25 മില്യൺ യൂറോ വിലമതിക്കുന്ന ഒരു സ്ഥിര കരാറിൽ പ്രതിരോധ താരം കെവിൻ ഡാൻസോയെ ടോട്ടനം ഹോട്‌സ്പർ സ്വന്തമാക്കി. ലെൻസുമായി സ്പർസ് ഇതിന് ധാരണയിലെത്തി എന്ന് ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 26 കാരനായ ഓസ്ട്രിയൻ ഇന്റർനാഷണൽ അഞ്ചര വർഷത്തെ കരാറിൽ ഒപ്പുവെക്കും.
ഇതിനകം ഒരു മെഡിക്കൽ പരിശോധന പൂർത്തിയായിട്ടുണ്ട്. വോൾവർഹാംപ്ടൺ വാണ്ടറേഴ്‌സും താരത്തിനായി രംഗത്ത് ഉണ്ടായിരുന്നു.
നാല് സീസണുകളിലായി ലെൻസിന് വേണ്ടി 128 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 2019-20 ൽ സതാംപ്ടണിൽ ലോണിൽ കളിച്ചിരുന്നു.
നോർത്ത് ലണ്ടനിൽ ടോട്ടനം ഹോട്സ്പറിനെതിരെ 2-1 എന്ന തകർപ്പൻ വിജയത്തോടെ ലെസ്റ്റർ സിറ്റി റിലഗേഷൻ സോണിക് നിന്ന് പുറത്തുകടന്നു. ഇന്ന് 33-ാം മിനിറ്റിൽ റിച്ചാർലിസണിലൂടെ തുടക്കത്തിൽ തന്നെ ലീഡ് നേടിയെങ്കിലും, രണ്ടാം പകുതിയിൽ സ്പർസ് പതറുകയായിരുന്നു.
പെഡ്രോ പോറോയുടെ പിൻപോയിന്റ് ക്രോസിൽ നിന്നായിരുന്നു റിച്ചാർലിസന്റെ ഗോൾ. രണ്ടാം പകുതി ആരംഭിച്ച് ആദ്യ മിനുറ്റിൽ തന്നെ ലെസ്റ്റർ സമനില നേടി. ബോബി ഡി കോർഡോവ-റീഡിന്റെ ലോ ക്രോസിൽ നിന്ന് ജാമി വാർഡി സമനില നേടി.
നാല് മിനിറ്റിനുശേഷം, ഡി കോർഡോവ-റീഡ് വീണ്ടും ഒരു അസിസ്റ്റ് പ്രൊവൈഡറായി മാറി. എൽ ഖന്നൗസിന്റെ ഫിനിഷ് ലെസ്റ്ററിന് നിർണായക വിജയം നൽകി.
ഈ വിജയത്തോടെ ലെസ്റ്റർ 17 പോയിന്റുമായി 17-ാം സ്ഥാനത്തേക്ക് ഉയർന്നു. അതേസമയം, സ്വന്തം മൈതാനത്ത് സ്പർസിന്റെ മോശം ഫോം തുടരുകയാണ്, ഏഴ് ഹോം മത്സരങ്ങളിൽ വിജയിക്കാത്ത സ്പർസ് 24 പോയിന്റുമായി 15-ാം സ്ഥാനത്ത് തുടരുകയാണ്.
ഗൂഡിസൺ പാർക്കിൽ ടോട്ടൻഹാമിനെതിരെ 3-2 ന് നാടകീയമായ വിജയം നേടി എവർട്ടൺ. മാനേജർ ഡേവിഡ് മോയസ് തിരിച്ചുവന്ന ശേഷമുള്ള ആദ്യ വിജയം എവർട്ടൺ ആഘോഷിച്ചു. 13-ാം മിനിറ്റിൽ ഡൊമിനിക് കാൽവർട്ട്-ലൂയിനിലൂടെ ടോഫീസ് ശക്തമായി തുടങ്ങി, ഇഡ്രിസ ഗുയെയുടെ മികച്ച അസിസ്റ്റിൽ നിന്നായിരുന്നു ഈ ഫിനിഷ്.
