ഇന്ന് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ടോട്ടനം പോരാട്ടം

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് നടക്കുന്ന വമ്പൻ പോരാട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ടോട്ടനത്തെ നേരിടും. ഇന്ന് ലണ്ടണിൽ നടക്കുന്ന മത്സരം രാത്രി 10 മണിക്കാണ് നടക്കുക. കളി തത്സമയം സ്റ്റാർ സ്പോർട്സിലും ഹോട്സ്റ്റാറിലും കാണാം. മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയത്തോടെ ആണ് സീസൺ ആരംഭിച്ചു എങ്കിലും വോൾവ്സിന് എതിരായ ആദ്യ മത്സരം യുണൈറ്റഡിന് അത്ര തൃപ്തി നൽകുന്നത് ആയിരുന്നില്ല. കഷ്ടിച്ചു വിജയിച്ചു എന്ന് പറയാം.

സ്പർസിന് ആദ്യ മത്സരം വിജയിക്കാനേ ആയിരുന്നില്ല. പുതിയ പരിശീലകന് കീഴിൽ അത്യാവശ്യം നല്ല തുടക്കം ആണെങ്കിലും ഹാരി കെയ്നിന്റെ അഭാവം സ്പർസ് എങ്ങനെ നികത്തും എന്ന് കണ്ടറിയണം. പുതിയ സൈനിംഗ് മാഡിസണും സോണും റിച്ചാർലിസണും ആകും സ്പർസിന്റെ അറ്റാക്കിനെ ഇന്ന് നയിക്കുന്നത്.

മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇന്നും പുതിയ സ്ട്രൈക്കർ റാസ്മസ് ഹൊയ്ലുണ്ടിന്റെ സേവനം നഷ്ടമാകും. കഴിഞ്ഞ മത്സരത്തിൽ പരിക്കേറ്റിരുന്ന ലിസാൻഡ്രോ മാർട്ടിനസ് പരിക്ക് മാറി ഇന്നലെ പരിശീലനം നടത്തിയിരുന്നു. വരാനെയും ലിസാൻഡ്രോയും തന്നെ സെന്റർ ബാക്ക് കൂട്ടുകെട്ടിൽ ഇറങ്ങാൻ ആണ് സാധ്യത.

സോൺ ടോട്ടനം ഹോട്സ്പറിന്റെ പുതിയ ക്യാപ്റ്റൻ!

ടോട്ടനം ഹോട്‌സ്പർ തങ്ങളുടെ പുതിയ ക്യാപ്റ്റൻ ആയി സോൺ ഹുങ്-മിനിനെ നിയമിച്ചു. ക്യാപ്റ്റൻ ഹൂഗോ ലോറിസ് വൈസ് ക്യാപ്റ്റനും റെക്കോർഡ് ഗോൾ വേട്ടക്കാരനും ആയ ഹാരി കെയിൻ എന്നിവർ ക്ലബ് വിട്ടതിനു പിന്നാലെയാണ് അവർ തീരുമാനം എടുത്തത്. ടോട്ടനം പരിശീലകൻ ആഞ്ച് പൊസ്റ്റെകൊഗ്ഗുവും താരങ്ങളും ചേർന്നാണ് ദക്ഷിണ കൊറിയൻ താരത്തെ ക്യാപ്റ്റൻ ആയി നിയമിച്ചത്.

പ്രീമിയർ ലീഗിൽ ആദ്യമായി 100 ഗോളുകളും 50 അസിസ്റ്റുകളും ഗോൾഡൻ ബൂട്ടും നേടുന്ന ആദ്യ ഏഷ്യൻ താരമായ 31 കാരനായ സോൺ 2015 മുതൽ ടോട്ടനത്തിന്റെ വിശ്വസ്തൻ ആണ്. ക്ലബ് വൈസ് ക്യാപ്റ്റൻ ആയി അർജന്റീനൻ പ്രതിരോധ താരം ക്രിസ്റ്റിയൻ റൊമേറോയെയും ഈ സീസണിൽ ലെസ്റ്ററിൽ നിന്നു ടീമിൽ എത്തിയ ജെയിംസ് മാഡിസണിനെയും നിയമിച്ചു.

