താണ്ഡവമാടി മാര്‍ഷും വാര്‍ണറും , ഓസ്ട്രേലിയ ടി20 ലോക ചാമ്പ്യന്മാര്‍

കെയിന്‍ വില്യംസണിന്റെ ഒറ്റയാള്‍ പോരാട്ടത്തിന് മറുപടിയുമായി ഡേവിഡ് വാര്‍ണറും മിച്ചൽ മാര്‍ഷും രംഗത്തെത്തിയപ്പോള്‍ ടി20 ലോകകപ്പ് കിരീടം സ്വന്തമാക്കി ഓസ്ട്രേലിയ. 18.5 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ വിജയ ലക്ഷ്യം സ്വന്തമാക്കിയ ഓസ്ട്രേലിയ തങ്ങളുടെ കന്നി കിരീടമാണ് ടി20 ലോകകപ്പിൽ നേടിയത്.

ഇന്ന് 173 റൺസ് ലക്ഷ്യം ചേസ് ചെയ്തിറങ്ങിയ ഓസ്ട്രേലിയയ്ക്ക് മൂന്നാം ഓവറിൽ ആരോൺ ഫിഞ്ചിനെ നഷ്ടമാകുമ്പോള്‍ സ്കോര്‍ ബോര്‍ഡിൽ വെറും 15 റൺസ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. പിന്നീട് ഡേവിഡ് വാര്‍ണര്‍ – മിച്ചൽ മാര്‍ഷ് കൂട്ടുകെട്ടിന്റെ കൗണ്ടര്‍ അറ്റാക്കിംഗ് മത്സരത്തിൽ ഓസ്ട്രേലിയയുടെ മടങ്ങി വരവ് സാധ്യമാക്കുകയായിരുന്നു.

Davidwarner

ഇരുവരും ചേര്‍ന്ന് 92 റൺസാണ് രണ്ടാം വിക്കറ്റിൽ നേടിയത്. ഫിഞ്ചിനെ പുറത്താക്കിയ ബോള്‍ട്ട് തന്നെയാണ് ഡേവിഡ് വാര്‍ണറുടെ വിക്കറ്റും നേടിയത്. 38 പന്തിൽ 4 ഫോറും 3 സിക്സും നേടിയ ഡേവിഡ് വാര്‍ണര്‍ 53 റൺസാണ് നേടിയത്.

വാര്‍ണര്‍ പുറത്തായ ശേഷവും അടി തുടര്‍ന്ന മാര്‍ഷ് 31 പന്തിൽ തന്റെ അര്‍ദ്ധ ശതകം തികച്ചു. കൂട്ടായി എത്തിയ മാക്സ്വെല്ലും സ്വതസിദ്ധമായ ശൈലിയിൽ ബാറ്റ് വീശിയപ്പോള്‍ ഓസ്ട്രേലിയന്‍ വിജയം അനായാസമായി. മാര്‍ഷ് 50 പന്തിൽ 77 റൺസും ഗ്ലെന്‍ മാക്സ്വെൽ 18 പന്തിൽ 28 റൺസും ആണ് പുറത്താകാതെ നേടിയത്.

66 റൺസിന്റെ അപരാജിത കൂട്ടുകെട്ടാണ് മൂന്നാം വിക്കറ്റിൽ ഇവര്‍ നേടിയത്.

