ഹാരി കെയ്‌നിനെ നിലനിർത്താൻ ചാമ്പ്യൻസ് ലീഗ് യോഗ്യത ആവശ്യമില്ലെന്ന് ടോട്ടൻഹാം പരിശീലകൻ

ടോട്ടൻഹാം സൂപ്പർ താരം ഹാരി കെയ്‌നിനെ ടീമിൽ നിലനിർത്താൻ ടോട്ടൻഹാമിന്‌ ചാമ്പ്യൻസ് ലീഗ് യോഗ്യത ആവശ്യമില്ലെന്ന് പരിശീലകൻ റയാൻ മേസൺ. ടോട്ടൻഹാം ചാമ്പ്യൻസ് ലീഗ് യോഗ്യത നേടിയില്ലെങ്കിലും താരം ടീം വിട്ടേക്കും എന്ന വർത്തകൾക്കിടയിലാണ് ടോട്ടൻഹാം പരിശീലകന്റെ പ്രതികരണം. നേരത്തെ മോശം പ്രകടനത്തെ തുടർന്ന് ടോട്ടൻഹാം പരിശീലകനായ മൗറിനോയെ പുറത്താക്കിയിരുന്നു. തുടർന്നാണ് റയാൻ മേസൺ ടോട്ടൻഹാം പരിശീലക സ്ഥാനം ഏറ്റെടുത്തത്.

നിലവിൽ 27കാരനായ ഹാരി കെയ്‌നിന്റെ ടോട്ടൻഹാമിൽ കരാർ 2024വരെയാണ് ഉള്ളത്. എന്നാൽ കഴിഞ്ഞ ദിവസം കാരബാവോ കപ്പ് ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിയോട് തോറ്റതിന് പിന്നാലെ തനിക്ക് ട്രോഫികൾ വേണമെന്ന സൂചനയും താരം നൽകിയിരുന്നു. നിലവിൽ ടോട്ടൻഹാമിന്റെ കൂടെ ഒരു വലിയ കിരീടം പോലും നേടാൻ ഹാരി കെയ്നിന് ആയിട്ടില്ല. നിലവിൽ പ്രീമിയർ ലീഗ് പോയിന്റ് പട്ടികയിൽ ഏഴാം സ്ഥാനത്താണ് ടോട്ടൻഹാം.നാലാം സ്ഥാനത്തുള്ള ചെൽസിയെക്കാൾ 5 പോയിന്റ് പിറകിലാണ് ടോട്ടൻഹാം ഇപ്പോൾ. നിലവിലെ സാഹചര്യത്തിൽ ടോട്ടൻഹാം ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാനുള്ള സാധ്യത വളരെ കുറവാണ്.

റബോണ ഗോളും ചുവപ്പ് കാർഡും സ്പർസിന്, ഡാർബി ജയം ആഴ്സണലിന്

ടോട്ടൻഹാമിന്റെ ടോപ് ഫോർ പ്രതീക്ഷകൾക്ക് തിരിച്ചടി നൽകികൊണ്ട് നോർത്ത് ലണ്ടൺ ഡെർബിയിൽ ജയിച്ച് കയറി ആഴ്‌സണൽ. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ആഴ്‌സണലിന്റെ ജയം. ടോട്ടൻഹാം താരം എറിക് ലാമേല ചുവപ്പ് കാർഡ് കണ്ട് പുറത്തുപോയതോടെ 10 പേരുമായാണ് ടോട്ടൻഹാം മത്സരം പൂർത്തിയാക്കിയത്. ഒരു ഗോളിന് പിറകിൽ നിന്നതിന് ശേഷമാണ് മത്സരത്തിൽ രണ്ട് ഗോൾ തിരിച്ചടിച്ച് ആഴ്‌സണൽ ജയം സ്വന്തമാക്കിയത്.

