ഇന്ത്യന്‍ കോച്ചിന്റെ പ്രഖ്യാപനം ഇന്ന് വൈകുന്നേരം, സാധ്യത ശാസ്ത്രിയ്ക്കോ മൂഡിയ്ക്കോ?

ഇന്ത്യയുടെ പുതിയ കോച്ചിന്റെ പ്രഖ്യാപനം ഇന്ന് വൈകുന്നേരം ഏഴ് മണിയ്ക്കുണ്ടാകുമെന്ന് വിവരങ്ങളാണ് പുറത്ത് വരുന്നത്. ആറ് പേരുടെ ചുരുക്ക പട്ടികയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത് രവി ശാസ്ത്രി തന്നെയാണ്. ഇന്ത്യന്‍ നായകന്റെ പിന്തുണ ഏറെ ലഭിയ്ക്കുന്നു എന്നതാണ് രവി ശാസ്ത്രിയുടെ സാധ്യത വലുതാക്കുന്നത്. അതേ സമയം ഇന്ത്യയുടെ കോച്ചിന് ഏറ്റവും അനുയോജ്യന്‍ ടോം മൂഡിയാണെന്നാണ് പരക്കെ ഉയരുന്ന അഭിപ്രായം.

എന്നാല്‍ കോഹ്‍ലിയുടെ അഭിപ്രായത്തെ മറികടന്ന് മറ്റൊരാളെ തിരിഞ്ഞെടുക്കുവാന്‍ കപില്‍ ദേവ് നയിക്കുന്ന കമ്മിറ്റിയ്ക്ക് സാധിക്കുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്ന കാര്യം. ഈ രണ്ട് മുന്‍ നിര കോച്ചുമാര്‍ക്ക് പുറമെ മെക്ക് ഹെസ്സണ്‍, റോബിന്‍ സിംഗ്, ലാല്‍ചന്ദ് രാജ്പുത്, ഫില്‍ സിമ്മണ്‍സ് എന്നിവരാണ് ചുരുക്കപ്പട്ടികയില്‍ ഇടം പിടിച്ച മറ്റു സാധ്യതയുള്ള കോച്ചുമാര്‍.

ഇന്നാണ് ഇവരുടെ അഭിമുഖം ബിസിസിഐ ആസ്ഥാനത്ത് വെച്ചിരിക്കുന്നത്. വിന്‍ഡീസ് ടൂറില്‍ ഇന്ത്യന്‍ ടീമിനൊപ്പമുള്ളതിനാല്‍ ഇന്ത്യയുടെ നിലവിലെ കോച്ച് രവിശാസ്ത്രിയുടെ അഭിമുഖം സ്കൈപ്പ് വഴിയാണ് നടത്തുക.

രവിശാസ്ത്രി ഉള്‍പ്പെടെ ആറ് പേരുടെ ചുരുക്ക പട്ടിക തയ്യാര്‍

ഇന്ത്യയുടെ മുഖ്യ കോച്ചിനെ തിരഞ്ഞെടുക്കുന്നതിനായി ആറ് പേരുടെ ചുരുക്ക പട്ടിക തയ്യാറാക്കി കപില്‍ ദേവ് നയിക്കുന്ന ക്രിക്കറ്റ് അഡ്വൈസറി കമ്മിറ്റി. രവി ശാസ്ത്രി, മൈക്ക് ഹെസ്സണ്‍, ടോം മൂഡി, റോബിന്‍ സിംഗ്, ലാല്‍ചന്ദ് രാജ്പുത്, ഫില്‍ സിമ്മണ്‍സ് എന്നിവരെയാണ് അഭിമുഖത്തിനായി ബിസിസിഐ ഹെഡ്ക്വാര്‍ട്ടേഴ്സിലേക്ക് വെള്ളിയാഴ്ച എത്തുവാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

2000 അപേക്ഷകളാണ് വിവിധ പൊസിഷനുകളിലക്കായി ബിസിസിഐയ്ക്ക് ലഭിച്ചത്. മുഖ്യ കോച്ചിന്റെ തിരഞ്ഞെടുപ്പില്‍ മാത്രമാണ് കപില്‍ ദേവ് അംഗമായ കമ്മിറ്റിയുടെ അധികാരം. പിന്തുണ സ്റ്റാഫിനെ ചീഫ് സെലക്ടര്‍ എംഎസ്കെ പ്രസാദ് ആവും തിരഞ്ഞെടുക്കുക. ശാസ്ത്രിയുടെ ഇന്റര്‍വ്യൂ സ്കൈപ്പിലൂടെയാവും നടത്തുക. ഇന്ത്യന്‍ ടീം വിന്‍ഡീസില്‍ പര്യടനം നടത്തുന്നതിനാലാണ് ഇത്.

