കാനഡയിൽ കിരീടം നേടി കർമൻ, ഓസ്ട്രേലിയൻ ഓപ്പൺ യോഗ്യത റൗണ്ടിലേക്ക് അടുത്ത്

ഇന്ത്യൻ താരം കർമൻ തന്തി കാനഡയി നടന്ന ITF W60 സഗ്നി ഓപ്പൺ കിരീടം സ്വന്തമാക്കി. ഫൈനലിൽ കനേഡിയൻ താരം കാതറിൻ സെബോവിനെ മൂന്ന് സെറ്റുകൾ നീണ്ട പോരാട്ടത്തിന് ഒടുവിലാണ് കർമൻ പരാജയപ്പെടുത്തിയത്. 3-6, 6-4, 6-3 എന്നായിരുന്നു സ്കോർ. സാനിയ മിർസക്ക് ശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ താരം ഇന്ത്യ വലിയ ടൂർണമെന്റ് വിജയിക്കുന്നത്. ഈ വിജയത്തോടെ കർമൻ ലോക റാങ്കിംഗിൽ 217ആം സ്ഥാനത്തേക്ക് മുന്നേറും. ഇത് താരത്തെ ഓസ്ട്രേലിയൻ ഓപ്പൺ യോഗ്യത റൗണ്ടിലേക്ക് അടുപ്പിക്കും.

കർമന്റെ സിഗ്നി ഓപ്പണിലെ ഫലങ്ങൾ:

[R32](2)Anderson(🇺🇲,164):6-4 6-2
[R16](Q)Shibahara(🇯🇵,579):6-2 6-4
[QF]Grey(🇬🇧,341):6-2 6-1
[SF](8)Lorenzo(🇺🇲,251):6-4 6-2
[F]Sebov(🇨🇦,266):3-6 6-4 6-3

ടെന്നീസിന്റെ സൗന്ദര്യം, ടെന്നീസിന്റെ ജീവശ്വാസം! അതാണ് റോജർ ഫെഡറർ! ഇനിയില്ല അതുപോലൊരാൾ

തികച്ചും വ്യക്തിപരമായ കുറിപ്പ് ആണ് ഇത് എന്നു പറഞ്ഞു തന്നെ തുടങ്ങാം, കാരണം റോജർ ഫെഡറർ അന്നും ഇന്നും എന്നും എനിക്ക് വ്യക്തിപരമായ അനുഭവം മാത്രമാണ്. ഇത്രമേൽ ഒരു കായികതാരത്തെ അല്ലെങ്കിൽ മറ്റ് ആരെയെമോ ഇഷ്ടപ്പെട്ടിരുന്നോ എന്ന ചോദ്യത്തിന് ഇല്ല എന്നു പോലും പറയാവുന്ന അത്ര തീവ്രതയോടെ ആ മനുഷ്യനെ ഞാൻ ഇഷ്ടപ്പെട്ടിരുന്നു എന്നത് ആണ് യാഥാർത്ഥ്യം. ജീവിതവും ആ മനുഷ്യനും അത്രമേൽ കെട്ടുപിണഞ്ഞു കിടക്കുക ആയിരുന്നു. ജീവിതത്തിൽ ഏറ്റവും പ്രിയപ്പെട്ട ഏറ്റവും സന്തോഷം തന്ന ദിനം എന്നു എന്നെന്നും ഓർക്കുന്നത് 2017 ലെ ജനുവരി 29 ആണ്. പരിക്ക് ചിലപ്പോൾ ആദ്യമായി വലിയ വെല്ലുവിളിയായ കാലത്തിനു ശേഷം ഇനിയൊരു തിരിച്ചു വരവ് ഇല്ല എന്നു പോലും കരുതിയ സ്ഥലത്ത് നിന്നു ആ ദിനം ഫെഡറർ തന്റെ എക്കാലത്തെയും വലിയ എതിരാളി റാഫേൽ നദാലിനെ 5 സെറ്റ് പോരാട്ടത്തിൽ വീഴ്ത്തി ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടം ചൂടുന്നുണ്ട്, ഫെഡറർക്ക് അത് അഞ്ചാം ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടവും 18 മത്തെ ഗ്രാന്റ് സ്‌ലാം കിരീടവും ആയിരുന്നു എങ്കിൽ എനിക്കത് ഒരു ദിവസം കഴിഞ്ഞുള്ള പിറന്നാളിന് ഏറ്റവും പ്രിയപ്പെട്ട ഒരാൾ നൽകിയ പിറന്നാൾ സമ്മാനം ആയിരുന്നു. എന്നെന്നും ഓർക്കാവുന്ന പിറന്നാൾ സമ്മാനം.

