മികച്ച നിലയില്‍ നിന്ന് ഇംഗ്ലണ്ടിന് തകര്‍ച്ച, ന്യൂസിലാണ്ട് പ്രതിരോധത്തില്‍

ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 353 റണ്‍സ് പിന്തുടരുന്ന ന്യൂസിലാണ്ട് രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ 144/4 എന്ന നിലയില്‍. 209 റണ്‍സ് പിന്നിലായി നില്‍ക്കുന്ന ന്യൂസിലാണ്ടിന് വേണ്ടി ഹെന്‍റി നിക്കോളസ്(26*), ബിജെ വാട്‍ളിംഗ്(6*) എന്നിവാണ് ക്രീസിലുള്ളത്. ജീത്ത് റാവല്‍(19), ടോം ലാഥം(8), റോസ് ടെയിലര്‍ (25) എന്നിവരുടെ വിക്കറ്റുകളാണ് ആതിഥേയര്‍ക്ക് നഷ്ടമായത്. ന്യൂസിലാണ്ടിന് വേണ്ടി ചെറുത്ത് നില്പ് നടത്തുകയായിരുന്ന കെയിന്‍ വില്യംസണിനെ രണ്ടാം ദിവസം അവസാനിക്കുവാന്‍ ഏതാനും ഓവറുകള്‍ മാത്രം അവശേഷിക്കെ ടീമിന് നഷ്ടമായത് വലിയ തിരിച്ചടിയായി. 51 റണ്‍സ് നേടിയ വില്യംസണ്‍ തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കിയ ഉടനെ സാം കറന് വിക്കറ്റ് നല്‍കി മടങ്ങുകയായിരുന്നു.

നേരത്തെ ഒന്നാം ദിവസം ബാറ്റിംഗ് പുനരാരംഭിച്ച ഇംഗ്ലണ്ടിന് അധികം വൈകാതെ ബെന്‍ സ്റ്റോക്സിനെ നഷ്ടമായി. ശതകത്തിന് 9 റണ്‍സ് അകലെ 91 റണ്‍സിലാണ് താരം പുറത്തായത്. ഏതാനും ഓവറുകള്‍ക്കുള്ളില്‍ ഒല്ലി പോപിനെ നഷ്ടമായ ഇംഗ്ലണ്ടിന് അടുത്ത പന്തില്‍ സാം കറനെ നഷ്ടമായി. മൂന്ന് വിക്കറ്റുകളും വീഴ്ത്തിയത് ടിം സൗത്തി ആയിരുന്നു.

277/4 എന്ന നിലയില്‍ നിന്ന് 295/8 എന്ന നിലയിലേക്ക് വീണ ഇംഗ്ലണ്ടിനെ ഒമ്പതാം വിക്കറ്റില്‍ 52 റണ്‍സ് നേടിയ ജോസ് ബട്‍ലര്‍-ജാക്ക് ലീഷ് കൂട്ടുകെട്ടാണ് മുന്നോട്ട് നയിച്ചത്. ബട്‍ലര്‍ 43 റണ്‍സ് നേടി വാഗ്നര്‍ക്ക് വിക്കറ്റ് നല്‍കിയപ്പോള്‍ സ്റ്റുവര്‍ട് ബ്രോഡിനെയും പുറത്താക്കി നീല്‍ വാഗ്നര്‍ ഇംഗ്ലണ്ടിനെ ഓള്‍ഔട്ട് ആക്കി.

ജാക്ക് ലീഷ് 18 റണ്‍സുമായി പുറത്താകാതെ നിന്നു. ന്യൂസിലാണ്ടിനായി ടിം സൗത്തി നാലും നീല്‍ വാഗ്നര്‍ മൂന്നും വിക്കറ്റ് നേടി.

