ടോട്ടൻഹാമിനെതിരെ വമ്പൻ ജയവുമായി ആഴ്‌സണൽ

നോർത്ത് ലണ്ടൻ ഡാർബിയിൽ ടോട്ടൻഹാമിനെതിരെ വമ്പൻ ജയവുമായി ആഴ്‌സണൽ. എമിറേറ്റ്സിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ആഴ്‌സണൽ ടോട്ടൻഹാമിനെ നിലംപരിശാക്കിയത്. ആദ്യ പകുതിൽ തന്നെ ഏകപക്ഷീയമായ മൂന്ന് ഗോളിന് ആഴ്‌സണൽ മുൻപിൽ എത്തിയിരുന്നു. രണ്ടാം പകുതിയിൽ മത്സരത്തിലേക്ക് തിരിച്ചുവരാൻ ടോട്ടൻഹാം ശ്രമം നടത്തിയെങ്കിലും മികച്ച പ്രതിരോധം തീർത്ത് ആഴ്‌സണൽ ജയം സ്വന്തമാക്കുകയായിരുന്നു.

ആദ്യം പകുതിയിലെ 12ആം മിനുട്ടിൽ സ്മിത്ത് റോയിലൂടെയാണ് ആഴ്‌സണൽ ഗോളടി തുടങ്ങിയത്. തുടർന്ന് അധികം താമസിയാതെ മത്സരത്തിന്റെ 27മത്തെ മിനുട്ടിൽ ഒബാമയങ്ങിലൂടെ ആഴ്‌സണൽ ലീഡ് ഇരട്ടിപ്പിക്കുകയും ചെയ്തു. തുടർന്ന് ടോട്ടൻഹാം താരം ഹാരി കെയ്നിൽ നിന്ന് നഷ്ട്ടപെട്ട പന്തുമായി കുതിച്ച് ആഴ്‌സണൽ സാകയിലൂടെ മൂന്നാമത്തെ ഗോളും നേടുകയായിരുന്നു. രണ്ടാം പകുതിയിൽ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ച ടോട്ടൻഹാം മത്സരത്തിന്റെ 79ആം മിനുട്ടിൽ സോണിലൂടെ ഒരു ഗോൾ മടക്കിയെങ്കിലും ആഴ്‌സണൽ ഗോൾ വലക്ക് മുൻപിൽ മികച്ച പ്രകടനം പുറത്തെടുത്ത റാംസ്‌ഡെയിൽ കൂടുതൽ ഗോളുകൾ നേടുന്നതിൽ നിന്ന് ടോട്ടൻഹാമിനെ തടയുകയായിരുന്നു.

ലണ്ടൻ നീലപുതപ്പിച്ച് ചെൽസി, ടോട്ടൻഹാമിനെതിരെ മികച്ച ജയം

പ്രീമിയർ ലീഗിൽ ഇന്ന് നടന്ന ലണ്ടൻ ഡാർബിയിൽ ചെൽസിക്ക് ജയം. ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്കായിരുന്നു ചെൽസിയുടെ ജയം. ചെൽസിക്ക് വേണ്ടി വെറ്ററൻ താരം തിയാഗോ സിൽവയും എൻഗോളോ കാന്റെയും റുഡിഗറൂമാണ് ഗോളുകൾ നേടിയത്. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് മത്സരത്തിലെ മൂന്ന് ഗോളുകളും വീണത്.

ആദ്യ പകുതിയിൽ പുറത്തെടുത്ത മികച്ച പ്രകടനം രണ്ടാം പകുതിയിൽ ആവർത്തിക്കാൻ കഴിയാതെ പോയതാണ് ടോട്ടൻഹാമിന് തിരിച്ചടിയായത്. രണ്ടാം പകുതിയിൽ ഉണർന്നു കളിച്ച ചെൽസി മൂന്ന് ഗോളുകൾ നേടിയ ജയം ഉറപ്പിക്കുകയായിരുന്നു. രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങിയ കാന്റെ മത്സരം ചെൽസിയുടെ വരുതിയിലാകുകയായിരുന്നു.

