സെബാസ്റ്റ്യൻ ഹാളർ ലാ ലീഗ ക്ലബിൽ

ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ ഐവറി കോസ്റ്റ് മുന്നേറ്റനിര താരമായ സെബാസ്റ്റ്യൻ ഹാളർ ലാ ലീഗ ക്ലബ് ആയ ലെഗാനസിൽ ചേർന്നു. ഈ സീസൺ മുഴുവൻ ലോൺ വ്യവസ്ഥയിൽ ആണ് മുൻ വെസ്റ്റ് ഹാം, അയാക്‌സ്, ഫ്രാങ്ക്ഫർട്ട് താരം ലെഗാനസിൽ ചേരുന്നത്.

ഈ വർഷം സ്ഥാനകയറ്റം വന്നു ലാ ലീഗയിൽ എത്തിയ അവർക്ക് ലാ ലീഗയിൽ നിലനിൽക്കാൻ ഹാളറിന്റെ വരവ് സഹായിക്കും. സമീപകാലത്ത് ക്യാൻസർ അതിജീവിച്ചു കളത്തിൽ തിരിച്ചെത്തിയ ഹാളർ തന്റെ രാജ്യത്തിനു ആയി ആഫ്രിക്കൻ നാഷൻസ് കപ്പ് കിരീടം നേടുന്നതിൽ നിർണായക പങ്ക് ആണ് വഹിച്ചത്. ഫൈനലിൽ താരം നേടിയ ഗോളിൽ ആണ് ഐവറി കോസ്റ്റ് കിരീടം നേടിയത്.

ലോ സെൽസോ റയൽ ബെറ്റിസിൽ തിരിച്ചെത്തി

ടോട്ടനം ഹോട്സ്പറിന്റെ അർജന്റീനൻ മധ്യനിര താരം ജിയോവാണി തന്റെ മുൻ ക്ലബ് ആയ റയൽ ബെറ്റിസിൽ തിരിച്ചെത്തി. 2019 ൽ വലിയ തുകക്ക് ബെറ്റിസിൽ നിന്നു ടോട്ടനത്തിൽ എത്തിയ താരത്തിന് പക്ഷെ ഇംഗ്ലണ്ടിൽ പരിക്കും ഫോമില്ലായ്മയും വില്ലൻ ആയി. തുടർന്നു ഇടക്ക് ലോണിൽ താരം 2 തവണ വിയ്യറയലിലും കളിച്ചു.

ലോ സെൽസോ

നിലവിൽ ഏതാണ്ട് 4 മില്യൺ യൂറോക്ക് ആണ് കോപ്പ അമേരിക്ക ജേതാവ് ആയ അർജന്റീനൻ താരം ടോട്ടനം വിടുന്നത്. ഇത് കൂടാതെ ബെറ്റിസ് താരം ജോണി കാർഡോസയെ ആദ്യം സ്വന്തമാക്കാനുള്ള അവകാശവും ടോട്ടനം നേടി. കാർഡോസയെ ഏതെങ്കിലും ക്ലബ് 30 മില്യൺ യൂറോയോ അതിനു മുകളിലോ കൊടുത്ത് സ്വന്തമാക്കാൻ വന്നാൽ അത് നിഷേധിക്കാനുള്ള അവകാശം ടോട്ടനത്തിനു ഉണ്ടാവും.

ചെൽസിയുടെ ബ്രോഹയെ ടീമിൽ എത്തിച്ചു എവർട്ടൺ

ചെൽസിയുടെ അർമാണ്ടോ ബ്രോഹയെ ടീമിൽ എത്തിച്ചു എവർട്ടൺ. ഈ സീസൺ അവസാനം വരെ ലോണിൽ ആണ് അൽബാനിയൻ താരമായ 22 കാരനായ ബ്രോഹയെ എവർട്ടൺ ടീമിൽ എത്തിക്കുന്നത്. മുന്നേറ്റത്തിൽ നീൽ മൗപെ ഫ്രഞ്ച് ക്ലബ് മാഴ്‌സയിൽ ചേർന്ന വിടവ് നികത്താൻ എവർട്ടൺ യുവ ചെൽസി താരത്തെ ടീമിൽ എത്തിക്കുന്നത്.

