പുത്തൻ മൈതാനത്ത് സ്പർസിന് ആദ്യ തോൽവി, ടോപ്പ് 4 പോരാട്ടത്തിൽ ട്വിസ്റ്റ്

പുത്തൻ മൈതാനത്ത് സ്പർസിന് ആദ്യ തോൽവി. പ്രീമിയർ ലീഗിൽ വെസ്റ്റ് ഹാമിനെ നേരിട്ട അവർ എതിരില്ലാത്ത ഒരു ഗോളിനാണ് തോൽവി വഴങ്ങിയത്. ലീഗിലെ ടോപ്പ് 4 പോരാട്ടത്തിൽ നിർണായകമാകുന്ന മത്സരഫലമാണ് ഇന്നത്തേത്. നിലവിൽ മൂന്നാം സ്ഥാനത്തുള്ള സ്പർസിന് 36 മത്സരങ്ങളിൽ നിന്ന് 70 പോയിന്റ് ഉണ്ട്. 35 മത്സരങ്ങളിൽ നിന്ന് 67 മത്സരങ്ങളുള്ള ചെൽസി നാലാം സ്ഥാനത്താണ്. 35 മത്സരങ്ങളിൽ നിന്ന് 66 പോയിന്റുള്ള ആഴ്സണലിന്റെ ടോപ്പ് 4 പ്രതീക്ഷകൾ ഇതോടെ സജീവമായി.

മത്സരത്തിലെ ആദ്യ പകുതിയിൽ സ്പർസ് പുലർത്തിയ ആധിപത്യത്തിന് രണ്ടാം പകുതിയിൽ നടത്തിയ അവിസ്മരണീയ പോരാട്ടത്തിലൂടെ ഹാമേഴ്സ് മറുപടി നൽകുകയായിരുന്നു. 67 ആം മിനുട്ടിൽ അനാടോവിക് നൽകിയ മനോഹരമായ പാസ്സ് ഗോളാക്കിയാണ് വെസ്റ്റ് ഹാം മത്സരത്തിലെ വിജയ ഗോൾ നേടിയത്. ഇതോടെ സ്പർസിന്റെ പുതിയ സ്റ്റേഡിയത്തിൽ ഗോൾ നേടുന്ന ആദ്യ എതിർ കളിക്കാരൻ എന്ന റെക്കോർഡും അന്റോണിയോക്ക് സ്വന്തമായി. ഗോൾ വഴങ്ങിയിട്ടും സ്പർസിന്റെ ആക്രമണത്തിന് കാര്യമായ ഉണർവ് ഇല്ലാതിരുന്നതോടെ കൂടുതൽ പ്രയാസമില്ലാതെ ഹാമ്മേഴ്‌സ് മത്സരം സ്വന്തമാക്കി.

എറിക്സൻ രക്ഷയായി, അവസാന നിമിഷം ജയം ഉറപ്പിച്ച് സ്പർസ്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ സ്പർസിന് ജയം. ബ്രയ്റ്റനെ എതിരില്ലാത്ത 1 ഗോളിന് മറികടന്നാണ് സ്പർസ് ടോപ്പ് 4 റേസിൽ തങ്ങളുടെ നില മെച്ചപ്പെടുത്തിയത്‌. എറിക്സൻ നേടിയ കിടിലൻ ഗോളാണ് സ്പർസിന് ജയം സമ്മാനിച്ചത്. ജയത്തോടെ 35 കളികളിൽ നിന്ന് 70 പോയിന്റ് ഉള്ള അവർ മൂന്നാം സ്ഥാനത്ത് തുടരും.

കളി വിരസമായ സമനിലയിൽ അവസാനിക്കും എന്ന ഘട്ടത്തിലാണ് ഡാനിഷ് മധ്യനിര താരം എറിക്സൻ രക്ഷക്ക് എത്തിയത്. 88 ആം മിനുറ്റിലാണ് ഗോൾ പിറന്നത് എന്നത് ബ്രയ്റ്റന്
ഏറെ നിരാശ സമ്മാനിക്കുന്ന ഒന്നായി. സമനില നേടിയിരുന്നെങ്കിൽ അവരുടെ റിലഗേഷൻ പോരാട്ടങ്ങൾക്ക് കൂടുതൽ ഊർജമാകുമായിരുന്നു.