ടോട്ടൻഹാമിന് വേണ്ടി എറിക് ലാമേലയാണ് മത്സരത്തിന്റെ 33ആം മിനുട്ടിൽ ആദ്യ ഗോൾ നേടിയത്. ഒരു റബോണ ഷോട്ടിലൂടെയാണ് ലമേല ആഴ്‌സണൽ ഗോൾ വല കുലുക്കിയത്. എന്നാൽ ആദ്യ പകുതി അവസാനിക്കുന്നതിന് തോട്ടമുൻപ് തന്നെ റയൽ മാഡ്രിഡിൽ നിന്ന് ലോണിൽ ആഴ്‌സണലിൽ എത്തിയ മാർട്ടിൻ ഓഡെഗാർഡ് സമനില ഗോൾ നേടി. തുടർന്ന് രണ്ടാം പകുതിയിൽ പെനാൽറ്റി ബോക്സിൽ ആഴ്‌സണൽ താരം ലാകസറ്റെയെ ടോട്ടൻഹാം താരം സാഞ്ചസ് ഫൗൾ ചെയ്തതിന് അനുകൂലമായി ലഭിച്ച പെനാൽറ്റി ഗോളാക്കി ലാകസറ്റെ ആഴ്‌സണലിന് ജയം നേടികൊടുക്കുകയായിരുന്നു.

തുടർന്ന് എട്ട് മിനുറ്റിനിടെ രണ്ട് മഞ്ഞ കാർഡ് കണ്ട് ലാമേല പുറത്തുപോയതോടെ ടോട്ടൻഹാം 10 പേരായി ചുരുങ്ങുകയും ചെയ്തു. 10 പേരായി ചുരുങ്ങിയിട്ടും സമനില ഗോളിന് വേണ്ടി പരിശ്രമിച്ച ടോട്ടൻഹാം ഹാരി കെയ്‌നിലൂടെ ആഴ്‌സണൽ ഗോൾ വല കുലുക്കിയെങ്കിലും റഫറി ഓഫ്‌സൈഡ് വിളിച്ചത് അവർക്ക് തിരിച്ചടിയായി.

ടോട്ടൻഹാമിൽ കരിയർ അവസാനിപ്പിക്കാനാണ് സോണിന് ആഗ്രഹം : ജോസെ മൗറിനോ

ടോട്ടൻഹാമിൽ തന്നെ തന്റെ കരിയർ അവസാനിപ്പിക്കാനാണ് ടോട്ടൻഹാം സൂപ്പർ താരം സോണിന്റെ ആഗ്രഹമെന്ന് പരിശീലകൻ ജോസ്‌ മൗറിനോ. താരവുമായി പുതിയ കരാറിനുള്ള ചർച്ചകൾ ടോട്ടൻഹാം ഉടൻ ആരംഭിക്കുമെന്നും കൊറോണ വൈറസ് ബാധ മൂലമാണ് പുതിയ കരാർ ചർച്ചകൾ വൈകുന്നതെന്നും മൗറിനോ പറഞ്ഞു.

നിലവിൽ ടോട്ടൻഹാമിൽ 2023 വരെ കരാറുള്ള താരമാണ് സോൺ. നിലവിൽ ടോട്ടൻഹാമിന്‌ വേണ്ടി സോൺ ഈ സീസണിൽ മികച്ച ഫോമിലാണ്. ഈ സീസണിൽ അവർക്ക് വേണ്ടി 21 മത്സരങ്ങൾ കളിച്ച സോൺ 13 ഗോളുകളും നേടിയിരുന്നു. മികച്ച ഫോമിലുള്ള സോണിന്റെയും ഹാരി കെയ്‌നിന്റെയും മികവിലാണ് ടോട്ടൻഹാം പ്രീമിയർ ലീഗിന്റെ തലപ്പത്ത് എത്തിയത്.

