ഓസ്ട്രേലിയ നാണക്കേടില്‍ നിന്ന് രക്ഷിച്ച് ഒമ്പതാം വിക്കറ്റ് കൂട്ടുകെട്ട്, സ്മിത്തിന് ശതകം

ഇംഗ്ലണ്ടിനെതിരെ ആഷസിലെ ഒന്നാം ടെസ്റ്റില്‍ ദാരുണമായ ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത ഓസ്ട്രേലിയയെ വന്‍ തകര്‍ച്ചയില്‍ നിന്ന് കരകയറ്റി പീറ്റര്‍ സിഡില്‍-സ്റ്റീവന്‍ സ്മിത്ത് കൂട്ടുകെട്ട്. 122/8 എന്ന നിലയിലേക്ക് വീണ ടീമിനെ 200 കടത്തിയത് ഈ കൂട്ടുകെട്ടായിരുന്നു. 88 റണ്‍സാണ് ഒമ്പതാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് നേടിയത്. 44 റണ്‍സ് നേടിയ പീറ്റര്‍ സിഡിലിനെ മോയിന്‍ അലി പുറത്താക്കിയാണ് ഈ കൂട്ടുകെട്ട് ഇംഗ്ലണ്ട് തകര്‍ത്തത്. അവസാന വിക്കറ്റില്‍ നഥാന്‍ ലയണിനെ സാക്ഷിയാക്കി തന്റെ ശതകം തികച്ച സ്റ്റീവന്‍ സ്മിത്ത് 74 റണ്‍സാണ് നേടിയത്.  സ്റ്റുവര്‍ട് ബ്രോഡാണ് 144 റണ്‍സ് നേടിയ സ്റ്റീവന്‍ സ്മിത്തിനെ ഓസ്ട്രേലിയന്‍ ഇന്നിംഗ്സിലെ അവസാന വിക്കറ്റായി വീഴ്ത്തിയത്.

സ്റ്റീവന്‍ സ്മിത്തിന് പുറമെ ട്രാവിസ് ഹെഡ് 35 റണ്‍സുമായി മറ്റൊരു പ്രധാന സ്കോറര്‍ ആയി. ഇംഗ്ലണ്ടിന് വേണ്ടി സ്റ്റുവര്‍ട് ബ്രോഡ് അഞ്ചും ക്രിസ് വോക്സ് മൂന്നും വിക്കറ്റ് നേടി. ഓസ്ട്രേലിയ 80.4 ഓവറില്‍ 284 റണ്‍സിന് ഓള്‍ഔട്ട് ആവുകയായിരുന്നു.

ഒന്നാം ദിവസം അവസാനിക്കുമ്പോള്‍ രണ്ടോവറില്‍ നിന്ന് ഇംഗ്ലണ്ട് 10 റണ്‍സാണ് വിക്കറ്റ് നഷ്ടമില്ലാതെ നേടിയിട്ടുള്ളത്. ജേസണ്‍ റോയ് 6 റണ്‍സും റോറി ബേണ്‍സ് 4 റണ്‍സും  നേടി പുറത്താകാതെ നില്‍ക്കുന്നു.

തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം ഓസ്ട്രേലിയയുടെ തിരിച്ചുവരവ് സാധ്യമാക്കി സ്മിത്ത്-ഹെഡ് കൂട്ടുകെട്ട്