30-ാം മിനിറ്റിൽ ഇലിമാൻ എൻഡിയെ ടോട്ടൻഹാമിന്റെ പ്രതിരോധത്തെ ശക്തമായി മറികടന്നപ്പോൾ ആതിഥേയർ അവരുടെ നേട്ടം ഇരട്ടിയാക്കി. ജെയിംസ് തർക്കോവ്സ്കിയുടെ ഹെഡ്ഡർ ബോക്സിൽ കുഴപ്പങ്ങൾ സൃഷ്ടിച്ചതിനെത്തുടർന്ന് ടോട്ടൻഹാമിന്റെ ആൻഡ്രെ ഗ്രേയുടെ സെൽഫ് ഗോളിലൂടെ എവർട്ടൺ പകുതി സമയത്തിന് തൊട്ടുമുമ്പ് ലീഡ് 3 ആക്കി വർദ്ധിപ്പിച്ചു.
രണ്ടാം പകുതിയിൽ ടോട്ടനം ആവേശകരമായ തിരിച്ചുവരവ് നടത്തി. 77-ാം മിനിറ്റിൽ ജോർദാൻ പിക്ക്ഫോർഡിനെ മറികടന്ന് ഡെജാൻ കുലുസെവ്സ്കി ഒരു ഗോൾ നേടി. മുൻ എവർട്ടൺ സ്‌ട്രൈക്കർ റിച്ചാർലിസൺ അവസാന നിമിഷം ലഭിച്ച ക്രോസ് ഗോളാക്കി മാറ്റിയതോടെ സന്ദർശകർ സ്കോർ 3-2 എന്നാക്കി. ഒരു സമനില ഗോളിനുള്ള പ്രതീക്ഷകൾ അവർ ഉയർത്തി എങ്കിലും എവർട്ടൺ വിജയം ഉറപ്പിച്ചു.
20 പോയിന്റുമായി 16-ാം സ്ഥാനത്താണ് എവർട്ടൺ ഉള്ളത്. ടോട്ടനം 24 പോയിന്റുമായി 15-ാം സ്ഥാനത്ത് തുടരുന്നു.
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ബദ്ധവൈരികൾ ആയ ടോട്ടനം ഹോട്സ്പറിനെ 2-1 എന്ന സ്കോറിന് മറികടന്നു ആഴ്‌സണൽ ലീഗിൽ രണ്ടാം സ്ഥാനത്തേക്ക് മുന്നേറി. ലീഗിൽ ഇത് തുടർച്ചയായ മൂന്നാം മത്സരത്തിൽ ആണ് ടോട്ടനത്തെ നോർത്ത് ലണ്ടൻ ഡർബിയിൽ ആഴ്‌സണൽ തോൽപ്പിക്കുന്നത്. സ്വന്തം മൈതാനത്ത് മികച്ച തുടക്കം ആണ് ആഴ്‌സണലിന് ലഭിച്ചത്. ആദ്യ 20 മിനിറ്റിൽ ടോട്ടനത്തെ ആഴ്‌സണൽ വെള്ളം കുടിപ്പിച്ചു. എന്നാൽ കോർണറിൽ നിന്നു ലഭിച്ച അവസരത്തിൽ നിന്നു മികച്ച ഗോളിലൂടെ ടോട്ടനം ക്യാപ്റ്റൻ സോൺ അവർക്ക് അപ്രതീക്ഷിത മുൻതൂക്കം നൽകി.