ട്രാൻസ്ഫർ വിൻഡോ അടക്കുന്നതിന് മുൻപ് ടോട്ടൻഹാം പുതിയ സ്‌ട്രൈക്കറെ വാങ്ങും : ജോസെ മൗറിനോ

ഈ സമ്മറിലെ ട്രാൻസ്ഫർ വിൻഡോ ഒക്ടോബർ 5ന് അടയ്ക്കുന്നതിന് മുൻപ് ടോട്ടൻഹാം ഒരു പുതിയ സ്‌ട്രൈക്കറെ ടീമിൽ എത്തിക്കുമെന്ന് പരിശീലകൻ ജോസെ മൗറിനോ. നിലവിൽ ഹാരി കെയ്ൻ മാത്രമാണ് ടീമിലെ സ്ഥിരം സ്‌ട്രൈക്കർ. ടീമിൽ സോണും ഗാരെത് ബെയ്‌ലും ഉണ്ടെങ്കിലും സ്‌ട്രൈക്കർ ആയി സ്ഥിരം കളിക്കുന്ന ഒരു താരത്തെ സ്വന്തമാക്കാനാണ് ടോട്ടൻഹാമിന്റെ ശ്രമം.

ബൗൺമൗത്ത്‌ സ്‌ട്രൈക്കർ ജോഷ് കിംഗ്, നാപോളി താരം അർകാടിയസ് മിലിക്, ടോറിനോ താരം ആന്ദ്രേ ബെലോട്ടി എന്നിവരിൽ ഒരാളെയാവും ടോട്ടൻഹാം സ്വന്തമാക്കാൻ സാധ്യത കൂടുതൽ. ഒരു മത്സരത്തിൽ കളിക്കുന്നത് പോലെ തന്നെയാണ് ട്രാൻസ്ഫർ മാർക്കറ്റിൽ ഇടപെടുന്നതിനും ചിലപ്പോൾ അതിൽ വിജയം കണ്ടേക്കാം, ചിലപ്പോൾ പരാജയപ്പെട്ടേക്കാമെന്നും മൗറിനോ പറഞ്ഞു.

ഡെലെ അലി നാളെ നടക്കുന്ന യൂറോപ്പ ലീഗ് മത്സരത്തിനുള്ള ടോട്ടൻഹാം ടീമിൽ ഇടം പിടിക്കുമോ എന്ന കാര്യത്തിൽ ജോസ് മൗറിനോ ഉറപ്പ് നൽകിയതും ഇല്ല. ഈ ട്രാൻസ്ഫർ വിൻഡോയിൽ ഡെലെ അലി ടോട്ടൻഹാം വിടാനുള്ള സാധ്യത കൂടുതലാണ്.

ടോട്ടൻഹാം ഗോൾ കീപ്പിങ് പരിശീലകന് വിലക്ക്

ടോട്ടൻഹാം ഗോൾ കീപ്പിങ് പരിശീലകൻ ന്യൂനോ സാന്റോസിനു പിഴയും ഒരു മത്സരത്തിൽ നിന്നും വിലക്കും. ന്യൂ കാസിലിനെതിരായ പ്രീമിയർ ലീഗ് മത്സരത്തിൽ മത്സരം തീരാൻ നിമിഷങ്ങൾ ബാക്കി നിൽക്കെ റഫറി പെനാൽറ്റി അനുവദിച്ചിരുന്നു. ഇതിനെതിരെ റഫറിയോട് തർക്കിച്ചതിനും മോശം ഭാഷ ഉപയോഗിച്ചതിനുമാണ് സാന്റോസിന് ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷൻ വിലക്ക് ഏർപ്പെടുത്തിയത്.

ന്യൂ കാസിലിനെതിരായ മത്സരത്തിന് ശേഷം റഫറി ന്യൂനോ സാന്റോസിന് ചുവപ്പ് കാർഡ് കാണിക്കുകയും ചെയ്തിരുന്നു. ഒരു മത്സരത്തിലെ വിലക്കിന് പുറമെ 8000 പൗണ്ട് പിഴയായി അടക്കുകയും വേണം. ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷൻ തനിക്കെതിരെ ചുമത്തിയ കുറ്റം ന്യൂനോ സാന്റോസ് അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്.