അഫ്ഗാന്‍ പ്രതീക്ഷകളെ സജീവമാക്കി നിര്‍ത്തി നജീബുള്ള

ന്യൂസിലാണ്ടിനെതിരെ അഫ്ഗാനിസ്ഥാന്‍ ടോപ് ഓര്‍ഡര്‍ തകര്‍ന്നുവെങ്കിലും നജീബുള്ള സദ്രാന്റെ പോരാട്ട വീര്യത്തിൽ 124 റൺസ് നേടി അഫ്ഗാനിസ്ഥാന്‍. ഇന്നത്തെ മത്സര ഫലം ഈ രണ്ട് ടീമുകളെ പോലെ ഇന്ത്യയും ഉറ്റുനോക്കുന്ന ഒന്നാണ്. ഒരു ഘട്ടത്തിൽ നൂറ് കടക്കില്ലെന്ന് കരുതിയ അഫ്ഗാനിസ്ഥാനെ നജീബുള്ള സദ്രാന്റെ ഒറ്റയാള്‍ പ്രകടനമാണ് ഈ സ്കോറിലേക്ക് എത്തിച്ചത്. അഫ്ഗാനിസ്ഥാന്‍ സ്പിന്നര്‍മാര്‍ക്ക് മത്സരത്തിൽ പിടിമുറുക്കുവാന്‍ സാധിച്ചാൽ ആവേശകരമായ ഒരു മത്സരം തന്നെ ഏവര്‍ക്കും കാണാം.

ന്യൂസിലാണ്ട് ബൗളര്‍മാര്‍ തുടക്കത്തിൽ തന്നെ പിടിമുറുക്കിയപ്പോള്‍ അഫ്ഗാനിസ്ഥാന്‍ 19/3 എന്ന നിലയിലേക്ക് വീണ് പരുങ്ങലിലാകുകയായിരുന്നു. നാലാം വിക്കറ്റിൽ സദ്രാനും ഗുല്‍ബാദിന്‍ നൈബും ചേര്‍ന്ന് 37 റൺസ് കൂടി നേടിയെങ്കിലും ഇഷ് സോദി നൈബിനെ(15) പുറത്താക്കിയതോടെ അഫ്ഗാനിസ്ഥാന്‍ 56/4 എന്ന നിലയിലേക്ക് വീണു.

പിന്നീട് നജീബുള്ള സദ്രാന്‍ ന്യൂസിലാണ്ട് ബൗളര്‍മാര്‍ക്കെതിരെ ആക്രമണം അഴിച്ചുവിട്ടപ്പോള്‍ ക്യാപ്റ്റന്‍ മുഹമ്മദ് നബിയും നിര്‍ണ്ണായക സംഭാവന നല്‍കി അഫ്ഗാനിസ്ഥാന്റെ സ്കോര്‍ നൂറ് കടത്തി. 48 പന്തിൽ 59 റൺസ് നേടിയ കൂട്ടുകെട്ട് തകര്‍ത്തത് നബിയെ(14) പുറത്താക്കി ടിം സൗത്തി ആയിരുന്നു. നബി പുറത്താകുമ്പോള്‍ 115 റൺസായിരുന്നു അഫ്ഗാനിസ്ഥാന്‍ നേടിയത്.

48 പന്തിൽ 59 റൺസ് നേടിയ കൂട്ടുകെട്ട് തകര്‍ത്തത് നബിയെ(14) പുറത്താക്കി ടിം സൗത്തി ആയിരുന്നു. ഇന്നിംഗ്സിലെ 19ാം ഓവറിൽ നജീബുള്ളയെയും കരീം ജനതിനെയും ട്രെന്റ് ബോള്‍ട്ട് പുറത്താക്കിയതോടെ മികച്ച സ്കോറെന്ന ടീമിന്റെ പ്രതീക്ഷ അവസാനിച്ചു.

48 പന്തിൽ 73 റൺസ് നേടിയ നജീബുള്ള 6 ഫോറും മൂന്ന് സിക്സുമാണ് നേടിയത്. ട്രെന്റ് ബോള്‍ട്ട് മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ 2 വീതം വിക്കറ്റ് നേടി ടിം സൗത്തിയും ജെയിംസ് നീഷവും ന്യൂസിലാണ്ട് ബൗളര്‍മാരിൽ തിളങ്ങി. അവസാന ഓവറുകളിൽ ശക്തമായി ഇന്നിംഗ്സ് അവസാനിപ്പിക്കുവാന്‍ നിന്ന അഫ്ഗാനിസ്ഥാന് എന്നാൽ 9 റൺസ് നേടുന്നതിനിടെ നാല് വിക്കറ്റ് നഷ്ടമായത് അല്പം കൂടി ഭേദപ്പെട്ട സ്കോര്‍ നേടുന്നതിൽ നിന്ന് തടസ്സമായി മാറി.