ആഷസ് ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിലെ ഒന്നാം സെഷനില്‍ തുടക്കത്തിലെ തിരിച്ചടിയ്ക്ക് ശേഷം ഓസ്ട്രേലിയയുടെ തിരിച്ചുവരവ്. ഇന്ന് ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസ്ട്രേലിയയ്ക്ക് അധികം വൈകാതെ ഓപ്പണര്‍മാരിരുവരെയും നഷ്ടമായിരുന്നു. ഡേവിഡ് വാര്‍ണറെയും കാമറൂണ്‍ ബാന്‍ക്രോഫ്ടിനെയും സ്റ്റുവര്‍ട് ബ്രോഡ് പുറത്താക്കിയപ്പോള്‍ ഓസ്ട്രേലിയ 17/2 എന്ന നിലയിലേക്ക് വീണു. അതിനു ശേഷം ഉസ്മാന്‍ ഖവാജയും സ്റ്റീവന്‍ സ്മിത്തും ടീമിന്റെ രക്ഷയ്ക്കെത്തുമെന്ന് കരുതിയെങ്കിലും ക്രിസ് വോക്സ് ഉസ്മാന്‍ ഖവാജയെ(13) പുറത്താക്കി ഓസ്ട്രേലിയയുടെ നില പരുങ്ങലിലാക്കി.

പിന്നീട് നാലാം വിക്കറ്റില്‍ ഒത്തുകൂടിയ ട്രാവിസ് ഹെഡ്-സ്റ്റീവന്‍ സ്മിത്ത് കൂട്ടുകെട്ട് നേടിയ 48 റണ്‍സാണ് ഓസ്ട്രേലിയയ്ക്ക് തുണയായത്. ഒന്നാം ദിവസം ലഞ്ചിനായി ടീമുകള്‍ പിരിയുമ്പോള്‍ ഓസ്ട്രേലിയ 3 വിക്കറ്റ് നഷ്ടത്തില്‍ 83 റണ്‍സാണ് നേടിയിട്ടുള്ളത്. ട്രാവിസ് ഹെഡ് 26 റണ്‍സും സ്റ്റീവന്‍ സ്മിത്ത് 23 റണ്‍സും നേടി പുറത്താകാതെ ക്രീസില്‍ നില്‍ക്കുന്നു.

ഖവാജ, ശതകം പൂര്‍ത്തിയാക്കിയുടനെ ഡിക്ലറേഷനുമായി ഓസ്ട്രേലിയ, ശ്രീലങ്കയ്ക്ക് വിജയിക്കുവാന്‍ 516 റണ്‍സ്

കാന്‍ബറയിലും ശ്രീലങ്കയ്ക്കെതിരെ ഓസ്ട്രേലിയന്‍ ആധിപത്യം. ആദ്യ ഇന്നിംഗ്സ് 534/5 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്ത ഓസ്ട്രേലിയ രണ്ടാം ഇന്നിംഗ്സ് 196/3 എന്ന് നിലയില്‍ ഡിക്ലയര്‍ ചെയ്ത് ശ്രീലങ്കയ്ക്ക് മുന്നില്‍ 516 റണ്‍സിന്റെ വിജയ ലക്ഷ്യമാണ് നല്‍കിയത്. ശ്രീലങ്കയുടെ ഒന്നാം ഇന്നിംഗ്സ് 215 റണ്‍സിനു അവസാനിച്ചപ്പോള്‍ ഫോളോ ഓണിനു ഓസ്ട്രേലിയ ശ്രമിച്ചില്ല. 319 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡായിരുന്നു ഓസ്ട്രേലിയ സ്വന്തമാക്കിയത്.

തുടക്കത്തില്‍ മൂന്ന് വിക്കറ്റ് നഷ്ടമായി 37/3 എന്ന നിലയിലായിരുന്നുവെങ്കിലും ഉസ്മാന്‍ ഖവാജയും ട്രാവിസ് ഹെഡും ഓസ്ട്രേലിയയെ മുന്നോട്ട് നയിക്കുകയായിരുന്നു. ഹെഡ് 59 റണ്‍സ് നേടിയപ്പോള്‍ ഖവാജ തന്റെ ശതകം പൂര്‍ത്തിയാക്കിയ ഉടനെ ഓസ്ട്രേലിയ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. 196/3 എന്ന നിലയില്‍ ആണ് ഓസ്ട്രേലിയ തങ്ങളുടെ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തത്.

