ടോക്കിയോയിൽ ഇന്ത്യയ്ക്കിന്ന് സുദിനം, ആവണിയുടെ സ്വര്‍ണ്ണത്തിന് പിന്നാലെ എത്തിയത് രണ്ട് വെള്ളിയും ഒരു വെങ്കലവും

ടോക്കിയോ പരാലിമ്പിക്സിൽ ഇന്ത്യയ്ക്ക് മികച്ച ദിനം. ഷൂട്ടിംഗിൽ സ്വര്‍ണ്ണം നേടിയ ആവണിയുടെ നേട്ടത്തിന് പിന്നാലെ ഇന്ത്യയ്ക്ക് രണ്ട് വെള്ളിയും ഒരു വെങ്കലവും കൂടിയാണ് ലഭിച്ചിരിക്കുന്നത്. ഇതോടെ ഇന്ത്യയ്ക്ക് 7 മെഡലായി.

പുരുഷന്മാരുടെ F56 ഡിസ്കസ് ത്രോയിൽ യോഗേഷ് കാത്തുനിയയും ജാവ്‍ലിന്‍ ത്രോ F46 വിഭാഗത്തിൽ ദേവേന്ദ്ര ജജൂരിയയും വെള്ളി നേടിയപ്പോള്‍ ജാവ്‍‍ലിനിലെ ഇതേ മത്സരയിനത്തിൽ ഇന്ത്യയുടെ സുന്ദര്‍ സിംഗ് ഗുര്‍ജാര്‍ വെങ്കലം നേടി.

യോഗേഷ് 44.38 മീറ്റര്‍ ദൂരമാണ് ഡിസ്കസിൽ എറിഞ്ഞത്. ദേവേന്ദ്ര തന്റെ വ്യക്തിഗത മികവായ 64.35 നേടിയപ്പോള്‍ സുന്ദര്‍ സിംഗ് 64.01 മീറ്റര്‍ ദൂരമാണ് താണ്ടിയത്.

ഒളിമ്പിക്സ് ഉപേക്ഷിക്കണമെന്ന ആവശ്യവുമായി പ്രതിഷേധക്കാര്‍ ടോക്കിയോ തെരുവുകളില്‍

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഒളിമ്പിക്സ് ഗെയിംസ് ഉപേക്ഷിക്കണമെന്ന ആവശ്യവുമായി ജപ്പാനിലെ തെരുവിലേക്കിറങ്ങി പ്രതിഷേധക്കാര്‍. ജപ്പാനില്‍ കോവിഡിന്റെ പുതിയ തരംഗം വന്നതും വാക്സിനേഷന്‍ യഥാസമയത്ത് നടക്കാത്തതുമായ ഒരു സാഹചര്യം നിലനില്‍ക്കുമ്പോള്‍ ജപ്പാനില്‍ നടത്തിയ ഏറ്റവും പുതിയ അഭിപ്രായ സര്‍വ്വേയില്‍ 80 ശതമാനം ആളുകളും ഒളിമ്പിക്സ് ഉപേക്ഷിക്കണമെന്ന അഭിപ്രായമാണ് രേഖപ്പെടുത്തിയത്.

സര്‍ക്കാരിനോട് തീരുമാനം പരിശോധിക്കുവാനാവശ്യപ്പെട്ട് ഓണ്‍ലൈന്‍ പെറ്റീഷനും മറ്റുമായുള്ള പ്രതിഷേധ പരിപാടിയ്ക്കൊപ്പം തന്നെ ചിലര്‍ ടോക്കിയോ നഗരത്തിലെ തെരുവിലേക്ക് ഇറങ്ങിയും പ്രതിഷേധിക്കുന്നുണ്ട്. ജപ്പാനീസ് പ്രധാന മന്ത്രി യോഷിഡേ സുഗയുടെ സുരക്ഷിതമായി ഒളിമ്പിക്സ് നടത്താമെന്ന പ്രഖ്യാപനത്തില്‍ തങ്ങള്‍ക്ക് വിശ്വാസമില്ലെന്നാണ് അഭിപ്രായ സര്‍വ്വേയില്‍ പങ്കെടുത്ത 73 ശതമാനത്തിലധികം ആളുകള്‍ പറഞ്ഞത്.