അലോൺസോയുടെ കോർണറിൽ നിന്നാണ് തിയാഗോ സിൽവയാണ് ചെൽസിയുടെ ആദ്യ ഗോൾ നേടിയത്. അധികം വൈകാതെ കാന്റെയുടെ ശ്രമം ടോട്ടൻഹാം താരം ഡയറിന്റെ ദേഹത്ത് തട്ടി ടോട്ടൻഹാം ഗോൾ വല കുലുക്കുകയായിരുന്നു. തുടർന്ന് മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ റുഡിഗറുടെ ഗോളിലൂടെ ചെൽസി തങ്ങളുടെ ആധിപത്യം ഉറപ്പിക്കുകയായിരുന്നു. ജയത്തോടെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്താൻ ചെൽസിക്കായി.

മാഞ്ചസ്റ്റർ സിറ്റിയിലേക്കില്ല, സ്പർസിൽ തന്നെ തുടരുമെന്ന് ഹാരി കെയ്ൻ

സൂപ്പർ താരം ഹാരി കെയ്ൻ ഈ സീസണിലും ടോട്ടൻഹാമിൽ തന്നെ തുടരും. നിലവിൽ ടോട്ടൻഹാമിൽ മൂന്ന് വർഷത്തെ കരാർ ബാക്കിയുള്ള ഹാരി കെയ്ൻ ട്രോഫികൾ നേടാൻ വേണ്ടി ടീം വിടുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ താൻ ടോട്ടൻഹാമിൽ തന്നെ തുടരുകയാണെന്ന് താരം ഇന്ന് വ്യക്തമാക്കി. നേരത്തെ താരത്തെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ സിറ്റി വമ്പൻ തുക ടോട്ടൻഹാമിന് വാഗ്ദാനം ചെയ്തിരുന്നു. മാഞ്ചസ്റ്റർ സിറ്റി താരത്തിനായി 100 മില്യൺ പൗണ്ട് ആണ് ഓഫർ ചെയ്തത്. എന്നാൽ മാഞ്ചസ്റ്റർ സിറ്റിയുടെ ഓഫറുകൾ എല്ലാം ടോട്ടൻഹാം നിരസിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം മത്സരത്തിന് ഇറങ്ങിയപ്പോൾ സ്പർസ്‌ ആരാധകരിൽ നിന്ന് ലഭിച്ച പിന്തുണ വളരെ വലുതായിരുന്നെന്നും ഈ സീസണിൽ താൻ 100 ശതമാനവും ടോട്ടൻഹാമിൽ തന്നെ തുടരുമെന്നും ഹാരി കെയ്ൻ ട്വിറ്ററിൽ കുറിച്ചു. കഴിഞ്ഞ ദിവസം വോൾവ്‌സിനെതിരായ മത്സരത്തിൽ ഹാരി കെയ്ൻ പകരക്കാരുടെ ബെഞ്ചിൽ നിന്ന് സീസണിലെ ആദ്യ മത്സരത്തിന് ഇറങ്ങിയിരുന്നു.

അവസരങ്ങൾ തുലച്ച് വോൾവ്‌സ്, ടോട്ടൻഹാമിന് ജയം

പ്രീമിയർ ലീഗിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും ജയം സ്വന്തമാക്കി ടോട്ടൻഹാം. ഇന്ന് നടന്ന മത്സരത്തിൽ വോൾവ്‌സിനെയാണ് ടോട്ടൻഹാം ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിയത്. ടോട്ടൻഹാം പരിശീലകനായ ന്യൂനോ സാന്റോ തന്റെ പഴയ ടീമിനെ നേരിടുന്നു എന്ന പ്രേത്യേകതയും ഇന്നത്തെ മത്സരത്തിന് ഉണ്ടായിരുന്നു. ആദ്യ പകുതിയിൽ പെനാൽറ്റിയിലൂടെ ഡെലെ അലി നേടിയ ഗോളാണ് മത്സരത്തിന്റെ വിധി നിർണയിച്ചത്.

മത്സരത്തിലുടനീളം നിരവധി സുവർണ്ണാവസരങ്ങൾ വോൾവ്‌സ് സൃഷ്ടിച്ചെങ്കിലും അതൊന്നും ലക്ഷ്യത്തിലെത്തിക്കാൻ അവർക്കായില്ല. ട്രയോറെ, ഹിമെനെസ്, മാർക്കൽ എന്നിവർക്കെല്ലാം ഗോൾ നേടാൻ ലഭിച്ച സുവർണ്ണാവസരം നഷ്ട്ടപെടുത്തിയതാണ് വോൾവ്‌സിന് തിരിച്ചടിയായത്. മത്സരം അവസാനിക്കാൻ 18 മിനിറ്റ് ബാക്കി നിൽക്കെ ടോട്ടൻഹാം സൂപ്പർ താരം ഹാരി കെയ്ൻ പകരക്കാരനായി ഇന്ന് ഗ്രൗണ്ടിൽ ഇറങ്ങുകയും ചെയ്തു. ഹാരി കെയ്‌നിനെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ സിറ്റി ശ്രമിക്കുന്നതിനിടെയാണ് താരം ടോട്ടൻഹാമിന്‌ വേണ്ടി സീസണിലെ ആദ്യ മത്സരത്തിന് ഇറങ്ങിയത്.