നാലാം വിക്കറ്റില്‍ 159 റണ്‍സാണ് ഖവാജ-ഹെഡ് കൂട്ടുകെട്ട് നേടിയത്. ശ്രീലങ്കയ്ക്കായി കസുന്‍ രജിത രണ്ടും വിശ്വ ഫെര്‍ണാണ്ടോ ഒരു വിക്കറ്റും നേടി.

കരുത്താര്‍ന്ന പ്രകടനവുമായി ഓസ്ട്രേലിയ, ജോ ബേണ്‍സിനും ട്രാവിസ് ഹെഡിനും ശതകം

കാന്‍ബറയില്‍ ശ്രീലങ്കയ്ക്കെതിരെ കരുത്താര്‍ന്ന പ്രകടനവുമായി ഓസ്ട്രേലിയ. ജോ ബേണ്‍സും ട്രാവിസ് ഹെഡും ശതകങ്ങളുമായി തിളങ്ങിയപ്പോള്‍ ഓസ്ട്രേലിയ രണ്ടാം ടെസ്റ്റിന്റെ ഒന്നാം ദിവസം 384/4 എന്ന അതിശക്തമായ നിലയില്‍ അവസാനിപ്പിക്കുകയായിരുന്നു. ഒന്നാം ദിവസം അവസാനിക്കുമ്പോള്‍ ഓസ്ട്രേലിയയ്ക്കായി 172 റണ്‍സുമായി ജോ ബേണ്‍സും 25 റണ്‍സ് നേടി കര്‍ട്ടിസ് പാറ്റേര്‍സണും ആണ് ക്രീസില്‍ നില്‍ക്കുന്നത്. ശ്രീലങ്കയ്ക്കായി വിശ്വ ഫെര്‍ണാണ്ടോ മൂന്ന് വിക്കറ്റ് നേടി.

തുടക്കം പാളിയെങ്കിലും പിന്നീട് മത്സരത്തില്‍ ഓസ്ട്രേലിയ പിടിമുറുക്കുന്നതാണ് കണ്ടത്. 28/3 എന്ന നിലയിലേക്ക് വീണ ഓസ്ട്രേലിയയെ നാലാം വിക്കറ്റില്‍ 308 റണ്‍സ് നേടി ഹെഡ്-ബേണ്‍സ് കൂട്ടുകെട്ട് മത്സരത്തിലേക്ക് തിരികെ കൊണ്ടുവരികയായിരുന്നു. 161 റണ്‍സാണ് ട്രാവിസ് ഹെഡ് നേടിയത്. ദിമുത് കരുണാരത്നേയ്ക്കാണ് ഒരു വിക്കറ്റ് ലഭിച്ചത്.

ഗാബയില്‍ തോല്‍വിയൊഴിവാക്കുക എന്ന കടുത്ത വെല്ലുവിളി നേരിട്ട് ശ്രീലങ്ക

ഗാബയില്‍ മികച്ച നിലയില്‍ ഒന്നാം ഇന്നിംഗ്സ് അവസാനിപ്പിച്ച് ഓസ്ട്രേലിയ. ശ്രീലങ്കയെ 144 റണ്‍സിനു പുറത്താക്കിയ ശേഷം തങ്ങളുടെ ഒന്നാം ഇന്നിംഗ്സ് ഒന്നാം ദിവസം 72/2 എന്ന നിലയില്‍ ഓസ്ട്രേലിയ അവസാനിപ്പിച്ചിരുന്നു. എന്നാല്‍ രണ്ടാം ദിവസം തുടക്കത്തില്‍ തന്നെ മാര്‍ക്കസ് ഹാരിസിനെയും നൈറ്റ് വാച്ച്മാന്‍ നഥാന്‍ ലയണിനെയും നഷ്ടമായി ഓസ്ട്രേലിയ 82/4 എന്ന നിലയിലേക്ക് വീണു.