ടോട്ടനത്തോട് വിട പറഞ്ഞു ഹാരി കെയിൻ, വരവ് ഔദ്യോഗികമായി പ്രഖ്യാപിച്ചു ബയേൺ

ടോട്ടനം ഹോട്‌സ്പറിന്റെ റെക്കോർഡ് ഗോൾ വേട്ടക്കാരനും ഇംഗ്ലണ്ട് ക്യാപ്റ്റനും ആയ ഹാരി കെയിൻ തന്റെ ബാല്യകാല ക്ലബിനോട് വിട പറഞ്ഞു. 11 വയസ്സ് മുതൽ 20 കൊല്ലം താൻ കരിയർ ചിലവഴിച്ച ക്ലബിനോട് വിട പറയുന്നതിൽ സങ്കടം ഉണ്ടെന്നു പറഞ്ഞ താരം ആരാധകരോട് നന്ദി പറഞ്ഞു. ക്ലബിലെ എല്ലാവരോടും നന്ദി പറഞ്ഞ ഇംഗ്ലണ്ട് ക്യാപ്റ്റൻ താൻ ക്ലബ് വിടുന്നത് ഔദ്യോഗികമായി ആരാധകരോട് താൻ തന്നെ അറിയിക്കണം എന്നും കൂട്ടിച്ചേർത്തു. താൻ എന്നും ക്ലബിന്റെ ആരാധകൻ ആയിരിക്കും എന്ന് പറഞ്ഞ കെയിൻ താരങ്ങൾക്കും കോച്ചിനും ആശംസകളും നേർന്നു.

ഭാവിയിൽ എന്ത് സംഭവിക്കും എന്നറിയില്ല എന്നതിനാൽ തന്നെ ഇത് പൂർണമായുള്ള വിട പറച്ചിൽ അല്ല എന്നും ടോട്ടനം ഇതിഹാസതാരം പറഞ്ഞു. അതേസമയം കെയിന്റെ കരാർ ഔദ്യോഗികമായി പ്രഖ്യാപിച്ചു താരത്തെ ആർ.ബി ലൈപ്സിഗിന് എതിരായ ഇന്നത്തെ ജർമ്മൻ സൂപ്പർ കപ്പ് മത്സരത്തിൽ കളിക്കാൻ ഇറക്കാൻ ആവുമെന്ന പ്രതീക്ഷയിൽ ആണ് ബയേൺ മ്യൂണിക്. നിലവിൽ ക്ലബും ആയി കരാർ ഒപ്പിട്ട താരത്തിന്റെ വരവ് ബയേൺ ഔദ്യോഗികമായി പ്രഖ്യാപിച്ചു. 100 മില്യൺ യൂറോയും 20 മില്യൺ യൂറോ ആഡ് ഓണും നൽകിയാണ് കെയിനിനെ ബയേൺ ടീമിൽ എത്തിച്ചത്. ജർമ്മൻ റെക്കോർഡ് ജേതാക്കളും ആയി നാലു വർഷത്തെ കരാറിൽ ആണ് കെയിൻ ഒപ്പ് വെച്ചത്.