ക്യാപ്റ്റന്‍ വിരാട് കോഹ്‍ലിയുടെ പിന്തുണയുള്ളതിനാല്‍ രവി ശാസ്ത്രിയ്ക്ക് തന്നെയാണ് സാധ്യതയെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഇന്ത്യന്‍ കോച്ചാവാന്‍ മഹേലയും, മറ്റു പ്രമുഖരും സാധ്യത പട്ടികയില്‍

ഇന്ത്യയുടെ പുതിയ കോച്ചിനുള്ള അപേക്ഷ ശ്രീലങ്കന്‍ മുന്‍ നായകനും മുംബൈ ഇന്ത്യന്‍സ് കോച്ചുമായ മഹേല ജയവര്‍ദ്ധനേ സമര്‍പ്പിക്കുമെന്ന് സൂചന. ഫിനാന്‍ഷ്യല്‍ എക്സ്പ്രസ്സ് എന്ന മാധ്യമമാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്. മുംബൈ ഇന്ത്യന്‍സിനെ ഈ വര്‍ഷത്തേ ഐപിഎല്‍ കിരീടത്തിലേക്ക് നയിച്ച കോച്ചായിരുന്നു മഹേല. അഭ്യൂഹങ്ങള്‍ പ്രകാരം രോഹിത് ശര്‍മ്മയ്ക്ക് ഏകദിന ക്യാപ്റ്റന്‍സി ലഭിയ്ക്കുകയാണെങ്കില്‍ താരത്തിനൊപ്പം മുംബൈ ഇന്ത്യന്‍സില്‍ പ്രവര്‍ത്തിച്ച പരിചയം മഹേലയ്ക്ക് തുണയായേക്കുമെങ്കിലും മറ്റു പ്രമുഖ താരങ്ങളും ഈ പദവിയ്ക്ക് വേണ്ടി അപേക്ഷ സമര്‍പ്പിക്കുമെന്നാണ് അറിയുന്നത്.

ഗാരി കിര്‍സ്റ്റെന്‍, ടോം മൂഡി, വിരേന്ദര്‍ സേവാഗ് എന്നിവരാണ് പദവിയ്ക്കായി അപേക്ഷ നല്‍കുമെന്ന് കരുതപ്പെടുന്ന മറ്റ് പ്രമുഖര്‍. രണ്ട് വട്ടം ഐപിഎല്‍ കിരീടം മുംബൈ ഇന്ത്യന്‍സിനൊപ്പം നേടിയ താരമാണ് മഹേല. അതേ സമയം ഗാരി കിര്‍സ്റ്റെന്‍ നിലവില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ കോച്ചായി പ്രവര്‍ത്തിച്ച് വരികയാണ്. 2011 ഇന്ത്യ ലോകകപ്പ് നേടിയപ്പോള്‍ ടീമിന്റെ കോച്ചായിരുന്നു ഗാരി.

ശാസ്ത്രിയെ പരിഗണിച്ചപ്പോള്‍ ടീമിന്റെ കോച്ചിനായി ഒപ്പം പരിഗണിക്കപ്പെട്ട താരങ്ങളായിരുന്നു ടോം മൂഡിയും വിരേന്ദര്‍ സേവാഗും. ജൂലൈ 30നാണ് അപേക്ഷ സമര്‍പ്പിക്കുവാനുള്ള അവസാന തീയ്യതി.