ഗട്ടൂസോയുമില്ല, പരിശീലകനെ തേടിയുള്ള സ്പർസിന്റെ തിരച്ചിൽ തുടരുന്നു

പുതിയ പരിശീലകനെ തേടിയുള്ള ടോട്ടൻഹാം ഹോട്സ്പറിന്റെ തിരച്ചിൽ തുടരുന്നു. ഫിയോന്റീന പരിശീലക സ്ഥാനം ഒഴിഞ്ഞ ഗട്ടൂസോയെ സ്വന്തമാക്കാനുള്ള സ്പർസിന്റെ ശ്രമങ്ങൾ നടക്കില്ലെന്ന് ഉറപ്പായതോടെയാണ് പുതിയ പരിശീലകനായുള്ള തിരച്ചിൽ സ്‌പർസ് തുടങ്ങിയത്. നേരത്തെ മുൻ റോമാ പരിശീലകനായിരുന്ന പൗള ഫോനെസ്ക ടോട്ടൻഹാം പരിശീലകനാവുമെന്ന് കരുതപ്പെട്ടെങ്കിലും അവസാന നിമിഷം ഫോനെസ്കയും ടോട്ടൻഹാമും തമ്മിലുള്ള ചർച്ചകൾ അലസുകയായിരുന്നു.

തുടർന്നാണ് ഗട്ടൂസോയെ സ്വന്തമാക്കാൻ സ്പർസ്‌ ശ്രമം ആരംഭിച്ചത്. എന്നാൽ സോഷ്യൽ മീഡിയയിൽ ഗട്ടൂസോയെ പരിശീലകനായി നിയമിക്കുന്നതിനെതിരെ പ്രതിഷേധം ഉടലെടുത്തതോടെയാണ് ഗട്ടൂസോക്ക് പകരം മറ്റൊരാളെ കണ്ടെത്താനുള്ള ശ്രമം സ്പർസ്‌ ആരംഭിച്ചത്. ഫിയോന്റീന പരിശീലകനായി 22 ദിവസം കഴിഞ്ഞതിന് പിന്നാലെയാണ് ക്ലബ് ഉടമകളുമായുള്ള പ്രശ്നങ്ങളെ തുടർന്ന് ഗട്ടൂസോ പരിശീലക സ്ഥാനം ഒഴിഞ്ഞത്. നേരത്തെ മുൻ ചെൽസി പരിശീലകനായിരുന്ന അന്റോണിയോ കൊണ്ടേയെയും പരിശീലകനായി എത്തിക്കാൻ സ്പർസ്‌ ശ്രമം നടന്നെങ്കിലും ചർച്ചകൾ വിജയത്തിൽ എത്തിയിരുന്നില്ല.

വമ്പൻ തിരിച്ചുവരവിൽ പുതിയ പരിശീലകന് കീഴിൽ ജയവുമായി ടോട്ടൻഹാം

പുതിയ പരിശീലകന് കീഴിൽ ആദ്യ മത്സരത്തിന് ഇറങ്ങിയ ടോട്ടൻഹാമിന് വമ്പൻ ജയം. മത്സരത്തിൽ പിന്നിട്ട് നിന്നതിന് ശേഷം 2 ഗോൾ തിരിച്ചടിച്ചാണ് ടോട്ടൻഹാം ജയം സ്വന്തമാക്കിയത്. ഇഞ്ചുറി ടൈമിൽ നേടിയ പെനാൽറ്റി ഗോളടക്കം ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ടോട്ടൻഹാം സൗതാമ്പ്ടണെ പരാജയപ്പെടുത്തിയത്. പരിശീലകനായിരുന്ന ജോസെ മൗറിനോയെ പുറത്താക്കിയതിന് ശേഷമുള്ള ടോട്ടൻഹാമിന്റെ ആദ്യ മത്സരം കൂടിയായിരുന്നു ഇത്.

