വിശ്വസിക്കുക ലോകമേ!!! ഇന്ത്യ തോമസ് കപ്പ് ജേതാക്കള്‍

തോമസ് കപ്പ് ബാഡ്മിന്റൺ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഇന്തോനേഷ്യയെ 3-0 എന്ന സ്കോറിന് കീഴടക്കി ഇന്ത്യ. ആദ്യ മൂന്ന് മത്സരങ്ങളിൽ തന്നെ ഇന്ത്യ വിജയം കുറിയ്ക്കുകയായിരുന്നു. ലക്ഷ്യ സെന്‍, ശ്രീകാന്ത് കിഡംബി എന്നിവര്‍ സിംഗിള്‍സിലും സാത്വിക് സായിരാജ് – ചിരാഗ് ഷെട്ടി ഡബിള്‍സിലും വിജയം കുറിച്ചാണ് ഇന്ത്യയ്ക്ക് ചരിത്ര നേട്ടം നൽകിയത്. ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യത്തോ തോമസ് കപ്പ് കിരീടം ആണിത്.

Indiabadmintonthomascup2

ആദ്യമിറങ്ങിയ ലക്ഷ്യ സെന്‍ മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിൽ ആന്തണി സിനിസുക ഗിന്റിംഗിനെ വീഴ്ത്തിയപ്പോള്‍ ഇന്ത്യ മുന്നിലെത്തി. അധികം വൈകാതെ രണ്ടാം ഗെയിമിൽ മറ്റൊരു തീപാറും മത്സരത്തിൽ ഇന്ത്യയുടെ ഡബിള്‍സ് ജോഡികളായ സാത്വിക് – ചിരാഗ് കൂട്ടുകെട്ട് മൂന്ന് ഗെയിമിൽ ഇന്തോനേഷ്യയുടെ അഹ്സാന്‍ – സുകാമുൽജോ കൂട്ടുകെട്ടിനെ വീഴ്ത്തി ഇന്ത്യയ്ക്ക് 2-0 ന്റെ ലീഡ് നൽകി.

മൂന്നാം മത്സരത്തിൽ ഇന്ത്യയുടെ ശ്രീകാന്ത് കിഡംബി 8-2ന് ആദ്യ ഗെയിമിൽ മുന്നിലെത്തിയെങ്കിലും ഇന്തോനേഷ്യയുടെ ജോനാഥന്‍ ക്രിസ്റ്റി വമ്പന്‍ തിരിച്ചുവരവ് നടത്തി സ്കോര്‍ 9-9ൽ എത്തിച്ചു. ആദ്യ ഗെയിമിന്റെ ഇടവേള സമയത്ത് കിഡംബി 11-9ന് മുന്നിലായിരുന്നു.

ശ്രീകാന്ത് 14-11ന് മുന്നിലെത്തിയെങ്കിലും ക്രിസ്റ്റി വിട്ടുകൊടുക്കാതെ മത്സരത്തിൽ 15-15ന് ഒപ്പമെത്തി. എന്നാൽ അവിടെ നിന്ന് തുടരെ 5 പോയിന്റുകള്‍ നേടി കിഡംബി ഗെയിം പോയിന്റിലേക്ക് എത്തി. ഗെയിം കിഡംബി 21-15ന് നേടുകയായിരുന്നു.

രണ്ടാം ഗെയിമിൽ തുടക്കം മുതൽ ഇരു താരങ്ങളും ഒപ്പത്തിനൊപ്പം നീങ്ങുന്നതാണ് കണ്ടത്. എന്നാൽ ബ്രേക്കിന് പിരിയുമ്പോള്‍ കിഡംബി 11-8ന് മുന്നിലെത്തി.  എന്നാൽ വിട്ട് കൊടുക്കാതെ ക്രിസ്റ്റി 13-13ന് ഒപ്പമെത്തുകയും പിന്നീട് 18-17ന് മുന്നിലെത്തുകയും ചെയ്തു. മത്സരത്തിൽ ലീഡ് മാറി മറിഞ്ഞ ശേഷം ഇരു താരങ്ങളും 19-19ൽ ഒപ്പമെത്തി.