പിന്നീട് അഞ്ചാം വിക്കറ്റിലെത്തിയ മാര്‍നസ് ലാബൂഷാനെയും ട്രാവിസ് ഹെഡുമാണ് മത്സരത്തില്‍ ഓസ്ട്രേലിയയെ ട്രാക്കിലേക്കാക്കയത്. 166 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ നേടിയത്. ലാബൂഷാനെ 81 റണ്‍സും ട്രാവിസ് ഹെഡ് 84 റണ്‍സും നേടി ഓസ്ട്രേലിയയെ മുന്നോട്ട് നയിച്ചു. അരങ്ങേറ്റതാരം കുര്‍ട്ടിസ് പാറ്റേര്‍സണ്‍ 30 റണ്‍സ് നേടിയപ്പോള്‍ നിര്‍ണ്ണായകമായ 26 റണ്‍സ് നേടി മിച്ചല്‍ മാര്‍ഷ് പുറത്താകാതെ നിന്നു. ലങ്കയ്ക്കായി സുരംഗ ലക്മല്‍ 5 വിക്കറ്റും ദില്‍രുവന്‍ പെരേര രണ്ട് വിക്കറ്റും നേടി. 106.2 ഓവറില്‍ ഓള്‍ഔട്ട് ആകുമ്പോള്‍ ഓസ്ട്രേലിയ 323 റണ്‍സാണ് നേടിയത്. ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കുവാന്‍ ശ്രീലങ്ക 162 റണ്‍സ് കൂടി നേടേണ്ടതുണ്ട്.

രണ്ടാം ഇന്നിംഗ്സില്‍ ശ്രീലങ്കയ്ക്ക് ദിമുത് കരുണാരത്നേയെ നഷ്ടമായി. 6 റണ്‍സ് നേടിയ ലഹിരു തിരിമന്നേയാണ് ക്രീസില്‍ നില്‍ക്കുന്നത്. കരുണാരത്നേയുടെ വിക്കറ്റ് പാറ്റ് കമ്മിന്‍സ് ആണ് നേടിയത്. രണ്ടാം ദിവസം കളി അവസാനിക്കുമ്പോള്‍ ശ്രീലങ്ക 17/1 എന്ന നിലയിലാണ്. രണ്ടാം ദിവസത്തെ അവസാന പന്തിലാണ് കമ്മിന്‍സ് ഓസ്ട്രേലിയയ്ക്കായി വിക്കറ്റ് നേടിയത്.

ലങ്കയ്ക്കെതിരെയും രണ്ട് ഉപനായകന്മാരെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ

ഇന്ത്യ ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം ശ്രീലങ്കയ്ക്കെതിരെയും രണ്ട് ഉപ നായകന്മാരെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ. ഒന്ന് മിച്ചല്‍ മാര്‍ഷിനെയും ജോഷ് ഹാസല്‍വുഡിനെയുമാണ് ഇന്ത്യയ്ക്കെതിരെ ഓസ്ട്രേലിയ ഉപ നായകന്മാരായി പ്രഖ്യാപിച്ചതെങ്കില്‍ ഇത്തവണ ട്രാവിസ് ഹെഡിനെയും പാറ്റ് കമ്മിന്‍സിനുമാണ് സ്ഥാനം നല്‍കിയിരിക്കുന്നത്.

ജോഷ് ഹാസല്‍വുഡ് പരിക്ക് മൂലം പുറത്ത് പോയപ്പോള്‍ മോശം ഫോം മിച്ചല്‍ മാര്‍ഷിനു തിരിച്ചടിയായി. ടീമില്‍ സ്ഥാനം തന്നെ സംശയമായ താരത്തെ ഉപനായക പദവിയില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു.

