മാഞ്ചസ്റ്റർ സിറ്റിയെ തോൽപ്പിച്ച് ടോട്ടനം ലീഗ് കപ്പ് ക്വാർട്ടർ ഫൈനലിലെത്തി

ആവേശകരമായ EFL കപ്പ് റൗണ്ട് ഓഫ് 16 പോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റിയെ 2-1ന് തോൽപ്പിച്ച് ടോട്ടനം. മത്സരത്തിൽ അഞ്ചാം മിനുറ്റിൽ കുലുസെവ്‌സ്‌കിയുടെ കൃത്യമായ അസിസ്റ്റിൻ്റെ പിൻബലത്തിൽ ടിമോ വെർണറിലൂടെ സ്‌പർസ് ആദ്യ ലീഡ് നേടി. ആദ്യ പകുതിയുടെ മധ്യത്തിൽ, കുലുസെവ്‌സ്‌കി ടോട്ടൻഹാമിനായി മറ്റൊരു അസിസ്റ്റ് കൂടെ നൽകി, ഇത്തവണ 25-ാം മിനിറ്റിൽ പെനാൽറ്റി ബോക്‌സിന് പുറത്ത് നിന്ന് പേപ്പ് മാറ്റർ സാർ ഒരു ഷോട്ട് കൊണ്ട് ലക്ഷ്യം കണ്ടു. സ്കോർ 2-0.

ഹാഫ്‌ടൈമിന് തൊട്ടുമുമ്പ് മാഞ്ചസ്റ്റർ സിറ്റി മറുപടി നൽകി, മാത്യൂസ് ന്യൂനസ് നേടിയ ഒരു ഗോൾ സിറ്റിക്ക് പ്രതീക്ഷ നൽകി. രണ്ടാം പകുതിയിൽ സമനില നേടാനുള്ള സിറ്റിയുടെ ശ്രമങ്ങൾക്കിടയിൽ, ടോട്ടൻഹാമിൻ്റെ പ്രതിരോധം ഉറച്ചുനിന്നു. ഈ വിജയം EFL കപ്പ് ക്വാർട്ടർ ഫൈനലിൽ ടോട്ടൻഹാമിൻ്റെ സ്ഥാനം ഉറപ്പിക്കുന്നു, അവിടെ അവർ മാഞ്ചസ്റ്റർ യുണൈറ്റഡുമായി ഏറ്റുമുട്ടും.

ടോട്ടനത്തിനു ഷോക്ക് നൽകി സീസണിലെ ആദ്യ ജയവുമായി ക്രിസ്റ്റൽ പാലസ്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ സീസണിലെ ആദ്യ ജയം കുറിച്ചു ഒളിവർ ഗ്ലാസ്നറുടെ ക്രിസ്റ്റൽ പാലസ്. ഇന്ന് സ്വന്തം മൈതാനത്ത് നടന്ന ലണ്ടൻ ഡാർബിയിൽ ടോട്ടനം ഹോട്‌സ്പറിനെ എതിരില്ലാത്ത ഒരു ഗോളിന് ആണ് പാലസ് തോൽപ്പിച്ചത്. പന്ത് കൈവശം വെക്കുന്നതിൽ ടോട്ടനം ആധിപത്യം കണ്ടെങ്കിലും മത്സരത്തിൽ കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ചത് പാലസ് ആയിരുന്നു. പാലസ് ഗോളിൽ ഹെന്റേഴ്സന്റെ മികവും അവർക്ക് തുണയായി.

മത്സരത്തിൽ 31 മത്തെ മിനിറ്റിൽ വാൻ ഡെ വെനിനെ മറികടന്ന മുനോസിന്റെ ക്രോസിൽ നിന്നു എസെയുടെ പാസിൽ നിന്നു ഗോൾ കണ്ടെത്തിയ ജീൻ ഫിലിപ്പെ മെറ്റെറ്റ പാലസിന് വിജയഗോൾ സമ്മാനിക്കുക ആയിരുന്നു. പലപ്പോഴും പാലസിന്റെ മികച്ച ഷോട്ടുകൾ തടഞ്ഞ ടോട്ടനം ഗോൾ കീപ്പർ വികാരിയോ ആണ് മത്സരം 1-0 തന്നെ നിർത്തിയത്. ജയം പാലസ് പരിശീലകൻ ഗ്ലാസ്നർക്ക് ആശ്വാസം ആണ്. പരാജയതോടെ ടോട്ടനം എട്ടാം സ്ഥാനത്തേക്ക് വീണു.