പുതിയ പരിശീലകനായുള്ള റയാൻ മേസന്റെ കീഴിൽ നേടിയ ജയം ടോട്ടൻഹാമിന്റെ ചാമ്പ്യൻസ് ലീഗ് പ്രതീക്ഷകൾ സജീവമാക്കും. മത്സരത്തിന്റെ ആദ്യ പകുതിയിൽ ഡാനി ഇങ്‌സിന്റെ ഗോളിൽ സൗതാമ്പ്ടൺ ആണ് മത്സരത്തിൽ ആദ്യ ലീഡ് നേടിയത്. എന്നാൽ രണ്ടാം പകുതിയിൽ ഗാരെത് ബെയ്‌ലിന്റെ ഗോളിലൂടെ സമനില നേടിയ ടോട്ടൻഹാം ഇഞ്ചുറി ടൈമിൽ ലഭിച്ച പെനാൽറ്റി ഗോളിലൂടെ മത്സരത്തിൽ ജയം സ്വന്തമാക്കുകയായിരുന്നു. സെർജിയോ റെഗുലിയനെ സൗതാമ്പ്ടൺ താരം മൗസ ജെനെപ്പു ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റി സോൺ ഗോളാക്കി മാറ്റുകയായിരുന്നു.

പരിശീലക ജോലിയിലേക്ക് ഉടൻ മടങ്ങിവരുമെന്ന് ജോസെ മൗറിനോ

പരിശീലക ജോലിയിലേക്ക് ഉടൻ തന്നെ മടങ്ങി വരുമെന്ന് മുൻ ടോട്ടൻഹാം പരിശീലകൻ ജോസെ മൗറിനോ. കളിക്കളത്തിൽ നിന്ന് ഇടവേള എടുക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും ഫുട്ബോൾ എപ്പോഴും തന്റെ കൂടെ ഉണ്ടെന്നും മൗറിനോ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് പ്രീമിയർ ലീഗിലെ മോശം പ്രകടനത്തെ തുടർന്ന് ടോട്ടൻഹാം മൗറിനോയെ പരിശീലക സ്ഥാനത്ത് നിന്ന് മാറ്റിയത്.

എന്നാൽ ടോട്ടൻഹാം തന്നോട് മോശമായാണോ പെരുമാറിയത് എന്ന ചോദ്യത്തിന് മൗറിനോ മറുപടി പറഞ്ഞില്ല. ആ വിഷയത്തിൽ താൻ ഒന്നും പറയില്ലെന്നും മൗറിനോ പറഞ്ഞു. ലീഗ് കപ്പ് ഫൈനലിൽ ടോട്ടൻഹാം അടുത്ത ശനിയാഴ്ച മാഞ്ചസ്റ്റർ സിറ്റിയെ നേരിടാനിരിക്കെയാണ് ടോട്ടൻഹാം മൗറിനോയെ പുറത്താക്കിയത്. പ്രീമിയർ ലീഗിൽ ടോട്ടൻഹാം ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതോടെയാണ് മൗറിനോയെ പുറത്താക്കാൻ ടോട്ടൻഹാം തീരുമാനിച്ചത്.

സമനില വിടാതെ എവർട്ടൺ-ടോട്ടൻഹാം പോരാട്ടം, ഹാരി കെയ്നിന് പരിക്ക്

പ്രീമിയർ ലീഗിൽ ടോപ് ഫോർ ലക്ഷ്യമാക്കി ഇറങ്ങിയ എവർട്ടണും ടോട്ടൻഹാമിനും സമനില. ഗൂഡിസൺ പാർക്കിൽ നടന്ന മത്സരത്തിൽ 2-2നാണ് മത്സരം സമനിലയിൽ അവസാനിച്ചത്. ചാമ്പ്യൻസ് ലീഗ് യോഗ്യതക്ക് ജയം അനിവാര്യമായിരുന്നു ടോട്ടൻഹാമിന് ഇന്നത്തെ മത്സരം സമനിലയിൽ ആയത് വമ്പൻ തിരിച്ചടിയാണ്. അതെ സമയം മത്സരത്തിന്റെ അവസാന മിനുട്ടിൽ സൂപ്പർ താരം ഹാരി കെയ്‌നിന്റെ പരിക്കും ടോട്ടൻഹാമിന് തിരിച്ചടിയായി.