പെനാൽറ്റിയിൽ ചെൽസിയെ വീഴ്ത്തി മൗറിനോയും ടോട്ടൻഹാമും

ലീഗ് കപ്പിൽ പെനാൽറ്റി ഷൂട്ട്ഔട്ടിൽ ചെൽസിയെ വീഴ്ത്തി ടോട്ടൻഹാം ഇ.എഫ്.എൽ കപ്പിന്റെ ക്വർട്ടർ ഫൈനലിൽ. മത്സരത്തിന്റെ ഭൂരിഭാഗവും ലീഡ് നിലനിർത്തിയതിന് ശേഷമാണ് പെനാൽറ്റി ഷൂട്ട് ഔട്ടിൽ തോറ്റ് ചെൽസി പുറത്തായത്. ആദ്യ പകുതിയിൽ ടിമോ വെർണറിന്റെ ഗോളിലാണ് ചെൽസി മത്സരത്തിൽ ലീഡ് നേടിയത്. വെർണറിന്റെ ചെൽസിക്ക് വേണ്ടിയുള്ള ആദ്യത്തെ ഗോൾ കൂടിയായിരുന്നു ഇത്. ഫ്രാങ്ക് ലാമ്പർഡ് പരിശീലിപ്പിച്ച ഒരു ടീമിനെ ആദ്യമായാണ് മൗറിനോ പരാജയപെടുത്തുന്നത്.

എന്നാൽ രണ്ടാം പകുതിയിൽ ഉണർന്നു കളിച്ച ടോട്ടൻഹാം പലപ്പോഴും ചെൽസി ഗോൾ മുഖം ആക്രമിച്ചെങ്കിലും ഗോൾ മാത്രം വീണില്ല. ഇതിനിടയിൽ കിട്ടിയ രണ്ട് സുവർണ്ണാവസരങ്ങൾ ചെൽസി നഷ്ടപ്പെടുത്തുകയും ചെയ്തു. തുടർന്നാണ് മത്സരത്തിന്റെ 83ആം മിനുട്ടിൽ എറിക് ലാമേലയിലൂടെ ടോട്ടൻഹാം സമനില പിടിച്ചത്. തുടർന്ന് പെനാൽറ്റി ഷൂട്ട് ഔട്ടിൽ ടോട്ടൻഹാം നിരയിൽ എല്ലാവരും ഗോൾ നേടിയപ്പോൾ അവസാന കിക്ക്‌ എടുത്ത ചെൽസി താരം മേസൺ മൗണ്ട് പുറത്തടിച്ചതോടെ ടോട്ടൻഹാം ജയം ഉറപ്പിക്കുകയായിരുന്നു.

ചെൽസിയിൽ നിന്ന് അന്റോണിയോ റുഡിഗെറിനെ സ്വന്തമാക്കാൻ ജോസെ മൗറീനോ

ചെൽസി പ്രതിരോധ താരം അന്റോണിയോ റുഡിഗെറിനെ സ്വന്തമാക്കാൻ ടോട്ടൻഹാം പരിശീലകൻ ജോസെ മൗറീനോ. മോശം ഫോമിനെ തുടർന്ന് ചെൽസി നിരയിൽ റുഡിഗെറിന് അവസരങ്ങൾ കുറഞ്ഞതിന് പിന്നാലെയാണ് ചെൽസിയുടെ ലണ്ടൻ എതിരാളികൾ താരത്തെ സ്വന്തമാക്കാൻ രംഗത്തെത്തിയത്. പി.എസ്.ജിയിൽ നിന്ന് ബ്രസീലിയൻ താരം തിയാഗോ സിൽവ വന്നതോടെ ചെൽസിയിൽ റുഡിഗറിന് അവസരങ്ങൾ കുറയുമെന്ന് ഉറപ്പായിരുന്നു.

കൂടാതെ ഈ സീസണിൽ ചെൽസി കളിച്ച മൂന്ന് പ്രീമിയർ ലീഗ് മത്സരങ്ങളിലും റുഡിഗെറിന് അവസരം ലഭിച്ചിരുന്നില്ല. തിയാഗോ സിൽവയുടെ കൂടെ ആന്ദ്രെസ് ക്രിസ്റ്റൻസൺ, ഫികയോ ടോമോറി, സൂമ എന്നിവരെയാണ് ചെൽസി പരിശീലകൻ ഫ്രാങ്ക് ലാമ്പർഡ് പരീക്ഷിക്കുന്നതും. അതുകൊണ്ട് തന്നെ കൂടുതൽ അവസരങ്ങൾ ലഭിക്കുന്ന മറ്റൊരു ടീമിലേക്ക് റുഡിഗെർ മാറാനുള്ള സാധ്യത കൂടുതലാണ്.