ക്രിസ്റ്റിയ്ക്ക് ഗെയിം പോയിന്റ് ലഭിച്ചുവെങ്കിലും 20-20ൽ കിഡംബി ഒപ്പമെത്തുകയായിരുന്നു. ഗെയിം 23-21ന് നേടി ശ്രീകാന്ത് കിഡംബി ഇന്ത്യയെ തോമസ് കപ്പ് ജേതാക്കളാക്കി.

ലക്ഷ്യ സെന്‍ 8-21, 21-17, 21-16 എന്ന സ്കോറിനും ഡബിള്‍സ് ജോഡി 18-21, 23-21, 21-19 എന്ന സ്കോറിനും ശ്രീകാന്ത് നേരിട്ടുള്ള സ്കോറിന് 21-15, 23-21 എന്ന നിലയിലുമാണ് വിജയം ഉറപ്പിച്ചത്.

സ്വപ്ന ഫൈനലില്‍ ഇന്ത്യയെ കാത്തിരിക്കുന്നത് ഇന്തോനേഷ്യ

കരുത്തരായ ഇന്തോനേഷ്യയാണ് തോമസ് കപ്പിന്റെ ചരിത്രത്തിലാദ്യമായി ഫൈനലില്‍ പ്രവേശിച്ച ഇന്ത്യയുടെ ഫൈനലിലെ എതിരാളികള്‍. ഇന്ത് ആവേശകരമായ മത്സരത്തിൽ ഡെന്മാര്‍ക്കിനെ 3-2 എന്ന സ്കോറിന് പരാജയപ്പെടുത്തിയപ്പോള്‍ സമാനമായ സ്കോറിന് ജപ്പാനെ തകര്‍ത്താണ് ഇന്തോനേഷ്യ ഫൈനലില്‍ പ്രവേശിച്ചത്.

ആന്തണി സിനിസുക ഗിന്റിംഗും ഡബിള്‍ ജോഡിയായ മുഹമ്മദ് അഹ്സാന്‍ – കെവിന്‍ സഞ്ജയ സുകാമുൽജോ കൂട്ടുകെട്ടും ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ചപ്പോള്‍ രണ്ടാം സിംഗിള്‍സിലും രണ്ടാം ഡബിള്‍സിലും ഇന്തോനേഷ്യ പരാജയം നേരിടുകയായിരുന്നു.

നിര്‍ണ്ണായകമായ മൂന്നാം സിംഗിള്‍സിൽ ഷെസാര്‍ ഹിരന്‍ റുസ്ടാവിട്ടോ ആണ് ജയം നേടി ഇന്തോനേഷ്യയെ ഫൈനലിലേക്ക് എത്തിച്ചത്.

ഞായറാഴ്ചയാണ് ഫൈനൽ മത്സരം.

തോമസ് കപ്പിൽ ഇന്ത്യയ്ക്ക് എതിരാളികള്‍ ഡെന്മാര്‍ക്ക്, ആവേശപ്പോരിൽ കൊറിയയെ മറികടന്നാണ് ഡെന്മാര്‍ക്ക് സെമിയിലെത്തിയത്

തോല്‍വിയുടെ പിടിയിൽ നിന്ന് രക്ഷപ്പെട്ട് തോമസ് കപ്പ് സെമി ഫൈനലില്‍ കടന്ന് ഡെന്മാര്‍ക്ക്. ഇന്നലെ നടന്ന നാലാം ക്വാര്‍ട്ടര്‍ ഫൈനലിൽ കൊറിയയുടെ കടുത്ത വെല്ലുവിളി അതിജീവിച്ചാണ് 3-2 എന്ന രീതിയിൽ വിജയം ടീം പിടിച്ചെടുത്തത്. നാലാം മത്സരത്തിൽ മൂന്ന് മാച്ച് പോയിന്റുകള്‍ രക്ഷിച്ചാണ് മത്സരത്തിൽ സജീവമായി ഡെന്മാര്‍ക്ക് നിന്നത്.