മിച്ചല്‍ മാര്‍ഷിനോടുള്ള പെരുമാറ്റം മോശം, നിരാശാജനം

ഓസ്ട്രേലിയന്‍ ടീമിലേക്ക് തിരികെ എത്തിയ ഉപ നായകന്‍ മിച്ചല്‍ മാര്‍ഷിനെതിരെ കൂവിയ കാണികളുടെ പ്രവൃത്തിയെ മോശമെന്ന് വിശേഷിപ്പിച്ച് ട്രാവിസ് ഹെഡ്. മോശവും നിരാശാജനകവുമായ പ്രവണതയാണ് മെല്‍ബേണിലെ ഏഴുപതിനായിരത്തിലുമധികമുള്ള കാണികള്‍ ചെയ്തതെന്നാണ് ട്രാവിസ് ഹെഡ് വിശേഷിപ്പിച്ചത്. പീറ്റര്‍ ഹാന്‍ഡ്സ്കോമ്പിനു പകരം ടീമിലെത്തിയ മിച്ചല്‍ മാര്‍ഷിന്റെ തിരഞ്ഞെടുപ്പിലുള്ള അമര്‍ഷമാണ് താരത്തെ കൂക്കിവിളികളോടെ വരവേല്‍ക്കുവാന്‍ കാണികളെ പ്രേരിപ്പിച്ചത്.

മാര്‍ഷിന്റെ സ്പെല്ലുകളുടെ തുടക്കത്തില്‍ ആണ് കാണികളുടെ ഈ മോശം പ്രവണത. വളരെ ഉയര‍ത്തിലുള്ള ശബ്ദം ഓസ്ട്രേലിയന്‍ ടീമംഗങ്ങളെ അസ്വസ്ഥരാക്കിയിരുന്നു. മികച്ച ടീം പ്ലേയര്‍ ആയ മാര്‍ഷിനു ഇത് കേള്‍ക്കേണ്ടി വന്നത് ദുഖകരമാണെന്നും ട്രാവിസ് ഹെഡ് പറഞ്ഞു.

മൂന്നാം സെഷനില്‍ ഒപ്പത്തിനൊപ്പം ഇന്ത്യയും ഓസ്ട്രേലിയയും

പെര്‍ത്തില്‍ ആദ്യ സെഷനില്‍ ഓസ്ട്രേലിയന്‍ മേധാവിത്വത്തിനു ശേഷം രണ്ടാം സെഷനില്‍ ഇന്ത്യ തിരിച്ചടിച്ചുവെങ്കിലും മൂന്നാം സെഷനില്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പം. 145/3 എന്ന നിലയില്‍ മൂന്നാം സെഷന്‍ പുനരാരംഭിച്ച ഓസ്ട്രേലിയ്ക്ക് പീറ്റര്‍ ഹാന്‍ഡ്സ്കോമ്പിനെ വേഗത്തില്‍ നഷ്ടമായെങ്കിലും ഷോണ്‍ മാര്‍ഷും ട്രാവിസ് ഹെഡും ടീമിനെ മുന്നോട്ട് നയിക്കുകയായിരുന്നു. 78 റണ്‍സിന്റെ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് മത്സരം ഓസ്ട്രേലിയയുടെ പക്ഷത്തേക്ക് മാറ്റുകയാണെന്ന് കരുതിയെങ്കിലും ഹനുമ വിഹാരി മാര്‍ഷിനെ പുറത്താക്കി ഇന്ത്യയ്ക്ക് ബ്രേക്ക് ത്രൂ നല്‍കി. ഏറെ വൈകാതെ ട്രാവിസ് ഹെഡിനെ ഇഷാന്ത് പുറത്താക്കിയപ്പോള്‍ മൂന്നാം സെഷനില്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പം നിലകൊണ്ടു.

ആദ്യ ദിവസം അവസാനിക്കുമ്പോള്‍ ഓസ്ട്രേലിയ 277/6 എന്ന നിലയിലാണ്. മാര്‍ക്കസ് ഹാരിസ് 70 റണ്‍സുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ ട്രാവിസ് ഹെഡ്(58), ആരോണ്‍ ഫിഞ്ച്(50) എന്നിവരും അര്‍ദ്ധ ശതകങ്ങള്‍ നേടി. അതേ സമയം ഷോണ്‍ മാര്‍ഷ് 45 റണ്‍സ് നേടി പുറത്തായി. ഒന്നാം ദിവസം അവസാനിക്കുമ്പോള്‍ ടിം പെയിന്‍(16*), പാറ്റ് കമ്മിന്‍സ്(11*) എന്നിവരാണ് ക്രീസില്‍ നില്‍ക്കുന്നത്.