വീണ്ടും ട്വിസ്റ്റ്!!! ഹാരി കെയിനു ജർമ്മനിയിൽ പോവാനുള്ള അനുമതി നൽകാതെ ടോട്ടനം

ഇംഗ്ലീഷ് ക്യാപ്റ്റൻ ഹാരി കെയിനിന്റെ ബയേൺ മ്യൂണിക്കിലേക്കുള്ള ട്രാൻസ്ഫറിന്റെ കാര്യത്തിൽ വീണ്ടും വ്യക്തത കുറവ്. ഇന്നലെ ഏതാണ്ട് 100 മില്യൺ യൂറോയുടെ ഓഫർ സ്വീകരിച്ച ടോട്ടനം താരത്തെ വിൽക്കാനുള്ള ധാരണയിൽ എത്തിയിരുന്നു. ഇന്നലെ രാത്രി നടന്ന ചർച്ചകൾക്ക് ഒടുവിൽ കെയിൻ ബയേണിലേക്ക് പോവാനുള്ള തീരുമാനവും എടുത്തു. തുടർന്ന് താരത്തിന് ജർമ്മനിയിൽ മെഡിക്കലിൽ പങ്കെടുക്കാനുള്ള അനുവാദവും ടോട്ടനം നൽകി.

എന്നാൽ നിലവിൽ ജർമ്മനിയിലേക്ക് പറക്കാൻ എയർപോർട്ടിലേക്ക് പോവാൻ ഇരുന്ന കെയിനു ടോട്ടനം അനുവാദം നിഷേധിച്ചു എന്നാണ് വാർത്ത. കരാറിൽ നിന്നു ടോട്ടനം പിന്മാറുകയാണോ എന്ന കാര്യത്തിൽ നിലവിൽ വ്യക്തതയില്ല. നിലവിൽ ലണ്ടൻ എയർപോർട്ടിനു അടുത്തുള്ള കുടുംബ വീട്ടിൽ ഉള്ള കെയിൻ ജർമ്മാനിയിലേക്ക് പറക്കാൻ ടോട്ടാനത്തിന്റെ അനുമതി കാത്തിരിക്കുക ആണ് എന്നാണ് പുതിയ റിപ്പോർട്ട്. താരത്തിന്റെ ട്രാൻസ്ഫറിൽ എന്തെങ്കിലും മാറ്റം ഉണ്ടാവുമോ എന്നു ഉടൻ തന്നെ അറിയാൻ സാധിച്ചേക്കും.

ഇനി പ്രീമിയർ ലീഗിൽ ഹാരി കെയിൻ ഇല്ല, ബയേൺ മ്യൂണികിൽ ചേരാൻ സമ്മതം മൂളി

ബയേൺ മ്യൂണികിൽ ചേരാൻ സമ്മതം മൂളി ടോട്ടനം ഹോട്‌സ്പറിന്റെ ഇംഗ്ലീഷ് ക്യാപ്റ്റൻ ഹാരി കെയിൻ. നേരത്തെ ബയേണും ആയി തങ്ങളുടെ റെക്കോർഡ് ഗോൾ വേട്ടക്കാരനെ 100 മില്യൺ യൂറോയിൽ അധികമുള്ള തുകക്ക് വിൽക്കാൻ ടോട്ടനം ധാരണയിൽ എത്തിയിരുന്നു. ജർമ്മൻ റെക്കോർഡ് ജേതാക്കളും ആയി വ്യക്തിഗത ധാരണയിൽ എത്തിയ 30 കാരനായ കെയിൻ ബയേണിൽ 4 വർഷത്തെ കരാർ ആണ് ഒപ്പ് വെക്കുക.

ബയേണിന്റെ പരിശീലകൻ തോമസ് ടൂഹലിന്റെ വലിയ താൽപ്പര്യവും താരം ജർമ്മനിയിൽ എത്താൻ നിർണായകമായി. താരത്തിന് മെഡിക്കലിൽ പങ്കെടുക്കാൻ ജർമ്മനിയിൽ പോവാൻ ടോട്ടനം അനുവാദം നൽകിയത് ആയും റിപ്പോർട്ട് ഉണ്ട്. 2004 മുതൽ ടോട്ടനം അക്കാദമിയിൽ ചേർന്ന കെയിൻ 2011 ൽ ആണ് സീനിയർ ടീമിൽ അരങ്ങേറ്റം കുറിക്കുന്നത്. ഇടക്ക് ലോണിൽ മിൽവാൽ, നോർവിച്ച്, ലെസ്റ്റർ ടീമുകളിൽ പോയത് ഒഴിച്ചാൽ കരിയറിൽ ടോട്ടനത്തിൽ മാത്രമാണ് കെയിൻ കളിച്ചത്. ടോട്ടനത്തിനു ആയി മൊത്തം 435 മത്സരങ്ങളിൽ നിന്നു 280 ഗോളുകൾ നേടിയ കെയിൻ അവരുടെ റെക്കോർഡ് ഗോൾ വേട്ടക്കാരൻ ആയത് കഴിഞ്ഞ കൊല്ലം ആണ്.