ആദ്യ മത്സരത്തിൽ വിക്ടര്‍ അക്സല്‍സെന്‍ 2-1 എന്ന സ്കോറിന് വിജയിച്ചപ്പോള്‍ ആദ്യ ഡബിള്‍സിലും മൂന്നാം സിംഗിള്‍സിലും കൊറിയയ്ക്കായിരുന്നു വിജയം. നാലാമത്തെ മത്സരമായ രണ്ടാം ഡബിള്‍സിൽ ടീം ആദ്യ സെറ്റ് കൈവിടുകയും രണ്ടാം സെറ്റിൽ 17-20ന് പിന്നിലായിരുന്നുവെങ്കിലും അവിടെ നിന്ന് സെറ്റ് 23-21ന് വിജയിച്ച് അടുത്ത സെറ്റും നേടി 2-2ന് മത്സരത്തിൽ ഒപ്പമെത്തി.

അവസാന മത്സരത്തിൽ നേരിട്ടുള്ള ഗെയിമിൽ ഡെന്മാര്‍ക്ക് താരം റാസ്മസ് ഗെംകേ വിജയിച്ചപ്പോള്‍ ഇന്ത്യയ്ക്കെതിരെ സെമി സ്ഥാനം ടീം ഉറപ്പിക്കുകയായിരുന്നു. രണ്ടാം സെമിയിൽ ഇന്തോനേഷ്യും ജപ്പാനും ഏറ്റുമുട്ടും.

ചരിത്ര നിമിഷം!!! നിര്‍ണ്ണായക മത്സരത്തിൽ വിജയം നേടി പ്രണോയ്, ഇന്ത്യ തോമസ് കപ്പ് സെമിയിൽ

ബാഡ്മിന്റണിൽ ഇന്ത്യയ്ക്ക് ചരിത്ര നിമിഷം സമ്മാനിച്ച് മലയാളി താരം എച്ച് എസ് പ്രണോയ്. ഇന്ന് ഇന്ത്യയുടെ തോമസ് കപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ മലേഷ്യയ്ക്കെതിരെ 3-2ന്റെ വിജയം ഇന്ത്യ നേടിയപ്പോള്‍ ഇന്ത്യയ്ക്കായി ശ്രീകാന്ത് കിഡംബി, എച്ച്എസ് പ്രണോയ്, ഡബിള്‍സിൽ സാത്വിക് സായിരാജ് – ചിരാഗ് ഷെട്ടി എന്നിവരാണ് വിജയം കരസ്ഥമാക്കിയത്. 1979ൽ ജക്കാര്‍ത്തയിൽ നടന്ന തോമസ് കപ്പിലാണ് ഇതിന് മുമ്പ് ഇന്ത്യ സെമി ഫൈനലില്‍ കടന്നത്.

അഞ്ച് തവണ ചാമ്പ്യന്മാരായ മലേഷ്യയെ കീഴടക്കി സെമിയിൽ കടന്നതോടെ ഇന്ത്യയ്ക്ക് തോമസ് കപ്പിലെ ആദ്യ മെഡൽ ഉറപ്പായി.

ആദ്യ മത്സരത്തിനിറങ്ങിയ ലക്ഷ്യ സെന്നിന് പരാജയം ആയിരുന്നു ഫലം എങ്കിലും സാത്വിക് സായിരാജ് – ചിരാഗ് ഷെട്ടി കൂട്ടുകെട്ട് തങ്ങളുടെ മത്സരം വിജയിച്ച് ഇന്ത്യയെ തിരികെ മത്സരത്തിലേക്ക് കൊണ്ടു വന്നു. അടുത്ത സിംഗിള്‍സിൽ ശ്രീകാന്ത് കിഡംബിയും അനായാസ വിജയം നേടിയപ്പോള്‍ ഇന്ത്യ മത്സരത്തിൽ മുന്നിലെത്തി.

രണ്ടാം ഡബിള്‍സിൽ കൃഷ്ണ പ്രസാദ് ഗാരാഗ – വിഷ്ണുവര്‍ദ്ധന്‍ ഗൗഡ പഞ്ചാല കൂട്ടുകെട്ട് മലേഷ്യന്‍ താരങ്ങളോട് തോല്‍വിയേറ്റ് വാങ്ങിയപ്പോള്‍ മത്സരം ഏറെ നിര്‍ണ്ണായകമായ മൂന്നാം സിംഗിള്‍സിലേക്ക് നീങ്ങി. ഈ നിര്‍ണ്ണായക മത്സരത്തിൽ പ്രണോയ് 21-13, 21-8 എന്ന സ്കോറിന് ആധിപത്യം പുലര്‍ത്തിയപ്പോള്‍ വിജയവും സെമിയും ഇന്ത്യയ്ക്കൊപ്പം നിന്നു.