ന്യൂസിലാണ്ടിനെ എറിഞ്ഞിട്ട് മാത്യൂ പാര്‍ക്കിന്‍സണ്‍, ഇംഗ്ലണ്ടിന് 76 റണ്‍സ് വിജയം

242 എന്ന വലിയ ടി20 ലക്ഷ്യം പിന്തുടരാനിറങ്ങിയ ന്യൂസിലാണ്ടിന് നാണക്കേടുണ്ടാക്കുന്ന തോല്‍വി സമ്മാനിച്ച് ഇംഗ്ലണ്ട്. ഇന്ന് നടന്ന നാലാം ടി20 മത്സരത്തില്‍ ഇംഗ്ലണ്ട് 165 റണ്‍സിന് ന്യൂസിലാണ്ടിനെ ഓള്‍ഔട്ട് ആക്കി 76 റണ്‍സിന്റെ വിജയമാണ് സ്വന്തമാക്കിയത്. മാത്യൂ പാര്‍ക്കിന്‍സണ്‍ നാല് വിക്കറ്റ് വീഴ്ത്തിയാണ് ന്യൂസിലാണ്ടിന് കനത്ത പ്രഹരം നല്‍കിയത്. 16.5 ഓവറിലാണ് ആതിഥേയര്‍ ഓള്‍ഔട്ട് ആയത്. നേപ്പിയറില്‍ നടന്ന മത്സരത്തില്‍ 15 പന്തില്‍ നിന്ന് 39 റണ്‍സ് നേടിയ ടിം സൗത്തിയാണ് ന്യൂസിലാണ്ട് നിരയിലെ ടോപ് സ്കോറര്‍.

കോളിന്‍ മണ്‍റോ 30 റണ്‍സും മാര്‍ട്ടിന്‍ ഗപ്ടില്‍ 27 റണ്‍സും നേടി ടോപ് ഓര്‍ഡറില്‍ മികച്ച തുടക്കം ന്യൂസിലാണ്ടിന് നല്‍കിയെങ്കിലും അധികം വൈകാതെ ന്യൂസിലാണ്ടിന്റെ തകര്‍ച്ച ആരംഭിച്ചു. 4.3 ഓവറില്‍ 54 റണ്‍സ് നേടിയ ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് മടങ്ങിയതിന് ശേഷം തുടര്‍ച്ചയായി ന്യൂസിലാണ്ടിന് വിക്കറ്റുകള്‍ നഷ്ടമാകുകയായിരുന്നു.

ക്രിസ് ജോര്‍ദ്ദന് രണ്ട് വിക്കറ്റ് ലഭിച്ചു. അതേ സമയം ജയത്തോടെ പരമ്പരയില്‍ ഇംഗ്ലണ്ട് 2-2 എന്ന നിലയില്‍ ന്യൂസിലാണ്ടിനൊപ്പം എത്തുകയും ചെയ്തു.

ഇംഗ്ലണ്ടിനെതിരെ ടി20 മത്സരങ്ങളില്‍ കെയിന്‍ വില്യംസണ്‍ കളിക്കില്ല, സ്ക്വാഡ് പ്രഖ്യാപിച്ചു

ഇംഗ്ലണ്ടിനെതിരായ ടി20 മത്സരങ്ങളില്‍ കെയിന്‍ വില്യംസണ്‍ കളിക്കില്ല. ഇടുപ്പിനേറ്റ പരിക്കാണ് താരത്തിന് വിനയായി മാറിയത്. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ പകരം ക്യാപ്റ്റനായി ടിം സൗത്തിയാണ് ചുമതലയേല്‍ക്കുക. സെപ്റ്റംബറില്‍ ശ്രീലങ്കയില്‍ നടന്ന ടി20 പരമ്പരയില്‍ സൗത്തിയായിരുന്നു ടീമിന്റെ ക്യാപ്റ്റന്‍. പ്ലങ്കറ്റ് ഷീല്‍ഡില്‍ കെയിന്‍ വില്യംസണ്‍ നോര്‍ത്തേണ്‍ ഡിസ്ട്രിക്ട്സിന് വേണ്ടി കളിച്ചിരുന്നുവെങ്കിലും അതിന് ശേഷമാണ് താരത്തിന് വിശ്രമം നല്‍കാമെന്ന തീരുമാനം ടീം മാനേജ്മെന്റ് കൈക്കൊണ്ടത്.

മാര്‍ച്ചില്‍ ബംഗ്ലാദേശിനെതിരെയുള്ള അവസാന ടെസ്റ്റില്‍ താരം വിട്ട് നിന്നതും സമാനമായ പരിക്ക് മൂലമാണെന്ന് കോച്ചി ഗാരി സ്റ്റെഡ് വ്യക്തമാക്കി. പരിക്ക് മാറി ലോക്കി ഫെര്‍ഗൂസണും പരമ്പരയില്‍ തിരിച്ചു വരവ് നടത്തും. താരത്തെ ആദ്യ മൂന്ന് മത്സരങ്ങളിലേക്കാണ് പരിഗണിക്കുന്നത്. അതിന് ശേഷം ട്രെന്റ് ബോള്‍ട്ട് ടീമിലേക്ക് പകരം താരമായി എത്തും.