 

ഇന്ത്യയുടെ ബാറ്റിംഗിനെ തകര്‍ത്തെറിഞ്ഞ് ബോള്‍ട്ടും സോധിയും

ന്യൂസിലാണ്ടിനെതിരെ ബാറ്റിംഗ് തകര്‍ച്ച നേരിട്ട് ഇന്ത്യ. ന്യൂസിലാണ്ടിനെതിരെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യേണ്ടി വന്ന ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തിൽ 110 റൺസ് മാത്രമാണ് നേടിയത്. ഹാര്‍ദ്ദിക് പാണ്ഡ്യയും രവീന്ദ്ര ജഡേജയും ചേര്‍ന്നാണ് ഇന്ത്യയെ ഈ സ്കോറിലേക്ക് എത്തിച്ചത്.

മെല്ലെ തുടങ്ങിയ ഇന്ത്യയ്ക്ക് മത്സരത്തിന്റെ മൂന്നാം ഓവറിൽ ഇഷാന്‍ കിഷനെ നഷ്ടമായ ശേഷം രോഹിത്തിന് ഒരു ലൈഫ് ആഡം മിൽനെ നല്‍കിയെങ്കിലും അത് മുതലാക്കാനാകാതെ രോഹിത്തും കെഎൽ രാഹുലും പുറത്തായപ്പോള്‍ 40/3 എന്ന നിലയിലേക്ക് വീഴുകയായിരുന്നു. രാഹുല്‍ 18 റൺസും രോഹിത് 14 റൺസും നേടിയാണ് പുറത്തായത്.

രോഹിത്തിനെയും കോഹ്‍ലിയെയും ഇഷ് സോധി പുറത്താക്കിയപ്പോള്‍ ബോള്‍ട്ട് മൂന്ന് വിക്കറ്റ് നേടി തിളങ്ങി. 26 റൺസ് നേടിയ രവീന്ദ്ര ജഡേജയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. ഹാര്‍ദ്ദിക് പാണ്ഡ്യ 23 റൺസ് നേടി. ടിം സൗത്തിയും ആഡം മിൽനെയും ഓരോ വിക്കറ്റ് നേടി ട്രെന്റ് ബോള്‍ട്ടിനെയും ഇഷ് സോധിയെയും മികച്ച രീതിയിൽ പിന്തുണച്ചു.

 

ഷഹീന്‍ അഫ്രീദി ചെയ്തത് തനിക്കും ചെയ്യാനാകുമെന്നാണ് പ്രതീക്ഷ – ട്രെന്റ് ബോള്‍ട്ട്

ഇന്ത്യയ്ക്കെതിരെ പാക്കിസ്ഥാന്‍ പേസര്‍ ഷഹീന്‍ അഫ്രീദി ഓപ്പണര്‍മാരെ പുറത്താക്കിയത് പോലെ തനിക്കും സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് പറഞ്ഞ് ട്രെന്റ് ബോള്‍ട്ട്. ഇന്ന് ഇന്ത്യയ്ക്കെതിരെ ലോകകപ്പിലെ ഇരു ടീമുകള്‍ക്കും ഏറെ നിര്‍ണ്ണായകമായ മത്സരത്തിന് ഇറങ്ങുന്നതിന് മുമ്പാണ് ട്രെന്റ് ബോള്‍ട്ട് ഇത്തരത്തിൽ പ്രതികരണം നടത്തിയത്.

അഫ്രീദി രോഹിത് ശര്‍മ്മയെയും കെഎൽ രാഹുലിനെയും പുറത്താക്കിയതിനൊപ്പം തന്റെ സ്പെല്ലില്‍ വിരാട് കോഹ്‍ലിയെ കൂടി പുറത്താക്കിയാണ് ഇന്ത്യയുടെ നടുവൊടിച്ചത്. ഈ പ്രകടനത്തിന്റെ ബലത്തിൽ ലോകകപ്പിൽ ആദ്യമായി ഇന്ത്യയെ പരാജയപ്പെടുത്തുവാനും പാക്കിസ്ഥാന് സാധിച്ചു.