132 റണ്‍സാണ് അവസാന സെഷനില്‍ ഓസ്ട്രേലിയ നേടിയത്. ട്രാവിസ് ഹെഡിനെയും ഷോണ്‍ മാര്‍ഷിനെയും പുറത്താക്കിയാണ് ഇന്ത്യ ഇപ്പോള്‍ ഓസ്ട്രേലിയയ്ക്ക് ഒപ്പം നിന്നത്. ഇല്ലായിരുന്നുവെങ്കില്‍ ആദ്യ സെഷനിലേത് പോലെ ഓസ്ട്രേലിയയ്ക്ക് സ്വന്തമാകുമായിരുന്നു മൂന്നാം സെഷനും.

ഇന്ത്യയ്ക്കായി ഹനുമ വിഹാരിയും ഇഷാന്ത് ശര്‍മ്മയും 2 വീതം വിക്കറ്റും ഉമേഷ് യാദവ്, ജസ്പ്രീത് ബുംറ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

15 റണ്‍സിന്റെ നേരിയ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടി ഇന്ത്യ, ട്രാവിസ് ഹെഡ് 72 റണ്‍സ് നേടി പുറത്തായി

ഓസ്ട്രേലിയയെ 235 റണ്‍സിനു ഓള്‍ഔട്ട് ആക്കിയ ഇന്ത്യയ്ക്ക് 15 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ്. ട്രാവിസ് ഹെഡിന്റെ 72 റണ്‍സിന്റെ ബലത്തിലാണ് ഓസ്ട്രേലിയ 235 റണ്‍സിലേക്ക് എത്തിയത്. 24 റണ്‍സുമായി നഥാന്‍ ലയണ്‍ പുറത്താകാതെ ഏറെ നിര്‍ണ്ണായകായ ഇന്നിംഗ്സ് പുറത്തെടുത്തു. തലേ ദിവസത്തെ സ്കോറായ 191/7 എന്ന നിലയില്‍ ബാറ്റിംഗ് ആരംഭിച്ച ഓസ്ട്രേലിയ മൂന്നാം ദിവസം 44 റണ്‍സ് കൂടി നേടി. മൂന്നാം ദിവസത്തെ ആദ്യ സെഷന്‍ തുടങ്ങാന്‍ തന്നെ മഴ മൂലം 45 മിനുട്ടുകളോളം വൈകിയിരുന്നു.

ഹെഡിനെയും ജോഷ് ഹാസല്‍വുഡിനെയും പുറത്താക്കി മുഹമ്മദി ഷമിയാണ് ഇന്ത്യയ്ക്ക് മേല്‍ക്കൈ നല്‍കിയത്. സ്റ്റാര്‍ക്കിന്റെ വിക്കറ്റ് ബുംറ നേടി. ഇന്നിംഗ്സില്‍ ബുംറയും രവിചന്ദ്രന്‍ അശ്വിനും മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ഇഷാന്ത് ശര്‍മ്മ, മുഹമ്മദ് ഷമി, എന്നിവര്‍ രണ്ട് വിക്കറ്റ് നേടി.