തിരിച്ചു വന്നു ജയം കണ്ടു ടോട്ടനം വിജയവഴിയിൽ തിരിച്ചെത്തി

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വിജയവഴിയിൽ തിരിച്ചെത്തി ടോട്ടനം ഹോട്‌സ്പർ. ലണ്ടൻ ഡാർബിയിൽ വെസ്റ്റ് ഹാമിനെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് ആണ് ടോട്ടനം തോൽപ്പിച്ചത്. 18 മത്തെ മിനിറ്റിൽ മുഹമ്മദ് കുഡുസ് നേടിയ ഗോളിൽ വെസ്റ്റ് ഹാം ആണ് മത്സരത്തിൽ മുന്നിലെത്തിയത്. 36 മത്തെ മിനിറ്റിൽ മാഡിസന്റെ പാസിൽ നിന്നു കുലുസെവ്സ്കി നേടിയ ഗോളിൽ ടോട്ടനം സമനില പിടിച്ചു. രണ്ടാം പകുതിയിൽ തുടക്കത്തിൽ തന്നെ ടോട്ടനം അക്രമത്തിൽ വെസ്റ്റ് ഹാം തകരുന്നത് ആണ് കാണാൻ ആയത്.

52 മത്തെ മിനിറ്റിൽ ബിസോമയുടെ ഗോളിൽ മത്സരത്തിൽ മുന്നിലെത്തിയ ടോട്ടനം 3 മിനിറ്റിനുള്ളിൽ അരിയോളയുടെ സെൽഫ് ഗോളിൽ മൂന്നാം ഗോളും നേടി. 60 മത്തെ മിനിറ്റിൽ സാറിന്റെ പാസിൽ നിന്നു ഗോൾ നേടിയ സോൺ ടോട്ടനം ജയം പൂർത്തിയാക്കുക ആയിരുന്നു. ഭാഗ്യത്തിന് ആണ് വെസ്റ്റ് ഹാം ഇതിലും കടുത്ത പരാജയം ഒഴിവാക്കിയത്. അതേസമയം അവസാന നിമിഷങ്ങളിൽ കുഡുസിന് ചുവപ്പ് കാർഡ് കൂടി കണ്ടതോടെ വെസ്റ്റ് ഹാം പരാജയം ഉറപ്പിച്ചു. വെസ്റ്റ് ഹാമിന്റെ വീണ്ടുമുള്ള പരാജയം അവരുടെ പരിശീലകനു മേൽ സമ്മർദ്ദം കൂട്ടും.

ടെൻ ഹാഗിന്റെ മാഞ്ചസ്റ്റർ യുണൈറ്റഡ് ദുരിതത്തിൽ തന്നെ! സ്പർസിന് മുന്നിൽ നാണംകെട്ടു

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയം ഇന്ന് ടോട്ടനത്തെ നേരിട്ട മാഞ്ചസ്റ്റർ യുണൈറ്റഡ് മറുപടിയില്ലാത്ത മൂന്ന് ഗോളുകളുടെ പരാജയമാണ് ഏറ്റുവാങ്ങിയത്. അതും സ്വന്തം ഗ്രൗണ്ട് ആയ ഓൾഡ് ട്രാഫോർഡിൽ വെച്ചായിരുന്നു ഈ പരാജയം. മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഹാഗിന്റെ ജോലിയിലുള്ള സമ്മർദം ഇത് കൂട്ടും.

ഇന്ന് വളരെ മോശം രീതിയിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് കളി ആരംഭിച്ചത്. അവർ രണ്ടാം മിനിറ്റിൽ തന്നെ ഇന്ന് ഗോൾ വഴങ്ങി. ബ്രണ്ണൻ ജോൺസണിലൂടെ ആണ് ടോട്ടനം ഗോൾ കണ്ടെത്തിയത്. സെന്റർ ബാക്ക് വാൻ ഡെ വെൻ നടത്തിയ ഒരു റണ്ണിനൊടുവിൽ നൽകിയ പാസ് സ്വീകരിച്ച് ഒരു ടാപ്പിന്നിലൂടെ ജോൺസൺ ഗോളടിക്കുക ആയിരുന്നു.