അയാക്സിന് ഡച്ച് എഫ് എ യുടെ സമ്മാനം, സ്പർസിനെ നേരിടാൻ ലീഗ് മത്സരങ്ങൾ റദ്ദാക്കി

വമ്പന്മാരെ വീഴ്ത്തി ഹോളണ്ടിനെ ലോക ഫുട്‌ബോളിൽ വീണ്ടും ചർച്ചയാക്കിയ അയാക്‌സിന് ഡച് ഫുട്‌ബോൾ അസോസിയേഷന്റെ സമ്മാനം. ടോട്ടൻഹാമിനെ നേരിടും മുൻപുള്ള അവരുടെ ലീഗ് മത്സരങ്ങൾ നീട്ടി വച്ചാണ് ഹോളണ്ട് എഫ് എ അയാക്സിന് സഹായം ഒരുക്കുന്നത്. ഈ മാസം 30 നാണ് സ്പർസ്- അയാക്‌സ് ചാമ്പ്യൻസ് ലീഗ് സെമി ആദ്യ പാദ മത്സരം ലണ്ടനിൽ അരങ്ങേറുന്നത്.

ഏപ്രിൽ 28 ന് നടക്കേണ്ട ഗ്രാഫ്ഷാപ്പിനെതിരായ മത്സരമാണ് നീട്ടി വച്ചത്. ഇതോടെ ഈ മാസം 23 ന് വിറ്റസെയെ നേരിടുന്ന അവർക്ക് പിന്നീടുള്ള 7 ദിവസങ്ങൾ വിശ്രമം ലഭിക്കും. അയാക്സിനെ സഹായിക്കുക എന്നതിന് അപ്പുറം കളിക്കാരുടെ ഫിറ്റ്നസിനെ കുറിച്ചുള്ള ആശങ്കയാണ് ഇത്തരം ഒരു തീരുമാനത്തിൽ എത്തിച്ചത് എന്നാണ് ഡച്ച് എഫ് എ യുടെ ഔദ്യോഗിക വിശദീകരണം.

ഏപ്രിലിൽ സ്പർസ് പുത്തൻ മൈതാനത്ത്, ആദ്യ മത്സരം ലണ്ടൻ ഡർബി

ഏറെ നാളായി സ്പർസ് ആരാധകർ കാത്തിരുന്ന ദിവസം ക്ലബ്ബ് പ്രഖ്യാപിച്ചു. പുതുക്കി പണിത വൈറ്റ് ഹാർട്ട് ലൈൻ സ്റ്റേഡിയത്തിൽ ആദ്യ മത്സരം ഏപ്രിൽ 3 ന്. ക്രിസ്റ്റൽ പാലസിന് എതിരായ ലണ്ടൻ ഡർബിയാണ് അന്ന് അരങ്ങേറുക.

സ്പർസ് പുതിയ സ്റ്റേഡിയത്തിൽ തിയതി പ്രഖ്യാപിച്ചതോടെ മാഞ്ചസ്റ്റർ സിറ്റിക്ക് എതിരായ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലും പുതിയ സ്റേഡിയത്തിലാകും അരങ്ങേറുക. ഏപ്രിൽ 9 നാണ് ഈ മത്സരം നടക്കുക. ഇതുവരെ വെംബ്ലി സ്റേഡിയമാണ് സ്പർസ് താത്കാലിക അടിസ്ഥാനത്തിൽ ഹോം ഗ്രൗണ്ട് ആയി ഉപയോഗിച്ച് വന്നത്.

സമനില സ്പർസിന് വേണ്ട, പ്രീമിയർ ലീഗിൽ പുത്തൻ റെക്കോർഡ്

ന്യൂകാസിലിനെ കളി തീരാൻ മിനുട്ടുകൾ മാത്രം ബാക്കി നിൽക്കേ ഒരു ഗോളിന് തോൽപിച്ച സ്പർസ് പ്രീമിയർ ലീഗിൽ തീർത്തത് പുതിയ റെക്കോർഡ്. ജയം കൊണ്ട് സമനിലയുടെ റെക്കോർഡാണ് അവർ തിരുത്തിയത്. ലീഗിൽ ഏറ്റവും കൂടുതൽ മത്സരങ്ങളിൽ തുടർച്ചയായി സമനില വഴങ്ങാത്ത റെക്കോർഡ് ആണ് അവർ സ്വന്തം പേരിലാക്കിയത്. നിലവിൽ സ്പർസ് അവസാനം ഒരു സമനില വഴങ്ങിയത് 29 മത്സരങ്ങൾക്ക് മുൻപാണ്.

2011 ൽ ബോൾട്ടൻ സ്ഥാപിച്ച 28 മത്സരങ്ങൾ എന്ന റെക്കോർഡാണ് ലണ്ടൻ ടീം സ്വന്തം പേരിൽ കുറിച്ചത്. ഈ സീസണിൽ 25 മത്സരങ്ങൾ കളിച്ച അവർ 19 മത്സരങ്ങളിൽ ജയിക്കുകയും 6 മത്സരങ്ങൾ തോൽക്കുകയും ചെയ്തു.