ന്യൂബോള്‍ ഗുണം ചെയ്തു, ഓസ്ട്രേലിയയുടെ പ്രതിരോധം തകര്‍ത്ത് ഇന്ത്യ, അര്‍ദ്ധ ശതകവുമായി ട്രാവിസ് ഹെഡ് പൊരുതുന്നു

ആദ്യ രണ്ട് സെഷനുകളെ അപേക്ഷിച്ച് ഭേദപ്പെട്ട ബാറ്റിംഗ് പ്രകടനവുമായി ഓസ്ട്രേലിയ. ഏഴാം വിക്കറ്റില്‍ ട്രാവിസ് ഹെഡും പാറ്റ് കമ്മിന്‍സും നേടിയ 50 റണ്‍സിന്റെ ആനുകൂല്യത്തില്‍ ഇന്ത്യയുടെ സ്കോറിനു 59 റണ്‍സ് അകലെ വരെ എത്തുവാന്‍ ഓസ്ട്രേലിയയ്ക്ക് സാധിച്ചിട്ടുണ്ട്. എന്നാല്‍ ദിവസത്തിന്റെ അവസാനത്തോടെ ന്യൂബോള്‍ എടുത്ത ഇന്ത്യ പാറ്റ് കമ്മിന്‍സിന്റെ(10) പ്രതിരോധം തകര്‍ക്കുകയായിരുന്നു.  രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ ഓസ്ട്രേലിയ 191/7 എന്ന നിലയിലാണ്. 61 റണ്‍സുമായി ട്രാവിസ് ഹെഡും 8 റണ്‍സ് നേടിയ മിച്ചല്‍ സ്റ്റാര്‍ക്കുമാണ് ക്രീസില്‍.

117/4 എന്ന നിലയില്‍ നിന്ന് ചായയ്ക്ക് ശേഷം ബാറ്റിംഗ് പുനരാരംഭിച്ച ഓസ്ട്രേലിയയ്ക്ക് മൂന്ന് റണ്‍സ് കൂടി നേടുന്നതിനിടയില്‍ പീറ്റര്‍ ഹാന്‍ഡ്സ്കോമ്പിനെ(34) ആദ്യം നഷ്ടമായി. ജസ്പ്രീത് ബുംറയ്ക്കാണ് വിക്കറ്റ്. അഞ്ചാം വിക്കറ്റില്‍ ഹാന്‍ഡ്സ്കോമ്പ്-ഹെഡ് കൂട്ടുകെട്ട് 33 റണ്‍സ് ആണ് നേടിയത്.

ടിം പെയിനെ പുറത്താക്കി ഇഷാന്ത് ശര്‍മ്മ ഓസ്ട്രേലിയയുടെ ആറാം വിക്കറ്റ് വീഴ്ത്തുമ്പോള്‍ സ്കോര്‍ ബോര്‍ഡില്‍ 127 റണ്‍സ് മാത്രമാണ് ഉണ്ടായിരുന്നത്. മത്സരത്തില്‍ ഇന്ത്യ പിടിമുറുക്കുമെന്ന് കരുതിയ നിമിഷങ്ങളില്‍ നിന്ന് ട്രാവിസ് ഹെഡും പാറ്റ് കമ്മിന്‍സും ചേര്‍ന്ന് ഓസ്ട്രേലിയയെ മുന്നോട്ട് നയിച്ചുവെങ്കിലും ന്യൂബോളിന്റെ സഹായത്തോടെ ജസ്പ്രീത് ബുംറ കമ്മിന്‍സിനെ പുറത്താക്കി തന്റെ രണ്ടാം വിക്കറ്റ് നേടി.

ഇന്ത്യയ്ക്കായി അശ്വിന്‍ മൂന്നും ഇഷാന്ത് ശര്‍മ്മ, ജസ്പ്രീത് ബുംറ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

ഓസ്ട്രേലിയ പൊരുതുന്നു, മത്സരം ആവേശകരമായ അവസാനത്തിലേക്ക്

ദുബായിയില്‍ പാക്കിസ്ഥാന്റെ 462 റണ്‍സ് ലക്ഷ്യം തേടിയിറങ്ങിയ ഓസ്ട്രേലിയ 215/3 എന്ന മികച്ച നിലയില്‍. ലക്ഷ്യം നേടുവാന്‍ ഇനിയും 247 റണ്‍സാണ് ടീം നേടേണ്ടതെങ്കിലും ആദ്യ ഇന്നിംഗ്സില്‍ ടീം തകര്‍ന്നത് പരിഗണിക്കുമ്പോള്‍ പാക്കിസ്ഥാനു രണ്ട് സെഷനുകളില്‍ നിന്ന് വിജയം പിടിച്ചെടുക്കുവാനാകുമെന്ന പ്രതീക്ഷയുണ്ടാകുമെന്നത് ഉറപ്പാണ്.

