ഡോവ്സൺ വോൾവ്സിലേക്ക്, പകരക്കാരനായി പോളണ്ട് പ്രതിരോധതാരത്തെ ടീമിൽ എത്തിക്കാൻ വെസ്റ്റ് ഹാം

സൗത്താപ്റ്റണിന്റെ 26 കാരനായ പോളണ്ട് പ്രതിരോധതാരം യാൻ ബെഡ്നറകിനെ ടീമിൽ എത്തിക്കാൻ വെസ്റ്റ് ഹാം യുണൈറ്റഡ്. നിലവിൽ വോൾവ്സിലേക്ക് പോവാൻ ഒരുങ്ങുന്ന ക്രെയ്ഗ് ഡോവ്സണെ വിറ്റ ശേഷം പോളണ്ട് താരവും ആയുള്ള കരാർ ഉടൻ വെസ്റ്റ് ഹാം പൂർത്തിയാക്കും എന്നാണ് സൂചന.

താരത്തിന് ആയി മറ്റ് ക്ലബുകൾ രംഗത്ത് ഉണ്ടെങ്കിലും വെസ്റ്റ് ഹാമിനു തന്നെയാണ് താരത്തെ സ്വന്തമാക്കാൻ സാധ്യത കൂടുതൽ. താരത്തെ നിലവിൽ ലോണിൽ സ്വന്തമാക്കിയ ശേഷം പിന്നീട് സ്ഥിരമായി ടീമിൽ എത്തിക്കാൻ ആണ് ഹാമേഴ്‌സ് ശ്രമം. അതിനുള്ള വ്യവസ്ഥയും ഈ ലോൺ കരാറിൽ ഉണ്ടാവും.

മധ്യനിരയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ അയാക്‌സിന്റെ മെക്സിക്കൻ താരത്തെ ടീമിൽ എത്തിക്കാൻ ചെൽസി ശ്രമം

എഡ്സൺ അൽവാരസിനു ആയി ചെൽസി 50 മില്യൺ ഓഫർ മുന്നോട്ട് വച്ചത് ആയി സൂചന

മധ്യനിരയിൽ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ അയാക്‌സിന്റെ മെക്സിക്കൻ താരം എഡ്സൺ അൽവാരസിനെ സ്വന്തമാക്കാൻ ചെൽസി ശ്രമം. താരത്തിന് ആയി 50 മില്യൺ യൂറോയുടെ വലിയ കരാർ നിലവിൽ ചെൽസി മുന്നോട്ട് വച്ചു എന്നാണ് റിപ്പോർട്ട്. അതേസമയം താരത്തെ വിട്ടു കൊടുക്കാൻ അയാക്സിനു താൽപ്പര്യം ഇല്ല. അയാക്‌സ് മധ്യനിരയിലെ എഞ്ചിൻ ആണ് മെക്സിക്കൻ താരം.

അൽവാരസിനെ ടീമിൽ എത്തിച്ചു മധ്യനിരയിലെ നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ആണ് ചെൽസി ശ്രമം. താരത്തിനും പ്രീമിയർ ലീഗിലേക്ക് പോവാൻ താൽപ്പര്യം ഉണ്ടെന്നാണ് സൂചന. മെക്സിക്കൻ ടീമിലെ പ്രധാന താരമായ അൽവാരസിനെ ലോകകപ്പിന് ശേഷം വിൽക്കാൻ ആണ് അയാക്‌സ് ശ്രമം. എന്നാൽ നാലിരട്ടി ശമ്പളം മുന്നോട്ട് വച്ച ചെൽസിയിലേക്ക് പോവാൻ ഉറച്ച താരം ഇന്ന് പരിശീലനത്തിൽ പങ്കെടുത്തില്ല എന്നും റിപ്പോർട്ടുകൾ ഉണ്ട്.