ലോണിന് ശേഷം താരത്തിന്റെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ 30 മില്യൺ പൗണ്ട് നൽകി താരത്തെ സ്വന്തമാക്കാനുള്ള വ്യവസ്ഥയും ഈ കരാറിൽ ഉണ്ട്. നേരത്തെ താരത്തിന്റെ ഇപ്സ്വിച് നീക്കം പരാജയപ്പെട്ടിരുന്നു, ഇന്നും അവർ താരത്തിന് ആയി ശ്രമിച്ചു എങ്കിലും അതും പരാജയം ആയി. തുടർന്ന് ആണ് 9 വയസ്സ് മുതൽ ചെൽസി അക്കാദമി താരമായ താരത്തെ എവർട്ടൺ സ്വന്തമാക്കിയത്. നേരത്തെ ലോണിൽ സൗതാപ്റ്റണിൽ ബ്രോഹ തിളങ്ങിയിരുന്നു.

പാരീസിൽ നിന്നു കാർലോസ് സോളറെ ടീമിൽ എത്തിച്ചു വെസ്റ്റ് ഹാം

പാരീസ് സെന്റ് ജർമൻ താരം കാർലോസ് സോളറെ ടീമിൽ എത്തിച്ചു വെസ്റ്റ് ഹാം യുണൈറ്റഡ്. സീസൺ മുഴുവൻ ലോണിൽ ആണ് 27 കാരനായ സ്പാനിഷ് മധ്യനിര താരത്തെ ഇംഗ്ലീഷ് ക്ലബ് ടീമിൽ എത്തിച്ചത്. ഈ സീസണിൽ ട്രാൻസ്ഫർ മാർക്കറ്റിൽ വലിയ തുക ഇറക്കിയ വെസ്റ്റ് ഹാം ഈ ട്രാൻസ്ഫർ ജാലകത്തിൽ ടീമിൽ എത്തിക്കുന്ന ഒമ്പതാം താരമാണ് സോളർ.

വലൻസിയയിൽ കഴിവ് തെളിയിച്ച സോളർ വലിയ പ്രതീക്ഷയോടെ 2022 ൽ ആണ് പാരീസിലേക്ക് പോകുന്നത്. എന്നാൽ പാരീസിൽ പലപ്പോഴും താരത്തിനുള്ള അവസരങ്ങൾ കുറഞ്ഞതും ഫോമില്ലായ്മയും മറ്റ്‌ താരങ്ങളുടെ വരവും വിനയായി. സ്പാനിഷ് ദേശീയ ടീമിന് ആയി 14 പ്രാവശ്യം ബൂട്ട് കെട്ടിയ താരത്തിന്റെ വരവ് വെസ്റ്റ് ഹാമിനെ ഒന്നു കൂടി ശക്തമാക്കും എന്നുറപ്പാണ്.

ജെയിംസ് വാർഡ്-പ്രൊസിനെ ടീമിൽ എത്തിച്ചു നോട്ടിങ്ഹാം ഫോറസ്റ്റ്

വെസ്റ്റ് ഹാമിന്റെ ഇംഗ്ലീഷ് മധ്യനിര താരം ജെയിംസ് വാർഡ്-പ്രൊസിനെ ടീമിൽ എത്തിച്ചു നോട്ടിങ്ഹാം ഫോറസ്റ്റ്. ഈ സീസൺ അവസാനം വരെ ലോൺ വ്യവസ്ഥയിൽ ആണ് താരത്തെ ഫോറസ്റ്റ് ടീമിൽ എത്തിച്ചത്. തങ്ങളുടെ മധ്യനിര ശക്തമാക്കാൻ ഒരുങ്ങുന്ന ഫോറസ്റ്റിന് താരത്തിന്റെ വരവ് വലിയ ഗുണം ചെയ്യും.

മറ്റു താരങ്ങളുടെ വരവ് കാരണം ടീമിലെ അവസരങ്ങൾ കുറഞ്ഞത് ആണ് താരത്തെ ലോണിൽ വിടാൻ വെസ്റ്റ് ഹാമിനെ പ്രേരിപ്പിച്ച ഘടകം. പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച ഫ്രീകിക്ക് വിദഗ്ധരിൽ ഒരാൾ ആയ വാർഡ്-പ്രൊസ് വളരെ നാളത്തെ കരിയറിന് ശേഷം സൗതാപ്റ്റണിൽ നിന്നാണ് വെസ്റ്റ് ഹാമിൽ എത്തിയത്. എന്നാൽ വെസ്റ്റ് ഹാമിൽ വേണ്ട പോലെ തിളങ്ങാൻ മുൻ സൗതാപ്റ്റൺ ക്യാപ്റ്റനു ആയിരുന്നില്ല.

