റോമയെ ഗോളിൽ മുക്കി സ്പർസിന് ജയം

ഇന്റർനാഷണൽ ചാമ്പ്യൻസ് കപ്പിൽ റോമയെ സ്പർസ് 4-1 ന് തകർത്തു. ലൂകാസ് മോറ, ഫെർണാണ്ടോ യോറന്റെ എന്നിവരുടെ ഇരട്ട ഗോളുകളാണ് ഇംഗ്ലീഷ് ടീമിന് ജയം ഒരുക്കിയത്. പാട്രിക് ശിക്കാണ് റോമയുടെ ഏക ഗോൾ നേടിയത്.

മത്സരത്തിന്റെ തുടക്കത്തിൽ തന്നെ റോമ ലീഡ് നേടിയെങ്കിലും സ്പർസിന്റെ ശക്തമായ തിരിച്ചു വരവാണ് പിന്നീട് കണ്ടത്. മൂന്നാം മിനുട്ടിൽ ശിക്ക് ഗോൾ നേടിയപ്പോൾ 9,18 മിനുട്ടുകളിൽ ഗോൾ നേടി യോറന്റെ സ്പർസിന് ലീഡ് സമ്മാനിക്കുകയായിരുന്നു. പിന്നീടാണ് ജനുവരിയിൽ ടീമിൽ എത്തിയ ബ്രസീലിയൻ താരം മോറയുടെ രണ്ട് ഗോളുകൾ പിറന്നത്. 28, 44 മിനുട്ടുകളിലായിരുന്നു താരത്തിന്റെ ഗോളുകൾ പിറന്നത്.

രണ്ടാം പകുതിയിലും റോമക്ക് കാര്യമായി ഒന്നും ചെയ്യാനാവാതെ വന്നതോടെ സ്പർസ് ജയം ഉറപ്പിക്കുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ടോട്ടൻഹാമിൽ അർജന്റീനൻ മധ്യനിര താരം കരാർ പുതുക്കി.

ടോട്ടൻഹാമിന്റെ അർജന്റീനൻ മധ്യനിര താരം എറിക് ലമേല ക്ലബ്ബ്മായുള്ള കരാർ പുതുക്കി. പുതിയ കരാർ പ്രകാരം താരം 2022 വരെ സ്പർസിൽ തുടരും.

2013 മുതൽ സ്പർസ് താരമാണ്‌ ലമേല. 26 വയസുകാരനായ താരം റോമയിൽ നിന്നാണ് സ്പർസിൽ എത്തിയത്. അറ്റാക്കിങ് മിഡ്ഫീൽഡറായ താരം സ്പർസിനായി 110 മത്സരങ്ങളിൽ നിന്നായി 10 ഗോളുകൾ നേടിയിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ചാംപ്യൻസ് ലീഗ് നോകൗട്ട് ഇന്ന് മുതൽ, സ്പർസ് യുവന്റസിനെതിരെ

ചാംപ്യൻസ് ലീഗ് ഫുട്‌ബോളിന്റെ ആവേശം ഇന്ന് തിരിച്ചെത്തുന്നു. നോകൗട്ട് മത്സരങ്ങൾക്ക് ഇന്ന് തുടക്കമാവുമ്പോൾ യുവന്റസ് ടോട്ടൻഹാമിനെയും, ബാസൽ മാഞ്ചസ്റ്റർ സിറ്റിയെയും നേരിടും. രണ്ട് മത്സരങ്ങളും ഇന്ത്യൻ സമയം 1.15 നാണ് മത്സരം കിക്കോഫ്.