മത്സരത്തിൽ ടോട്ടൻഹാമിന്റെ രണ്ട് ഗോളുകളും ഹരി കെയ്ൻ ആയിരുന്നു നേടിയത്. എന്നാൽ മത്സരം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ ഹാരി കെയ്ൻ പരിക്കേറ്റ് പുറത്തുപോവുകയായിരുന്നു. കാരബാവോ കപ്പ് ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിയെ നേരിടാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഹാരി കെയ്‌നിന്റെ പരിക്ക് ടോട്ടൻഹാമിന് വമ്പൻ തിരിച്ചടിയാണ്. താരത്തിന്റെ ആംഗിളിനാണ് പരിക്കേറ്റത്.

മത്സരത്തിന്റെ ആദ്യ പകുതിയിൽ ഹാരി കെയ്‌നിന്റെ ഗോളിലൂടെ ടോട്ടൻഹാം ആണ്‌ മത്സരത്തിൽ മുൻപിൽ എത്തിയത്. എന്നാൽ അധികം വൈകാതെ സിഗേഴ്സൺ പെനാൽറ്റിയിലൂടെ എവർട്ടണ് സമനില നേടിക്കൊടുത്തു. തുടർന്ന് രണ്ടാം പകുതിയിൽ സിഗേഴ്സൺ തന്നെ എവർട്ടണ് വേണ്ടി രണ്ടാമത്തെ ഗോൾ നേടിയെങ്കിലും ഹരിഃ കെയ്ൻ വീണ്ടും ഗോൾ നേടി ടോട്ടൻഹാമിന് സമനില നേടികൊടുക്കുകയായിരുന്നു.

ടോട്ടൻഹാമിന് വമ്പൻ തിരിച്ചടി, ഗാരെത് ബെയ്ൽ പരിക്കേറ്റ് പുറത്ത്

പ്രീമിയർ ലീഗ് കിരീടം ലക്ഷ്യവെച്ച് ഇറങ്ങുന്ന ജോസെ മൗറിനോയുടെ ടോട്ടൻഹാമിന് വമ്പൻ തിരിച്ചടി. കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിൽ റയൽ മാഡ്രിഡിൽ നിന്ന് ടോട്ടൻഹാമിൽ എത്തിയ ഗാരെത് ബെയ്ലിന് പരിക്ക്. കഴിഞ്ഞ ദിവസം കാരബാവോ കപ്പിൽ സ്റ്റോക്ക് സിറ്റിക്കെതിരായ മത്സരത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. പരിക്കേറ്റതോടെ താരത്തിന് ടോട്ടൻഹാമിന്റെ അടുത്ത നാല് മത്സരങ്ങൾ നഷ്ടമാവുമെന്നാണ് കരുതപ്പെടുന്നത്.

റയൽ മാഡ്രിഡിൽ നിന്ന് എത്തിയത് മുതൽ ടോട്ടൻഹാമിന്റെ ആദ്യ ഇലവനിൽ സ്ഥിര സാന്നിദ്ധ്യമാവാൻ കഴിയാതെ പോയ ഗാരെത് ബെയ്ലിന് പരിക്ക് വമ്പൻ തിരിച്ചടിയാണ്. റയൽ മാഡ്രിഡിൽ നിന്ന് ടോട്ടൻഹാൻഹാമിൽ എത്തിയിരുന്നെങ്കിലും കാൽമുട്ടിനേറ്റ പരിക്ക് മൂലം താരം ദീർഘ കാലം പുറത്തായിരുന്നു. തുടർന്ന് ടോട്ടൻഹാമിന്‌ വേണ്ടി യൂറോപ്പ ലീഗ് മത്സരങ്ങളിലാണ് താരം കൂടുതൽ കളിച്ചത്. നിലവിൽ ഒരു പ്രീമിയർ ലീഗ് മത്സരത്തിൽ മാത്രമാണ് ഗാരെത് ബെയ്ൽ ടോട്ടൻഹാമിന്റെ ആദ്യ ഇലവനിൽ എത്തിയത്.