ജീവിതത്തിലെ ഏറ്റവും മോശം ദിനം രണ്ടു വർഷങ്ങൾക്ക് ശേഷമുള്ള ഒരു ജൂലൈ 14 ആണ്. സെമിഫൈനലിൽ റാഫേൽ നദാലിനെ ആവേശപോരാട്ടത്തിൽ വീഴ്ത്തി എത്തിയ ഫെഡറർ രണ്ടു മാച്ച് പോയിന്റുകൾ പാഴാക്കി ഏതാണ്ട് 5 മണിക്കൂറിനു ശേഷം 37 മത്തെ വയസ്സിൽ നൊവാക് ജ്യോക്കോവിച്ചിനോട് പന്ത്രണ്ടാമത്തെ വിംബിൾഡൺ ഫൈനലിൽ വീണത് തന്നത് അത്രക്ക് മോശം ദിനം ആയിരുന്നു. ടെന്നീസ് പോലും മുഷിപ്പിച്ച ദിനങ്ങൾ, ഇനി ഒരിക്കലും ഓർക്കാൻ ഇഷ്ടപ്പെടാത്ത ദിനം ആയി അത് മനസ്സിലുണ്ട്, അതിന്റെ ഈ ഓർമ്മ പോലും വല്ലാതെ വിഷമിപ്പിക്കുകയും ദേഷ്യം പിടിപ്പിക്കുകയും ചെയ്യുന്നുണ്ട്. അത്രമേൽ ഇഷ്ടപ്പെടാനും മാത്രം ആരായിരുന്നു റോജർ ഫെഡറർ എന്ന സ്വിസ് താരം എനിക്ക്? ടെന്നീസ് ഇഷ്ടപ്പെട്ടു തുടങ്ങിയത് അയാൾ ഉള്ളത് കൊണ്ട് മാത്രം ആയിരുന്നു, അയാളുടെ അത്രമേൽ അനായാസ ടെന്നീസ്, അത്രമേൽ സൗന്ദര്യം തുളുമ്പുന്ന ഷോട്ടുകൾ, അയാൾക്ക് മാത്രം സാധിക്കുന്ന ആ മനോഹാരിത, കളത്തിനു പുറത്ത് ഒരു നല്ല മനുഷ്യൻ ആയി ഭർത്താവ് ആയി മകൻ ആയി പിതാവ് ആയി എന്നെ അയാൾ വിസ്മയിപ്പിക്കുക മാത്രം ആണ് ചെയ്തത്. ടെന്നീസ് എന്ന കളിയെ മര്യാദക്ക് അറിയും മുമ്പ് അതിന്റെ നിയമങ്ങൾ പഠിക്കും മുമ്പ് ഞാൻ ഫെഡററുമായി പ്രണയത്തിൽ ആയിരുന്നു എന്നത് ആണ് സത്യം.