ഷഹീന്‍ അഫ്രീദി ചെയ്തത് പോലെ ഇന്നിംഗ്സിന്റെ തുടക്കത്തിൽ തന്നെ ഇന്ത്യയുടെ വിക്കറ്റുകള്‍ വീഴ്ത്തുക എന്നതാണ് ന്യൂസിലാണ്ടും ലക്ഷ്യം വയ്ക്കുന്നതെന്ന് ട്രെന്റ് ബോള്‍ട്ട് വ്യക്തമാക്കി.

കീവീസ് താരങ്ങള്‍ ഐപിഎലിനുണ്ടാകുമെന്നറിയിച്ച് ന്യൂസിലാണ്ട് ക്രിക്കറ്റ് ചീഫ്

ന്യൂസിലാണ്ട് താരങ്ങള്‍ ഐപിഎലിന്റെ ദുബായ് ലെഗിനുണ്ടാകുമെന്ന് അറിയിച്ച് ന്യൂസിലാണ്ട് ക്രിക്കറ്റ് ചീഫ് ഡേവിഡ് വൈറ്റ്. കെയിന്‍ വില്യംസൺ, ട്രെന്റ് ബോള്‍ട്ട്, കൈല്‍ ജാമിസൺ, ലോക്കി ഫെര്‍ഗൂസൺ എന്നിവരുടെ പേരാണ് പറഞ്ഞതെങ്കിലും ഐപിഎലിന്റെ ഭാഗമായ ന്യൂസിലാണ്ട് താരങ്ങളെല്ലാവരും ടൂര്‍ണ്ണമെന്റ് കളിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

സെപ്റ്റംബര്‍ – ഒക്ടോബര്‍ ജാലകത്തിൽ പാക്കിസ്ഥാനിലേക്ക് ന്യൂസിലാണ്ട് പോകുമെന്നാണ് കരുതുന്നതെങ്കിലും പ്രധാന താരങ്ങള്‍ ഐപിഎല്‍ കളിക്കുമെന്ന് ഡേവിഡ് വൈറ്റ് അറിയിച്ചു.

ആഡം മില്‍നേസ ഫിന്‍ അല്ലെന്‍, ടിം സീഫെര്‍ട്ട്, മിച്ചൽ സാന്റനര്‍ എന്നിവരാണ് ടൂര്‍ണ്ണമെന്റ് കളിക്കുന്ന മറ്റു താരങ്ങള്‍.

ഇന്ത്യ 170ന് പുറത്ത്, ന്യൂസിലാണ്ടിന് 139 റൺസ് വിജയ ലക്ഷ്യം

ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സ് വെറും 170 റൺസിൽ അവസാനിച്ചപ്പോള്‍ ന്യൂസിലാണ്ട് 139 റൺസ് വിജയ ലക്ഷ്യം. അവസാന ദിവസത്തെ മോശംം ബാറ്റിംഗ് പ്രകടനം ആണ് ഇന്ത്യയ്ക്ക് വിനയായത്. 41 റൺസ് നേടിയ ഋഷഭ് പന്ത് മാത്രമാണ് പൊരുതി നിന്നത്. 64/2 എന്ന സ്കോറിംഗ് ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യയുടെ അവസാന എട്ട് വിക്കറ്റുകള്‍ 106 റൺസിനാണ് നഷ്ടമായത്.

ന്യൂസിലാണ്ടിനായി ടിം സൗത്തി നാലും ട്രെന്റ് ബോള്‍ട്ട് മൂന്നും വിക്കറ്റ് നേടി. വിരാട് കോഹ്‍ലിയെയും ചേതേശ്വര്‍ പുജാരയെയും പുറത്താക്കി കൈല്‍ ജാമിസണാണ് ഇന്നത്തെ ന്യൂസിലാണ്ടിന്റെ മികച്ച പ്രകടനത്തിന് തുടക്കമിട്ടത്.