ഹാരി കെയ്ന്റെ പരിക്ക് ഗുരുതരം, ഏറെ നാൾ പുറത്തിരിക്കേണ്ടി വരും

സ്പർസിന്റെ ഈ സീസണിലെ പ്രതീക്ഷകളെ തകർത്ത് സൂപ്പർ താരം ഹാരി കെയ്‌ന് പരിക്ക്. ഇടത് കാലിൽ പരിക്കേറ്റ താരത്തിന് ചുരുങ്ങിയത് രണ്ട് മാസത്തോളം കളിക്കാനാവില്ല. ഇനി മാർച്ച് ആദ്യ വാരം മാത്രമേ താരത്തിന് പരിശീലനത്തിലേക്ക് മടങ്ങി വരാൻ സാധിക്കൂ എന്ന് സ്പർസ് സ്ഥിതീകരിച്ചു.

പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് എതിരായ മത്സരത്തിന് ഇടയിലാണ് താരത്തിന് പരിക്കേറ്റത്. ലീഗ് കപ്പ് രണ്ടാം പാദ സെമി ഫൈനലിന് തയ്യാറെടുക്കുന്ന സ്പർസിനെ താരത്തിന്റെ പരിക്ക് വലക്കും എന്നുറപ്പാണ്. ഏഷ്യൻ ഗെയിൻസിന് വേണ്ടി സൗത്ത് കൊറിയൻ താരം ഹ്യുങ് മിൻ സോണും പോയതോടെ സ്പർസിന്റെ ആക്രമണ നിര തീർത്തും കരുത്ത് കുറഞ്ഞതായി.

സ്പർസ് കുതിപ്പിന് അന്ത്യം കുറിച്ച് വോൾവ്‌സ്, വെംബ്ലിയിൽ സ്പർസിനെ വീഴ്ത്തി

മിന്നും ഫോമിലുള്ള സ്പർസിനെ വെംബ്ലിയിൽ വീഴ്ത്തി വോൾവ്സ്. 1-3 ന്റെ ആധികാരിക ജയമാണ് സന്ദർശകർ നേടിയത്. ഒരു ഗോളിന് പിറകിൽ പോയ ശേഷമാണ് വോൾവ്സ് ജയം സ്വന്തമാക്കിയത്. രണ്ടാം പകുതിയിൽ നടത്തിയ അവിസ്മരണീയ പ്രകടനമാണ്‌ ലീഗിൽ രണ്ടാം സ്ഥാനക്കാരായ സ്പർസിനെ വീഴ്ത്താൻ വോൾവ്സിന് തുണയായത്.

ഹാരി കെയ്ൻ നേടിയ മനോഹര ഗോളായിരുന്നു ആദ്യ പകുതിയിലെ വിത്യാസം. ആധിപത്യം പുലർത്തി കളിച്ച സ്പർസിനെ 22 ആം മിനുട്ടിലാണ് കെയ്ൻ മുന്നിലെത്തിച്ചത്. സോണിൽ നിന്ന് പന്ത് സ്വീകരിച്ച താരം ബോക്സിന് പുറത്ത് നിന്ന് ഇടം കാൽ കൊണ്ട് തൊടുത്ത ഷോട്ട് വലയിൽ പതിക്കുകയായിരുന്നു. വോൾവ്‌സ് ആകട്ടെ ഏതാനും കോർണറുകൾ ലഭിച്ചത് ഒഴിച്ചാൽ കാര്യമായ അവസരങ്ങൾ സൃഷ്ടിക്കാനാവാതെ വിഷമിക്കുകയും ചെയ്തു.

രണ്ടാം പകുതിയിൽ വോൾവ്സിന്റെ സമനില ഗോൾ പിറന്നു. ഇത്തവണ മൗട്ടീഞ്ഞോയുടെ കോർണറിൽ നിന്ന് ഡിഫൻഡർ ബോളിയാണ് ഹെഡറിലൂടെ സാന്റോയുടെ ടീമിന് സമനില ഗോൾ സമ്മാനിച്ചത്. പക്ഷെ 82 ആം മിനുട്ടിൽ വെംബ്ലിയെ നിശ്ശബ്ദമാക്കി സ്പർസ് രണ്ടാം ഗോൾ വഴങ്ങുന്ന കാഴ്ച്ചയാണ് കണ്ടത്. റൗൾ ഹിമനസാണ് ഗോൾ നേടിയത്. 87 ആം മിനുട്ടിൽ മികച്ചൊരു കൗണ്ടർ അറ്റാക്കിന് ഒടുവിൽ കോസ്റ്റ ലോറിസിന്റെ വലയിൽ പന്തെത്തിച്ചതോടെ സ്പർസിന്റെ വെംബ്ലി പതനം പൂർത്തിയായി. ആദ്യ പകുതിയിലെ പ്രകടനത്തിന്റെ നിഴൽ മാത്രമായ രണ്ടാം പകുതി സ്പർസിന് നഷ്ടപ്പെടുത്തിയത് ലീഗിൽ കിരീട പോരാട്ടത്തിൽ നിർണായകമായേക്കാവുന്ന മറ്റൊരു ജയം.