ഫെഡറർ പോയിന്റുകൾ ജയിക്കുന്നത് കാണാൻ അയാൾ ചിരിക്കുന്നത് കാണാൻ അയാൾ കിരീടങ്ങൾ ഉയർത്തുന്നത് കാണാൻ ഞാൻ കാത്തിരുന്നു. പത്ര കട്ടിങും അയാളുടെ പോസ്റ്ററും സൂക്ഷിച്ചു വക്കാനും തുടങ്ങിയതും അന്ന് തൊട്ടാണ്. പിന്നീട് കളി നിയമങ്ങൾ പഠിച്ചു, പിന്നീട് ടെന്നീസ് എന്ന കളിയുടെ അധികായകരെ അറിഞ്ഞു, ചരിത്രത്തെ അറിഞ്ഞു ഒക്കെ അറിയുന്ന പോലെ അയാളുമായുള്ള പ്രണയം മാത്രം നാൾക്കുനാൾ കൂടി വന്നു. 1998 ൽ ജൂനിയർ വിംബിൾഡൺ ജേതാവ് ആയ ഫെഡറർ ആ വർഷം തന്നെയാണ് തന്റെ സീനിയർ കരിയറിന് തുടക്കം കുറിക്കുന്നത്. സ്വന്തം നാട്ടിൽ കളി തുടങ്ങിയ ഫെഡറർ ആ വർഷം താൻ ഒരിക്കൽ ബോൾ ബോയി ആയ സ്വിസ് ഇൻഡോർ ടൂർണമെന്റിലും പങ്കെടുക്കുന്നുണ്ട്. പിന്നീട് 11 തവണ ആ ഓപ്പണിൽ ഫെഡറർ ചാമ്പ്യൻ ആവുന്നത്. 2001 ൽ ആണ് ഫെഡറർ ലോകത്തെ ഞെട്ടിക്കുന്നത്. ആ വർഷം വിംബിൾഡൺ ക്വാർട്ടർ ഫൈനലിൽ 7 തവണ വിംബിൾഡൺ ചാമ്പ്യൻ ആയ സാക്ഷാൽ പീറ്റ് സാമ്പ്രസിനെ 19 കാരനായ ഫെഡറർ 5 സെറ്റ് പോരാട്ടത്തിൽ അട്ടിമറിക്കുന്നുണ്ട്. അന്ന് ഒരുപാട് പേർ ആ 19 കാരന്റെ കളിമികവിന് ആരാധകർ ആവുന്നുണ്ട്, അതിൽ ചിലർ എങ്കിലും ചിലപ്പോൾ ഈ പയ്യൻ സാമ്പ്രസിന്റെ സിംഹാസനം തേടി വന്നവൻ ആണെന്നും ഒരിക്കൽ ആ ലോകം അവന്റെ കീഴിൽ ആവും എന്നും മനസ്സിലാക്കിയും കാണണം.

പിന്നീട് ആദ്യ വർഷങ്ങളിൽ ഫെഡറർ തന്റെ കഴിവ് പൂർണമായും പുറത്ത് എടുക്കുന്നില്ല എന്ന വിമർശനവും നേരിടുന്നുണ്ട്. 2002 ൽ മാററ്റ് സാഫിനെ വീഴ്ത്തി നേടിയ ഹാമ്പർഗ് ഓപ്പൺ ആണ് ഫെഡറർ നേടുന്ന ആദ്യ മാസ്റ്റേഴ്സ് കിരീടം. 2003 ൽ ആദ്യമായി വിംബിൾഡൺ സെന്റർ കോർട്ടിൽ തന്റെ ആദ്യ ഗ്രാന്റ് സ്‌ലാം കിരീടം ഉയർത്തി. ആന്റി റോഡികിനെ വീഴ്ത്തിയാണ് ഫെഡറർ അന്ന് കിരീടം ഉയർത്തുന്നത്. ആദ്യ വർഷങ്ങളിൽ ഡബിൾസിലും ഫെഡറർ ശ്രദ്ധ തിരിക്കുന്നുണ്ട്. പിന്നീട് സിംഗിൾസിൽ മാത്രം ശ്രദ്ധ പതിപ്പിക്കുന്ന ഫെഡറർ ടെന്നീസ് ലോകം കീഴടക്കുന്ന കാഴ്ചയാണ് കാണാൻ ആയത്. ഈ വർഷങ്ങളിൽ ആണ് ഞാൻ ടെന്നീസ് കണ്ടു തുടങ്ങുന്നത്. 2004 ൽ ഫ്രഞ്ച് ഓപ്പൺ ഒഴിച്ചു മൂന്നു ഗ്രാന്റ് സ്‌ലാം കിരീടങ്ങളും സ്വന്തം പേരിൽ ആക്കുന്നുണ്ട്. മൂന്നു തവണ എ.ടി.പി മാസ്റ്റേഴ്സ് കിരീടവും നേടുന്ന ഫെഡറർ സ്വന്തം മണ്ണിൽ സ്വിസ് ഓപ്പൺ കിരീടം നേടുന്നതും ആ വർഷം ആണ്. ആ വർഷം കരിയറിൽ ആദ്യമായി ലോക റാങ്കിങിൽ വർഷാവസാനം ലോക ഒന്നാം നമ്പറും ആയി ഫെഡറർ.