വർക്ക് പെർമിറ്റ് പ്രശ്നമായി, റോമയുടെ ഡച്ച് താരത്തെ ടീമിൽ എത്തിക്കാൻ ആവാതെ ഫുൾഹാം

എ.എസ് റോമയുടെ ഡച്ച് താരം ജസ്റ്റിൻ ക്വിവർട്ടിനെ ടീമിൽ എത്തിക്കാനുള്ള ഫുൾഹാം ശ്രമങ്ങൾ പരാജയപ്പെട്ടു. താരവും ക്ലബും ആയും ഫുൾഹാം ധാരണയിൽ എത്തിയെങ്കിലും 23 കാരനായ ഡച്ച് താരത്തിന് വർക്ക് പെർമിറ്റ് നിഷേധിക്കപ്പെടുക ആയിരുന്നു.

കഴിഞ്ഞ സീസണിൽ ഫ്രഞ്ച് ക്ലബ് നീസിന് ആയി ലോണിൽ കളിച്ച താരമാണ് ജസ്റ്റിൻ. എന്നാൽ സമീപകാലത്ത് റോമക്ക് ആയി അധികം മത്സരങ്ങളിൽ കളിക്കാൻ അവസരം ലഭിച്ചില്ല എന്നത് ആണ് താരത്തിന് ഇംഗ്ലണ്ടിൽ വർക്ക് പെർമിറ്റ് നിഷേധിക്കാനുള്ള കാരണം.

കരാർ റദ്ദാക്കാൻ ബാഴ്സലോണയും ബ്രാത്വൈറ്റും

മുന്നേറ്റ താരം മാർട്ടിൻ ബ്രാത്വൈറ്റിന്റെ കരാർ ബാഴ്സലോണ റദ്ദാക്കും. താരവും ടീമും പരസ്പരം ധാരണയിൽ ആവും താരത്തിന്റെ നിലവിലെ കരാർ റദ്ദാക്കുക. ഇതിന് മുൻപ് ബ്രാത്വൈറ്റിന് തന്റെ അടുത്ത ക്ലബ്ബ് തേടാൻ സാധിക്കും. ഇതോടെ ഏകദേശം രണ്ടര മില്യൺ തുക മാത്രമേ താരത്തിന് നഷ്ടപരിഹാരമെന്ന രീതിയിൽ ബാഴ്‌സലോണ നൽകേണ്ടി വരികയുള്ളൂ. നേരത്തെ പല ക്ലബ്ബുകളും ഓഫറുകളുമായി വന്നിട്ടും ടീം മാറാൻ ബ്രാത്വൈറ്റ് കൂട്ടാക്കിയിരുന്നില്ല.

നിലവിൽ താരത്തിന്റെ ഏജന്റ് എസ്പാന്യോളിനെ സമീപിച്ചിട്ടുണ്ട് എന്നാണ് സ്പാനിഷ് മാധ്യമങ്ങൾ സൂചിപ്പിക്കുന്നത്. എസ്പാന്യോളിനൊപ്പം ചേർന്നാൽ നഗരം വിട്ട് താരത്തിന് പോകേണ്ടി വരില്ല. ഗ്രീസിൽ നിന്നും മുന്നേറ്റ താരത്തിന് ഓഫർ വന്നിട്ടുണ്ടെങ്കിലും പരിഗണിക്കാൻ സാധ്യതയില്ല. ഫ്രീ ഏജന്റ് ആവാതെ എസ്പാന്യോളിലേക്കുള്ള കൈമാറ്റവും അസാധ്യമാണ്. അതിനാൽ തന്നെ ട്രാൻസ്ഫെർ വിൻഡോയുടെ അവസാന ദിനം മാത്രമേ താരവുമായുള്ള കരാർ റദ്ദാക്കാൻ ബാഴ്സലോണയും തുനിയുകയുള്ളൂ.

അദ്നാൻ യനുസായ് സെവിയ്യയിൽ എത്തി, അഞ്ചു വർഷത്തെ കരാർ

ബെൽജിയൻ താരം അദ്നാൻ യനുസായ് ലാലിഗയിൽ തന്നെ തുടരും. സെവിയ്യ ആണ് റയൽ സോസിഡാഡ് വിട്ട താരത്തെ സ്വന്തമാക്കിയത്. 2026വരെ നീണ്ട കരാർ യനുസായ് സെവിയ്യയിൽ ഒപ്പുവെച്ചു. പ്രീമിയർ ലീഗിൽ നിന്ന് ഓഫർ ഉണ്ടായിരുന്നു എങ്കിലും താരം സ്പെയിനിൽ തന്നെ തുടരാൻ തീരുമാനിക്കുക ആയിരുന്നു.