ആദ്യപകുതിയുടെ അവസാനം ഒരു വിവാദ ഡിസിഷനിലൂടെ ബ്രൂണോ ചുവപ്പുകാർഡ് കണ്ടു. ഇതോടെ മാഞ്ചസ്റ്റർ 10 പേരായി ചുരുങ്ങി. രണ്ടാം പകുതിയുടെ തുടക്കത്തിൽ കുളുസുവെസ്കിലൂടെ ടോട്ടനം ലീഡ് ഇരട്ടിയാക്കി. ഇതോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയം ഉറപ്പായി.

വലിയ നാണക്കേട് ഒഴിവാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രതിരോധത്തിൽ ഊന്നി കളിച്ചു എങ്കിലും ഫലമുണ്ടായില്ല. 78ആം മിനുട്ടിൽ സൊളങ്കെ കൂടെ ഗോൾ നേടി സ്പർസിന്റെ ലീഡ് മൂന്നാക്കി മാറ്റി. പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ 6 മത്സരങ്ങൾക്കിടയിലുള്ള മൂന്നാം പരാജയം ആണിത്. ഏഴ് പോയിന്റുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് പന്ത്രണ്ടാം സ്ഥാനത്താണ് ഉള്ളത്. ടോട്ടനം പത്തു പോയിന്റുമായി എട്ടാം സ്ഥാനത്ത് നിൽക്കുന്നു.

ലീഗിൽ വിജയവഴിയിൽ തിരിച്ചെത്തി ടോട്ടനം ഹോട്‌സ്പർ

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തുടർച്ചയായ രണ്ടു പരാജയങ്ങൾക്ക് ശേഷം വിജയവഴിയിൽ തിരിച്ചെത്തി ടോട്ടനം ഹോട്‌സ്പർ. ബ്രന്റ്ഫോർഡിനെ തിരിച്ചുവന്നു ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ആണ് ടോട്ടനം തോൽപ്പിച്ചത്. മത്സരത്തിൽ ഒന്നാം മിനിറ്റിൽ തന്നെ ലൂയിസ് പോട്ടറിന്റെ പാസിൽ നിന്നു ബ്രയാൻ എംബെമുയുടെ ഗോളിൽ ബ്രന്റ്ഫോർഡ് മുന്നിൽ എത്തി. തുടർന്ന് തുടർച്ചയായി ആക്രമിച്ചു കളിച്ച ടോട്ടനം പലപ്പോഴും ഗോളിന് അരികിൽ എത്തി. തുടർന്ന് എട്ടാം മിനിറ്റിൽ മാഡിസന്റെ ഷോട്ട് ഫ്ലക്കൻ തട്ടിയിട്ടെങ്കിലും റീബോണ്ടിൽ ഗോൾ നേടിയ ഡൊമിനിക് സൊളാങ്കെ അവരെ ഒപ്പം എത്തിച്ചു.

ഈ സീസണിൽ ടീമിൽ എത്തിയ സൊളാങ്കെയുടെ ടോട്ടനത്തിനു ആയുള്ള ആദ്യ ലീഗ് ഗോൾ ആയിരുന്നു ഇത്. തുടർന്ന് 28 മത്തെ മിനിറ്റിൽ സോണിന്റെ പാസിൽ നിന്നു ബ്രണ്ണൻ ജോൺസണിലൂടെ ടോട്ടനം മത്സരത്തിൽ മുന്നിൽ എത്തി. ആദ്യ പകുതിയിൽ നിരന്തരം ടോട്ടനം ആക്രമണം ഉണ്ടായെങ്കിലും ബ്രന്റ്ഫോർഡ് പിടിച്ചു നിന്നു. രണ്ടാം പകുതിയിൽ 85 മത്തെ മിനിറ്റിൽ സോണിന്റെ പാസിൽ നിന്നു ജെയിംസ് മാഡിസണിന്റെ ഗോളിൽ ടോട്ടനം വിജയം ഉറപ്പിക്കുക ആയിരുന്നു. യൂറോപ്പ ലീഗ് മത്സരത്തിന് ശേഷം അടുത്ത ആഴ്ച മാഞ്ചസ്റ്റർ യുണൈറ്റഡിനെ ആണ് ടോട്ടനം നേരിടുക.