വാര്‍ണര്‍ ഈ സീസണില്‍ 500 റണ്‍സ് ഉറപ്പ് നല്‍കിയിരുന്നു

സണ്‍റൈസേഴ്സിന്റെ ടോപ് ഓര്‍ഡറിലെ സൂപ്പര്‍ താരവും ടീമിന്റെ ഈ സീസണിലെ ബാറ്റിംഗ് നെടുംതൂണുമായ ഡേവിഡ് വാര്‍ണര്‍ ഈ സീസണില്‍ കുറഞ്ഞത് 500 റണ്‍സ് ഉറപ്പ് നല്‍കിയിരുന്നുവെന്ന് പറഞ്ഞ് വിവിഎസ് ലക്ഷ്മണ്‍. ടീമിന്റെ മെന്റര്‍ കൂടിയായ ലക്ഷ്മണ്‍ വാര്‍ണര്‍ കോച്ച് ടോം മൂഡിയോട് പറഞ്ഞ കാര്യം വെളിപ്പെടുത്തുകയായിരുന്നു. താന്‍ ഐപിഎലിലേക്ക് മടങ്ങിയെത്തുന്ന സീസണില്‍ 500 റണ്‍സ് ടീമിനായി നേടിയിരിക്കുമെന്നാണ് വാര്‍ണര്‍ ഉറപ്പ് നല്‍കിയത്.

പറഞ്ഞത് പോലെ 692 റണ്‍സ് നേടിയാണ് വാര്‍ണര്‍ ഈ സീസണ്‍ അവസാനിപ്പിച്ച് മടങ്ങിയത്. ഇംഗ്ലണ്ടിന്റെ ജോണി ബൈര്‍സ്റ്റോയോടൊപ്പം ഓപ്പണിംഗിനെത്തിയ വാര്‍ണര്‍ ഒരു ശതകം അടക്കം 8 അര്‍ദ്ധ ശതകങ്ങളും ഈ സീസണില്‍ നേടി. ഇരുവരും ഈ സീസണിലെ ഏറ്റവും അപകടകാരിയായ ഓപ്പണിംഗ് കൂട്ടുകെട്ടായി മാറിയിരുന്നു.

എന്നാല്‍ ഇപ്പോള്‍ ഇരു താരങ്ങളും മടങ്ങിയതോടെ സണ്‍റൈസേഴ്സിന്റെ ബാറ്റിംഗ് ശക്തി പൂര്‍ണ്ണമായും ക്ഷയിച്ചു കഴിഞ്ഞുവെന്ന് വേണം പറയുവാന്‍. ടീമില്‍ ഫോമിലുള്ള ഏക താരം മനീഷ് പാണ്ടേയാണ്. ക്യാപ്റ്റന്‍ കെയിന്‍ വില്യംസണും അധികം മികവ് പുലര്‍ത്തുവാന്‍ ഇതുവരെ സാധിച്ചിട്ടില്ല. 14 പോയിന്റുള്ള ടീം നിലവില്‍ പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്താണെങ്കിലും ഒരു ജയം കൂടി ഉറപ്പാക്കിയാലെ ടീമിനു പ്ലേ ഓഫ് യോഗ്യത സ്വന്തമാക്കുവാനാകൂ.

ഡേവിഡ് വാര്‍ണര്‍ ടോം മൂഡിയ്ക്ക് മെസ്സേജ്ജായി ആണ് ഈ 500 റണ്‍സിന്റെ കാര്യം അറിയിച്ചത്. അതിനു വേണ്ടി ദൃഢനിശ്ചയത്തോടെയാണ് വാര്‍ണര്‍ പരിശീലനങ്ങളില്‍ ഏര്‍പ്പെട്ടതും. താരം വിലക്ക് നേരിട്ട 2018 ഒഴികെ എല്ലാ സീസണിലും 500ലധികം റണ്‍സ് വാര്‍ണര്‍ നേടിയിരുന്നു. നിലവില്‍ 692 റണ്‍സോടെ ഓറഞ്ച് ക്യാപ് ഉടമ കൂടിയാണ് ഡേവിഡ് വാര്‍ണര്‍.