പ്രീമിയർ ലീഗിൽ 317 തവണ കളിച്ചു ടോട്ടനത്തിനു ആയി 213 ഗോളുകൾ നേടിയ കെയിൻ പ്രീമിയർ ലീഗ് ഗോൾ വേട്ടയിൽ സാക്ഷാൽ അലൻ ഷിയറിനു മാത്രം പിറകിൽ ആണ്. കഴിഞ്ഞ സീസണിലും 30 ഗോളുകൾ ലീഗിൽ നേടിയ കെയിൻ ഈ റെക്കോർഡ് തകർക്കാനുള്ള അവസരം തള്ളിയാണ് ജർമ്മനിയിൽ പോകുന്നത്. എന്നാൽ ടോട്ടനത്തിൽ ഇത് വരെ ഒരു കിരീടവും നേടാൻ ആയില്ല എന്നത് തന്നെയാണ് കെയിൻ കാണുന്ന പ്രധാന കുറവ്. ഇംഗ്ലണ്ടിന് ആയി 84 കളികളിൽ നിന്നു 58 ഗോളുകൾ നേടിയ കെയിൻ ഇംഗ്ലീഷ് റെക്കോർഡ് ഗോൾ വേട്ടക്കാരൻ കൂടിയാണ്.

ഹാരി കെയ്ൻ പ്രീമിയർ ലീഗ് വിടും!! സ്പർസും ബയേണും തമ്മിൽ ധാരണ

ഹാരി കെയ്ൻ ഇംഗ്ലീഷ് പ്രീമിയർ ലീഗ് വിടും എന്ന് ഉറപ്പായി. താരത്തെ വിൽക്കാൻ സ്പർസും ബയേണും തമ്മിൽ ധാരണയിൽ എത്തിയതായി ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നു. ടോട്ടനം ഹോട്‌സ്പർ താരവും ഇംഗ്ലീഷ് ക്യാപ്റ്റനും ആയ ഹാരി കെയിനെ സ്വന്തമാക്കാനായി 110 മില്യണു മുകളിലാണ് ബയേൺ ചിലവഴിക്കുന്നത്. ബയേണിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ട്രാൻസ്ഫർ ആകും ഇത്.

നേരത്തെ ബയേണിന്റെ ഒരു വലിയ ബിഡ് സ്പർസ് നിരസിച്ചിരുന്നു‌. അതിനു പിന്നാലെ നടത്തിയ ചർച്ചയിലാണ് അവസാനം ഒരു തീരുമാനത്തിൽ ഇരു ക്ലബുകളും എത്തിയത്. ഒരു കൊല്ലം മാത്രം ഇംഗ്ലീഷ് ക്ലബിൽ കരാർ ബാക്കിയുള്ള കെയ്നിനെ നല്ല ഓഫർ വന്നാൽ വിൽക്കും എന്നായിരുന്നു സ്പർസ് ഉടമ ലെവിയുടെ തുടക്കത്തിലെ ഉള്ള തീരുമാനം.