യുവന്റസിന്റെ മൈതാനത്ത് യൂറോപ്പിലെ ഏറ്റവും മികച്ച പ്രതിരോധവും യൂറോപ്പിലെ ഏറ്റവും മികച്ച സ്‌ട്രൈകർമാരിൽ ഒരാളും തമ്മിലുള്ള പോരാട്ടമാവും ഇന്നത്തെ യുവേ- സ്പർസ് പോരാട്ടം. ഹാരി കെയ്‌നും ചില്ലേനിയും നേർക്ക് നേർക്ക് വരുമ്പോൾ ഫുട്‌ബോൾ പ്രേമികൾക്ക് അത് ആവേശമാവും എന്ന് ഉറപ്പാണ്. നവംബറിന് ശേഷം ഒരു മത്സരം പോലും തോൽക്കാത്ത യുവന്റസിനെ മറികടക്കുക എന്നത് പക്ഷെ പോചെറ്റിനോയുടെ ടീമിന് എളുപ്പമാവാൻ ഇടയില്ല. ആഴ്സണലിന് എതിരായ ഡെർബി ജയത്തിന് ശേഷം എത്തുന്ന സ്പർസ് പക്ഷെ ആക്രമണത്തിൽ തങ്ങളുടെ പ്രതീക്ഷ വെക്കാനാണ് സാധ്യത. കെയ്‌നിന് പുറമെ സോണ്, എറിക്സൻ, അലി എന്നിവരെല്ലാം ഫോമിലാണ്.

യുവന്റസ് നിരയിൽ പരിക്കേറ്റ ദിബാല, കോഡറാഡോ, മാറ്റിയൂടി എന്നവർ കളിക്കാൻ സാധ്യതയില്ല. സ്പർസ് നിരയിൽ കാര്യമായ പരിക്ക് ഭീഷണിയില്ല.

ചാംപ്യൻസ് ലീഗ് കിരീടം ലക്ഷ്യം വെക്കുന്ന സിറ്റിക്ക് ഇന്ന് എവേ മത്സരത്തിൽ ബാസലാണ് എതിരാളികൾ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

വെംബ്ലിയിൽ ആഴ്സണലിന് സ്പർസിന്റെ പ്രഹരം

ആഴ്സണലിനെതിരായ 7 ആം മത്സരത്തിലും ഹാരി കെയ്ൻ ഗോൾ നേടിയപ്പോൾ നോർത്ത് ലണ്ടൻ ഡെർബിയിൽ സ്പർസിന് ജയം. ആദ്യ പകുതിയിൽ ആഴ്സണലിന് കാര്യമായ ഭീഷണി ഉയർത്താത്ത സ്പർസ് രണ്ടാം പകുതിയിൽ മികച്ച പ്രകടനം നടത്തിയാണ് നിർണായക ജയം സ്വന്തമാക്കിയത്. പ്രീമിയർ ലീഗ് ടോപ്പ് 4 പോരാട്ടത്തിൽ നിർണായകമായേക്കാവുന്ന പോരാട്ടത്തിൽ ജയിച്ചതോടെ സ്പർസ് പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്തെത്തി.

ആദ്യ പകുതിയിൽ ഇരു ടീമുകളും കാര്യമായി ഒന്നും ചെയ്യാതെ വന്നതോടെ വിരസമായിരുന്ന ആദ്യ പകുതി. പക്ഷെ രണ്ടാം പകുതിയിൽ ടോട്ടൻഹാം ഉണർന്ന് കളിച്ചതോടെ ആഴ്സണലിന് കാര്യങ്ങൾ കടുത്തതായി. തുടർച്ചയായ സ്പർസ് ആക്രമണങ്ങൾക്ക് 49 ആം മിനുട്ടിൽ ഫലമുണ്ടായി. ബെൻ ഡേവിഡ് നൽകിയ മനോഹരമായ ക്രോസ് ഹെഡറിലൂടെ ഗോളാക്കി ഹാരി കെയ്‌നാണ് സ്പർസിനെ മുന്നിൽ എത്തിച്ചത്. ഏറെ വൈകാതെ കെയ്‌നിന് മറ്റൊരു അവസരം ലഭിച്ചെങ്കിലും ഇത്തവണ ഹെഡർ ലക്ഷ്യത്തിൽ എത്തിയില്ല. ആഴ്സണൽ ആവട്ടെ ആക്രമണ നിരയിൽ കാര്യമായി ഒന്നും ചെയ്യാനാവാതെ വിഷമിച്ചു.