കൂടാതെ അടുത്ത വർഷത്തെ യൂറോ കപ്പിനുള്ള ജർമൻ ടീമിൽ സ്ഥാനം ഉറപ്പിക്കാൻ റുഡിഗെറിന് സ്ഥിരമായി കളിക്കുകയും വേണം. ടോട്ടൻഹാം ടീമിൽ എത്തിക്കാൻ ഉദ്ദേശിച്ച ഇന്റർ മിലാൻ പ്രതിരോധ താരം മിലൻ സ്‌ക്രിനിയറിനെ സ്വന്തമാക്കാൻ വലിയ തുക ചിലവാക്കേണ്ടിവരുമെന്നതും റുഡിഗെറിനെ സ്വന്തമാക്കാൻ ടോട്ടൻഹാമിനെ പ്രേരിപ്പിക്കുന്നുണ്ട്.

വോൾവ്‌സിൽ നിന്നും ഡോഹെർട്ടിയുടെ ട്രാൻസ്ഫർ പൂർത്തിയാക്കി സ്പർസ്‌

വോൾവ്‌സിൽ നിന്നും പ്രതിരോധ താരം മാറ്റ് ഡോഹെർട്ടിയെ സ്വന്തമാക്കി സ്പർസ്‌. നാല് വർഷത്തെ കരാറിലാണ് ഡോഹെർട്ടി വോൾവ്‌സിൽ നിന്നും സ്പർസിൽ എത്തുന്നത്. 28കാരനായ ഡോഹെർട്ടി കഴിഞ്ഞ സീസണിൽ വോൾവ്‌സിന് വേണ്ടി 50 മത്സരങ്ങളിൽ ബൂട്ട് കെട്ടിയിട്ടുണ്ട്. ട്രാൻസ്ഫർ തുക ഇരു ടീമുകളും വെളിപ്പെടുത്തിയിലെങ്കിലും ഏകദേശം 15 മില്യൺ പൗണ്ടിനാണ് താരം സ്പർസിൽ എത്തിയത് എന്നാണ് കരുതപ്പെടുന്നത്.

സ്പർസിന്റെ ഈ സീസണിലെ മൂന്നാമത്തെ സൈനിങ്‌ ആണ് ഡോഹെർട്ടി. നേരത്തെ കീപ്പർ ജോ ഹാർട്ടിനെയും മിഡ്‌ഫീൽഡർ ഹോബെർഗിനെയും സ്പർസ്‌ നേരത്തെ സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗിൽ ഏഴാം സ്ഥാനത്ത് സീസൺ അവസാനിപ്പിച്ച വോൾവ്‌സിന് വേണ്ടി മുഴുവൻ മത്സരങ്ങളും കളിച്ച താരമാണ് ഡോഹെർട്ടി. വോൾവ്‌സിന് വേണ്ടി 300ൽ അധികം മത്സരങ്ങൾ താരം കളിച്ചിട്ടുണ്ട്. ഡോഹെർട്ടിയുടെ ട്രാൻസ്ഫർ പൂർത്തിയായതോടെ പ്രതിരോധ താരം സെർജ് ഓറിയർ ടീം വിടുമെന്നാണ് കരുതപ്പെടുന്നത്.

പോച്ചെറ്റിനോയുടെ മകന് ടോട്ടൻഹാമിൽ പുതിയ കരാർ

മുൻ ടോട്ടൻഹാം പരിശീലകൻ പോച്ചെറ്റിനോയുടെ മകൻ മൗറിസിയോ പോച്ചെറ്റിനോക്ക് ടോട്ടൻഹാമിൽ പുതിയ കരാർ. പോച്ചെറ്റിനോയെ പരിശീലക സ്ഥാനത്ത് നിന്ന് ടോട്ടൻഹാം നേരത്തെ പുറത്താക്കിയെങ്കിലും മകന് പുതിയ കരാർ നൽകാൻ ടോട്ടൻഹാം തീരുമാനിക്കുകയായിരുന്നു.