2005 ൽ ഓസ്‌ട്രേലിയൻ ഓപ്പൺ സെമിഫൈനലിൽ മാച്ച് പോയിന്റുകൾ നഷ്ടമാക്കി സാഫിനോട് വീണ ഫെഡറർ ഫ്രഞ്ച് ഓപ്പൺ സെമിയിൽ നദാലിനോട് വീണു. ടെന്നീസ് ലോകം കണ്ട എക്കാലത്തെയും മഹത്തായ പോരാട്ടങ്ങളുടെ ആദ്യ കാല കർട്ടൻ റേസ് ആയി പോലും ആ മത്സരത്തെ കാണാം. ആന്റി റോഡിക്കിനെ വീഴ്ത്തി വിംബിൾഡൺ തുടർച്ചയായി മൂന്നാം തവണ നേടിയ ഫെഡറർ ആന്ദ്ര അഗാസിയെ തോൽപ്പിച്ചു യു.എസ് ഓപ്പൺ കിരീടവും നേടി. 2005 യു.എസ് ഓപ്പൺ മുതൽ 2010 ഓസ്‌ട്രേലിയൻ ഓപ്പൺ വരെ നടന്ന 19 ഗ്രാന്റ് സ്‌ലാം ഫൈനലുകളിൽ 18 ലും ഫെഡറർ ഫൈനലിൽ എത്തി എന്നറിയുമ്പോൾ ഈ വർഷങ്ങൾ ഫെഡറർ എത്രത്തോളം ടെന്നീസ് ഭരിച്ചു എന്നറിയുക. 2006 എന്ന വർഷം ഫെഡററുടെ മാത്രം ആയിരുന്നു എന്ന് പറയാം. കളിച്ച 17 ടൂർണമെന്റുകളിൽ 16 ലും ജയിച്ച ഫെഡറർ 12 കിരീടവും ഈ വർഷം നേടി. 1969 ൽ റോഡ് ലേവറിന് ശേഷം ആദ്യമായി ഒരു വർഷം മുഴുവൻ ഗ്രാന്റ് സ്‌ലാം ഫൈനലുകളിലും എത്തുന്ന താരമായി ഫെഡറർ. കരിയറിൽ ആദ്യമായി ഗ്രാന്റ് സ്‌ലാം ഫൈനലിൽ ഫ്രഞ്ച് ഓപ്പണിൽ നദാലിനെ നേരിട്ട ഫെഡറർ അവിടെ മാത്രം ആണ് പരാജയം നേരിട്ടത്. വിംബിൾഡണിൽ നദാലിനെ ഫൈനലിൽ തോൽപ്പിച്ച ഫെഡറർ ആ വർഷം 3 ഗ്രാന്റ് സ്‌ലാം കിരീടങ്ങൾ നേടി. 6 മാസ്റ്റേഴ്സ് ഫൈനലിൽ എത്തിയ ഫെഡറർ നാല് എണ്ണത്തിൽ ജയിച്ചപ്പോൾ കളിമണ്ണ് കോർട്ടിൽ രണ്ടു എണ്ണത്തിൽ നദാലിനോട് തോൽവി അറിഞ്ഞു. എന്നാൽ കളിമണ്ണ് കോർട്ടിലെ രാജാവ് ആയ നദാലിനെ കളിമണ്ണ് കോർട്ടിൽ ഫെഡറർ ശക്തമായി വെല്ലുവിളിക്കുന്നത് കാണാൻ ആയി. മോണ്ട കാർലോയിലും, പാരീസിലും, റോമിലും അതുഗ്രൻ പോരാട്ടങ്ങൾ ആണ് ഇരുവരും കാഴ്ച വച്ചത്.