മത്സരം 65 മിനുറ്റ് പിന്നിട്ടതോടെ വെങ്ങർ ലകസറ്റ്, ഇവോബി എന്നിവരെ കളത്തിൽ ഇറക്കിയെങ്കിലും കാര്യമായ ഫലം ഉണ്ടായില്ല. സ്പർസ് ഇതിനിടയിൽ സൃഷ്ടിച്ച മികച്ച അവസരങ്ങൾ ആഴ്സണൽ ഗോളി പീറ്റർ ചെക്കിന്റെ മികച്ച സേവുകൾകൊണ്ടു മാത്രമാണ് ഗോളാവാതെ പോയത്. 86 ആം മിനുട്ടിൽ വെൽബെക്കിന് കളത്തിൽ ഇറങ്ങിയ ഉടനെ അവസരം ലഭിച്ചെങ്കിലും താരത്തിന് ഫിനിഷ് ചെയാനായില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഹാരി @ 100

ടോട്ടൻഹാം താരം ഹാരി കെയ്ൻ പ്രീമിയർ ലീഗിൽ 100 ഗോളുകൾ എന്ന നേട്ടത്തിൽ. ലിവർപൂളിന് എതിരായ പെനാൽറ്റിയിലൂടെയാണ് കെയ്ൻ 100 പ്രീമിയർ ലീഗ് ഗോളുകൾ എന്ന നേട്ടം സ്വന്തമാക്കിയത്. പ്രീമിയർ ലീഗ് ഇതിഹാസങ്ങൾ അടങ്ങുന്ന ക്ലബ്ബിലേക്ക് ഇതോടെ കെയ്‌നും പ്രവേശനം നേടി. 141 മത്സരങ്ങളിൽ നിന്നാണ് താരം സെഞ്ചുറി തികച്ചത്.

പ്രീമിയർ ലീഗ് ചരിത്രത്തിൽ രണ്ടാമത്തെ വേഗതയേറിയ 100 ഗോളുകൾ നേടുന്ന താരമാണ് കെയ്ൻ. 124 മത്സരങ്ങളിൽ നിന്ന് 100 ഗോളുകൾ നേടിയ അലൻ ശിയറരാണ് ഈ പട്ടികയിൽ കെയ്‌നിന്റെ മുന്നിലുള്ളത്. 2014 ഏപ്രിലിൽ പ്രീമിയർ ലീഗിൽ അരങ്ങേറിയ താരത്തിന് 2014-2015 സീസണാണ് ഗോൾ വേട്ടയ്ക്ക് തുടക്കം കുറിച്ചത്. ആ സീസണിൽ 21 പ്രീമിയർ ലീഗ് ഗോളുകൾ നേടിയ താരം 2015-2016 സീസണിൽ 25 ലീഗ് ഗോളുകളാണ് നേടിയത്. 2016-2017 സീസണിൽ അത് 29 ഗോളുകളായി ഉയർത്താൻ കെയ്‌നിനായി. ഈ സീസണിൽ ഇതുവരെ 22 ലീഗ് ഗോളുകൾ സ്വന്തമാക്കിയ താരം 12 മത്സരങ്ങൾ ബാക്കിയിരിക്കെ ഇനിയും ഗോളുകൾ നേടുമെന്ന് ഉറപ്പാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ആൻഫീൽഡിൽ ലിവർപൂളിന് നാടകീയ സമനില

ആൻഫീൽഡിൽ ആവേശ പോരാട്ടത്തിനൊടുവിൽ ലിവർപൂളിന് സ്പർസിനെതിരെ സമനില. 2-2 നാണ് സ്പർസ് ആൻഫീൽസിൽ നാടകീയ സമനില നേടിയത്. രണ്ടു പെനാൽറ്റിയും രണ്ട് ലോകോത്തര ഗോളുകളും പിറന്ന മത്സരം റഫറിമാരുടെ തീരുമാനങ്ങൾകൊണ്ടും വിവാദമായി. 51 പോയിന്റുള്ള ലിവർപൂൾ മൂന്നാം സ്ഥാനത്ത് തുടരും. പക്ഷെ നാളെ ചെൽസി ജയിച്ചാൽ അവർക്ക് മൂന്നാം സ്ഥാനത്തേക്ക് എത്താനാവും. 49 പോയിന്റുള്ള സ്പർസ് അഞ്ചാം സ്ഥാനത്താണ്‌.