ഔദ്യോഗിക പ്രഖ്യാപനം വന്നു ഐവൻ ടോണി ഇനി സൗദിയിൽ

ബ്രന്റ്ഫോർഡിന്റെ ഇംഗ്ലീഷ് മുന്നേറ്റനിര താരം ഐവൻ ടോണിയെ സൗദി പ്രൊ ലീഗ് ടീം ആയ അൽ അഹ്ലി സ്വന്തമാക്കി. ഏതാണ്ട് 40 മില്യൺ യൂറോ നൽകി താരത്തെ സ്വന്തമാക്കുന്ന സൗദി ക്ലബ് വമ്പൻ വേതനം ആണ് ഇംഗ്ലീഷ് താരത്തിന് 2028 വരെയുള്ള കരാറിൽ നൽകുക. യൂറോപ്യൻ ഫുട്‌ബോളിൽ തുടരാൻ താൽപ്പര്യം കാണിച്ച 28 കാരനായ ടോണിക്ക് ആയി പക്ഷെ വലിയ ക്ലബുകൾ രംഗത്ത് വന്നില്ല.

ടോണി

നേരത്തെ ആഴ്‌സണൽ, മാഞ്ചസ്റ്റർ യുണൈറ്റഡ്, ചെൽസി ടീമുകൾ താരത്തിന് ആയി താൽപ്പര്യം കാണിച്ചു എങ്കിലും ഇവർ ഒക്കെ പിന്നീട് പിന്മാറുക ആയിരുന്നു. തുടർന്ന് ആണ് സൗദി ക്ലബ് ആയ അൽ അഹ്ലി താരത്തിന് ആയി വലിയ ഓഫർ മുന്നോട്ടു വെച്ചത്. ഇറ്റാലിയൻ ക്ലബ് നാപോളിയും ആയി വിക്ടർ ഒസിമ്ഹന്റെ കാര്യത്തിലും അൽ അഹ്ലി ധാരണയിൽ എത്തിയെങ്കിലും താരവും ആയി ധാരണയിൽ എത്താൻ ആയില്ല, ഇതോടെ അവർ ടോണിയെ സ്വന്തമാക്കുക ആയിരുന്നു.

ആഴ്‌സണലിന്റെ റീസ് നെൽസണിനെ ഫുൾഹാം സ്വന്തമാക്കി

ട്രാൻസ്ഫർ ഡെഡ്‌ലൈൻ അവസാന മണിക്കൂറുകളിൽ ആഴ്‌സണലിന്റെ മുന്നേറ്റനിര താരം റീസ് നെൽസണിനെ ടീമിൽ എത്തിച്ചു ആഴ്‌സണൽ. താരത്തെ സീസൺ അവസാനം വരെയുള്ള ലോണിൽ ആണ് ഫുൾഹാം ടീമിൽ എത്തിച്ചത്. താരത്തിന്റെ വരവ് അവർ ഔദ്യോഗികമായി പ്രഖ്യാപിച്ചു.

ഇന്ന് നിരവധി ക്ലബുകൾ ആണ് ആഴ്‌സണലിൽ കളിക്കാൻ അവസരം കുറവായ താരത്തിന് ആയി രംഗത്ത് എത്തിയത്. തുടർന്ന് ആദ്യം ഇപ്സ്വിച് താരവും ആയി കരാർ ധാരണയിൽ എത്തും എന്ന സൂചനകൾ വന്നു. എന്നാൽ ഇത് പരാജയപ്പെട്ട ഉടൻ താരവും ആയി ധാരണയിൽ എത്തിയ ഫുൾഹാം താരത്തെ സ്വന്തമാക്കുക ആയിരുന്നു. നെൽസൺ കൂടി ക്ലബ് വിട്ടതോടെ ഇതിഹാസ പരിശീലകൻ വെങറിന് കീഴിൽ കളിച്ച അവസാന താരവും ആഴ്‌സണൽ വിട്ടു.

