തിയാഗോ സിൽവ ഇനി ബ്രസീലിയൻ ക്ലബായ ഫ്ലുമിനെൻസിൽ

ബ്രസീലിയൻ താരം തിയാഗോ സിൽവ ഇനി ബ്രസീലിൽ കളിക്കും. ചെൽസി വിടാൻ തീരുമാനിച്ച സിൽവ ബ്രസീലിയൻ ക്ലബായ ഫ്ലുമിനെൻസിൽ ആകും ഇനി കളിക്കുക‌. ഫ്രീ ഏജന്റായ താരം ഉടൻ ബ്രസീലിയൻ ക്ലബിൽ കരാർ ഒപ്പുവെക്കും എന്ന് ഫബ്രിസിയീ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. മുമ്പ് 2006 മുതൽ 2009 വരെ സിൽവ ഫ്ലുമിനെൻസിനായി കളിച്ചിട്ടുണ്ട്. 39കാരനായ താരം വിരമിക്കില്ല എന്ന് നേരത്തെ പറഞ്ഞിരുന്നു.

2020ലെ സമ്മറിൽ ആയിരുന്നു സിൽവ പി എസ് ജി വിട്ട് ചെൽസിയിൽ എത്തിയത്. അന്ന് മുതൽ സിൽവ ചെൽസിക്കായി ഗംഭീര പ്രകടനങ്ങൾ കാഴ്ചവെച്ചു. ഇതുവരെ ചെൽസിക്ക് വേണ്ടി 107 മത്സരങ്ങൾ സിൽവ കളിച്ചിട്ടുണ്ട്. 8 ഗോളുകളും നേടി. ചെൽസിക്ക് ഒപ്പം ചാമ്പ്യൻസ് ലീഗ് അടക്കം മൂന്ന് കിരീടങ്ങളും അദ്ദേഹം നേടി.

തിയാഗോ സിൽവ ഈ സീസണോടെ ചെൽസി വിടും

ബ്രസീലിയൻ താരം തിയാഗോ സിൽവ ചെൽസി വിടാൻ തീരുമാനിച്ചു. ഈ സീസൺ അവസാനത്തോടെ താരം ക്ലബ് വിടും. തിയാഗോ സിൽവക്ക് ഈ സീസൺ അവസാനം വരെ മാത്രമെ ചെൽസിയിൽ കരാർ ഉള്ളൂ. താരം കരാർ പുതുക്കില്ല. 39കാരനായ താരം വിരമിക്കില്ല. ബ്രസീലിയൻ ക്ലബുകൾ ആകും സിൽവയുടെ അടുത്ത ലക്ഷ്യം.

2020ലെ സമ്മറിൽ ആയിരുന്നു സിൽവ പി എസ് ജി വിട്ട് ചെൽസിയിൽ എത്തിയത്. അന്ന് മുതൽ സിൽവ ചെൽസിക്കായി ഗംഭീര പ്രകടനങ്ങൾ കാഴ്ചവെച്ചു. ഇതുവരെ ചെൽസിക്ക് വേണ്ടി 107 മത്സരങ്ങൾ സിൽവ കളിച്ചിട്ടുണ്ട്. 8 ഗോളുകളും നേടി. ചെൽസിക്ക് ഒപ്പം ചാമ്പ്യൻസ് ലീഗ് അടക്കം മൂന്ന് കിരീടങ്ങളും അദ്ദേഹം നേടി.

ചെൽസിക്ക് വലിയ തിരിച്ചടി, തിയാഗോ സിൽവക്ക് ലിഗമന്റ് ഇഞ്ച്വറി

ചെൽസിക്ക് അനുകൂലമായി കാര്യങ്ങൾ ഒന്നും നടക്കുന്നില്ല. അവരുടെ ഡിഫൻഡർ തിയാഗോ സിൽവയുടെ കാൽമുട്ടിൽ ലിഗമെന്റിന പരിക്കേറ്റതായി ചെൽസി ഫുട്ബോൾ ക്ലബ് അറിയിച്ചിരിക്കുകയാണ്. ക്ലബിന് ഈ വാർത്ത വലിയ തിരിച്ചടിയാണ്. ഫെബ്രുവരി 26-ന് ടോട്ടൻഹാം ഹോട്സ്പറിനെതിരായ ചെൽസിയുടെ പ്രീമിയർ ലീഗ് മത്സരത്തിനിടെ ആയിരുന്നു ബ്രസീലിയൻ സെന്റർ ബാക്കിന് പരിക്കേറ്റത്. പരിക്ക് താരത്തെ 6 ആഴ്ച എങ്കിലും ചുരുങ്ങിയത് പുറത്ത് ഇരുത്തിയേക്കും.