കെയ്ൻ ഒരു വർഷം കൂടെ തുടർന്നാൽ സ്പർസിന് ഫ്രീ ഏജന്റായി താരത്തിനെ നഷ്ടമാകും. അതും ലെവിയെ ഈ തീരുമാനത്തിൽ എത്താൻ പ്രേരിപ്പിച്ചു. നേരത്തെ മാഞ്ചസ്റ്റർ യുണൈറ്റഡ്, റയൽ മാഡ്രിഡ് എന്നിവർ കെയ്നിനായി താല്പര്യം പ്രകടിപ്പിച്ചിരുന്നു എങ്കിലും ബയേൺ മാത്രമാണ് കെയ്നിനായി രംഗത്ത് വന്നത്. സ്പർസിന്റെ എക്കാലത്തെയും ടോപ് സ്കോറർ ആയ കെയ്ൻ ക്ലബിനൊപ്പം ഒരു കിരീടം നേടാൻ ആകുന്നില്ല എന്നത് കൊണ്ടാണ് ക്ലബ് വിടാൻ ശ്രമിക്കുന്നത്. സ്പർസിനായി 213 ഗോളുകൾ കെയ്ൻ നേടിയിട്ടുണ്ട്.

ആഷ്ലി ഫിലിപ്സിനെ സ്പർസ് സ്വന്തമാക്കി

ബ്ലാക്ക്ബേൺ റോവേഴ്സിൽ നിന്ന് ആഷ്ലി ഫിലിപ്സിന്റെ സൈനിംഗ് സ്പർസ് പൂർത്തിയാക്കി. സെന്റർ ബാക്ക് ക്ലബ്ബുമായി 2028 വരെ നീണ്ട ഒരു കരാർ ഒപ്പിട്ടതായി ക്ലബ് അറിയിച്ചു. 2017ൽ 12 വയസ്സുള്ളപ്പോൾ ബ്ലാക്ക്‌ബേണിൽ ചേരുന്നതിന് മുമ്പ് നാഷണൽ ലീഗ് നോർത്ത് സൈഡ് കഴ്‌സൺ ആഷ്ടണിൽ ആയിരുന്നു ആഷ്ലി.

2017-ൽ റോവേഴ്‌സ് അക്കാദമിയിലൂടെ അതിവേഗം മുന്നേറിയ താരം വെറും 2018ൽ അണ്ടർ 23 ടീമിനായി അരങ്ങേറ്റം നടത്തി. 2021/22-ൽ, ആഷ്ലി പ്രീമിയർ ലീഗ് 2-ൽ 11 മത്സരങ്ങൾ കളിച്ചു. 2022 ഓഗസ്റ്റിൽ ഹാർട്ട്‌പൂൾ യുണൈറ്റഡിനെതിരായ കാരബാവോ കപ്പ് നാലാം റൗണ്ട് വിജയത്തിലാണ് തം സീനിയർ അരങ്ങേറ്റം നടത്തിയത്. ബ്ലാക്ക്‌ബേണിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ നാലാമത്തെ കളിക്കാരനായി അന്ന് ആഷ്ലി മാറി.

ആഷ്‌ലി അണ്ടർ-17, അണ്ടർ-19 തലങ്ങളിൽ ഇംഗ്ലണ്ടിനെ പ്രതിനിധീകരിച്ചിട്ടുണ്ട്. അടുത്തിടെ 2023 ജൂണിൽ ലിസ്ബണിൽ നടന്ന അന്താരാഷ്ട്ര ടൂർണമെന്റിൽ നോർവേയ്‌ക്കെതിരെ അണ്ടർ-18 ടീമിന്റെ ക്യാപ്റ്റനായിരുന്നു.