ഇന്ത്യ കരുതിയിരിക്കുക, ഇംഗ്ലണ്ടിനെ നിലംപരിശാക്കി ന്യൂസിലാണ്ട് എത്തുന്നു

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് മുന്നോടിയായി ഇംഗ്ലണ്ടിനെതിരെ പരമ്പര വിജയവുമായി ന്യൂസിലാണ്ട് എത്തുന്നു. ന്യൂസിലാണ്ട് ഇംഗ്ലണ്ടിനെതിരെ നാലാം ദിവസം ആദ്യ സെഷനിൽ തന്നെ വിജയം നേടുകയായിരുന്നു. ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്സ് വെറും 122 റൺസിന് അവസാനിപ്പിച്ച് ലക്ഷ്യം 2 വിക്കറ്റ് നഷ്ടത്തിൽ 10.5 ഓവറിലാണ് ന്യൂസിലാണ്ട് മറികടന്നത്.

ഡെവൺ കോൺേവയുടെ(3) വിക്കറ്റ് ബ്രോഡും ഒല്ലി സ്റ്റോൺ വിൽ യംഗിനെയും(8) പുറത്താക്കിയെങ്കിലും ലക്ഷ്യം തീരെ ചെറുതായതിനാൽ തന്നെ യാതൊരു ബുദ്ധിമുട്ടുമില്ലാതെ ന്യൂസിലാണ്ട് അത് മറികടക്കുകയായിരുന്നു. 23 റൺസുമായി ടോം ലാഥം ആണ് ന്യൂസിലാണ്ടിനെ വിജയത്തിലേക്ക് നയിച്ചത്.

ഇംഗ്ലണ്ട് 303 റൺസിന് ഓള്‍ഔട്ട്, പുറത്താകാതെ ഡാനിയേൽ ലോറന്‍സ്

എഡ്ജ്ബാസ്റ്റണിൽ 303 റൺസിന് ഓള്‍ഔട്ട് ആയി ഇംഗ്ലണ്ട്. ഡാനിയേൽ ലോറൻസ് – മാര്‍ക്ക് വുഡ് സഖ്യം എട്ടാം വിക്കറ്റിൽ നേടിയ 66 റൺ‍സിന്റെ ബലത്തിലാണ് ഇംഗ്ലണ്ട് വലിയ തകര്‍ച്ചയിൽ നിന്ന് രക്ഷപ്പെട്ടത്. 41 റൺസ് നേടിയ മാര്‍ക്ക് വുഡിനെ മാറ്റ് ഹെന്‍റി പുറത്താക്കിയപ്പോള്‍ അവസാന രണ്ട് വിക്കറ്റും ട്രെന്റ് ബോള്‍ട്ടാണ് വീഴ്ത്തിയത്.

81 റണ്‍സുമായി ഡാനിയേൽ ലോറന്‍സ് പുറത്താകാതെ നിന്നപ്പോള്‍ ട്രെന്റ് ബോള്‍ട്ട് നാലും മാറ്റ് ഹെന്‍റി 3 വിക്കറ്റും നേടി. അജാസ് പട്ടേലിന് രണ്ട് വിക്കറ്റും ലഭിച്ചു. ഇംഗ്ലണ്ട് നിരയിൽ ഓപ്പണര്‍ റോറി ബേൺസും 81 റണ്‍സ് നേടി.

ട്രെന്റ് ബോള്‍ട്ട് തിരികെ എത്തും, എന്നാല്‍ ഒരു പ്രധാന പേസര്‍ക്ക് ന്യൂസിലാണ്ട് വിശ്രമം നല്‍കുവാന്‍ സാധ്യത