ഡിഫെണ്ടർ വിർജിൽ വാൻ ഡയ്ക്ക് ആദ്യ ഇലവനിൽ മടങ്ങിയെത്തിയപ്പോൾ മാറ്റിപിനെ ക്ളോപ്പ് ബെഞ്ചിൽ ഇരുത്തി. മധ്യനിരയിൽ ചാനൊപ്പം ഹെൻഡേഴ്സണും മിൽനറും ഇടം നേടി. സ്പർസിൽ പതിവ് പോലെ കെയ്ൻ, സോണ്, അലി സഖ്യമാണ് ആക്രമണ നിരയിൽ അണി നിരന്നത്. മത്സരം തുടങ്ങി മൂന്നാം മിനുട്ടിൽ തന്നെ ലിവർപൂൾ മുന്നിലെത്തി. എറിക് ഡയറിന്റെ പിഴവ് മുതലെടുത്ത് സലാഹാണ്  ഗോൾ നേടിയത്. ഗോൾ വഴങ്ങിയതോടെ സ്പർസ് ഉണർന്ന് കളിച്ചതോടെ മത്സരം ആവേഷകരമായി ആദ്യ പകുതി അവസാനിച്ചു.

രണ്ടാം പകുതി മാറ്റങ്ങൾ ഇല്ലാതെയാണ് ഇരു ടീമുകളും ഇറങ്ങിയത്. പക്ഷെ 65 മിനുറ്റ് പിന്നിട്ടപ്പോൾ ക്ളോപ്പ് ഹെൻഡേഴ്സൻ, മാനെ എന്നിവരെ പിൻവലിച്ചു വൈനാൽടം, ഓക്സലൈഡ് ചേമ്പർലൈൻ എന്നിവരെ കളത്തിൽ ഇറക്കി. സ്പർസ് ഡേവിസൻ സാഞ്ചസിനെ മാറ്റി എറിക് ലമേലയെയും കളത്തിൽ ഇറക്കിയെങ്കിലും 79 ആം മിനുട്ടിൽ ഡെംബലേക്ക് പകരക്കാരനായി ഇറങ്ങിയ വിക്ടർ വെന്യാമയാണ് സ്പർസിന്റെ രക്ഷകനായത്. ഇറങ്ങി ഒരു മിനുറ്റ് പിന്നീടും മുൻപ് വെന്യാമ സ്പർസിന്റെ സമനില ഗോൾ കണ്ടെത്തി. ബോക്സിന് പുറമെ നിന്ന് വെന്യാമ തൊടുത്ത ബുള്ളെറ്റ് ഷോട്ട് ലിവർപൂൾ  ഗോൾ കീപ്പർ കാരിയസിന് തടുക്കാവുന്നതിലും അപ്പുറമായിരുന്നു. 86 ആം മിനുട്ടിലാണ് മത്സരത്തിലെ വിവാദ നിമിഷമുണ്ടായത്. ബോക്സിൽ കെയ്‌നെ ലിവർപൂൾ ഗോളി കാരിയസ് വീഴ്ത്തിയതിന് റഫറി സ്പർസിന് പെനാൽറ്റി അനുവദിച്ചു. കെയ്ൻ ഓഫ് സൈഡ് ആയിരുന്നെന്ന് ലിവർപൂൾ താരങ്ങൾ വാദിച്ചെങ്കിലും റഫറി പെനാൽറ്റി തീരുമാനത്തിൽ ഉറച്ചു. പക്ഷെ കിക്കെടുത്ത കെയ്‌നിന് പിഴച്ചപ്പോൾ കാരിയസ് തടുത്തു.