കഴിഞ്ഞ മാസം റയൽ സോസിഡാഡുമായുള്ള യനുസായിന്റെ കരാർ അവസാനിച്ചിരുന്നു. 27 കാരനായ വിംഗർ അവസാന അഞ്ച് വർഷം സോസിഡാഡിന് ഒപ്പം ആയിരുന്നു. മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് വിംഗർ റയൽ സോസിഡാഡിനായി 168 മത്സരങ്ങളിൽ കളിച്ചു. 23 ഗോളുകൾ നേടുകയും 21 അസിസ്റ്റുകളും സോസിഡിനായി നേടിയ യനുസായ് അവർക്ക് ഒപ്പം കോപ്പ ഡെൽ റേ കിരീടവും നേടിയിട്ടുണ്ട്.

മധ്യനിര ശക്തിപ്പെടുത്താൻ ബ്രസീലിയൻ താരത്തെ ടീമിൽ എത്തിക്കാൻ ആഴ്‌സണൽ ശ്രമിക്കുന്നത് ആയി സൂചന

മുഹമ്മദ് എൽനെനിയെ ഗുരുതര പരിക്ക് കാരണം നഷ്ടമായ ആഴ്‌സണൽ ബ്രസീലിയൻ മധ്യനിര താരത്തെ ടീമിൽ എത്തിക്കാൻ ശ്രമിക്കുന്നത് ആയി വാർത്തകൾ. ബ്രസീലിയൻ, ലാറ്റിൻ അമേരിക്കൻ ജേതാക്കൾ ആയ പാൽമിറാസ്‌ താരം ഡാനിലോ ഡോസ് സാന്റോസിനെ സ്വന്തമാക്കാൻ ആണ് ആഴ്‌സണൽ ശ്രമം.

ജനുവരി മുതൽ ആഴ്‌സണൽ നിരീക്ഷണത്തിലുള്ള താരം കഴിഞ്ഞ ക്ലബ് ലോകകപ്പിലും കളിച്ചിരുന്നു. നിലവിൽ താരത്തിന് ആയി 20 മില്യൺ യൂറോ ആഴ്‌സണൽ മുന്നോട്ട് വച്ചു എന്നാണ് സൂചനകൾ. ഈ ട്രാൻസ്ഫർ വിപണി അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിയുള്ളപ്പോൾ എത്രയും പെട്ടെന്ന് ബ്രസീൽ ക്ലബും ആയി ധാരണയിൽ എത്തി ഭാവി പ്രതീക്ഷയായ താരത്തെ ടീമിൽ എത്തിക്കാൻ ആണ് ആഴ്‌സണൽ ശ്രമം.

പി എസ് ജിയുടെ ജൂലിയൻ ഡ്രെക്സ്ലർ ബെൻഫിക്കയിലേക്ക്

പി എസ് ജിയുടെ ജർമൻ ഇന്റർനാഷണൽ ജൂലിയൻ ഡ്രെക്സ്ലർ ബെൻഫികയിലേക്ക്. ഇരു ടീമുകളും തമ്മിൽ കൈമാറ്റത്തിൽ ധാരണയിൽ എത്തിയിട്ടുണ്ട്. ലോണിൽ ആവും താരം പോർച്ചുകലിൽ എത്തുക. താരം പോർച്ചുഗലിൽ എത്തിക്കഴിഞ്ഞതായും മെഡിക്കൽ പരിശോധനകൾക്ക് ശേഷം ഔദ്യോഗിക കരാറിൽ ഒപ്പിടുമെന്നും ഫാബ്രിസിയോ റോമാനോ റിപ്പോർട്ട് ചെയ്യുന്നു. ഡ്രെക്സ്ലർക്ക് രണ്ടു വർഷം കൂടി പിഎസ്ജിയിൽ കരാർ ബാക്കിയുണ്ട്.