ഈ സീസണിൽ അവരുടെ മികച്ച കളിക്കാരുൽ ഒരാളാണ് സിൽവ. 38-കാരൻ അടുത്തിടെ ക്ലബ്ബുമായി ഒരു വർഷത്തെ പുതിയ കരാർ ഒപ്പുവെച്ചിരുന്നു. ബൊറൂസിയ ഡോർട്ട്മുണ്ടിനെതിരെ ചെൽസിയുടെ വരാനിരിക്കുന്ന യുവേഫ ചാമ്പ്യൻസ് ലീഗ് റൗണ്ട് 16 രണ്ടാം പാദം ഉൾപ്പെടെ പ്രധാന മത്സരങ്ങൾ സിൽവയ്ക്ക് നഷ്ടമാകും. ഇപ്പോൾ തന്നെ പ്രതിസന്ധിയിൽ ഉള്ള ചെൽസിക്ക് സിൽവയുടെ അഭാവത്തിൽ കാര്യങ്ങൾ ഒട്ടും എളുപ്പമാകില്ല.

ചെൽസിയിൽ തുടരാൻ ആണ് താല്പര്യം എന്ന് തിയാഗോ സിൽവ

ബ്രസീലിയൻ സെന്റർ ബാക്ക് തിയാഗോ സിൽവയുടെ കരാർ ചെൽസി ഉടൻ പുതുക്കും. കരാർ നീട്ടാനുള്ള ചർച്ചകൾ നടക്കുകയാണ് എന്നും ചെൽസിയിൽ തുടരാൻ ആണ് താൻ ആഗ്രഹിക്കുന്നത് എന്നും തിയാഗോ സിൽവ പറഞ്ഞു. ക്ലബിന്റെ റീബിൽഡിൽ താനും ഒപ്പം വേണമെന്ന് ക്ലബ് ആഗ്രഹിക്കുന്നുണ്ട് എന്നും തിയാഗോ സിൽവ പറഞ്ഞു.

താരം ഒരു വർഷത്തേക്ക് കരാർ പുതുക്കും എന്നാണ് പ്രതീക്ഷ. ഈ സീസൺ അവസാനം വരെയുള്ള കരാർ ആണ് ഇപ്പോൾ തിയാഗോ സിൽവക്ക് ചെൽസിയിൽ ഉള്ളത്. 2020ലെ സമ്മറിൽ ആയിരുന്നു സിൽവ പി എസ് ജി വിട്ട് ചെൽസിയിൽ എത്തിയത്. അന്ന് മുതൽ ചെൽസി ഡിഫൻസിലെ പ്രധാനിയാണ് തിയാഗോ സിൽവ. 38ആം വയസ്സിലും ലോക നിലവാരത്തിലാണ് ബ്രസീലിയൻ താരം കളിക്കുന്നത്.

നാലാം ലോകകപ്പ്; മുപ്പത്തിയെട്ടിന്റെ ഇളപ്പത്തിലും ബ്രസീലിനെ നയിക്കാൻ തിയാഗോ സിൽവ

2008ലെ ഒളിമ്പിക്‌സ് ആണ് തിയാഗോ സിൽവ ബ്രസീൽ സീനിയർ കുപ്പായം അണിയുന്ന ആദ്യ മേജർ ടൂർണമെന്റ്. അന്ന് തൊട്ടിങ്ങോട്ട് പ്രായം പരിഗണിക്കുന്ന ഒളിമ്പിക്‌സ് മാറ്റിനിർത്തിയാൽ സിൽവയില്ലാതെ ബ്രസീൽ ഒരു മേജർ ടൂർണമെന്റിനും ഇറങ്ങിയിട്ടില്ല. 2010 ലോകകപ്പിൽ ബെഞ്ചിൽ ഇരുന്നു തുടങ്ങിയ അദ്ദേഹത്തിന്റെ ലോകകപ്പ് കരിയർ പന്ത്രണ്ട് വർഷങ്ങൾക്കിപ്പുറം തന്റെ നാലാം ലോക കിരീട പോരാട്ടത്തിന് ഇറങ്ങുമ്പോൾ ദേശിയ ടീമിന്റെ നായകനും പ്രതിരോധത്തിന്റെ നെടുംതൂണുമാണ്. ഇതോടെ നിലവിലെ ബ്രസീൽ സ്ക്വാഡിൽ അവസാന നാല് ലോകകപ്പിലും പങ്കെടുത്ത ഒരേയൊരു താരമായും സിൽവ മാറും. സിൽവയെ പോലെ വർഷങ്ങളായി ദേശിയ ടീമിലെ സ്‌ഥിരം സാന്നിധ്യം ആയിരുന്നെങ്കിലും ഡാനി ആൽവസിന് 2018 ലെ ലോകകപ്പ് നഷ്ടമായിരുന്നു. നെയ്മർ ആവട്ടെ 2010ലെ ടീമിലും ഉണ്ടായിരുന്നില്ല.