പക്ഷെ കളി അവസാനിച്ചു എന്ന ഘട്ടത്തിൽ വീണ്ടും സലാഹ് മാജിക് പിറന്നു. ഇത്തവണ സ്പർസ് പ്രതിരോധത്തെ മികച്ച ഡ്രിബിളിലൂടെ സലാഹ് മറികടന്ന് നേടിയ ഗോൾ ലീഗിൽ ഈ സീസണിൽ പിറന്ന ഏറ്റവും മികച്ച ഗോളുകളിൽ ഒന്നായിരുന്നു. ആ ഗോളോടെ ലിവർപൂൾ സ്കോർ 2-1 ആക്കി മത്സരം സ്വന്തമാക്കി എന്ന ഘട്ടത്തിൽ സ്പർസിനെ തേടി വീണ്ടും ഭാഗ്യമെത്തി.  ഇത്തവണ എറിക് ലമേലയെ വാൻ ഡയ്ക്ക് ചവിട്ടിയത് റഫറി കണ്ടില്ലെങ്കിലും ലൈൻസ് മാൻ പെനാൽറ്റി വിധിച്ചു. ഇത്തവണ കിക്കെടുത്ത കെയ്ൻ പിഴവില്ലാത്ത പന്ത് വലയിലാക്കിയതോടെ മത്സരം സമനിലയിൽ 2-2 ന് അവസാനിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ആൻഫീൽഡിൽ ലിവർപ്പൂൾ ഇന്ന് സ്പർസിനെതിരെ

പ്രീമിയർ ലീഗിലെ ആവേശ പോരാട്ടത്തിൽ ലിവർപൂൾ ഇന്ന് സ്പർസിനെ നേരിടും. ലിവർപൂളിന്റെ മൈതാനമായ ആൻഫീല്ഡിലാണ് മത്സരം അരങ്ങേറുക. ഇന്ന് ഇന്ത്യൻ സമയം രാത്രി 10 നാണ് കിക്കോഫ്. മാഞ്ചെസ്റ്റർ യൂണൈറ്റഡിനെതിരായ വിജയത്തിന്റെ ആത്മവിശ്വാസത്തിൽ ഇറങ്ങുന്ന സ്പർസിനെ തടയാൻ ലിവർപൂളിന് മികച്ച പ്രതിരോധം തന്നെ ഒരുക്കേണ്ടി വരും. ബ്രയ്റ്റനെതിരെ ജയിച്ചു വരുന്ന ലിവർപൂളിന് ആൻഫീൽഡിൽ തങ്ങളുടെ മികച്ച റെക്കോർഡ് തന്നെയാവും ആത്മാവിശ്വാസമാവുക.

സ്പർസ് നിരയിലേക്ക് പരിക്ക് മാറി സെർജ് ഓറിയേ തിരിച്ചെത്തിയേക്കും. പുതിയ സൈനിങ് ലൂക്കാസ് മോറ കളിക്കാൻ സാധ്യതയില്ല. ലിവർപൂൾ നിരയിലേക്ക് വാൻ ടയ്ക്ക് തിരിച്ചെത്തിയേക്കും. പക്ഷെ ആദം ലല്ലാന ഇത്തവണ കളിക്കാൻ സാധ്യതയില്ല. സ്പർസിനെതിരായ അവസാന 23 ഹോം മത്സരങ്ങളിൽ ഒന്നിൽ മാത്രമാണ് ലിവർപൂൾ തോറ്റത്. പക്ഷെ സീസണിന്റെ ആദ്യ പകുതിയിൽ ഇരു ടീമുകളും വെംബ്ലിയിൽ ഏറ്റ് മുട്ടിയപ്പോൾ സ്പർസ് 4-1 ന് ക്ളോപ്പിന്റെ ടീമിനെ നാണം കെടുത്തിയിരുന്നു. ആ തോൽവിക്ക് കണക്ക് തീർക്കുക എന്നത് തന്നെയാവും ഇന്ന് ക്ളോപ്പിന്റെയും സംഘത്തിന്റെയും ലക്ഷ്യം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

 ലൂകാസ് മോറ ഇനി സ്പർസിൽ

പി എസ് ജി താരം ലൂക്കാസ് മോറ ഇനി സ്പർസിൽ. 25 മില്യൺ പൗണ്ടിനാണ് ടോട്ടൻഹാം താരത്തെ സ്വന്തമാക്കിയത്. സെവിയ്യ, നാപോളി അടക്കമുള്ള ടീമുകൾ താരത്തിനായി രംഗത്ത് വന്നിരുന്നെങ്കിലും താരം  പ്രീമിയർ ലീഗിലേക്ക് മാറാൻ തീരുമാനിക്കുകയായിരുന്നു. ബ്രസീൽ ദേശീയ താരമായ ലൂക്കാസ് മോറ ബ്രസീലിയൻ ടീമായ സാവോ പോളോക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്. 25 വയസുകാരനായ മോറ 2013 ലാണ് പി എസ് ജി യിൽ എത്തുന്നത്. 2023 വരെയാണ് താരം സ്പർസുമായി കരാർ ഒപ്പിട്ടിരിക്കുന്നത്.