ജോസെ മൗറീനോ : ടോട്ടൻഹാം ഇതുവരെ പ്രീമിയർ ലീഗ് കിരീട പോരാട്ടത്തിൽ ഇല്ല

ഈ സീസണിൽ ഇതുവരെ ടോട്ടൻഹാം പ്രീമിയർ ലീഗ് കിരീട പോരാട്ടത്തിൽ ഇല്ലെന്ന് പരിശീലകൻ ജോസെ മൗറീനോ. പ്രീമിയർ ലീഗിൽ ബ്രൈറ്റനെ നേരിടാനിരിക്കെയാണ് ടോട്ടൻഹാം പരിശീലകന്റെ പ്രതികരണം. ഈ സീസണിൽ മികച്ച ഫോമിലുള്ള ടോട്ടൻഹാം ബ്രൈറ്റനെതിരായ മത്സരം ജയിച്ചാൽ പ്രീമിയർ ലീഗ് പോയ്ന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തും.

ഇപ്പോൾ പ്രീമിയർ ലീഗ് പോയിന്റ് ടേബിൾ നോക്കുന്നതിൽ അർത്ഥമില്ലെന്നും ഫെബ്രുവരി, മാർച്ച് സമയത്ത് പോയിന്റ് പട്ടിക നോക്കിയാൽ ആരൊക്കെ പ്രീമിയർ ലീഗ് കിരീട പോരാട്ടത്തിൽ ഉണ്ടെന്ന് മനസ്സിലാക്കാൻ കഴിയുമെന്ന് മൗറിനോ പറഞ്ഞു. നിലവിൽ പ്രീമിയർ ലീഗ് എവേ മത്സരങ്ങളിൽ ടോട്ടൻഹാം മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നതെന്നും എന്നാൽ ഹോം മത്സരങ്ങളിൽ ഒരുപാട് പോയിന്റ് ടീം നഷ്ട്ടപെടുത്തുണ്ടെന്നും മൗറിനോ പറഞ്ഞു.

സീസണിൽ എവേ ഗ്രൗണ്ടിൽ മികച്ച പ്രകടനം പുറത്തെടുത്ത ടോട്ടൻഹാം കളിച്ച മൂന്ന് മത്സരങ്ങളിലും ജയിച്ചിരുന്നു. എന്നാൽ സ്വന്തം ഗ്രൗണ്ടിൽ ഇതുവരെ ഒരു മത്സരം ജയിക്കാൻ ടോട്ടൻഹാമിന് ആയിട്ടില്ല.

പ്രീമിയർ ലീഗ് ആദ്യ നാലിൽ എത്താൻ ആഴ്സണലിനും മാഞ്ചസ്റ്റർ യുണൈറ്റഡിനും ചെൽസിക്കും ഏതാണ്ട് തുല്യസാധ്യകൾ നൽകി പന്തയക്കാർ

വിദഗ്ധരുടെ എന്ന പോലെ പന്തയക്കാരുടെ കണക്കിലും ഈ സീസണിലും പ്രീമിയർ ലീഗ് കിരീടപോരാട്ടം മാഞ്ചസ്റ്റർ സിറ്റിയും ലിവർപൂളും തമ്മിൽ തന്നെ. ഏതാണ്ട് തുല്യ സാധ്യതകൾ ആണ് കിരീടം ഉയർത്താൻ മാഞ്ചസ്റ്റർ സിറ്റിക്കും ലിവർപൂലിനും മിക്ക പന്തയകമ്പനികളും നൽകുന്നത്. ചെറിയ മുൻതൂക്കം നിലവിലെ ജേതാക്കൾക്ക് പലരും നൽകുന്നുമുണ്ട്. അതേ പോലെ ഏതാണ്ട് ആദ്യ നാലിൽ ടോട്ടനം ഹോട്ട്സ്പർ ഉണ്ടാകും എന്ന ഉറപ്പും പന്തയാക്കാർ നൽകുന്നു. ടീമിൽ വലിയ മാറ്റമൊന്നും വരുത്തിയില്ലെങ്കിലും ഹാരി കെയിൻ അടക്കമുള്ള താരങ്ങളും പരിശീലകൻ മൊറീസിയോ പോച്ചറ്റീനയും ടീമിനൊപ്പം തുടരുന്നതിൽ ആണ് ടോട്ടനത്തിനു ഇത്ര സാധ്യതകൾ നൽകാൻ പന്തയക്കാരെ പ്രേരിപ്പിച്ച ഘടകം.