ന്യൂസിലാണ്ട്: ടിം സൗത്തി, ട്രെന്റ് ബോള്‍ട്ട്(അവസാന രണ്ട് മത്സരം), കോളിന്‍ ഡി ഗ്രാന്‍ഡോം, ലോക്കി ഫെര്‍ഗൂസണ്‍(ആദ്യ മൂന്ന് മത്സരം), മാര്‍ട്ടിന്‍ ഗപ്ടില്‍, സ്കോട്ട് കുജ്ജെലൈന്‍, ഡാരല്‍ മിച്ചല്‍, കോളിന്‍ മണ്‍റോ, ജെയിംസ് നീഷം, മിച്ചല്‍ സാന്റനര്‍, ടിം സീഫെര്‍ട്, ഇഷ് സോധി, റോസ് ടെയിലര്‍, ബ്ലെയര്‍ ടിക്ക്നര്‍

മികച്ച കാണികള്‍ക്ക് മുന്നിലുള്ള മികച്ച മത്സര വിജയങ്ങള്‍

ശ്രീലങ്കയ്ക്കെതിരെ ടി20 പരമ്പര വിജയത്തെക്കുറിച്ച് ന്യൂസിലാണ്ട് ക്യാപ്റ്റന്‍ ടിം സൗത്തി വിശേഷിപ്പിച്ചത് – മികച്ച കാണികളുടെ മുന്നിലുള്ള മികച്ച മത്സര വിജയങ്ങളെന്നാണ്. ഇന്നലെ കളിയിലെ താരം കൂടിയായി തിരഞ്ഞെടുക്കപ്പെട്ട സൗത്തി തന്റെ നാലോവര്‍ സ്പെല്ലില്‍ വെറും 18 റണ്‍സിനാണ് 2 വിക്കറ്റ് നേടിയത്. മറ്റ് ന്യൂസിലാണ്ട് ബൗളര്‍മാരെല്ലാം തങ്ങളുടെ നാലോവറില്‍ 30ന് മുകളില്‍ റണ്‍സ് വഴങ്ങിയപ്പോളാണ് സൗത്തിയുടെ ഈ മിന്നും പ്രകടനം.

ഇത്തരം വാശിയേറിയ ത്രില്ലര്‍ മത്സരങ്ങളില്‍ അവസാന കടമ്പ കടക്കുക എന്നത് എപ്പോളും ആശ്വാസം നല്‍കുന്ന കാര്യമാണ്. ടീമില്‍ അവസാനം വരെ അടിച്ച് തകര്‍ത്ത് ബാറ്റ് ചെയ്യുവാന്‍ ശേഷിയുള്ള താരങ്ങളുണ്ടെന്നും ടിം സൗത്തി വെളിപ്പെടുത്തി.

ഓരോ മത്സരങ്ങളിലും ഓരോ താരങ്ങള്‍ ടീമിന്റെ വിജയത്തിലേക്ക് സംഭാവന ചെയ്യുന്നത് വളരെ മികച്ച കാര്യമാണെന്നും ടിം സൗത്തി വ്യക്തമാക്കി. കോളിന്‍ ഡി ഗ്രാന്‍ഡോമും ടോം ബ്രൂസും വളരെ നിര്‍ണ്ണായക പ്രകടനമാണ് ആദ്യ വിക്കറ്റുകള്‍ തുടക്കത്തിലെ നഷ്ടമായ ശേഷം പുറത്തെടുത്തതെന്നും ടിം സൗത്തി വെളിപ്പെടുത്തി. പരമ്പര വിജയം ഇന്ന് ആഘോഷിച്ച ശേഷം അടുത്ത മത്സരത്തിലേക്ക് ടീം ശ്രദ്ധ തിരിക്കുമെന്നും പറഞ്ഞു.

അവസാന ഓവറിലെ ഭാഗ്യത്തിന്റെ പിന്തുണയ്ക്ക് ശേഷം ശ്രീലങ്കന്‍ താരങ്ങളായ ഷെഹാന്‍ ജയസൂര്യയും കുശല്‍ മെന്‍ഡിസും കൂട്ടിയിടിയ്ക്ക് ശേഷം പരിക്കൊന്നുമില്ലാതെ രക്ഷപ്പെട്ടുവെന്നത് സന്തോഷം നല്‍കുന്ന കാര്യമാണെന്നും ടിം സൗത്തി വ്യക്തമാക്കി.