കയ്യാങ്കളി, സ്പർസിനും ആഴ്സണലിനും പിഴ

ലണ്ടൻ ഡർബിക്കിടെ പോര് നടത്തിയ സ്പർസ്, ആഴ്സണൽ ടീമുകൾക്ക് ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷന്റെ ഭീമൻ പിഴ. കളിക്കാരെ നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടു എന്ന കാരണം പറഞ്ഞാണ് നടപടി. എങ്കിലും കളിക്കാർക്ക് ആർക്കും പ്രത്യേക ശിക്ഷ ഇല്ല. മത്സരത്തിൽ പക്ഷെ സ്പർസ് താരം യാൻ വെർതോഗൻ ചുവപ്പ് കാർഡ് കണ്ട് പുറത്തായിരുന്നു.

ഡിസംബർ 2 ന് നടന്ന പ്രീമിയർ ലീഗ് മത്സരത്തിലായിരുന്നു സംഭവം അരങ്ങേറിയത്. മത്സരത്തിൽ ആഴ്സണൽ ജയിച്ചിരുന്നു. സ്പർസിന് 50000 പൗണ്ടും, ആഴ്സണലിന് 45000 പൗണ്ടുമാണ് പിഴ ഇനത്തിൽ അടക്കേണ്ടി വരിക.

സ്പർസ് ഡിഫൻഡറുടെ കരാർ പുതുക്കി, 2020 വരെ ലണ്ടനിൽ തുടരും

സ്പർസ് ഡിഫൻഡർ യാൻ വെർതോഗന്റെ കരാർ പുതുക്കി. താരത്തിന്റെ കരാറിൽ ഉണ്ടായിരുന്ന ഒരു വർഷത്തേക്ക് നീട്ടാനുള്ള ഓപ്‌ഷൻ സ്പർസ് ഉപയോഗിക്കുകയായിരുന്നു. ഇതോടെ 2020 വരെ താരം ലണ്ടൻ ക്ലബ്ബിൽ തുടരും എന്നുറപ്പായി. ബെൽജിയം ദേശീയ ടീം അംഗമാണ് വെർതോഗൻ.

2012 ൽ അയാക്സിൽ നിന്നാണ് താരം സ്പർസിൽ എത്തുന്നത്. അന്നുമുതൽ ക്ലബ്ബിന്റെ ഒന്നാം നമ്പർ സെൻട്രൽ ഡിഫണ്ടറാണ് താരം. സ്പർസിനായി 264 മത്സരങ്ങൾ കളിച്ച താരം ബെൽജിയതിനായി 110 മത്സരങ്ങളിൽ ഇറങ്ങിയിട്ടുണ്ട്. ബെൽജിയത്തിന്റെ ചരിത്രത്തിൽ അവർക്കായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരവും വെർതോഗനാണ്.

ലെസ്റ്ററിൽ ടോട്ടൻഹാമിന് അനായാസ ജയം

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ സ്പർസിന് അനായാസ ജയം. ലെസ്റ്റർ സിറ്റിയെ എതിരില്ലാത്ത 2 ഗോളുകൾക്കാണ് അവർ മറികടന്നത്. ജയത്തോടെ 36 പോയിന്റുമായി ലീഗിൽ അവർ മൂന്നാം സ്ഥാനത്ത് തുടരും. ഹ്യുങ് മിൻ സോൺ നടത്തിയ മികച്ച പ്രകടനമാണ്‌ അവർക്ക് മികച്ച ജയം ഒരുക്കിയത്.