എന്നാൽ ആദ്യ നാലിൽ എത്താൻ ആഴ്സണലിനും മാഞ്ചസ്റ്റർ യുണൈറ്റഡിനും ചെൽസിക്കും ഏതാണ്ട് തുല്യ സാധ്യതകൾ ആണ് പന്തയക്കാർ നൽകുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരുപാട് താരങ്ങളെ ഒന്നും ടീമിൽ എത്തിക്കാതിരുന്നതും ട്രാസ്ഫർ നിരോധനം കാരണം താരങ്ങളെ എത്തിക്കാൻ ചെൽസിക്ക് സാധിക്കാത്തതും പന്തയക്കാർ ഇങ്ങനെ ചിന്തിക്കാൻ കാരണമായി. ഒപ്പം ഇരു ടീമുകളിലും പരിശീലകരുടെ അനുഭവപരിചയവും വിഷയമായി. രണ്ടാമത്തെ മാത്രം സീസൺ ആണ് ഓലെക്ക് ഇത് യുണൈറ്റഡിൽ എങ്കിൽ തന്റെ ആദ്യ ചെൽസി സീസൺ ആണ് ലംപാർഡിനു മുന്നിൽ.

പ്രതിരോധത്തിലെ വിള്ളലുകളും പുതിയ താരങ്ങൾ ഒന്നും പ്രതിരോധത്തിൽ എത്തതാത്തതും ആഴ്സണലിന് വിനയാകും എന്നാണ് പന്തയക്കാരുടെ വിലയിരുത്തൽ. ചില പന്തയക്കാർ ഉനയ് എമറെയുടെ ടീം പ്രീമിയർ ലീഗ് കിരീടം ഉയർത്തുന്നതിനേക്കാൾ കൂടുതൽ സാധ്യത ഈ വർഷം അന്യഗ്രഹജീവികളെ കണ്ടത്താൻ നൽകുന്നുണ്ട് പല പന്തയാക്കാരും എന്നതാണ് മറ്റൊരു രസകരമായ വസ്‌തുത.

517 ദിവസങ്ങൾക്ക് ശേഷം പുതിയൊരു കളിക്കാരനെ ടീമിൽ എത്തിച്ച് സ്പർസ്‌

അവസാനം ടോട്ടൻഹാം ഹോട്സ്പർ ഒരു പുതിയ കളിക്കാരനെ ടീമിൽ എത്തിച്ചു, അതും 517 ദിവസങ്ങൾക്ക് ശേഷം. ലീഡ്സ് യുണൈറ്റഡിൽ നിന്നും യുവതാരം ജാക് ക്ലാർക്കിനെ ആണ് ലണ്ടൻ ക്ലബ് സ്വന്തമാക്കിയിരിക്കുന്നത്. 18 വയസുകാരനായ ക്ലാർക് നാല് വർഷത്തെ കരാറിൽ ആണ് സ്പര്സിൽ എത്തിയിരിക്കുന്നത്. എന്നാൽ ഈ വരുന്ന സീസണിൽ ക്ലാർക്ക് ടോട്ടൻഹാമിൽ കളിക്കില്ല, പകരം ഒരു വര്ഷം കൂടെ ലോൺ അടിസ്ഥാനത്തിൽ ലീഡ്സ് യുണൈറ്റഡിന് വേണ്ടി തന്നെയായിരിക്കും ക്ലാർക്ക് കളിക്കുക.

2018 ജനുവരി 31നു ആണ് സ്പർസ്‌ ഇതിനുമുന്പൊരു കളിക്കാരനെ ടീമിൽ എത്തിച്ചത്. പിഎസ്ജിയിൽ നിന്നും ബ്രസീലിയൻ താരം ലൂക്കാസ് മോറയെ ടീമിൽ എത്തിച്ചതിനു ശേഷം ഒരു കളിക്കാരനെ പോലും സ്പർസ്‌ സ്വന്തമാക്കിയിരുന്നില്ല.

കഴിഞ്ഞ വര്ഷം ചാമ്പ്യൻഷിപ്പിൽ ലീഡ്സ് യുണൈറ്റഡിന് വേണ്ടി 25 മത്സരങ്ങളിൽ കളിച്ച വിങ്ങറായ ജാക് ക്ലാർക്ക് 2 ഗോളുകളും നേടിയിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ ലീഡ്സ് യുണൈറ്റഡിന്റെ മികച്ച യുവതാരത്തിനുള്ള അവാർഡും സ്വന്തമാക്കിയത് ജാക് ക്ലാർക്ക് ആയിരുന്നു.

Exit mobile version