രക്ഷകനായി ധനന്‍ജയ ഡി സില്‍വ, താരത്തിന്റെ അഞ്ചാം ശതകം ശ്രീലങ്കയെ നയിച്ചത് മാന്യമായ സ്കോറിലേക്ക്

93/4 എന്ന നിലയില്‍ ശ്രീലങ്കയ്ക്കായി ബാറ്റിംഗ് ക്രീസിലെത്തിയ ധനന്‍ജയയ്ക്ക് മറുവശത്ത് വിക്കറ്റുകള്‍ വീഴുന്നത് കാണേണ്ടി വന്നുവെങ്കിലും ഒറ്റയ്ക്ക് പൊരുതി ലങ്കയെ മാന്യമായ സ്കോറിലേക്ക് നയിക്കുകയാണ് ഈ മധ്യനിര താരം. 130/6 എന്ന നിലയിലേക്ക് വീണ ശ്രീലങ്ക ചുരുങ്ങിയ സ്കോറിന് പുറത്താകുമെന്നാണ് കരുതിയതെങ്കിലും മറ്റ് പദ്ധതികളുമായാണ് ഡി സില്‍വ ക്രീസിലെത്തിയത്. തന്റെ അഞ്ചാം ശതകം നേടിയപ്പോള്‍ വ്യക്തിഗത നേട്ടം മാത്രമല്ല താരം സ്വന്തമാക്കിയത്. രണ്ടാം ടെസ്റ്റില്‍ പൊരുതി നോക്കുവാന്‍ ലങ്കന്‍ ബൗളര്‍മാര്‍ക്ക് വേണ്ട ഒരു സ്കോര്‍ കൂടിയാണ് താരം നേടികൊടുത്തത്.

109 റണ്‍സ് നേടിയ താരം ഇന്നിംഗ്സിലെ അവസാന വിക്കറ്റായി പുറത്തായപ്പോള്‍ 16 ബൗണ്ടറിയും 2 സിക്സും നേടിയിരുന്നു. 244 റണ്‍സിനാണ് ലങ്കയുടെ ഒന്നാം ഇന്നിംഗ്സ് അവസാനിച്ചത്. ട്രെന്റ് ബോള്‍ട്ട് മൂന്നും ടിം സൗത്തി 4 വിക്കറ്റും നേടിയാണ് ന്യൂസിലാണ്ട് ബൗളര്‍മാരില്‍ തിളങ്ങിയത്.

250 ടെസ്റ്റ് വിക്കറ്റ് നേടുന്ന മൂന്നാമത്തെ ന്യൂസിലാണ്ട് ബൗളറായി ട്രെന്റ് ബോള്‍ട്ട്, തൊട്ട് പുറകെ ടിം സൗത്തിയും

ന്യൂസിലാണ്ടിന് വേണ്ടി 250ലധികം വിക്കറ്റ് നേടുന്ന മൂന്നാമത്തെ ബൗളറായി ട്രെന്റ് ബോള്‍ട്ട്. ഇന്ന് ആഞ്ചലോ മാത്യൂസിനെയും കുശല്‍ പെരേരയെയും ഒരേ ഓവറില്‍ പുറത്താക്കിയാണ് ബോള്‍ട്ട് ഈ നേട്ടം കുറിച്ചത്. ഇപ്പോള്‍ 251 വിക്കറ്റുമായാണ് ബോള്‍ട്ട് നിലകൊള്ളുന്നത്. തന്റെ സഹതാരം ടിം സൗത്തിയും ഈ നേട്ടത്തിന് തൊട്ടു പിന്നിലെത്തി നില്‍ക്കുകയാണ്. ഇന്ന് ദിമുത് കരുണാരത്നേയെയും നിരോഷന്‍ ഡിക്ക്വെല്ലയെയും പുറത്താക്കി സൗത്തി തന്റെ വിക്കറ്റ് നേട്ടം 248 ആക്കി ഉയര്‍ത്തിയിട്ടുണ്ട്.

ഈ ടെസ്റ്റില്‍ തന്നെ സൗത്തിയും 250 ടെസ്റ്റ് വിക്കറ്റെന്ന നേട്ടം മറികടക്കുവാനാണ് സാധ്യത. 431 വിക്കറ്റ് നേടിയ റിച്ചാര്‍ഡ് ഹാഡ്‍ലിയും 361 വിക്കറ്റ് നേടിയ ഡാനിയേല്‍ വെട്ടോറിയും ആണ് ന്യൂസിലാണ്ട് താരങ്ങളില്‍ ഏറ്റവും അധികം ടെസ്റ്റ് വിക്കറ്റുകള്‍ നേടിയ താരങ്ങള്‍.