ഹാരി കെയിന് ആയി ബയേൺ മ്യൂണിക്കിന്റെ വലിയ ബിഡ്

ടോട്ടനം ഹോട്‌സ്പർ താരവും ഇംഗ്ലീഷ് ക്യാപ്റ്റനും ആയ ഹാരി കെയിനു ആയി ജർമ്മൻ ചാമ്പ്യന്മാർ ആയ ബയേൺ മ്യൂണിക്കിന്റെ അവസാനഘട്ട ശ്രമങ്ങൾ. നിലവിൽ 100 മില്യൺ യൂറോയിൽ അധികമുള്ള തുക ടോട്ടനത്തിന് മുന്നിൽ ബയേൺ വെച്ചു എന്നാണ് റിപ്പോർട്ട്. ഇത് താരത്തിന് ആയുള്ള താരത്തിന്റെ അവസാന ശ്രമം ആയിക്കും എന്നാണ് റിപ്പോർട്ട്.

ഈ ഓഫർ എത്രയും പെട്ടെന്ന് സ്വീകരിക്കുക അല്ലെങ്കിൽ തങ്ങൾ പിന്മാറും എന്ന സൂചനയാണ് ബയേൺ ടോട്ടനത്തിനു മുന്നിൽ വെച്ചത് എന്നാണ് റിപ്പോർട്ട്. ഒരു കൊല്ലം മാത്രം ഇംഗ്ലീഷ് ക്ലബിൽ കരാർ ബാക്കിയുള്ള താരം ബയേണും ആയി നേരത്തെ തന്നെ ഏതാണ്ട് ധാരണയിൽ എത്തിയത് ആണ് എന്നും റിപ്പോർട്ട് ഉണ്ട്. നിലവിൽ ടോട്ടനം ചെയർമാൻ ഡാനിയേൽ ലെവിയുടെ തീരുമാനം ആവും ഈ ട്രാൻസ്ഫറിൽ നിർണായകം ആവുക.

അർജന്റീനൻ യുവതാരം വെലിസ് ഇനി സ്പർസിൽ

19കാരനായ അരജന്റീനൻ യുവതാരം അലെഹോ വെലിസിനെ ടോട്ടനം സ്വന്തമാക്കി. ടോട്ടൻഹാമും അർജന്റീനൻ ക്ലബായ റൊസാരിയോ സെൻട്രലും തമ്മിൽ കരാർ ധാരണയിലെത്തി എന്ന് ഫാബ്രിസിയോ റൊമാനോ സ്ഥിരീകരിച്ചു.

സ്പർസ് നൽകിയ 15 ദശലക്ഷം യൂറോ ബിഡ് അർജന്റീനിയൻ പ്രൈമറ ഡിവിഷൻ സൈഡ് സ്വീകരിച്ചു. വെലിസിന്റെ മെഡിക്കൽ അടുത്ത ദിവസങ്ങളിൽ നടക്കും. അതിനു ശേഷം ഔദ്യോഗിക പ്രഖ്യാപനം വരും. 2027-28 കാമ്പെയ്‌നിന്റെ അവസാനം വരെ നീണ്ടു നിൽക്കുന്ന കരാർ വെലിസ് സ്പർസിൽ ഒപ്പിടും.

2022-23 അർജന്റീന പ്രൈമറ ഡിവിഷനിൽ 23 മത്സരങ്ങളിൽ നിന്ന് 11 ഗോളുകളും ഒരു അസിസ്റ്റും വെലിസ് നേടിയിരുന്നു. അണ്ടർ 20 അർജന്റീന ദേശീയ ടീമിനായി ഒമ്പത് മത്സരങ്ങൾ കളിച്ച അദ്ദേഹം നാലു ഗോളുകളും നേടി. ഈ സീസണിൽ തന്നെ സ്പർസിന്റെ ഫസ്റ്റ് ടീമിനൊപ്പം വെലിസ് പ്രവർത്തിക്കും എന്നാണ് സൂചനകൾ.