രണ്ടാം ഗോൾ കീപ്പർ ആയി നെറ്റോയെ സ്വന്തമാക്കി ആഴ്‌സണൽ

പ്രീമിയർ ലീഗ് ക്ലബ് ആയ എ.എഫ്.സി ബോർൺമൗത് ക്യാപ്റ്റനും ഗോൾ കീപ്പറും ആയ നെറ്റോയെ ടീമിൽ എത്തിച്ചു ആഴ്‌സണൽ. സീസൺ അവസാനം വരെ ലോണിൽ ആണ് 35 കാരനായ ബ്രസീലിയൻ താരത്തെ ആഴ്‌സണൽ സ്വന്തമാക്കുന്നത്. താരത്തെ ടീമിൽ എത്തിച്ചത് ക്ലബ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ചെൽസിയുടെ കെപ്പയെ ബോർൺമൗത് സ്വന്തമാക്കിയതോടെ ടീമിലെ ഒന്നാം സ്ഥാനം പോയ നെറ്റോയെ ആഴ്‌സണൽ സ്വന്തമാക്കുക ആയിരുന്നു.

നെറ്റോ

നേരത്തെ ആരോൺ റാംസ്ഡേൽ സൗതാപ്റ്റണിലേക്ക് സ്ഥിര കരാർ വ്യവസ്ഥയിൽ പോയതോടെയാണ് ആഴ്‌സണലിന് ഡേവിഡ് റയയുടെ രണ്ടാമൻ ആയി പുതിയ ഗോൾ കീപ്പറെ ആവശ്യമായി വന്നത്. നേരത്തെ എസ്പന്യോളിന്റെ ഗാർസിയയും ആയി വ്യക്തിഗത ധാരണയിൽ എത്തിയെങ്കിലും താരത്തിന് ആയി സ്പാനിഷ് ക്ലബ് വലിയ തുക മുന്നോട്ട് വെച്ചതോടെ ആഴ്‌സണൽ പിന്മാറുക ആയിരുന്നു. 2011 ൽ ബ്രസീലിൽ നിന്നു യൂറോപ്പിൽ എത്തിയ നെറ്റോ ഫിയറന്റീന, യുവന്റസ്, വലൻസിയ, ബാഴ്‌സലോണ ടീമുകൾക്ക് ആയി കളിച്ചിട്ടുണ്ട്.

അവസാന നിമിഷം റഹീം സ്റ്റെർലിങിനെ ടീമിൽ എത്തിച്ചു ആഴ്‌സണൽ

ട്രാൻസ്ഫർ ഡെഡ്‌ലൈൻ ദിനമായ ഇന്ന് അവസാന നിമിഷം ചെൽസി വിങർ റഹീം സ്റ്റെർലിങിനെ ടീമിൽ എത്തിച്ചു ആഴ്‌സണൽ. ഇന്ന് ആദ്യം ഇനി ആരെയും ആഴ്‌സണൽ ടീമിൽ എത്തിക്കില്ല എന്നായിരുന്നു സൂചന എങ്കിലും ഡെഡ്‌ലൈൻ അവസാന മണിക്കൂറുകളിൽ അവർ സ്റ്റെർലിങിനു ആയി രംഗത്ത് വരിക ആയിരുന്നു. തുടർന്ന് നടന്ന വേഗതയേറിയ ചർച്ചകൾക്ക് ശേഷം താരത്തെ ലോണിൽ കൈമാറാൻ ചെൽസി സമ്മതിച്ചു. നിലവിൽ മെഡിക്കൽ കഴിഞ്ഞ സ്റ്റെർലിങ് ആഴ്‌സണൽ കരാർ ഒപ്പ് വെച്ചു എന്നാണ് സൂചന.