നോർത്ത് ലണ്ടൻ വീണ്ടും ചുവപ്പിച്ചു ആഴ്‌സണൽ!

നോർത്ത് ലണ്ടൻ ഡാർബിയിൽ നിർണായക ജയവുമായി ആഴ്‌സണൽ. പ്രധാന താരങ്ങൾ ആയ ഡക്ലൻ റൈസ്, ക്യാപ്റ്റൻ മാർട്ടിൻ ഒഡഗാർഡ് എന്നിവർ ഇല്ലാതെ ഇറങ്ങിയ ആഴ്‌സണൽ അതുഗ്രൻ പ്രതിരോധ പ്രകടനം പുറത്ത് എടുത്താണ് വൈറ്റ് ഹാർട്ട് ലൈനിൽ ജയം കണ്ടത്. ഇരു ടീമുകളും മികവ് പുലർത്തിയ ആദ്യ പകുതിയിൽ പരുക്കൻ കളിയും കാണാൻ ആയി. നിർണായക രക്ഷപ്പെടുത്തലുകൾ നടത്തിയ ഡേവിഡ് റയയും, ബ്ലോക്കുകൾ ചെയ്ത സലിബയും ഗബ്രിയേലും ആഴ്‌സണൽ പ്രതിരോധം കാത്തു. മറുപുറത്ത് ഹാവർസിന്റെ മികച്ച ഹെഡർ വികാരിയോയും തട്ടി മാറ്റി. ഇടക്ക് ലഭിച്ച സുവർണ അവസരം മാർട്ടിനെല്ലിയും പാഴാക്കി.

ഗബ്രിയേൽ

7 മഞ്ഞ കാർഡുകൾ ആണ് ആദ്യ പകുതിയിൽ പിറന്നത്. പന്ത് ടോട്ടനത്തിന്റെ കയ്യിൽ ആയിരുന്നെങ്കിലും ഇടക്ക് മികച്ച അവസരങ്ങൾ സൃഷ്ടിച്ച ആഴ്‌സണൽ വലിയ അവസരം ഒന്നും അവർക്ക് നൽകിയില്ല. രണ്ടാം പകുതിയിൽ 64 മത്തെ മിനിറ്റിൽ ബുകായോ സാകയുടെ മികച്ച കോർണറിൽ നിന്നു ഫ്രീ ഹെഡറിലൂടെ ഗോൾ നേടിയ ഗബ്രിയേൽ ആണ് ആഴ്‌സണൽ വിജയഗോൾ നേടിയത്. മാർക്ക് ചെയ്ത ക്രിസ്റ്റിയൻ റൊമേറോയെ വെട്ടിച്ചു ഉഗ്രൻ ഹെഡർ ആണ് ഗബ്രിയേൽ ഉതിർത്തത്. തുടർന്ന് സമനിലക്ക് ആയി അവസരങ്ങൾ ഉണ്ടാക്കാൻ ടോട്ടനം ശ്രമിച്ചു എങ്കിലും ആഴ്‌സണൽ പ്രതിരോധം ഒട്ടും വിട്ടു നൽകിയില്ല. റഹീം സ്റ്റെർലിങ് ആഴ്‌സണലിന് ആയി രണ്ടാം പകുതിയിൽ അരങ്ങേറ്റവും കുറിച്ചു. 1988 നു ശേഷം ഇത് ആദ്യമായാണ് ആഴ്‌സണൽ ടോട്ടനത്തിന്റെ മൈതാനത്ത് തുടർച്ചയായി 3 മത്സരങ്ങളിൽ ജയിക്കുന്നത്. ജയത്തോടെ ലീഗിൽ രണ്ടാം സ്ഥാനത്തും ആഴ്‌സണൽ എത്തി.