പുതുതായി മധ്യനിരയെ ശക്തിപ്പെടുത്താൻ താരങ്ങളെ എത്തിച്ച പി എസ് ജി, ഒഴിവാക്കേണ്ട താരങ്ങളിൽ ഉൾപ്പെടുത്തിയ താരമായിരുന്നു ഡ്രെക്സ്ലർ. ഇത്തവണ ഒരു ലീഗ് മത്സരത്തിൽ പോലും താരത്തെ ടീമിൽ ഉൾപ്പെടുത്തിയിരുന്നില്ല. ഉടനെ പുതിയ തട്ടകം കണ്ടെത്താൻ താരത്തിന് പിഎസ്ജി നിർദേശം നൽകിയിരുന്നു. 2017ൽ വോൾവ്സ്ബെർഗിൽ നിന്നും എത്തിയ ശേഷം പിഎസ്ജിക്കായി 198 മത്സരങ്ങൾ കളിച്ചു. ന്യൂകാസിലും താരത്തിന് പിറകെ ഉണ്ടായിരുന്നെങ്കിലും ബെൻഫിക്കക് ഇരുപതിയെട്ടുകാരനെ ടീമിൽ എത്തിക്കാൻ സാധിച്ചു. കൈമാറ്റം ഇന്ന് തന്നെ പൂർത്തികരിക്കാൻ ആണ് ടീമുകളുടെ ശ്രമം.

സെർജിന്യോ ഡെസ്റ്റ് ബാഴ്‌സ വിട്ടേക്കും; യുണൈറ്റഡും വിയ്യാറയലും പിറകെ

ബാഴ്‌സലോണയുടെ റൈറ്റ് ബാക്ക് സെർജിന്യോ ഡെസ്റ്റ് ടീം വിടാനുള്ള സാധ്യത വർധിച്ചു. ലീഗ് മത്സരങ്ങൾ ആരംഭിച്ചതിന് പിറകെ സാവി മാച്ച് ഡേ സ്ക്വാഡിൽ പോലും ഉൾപ്പെടുത്താതെ മാറ്റി നിർത്തിയിരുന്ന താരത്തോട് എത്രയും പെട്ടെന്ന് പുതിയ ടീം തേടാൻ ബാഴ്‌സ ആവശ്യപ്പെട്ടിരുന്നു. ഇപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡിനും വിയ്യാറയലിനും താരത്തെ ടീമിൽ എത്തിക്കാൻ താൽപര്യമുണ്ട് എന്ന് ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു.

വിയ്യാറയൽ കുറച്ച് ദിവസമായി താരത്തിന് പിറകെ ഉണ്ട്. ടീമിലെ റൈറ്റ് ബാക്കും ബാഴ്‌സ ലക്ഷ്യമിട്ടിരുന്ന താരങ്ങളിൽ ഒരാളുമായ ഫോയ്ത്തിന് പരിക്കേറ്റതോടെയാണ് പകരക്കാരനായി ഡെസ്റ്റിനെ വിയ്യാറയൽ പരിഗണിച്ചത്. എന്നാൽ ആദ്യം ഡെസ്റ്റ് ഇത് തള്ളിക്കളയുകയാണ് ചെയ്തത്. എന്നാൽ ഇപ്പോൾ താരം എമരിയുടെ ടീമിന്റെ ഓഫർ ചർച്ച ചെയ്യാം എന്ന നിലപാടിൽ ആണ്. അതേ സമയം താരത്തെ യുണൈറ്റഡും ലക്ഷ്യമിടുന്ന വാർത്തകൾ വന്നതോടെ, താരം തന്റെ മുൻ കോച്ച് കൂടിയായ ടെൻ ഹാഗിന് കീഴിൽ വീണ്ടും പന്ത് തട്ടാൻ തയ്യാറെടുക്കുകയായിരുന്നു.

യുണൈറ്റഡിലേക്ക് ചേക്കേറാൻ സെർജിന്യോ ഡെസ്റ്റ് താല്പര്യപ്പെടുന്നുണ്ട്. കാര്യങ്ങൾ അത്ര എളുപ്പമല്ല. ആരോൺ വാൻ-ബിസാക്ക വെസ്റ്റ്ഹാമിലേക്ക് ചേക്കേറിയാൽ മാത്രമേ ടെൻ ഹാഗിന് കൂടി താല്പര്യമുള്ള ഡെസ്റ്റിനെ എത്തിക്കാൻ അവർക്കാകൂ. വിയ്യാറയൽ താരത്തെ ലോണിൽ എത്തിക്കാൻ ആണ് ശ്രമിക്കുന്നത്.