നേരത്തെ മഞ്ഞപ്പടക്കായി ഏറ്റവും കൂടുതൽ മത്സരങ്ങൾ ഇറങ്ങിയ സെന്റർ ബാക്ക് ആയും ചെൽസി താരം മാറിയിരുന്നു. നാല്പതിനോട് അടുത്തിട്ടും ലോകത്തെ ഏറ്റവും മികച്ച ക്ലബ്ബുകളിൽ ഒന്നിലും ദേശിയ ടീമിലും ആദ്യ ഇലവനിൽ തന്റെ സ്ഥാനം കണ്ടെത്താൻ കഴിയുന്ന സിൽവ, പ്രായം കീഴടക്കാത്ത പോരാളിയുടെ പരിവേഷവും തുടർച്ചയായ മൂന്ന് ലോകകപ്പുകളുടെ അനുഭവസമ്പത്തുമായി ടീമിന് പ്രചോദനമാവാനുള്ള തയ്യാറെടുപ്പിലാണ്.

പി.എസ്.ജിയിൽ തന്നെ എപ്പോഴും ബലിയാടാക്കിയെന്ന് തിയാഗോ സിൽവ

പി.എസ്.ജിയിൽ ടീം തോൽക്കുമ്പോൾ തന്നെ എപ്പോഴും ബലിയാടാക്കിയെന്ന് ചെൽസി പ്രതിരോധ താരം തിയാഗോ സിൽവ. ചാമ്പ്യൻസ് ലീഗ് ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിയെ പരാജയപ്പെടുത്തി കിരീടം നേടിയതിന് ശേഷം സംസാരിക്കുകയായിരുന്നു തിയാഗോ സിൽവ. കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ഫ്രീ ട്രാൻസ്ഫറിലാണ് പി.എസ്.ജിയിൽ നിന്ന് സിൽവ ചെൽസിയിൽ എത്തുന്നത്.

ഇത് തന്റെ കരിയറിലെ ഏറ്റവും മികച്ച ഓർമ ആണെന്നും ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ കഴിഞ്ഞതിൽ തനിക്ക് ഒരുപാട് സന്തോഷം ഉണ്ടെന്നും തിയാഗോ സിൽവ പറഞ്ഞു. മത്സരം തുടങ്ങി അധികം വൈകാതെ തന്നെ തിയാഗോ സിൽവ പരിക്കേറ്റ് പുറത്തുപോയിരുന്നു. എന്നാൽ ചാമ്പ്യൻസ് ലീഗ് ഫൈനൽ പോലെയൊരു ഒരു മത്സരത്തിൽ പൂർണമായും ഫിറ്റ് ആവാതെ കളിക്കാൻ കഴിയില്ലെന്നും സിൽവ പറഞ്ഞു.

പി.എസ്.ജിയിൽ ടീം പരാജയപ്പെടുമ്പോൾ എല്ലാവരും തന്നെ ബലിയാടാക്കിയെന്നും താൻ ആയിരുന്നു എല്ലാ സമയത്തും കുറ്റകാരൻ എന്നും സിൽവ പറഞ്ഞു. എന്നാൽ പി.എസ്.ജി ഭാവിയിൽ ചാമ്പ്യൻസ് ലീഗ് കിരീടം നേടട്ടെയെന്നും അവിടെ തനിക്ക് ഒരുപാട് സുഹൃത്തുക്കൾ ഉണ്ടെന്നും സിൽവ പറഞ്ഞു.