19കാരനായ മൗറിസിയോ പോച്ചെറ്റിനോയുടെ കരാർ ഇന്ന് അവസാനിക്കാനിരിക്കെയാണ് പുതിയ കരാർ നൽകാൻ ടോട്ടൻഹാം തീരുമാനിച്ചത്. മൂന്ന് വർഷം മുൻപാണ് മൗറിസിയോ പോച്ചെറ്റിനോ ടോട്ടൻഹാം അക്കാദമിയിൽ ചേരുന്നത്. തുടർന്ന് ക്ലബ്ബിന്റെ അണ്ടർ 18 ടീമിലും അണ്ടർ 23 ടീമിലും കളിച്ചെങ്കിലും സീനിയർ ടീമിൽ താരത്തിന് അവസരം ലഭിച്ചിരുന്നില്ല.

അതെ സമയം ടോട്ടൻഹാം പരിശീലക സ്ഥാനത്ത് നിന്ന് മാറി 8 മാസം ആയെങ്കിലും പോച്ചെറ്റിനോ ഇതുവരെ പുതിയ ടീമിന്റെ പരിശീലക ചുമതല ഏറ്റെടുത്തിട്ടില്ല.

മുൻ സ്പർസ്‌ പരിശീലകൻ പോച്ചെറ്റീനോക്കെതിരെ വിമർശനവുമായി ട്രിപ്പിയർ

മുൻ സ്പർസ്‌ പരിശീലകൻ പോച്ചെറ്റിനോക്കെതിരെയും സ്പർസ്‌ ചെയർമാൻ ഡാനിയൽ ലെവിക്കെതിരെയും കടുത്ത വിമർശനങ്ങളുമായി മുൻ സ്പർസ്‌ താരം കീറൻ ട്രിപ്പിയർ. ഇരുവരും സ്പർസിൽ തന്റെ ഭാവിയെ പറ്റി ഉറപ്പു തന്നില്ലെന്നും അതാണ് താൻ സ്പർസ്‌ വിട്ട് അത്ലറ്റികോ മാഡ്രിഡിലേക്ക് പോയതെന്നും ട്രിപ്പിയർ പറഞ്ഞു.

സ്പർസിൽ തന്നെ നിൽക്കാനായിരുന്നു തനിക്ക് താൽപര്യമെന്നും പരിശീലകനുമായും ചെയർമാനുമായും താൻ സംസാരിച്ചെന്നും എന്നാൽ രണ്ട് പേരും തന്റെ ഭാവിയെ പറ്റി ഒരു ഉറപ്പും തന്നില്ലെന്നും ട്രിപ്പിയർ പറഞ്ഞു.

കഴിഞ്ഞ വർഷത്തെ സമ്മർ ട്രാൻസ്ഫർ വിൻഡോയിലാണ് ട്രിപ്പിയർ ടോട്ടൻഹാം വിട്ട് സ്പാനിഷ് ക്ലബായ അത്ലറ്റികോ മാഡ്രിഡിൽ എത്തിയത്. 20 മില്യൺ പൗണ്ട് മുടക്കിയാൻ അത്ലറ്റികോ മാഡ്രിഡ് താരത്തെ സ്വന്തമാക്കിയത്. മോശം പ്രകടനങ്ങളെ തുടർന്ന് പോച്ചെറ്റിനോയെ കഴിഞ്ഞ നവംബറിൽ സ്പർസ്‌ പുറത്താക്കിയിരുന്നു.

ടോട്ടൻഹാം താരങ്ങൾ പരിക്കുമാറി തിരിച്ചെത്തി

ഏറെ കാലമായി പരിക്കിന്റെ പിടിയിലായിരുന്ന ടോട്ടൻഹാം താരങ്ങളായ ഹരി കെയ്ൻ, ബെർഗ്വിൻ, സിസോക്കോ എന്നിവരുടെ പരിക്കുകൾ ബേധമായെന്ന് ടോട്ടൻഹാം പരിശീലകൻ ജോസെ മൗറിനോ. എന്നാൽ അവർ കളത്തിൽ തിരിച്ചെത്താൻ എത്ര സമയമെടുക്കുമെന്ന് അറിയില്ലെന്നും ടോട്ടൻഹാം പരിശീലകൻ വ്യക്തമാക്കി.