എന്നാൽ തുടർന്ന് ഉണർന്നു കളിച്ച ആഴ്‌സണൽ ആദ്യ പകുതിയുടെ അവസാനത്തെ നാലു മിനിറ്റുകളിൽ കളി മാറ്റി. റൈസിന്റെ കോർണറിൽ നിന്നു ഗബ്രിയേലിന്റെ ഹെഡർ സൊളാങ്കെയുടെ ദേഹത്ത് തട്ടി പന്ത് വലയിൽ ആയതോടെ ആഴ്‌സണൽ സമനില പിടിച്ചു. തുടർന്ന് നാലു മിനിറ്റിനുള്ളിൽ കൗണ്ടർ അറ്റാക്കിൽ നിന്നു ഒഡഗാർഡിന്റെ പാസിൽ നിന്നു ഉഗ്രൻ ഷോട്ടിലൂടെ ലിയാൻഡ്രോ ട്രൊസാർഡ് ആഴ്‌സണലിന് മുൻതൂക്കം നൽകി. തുടർന്ന് നിരവധി അവസരങ്ങൾ കണ്ടത്തിയ ആഴ്‌സണലിന് പക്ഷെ കൂടുതൽ ഗോളുകൾ നേടാൻ ആയില്ല. ഒഡഗാർഡിനും, ഹാവർട്‌സിനും ലഭിച്ച അവസരങ്ങൾ ലക്ഷ്യത്തിൽ എത്തിക്കാൻ ആയില്ല. അതേസമയം ഗോൾ നേടിയ ശേഷം ഒരു തവണ പോലും ടോട്ടനത്തിനു ആഴ്‌സണൽ പോസ്റ്റിലേക്ക് ഒരു ഷോട്ട് പോലും ഉതിർക്കാൻ ആയില്ല.
ടോട്ടനം ഹോട്‌സ്‌പർ തങ്ങളുടെ കാരബാവോ കപ്പ് സെമിഫൈനലിൻ്റെ ആദ്യ പാദത്തിൽ ലിവർപൂളിനെതിരെ 1-0ന്റെ നേരിയ ജയം ഉറപ്പിച്ചു, 86-ാം മിനിറ്റിൽ ലൂക്കാസ് ബെർഗ്വൽ ആണ് നിർണായക ഗോൾ നേടിയത്. ബെർഗ്വൽ ഒരു ചുവപ്പ് കാർഡ് നേടി പുറത്ത് പോകേണ്ടിയിരുന്ന താരമായിരുന്നു. അദ്ദേഹം തന്നെ ഗോൾ അടിച്ചത് ലിവർപൂൾ ആരാധാകരെയും താരങ്ങളെയും രോഷാകുലരാക്കി.
നേരത്തെ മഞ്ഞക്കാർഡ് ലഭിച്ച ബെർഗ്‌വാൾ, സ്‌കോറ് ചെയ്യുന്നതിന് നിമിഷങ്ങൾക്ക് മുമ്പ് ലിവർപൂളിൻ്റെ കോസ്റ്റാസ് സിമിക്കാസിനെ ഫൗൾ ചെയ്തിരുന്നു. എന്നാൽ റഫറി സ്റ്റുവർട്ട് ആറ്റ്‌വെൽ കാർഡ് നൽകിയില്ല. 84ആം മിനുറ്റിൽ ആയിരുന്നു ഈ ഫൗൾ. 86ആം മിനുട്ടിൽ ആണ് ബെർഗ്വൽ തന്റെ ഗോളിലൂടെ സ്പർസിന് ലീഡ് നൽകി വിജയം ഉറപ്പിച്ചത്.
സ്ലോട്ടിന് കീഴിൽ രണ്ടാം തോൽവി മാത്രം ഏറ്റുവാങ്ങിയ ലിവർപൂൾ രണ്ടാം പാദത്തിൽ ആൻഫീൽഡിലെ പരാജയം മറികടക്കാൻ നോക്കും.
ചെക് റിപ്പബ്ലിക് ക്ലബ് സ്ലാവിയ പ്രാഗയുടെ 21 കാരനായ യുവ ചെക് ഗോൾ കീപ്പർ അന്റോണിൻ കിൻസ്‌കെയെ ടീമിൽ എത്തിക്കാൻ ടോട്ടനം ഹോട്‌സ്പർ. ഏതാണ്ട് 10 മില്യൺ പൗണ്ട് നൽകിയാണ് യുവ ഗോൾ കീപ്പറെ ടോട്ടനം ടീമിൽ എത്തിക്കുക.