സിൽവ ചെൽസിയിൽ തുടരും, ടൂഹലിനു പുതിയ കരാർ ഉടൻ

ചെൽസി ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കിയതിന് പിന്നാലെ വെറ്ററൻ പ്രതിരോധ താരം തിയാഗോ സിൽവ ചെൽസിയിൽ ഒരു വർഷം കൂടി തുടരുമെന്ന് ഉറപ്പായി. ചാമ്പ്യൻസ് ലീഗ് കിരീടം ചെൽസി ഉറപ്പിച്ചതോടെ ഒരു വർഷം കൂടി താരത്തിന്റെ കരാർ നീട്ടാനുള്ള തീരുമാനം ചെൽസി എടുക്കുകയായിരുന്നു.

കൂടാതെ ചെൽസി പരിശീലകൻ തോമസ് ടൂഹലിന്റെ കരാറും ചെൽസി പുതുക്കും. പുതിയ കരാർ പ്രകാരം ടൂഹൽ 2023 വരെ ചെൽസിയിൽ തുടരും. കൂടാതെ ഒരുവർഷം കൂടി കരാർ നീട്ടാനുള്ള ഓപ്ഷനും കരാറിൽ ഉണ്ട്. നേരത്തെ 18 മാസത്തെ കരാറിലാണ് തോമസ് ടൂഹൽ ചെൽസിയിൽ എത്തിയത്. ചെൽസിയെ ടോപ് ഫോറിൽ എത്തിക്കുകയും ചാമ്പ്യൻസ് ലീഗ് കിരീടം നേടികൊടുക്കുകയും ചെയ്തതോടെയാണ് ടൂഹലിന് പുതിയ കരാർ നൽകാൻ ചെൽസി തീരുമാനിച്ചത്.

“ചെൽസിയിലേക്ക് പോവും മുൻപ് സിൽവയെ അവസാന നിമിഷം പി.എസ്.ജിയിൽ നിലനിർത്താൻ ശ്രമം നടന്നു”

കഴിഞ്ഞ ദിവസം പി.എസ്.ജിയിൽ നിന്ന് ഫ്രീ ട്രാൻസ്ഫറിൽ ചെൽസിയിൽ എത്തിയ ബ്രസീലിയൻ പ്രതിരോധ താരം തിയാഗോ സിൽവയെ പി.എസ്.ജിയിൽ നിലനിർത്താൻ അവസാന നിമിഷം ശ്രമം നടന്നിരുന്നതായി താരത്തിന്റെ ഏജന്റ് പൗളോ ടോനെട്ടോ. എന്നാൽ പി.എസ്.ജി താരവുമായി പുതിയ കരാറിനെ പറ്റി സംസാരിക്കാൻ വന്ന സമയത്ത് സിൽവ ചെൽസിയുമായുള്ള കരാർ അംഗീകരിച്ചു കഴിഞ്ഞിരുന്നതായും താരത്തിന്റെ ഏജന്റ് വെളിപ്പെടുത്തി.

രണ്ട് മാസം മുൻപ് തന്നെ പി.എസ്.ജി സ്പോർട്ടിങ് ഡയറക്ടർ ലിയനാർഡോ പി.എസ്.ജിയിൽ സിൽവയുടെ കരാർ പുതുക്കില്ലെന്ന് കാര്യം താരത്തെ അറിയിച്ചിരുന്നെന്നും ഏജന്റ് പറഞ്ഞു. തുടർന്നാണ് ചെൽസിയുമായി കരാർ ഉറപ്പിച്ചതിന് ശേഷം ലിയനാർഡോ ഒരു വർഷത്തേക്കുള്ള കരാറുമായി താരത്തെ സമീപിച്ചത്. അതെ സമയം ചെൽസിയുമായുള്ള കരാർ ഉറപ്പിച്ചില്ലെങ്കിലും സിൽവ ലിയനാർഡോയുടെ കരാർ അംഗീകരിക്കില്ലായിരുന്നെന്നും ഏജന്റ് പൗളോ ടോനെട്ടോ പറഞ്ഞു.

ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ബയേൺ മ്യൂണിക്കിനോട് തോറ്റതിന് പിന്നാലെയാണ് തിയാഗോ സിൽവയെ ചെൽസി സ്വന്തമാക്കിയത്. കഴിഞ്ഞ സീസണിന്റെ അവസാനത്തോടെ പി.എസ്.ജിയിൽ തിയാഗോ സിൽവയുടെ കരാർ അവസാനിച്ചിരുന്നു.

