തോമസ് ഡെന്നർബി ഇന്ത്യൻ വനിതാ ഫുട്ബോൾ ടീം പരിശീലകനായി തിരിച്ചെത്തി

എഎഫ്‌സി ഒളിമ്പിക് യോഗ്യതാ റൗണ്ട് 2-ന് മുന്നോടിയായി ദേശീയ വനിതാ ടീം ഹെഡ് കോച്ചായി സ്വീഡൻകാരനായ തോമസ് ഡെന്നർബിയെ വീണ്ടും നിയമിച്ചു. ദേശീയ ടീമിലെ പല കളിക്കാരും ഡെന്നർബിയുടെ തുടർച്ച ആഗ്രഹിക്കുന്നുവെന്നു എഐഎഫ്എഫിനോട് അഭ്യർത്ഥിച്ചതിനാലാണ് വീണ്ടും ഡെന്നർബിയെ എ ഐ എഫ് എഫ് നിയമിച്ചത്.

എഐഎഫ്‌എഫിന്റെ ടെക്‌നിക്കൽ കമ്മിറ്റി ഡെന്നർബിയുടെ പിൻഗാമിയായി ആന്റണി ആൻഡ്രൂസിനെ ശുപാർശ ചെയ്തിരുന്നു എങ്കിലും അത് തള്ളിയാണ് ഡെന്നർബിയുടെ നിയമനം. കഴിഞ്ഞ രണ്ട് സീസണുകളിലും ഗോകുലം കേരള എഫ്‌സിയെ ഇന്ത്യൻ വിമൻസ് ലീഗ് (ഐ‌ഡബ്ല്യുഎൽ) കിരീടങ്ങളിലേക്ക് നയിച്ച പരിശീലകനാണ് ആന്റണി ആൻഡ്രൂസ്.

ഏപ്രിൽ 4, 7 തീയതികളിൽ കിർഗിസ്ഥാനെതിരെ നടന്ന ഒളിമ്പിക് യോഗ്യതാ മത്സരങ്ങളുടെ ആദ്യ റൗണ്ടിൽ ഡെന്നർബി ആയിരുന്നു ദേശീയ ടീമിന്റെ ചുമതല വഹിച്ചിരുന്നത്. ഒക്ടോബറിൽ നടക്കുന്ന ഒളിമ്പിക് യോഗ്യതാ മത്സരങ്ങളുടെ രണ്ടാം റൗണ്ടിനും ഇനി അദ്ദേഹം ഉണ്ടാകും.

ആന്റണി ആൻഡ്രൂസ് കോച്ചായി ഡെന്നർബിയുടെ ടീമിൽ ഉണ്ടാകും. മെയ്‌മോൾ റോക്കി അസിസ്റ്റന്റ് കോച്ചും റോണിബാല ചാനു ഗോൾകീപ്പിംഗ് കോച്ചുമായി ടീമിനൊപ്പം ഉണ്ടാകും.

Exit mobile version