ലഞ്ചിന് തൊട്ട് മുമ്പ് സൗത്തിയുടെ ഇരട്ട പ്രഹരം, ശ്രീലങ്കയുടെ നില പരുങ്ങലില്‍

65 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ദിമുത് കരുണാരത്നയേയും റണ്ണൊന്നുമെടുക്കാതെ നിരോഷന്‍ ഡിക്ക്വല്ലയെയും ഒരേ ഓവറില്‍ ടിം സൗത്തി പുറത്താക്കിയപ്പോള്‍ 130/4 എന്ന നിലയില്‍ നിന്ന് 130/6 എന്ന നിലയിലേക്ക് വീണ് ശ്രീലങ്ക. ലഞ്ചിന് ടീമുകള്‍ പിരിയുന്നതിന് തൊട്ട് മുമ്പാണ് ലങ്കയ്ക്ക് ഈ തിരിച്ചടി നേരിടേണ്ടി വന്നത്. ലഞ്ചിന് പിരിയുമ്പോള്‍ ശ്രീലങ്ക 144/6 എന്ന നിലയിലാണ്.

നേരത്തെ ട്രെന്റ് ബോള്‍ട്ട് രണ്ട് വിക്കറ്റുകള്‍ നേടി തലേ ദിവസത്തെ സ്കോറില്‍ നിന്ന് ബാറ്റിംഗ് പുനരാരംഭിച്ച ആഞ്ചലോ മാത്യൂസിനെ പുറത്താക്കി. ഏതാനും പന്തുകള്‍ക്ക് ശേഷം കുശല്‍ പെരേരയെയും അതേ ഓവറില്‍ പൂജ്യത്തിന് ബോള്‍ട്ട് പുറത്താക്കിയപ്പോള്‍ 93/2 എന്ന നിലയില്‍ നിന്ന് 93/4 എന്ന നിലയിലേക്ക് ശ്രീലങ്ക വീണു.

ധനന്‍ജയ ഡിസില്‍വയിലാണ് ലങ്കയുടെ ഇപ്പോളത്തെ അവസാന പ്രതീക്ഷ. 32 റണ്‍സാണ് ധനന്‍ജയ ഡിസില്‍വ നേടിയിരിക്കുന്നത്.കൂട്ടിന് അഞ്ച് റണ്‍സുമായി ദില്‍രുവന്‍ പെരേരയും ഉണ്ട്.

വാഗ്നര്‍ അഞ്ചാം റാങ്കിലേക്ക്

ടെസ്റ്റ് ബൗളര്‍മാരുടെ പട്ടികയില്‍ അഞ്ചാം റാങ്കിലേക്ക് ഉയര്‍ന്ന് നീല്‍ വാഗ്നര്‍. ബംഗ്ലാദേശിനെതിരെയുള്ള രണ്ട് ഇന്നിംഗ്സ് വിജയങ്ങളിലും നിര്‍ണ്ണായക ബൗളിംഗ് പ്രകടനം പുറത്തെടുത്തതാണ് താരത്തിനു റാങ്കിംഗില്‍ വന്‍ കുതിച്ച് കയറ്റും നടത്തുവാന്‍ സഹായകരമായത്. 16 വിക്കറ്റുകളാണ് ആദ്യ രണ്ട് മത്സരങ്ങളില്‍ നിന്ന് വാഗ്നര്‍ നേടിയത്. 6 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ താരം 801 റേറ്റിംഗ് പോയിന്റിലാണ് നില്‍ക്കുന്നത്. ഇതിനു മുമ്പ് റിച്ചാര്‍ഡ് ഹാഡ്ലിയും ട്രെന്റ് ബോള്‍ട്ടുമാണ് ന്യൂസിലാണ്ടിനായി 801 റേറ്റിംഗ് പോയിന്റിലെത്തിയത്.

ടിം സൗത്തി 2014ല്‍ 799 പോയിന്റ് വരെ നേടിയിരുന്നുവെങ്കിലും അതിലും മെച്ചപ്പെടാനായിട്ടില്ല. ട്രെന്റ് ബോള്‍ട്ട് നിലവിലെ റാങ്കിംഗില്‍ ഏഴാം സ്ഥാനത്താണുള്ളത്.