ഡച്ച് ഡിഫൻഡർ മിക്കി വാൻ ഡി വെൻ സ്പർസിലേക്ക്

ആഴ്‌ചകൾ നീണ്ട ചർച്ചകൾക്കൊടുവിൽ വോൾഫ്‌സ്ബർഗിലെ സെന്റർ ബാക്ക് മിക്കി വാൻ ഡി വെനെ സ്പർസ് സ്വന്തമാക്കുന്നു. ഡച്ചുകാരനും സൊഅർസും തമ്മിൽ നേരത്തെ തന്നെ കരാർ ധാരണയിൽ എത്തിയിരുന്നു. ഇപ്പോൾ ഇരു ക്ലബുകളിൽ തമ്മിൽ കൂടെ ധാരണയിൽ എത്തിയിരിക്കുകയാണ്. ഈ ആഴ്ച തന്നെ സ്പർസ് ട്രാൻസ്ഫർ പൂർത്തിയാക്കും.

മിക്കി വാൻ ഡി വെൻ ഏറ്റവും മികച്ച യുവ ഡിഫൻഡേഴ്സിൽ ഒരാളാണ്, 22-ാം വയസ്സിൽ തന്നെ താരം പ്രീമിയർ ലീഗിലേക്ക് എത്തുന്നത് താരത്തിനും സ്പർസിനും ഒരു പോലെ ഗുണം ചെയ്യും. 2019ൽ ആയിരുന്നു താരം വോൾഫ്സ്ബർഗിനൊപ്പം ചേർന്നത്. അതുവരെ വോലെൻഡത്തിന്റെ അക്കാദമി ടീമിനായി കളിക്കുകയായിരുന്നു.

വോൾവ്സ് ബർഗിനായി ഇതുവരെ നാൽപ്പതോളം മത്സരങ്ങൾ കളിച്ചിട്ടുണ്ട്. നെതർലന്റ്സ് അണ്ടർ 21 ടീമിന്റെ ഭാഗവുമായുരുന്നു.

ഉടമക്ക് എതിരായി സാമ്പത്തിക കുറ്റകൃത്യത്തിന് കേസ്, ടോട്ടനം ഹോട്‌സ്പറിന്റെ ഭാവിയിൽ സംശയം

ടോട്ടനം ഹോട്സ്പർ ക്ലബിന്റെ പ്രധാന ഉടമ ആയ ജോ ലൂയിസിന് എതിരെ ഗുരുതര സാമ്പത്തിക കുറ്റകൃത്യ ആരോപണങ്ങളുടെ പേരിൽ അമേരിക്കയിൽ കേസ്. 86 കാരനായ ബ്രിട്ടീഷ് കോടീശ്വരൻ സ്റ്റോക്ക് മാർക്കറ്റിൽ ഇൻസെയിഡർ ട്രേഡിങ് നടത്തിയെന്നാണ് പ്രധാന ആരോപണം. അദ്ദേഹത്തിന്റെ കാമുകിയും സ്വകാര്യ വിമാന പൈലറ്റുമാരും അദ്ദേഹത്തിൽ നിന്നു ലഭിച്ച വിവരങ്ങൾ കൊണ്ടു ട്രേഡ് ചെയ്തു വലിയ സാമ്പത്തിക ലാഭം ഉണ്ടാക്കിയത് ആയും പറയുന്നു.

എന്നാൽ അദ്ദേഹം കോടതിയിൽ ഈ ആരോപണങ്ങൾ നിഷേധിച്ചു. ടോട്ടനം ഹോട്സ്പറിന്റെ 85.56 ശതമാനവും എനിക് സ്പോർട്സ് ഐ.എൻ.സി യുടെ ഉടമസ്ഥയിൽ ആണ്. ഇതിൽ 70 ശതമാനത്തിന്റെയും ഉടമകൾ ജോ ലൂയിസും കുടുംബവും ആണ്. ബാക്കിയുള്ള 29 ശതമാനം ആണ് ചെയർമാൻ ഡാനിയേൽ ലെവിയുടെയും കുടുംബത്തിന്റെയും കയ്യിൽ ഉള്ളത്.