വലിയ ഭാവി പ്രവചിക്കുന്ന താരത്തിനു ആയി വലിയ തുക തന്നെയാണ് ഇംഗ്ലീഷ് ക്ലബ് മുടക്കുന്നത്. നിലവിൽ പരിക്കേറ്റ് തങ്ങളുടെ ഒന്നാം നമ്പർ ഗോൾ കീപ്പർ വികാരിയോ പുറത്ത് ആയത് കൂടി ടോട്ടനം തീരുമാനത്തിന് പിറകിൽ ഉണ്ട്. നിലവിൽ ഇന്ന് തന്നെ മെഡിക്കലിന് ശേഷം താരം ടോട്ടനത്തിൽ കരാർ ഒപ്പ് വെക്കും എന്നാണ് സൂചന.
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ടോട്ടനം ഹോട്‌സ്പറിന്റെ കഷ്ടകാലം തുടരുന്നു. ഇന്ന് തങ്ങളുടെ മുൻ പരിശീലകൻ നുനോ എസ്പിരിറ്റോ സാന്റോയുടെ നോട്ടിങ്ഹാം ഫോറസ്റ്റിനോട് അവരുടെ മൈതാനത്ത് എതിരില്ലാത്ത ഒരു ഗോളിന് ആണ് അവർ പരാജയപ്പെട്ടത്. ജയത്തോടെ ലീഗിൽ മൂന്നാം സ്ഥാനത്തേക്കും ഫോറസ്റ്റ് കയറി. കണക്കിൽ ടോട്ടനം ആധിപത്യം ഉണ്ടായിട്ടും ഒരൊറ്റ ഗോൾ നേടി ഫോറസ്റ്റ് മത്സരം സ്വന്തം പേരിൽ എഴുതി.
28 മത്തെ മിനിറ്റിൽ അതുഗ്രൻ കൗണ്ടർ അറ്റാക്കിൽ നിന്നു മോർഗൻ ഗിബ്സ് വൈറ്റിന്റെ പാസിൽ നിന്നു ഗോൾ നേടിയ ആന്റണി എലാങ ഫോറസ്റ്റ് ജയം കുറിക്കുക ആയിരുന്നു. അവസാന നിമിഷങ്ങളിൽ പ്രതിരോധ താരം സ്പെൻസിന് രണ്ടാം മഞ്ഞ കാർഡ് കണ്ടതോടെ ടോട്ടനം 10 പേരായി ചുരുങ്ങിയിരുന്നു. ലീഗിൽ നിലവിൽ 11 സ്ഥാനത്തുള്ള ടോട്ടനത്തിന്റെ കഷ്ടകാലം തുടരുകയാണ്. കഴിഞ്ഞ കളികളിൽ ഒന്നും ജയം കാണാത്തത് കൊണ്ട് അവരുടെ പരിശീലകൻ ആഞ്ചെക്ക് മേൽ വലിയ സമ്മർദ്ദം ആണ് ഉള്ളത്.
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ടോട്ടനം ഹോട്‌സ്പറിനെ അവരുടെ മൈതാനത്ത് 9 ഗോൾ പിറന്ന മത്സരത്തിൽ 6-3 നു പരാജയപ്പെടുത്തി ലിവർപൂൾ. ജയത്തോടെ ലീഗിലെ ഒന്നാം സ്ഥാനം ഒന്നു കൂടി ലിവർപൂൾ ഉറപ്പിച്ചപ്പോൾ ടോട്ടനം 11 സ്ഥാനത്തേക്ക് വീണു. മത്സരത്തിൽ 23 മത്തെ മിനിറ്റിൽ അലക്‌സാണ്ടർ അർണോൾഡിന്റെ അതുഗ്രൻ ക്രോസിൽ നിന്നു മികച്ച ഹെഡറിലൂടെ ലൂയിസ് ഡിയാസ് ആണ് ലിവർപൂളിന്റെ ഗോൾ വേട്ട ആരംഭിച്ചത്. 36 മത്തെ മിനിറ്റിൽ മറ്റൊരു ഹെഡറിലൂടെ അലക്സിസ് മക്അലിസ്റ്റർ ലിവർപൂളിന് രണ്ടാം ഗോൾ സമ്മാനിച്ചു.