സ്പർസിന് ആദ്യ പരാജയം സമ്മാനിച്ച് ന്യൂകാസിൽ

ഇംഗ്ലീഷ് പ്രീമിയർ ലീഗ് സീസണിലെ സ്പർസിന്റെ ആദ്യ തോൽവി ഇന്ന് സെന്റ് ജെയിംസ് പാർക്കിൽ നടന്നു. ന്യൂകാസിൽ യുണൈറ്റഡ് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആണ് സ്പർസിനെ തോൽപ്പിച്ചത്. ഇന്ന് തുടക്കം മുതൽ അറ്റാക്ക് ചെയ്ത് കളിക്കാൻ സ്പർസിന് ആയി. എങ്കിലും 37ആം മിനുട്ടിൽ ഹാർവി ബാർൻസിലൂടെ ന്യൂകാസിൽ ലീഡ് എടുത്തു.

കെല്ലിയുടെ അസിസ്റ്റിൽ നിന്നായിരുന്നു ഈ ഗോൾ. രണ്ടാം പകുതിയുടെ തുടക്കത്തിൽ ഒരു സെൽഫ് ഗോളിലൂടെ സ്പർസ് സമനില പിടിച്ചു‌. പക്ഷെ ന്യൂകാസിൽ പതറിയില്ല. അവർ 78ആം മിനുട്ടിൽ ഇസാകിലൂടെ രണ്ടാം ഗോൾ നേടി വിജയം ഉറപ്പിച്ചു.

മൂന്ന് മത്സരങ്ങളിൽ നിന്ന് ന്യൂകാസിലിന് 7 പോയിന്റും സ്പർസിന് 4 പോയിന്റുമാണ് ഉള്ളത്.

ലോ സെൽസോ റയൽ ബെറ്റിസിൽ തിരിച്ചെത്തി

ടോട്ടനം ഹോട്സ്പറിന്റെ അർജന്റീനൻ മധ്യനിര താരം ജിയോവാണി തന്റെ മുൻ ക്ലബ് ആയ റയൽ ബെറ്റിസിൽ തിരിച്ചെത്തി. 2019 ൽ വലിയ തുകക്ക് ബെറ്റിസിൽ നിന്നു ടോട്ടനത്തിൽ എത്തിയ താരത്തിന് പക്ഷെ ഇംഗ്ലണ്ടിൽ പരിക്കും ഫോമില്ലായ്മയും വില്ലൻ ആയി. തുടർന്നു ഇടക്ക് ലോണിൽ താരം 2 തവണ വിയ്യറയലിലും കളിച്ചു.

ലോ സെൽസോ

നിലവിൽ ഏതാണ്ട് 4 മില്യൺ യൂറോക്ക് ആണ് കോപ്പ അമേരിക്ക ജേതാവ് ആയ അർജന്റീനൻ താരം ടോട്ടനം വിടുന്നത്. ഇത് കൂടാതെ ബെറ്റിസ് താരം ജോണി കാർഡോസയെ ആദ്യം സ്വന്തമാക്കാനുള്ള അവകാശവും ടോട്ടനം നേടി. കാർഡോസയെ ഏതെങ്കിലും ക്ലബ് 30 മില്യൺ യൂറോയോ അതിനു മുകളിലോ കൊടുത്ത് സ്വന്തമാക്കാൻ വന്നാൽ അത് നിഷേധിക്കാനുള്ള അവകാശം ടോട്ടനത്തിനു ഉണ്ടാവും.

എവർട്ടണ് എതിരെ വൻ വിജയവുമായി സ്പർസ്

പ്രീമിയർ ലീഗിൽ ടോട്ടനത്തിന് മികച്ച വിജയം. ഇന്ന് എവർട്ടണെ നേരിട്ട സ്പർസ് എതിരില്ലാത്ത നാലു ഗോളുകളുടെ വിജയമാണ് നേടിയത്. പോസ്റ്റഗൊഗ്ലു പരിശീലകനായി എത്തിയ ശേഷമുള്ള സ്പർസിന്റെ ഏറ്റവും വലിയ വിജയമാണിത്. ഇരട്ട ഗോളുകളുമായി ക്യാപ്റ്റൻ സോൺ മികച്ചു നിന്നു.

എഡ്ജ് ഓഫ് ദി ബോക്സിൽ നിന്ന് ഒരു ഗംഭീര സ്ട്രൈക്കിലൂടെ ബിസോമ ആണ് സ്പർസിന് ലീഡ് നൽകിയത്. 25ആം മിനുട്ടിൽ പിക്ക്ഫോർഡിന്റെ ഒരു അബദ്ധം മുതലെടുത്ത് ഹ്യുങ്മിൻ സോൺ സ്പർസിന്റെ ലീഡ് ഇരട്ടിയാക്കി.