ലോര്‍ഡ്സിലെ ആദ്യ ടെസ്റ്റ് കളിക്കാതിരുന്ന ട്രെന്റ് ബോള്‍ട്ട് എഡ്ജ്ബാസ്റ്റണിൽ തിരികെ എത്തുമെന്ന് സൂചന നല്‍കി കോച്ച് ഗാരി സ്റ്റെഡ്. എന്നാൽ ന്യൂസിലാണ്ട് ടിം സൗത്തി, നീൽ വാഗ്നര്‍, കൈൽ ജാമിസൺ എന്നിവരിൽ ഒരാള്‍ക്ക് വിശ്രമം നല്‍കിയേക്കുമെന്നും മിച്ചൽ സാന്ററുടെ പരിക്ക് സൃഷ്ടിച്ച വിടവിൽ മാറ്റ് ഹെന്‍റി, ജേക്കബ് ഡഫി, ഡഗ് ബ്രേസ്‍വെൽ എന്നിവരിൽ ഒരാള്‍ക്ക് സാധ്യതയുണ്ടാകും എന്നാണ് അറിയുന്നത്.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് വേണ്ടി തങ്ങളുടെ പേസര്‍മാര്‍ക്ക് ആവശ്യത്തിന് വിശ്രമം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ പ്രധാന പേസര്‍മാരിൽ ഒരാള്‍ക്ക് വിശ്രമം നല്‍കുവാന്‍ ന്യൂസിലാണ്ട് ഒരുങ്ങുന്നത്. ജൂൺ 18ന് സൗത്താംപ്ടണിൽ ഇന്ത്യയ്ക്കെതിരെ ആണ് ന്യൂസിലാണ്ടിന്റെ ഫൈനൽ മത്സരം.

ക്വാറന്റീനിൽ ഇളവ്, രണ്ടാം ടെസ്റ്റിൽ ബോൾട്ട് കളിക്കുവാൻ സാധ്യത

ഇംഗ്ലണ്ടിനെതിരെയുള്ള രണ്ടാം ടെസ്റ്റിൽ ട്രെന്റ് ബോൾട്ട് കളിക്കുവാൻ സാധ്യത. ഇംഗ്ലണ്ടിലെ ക്വാറന്റീൻ നിയമങ്ങളിൽ ഇളവ് വന്നതോടെയണ് ഇത്. ഐപിഎൽ കളിച്ച ശേഷം ഇന്ത്യയിൽ നിന്ന് കുടുംബത്തോടൊപ്പം ചെലവഴിക്കുവാൻ ന്യൂസിലാണ്ടിലേക്ക് പോയ താരം തിരിച്ച് ടീമിനൊപ്പം ചേര്‍ന്നത് ഒന്നാം ടെസ്റ്റിന് തൊട്ടുമുമ്പായിരുന്നു.

ന്യൂസിലാണ്ട് മുഖ്യ കോച്ച് ഗാരി സ്റ്റെഡ് താരം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേ കളിക്കുവാൻ സാധ്യതയുള്ളുവെന്നാണ് ആദ്യം പറഞ്ഞത്. താരം പ്രതീക്ഷിച്ചതിലും മൂന്നോ നാലോ ദിവസം മുമ്പ് ക്വാറന്റനിൽ നിന്ന് പുറത്ത് കടക്കുമെന്നും അതിനാൽ തന്നെ എഡ്ജ്ബാസ്റ്റണിൽ ബോൾട്ട് കളിക്കുവാനുള്ള സാധ്യതയുണ്ടെന്നും ഗാരി സ്റ്റെഡ് പറഞ്ഞു.

ഇത് സൗത്താംപ്ടണിൽ ഇന്ത്യയെ നേരിടുന്നതിന് മുമ്പ് ന്യൂസിലാണ്ട് പേസര്‍ക്ക് മാച്ച് പ്രാക്ടീസിനുള്ള അവസരം കൂടിയായി മാറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ആദ്യ ടെസ്റ്റിൽ മികച്ച രീതിയിൽ പന്തെറി‍ഞ്ഞ് ന്യൂസിലാണ്ട് പേസ് ബൗളിംഗ് നിരയ്ക്ക് കൂടുതൽ കരുത്താകും ബോൾട്ടിന്റെ വരവ്.

ഡ്യൂക്ക് ബോളിൽ തനിക്ക് വലിയ പരിചയം ഇല്ല – ട്രെന്റ് ബോൾട്ട്

ഇംഗ്ലണ്ടിൽ ഉപയോഗിക്കുന്ന ഡ്യൂക്ക് ബോളിൽ തനിക്ക് വലിയ പരിചയം ഇല്ലെന്ന് പറഞ്ഞ് ട്രെന്റ് ബോൾട്ട്. എന്നാൽ തനിക്കും ടീമംഗങ്ങൾക്കും അതുപയോഗിച്ച് പന്തെറിയുവാൻ കഴിയുമെന്ന ആവേശമുണ്ടെന്നും ബോൾട്ട് പറഞ്ഞു. വളരെ വ്യത്യസ്തമായി പെരുമാറുന്നതാണ് ഡ്യൂക്ക് ബോളെന്നും ഇംഗ്ലണ്ടിൽ ചുരുക്കം ചില മത്സരങ്ങളിൽ താൻ അതുപയോഗിച്ച് പന്തെറിഞ്ഞിട്ടുണ്ടെന്നും ബോൾട്ട് പറഞ്ഞു.