തിയാഗോ സിൽവയുടെ അനുഭവസമ്പത്ത് ചെൽസിക്ക് ഗുണം ചെയ്യുമെന്ന് ലമ്പാർഡ്

ചെൽസിയിൽ പുതുതായി എത്തിയ വെറ്ററൻ താരം തിയാഗോ സിൽവയുടെ അനുഭവ സമ്പത്ത് ചെൽസിക്ക് ഗുണം ചെയ്യുമെന്ന് പരിശീലകൻ ഫ്രാങ്ക് ലമ്പാർഡ്. സിൽവ ചെൽസി നിരയുടെ അനുഭവസമ്പത്ത് വർദ്ധിപ്പിക്കുമെന്നും താരം ഇപ്പോഴും വളരെ ഉയർന്ന തലത്തിലാണ് കളിക്കുന്നതെന്നും ലമ്പാർഡ് പറഞ്ഞു. ചാമ്പ്യൻസ് ലീഗ് ഫൈനലിൽ കളിച്ചതിന് ശേഷമാണ് തിയാഗോ സിൽവ ഫ്രീ ട്രാൻസ്ഫറിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ചെൽസിയിൽ എത്തിയത്.

ചാമ്പ്യൻസ് ലീഗ് ഫൈനലിലും അതിനും മുൻപ് മികച്ച മത്സരങ്ങളിൽ കളിച്ച പരിചയം ലമ്പാർഡ് ഓർമ്മിപ്പിക്കുകയും ചെയ്തു. തിയാഗോ സിൽവ തന്റെ അനുഭവം സമ്പത്തും നേതൃപാടവവും ചെൽസിയിലേക്ക് കൊണ്ടുവരുമെന്നാണ് തന്റെ പ്രതീക്ഷയെന്നും ചെൽസി പരിശീലകൻ കൂട്ടിച്ചേർത്തു. അത് കൊണ്ട് തന്നെ താരത്തിന്റെ വരവ് ചെൽസിക്ക് വളരെ പ്രാധാന്യം ഉള്ളതാണെന്നും ലമ്പാർഡ് പറഞ്ഞു.

തിയാഗോ സിൽവയടക്കം മൂന്ന് താരങ്ങൾ സീസൺ അവസാനം വരെ പി.എസ്.ജിയിൽ തുടരും

പി.എസ്.ജി താരങ്ങളായ തിയാഗോ സിൽവ, ചൗപോ മോട്ടിങ്, സെർജിയോ റിക്കോ എന്നിവർ ഈ സീസൺ അവസാനം വരെ പി.എസ്.ജിയിൽ തുടരും. സീസൺ അവസാനിക്കുന്നത് വരെ പി.എസ്.ജിയിൽ തുടരാനുള്ള കരാറിൽ താരങ്ങൾ ഏർപെട്ടതായി പി.എസ്.ജി വ്യക്തമാക്കി. ജൂൺ 30ന് താരങ്ങളുടെ കരാർ പി.എസ്.ജിയിൽ അവസാനിക്കാനിരിക്കെയാണ് താരങ്ങൾ ഈ സീസൺ മുഴുവൻ ടീമിനൊപ്പം ഉണ്ടാവുമെന്ന് പി.എസ്.ജി അറിയിച്ചത്.

കൊറോണ വൈറസ് ബാധയെ തുടർന്ന് നേരത്തെ ലീഗ് 1 അവസാനിപ്പിച്ച് പി.എസ്.ജിയെ ഫ്രാൻസിലെ ചാമ്പ്യന്മാരായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഫ്രാൻസിലെ ആഭ്യന്തര ടൂർണമെന്റുകളായ കോപ്പ ഡി ഫ്രാൻസും കോപ്പ ഡി ല ലിഗ ജൂലൈ അവസാനം വാരം നടക്കുമെന്ന് അറിയിച്ചതിനെ തുടർന്നാണ് കരാർ കാലാവധി കഴിഞ്ഞ താരങ്ങളുടെ കരാർ പി.എസ്.ജി നീട്ടിയത്. കോപ്പ ഡി ഫ്രാൻസ് ജൂലൈ 24നും കോപ്പ ഡി ല ലിഗ ജൂലൈ 31നും നടക്കുമെന്ന് ഫ്രഞ്ച് ഫുട്ബോൾ അസോസിയേഷൻ വ്യക്തമാക്കിയിട്ടുണ്ട്.

കൂടാതെ പി.എസ്.ജിക്ക് ഈ സീസണിൽ ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾ കൂടി ബാക്കിയിട്ടുണ്ട്. ലിസ്ബണിൽ വെച്ചാവും പി.എസ്.ജിയുടെ ബാക്കി ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾ നടക്കുക.

Exit mobile version