ടീമിൽ നിർണായക ഘടകങ്ങളായ ഹാരി കെയ്ൻ, എറിക്സൻ എന്നുവർക്ക് വിശ്രമം അനുവദിച്ചാണ് സ്പർസ് ടീമിനെ ഇറക്കിയത്. ആദ്യ പകുതിയിൽ ഗോളിനായി സ്പർസിന് ഏറെ നേരം കാത്തിരിക്കേണ്ടി വന്നു എങ്കിലും സോൺ 46 ആം മിനുട്ടിൽ അവരെ മുന്നിലെത്തിച്ചു. താരത്തിന്റെ ഇടം കാലൻ ഷോട്ട് ലെസ്റ്റർ ഗോളിക്ക് തടുക്കാവുന്നതിലും അപ്പുറമായിരുന്നു. 58 ആം മിനുട്ടിൽ അലിയും ഗോൾ നേടിയതോടെ ലെസ്റ്ററിന് മത്സരത്തിലേക്ക് തിരിച്ചു വരാനുള്ള സാധ്യതയും അടഞ്ഞു. നിലവിൽ 22 പോയിന്റുമായി ഒൻപതാം സ്ഥാനത്താണ് ലെസ്റ്റർ.

ചാമ്പ്യൻസ് ലീഗ് : ആദ്യ മത്സരത്തിൽ സ്പർസിന് രണ്ട്‌ പ്രധാന താരങ്ങളെ നഷ്ടമാകും

ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടം തുടങ്ങാനിരിക്കെ ഇംഗ്ലീഷ് ക്ലബ്ബ് ടോട്ടൻഹാം ഹോട്ട്സ്പർസിന് കനത്ത തിരിച്ചടി. ടീമിലെ അഭിവാജ്യ ഘടകങ്ങളായ ഡലെ അലിയും ക്യാപ്റ്റൻ ഹ്യുഗോ ലോറിസും പരിക്ക് കാരണം കളിച്ചേക്കില്ല.

ഇന്റർ മിലാന് എതിരെയാണ് സ്പർസിന്റെ ആദ്യ മത്സരം. ഒന്നാം നമ്പർ ഗോളിയായ ലോറിസ് തുടക്ക് ഏറ്റ പരിക്ക് കാരണം പ്രീമിയർ ലീഗിലും കളിച്ചിരുന്നില്ല. ഹാംസ്ട്രിംഗ് ഇഞ്ചുറിയാണ് അലിയെ ചതിച്ചത്.

സ്പർസിന് ഇന്ന് ന്യൂ കാസിലിന്റെ വെല്ലുവിളി

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് ടോട്ടൻഹാമിന്റെ ആദ്യ മത്സരം ന്യൂ കാസിലിനെതിരെ. ന്യൂ കാസിലിന്റെ മൈതാനമായ സെന്റ് ജെയിംസ് പാർക്കിൽ ഇന്ന് ഇന്ത്യൻ സമയം വൈകിട്ട് 5 നാണ് മത്സരം കിക്കോഫ്.

ട്രാൻസ്ഫർ വിൻഡോയിൽ കാര്യമായി ശക്തിപ്പെടുത്താത്ത 2 ടീമുകൾ തമ്മിലാണ് ഇന്ന് മത്സരം. സ്പർസ് ഒരു സൈനിംഗ് പോലും നടത്താതെയാണ് പുതിയ സീസണിനായി ഇറങ്ങുന്നതെങ്കിൽ മൈക്ക് ആഷ്ലിയുടെ ഉടമസ്ഥതയിൽ മറ്റൊരു മോശം ട്രാൻസ്ഫർ വിൻഡോയാണ് ന്യൂ കാസിലിൽ കഴിഞ്ഞത്.

ലോകകപ്പ് സെമിയിൽ വരെ കളിച്ച 9 ആദ്യ ടീം താരങ്ങൾ വൈകിയാണ് പോചെറ്റിനോയുടെ ടീമിലേക്ക് തിരിച്ചെത്തിയത് എങ്കിലും അവരിൽ മിക്കവരെയും ഇന്ന് കളിപ്പിക്കാതെ സ്പർസിന് രക്ഷയില്ല. ഹാരി കെയ്ൻ, യാൻ വേർതൊഗൻ, അലി, ട്രിപ്പിയർ , ലോറിസ് അടക്കമുളകവർ ഇന്ന് കളിക്കാനാണ് സാധ്യത. പരിക്കേറ്റ വൻയാമ, ലമേല എന്നുവർ കളിച്ചേക്കില്ല.

ന്യൂ കാസിൽ നിരയിൽ പുതുതായി എത്തിയ സോളമൻ റോണ്ടൻ, യോഷിനോറി മുട്ടോ എനിയവർ ഇന്ന് അരങ്ങേറിയേക്കും. ചെൽസിയിൽ നിന്ന് ലോണിൽ വീണ്ടും എത്തിയ കെനഡിയുടെ സാന്നിധ്യവും റാഫ ബെനീറ്റസിന്റെ ടീമിന് തുണയായേക്കും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version