അവരുടെ പരിക്ക് മാറി വരുന്ന സമയത്താണ് കൊറോണ വൈറസ് ബാധയെ തുടർന്ന് ടീമുകൾ പരിശീലനം നിർത്തിയതെന്നും ഒരുമിച്ച് പരിശീലനം തുടങ്ങാനുള്ള അനുമതി ലഭിച്ചാൽ മാത്രമേ അവർക്ക് മത്സരത്തിന് ആവശ്യമായ ഫിറ്റ്നസ് ഉണ്ടോ എന്ന കാര്യത്തിൽ തീരുമാനം എടുക്കാൻ കഴിയു എന്നും മൗറിനോ പറഞ്ഞു.

അതെ കഴിഞ്ഞ ടോട്ടൻഹാം താരങ്ങൾക്ക് പരിശീലനം നടത്താൻ ട്രെയിനിങ് ഗ്രൗണ്ടുകൾ തുറന്നു കൊടുത്തിരുന്നു. എന്നാൽ നിലവിൽ വ്യക്തിഗത പരിശീലനങ്ങൾക്ക് മാത്രമാണ് ട്രെയിനിങ് ഗ്രൗണ്ട് തുറന്നു കൊടുത്തിരിക്കുന്നത്.

പ്രീമിയർ ലീഗ് സീസൺ പൂർത്തിയാക്കുന്നതാണ് എല്ലാവർക്കും നല്ലതെന്ന് മൗറിനോ

ഈ വർഷത്തെ പ്രീമിയർ ലീഗ് സീസൺ പൂർത്തിയാക്കുന്നതാണ് എല്ലാവർക്കും നല്ലതെന്ന് ടോട്ടൻഹാം പരിശീലകൻ ജോസെ മൗറിനോ. ബാക്കിയുള്ള മുഴുവൻ മത്സരങ്ങളും കളിക്കുന്നത് ഫുട്ബോളിനും പ്രീമിയർ ലീഗിനും നല്ലതാവുമെന്നും മൗറിനോ പറഞ്ഞു.

ഫുട്ബോൾ മത്സരങ്ങൾ അടച്ചിട്ട സ്റ്റേഡിയത്തിൽ നടത്തിയാലും അത് യഥാർത്ഥത്തിൽ അടച്ചിട്ട സ്റ്റേഡിയത്തിൽ ആവില്ലെന്നും ക്യാമറ ഉള്ളത് കൊണ്ട് മത്സരം ലക്ഷകണക്കിന് ആളുകൾ കാണുമെന്നും മൗറിനോ പറഞ്ഞു. അത് കൊണ്ട് തന്നെ ഒരു ദിവസം കളികൾ ഇല്ലാത്ത ഗ്രൗണ്ടിലേക്ക് നടന്നു വരുമ്പോൾ അത് ഒരിക്കലും കാണികൾ ഇല്ലാത്ത ഗ്രൗണ്ട് ആവില്ലെന്നും മൗറിനോ പറഞ്ഞു.

തനിക്ക് ഇപ്പോൾ തന്നെ ഫുട്ബോൾ മത്സരങ്ങൾ മിസ് ചെയ്യുന്നുണ്ടെന്നും തനിക് തന്റെ ലോകം മുഴുവൻ നഷ്ടമാവുന്നുണ്ടെന്നും ഫുട്ബോൾ തന്റെ ലോകത്തിന്റെ ഭാഗമാണെന്നും മൗറിനോ പറഞ്ഞു. എന്നാൽ എല്ലാവരും കൊറോണ വൈറസിനെതിരായ പോരാട്ടം ഒരുമിച്ച് പോരാടണമെന്നും മൗറിനോ പറഞ്ഞു.

Exit mobile version