അതിനാൽ തന്നെ തങ്ങളുടെ പ്രധാന ഉടമക്ക് എതിരായ കേസ് ഇംഗ്ലീഷ് ക്ലബിന് വലിയ തിരിച്ചടിയാണ്. അതേസമയം ഈ അവസരം മുതലെടുത്ത് ഖത്തർ ഗ്രൂപ്പ് ടോട്ടനം മേടിക്കാൻ ശ്രമം നടത്തുന്നത് ആയും റിപ്പോർട്ട് ഉണ്ട്. എന്നാൽ 86 കാരനായ ജോ ലൂയിസിനു നിലവിൽ ക്ലബിന്റെ കാര്യങ്ങളിൽ വലിയ പങ്ക് ഇല്ലെന്നും ഈ കേസ് തങ്ങളെ ബാധിക്കുന്ന കാര്യം ഇല്ലെന്നും ആണെന്നാണ് ടോട്ടനം വൃത്തങ്ങൾ പറയുന്നത്. ഉടമക്ക് എതിരായ കേസ് ടോട്ടനത്തെ വലുതായി ബാധിക്കുമോ എന്നു കണ്ടു തന്നെ അറിയാം.

ഹാരി കെയിനു ആയി ടോട്ടനം ചെയർമാൻ ഡാനിയേൽ ലെവിയെ കണ്ടു ബയേൺ അധികൃതർ

ഇംഗ്ലീഷ് ക്യാപ്റ്റൻ ഹാരി കെയിന് ആയുള്ള ശ്രമങ്ങൾ തുടർന്ന് ബയേൺ മ്യൂണിക്. നിലവിൽ രണ്ടു തവണയാണ് താരത്തിന് ആയി ബയേണിന്റെ ഓഫറുകൾ ടോട്ടനം തള്ളിയത്. അവസാനം 80 മില്യൺ യൂറോയുടെ ഓഫർ ആണ് 29 കാരനായ ഇംഗ്ലീഷ് ക്യാപ്റ്റനു ആയി ജർമ്മൻ ചാമ്പ്യന്മാർ മുന്നോട്ട് വച്ചത്. ഒരു വർഷത്തെ കരാർ ടോട്ടനത്തിൽ അവശേഷിക്കുന്ന താരത്തിനെ സ്വന്തമാക്കാൻ ആയി ബയേണിന്റെ പുതിയ സി.ഇ.ഒ യാൻ ക്രിസ്റ്റിയൻ-ഡ്രീസൻ ടോട്ടനം ചെയർമാൻ ഡാനിയേൽ ലെവിയും ആയി കൂടിക്കാഴ്ച നടത്തി.

നിലവിൽ താരത്തിന് ആയി പുതിയ ഓഫർ മുന്നോട്ട് വച്ചില്ലെങ്കിലും തങ്ങളുടെ താരത്തിന് ആയുള്ള താൽപ്പര്യം ജർമ്മൻ അധികൃതർ വ്യക്തമാക്കി എന്നാണ് സൂചന. ഈ കൂടിക്കാഴ്ചയെ കുറിച്ച് ഹാരി കെയിനെയും ക്ലബ് അറിയിച്ചിട്ടുണ്ട്. നിലവിൽ കെയിൻ നാളെ ടോട്ടനത്തിനു ഒപ്പം പ്രീ സീസണിനു ആയി യാത്ര തിരിക്കും. നേരത്തെ ടോട്ടനം കെയിനു മുമ്പ് വമ്പൻ കരാർ മുന്നോട്ട് വച്ചത് ആയി റിപ്പോർട്ട് ഉണ്ടായിരുന്നു. കെയിന് ആയി പരമാവധി ശ്രമിക്കാൻ ആണ് ബയേൺ പരിശീലകൻ തോമസ് ടൂഹൽ ക്ലബിന് കൊടുത്ത നിർദ്ദേശം എന്നാണ് റിപ്പോർട്ട്.

Exit mobile version