41 മത്തെ മിനിറ്റിൽ ജെയിംസ് മാഡിസനിലൂടെ ടോട്ടനം ഒരു ഗോൾ തിരിച്ചടിച്ചു. എന്നാൽ നാലു മിനിറ്റിനുള്ളിൽ ആദ്യ പകുതി തീരുന്നതിനു മുമ്പ് മൊ സലാഹിന്റെ പാസിൽ നിന്നു ഗോൾ നേടിയ സബോസലെയ് ലിവർപൂളിന് മൂന്നാം ഗോളും സമ്മാനിച്ചു. രണ്ടാം പകുതിയിൽ വീണ്ടും അഞ്ചു ഗോളുകൾ പിറക്കുന്നത് ആണ് കാണാൻ ആയത്. 54 മത്തെ മിനിറ്റിൽ ടോട്ടനം പെനാൽട്ടി ബോക്സിലെ കൂട്ടപ്പൊരിച്ചിലിനു ശേഷം ഗോൾ നേടിയ സലാഹ് ലിവർപൂളിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നാലാമത്തെ ഗോൾ വേട്ടക്കാരൻ ആയി.
61 മത്തെ മിനിറ്റിൽ സബോസലെയ് നൽകിയ പാസിൽ നിന്നു കൗണ്ടർ അറ്റാക്കിൽ നിന്നു ഗോൾ നേടിയ സലാഹ് ലിവർപൂളിന് അഞ്ചാം ഗോളും സമ്മാനിച്ചു. 11 മിനിറ്റിനുള്ളിൽ സൊളാങ്കയുടെ പാസിൽ നിന്നു ഗോൾ നേടിയ കുലുസെവ്സ്കി ടോട്ടനത്തിനു ആയി ഒരു ഗോൾ കൂടി മടക്കി. 83 മത്തെ മിനിറ്റിൽ ബ്രണ്ണൻ ജോൺസന്റെ പാസിൽ നിന്നു ഗോൾ നേടിയ സൊളാങ്കെ മത്സരം 5-3 ആക്കി. എന്നാൽ രണ്ടു മിനിറ്റിനുള്ളിൽ സലാഹിന്റെ പാസിൽ നിന്നു ഗോൾ നേടിയ ലൂയിസ് ഡിയാസ് ടോട്ടണത്തിന്റെ വമ്പൻ പരാജയം ഉറപ്പിക്കുക ആയിരുന്നു.
കരബാവോ കപ്പിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ തോൽപ്പിച്ച് ടോട്ടനം സെമി ഫൈനലിൽ. ഇന്ന് ലണ്ടണിൽ നടന്ന ആവേശകരമായ മത്സരത്തിൽ മൂന്നിനെതിരെ നാലു ഗോളുകൾക്ക് ആയിരുന്നു സ്പർസിന്റെ വിജയം. 3-0ന് പിറകിൽ പോയ ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ് തിരിച്ചടിച്ച് 4-3 എന്നാക്കി എങ്കിലും അവർക്ക് പരാജയം ഒഴിവാക്കാൻ ആയില്ല.