മനീഷ് പാണ്ടേ തിരിച്ച് വരവ് നടത്തുമെന്ന് വിശ്വസിക്കുന്നുവെന്ന് ടോം മൂഡി

സണ്‍റൈസേഴ്സിന്റെ മധ്യ നിര ബാറ്റ്സ്മാന്‍ മനീഷ് പാണ്ടേ തന്റെ മോശം ഫോം മറികടന്ന് ശക്തമായ തിരിച്ചുവരവ് നടത്തുമെന്ന് അറിയിച്ച് ടോം മൂഡി. മുന്‍ സീസണുകളില്‍ മികച്ച പ്രകടനം പുറത്തെടുത്ത താരത്തിന്റെ ഫോം മോശമായതിനെത്തുടര്‍ന്ന് ടീമിലെ സ്ഥാനം നഷ്ടപ്പെടുകയായിരുന്നു. ഡല്‍ഹിയ്ക്കെതിരെ താരത്തിനെ യൂസഫ് പത്താനൊപ്പം പുറത്തിരുത്തിയെങ്കിലും യൂസഫ് പത്താന്‍ ചെന്നൈയ്ക്കെതിരെയുള്ള മത്സരത്തില്‍ തിരിച്ചുവരവ് നടത്തിയെങ്കിലും മനീഷ് പാണ്ടേയുടെ സ്ഥാനം ടീമിനു പുറത്തായിരുന്നു.

മത്സര സാഹചര്യത്തിനനുസരിച്ചുള്ള ടീമുകളെ തിരഞ്ഞെടുക്കുകയാണ് തങ്ങള്‍ പാലിച്ച് പോകുന്നത്. അതിനാല്‍ തന്നെ വരും മത്സരങ്ങളില്‍ മനീഷ് ടീമിലേക്ക് വരുകയും ഫോം കണ്ടെത്തുകയും ചെയ്യുമെന്ന് കോച്ച് ടോം മൂഡി പറഞ്ഞു. മനീഷിനു തന്നെ തന്റെ മോശം ഫോമില്‍ അതൃപ്തിയുണ്ട്, അതിനാല്‍ തന്നെ താരം ശക്തമായ തിരിച്ചുവരവ് നടത്തി ടീമിന്റെ വിജയത്തില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുമെന്നാണ് ടോം മൂഡി അഭിപ്രായപ്പെട്ടത്.

രംഗ്പൂര്‍ റൈഡേഴ്സിനു കനത്ത തിരിച്ചടി, അലക്സ് ഹെയില്‍സിനു പരിക്ക്

പരിക്കേറ്റ അലക്സ് ഹെയില്‍സ് രംഗ്പൂര്‍ റൈഡേഴ്സിനു വേണ്ടി ഈ സീസണില്‍ കളിക്കില്ല. രാജ്ഷാഹി കിംഗ്സിനെതിരെയുള്ള മത്സരത്തിനിടെയാണ് താരത്തിനു പരിക്കേറ്റത്. ടൂര്‍ണ്ണമെന്റില്‍ മികച്ച ഫോമില്‍ കളിക്കുന്ന താരത്തിന്റെ അഭാവം രംഗ്പൂര്‍ റൈഡേഴ്സിനു കനത്ത തിരിച്ചടിയാകുമെന്ന് ഉറപ്പാണ്. ടീമിന്റെ പരിശീലന സെഷനു ശേഷം കോച്ച് ടോം മൂഡിയാണ് വാര്‍ത്ത സ്ഥിതീകരിച്ചത്.

താരം ലണ്ടനിലേക്ക് ഉടനെ മടങ്ങുമെന്നാണ് ലഭിക്കുന്ന വിവരം. ബാറ്റ് ചെയ്യുന്നതിനിടെയാണ് താരത്തിനു പരിക്കേറ്റതെന്നും മൂഡി വ്യക്തമാക്കി. പരിക്ക് ഫീല്‍ഡിംഗിനിടെയല്ലെന്ന് ഇംഗ്ലണ്ട് ബോര്‍ഡ് ചോദിച്ചപ്പോള്‍ അറിയിച്ചിട്ടുണ്ടെന്നും മൂഡി അറിയിച്ചു.

ടീം അവസാനം തുടര്‍ച്ചയായി ജയിച്ച നാല് മത്സരങ്ങളിലും ശ്രദ്ധേയമായ പ്രകടനമാണ് ഹെയില്‍സ് കാഴ്ചവെച്ചത്. 85*, 100, 55, 33 എന്നിങ്ങനെയായിരുന്നു ഈ വിജയങ്ങളില്‍ ഹെയില്‍സിന്റെ സംഭാവന.

Exit mobile version