ജപ്പാനിലെ വാക്സിനേഷന്‍ ഡ്രൈവുകള്‍ പതിഞ്ഞ വേഗതയിലാണ് നടക്കുന്നത്. ഇതും പ്രതിഷേധത്തിന് കാരണമായിട്ടുണ്ടെന്നാണ് ലഭിയ്ക്കുന്ന വിവരം. ജപ്പാനിലെ ജനസംഖ്യയില്‍ വെറും 3.7 ശതമാനം ആളുകള്‍ക്ക് മാത്രമാണ് ആദ്യ ഡോസ് വാക്സിനേഷന്‍ നല്‍കുവാന്‍ സാധിച്ചിട്ടുള്ളതെന്നാണ് ലഭിയ്ക്കുന്ന വിവരം.

വാക്സിനേഷന് ആവശ്യമായ വാക്സിനുകളുണ്ടെങ്കിലും സ്ലോട്ട് ബുക്കിംഗിലെ പാളിച്ചയുമെല്ലാം വാക്സിനേഷന്‍ ഡ്രൈവ് തടസ്സപ്പെടുവാന്‍ കാരണമായി എന്നാണ് അറിയുന്നത്.

ഒളിമ്പിക്സ് സ്വര്‍ണ്ണ മെഡിലിനായി ഇന്ത്യയ്ക്ക് പുറത്ത് പരിശീലനം നടത്തണം

ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ പരിക്ക് മൂലം പിന്മാറിയ ദീപക് പൂനിയ 86 കിലോ വിഭാഗത്തില്‍ വെള്ളി മെഡല്‍ നേട്ടം സ്വന്തമാക്കിയതോടൊപ്പം ഒളിമ്പിക്സ് യോഗ്യതയും നേരത്തെ ഉറപ്പാക്കിയിരുന്നുവെങ്കിലും ഒളിമ്പിക്സ് സ്വര്‍ണ്ണം നേടുവാന്‍ തനിക്ക് വിദേശ രാജ്യങ്ങളില്‍ പരിശീലനത്തില്‍ ഏര്‍പ്പെടേണ്ടതായിട്ടുണ്ടെന്ന് താരം അറിയിച്ചു. തന്റെ കന്നി സീനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത 19 വയസ്സുകാരന്‍ ദീപക് ആദ്യ ടൂര്‍ണ്ണമെന്റില്‍ തന്നെ ഫൈനലില്‍ കടന്നിരുന്നു.

കസാക്കിസ്ഥാനില്‍ നടന്ന മത്സരത്തില്‍ കാലിനും കണ്ണിനുമേറ്റ പരിക്കാണ് താരത്തിനെ ഫൈനലില്‍ നിന്ന് പിന്മാറുവാന്‍ പ്രേരിപ്പിച്ചത്. സ്വര്‍ണ്ണമാണ് താന്‍ മോഹിച്ചതെന്നും അതില്‍ അതീവ സങ്കടമുണ്ടെന്നും താരം പറഞ്ഞപ്പോള്‍ ഒളിമ്പിക്സ് യോഗ്യത നേടാനായതില്‍ സന്തോഷമുണ്ടെന്നും താരം പറഞ്ഞു. നിലവിലെ ലോക ജൂനിയര്‍ ചാമ്പ്യന്‍ കൂടിയായ ദീപക് ഈ ചാമ്പ്യന്‍ഷിപ്പിനായി കടുത്ത പരിശീലനത്തില്‍ ഏര്‍പ്പെട്ടുവെന്ന് പറഞ്ഞു.

ഒളിമ്പിക്സ് സ്വര്‍ണ്ണം തന്റെ സ്വപ്നമാണ്. ടോക്കിയോയില്‍ എല്ലാ മത്സരങ്ങളും കടുത്തതാവും എന്നാല്‍ ഇന്ത്യയ്ക്ക് പുറത്ത് പോയി പരിശീലിക്കാനായാല്‍ തനിക്ക് ഇത് സാധ്യമാകുമെന്നു പൂനിയ പറഞ്ഞു. ഈ പ്രകടനം തന്റെ ആത്മവിശ്വാസം ഏറെ വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്നും ഈ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത അനുഭവം തന്നെ വ്യത്യസ്തമായിരുന്നുവെന്നും പൂനിയ പറഞ്ഞു. ലോക ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ കടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ താരം എന്ന ബഹുമതി കൂടിയാണ് താരം സ്വന്തമാക്കിയത്.

ടൂര്‍ണ്ണമെന്റിന്റെ ആദ്യ റൗണ്ടിലാണ് താരത്തിന് പരിക്ക് പറ്റിയത്. ഇത്തരം പരിക്കുകള്‍ ഗുസ്തിയില്‍ സഹജമാണെന്നും താരം വ്യക്തമാക്കി.

Exit mobile version