ഇന്ന് പല മാറ്റങ്ങളുമായാണ് റുബെൻ അമോറിമിന്റെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇറങ്ങിയത്. മത്സരത്തിന്റെ 15ആം മിനുട്ടിൽ ഗോൾ കീപ്പർ ബയിന്ദറിന്റെ പിഴവിൽ നിന്നാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ആദ്യ ഗോൾ വഴങ്ങിയത്. ബയിന്ദർ ഒരു ഷോട്ട് തടഞ്ഞത് നേരെ സോളങ്കിയുടെ കാലിലേക്കാണ് വന്നത്. സോളങ്കെ പന്ത് വലയിൽ എത്തിച്ചു. സ്കോർ 1-0.
മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിനു ശേഷം നിരവധി അവസരങ്ങൾ സൃഷ്ടിച്ചു എങ്കിലും ഫൈനൽ പാസോ ഗോളോ വന്നില്ല. ആദ്യ പകുതി സ്പർസ് 1-0ന്റെ ലീഡിൽ അവസാനിപ്പിച്ചു.
രണ്ടാം പകുതിയിൽ ആരംഭിച്ച് സെക്കൻഡുകൾക്ക് അകം ലീഡ് ഇരട്ടിയാക്കാൻ സ്പർസിനായി. കുളുസവേസ്കി ആണ് സ്പർസിനായി രണ്ടാം ഗോൾ നേടിയത്. 54ആം മിനുട്ടിൽ സൊളാങ്കെയിലൂടെ സ്പർസ് മൂന്നാം ഗോളും നേടി. കളി സ്പർസ് ജയിച്ചു എന്ന് കരുതിയ സ്ഥലത്ത് നിന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് തിരിച്ചടിച്ചു.
രണ്ട് ഗോൾ കീപ്പർ പിഴവുകൾ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ കളിയിലേക്ക് തിരികെ കൊണ്ടുവന്നത്. സ്പർസ് ഗോൾ കീപ്പർ ഫ്രേസർ ഫോസ്റ്ററിന്റെ പാസ് തട്ടിയെടുത്ത് ബ്രൂണോ നൽകിയ പാസ് സിർക്സി വലയിൽ എത്തിച്ചു. സ്കോർ 3-1
70ആം മിനുട്ടിൽ അമദ് ദിയാലോയുടെ പ്രസിംഗും ഫോസ്റ്ററിന് പ്രശ്നമായി. ഫോസ്റ്ററിന്റെ ക്ലിയറൻസ് അമദ് തടഞ്ഞപ്പോൾ പന്ത് നേരെ വലയിൽ. സ്കോർ 3-2. കളി ആവേശകരമായ അന്ത്യ നിമിഷങ്ങളിലേക്ക്. മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിനു ശേഷം സമനില ഗോളിനായി നല്ല അവസരങ്ങൾ സൃഷ്ടിച്ചു എങ്കിലും അവർ ആഗ്രഹിച്ച ആ ഗോൾ വന്നില്ല.
88ആം മിനുട്ടിൽ ഹ്യുങ്മിൻ സോൺ ഒരു കോർണറിൽ നിന്ന് നേരെ ഒളിമ്പിൽ ഗോൾ നേടിയതോടെ സ്പർസ് 4-2 മുന്നിൽ. 94ആം മിനുട്ടിൽ ഒരു കോർണറിൽ നിന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് മൂന്നാം ഗോൾ നേടി. എവാൻസ് ആണ് യുണൈറ്റഡിന്റെ മൂന്നാം ഗോൾ നേടിയത്. സ്കോർ 4-3. പിന്നെ കളി അവസാനിക്കാൻ വെറും 2 മിനുട്ട് മാത്രം. യുണൈറ്റഡിന് നാലാമതൊരു ഗോൾ നേടാൻ ആ സമയം മതിയായില്ല. ഫൈനൽ വിസിൽ വന്നപ്പോൾ സ്പർസ് സെമി ഫൈനൽ ഉറപ്പിച്ചു.
ആഴ്സണൽ, ലിവർപൂൾ, ന്യൂകാസിൽ യുണൈറ്റഡ് എന്നിവരാണ് കരാബാവോ കപ്പിൽ സെമി ഫൈനലിൽ എത്തിയ ബാക്കി മൂന്നു ടീമുകൾ.