ഡോർട്ട്മുണ്ടിന്റെ സ്വിസ് പ്രതിരോധ താരത്തെ ടീമിൽ എത്തിക്കാൻ മാഞ്ചസ്റ്റർ സിറ്റി

സ്വിസ് താരം കൂടി വരുന്നതോടെ മാഞ്ചസ്റ്റർ സിറ്റി പ്രതിരോധം അതിശക്തമാകും

ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ സ്വിസ് പ്രതിരോധ താരം മാനുവൽ അക്കാഞ്ചിയെ ടീമിൽ എത്തിക്കാൻ മാഞ്ചസ്റ്റർ സിറ്റി. ഡോർട്ട്മുണ്ടിന് മുന്നിൽ സിറ്റി 17 മില്യൺ യൂറോയുടെ കരാർ മുന്നോട്ട് വച്ചത് ആയും അവരുമായി അവസാന ഘട്ട ചർച്ചയിൽ ആണെന്ന് ഇംഗ്ലീഷ് പത്രം അത്ലറ്റിക്കിന്റെ റിപ്പോർട്ടർ ഡേവിഡ് ഓർസ്റ്റിയിൻ റിപ്പോർട്ട് ചെയ്തു.

നിലവിൽ ഡോർട്ട്മുണ്ടിൽ അവസാന വർഷ കരാറിലുള്ള താരത്തിന് ജർമ്മൻ ടീമിൽ സമീപകാലത്ത് സ്ഥാനം കുറവ് ആയിരുന്നു. പ്രതിരോധത്തിലെ പരിക്കുകൾ ആണ് മാഞ്ചസ്റ്റർ സിറ്റിയെ താരത്തിന് ആയി ശ്രമിക്കാൻ നിർബന്ധിക്കുന്ന ഘടകം. ട്രാൻസ്ഫർ ജാലകം അവസാനിക്കുന്നതിനു മുമ്പ് താരത്തെ ടീമിൽ എത്തിക്കാം എന്ന പ്രതീക്ഷയാണ് സിറ്റിക്ക് ഉള്ളത്.

പി.എസ്.ജി മധ്യനിര അതിശക്തമാകും! വലൻസിയയിൽ നിന്നു കാർലോസ് സോളറും ടീമിൽ എത്തുന്നു

സ്പാനിഷ് താരത്തിന്റെ വരവ് പി.എസ്.ജിക്ക് വലിയ കരുത്ത് പകരും

തങ്ങളുടെ ഏറ്റവും വലിയ പ്രശ്‌നം ആയ മധ്യനിര അതിശക്തമാക്കി പി.എസ്.ജി. ഇതിനകം തന്നെ റെനാറ്റ സാഞ്ചസിനെയും ഫാബിയൻ റൂയിസിനെയും വിടിഞ്ഞ എന്നിവരെ ടീമിൽ എത്തിച്ച പാരീസ് ഇത്തവണ വലൻസിയയുടെ സ്പാനിഷ് മധ്യനിര താരം കാർലോസ് സോളറെയും ടീമിൽ എത്തിക്കും.

ഏതാണ്ട് 18 മില്യൺ യൂറോക്ക് ആണ് സ്പാനിഷ് ടീമിന്റെ പ്രധാന ശക്തിയായ താരത്തെ പി.എസ്.ജി ടീമിൽ എത്തിക്കാൻ ഒരുങ്ങുന്നത്. 5 കൊല്ലത്തെ കരാറിന് ആണ് താരം പാരീസിൽ എത്തുക. പി.എസ്.ജി മധ്യനിരയിലെ പ്രധാന താരമായി തിളങ്ങാൻ സോളറിന് ആവും എന്നാണ് പാരീസ് പ്രതീക്ഷ. കഴിഞ്ഞ മത്സരവും കളിച്ച താരത്തെ നഷ്ടമാവുന്നത് ലാ ലീഗ ടീമിന് വലിയ ക്ഷീണം ആവും.