തോമസ് കപ്പ്: ഇന്ത്യയ്ക്ക് ചൈനീസ് തായ്പേയോട് ആദ്യ പരാജയം

തോമസ് കപ്പ് ബാഡ്മിന്റൺ ചാമ്പ്യന്‍ഷിപ്പിൽ ഗ്രൂപ്പ് സിയിൽ ആദ്യ പരാജയം ഏറ്റു വാങ്ങി ഇന്ത്യ. ഇന്ന് ചൈനീസ് തായ്പേയോട് ഇന്ത്യ 2-3 എന്ന സ്കോറിനാണ് പരാജയപ്പെട്ടത്. ശ്രീകാന്ത് കിഡംബിയും എച്ച് എസ് പ്രണോയിയും തങ്ങളുടെ സിംഗിള്‍സ് മത്സരങ്ങളിൽ വിജയം നേടിയപ്പോള്‍ ലക്ഷ്യ സെന്നും ഡബിള്‍സിലെ അര്‍ജ്ജുന്‍ – ധ്രുവ് ജോഡിയും പൊരുതി വീഴുകയായിരുന്നു.

അതേ സമയം ലക്ഷ്യ സെന്നും ഡബിള്‍സ് കൂട്ടുകെട്ടായ എംആര്‍ അര്‍ജ്ജുന്‍ – ധ്രുവ് കപില കൂട്ടുകെട്ട് എന്നിവര്‍ മൂന്ന് ഗെയിം പോരാട്ടത്തിന് ശേഷം ആണ് പരാജയം ഏറ്റുവാങ്ങിയത്. സാത്വിക് സായിരാജ് – ചിരാഗ് ഷെട്ടി കൂട്ടുകെട്ട് നേരിട്ടുള്ള ഗെയിമിൽ പിന്നിൽ പോയി.

77 മിനുട്ട് നീണ്ട മത്സരത്തിന് ശേഷം ആണ് അര്‍ജ്ജുന്‍ – ധ്രുവ് ജോഡി കീഴടങ്ങിയത്. ആദ്യ രണ്ട് മത്സരങ്ങള്‍ ജയിച്ച ഇന്ത്യ നോക്കൗട്ട് ഘട്ടത്തിലേക്ക് കടന്നു.

കാനഡയെ തകര്‍ത്ത് ഇന്ത്യയ്ക്ക് രണ്ടാം ജയം, നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത

തോമസ് കപ്പ് ഗ്രൂപ്പ് സി മത്സരത്തിൽ കാനഡയെ 5-0 എന്ന സ്കോറിന് പരാജയപ്പെടുത്തി നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടി ഇന്ത്യ. ശ്രീകാന്ത് കിഡബി, പ്രിയാന്‍ഷു രജാവത്, എച്ച് എസ് പ്രണോയ് എന്നിവരാണ് ഇന്ത്യയ്ക്ക് വേണ്ടി സിംഗിള്‍സ് മത്സരങ്ങളിലിറങ്ങിയത്. ലക്ഷ്യ സെന്നിന് ടീം ിന്ന് വിശ്രമം നൽകിയപ്പോള്‍ ഡബിള്‍സിൽ സാത്വിക്സായിരാജ് – ചിരാഗ് ഷെട്ടി കൂട്ടുകെട്ടും കൃഷ്ണപ്രസാദ് ഗാര്‍ഗ – വിഷ്ണുവര്‍ദ്ധന്‍ ഗൗഡ് പഞ്ചാലയും ആണ് മത്സരത്തിനിറങ്ങിയത്.

ധ്രുവ് കപില – അര്‍ജ്ജുന്‍ എംആര്‍ സഖ്യത്തിന് വിശ്രമം നൽകിയാണ് ടീം മത്സരത്തിനിറങ്ങിയത്. ആദ്യ മത്സരത്തിൽ ജര്‍മ്മനിയെ ഇതേ സ്കോറിന് ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു. ഗ്രൂപ്പ് സിയിൽ ചൈനീസ് തായ്പേയുമായി ആണ് ഇന്ത്യയുടെ ഇനിയുള്ള മത്സരം.