സെൻ്റ് മേരീസ് സ്റ്റേഡിയത്തിൽ നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ ടോട്ടനം ഹോട്‌സ്‌പർ തകർപ്പൻ പ്രകടനം നടത്തി. അവർ സതാംപ്ടണിനെതിരെ 5-0ന്റെ വിജയം നേടി. ഇന്ന് ആദ്യ 40 സെക്കൻഡിനുള്ളിൽ ജെയിംസ് മാഡിസൺ സ്‌കോറിംഗ് തുറന്നു, ഡിജെഡ് സ്പെൻസിൻ്റെ കൃത്യമായ ത്രൂ ബോളിൽ നിന്നായിരുന്നു ഈ ഗോൾ.
12-ാം മിനിറ്റിൽ മാഡിസൻ്റെ ക്രോസ് ഇടങ്കാൽ സ്ട്രൈക്കിലൂടെ ലക്ഷ്യത്തിൽ എത്തിച്ച് സോൺ ഹ്യൂങ്-മിൻ ലീഡ് ഇരട്ടിയാക്കി. സതാംപ്ടണിൽ നിന്നുള്ള ഒരു പ്രതിരോധ പിഴവിന് ശേഷം 14ആൻ മിനിറ്റിൽ കുലുസെവ്സ്കി സ്പർസിനെ 3-0 ന് മുന്നിലെത്തിച്ചു.
25-ാം മിനിറ്റിൽ സാർ സ്പർസിന്റെ നാലാം ഗോളും നേടിയതോടെ ടോട്ടൻഹാമിൻ്റെ ആധിപത്യം തുടർന്നു. സോണിൻ്റെ മറ്റൊരു അസിസ്റ്റിൽ നിന്ന് മാഡിസൺ തൻ്റെ രണ്ടാം ഗോൾ നേടിയപ്പോൾ സ്പർസ് ആദ്യ പകുതിയിൽ തന്നെ 5-0ന് മുന്നിലെത്തി.
രണ്ടാം പകുതിയിൽ കൂടുതൽ ഗോൾ നേടിയില്ല എങ്കിലും സ്പർസ് ജയം ഉറപ്പിച്ചു. ഈ ജയത്തോടെ സ്പർസ് 23 പോയ്ന്റുമായി 10ആം സ്ഥാനത്ത് എത്തി. സ്പർസിന്റെ അവസാന 6 മത്സരങ്ങളിലെ ആദ്യ ജയമാണിത്. സതാംപ്ടൺ ഇപ്പോഴും ലീഗിൽ അവസാന സ്ഥാനത്താണ്.
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസിയുടെ ഗംഭീര തിരിച്ചുവരവ്. ഇന്ന് നടന്ന മത്സരത്തിൽ സ്പർസിന്രെ ഹോം ഗ്രൗണ്ടിൽ വെച്ച് 4-3ന്റെ വിജയം ചെൽസി നേടി. തുടക്കത്തിൽ രണ്ട് ഗോളുകൾക്ക് പിറകിൽ പോയ ശേഷം തിരിച്ചടിച്ചാണ് ചെൽസി വിജയം ഉറപ്പാക്കിയത്.
തുടക്കത്തിൽ രണ്ട് ഡിഫൻസീവ് പിഴവുകളാണ് ചെൽസിക്ക് തിരിച്ചടിയായത്. ചെൽസിയുടെ പിഴവുകൾ മുതലാക്കി അഞ്ചാം മിനുട്ടിൽ സോളങ്കിയും 11ആം മിനുട്ടിൽ കുളുസവേസ്കിയും സ്പർസിനായി വല കുലുക്കി. സ്കോർ 2-0.