സ്റ്റെർലിങ് ആർട്ടെറ്റ

ഡെഡ്‌ലൈൻ കഴിഞ്ഞ ശേഷവും 2 മണിക്കൂർ ഡോക്കുമെന്റ് കൈമാറാൻ സമയം ഉള്ളതിനാൽ ഔദ്യോഗിക പ്രഖ്യാപനം പിന്നീട് ആവും വരിക. നിലവിലെ സൂചന അനുസരിച്ച് ഒരു തുകയും ചെൽസിക്ക് നൽകാതെയുള്ള ഈ സീസൺ തീരുന്നത് വരെയുള്ള ലോണിൽ ആണ് സ്റ്റെർലിങിനെ ആഴ്‌സണൽ സ്വന്തമാക്കുന്നത്. കൂടാതെ ആഴ്‌സണലിന് കളിക്കാൻ ആയി തന്റെ ശമ്പളം വളരെ അധികം കുറക്കാനും 29 കാരനായ ഇംഗ്ലീഷ് താരം സമ്മതിച്ചിട്ടുണ്ട്. ലിവർപൂൾ, മാഞ്ചസ്റ്റർ സിറ്റി, ചെൽസി തുടങ്ങിയ മൂന്നു വമ്പൻ ഇംഗ്ലീഷ് ക്ലബുകളിൽ കളിച്ച താരത്തിന് ആഴ്‌സണൽ നാലാമത്തെ വമ്പൻ ക്ലബ് ആണ്. മാഞ്ചസ്റ്റർ സിറ്റിയിൽ ആർട്ടെറ്റക്ക് കീഴിൽ കളിച്ച ഘടകം പരിഗണിച്ച് ആണ് താരത്തെ മുന്നേറ്റത്തിൽ പകരക്കാരാനെന്ന നിലയിൽ ആഴ്‌സണൽ ടീമിൽ എത്തിക്കുന്നത്.

നോട്ടിങ്ഹാം ഫോറസ്റ്റ് എഡിയെ സ്വന്തമാക്കില്ല, താരത്തിന് ആയി പാലസ് രംഗത്ത്

നോട്ടിങ്ഹാം ഫോറസ്റ്റിലേക്ക് പോവില്ലെന്നു തീരുമാനിച്ചു ആഴ്‌സണലിന്റെ ഇംഗ്ലീഷ് മുന്നേറ്റനിര താരം എഡി എങ്കെതിയ. താരത്തെ വിൽക്കാൻ 30 മില്യൺ പൗണ്ടിന്റെ ഫോറസ്റ്റ് മുന്നോട്ട് വെച്ച കരാർ ആഴ്‌സണൽ സ്വീകരിച്ചു എങ്കിലും താരവും ആയി ധാരണയിൽ എത്താൻ ഫോറസ്റ്റിന് ആയില്ല. വേതന വ്യവസ്ഥയിലെ വിയോജിപ്പിനെ തുടർന്ന് ആണ് എഡി ഫോറസ്റ്റിലേക്ക് പോവില്ല എന്നു തീരുമാനിച്ചത് എന്നാണ് റിപ്പോർട്ട്.

എഡി

എങ്കിലും ട്രാൻസ്ഫർ ജാലകത്തിന്റെ അവസാന ആഴ്ച താരത്തെ വിൽക്കാൻ തന്നെയാണ് ആഴ്‌സണൽ ശ്രമം. താരത്തിന് ആയി നിലവിൽ താരവും ആയി മുമ്പ് ചർച്ച നടത്തിയ ക്രിസ്റ്റൽ പാലസ് രംഗത്ത് വന്നു എന്നാണ് സൂചന. നിലവിൽ താരത്തെ ലോണിൽ എത്തിച്ചു പിന്നീട് സ്വന്തമാക്കാൻ ആണ് പാലസ് ശ്രമം എന്നാണ് റിപ്പോർട്ട്. എന്നാൽ 25 കാരനായ താരത്തെ സ്ഥിരമായി വിൽക്കാൻ തന്നെയാണ് ആഴ്‌സണൽ ശ്രമം. താരത്തിനു ആയി നേരത്തെ മാഴ്‌സ വെച്ച ഓഫർ ആഴ്‌സണൽ നിരസിച്ചിരുന്നു.