രണ്ടാം പകുതിയിൽ ഒരു കോർണറിൽ നിന്ന് ക്രിസ്റ്റ്യൻ റൊമേരോ ആണ് സ്പർസിന്റെ മൂന്നാം ഗോൾ നേടിയത്. അവസാനം ഒരു മികച്ച കൗണ്ടർ അറ്റാക്കിന് ഒടുവിൽ സോൺ തന്റെ രണ്ടാം ഗോൾ കൂടെ നേടിയതോടെ സ്പർസിന്റെ വിജയം പൂർത്തിയായി.

വാർഡി ഈസ് ബാക്ക്! ടോട്ടനത്തെ സമനിലയിൽ തളച്ചു ലെസ്റ്റർ സിറ്റി

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ടോട്ടനം ഹോട്‌സ്പറിനെ 1-1 നു സമനിലയിൽ തളച്ചു ലെസ്റ്റർ സിറ്റി. ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം പ്രീമിയർ ലീഗിൽ തിരിച്ചെത്തിയ ലെസ്റ്റർ സ്വന്തം മൈതാനത്ത് ടോട്ടനത്തെ സമനിലയിൽ തളക്കുക ആയിരുന്നു. ടോട്ടനത്തിന്റെ വലിയ ആധിപത്യം പ്രത്യേകിച്ച് ആദ്യ പകുതിയിൽ കണ്ട മത്സരത്തിൽ പക്ഷെ ലെസ്റ്റർ വാർഡിയുടെ ഗോളിൽ സമനില കണ്ടെത്തുക ആയിരുന്നു. ആദ്യ പകുതിയിൽ ടോട്ടനത്തിനു ആയി അരങ്ങേറ്റം കുറിച്ച സൊളാങ്കയുടെ ശ്രമം എന്റിടി അവിശ്വസനീയം ആയ വിധം ആണ് രക്ഷിച്ചത്. തുടർന്ന് 29 മത്തെ മിനിറ്റിൽ ജെയിംസ് മാഡിസന്റെ ക്രോസിൽ നിന്നു ഹെഡറിലൂടെ ഗോൾ നേടിയ പെഡ്രോ പോരോ ടോട്ടനത്തിനു മുൻതൂക്കം സമ്മാനിച്ചു.

ജെയ്മി വാർഡി

തുടർന്നും ഗോൾ നേടാനുള്ള അവസരങ്ങൾ പക്ഷെ മുതലാക്കാൻ അവർക്ക് ആയില്ല. രണ്ടാം പകുതിയിൽ കളിയുടെ ഗതിക്ക് വിരുദ്ധമായി ലെസ്റ്റർ സമനില ഗോൾ കണ്ടെത്തുന്നത് ആണ് കാണാൻ ആയത്. 57 മത്തെ മിനിറ്റിൽ അബ്ദുൽ ഫതാവയുടെ ക്രോസിൽ നിന്നു ഹെഡറിലൂടെ ഗോൾ നേടിയ 37 കാരനായ ഇതിഹാസ താരം ജെയ്മി വാർഡി ലെസ്റ്ററിന് സമനില സമ്മാനിച്ചു. പ്രീമിയർ ലീഗിൽ ആദ്യ മത്സരത്തിൽ ഇത് എട്ടാം ഗോൾ ആണ് വാർഡി നേടുന്നത്. അതിനു ശേഷം ടോട്ടനം താരം ബെന്റകോറിന് പരിക്കേറ്റു ബോധം മറഞ്ഞു വൈദ്യസഹായം വേണ്ടി വന്നത് എല്ലാവർക്കും ആശങ്ക നൽകി. എന്നാൽ താരത്തിനു ബോധം തെളിഞ്ഞത് ആശങ്ക അകറ്റുക ആയിരുന്നു. തുടർന്ന് സുന്ദരമായ ലെസ്റ്റർ സിറ്റി നീക്കത്തിന് ഒടുവിൽ വാർഡിയുടെ മികച്ച ശ്രമം തടഞ്ഞ വികാരിയോ അവസാന നിമിഷം എന്റിടി ഹെഡറും രക്ഷിച്ചു. വിജയഗോളിന് ആയുള്ള ടോട്ടനം ശ്രമങ്ങൾ ലെസ്റ്റർ പ്രതിരോധം തടഞ്ഞപ്പോൾ മത്സരം സമനിലയിൽ അവസാനിക്കുക ആയിരുന്നു.