നെയ്മർ, എംബപ്പെ എന്നിവരുടെ വരവോടെ തീർത്തും അവസരങ്ങൾ കുറഞ്ഞ വിങ്ങറായ മോറ ഈ സീസണിൽ വളരെ കുറഞ്ഞ മത്സരങ്ങളിൽ മാത്രമാണ് പി എസ് ജി ക്ക് വേണ്ടി കളിച്ചത്. ചാംപ്യൻസ് ലീഗിൽ കളിക്കാത്തത് കൊണ്ട് തന്നെ താരത്തിന് സ്പർസിനായി ചാംപ്യൻസ് ലീഗിൽ കളിക്കുന്നതിന് തടസം ഉണ്ടാവില്ല. പി എസ് ജി കായി 229 മത്സരങ്ങൾ കളിച്ച താരം 46 ഗോളുകളും 50 അസിസ്റ്റുകളും പാരീസിനായി നേടിയിട്ടുണ്ട്. ബ്രസീലിനായി 35 മത്സരങ്ങൾ കളിച്ച താരം അവർക്കൊപ്പം 2012 ലെ ഒളിമ്പിക്‌സ് മെഡലും സ്വന്തമാക്കിയിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

വെംബ്ലിയിൽ യുണൈറ്റഡിനെ മറികടന്ന് സ്പർസ്

മത്സരം തുടങ്ങി ആദ്യ മിനിറ്റിൽ തന്നെ ഗോൾ വഴങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡിന് സ്പർസിനോട് എതിരില്ലാത്ത 2 ഗോളുകളുടെ തോൽവി. സ്പർസിനായി ക്രിസ്ത്യൻ എറിക്സൻ ഗോൾ നേടിയപ്പോൾ മറ്റൊരു ഗോൾ യുനൈറ്റഡ് പ്രതിരോധ താരം ഫിൽ ജോൻസ് നൽകിയ സെൽഫ് ഗോളായിരുന്നു. ജയത്തോടെ 48 പോയിന്റുള്ള സ്പർസ് നാലാം സ്ഥാനക്കാരായ ചെൽസിയുമായുള്ള പോയിന്റ് വിത്യാസം 2 ആയി കുറച്ചു. 53 പോയിന്റുള്ള യുണൈറ്റഡ്‌ രണ്ടാം സ്ഥാനത്ത് തന്നെ തുടരും.

കിക്കോഫിൽ നിന്ന് തന്നെ മുന്നേറ്റം നടത്തി സ്പർസ് ആദ്യ മിനുട്ടിൽ തന്നെ വെംബ്ലിയിൽ മുന്നിലെത്തി. പ്രീമിയർ ലീഗ് ചരിത്രത്തിൽ യുണൈറ്റഡ്‌ വഴങ്ങുന്ന ഏറ്റവും വേഗതയേറിയ ഗോളാണ് എറിക്സൻ നേടിയത്. ഗോൾ പിറകിലായിട്ടും സാഞ്ചസ് അടക്കമുള്ള ആക്രമണ നിര വേണ്ടത്ര ഉണരാതിരുന്നതോടെ സ്പർസിന് കാര്യങ്ങൾ എളുപമായി. 28 ആം മിനുട്ടിൽ സ്പർസിന്റെ ബോക്സിലേക്കുള്ള പാസ്സ് ക്ലിയർ ചെയ്യാൻ ശ്രമിച്ച ജോൻസിന് പിഴച്ചപ്പോൾ പന്ത് പതിച്ചത് സ്വന്തം വലയിൽ. രണ്ട് ഗോളുകൾക്ക് പിറകിലായിട്ടും യുണൈറ്റഡിന് കാര്യമായി ഒന്നും ചെയ്യാനായില്ല.