പല വേദികളിൽ പല തരത്തിലാണ് ഡ്യൂക്ക് ബോളിൽ പന്തെറിയേണ്ടതെന്നാണ് താൻ മനസ്സിലാക്കുന്നതെന്നും ബോൾട്ട് പറഞ്ഞു. ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയിൽ താരം കളിക്കുവാൻ സാധ്യതയില്ലെന്നാണ് ഹെഡ് കോച്ച് ഗാരി സ്റ്റെഡ് പറഞ്ഞതെങ്കിലും തനിക്ക് എഡ്ജ്ബാസ്റ്റണിലെ രണ്ടാം ടെസ്റ്റിലെങ്കിലും അവസരം ലഭിയ്ക്കുമെന്നും അത് വഴി ഡ്യൂക്ക് ബോളിൽ പന്തെറിഞ്ഞ് ആ പരിചയം വെച്ച് ഇന്ത്യയ്ക്കെതിരെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കുവാൻ സഹായകരമാകുമെന്നും താരം പറഞ്ഞു.

രണ്ടാം ടെസ്റ്റിൽ കളിക്കാനാകുമെന്നാണ് പ്രതീക്ഷ – ട്രെന്റ് ബോൾട്ട്

ഐപിഎലിൽ നിന്ന് ന്യൂസിലാണ്ടിലേക്ക് മടങ്ങിയ ട്രെന്റ് ബോൾട്ട് ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയിൽ കളിക്കാൻ സാധ്യതയില്ലെന്ന് കഴിഞ്ഞ ദിവസം മുഖ്യ കോച്ച് ഗാരി സ്റ്റെഡ് പറഞ്ഞിരുന്നു. താരം കുടുംബത്തോടൊപ്പം സമയം ചെലവഴിച്ച് ജൂൺ 4ന് മാത്രമേ ഇംഗ്ലണ്ടിലേക്ക് എത്തുകയുള്ളു. ഇന്ത്യയ്ക്കെതിരെയുള്ള ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ മാത്രമാകും താരം കളിക്കുക എന്നാണ് സ്റ്റെഡ് പറഞ്ഞത്.

എന്നാൽ ട്രെന്റ് ബോൾട്ട് തനിക്ക് എഡ്ജ്ബാസ്റ്റണിലെ രണ്ടാം ടെസ്റ്റിൽ കളിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് പറഞ്ഞു. അത് വഴി ഡ്യൂക്ക് ബോളിൽ പരിചയം ലഭിയ്ക്കുകയും ഇന്ത്യയ്ക്കെതിരെയുള്ള ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് മത്സരത്തിൽ അത് ഉപയോഗപ്രദമാകുമെന്നുമാണ് താരം കരുതുന്നത്. തന്റെ നാട്ടിൽ പരിശീലനത്തിലേർപ്പെട്ട ശേഷം മാധ്യമങ്ങളോട് സംസാരിക്കവേയാണ് താരം ഇക്കാര്യം അറിയിച്ചത്.

ജൂൺ 2ന് ലോർഡ്സിൽ ആണ് ഇംഗ്ലണ്ടും ന്യൂസിലാണ്ടും തമ്മിലുള്ള ആദ്യ ടെസ്റ്റ്. രണ്ടാം ടെസ്റ്റ് ജൂൺ 10ന് എഡ്ജ്ബാസ്റ്റണിൽ ആരംഭിക്കും. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ സൌത്താംപ്ടണിൽ ജൂൺ 18ന് ആരംഭിക്കും.

Exit mobile version