രണ്ടാം ഇന്നിംഗ്സില്‍ പൊരുതി നോക്കി ബംഗ്ലാദേശ്, ന്യൂസിലാണ്ടിനു ഇന്നിംഗ്സ് ജയം

ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കുവാന്‍ ബംഗ്ലാദേശ് ആവുന്നത്ര ശ്രമിച്ചുവെങ്കിലും ഒരിന്നിംഗ്സിനും 52 റണ്‍സിനും ജയം കരസ്ഥമാക്കി ന്യൂസിലാണ്ട്. 715/6 എന്ന വലിയ സ്കോര്‍ നേടി ഡിക്ലറേഷന്‍ നടത്തിയ ന്യൂസിലാണ്ടിനു വെല്ലുവിളിയാവും ബംഗ്ലാദേശ് എന്ന് ആരും തന്നെ കരുതിയിട്ടില്ലെങ്കിലും വീണ്ടും ആതിഥേയരെ ബാറ്റ് ചെയ്യിക്കുവാന്‍ വേണ്ട സ്കോര്‍ നേടി ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കുക എന്നതായിരുന്നു ടീമിന്റെ ലക്ഷ്യം.

എന്നാല്‍ ആദ്യ ഇന്നിംഗ്സില്‍ വളരെ തുച്ഛമായ സ്കോറിനു ടീം പുറത്തായത് അവസാനം ബംഗ്ലാദേശിനു വിനയായി മാറുകയായിരുന്നു. സൗമ്യ സര്‍ക്കാരും മഹമ്മദുള്ളയും ശതകങ്ങള്‍ നേടി പൊരുതിയെങ്കിലും അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടിനെ പുറത്താക്കിയ ശേഷം കാര്യമായ ചെറുത്ത് നില്പ് വാലറ്റത്തില്‍ നിന്നുയരാതെ പോയത് ബംഗ്ലാദേശിനു തിരിച്ചടിയായി.

126/4 എന്ന നിലയില്‍ ഒത്തുകൂടിയ സൗമ്യ സര്‍ക്കാര്‍-മഹമ്മദുള്ള കൂട്ടുകെട്ട് 235 റണ്‍സാണ് അഞ്ചാം വിക്കറ്റില്‍ നേടിയത്. വീണ്ടും ന്യൂസിലാണ്ടിനെ ബാറ്റ് ചെയ്യിപ്പിക്കുവാന്‍ ഇരുവര്‍ക്കും ആവുമെന്ന് കരുതിയ നിമിഷത്തിലാണ് 149 റണ്‍സ് നേടിയ സൗമ്യ സര്‍ക്കാരിനെ ട്രെന്റ് ബോള്‍ട്ട് പുറത്താക്കിയത്. ബോള്‍ട്ടും വാഗ്നരറും ശേഷിക്കുന്ന വിക്കറ്റുകള്‍ നേടിയപ്പോള്‍ 146 റണ്‍സ് നേടിയ മഹമ്മദുള്ളയെ ഒമ്പതാം വിക്കറ്റായി ടിം സൗത്തി പുറത്താക്കി. നാല് പന്തുകള്‍ക്ക് ശേഷം അതേ ഓവറില്‍ തന്നെ ബംഗ്ലാദേശ് ഇന്നിംഗ്സിനും മത്സരത്തിനും തിരശ്ശീലയിടുവാനും സൗത്തിയ്ക്ക് സാധിച്ചു.

ന്യൂസിലാണ്ടിനായി ട്രെന്റ് ബോള്‍ട്ട് 5 വിക്കറ്റും ടിം സൗത്തി മൂന്നും വിക്കറ്റുകള്‍ നേടിയപ്പോള്‍ നീല്‍ വാഗ്നര്‍ക്കായിരുന്നു രണ്ടാം വിക്കറ്റ്.

സൗത്തിയുടെ സ്പെല്ലില്‍ തകര്‍ന്ന് ബംഗ്ലാദേശ്, പൊരുതി നോക്കിയത് സബ്ബിര്‍ റഹ്മാനും മുഹമ്മദ് സൈഫുദ്ദീനും മാത്രം

ഡുണേഡിനിന്‍ ഏകദിനത്തില്‍ 88 റണ്‍സ് വിജയം സ്വന്തമാക്കി ന്യൂസിലാണ്ട്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ട് 6 വിക്കറ്റ് നഷ്ടത്തില്‍ 330 റണ്‍സ് നേടിയപ്പോള്‍ ബംഗ്ലാദേശിനു 242 റണ്‍സ് മാത്രമേ നേടാനായുള്ളു. 47.2 ഓവറില്‍  ടീം ഓള്‍ഔട്ടായപ്പോള്‍ പരമ്പരയിലെ മൂന്നാം മത്സരത്തില്‍ 88 റണ്‍സിന്റെ വിജയം ആതിഥേയര്‍ സ്വന്തമാക്കി.

ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ടിനു വേണ്ടി റോസ് ടെയിലര്‍ 69 റണ്‍സ് നേടി ടോപ് സ്കോറര്‍ ആയി. ഹെന്‍റി നിക്കോളസ്(64), ടോം ലാഥം(59) എന്നിവര്‍ക്കൊപ്പം ജെയിംസ് നീഷവും കോളിന്‍ ഡി ഗ്രാന്‍ഡോമും അടിച്ച് തകര്‍ത്തപ്പോള്‍ ന്യൂസിലാണ്ട് അനായാസം മുന്നൂറ് കടക്കുകയായിരുന്നു. 37 വീതം റണ്‍സാണ് നീഷവും ഗ്രാന്‍ഡോമും നേടിയത്. ഗ്രാന്‍ഡോം 15 പന്ത് നേരിട്ട് പുറത്താകാതെ നിന്നു. മിച്ചല്‍ സാന്റനര്‍ 9 പന്തില്‍ നിന്ന് പുറത്താകാതെ 16 റണ്‍സും നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് ടോപ് ഓര്‍ഡറിനെ ടിം സൗത്തി തകര്‍ത്തെറിയുകയായിരുന്നു. ആദ്യ ഓവറില്‍ തന്നെ തമീം ഇക്ബാലിനെയും സൗമ്യ സര്‍ക്കാരിനെയും പുറത്താക്കിയ സൗത്തി തന്റെ അടുത്ത ഓവറില്‍ ലിറ്റണ്‍ ദാസിനെയും മടക്കി. തകര്‍ച്ചയില്‍ നിന്ന് മുഹമ്മദ് സൈഫുദ്ദീനും സബ്ബിര്‍ റഹ്മാനും മാത്രമാണ് ബംഗ്ലാദേശിനെ രക്ഷിക്കുവാന്‍ ശ്രമങ്ങള്‍ നടത്തിയത്. മെഹ്ദി ഹസനും 37 റണ്‍സുമായി പൊരുതി നോക്കി.

സബ്ബിര്‍ റഹ്മാന്‍ തന്റെ ശതകം പൂര്‍ത്തിയാക്കി 102 റണ്‍സ് നേടി അവസാന വിക്കറ്റായി പുറത്തായപ്പോള്‍ മുഹമ്മദ് സൈഫുദ്ദീന്‍ 44 റണ്‍സ് നേടി പുറത്തായി. ന്യൂസിലാണ്ടിനു വേണ്ടി സൗത്തി ആറും ട്രെന്റ് ബോള്‍ട്ട് രണ്ടും വിക്കറ്റാണ് നേടിയത്.

സൗത്തിയ്ക്ക് അഞ്ച് വിക്കറ്റ്, പ്രതിരോധവുമായി ആഞ്ചലോ മാത്യൂസും നിരോഷന്‍ ഡിക്ക്വെല്ലയും ദിമുത് കരുണാരത്നേയും

വെല്ലിംഗ്ടണിലെ ബേസിന്‍ റിസര്‍വ്വില്‍ ഇന്ന് ആരംഭിച്ച ഒന്നാം ടെസ്റ്റില്‍ ഓള്‍ഔട്ട് ആകാതെ പിടിച്ച് നിന്ന് ശ്രീലങ്ക. മൂന്ന് ബാറ്റ്സ്മാന്മാര്‍ ഒഴികെ എല്ലാവരും പരാജയപ്പെട്ടപ്പോള്‍ ഒരു ഘട്ടത്തില്‍ ശ്രീലങ്ക 9/3 എന്ന നിലയിലായിരുന്നു. ടിം സൗത്തി ഉഗ്ര താണ്ഡവമാടിയപ്പോള്‍ ശ്രീലങ്കയുടെ ടോപ് ഓര്‍ഡര്‍ കടപുഴകുകയായിരുന്നു. നാലാം വിക്കറ്റില്‍ ഓപ്പണര്‍ ദിമുത് കരുണാരത്നേയും ആഞ്ചലോ മാത്യൂസും ചേര്‍ന്ന് നടത്തിയ ബാറ്റിംഗ് രക്ഷാപ്രവര്‍ത്തനമാണ് ശ്രീലങ്കയെ നാണക്കേടില്‍ നിന്ന് കരകയറ്റിയത്.