രണ്ടാം പകുതിയിലും സ്പർസ് വ്യക്തമായ ആധിപത്യമാണ് തുടർന്നത്. മത്സരം ഒരു മണിക്കൂർ പിന്നിട്ടതോടെ മൗറീഞ്ഞോ ഫെല്ലയ്‌നി, മാറ്റ എന്നിവരെ കളത്തിൽ ഇറക്കിയെങ്കിലും അവർക്കും കാര്യമായി ഒന്നും ചെയാനായില്ല. ഫെല്ലായ്‌നിയാവട്ടെ 70 ആം മിനുട്ടിൽ പരിക്കേറ്റ് പുറത്താവുകയും ചെയ്തു. ആന്ദ്രേ ഹെരേരയാണ് പകരം ഇറങ്ങിയത്.  സീസണിൽ ടോപ്പ് 4 ടീമുകളോട് ഒരു എവേ മത്സരം പോലും ജയിക്കാനാവാത്ത നാണക്കേടിന്റെ റെക്കോർഡും മൗറീഞ്ഞോ വെംബ്ലിയിൽ തുടർന്നു. പ്രീമിയർ ലീഗ് അരങ്ങേറ്റ മത്സരം അലക്‌സി സാഞ്ചസിന് മറക്കാനുള്ള ഒന്നായി മാറുകയും ചെയ്തു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

വീണ്ടും റെക്കോർഡിട്ട് കെയ്ൻ, സ്പർസിന് വമ്പൻ ജയം

വെംബ്ലിയിൽ എവർട്ടനെ നാണം കെടുത്തി സ്പർസിന് മികച്ച ജയം. എതിരില്ലാത്ത 4 ഗോളുകൾക്കാണ് സ്പർസ് ബിഗ് സാമിന്റെ ടീമിനെ മറികടന്നത്. ഹാരി കെയ്ൻ 2 ഗോളുകൾ.നേടിയ മത്സരത്തിൽ സോണ്, എറിക്സൻ എന്നിവരാണ് സ്പർസിന്റെ മറ്റു ഗോളുകൾ നേടിയത്. ഇന്നത്തെ 2 ഗോൾ നേട്ടത്തോടെ സ്പർസിന്റെ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരൻ എന്ന റെക്കോർഡ് ഹാരി കെയ്ൻ സ്വന്തമാക്കി. നിലവിൽ സ്പർസിനായി 98 ഗോളുകൾ നേടിയ കെയ്ൻ ടെഡി ഷെറിങ്ഹാമിന്റെ 97 ഗോളുകൾ എന്ന റെക്കോർഡാണ് മറികടന്നത്.

പുതിയ സൈനിങ് ടോസൂന് ആദ്യ ഇലവനിൽ തന്നെ എവർട്ടൻ അവസരം നൽകിയെങ്കിലും താരമടക്കമുള്ളവർക്ക് സ്പർസിനെതിരെ കാര്യമായി ഒന്നും ചെയ്യാനായില്ല. ബിഗ് സാമിന്‌ കീഴിൽ പ്രതിരോധത്തിൽ കരുത്ത് കാണിക്കുന്ന എവർട്ടൻ പക്ഷെ ഇത്തവണ വെംബ്ലിയിൽ തകർന്നടിയുന്നതാണ്‌ കണ്ടത്. ആദ്യ പകുതിയിൽ സോണിന്റെ ഗോളിൽ മുന്നിലെത്തിയ സ്പർസ് രണ്ടാം പകുതിയിൽ കെയ്‌നിന്റെയും എറിക്സന്റെയും ഗോളുകളിൽ ലീഡ് നാലാക്കി ഉയർത്തുകയായിരുന്നു. അലിയും എറിക്സണും അടക്കമുള്ള മധ്യനിരയും മികച്ച പ്രകടനമാണ് സ്പർസിനായി നടത്തിയത്. ഇന്നത്തെ ജയത്തോടെ 44 പോയിന്റുള്ള സ്പർസ് അഞ്ചാം സ്ഥാനത്താണ്. 27 പോയിന്റുള്ള എവർട്ടൻ ഒൻപതാം സ്ഥാനത്ത് തുടരും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version