ഫാബിയോ വിയേരയെ ആഴ്‌സണൽ പോർട്ടോയിലേക്ക് തിരിച്ചു ലോണിൽ അയക്കും

തങ്ങളുടെ പോർച്ചുഗീസ് മധ്യനിര താരം ഫാബിയോ വിയേരയെ ലോണിൽ തിരിച്ചു പഴയ ക്ലബ് ആയ എഫ്.സി പോർട്ടോയിലേക്ക് അയക്കാൻ ആഴ്‌സണൽ. ഈ സീസൺ മൊത്തം താരത്തെ വായ്പ അടിസ്‌ഥാനത്തിൽ പോർച്ചുഗീസ് ക്ലബിൽ അയക്കാൻ ആണ് ആഴ്‌സണൽ സമ്മതിച്ചത്. 2022 ൽ പോർട്ടോയിൽ നിന്നു ആഴ്‌സണലിൽ എത്തിയ താരത്തിന് പരിക്കുകളും ഫോമില്ലായ്മയും വിന ആയിരുന്നു.

ഫാബിയോ വിയേര

നിലവിൽ മിഖേൽ മെറീനോയുടെ വരവും യുവതാരം ഏഥൻ ന്വനെരിക്ക് അവസരങ്ങൾ നൽകേണ്ടി വരും എന്നതും വിയേരയുടെ അവസരം കുറക്കും എന്നതിനാൽ ആണ് താരത്തെ ലോണിൽ വിടാൻ ആഴ്‌സണലിനെ പ്രേരിപ്പിച്ച ഘടകം. എന്നാൽ താരത്തെ നിലവിൽ ലോണിന് ശേഷം വിൽക്കാനുള്ള വ്യവസ്ഥ നിലവിൽ ഇല്ല. നിലവിൽ വിയേരയെ ടീമിൽ എടുക്കാൻ ധാരണയിൽ എത്തിയ പോർട്ടോ കാസൻസിയോയെ യുവന്റസിന് വിറ്റ ശേഷം താരത്തിന്റെ കരാറിൽ ഒപ്പ് വെക്കും.

ആഴ്‌സണലിന്റെ റാംസ്ഡേലിന് ആയി വോൾവ്സ് രംഗത്ത്

ആഴ്‌സണൽ ഗോൾ കീപ്പർ ആരോൺ റാംസ്ഡേലിന് ആയി മറ്റൊരു ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ വോൾവ്സ് രംഗത്ത്. ദ അത്ലറ്റിക് റിപ്പോർട്ടർ ആയ ഡേവിഡ് ഓർസ്റ്റെയിൻ ആണ് വോൾവ്സ് താരത്തിന് ആയി രംഗത്ത് എത്തിയ കാര്യം റിപ്പോർട്ട് ചെയ്തത്. ഡേവിഡ് റയ ടീമിൽ എത്തിയ ശേഷം ആദ്യ ടീമിലെ സ്ഥാനം നഷ്ടമായ ഇംഗ്ലീഷ് ഗോൾ കീപ്പർ ആഴ്‌സണൽ വിടാൻ താൽപ്പര്യവും കാണിക്കുന്നുണ്ട്. താരത്തിന്റെ മുൻ ക്ലബ് ആയ ബോർൺമൗത്തിനു ഒപ്പം സൗതാപ്റ്റണും ഇതിനു പുറമെ താരത്തിനു ആയി താൽപ്പര്യം കാണിക്കുന്നുണ്ട്.

ആരോൺ റാംസ്ഡേൽ

നിലവിൽ 26 കാരനായ താരത്തെ ആദ്യം ഈ സീസണിൽ ലോണിലും തുടർന്ന് സ്ഥിരമായും സ്വന്തമാക്കാൻ ആണ് വോൾവ്സ് ശ്രമം. റാംസ്ഡേലിന്റെ ശമ്പളവും വോൾവ്സ് വഹിക്കും. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഇത് നടക്കാനുള്ള സാധ്യത കുറവാണെങ്കിലും ക്ലബുകൾ തമ്മിൽ ചർച്ച നടക്കുകയാണ്. റാംസ്ഡേൽ ക്ലബ് വിടുക ആണെങ്കിൽ ഇതിനകം തന്നെ വ്യക്തിഗത ധാരണയിൽ എത്തിയ എസ്പന്യോളിന്റെ സ്പാനിഷ് ഗോൾ കീപ്പർ യൊഹാൻ ഗാർസിയെ ടീമിൽ എത്തിക്കാൻ ആവും ആഴ്‌സണൽ ശ്രമിക്കുക.

Exit mobile version