ആന്റണി ഇനി റെഡ് ഡെവിൾ!! ബ്രസീലിന്റെ ഭാവി പ്രതീക്ഷ ഇനി മാഞ്ചസ്റ്റർ യുണൈറ്റഡ് അറ്റാക്കിൽ | Exclusive

ആന്റണിയുടെ കരാർ ഔദ്യോഗികമായി പ്രഖ്യാപിച്ചു

ബ്രസീൽ ദേശീയ ടീമിന്റെ വലിയ പ്രതീക്ഷയായ ആന്റണിയെ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കി. ഇന്ന് ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം എത്തി. ഇന്നലെ ഇംഗ്ലണ്ടിൽ എത്തിയ ആന്റണി മെഡിക്കൽ പൂർത്തിയാക്കിയിരുന്നു. വിസ നടപടികൾ കൂടെ പൂർത്തിയായാൽ ആന്റണി യുണൈറ്റഡിന്റെ അടുത്ത മത്സരത്തിൽ തന്നെ കളിക്കാൻ സാധ്യതയുണ്ട്.

100 മില്യൺ യൂറോയോളം നൽകിയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ആന്റണിയെ അയാക്സിൽ നിന്ന് മാഞ്ചസ്റ്ററിലേക്ക് എത്തിക്കുന്നത്.

അയാക്‌സിനും സാവോ പോളോയ്‌ക്കുമായി 134 ക്ലബ് മത്സരങ്ങളിൽ നിന്ന് 31 ഗോളുകളും 27 അസിസ്റ്റുകളും ആന്റണി നേടിയിട്ടുണ്ട്. ബ്രസീലിനായി ഒമ്പത് സീനിയർ മത്സരങ്ങളിൽ നിന്ന് രണ്ട് ഗോളും രണ്ട് അസിസ്റ്റും താരത്തിന് ഉണ്ട്. അദ്ദേഹം രണ്ട് ഡച്ച് ലീഗ് കിരീടങ്ങളും 2020 സമ്മർ ഒളിമ്പിക്സിൽ ബ്രസീലിന് ഒപ്പം ഒരു സ്വർണ്ണ മെഡലും നേടിയിട്ടുണ്ട്.

ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാനുള്ള സാധ്യതകൾ മങ്ങുന്നു

ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാനുള്ള സാധ്യതകൾ മങ്ങുന്നു. ട്രാൻസ്ഫർ വിൻഡോ അവസാനിക്കാൻ ഇനി രണ്ട് ദിവസം മാത്രൻ ആണ് ശേഷിക്കുന്നത്. റൊണാൾഡോയുടെ ഏജന്റ് ഇപ്പോൾ ചർച്ചകൾ നടത്തുന്ന നാപോളിയും സ്പോർടിങ് ലിസ്ബണും താരത്തിന്റെ സാലറി വലുത് ആയതിനാൽ ചർച്ചകളിൽ നിന്ന് പിന്മാറുന്നത് ആയാണ് സൂചന. ഇതോടെ റൊണാൾഡോ യുണൈറ്റഡ് തുടരാനുള്ള സാധ്യതകൾ ആണ് കാണുന്നത്.

ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ കളിക്കേണ്ടത് കൊണ്ടാണ് റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടണം എന്ന് ആവശ്യപ്പെട്ടത്‌. ക്ലബ് വിടാൻ ശ്രമിക്കുന്നത് കൊണ്ട് തന്നെ യുണൈറ്റഡിന്റെ അവസാന രണ്ടു മത്സരങ്ങളിലും റൊണാൾഡോ ബെഞ്ചിൽ ആയിരുന്നു. ഒരു വർഷം കൂടെ മാഞ്ചസ്റ്റർ യുണൈറ്റഡ് കരാർ ഉള്ള റൊണാൾഡോ കരാർ അവസാനിക്കും വരെ യുണൈറ്റഡിൽ തുടരേണ്ടി വരും

മാഞ്ചസ്റ്റർ യുണൈറ്റഡിന് വേറെ സ്ട്രൈക്കർമാർ ഒന്നും ഇല്ല എന്നത് കൊണ്ട് തന്നെ റൊണാൾഡോ ക്ലബിൽ തുടർന്നാൽ അത് യുണൈറ്റഡിന് നല്ല കാര്യം ആകും.

Exit mobile version