17ആം മിനുട്ടിൽ സാഞ്ചോയുടെ ഒരു സോളോ ഗോൾ ചെൽസിക്ക് പ്രതീക്ഷ നൽകി. സ്കോർ 2-1. രണ്ടാം പകുതിയിൽ ചെൽസി കൂടുതൽ ആക്രമിച്ചു കളിച്ചു. 61ആം മിനുട്ടിൽ പെനാൾറ്റിയിലൂടെ ചെൽസി സമനില കണ്ടെത്തി. പാൾമർ ആണ് ചെൽസിക്ക് ആയി പെനാൽറ്റി ലക്ഷ്യത്തിൽ എത്തിച്ചത്.
74ആം മിനുട്ടിൽ എൻസോ ഫെർണാണ്ടസിലൂടെ ചെൽസി ലീഡ് എടുത്തും. അധികം വൈകാതെ ഒരു പെനാൾട്ടി കൂടെ ചെൽസിക്ക് ലഭിച്ചു. അതും കൂടെ ലക്ഷ്യത്തിൽ എത്തിച്ചു പാൽമർ ചെൽസിയുടെ കം ബാക്ക് പൂർത്തിയാക്കി. അവസാനം സോൺ ഒരു ഗോൾ മടക്കി എങ്കിലും പരാജയം ഒഴിവാക്കാൻ സ്പർസിനായില്ല.
ഈ വിജയത്തോടെ ചെൽസി ലീഗിൽ 31 പോയിന്റുമായി രണ്ടാം സ്ഥാനത്ത് നിൽക്കുന്നു. സ്പർസ് 20 പോയിന്റുമായി 11ആം സ്ഥാനത്താണ്.
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആദ്യ ജയം കണ്ടെത്തി ഇപ്സ്വിച് ടൗൺ. വമ്പന്മാർ ആയ ടോട്ടനം ഹോട്‌സ്പറിനെ അവരുടെ മൈതാനത്ത് 2-1 എന്ന സ്കോറിന് ആണ് ഈ സീസണിൽ സ്ഥാനക്കയറ്റം നേടി വന്ന ഇപ്സ്വിച് ഞെട്ടിച്ചത്. ടോട്ടനം ആധിപത്യം കണ്ട മത്സരത്തിൽ പക്ഷെ മികച്ച അവസരങ്ങൾ ഉണ്ടാക്കുന്ന ഇപ്സ്വിചിനെ ആണ് കാണാൻ ആയത്. 31 മത്തെ മിനിറ്റിൽ ഡിലാപിന്റെ ക്രോസിൽ നിന്നു ബൈസൈക്കിൾ ഷോട്ടിലൂടെ ഗോൾ നേടിയ സാമി മോഡിക്സ് ഇപ്സ്വിചിന് ആദ്യ ഗോൾ സമ്മാനിച്ചു.
തുടർന്ന് 41 മത്തെ മിനിറ്റിൽ മികച്ച ഫോമിലുള്ള ലിയാം ഡിലാപ് കൂടി വല കുലിക്കിയതോടെ ടോട്ടനം ഞെട്ടി. രണ്ടാം പകുതിയിൽ സമനില ഗോളുകൾക്ക് ആയാണ് ടോട്ടനം ഇറങ്ങിയത്. 48 മിനിറ്റിൽ ഡൊമനിക് സൊളാങ്കെ ഗോൾ നേടുകയും ചെയ്തു. എന്നാൽ ഈ ഗോൾ ഹാന്റ് ബോളിന് വാർ നിഷേധിച്ചു. 69 മത്തെ മിനിറ്റിൽ പെഡ്രോ പോറോയുടെ കോർണറിൽ നിന്നു ഹെഡറിലൂടെ ബെന്റകർ ഒരു ഗോൾ മടക്കിയെങ്കിലും ഇപ്സ്വിച് ജയം കൈവിട്ടില്ല. ഇപ്സ്വിച് ലീഗിൽ 17 സ്ഥാനത്തേക്ക് ഉയർന്നു, പത്താം സ്ഥാനത്ത് ആണ് ടോട്ടനം ഇപ്പോൾ.