133 റണ്‍സാണ് കരുണാരത്നേ-മാത്യൂസ് കൂട്ടുകെട്ട് നേടിയത്. 79 റണ്‍സ് നേടിയ ദിമുത് കരുണാരത്നേയെ നീല്‍ വാഗ്നര്‍ പുറത്താക്കുകയായിരുന്നു. ക്യാപ്റ്റന്‍ ദിനേശ് ചന്ദിമലിനെയും ആഞ്ചലോ മാത്യൂസിനെയും പുറത്താക്കി സൗത്തി തന്റെ അഞ്ച് വിക്കറ്റ് നേട്ടം പൂര്‍ത്തിയാക്കി. 83 റണ്‍സാണ് മാത്യൂസ് നേടിയത്. അതിനു ശേഷം വാലറ്റത്തെ കൂട്ടുപിടിച്ച് നിരോഷന്‍ ഡിക്ക്വെല്ല നടത്തിയ പോരാട്ടമാണ് 275 റണ്‍സില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ ആദ്യ ദിവസം അവസാനിപ്പിക്കുവാന്‍ ശ്രീലങ്കയെ സഹായിച്ചത്.

സൗത്തിയുടെ അഞ്ച് വിക്കറ്റിനൊപ്പം നീല്‍ വാഗ്നര്‍ രണ്ടും ട്രെന്റ് ബോള്‍ട്ട്, കോളിന്‍ ഡി ഗ്രാന്‍ഡോം എന്നിവര്‍ ഓരോ വിക്കറ്റും നേടി.

ചരിത്ര വിജയം കുറിച്ച് ന്യൂസിലാണ്ട്, 1969നു ശേഷം പാക്കിസ്ഥാനെതിരെയുള്ള എവേ പരമ്പര ജയം

49 വര്‍ഷങ്ങള്‍ക്ക് ശേഷം പാക്കിസ്ഥാനെതിരെ ഒരു എവേ പരമ്പര ജയം സ്വന്തമാക്കി ന്യൂസിലാണ്ട്. ആദ്യ ടെസ്റ്റില്‍ 4 റണ്‍സിന്റെ വിജയം പിടിച്ചെടുത്തുവെങ്കിലും രണ്ടാം ടെസ്റ്റില്‍ നാണംകെട്ട് ഇന്നിംഗ്സ് തോല്‍വിയാണ് ന്യൂസിലാണ്ടിനെ കാത്തിരുന്നത്. രണ്ടാം ഇന്നിംഗ്സിലെ തകര്‍ച്ചയില്‍ നിന്ന് കെയിന്‍ വില്യംസണും ഹെന്‍റി നിക്കോളസും ടീമിനെ തിരികെ മത്സരത്തിലേക്ക് ബാറ്റ് വീശിയെത്തിച്ച ശേഷം 279 റണ്‍സ് ലീഡില്‍ നില്‍ക്കെ ന്യൂസിലാണ്ട് ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഇന്ന് ബാറ്റ് ചെയ്ത 9 ഓവറില്‍ നിന്ന് 81 റണ്‍സ് നേടി ന്യൂസിലാണ്ട് തങ്ങളുടെ തന്ത്രം വ്യക്തമാക്കിയിരുന്നു.

ടിം സൗത്തിയും അജാസ് പട്ടേലും വില്യം സോമര്‍വില്ലേയും മൂന്ന് വീതം വിക്കറ്റ് നേടിയ മത്സരത്തില്‍ 156 റണ്‍സിനു പാക്കിസ്ഥാനെ ഓള്‍ഔട്ട് ആക്കിയ ശേഷം ന്യൂസിലാണ്ട് 13 റണ്‍സിന്റെ ജയമാണ് സ്വന്തമാക്കിയത്. 51 റണ്‍സ് നേടിയ ബാബര്‍ അസമാണ് പാക് നിരയിലെ ടോപ് സ്കോറര്‍. സര്‍ഫ്രാസ് അഹമ്മദ് 28 റണ്‍സും ഇമാം ഉള്‍ ഹക്ക് 22 റണ്‍സും നേടി.

Exit mobile version