2010ന് ശേഷം ആദ്യമായി തോമസ് കപ്പ് ക്വാര്‍ട്ടര്‍ ഫൈനൽ കളിക്കുവാന്‍ ഇന്ത്യ

11 വര്‍ഷങ്ങള്‍ക്ക് ശേഷം തോമസ് കപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനൽ ഉറപ്പാക്കി ഇന്ത്യ. ഇന്ന് 5 മണിക്ക് നടക്കുന്ന ക്വാര്‍ട്ടറിൽ കരുത്തരായ ഡെന്മാര്‍ക്കാണ് ഇന്ത്യയുടെ എതിരാളികള്‍. അവസാന ഗ്രൂപ്പ് മത്സരത്തിൽ 1-4 എന്ന സ്കോറിന് ചൈനയോട് പരാജയം ഏറ്റുവാങ്ങിയെങ്കിലും ക്വാര്‍ട്ടര്‍ നേരത്തെ തന്നെ ഇന്ത്യ ഉറപ്പാക്കിയിരുന്നു.

മറ്റു ക്വാര്‍ട്ടര്‍ മത്സരങ്ങളിൽ ഇന്തോനേഷ്യ മലേഷ്യയെയും ജപ്പാന്‍ കൊറിയയെയും തായ്‍ലാന്‍ഡ് ചൈനയെയും നേരിടും. ഗ്രൂപ്പ് സിയിൽ ഇന്ത്യ, ചൈന, നെതര്‍ലാണ്ട്സ്, ഫ്രഞ്ച് പൊളിനേഷ്യ എന്നിവരായിരുന്നു ടീമുകള്‍.

അതേ സമയം ഊബര്‍ കപ്പിന്റെ ക്വാര്‍ട്ടറിൽ ഇന്ത്യന്‍ വനിതകള്‍ 0-3 എന്ന സ്കോറിന് ജപ്പാനോട് തോല്‍വിയേറ്റ് വാങ്ങി പുറത്തായി.

തോമസ്-ഊബര്‍ കപ്പ് പരിശീലന ക്യാമ്പ് റദ്ദാക്കി

ക്വാറന്റീന്‍ നടപടികള്‍ പാലിച്ച് ഇന്ത്യയുടെ തോമസ് കപ്പ്-ഊബര്‍ കപ്പ് ടൂര്‍ണ്ണമെന്റിനുള്ള താരങ്ങളുടെ പരിശീലന ക്യാമ്പ് നടത്തുക പ്രാവര്‍ത്തികം അല്ലെന്നതിനാല്‍ തന്നെ ക്യാമ്പ് റദ്ദാക്കുകയാണെന്ന് അറിയിച്ച് ബാഡ്മിന്റണ്‍ അസോസ്സിയേഷന്‍ ഓഫ് ഇന്ത്യ. തിരഞ്ഞെടുത്ത താരങ്ങള്‍ സെപ്റ്റംബര്‍ 17ന് മുമ്പ് ഫിറ്റെന്സ്സ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നും സ്വയം പരിശീലനത്തില്‍ ഏര്‍പ്പെട്ട് ശേഷം സമയാസമയങ്ങളില്‍ അസോസ്സിയേഷനെ ഇതിനെക്കുറിച്ച് അറിയിക്കണമെന്നും അറിയിപ്പില്‍ സൂചിപ്പിക്കുന്നു.

ടീം യാത്രയാകുന്നതെന്നെന്ന് ഉടനെ അറിയിക്കുമെന്നും അസോസ്സിയേഷന്‍ അറിയിച്ചിട്ടുണ്ട്.

ഊബര്‍ കപ്പിന് പിവി സിന്ധുവും സൈന നെഹ്‍വാലും ഉള്‍പ്പെടുന്ന പത്തംഗ സംഘത്തെയും തോമസ് കപ്പിന് ശ്രീകാന്ത് കിഡംബി, ലക്ഷ്യ സെന്‍ എന്നിവര്‍ ഉള്‍പ്പെടുന്ന പത്തംഗ സംഘത്തെയുമാണ് ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്.

Exit mobile version