29 റണ്‍സിന്റെ എട്ടാം വിക്കറ്റുമായി അക്സറും റബാഡയും ചേര്‍ന്നാണ് ടീമിന്റെ സ്കോര്‍ ഇത്രയും എത്തിച്ചത്. അക്സര്‍ 42 റണ്‍സും റബാഡ 15 റണ്‍സും നേടി.

ഡല്‍ഹിയെ വെള്ളം കുടിപ്പിച്ച് തണ്ടര്‍ ബോള്‍ട്ടും ബൂം ബൂം ബുംറയും

ഐപിഎലില്‍ ഇന്ന് മുംബൈ ഇന്ത്യന്‍സിനെതിരെ ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ക്യാപിറ്റല്‍സിന് തകര്‍ച്ച. തുടക്കത്തില്‍ ട്രെന്റ് ബോള്‍ട്ടും മധ്യ ഓവറുകളില്‍ ജസ്പ്രീത് ബുംറയുമാണ് ഡല്‍ഹിയുടെ തകര്‍ച്ചയ്ക്ക് കാരണമായത്. ശിഖര്‍ ധവാനെയും പൃഥ്വി ഷായെയും തന്റെ ആദ്യ രണ്ട് ഓവറുകളില്‍ തന്നെ ബോള്‍ട്ട് പുറത്താക്കുകയായിരുന്നു. 20 ഓവറില്‍ നിന്ന് 9 വിക്കറ്റ് നഷ്ടത്തില്‍ 110 റണ്‍സാണ് ഡല്‍ഹി നേടിയത്. 78/7 എന്ന നിലയില്‍ നിന്ന് വാലറ്റത്തിന്റെ പ്രകടനമാണ് ഡല്‍ഹിയെ ഈ സ്കോറിലേക്ക് എത്തിച്ചത്.

15/2 എന്ന നിലയില്‍ നിന്ന് ഡല്‍ഹിയെ 35 റണ്‍സ് കൂട്ടുകെട്ടുമായി ശ്രേയസ്സ് അയ്യരും ഋഷഭ് പന്തും മുന്നോട്ട് നയിക്കുമെന്ന് തോന്നിപ്പിച്ചുവെങ്കിലും അയ്യരെ(25) പുറത്താക്കി രാഹുല്‍ ചഹാര്‍ കൂട്ടുകെട്ട് തകര്‍ത്തു. പിന്നീട് തുടരെ വിക്കറ്റുകള്‍ ഡല്‍ഹിയ്ക്ക് നഷ്ടമാകുന്നതാണ് കാണാനായത്.

50/2 എന്ന നിലയില്‍ നിന്ന് 78/7 എന്ന നിലയിലേക്ക് ‍‍ഡല്‍ഹി തകര്‍ന്ന് വീണപ്പോള്‍ ജസ്പ്രീത് ബുംറ ഇതില്‍ മൂന്ന് വിക്കറ്റ് നേടി. എട്ടാം വിക്കറ്റില്‍ 18 റണ്‍സ് നേടിയ രവിചന്ദ്രന്‍ അശ്വിന്‍ – പ്രവീണ്‍ ഡുബേ കൂട്ടുകെട്ടാണ് ഡല്‍ഹിയെ നൂറിനടുത്തേക്ക് എത്തിച്ചത്.

തന്റെ അവസാന ഓവര്‍ എറിയുവാനെത്തിയ ബോള്‍ട്ട് അശ്വിനെ(12) പുറത്താക്കി കൂട്ടകെട്ട് തകര്‍ക്കുകയായിരുന്നു. അതെ ഓവറില്‍ നിന്ന് 11 റണ്‍സ് വന്നപ്പോള്‍ ഡല്‍ഹി നൂറ് കടക്കുകയായിരുന്നു. 7 പന്തില്‍ 12 റണ്‍സ് നേടിയ റബാഡയാണ് ഡല്‍ഹിയെ 110 റണ്‍സിലേക്ക് എത്തിക്കുവാന്‍ സഹായിച്ചത്.