ബേൺലി താരം വിൽസൺ ഒഡോബെർട്ടിനെ സ്പർസ് സ്വന്തമാക്കി

ബേൺലി താരം വിൽസൺ ഒഡോബെർട്ടിനെ സ്പർസ് സ്വന്തമാക്കി. 2029 വരെ നീളുന്ന കരാറിൽ താരം ഒപ്പുവെച്ചു. 28-ാം നമ്പർ ജേഴ്സി ആയിരിക്കും 19 കാരൻ സ്പർസിൽ അണിയുക.

2022 ജൂലൈയിൽ ട്രോയിസിലേക്ക് മാറുന്നതിന് മുമ്പ് വിൽസൺ പാരീസ് സെൻ്റ് ജെർമെയ്‌ൻ അക്കാദമിയിലൂടെയാണ് തൻ്റെ കരിയർ ആരംഭിച്ചു. അവിടെ 32 മത്സരങ്ങളിൽ നിന്ന് നാല് ഗോളുകൾ നേടി.

ബേൺലിയ്‌ക്കൊപ്പം ഇംഗ്ലണ്ടിലെ ടോപ്പ് ഫ്ലൈറ്റിൽ കളിച്ചു തുടങ്ങിയ വിംഗർ 2023 ഒക്ടോബറിൽ ചെൽസിക്കെതിരെ ഒരു ഗോൾ നേടിക്കൊണ്ട് ബേർൺലിയുടെ എക്കാലത്തെയും പ്രായം കുറഞ്ഞ പ്രീമിയർ ലീഗ് ഗോൾ സ്‌കോററായി മാറിയിരുന്നു. ബേർൺലിക്ക് ആയി 34 മത്സരങ്ങൾ കളിച്ചു അഞ്ച് ഗോളുകളും നേടി.

നിലവിലെ ഫ്രാൻസ് അണ്ടർ-21 ടീമിലും വിൽസൺ ഒഡോബോർട്ട് ഉണ്ട്.

ലീഡ്സിന്റെ യുവതാരത്തെ 40 മില്യൺ നൽകി ടോട്ടനം സ്വന്തമാക്കുന്നു

ടോട്ടനം ലീഡ്സ് യുവതാരം ആർച്ചി ഗ്രേയെ സൈൻ ചെയ്യാൻ ധാരണയിൽ എത്തി. 40 മില്യണ് അടുത്ത് ട്രാൻസ്ഫർ ഫീ നൽകിയാണ് ഗ്രേയെ ടോട്ടനം സ്വന്തമാക്കുന്നത്. 18 വയസ്സുകാരൻ ഉടൻ മെഡിക്കൽ പൂർത്തിയാക്കും എന്ന് സ്കൈ സ്പോർട്സ് റിപ്പോർട്ട് ചെയ്യുന്നു. ദീർഘകാല കരാർ താരം സ്പർസിൽ ഒപ്പുവെക്കും.

ബ്രെന്റ്ഫോർഡ് ഗ്രേയെ സ്വന്തമാക്കുന്നതിന് അടുത്ത് എത്തിയിരുന്നു. അവിടെ നിന്നാണ് സ്പർസ് വന്ന് താരത്തെ റാഞ്ചുന്നത്. ലീഡ്സ് യുണൈറ്റഡിലൂടെ വളർന്നു വന്നതാരം കഴിഞ്ഞ സീസണിൽ ലീഡ്സിന്റെ മാച്ച് സ്ക്വാഡിൽ സ്ഥിര സാന്നിധ്യമായിരുന്നു. 44 മത്സരങ്ങൾ കളിച്ചു. റൈറ്റ് ബാക്കായും മിഡ്ഫീൽഡറായും കളിക്കാൻ കഴിവുള്ള താരമാണ്.

Exit mobile version