മത്സരത്തിന്റെ അവസാന ദിവസം 136/3 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ട്രാവിസ് ഹെഡും ഉസ്മാന്‍ ഖ്വാജയും വിക്കറ്റ് നഷ്ടപ്പെടാതെ ആദ്യ സെഷന്‍ അവസാനിപ്പിക്കുയായിരുന്നു. 79 റണ്‍സാണ് ഇരുവരും കൂടി ആദ്യ സെഷനില്‍ നേടിയത്. 87/3 എന്ന നിലയില്‍ ഒത്തുകൂടി സഖ്യം 128 റണ്‍സിന്റെ കൂട്ടുകെട്ടാണ് മത്സരത്തില്‍ ഇതുവരെ നേടിയിട്ടുള്ളത്.

ഉസ്മാന്‍ ഖ്വാജ 82 റണ്‍സ് നേടിയപ്പോള്‍ ട്രാവിസ് ഹെഡ് 70 റണ്‍സ് നേടി നിലയുറപ്പിച്ചിട്ടുണ്ട്. നിര്‍ണ്ണായമായ രണ്ടാം സെഷനില്‍ പാക്കിസ്ഥാന്‍ വിക്കറ്റ് നേടുവാനാകുന്നില്ലെങ്കില്‍ ഓസ്ട്രേലിയയ്ക്ക് വിജയമോ മത്സരം സമനിലയിലാക്കുവാനോ ആകുമെന്ന പ്രതീക്ഷ വെച്ച് പുലര്‍ത്താനാകും.

പാക്കിസ്ഥാനെതിരെ ടെസ്റ്റ് ഇലവന്‍ പ്രഖ്യാപിച്ച് ഓസ്ട്രേലിയ, മൂന്ന് താരങ്ങള്‍ക്ക് അരങ്ങേറ്റം

പാക്കിസ്ഥാനെതിരെ നാളെ ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിലേക്കുള്ള അവസാന ഇലവനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ. മൂന്ന് താരങ്ങള്‍ക്ക് അരങ്ങേറ്റത്തിനുള്ള അവസരമാണ് ഓസ്ട്രേലിയ നല്‍കിയിരിക്കുന്നത്. ആരോണ്‍ ഫിഞ്ച്, മാര്‍നസ് ലാബൂഷേന്‍, ട്രാവിസ് ഹെഡ് എന്നിവരാണ് അന്തിമ ഇലവനില്‍ ഇടം പിടിച്ച ഓസീസ് പുതുമുഖങ്ങള്‍. മാറ്റ് റെന്‍ഷായ്ക്ക് ടീമില്‍ ഇടം ലഭിച്ചില്ല. ഉസ്മാന്‍ ഖ്വാജയെ ഓസ്ട്രേലിയ ഓപ്പണറുടെ റോളില്‍ പരീക്ഷിക്കുമെന്നാണ് അറിയുന്നത്.

ഓസ്ട്രേലിയ: ആരോണ്‍ ഫിഞ്ച്, ഉസ്മാന്‍ ഖ്വാജ, ഷോണ്‍ മാര്‍ഷ്, മിച്ചല്‍ മാര്‍ഷ്, ട്രാവിസ് ഹെഡ്, മാര്‍നസ് ലാബൂഷേന്‍, ടിം പെയിന്‍, മിച്ചല്‍ മാര്‍ഷ്, പീറ്റര്‍ സിഡില്‍, നഥാന്‍ ലയണ്‍, ജോണ്‍ ഹോളണ്ട്

Exit mobile version