ബോള്‍ട്ട് തന്റെ നാലോവറില്‍ 21 റണ്‍സിന് മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ബുംറ വെറും 17 റണ്‍സിനാണ് മൂന്ന് വിക്കറ്റ് നേടിയത്.

സഞ്ജു പൂജ്യത്തിന് പുറത്ത്, പൊരുതി നോക്കിയത് ജോസ് ബട്‍ലര്‍ മാത്രം, മൂന്നാം തോല്‍വിയേറ്റ് വാങ്ങി രാജസ്ഥാന്‍ റോയല്‍സ്

ഐപിഎലിലെ തുടര്‍ച്ചയായ മൂന്നാം തോല്‍വിയേറ്റ് വാങ്ങി രാജസ്ഥാന്‍ റോയല്‍സ്. രാജസ്ഥാന് 194 റണ്‍സ് വിജയ ലക്ഷ്യം നല്‍കിയ മുംബൈ ഇന്ന് 57 റണ്‍സിന്റെ വിജയം നേടുകയായിരുന്നു. 18.1 ഓവറില്‍ 136 റണ്‍സിനാണ് രാജസ്ഥാന്‍ ഓള്‍ഔട്ട് ആയത്.

ആദ്യ ഓവറില്‍ യശസ്വി ജൈസ്വാളിനെ നഷ്ടമായ രാജസ്ഥാന്‍ മൂന്നോവറിനുള്ളില്‍ സ്മിത്തിനെയും സഞ്ജുവിനെയും നഷ്ടമാകുകയായിരുന്നു. 2.5 ഓവറില്‍ 12 റണ്‍സ് മാത്രമായിരുന്നു സ്കോര്‍ ബോര്‍ഡില്‍ റണ്‍സ്. യശസ്വിയെയും സഞ്ജുവിനെയും ബോള്‍ട്ട് പുറത്താക്കിയപ്പോള്‍ സ്മിത്തിന്റെ വിക്കറ്റ് ബുംറയാണ് നേടിയത്. അക്കൗണ്ട് തുറക്കാതെയായിരുന്നു ജൈസ്വാളും സഞ്ജുവും മടങ്ങിയത്.

ഒരറ്റത്ത് വിക്കറ്റുകള്‍ വീഴുമ്പോള്‍ ഒറ്റയാള്‍ പോരാട്ടമാണ് ജോസ് ബട്‍ലര്‍ നടത്തിയത്. 44 പന്തില്‍ നിന്ന് 70 റണ്‍സാണ് താരം നേടിയത്. സ്കോറിംഗിന് വേഗത കൊടുക്കുവാന്‍ നല്‍കി പൊള്ളാര്‍ഡ് മികച്ചൊരു ക്യാച്ചിലൂടെ ബട്‍ലറെ പുറത്താക്കിയതോടെ രാജസ്ഥാന്റെ പോരാട്ടം അവസാനിച്ചു.

ജോഫ്ര ആര്‍‍ച്ചറും(24), ടോം കറന്‍(15), മഹിപാല്‍ ലോംറോര്‍(11) എന്നിവര്‍ മാത്രമാണ് രാജസ്ഥാന്‍ നിരയില്‍ രണ്ടക്ക സ്കോര്‍ നേടിയത്. ജോഫ്ര 11 പന്തില്‍ നിന്നാണ് 24 റണ്‍സ് നേടിയത്.

മുംബൈ നിരയില്‍ ജസ്പ്രീത് ബുംറ മികച്ചൊരു സ്പെല്ലാണ് പുറത്തെടുത്തത്. തന്റെ നാലോവറില്‍ വെറും 20 റണ്‍സ് മാത്രം വിക്കറ്റ് നേടി താരം 4 വിക്കറ്റാണ് മത്സരത്തില്‍ നേടിയത്. ട്രെന്റ് ബോള്‍ട്ട് 26 റണ്‍സ് വിട്ട് നല്‍കി 2 വിക്കറ്റ് നേടി. ജെയിംസ് പാറ്റിന്‍സണ്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ഓരോ വിക്കറ്റുമായി പൊള്ളാര്‍ഡും രാഹുല്‍ ചഹാറും വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചു.

നിര്‍ണ്ണായക വിക്കറ്റുകളുമായി ജെയിംസ് പാറ്റിന്‍സണ്‍, വിജയം നേടി മുംബൈ ഇന്ത്യന്‍സ്

മനീഷ് പാണ്ടേയുടെയും ഡേവിഡ് വാര്‍ണറുടെയും നിര്‍ണ്ണായക വിക്കറ്റുകള്‍ നേടിയ ജെയിംസ് പാറ്റിന്‍സണിന്റെ ബൗളിംഗ് മികവില്‍ സണ്‍റൈസേഴ്സിനെതിരെ 34 റണ്‍സ് വിജയം നേടി മുംബൈ ഇന്ത്യന്‍സ്. ബൗളര്‍മാര്‍ക്കൊപ്പം ഫീല്‍ഡര്‍മാരും മികച്ച് നിന്നപ്പോള്‍ മുംബൈ സണ്‍റൈസേഴ്സിന് മേല്‍ സമ്മര്‍ദ്ദം സൃഷ്ടിക്കുകയായിരുന്നു. ഡേവിഡ് വാര്‍ണര്‍ തന്റെ അര്‍ദ്ധ ശതകം നേടിയെങ്കിലും താരത്തിന് തന്റെ സ്വതസിദ്ധമായ ശൈലിയില്‍ ബാറ്റ് വീശുവാന്‍ സാധിച്ചിരുന്നില്ല.

ജോണി ബൈര്‍സ്റ്റോ മികച്ച തുടക്കം നല്‍കിയ ശേഷം ബോള്‍ട്ടിന് വിക്കറ്റ് നല്‍കി മടങ്ങുകയായിരുന്നു. 4.1 ഓവറില്‍ 34 റണ്‍സ് നേടിയ സണ്‍റൈസേഴ്സിന് വേണ്ടി 15 പന്തില്‍ നിന്ന് 25 റണ്‍സാണ് ബൈര്‍സ്റ്റോ നേടിയത്. പിന്നീട് മനീഷ് പാണ്ടേയും ഡേവിഡ് വാര്‍ണറും ചേര്‍ന്ന് 60 റണ്‍സാണ് രണ്ടാം വിക്കറ്റില്‍ നേടിയത്.

19 പന്തില്‍ നിന്ന് 30 റണ്‍സ് നേടിയ പാണ്ടേയുടെ വിക്കറ്റ് നേടിയ പാറ്റിന്‍സണ്‍ തന്നെയാണ് ‍ഡേവിഡ് വാര്‍ണറെയും പുറത്താക്കിയത്. 44 പന്തില്‍ നിന്നാണ് വാര്‍ണര്‍ 60 റണ്‍സ് നേടിയത്. വാര്‍ണര്‍ പുറത്താകുന്നതിന് മുമ്പ് കെയിന്‍ വില്യംസണെയും(3) പ്രിയം ഗാര്‍ഗിനെയും(8) സണ്‍റൈസേഴ്സിന് നഷ്ടമായിരുന്നു.

20 ഓവറില്‍ നിന്ന് 174 റണ്‍സാണ് നാല് വിക്കറ്റ് നഷ്ടത്തില്‍ സണ്‍റൈസേഴ്സിന് നേടാനായത്. മുംബൈ പേസര്‍മാരായ ട്രെന്റ് ബോള്‍ട്ട്, ജെയിംസ് പാറ്റിന്‍സണ്‍, ജസ്പ്രീത് ബുംറ എന്നിവരെല്ലാം തന്നെ രണ്ട് വീതം വിക്കറ്റ് നേടുകയായിരുന്നു. ബുംറയ്ക്ക് അവസാന ഓവറില്‍ ലഭിച്ച വിക്കറ്റുകള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ അത്ര മികച്ച മത്സരമായിരുന്നില്ല ഇന്നത്തേത്.

Exit mobile version