29 മത്സരങ്ങൾ തുടർച്ചയായി ജയിച്ചു കൊണ്ടു ലോക ഒന്നാം നമ്പർ ആയാണ് ഫെഡറർ 2006 അവസാനിപ്പിക്കുന്നത്. 2007 ലും ഫെഡറർ 2006 ആവർത്തിച്ചു നാലു ഗ്രാന്റ് സ്‌ലാം ഫൈനലുകളിൽ എത്തുകയും ഫ്രഞ്ച് ഓപ്പൺ ഒഴിച്ചു ബാക്കി എല്ലാ കിരീടങ്ങളും സ്വന്തം പേരിൽ കുറിക്കുകയും ചെയ്തു. 7 മാസങ്ങൾക്ക് ശേഷം 41 തുടർച്ചയായ ജയങ്ങൾക്ക് ശേഷം ആണ് ഫെഡറർ ഒരു മത്സരം തോൽക്കുന്നത്. ഹാമ്പർഗ് ഓപ്പണിൽ നദാലിന്റെ കളിമണ്ണ് കോർട്ടിലെ തുടർച്ചയായ 81 ജയങ്ങൾക്ക് അന്ത്യം കുറിച്ചു വന്ന ഫെഡറർക്ക് പക്ഷെ ഫ്രഞ്ച് ഓപ്പൺ ഫൈനലിൽ കാലിടറി. നാലു സെറ്റ് പോരാട്ടത്തിൽ നദാലിനോട് ഒരിക്കൽ കൂടി തോൽവി. ഉണ്ടാക്കിയ 17 ബ്രേക്ക് പോയിന്റുകളിൽ ഒന്നു മാത്രമെ ഫെഡറർക്ക് മുതലെടുക്കാൻ ആയുള്ളൂ. ഒരിക്കൽ കൂടി ഫെഡറർ, നദാൽ വിംബിൾഡൺ ഫൈനൽ എത്തിയപ്പോൾ അത് സമീപകാലത്തെ ക്ലാസിക്ക് പോരാട്ടം ആയി. 5 സെറ്റ് പോരാട്ടത്തിൽ ജയം കണ്ട ഫെഡറർ തുടർച്ചയായ അഞ്ചാം തവണയും വിംബിൾഡൺ കിരീടം ഉയർത്തി. സകലതും നൽകി പൊരുതിയ നദാലിന് മുന്നിൽ സെന്റർ കോർട്ടിൽ തന്റെ ക്ലാസ് ഫെഡറർ അടയാളപ്പെടുത്തുക ആയിരുന്നു. ആ വർഷം മോണ്ടറയാൽ ഫൈനലിൽ പക്ഷെ മൂന്നാം സെറ്റ് ടൈബ്രേക്കിന്‌ ഒടുവിൽ ഫെഡറർ അത്രയൊന്നും പ്രസിദ്ധൻ അല്ലാത്ത സെർബിയൻ താരം നൊവാക് ജ്യോക്കോവിചിന് മുന്നിൽ വീണു. പിന്നീട് ടെന്നീസ് ലോകം കാണാൻ പോകുന്ന മറ്റൊരു ഇതിഹാസ പോരാട്ടങ്ങളുടെ കർട്ടൻ ഉയരുക ആയിരുന്നു അന്ന് കാനഡയിൽ. യു.എസ് ഓപ്പൺ ഫൈനലിൽ പക്ഷെ ഫെഡറർ പ്രതികാരം ചെയ്തു. മികച്ച പോരാട്ടം നടത്തിയ ജ്യോക്കോവിചിനെ നേരിട്ടുള്ള സെറ്റുകൾക്ക് ഫെഡറർ തകർത്തു. 2007 ലെയും മൂന്നാം ഗ്രാന്റ് സ്‌ലാം കിരീടം.

തുടർച്ചയായ നാലാം വർഷം ലോക ഒന്നാം നമ്പർ ആയി വർഷം അവസാനിപ്പിച്ച ഫെഡറർ ഈ നാലു വർഷം 11 ഗ്രാന്റ് സ്‌ലാം കിരീടങ്ങൾ ആണ് നേടിയത്. 3 വർഷം 3 ഗ്രാന്റ് സ്‌ലാം കിരീടങ്ങൾ നേടുന്ന ചരിത്രത്തിലെ ആദ്യ താരമായ ഫെഡറർ ആ വർഷം ഉടനീളം ലോക ഒന്നാം നമ്പർ റാങ്കിലും തുടർന്നു. പരിക്കും അസുഖവും വേട്ടയാടിയ വർഷം ആയിരുന്നു ഫെഡറർക്ക് 2008, എങ്കിലും അഞ്ചാം തവണ യു.എസ് ഓപ്പൺ കിരീടം നേടിയ റോജർ ഒളിമ്പിക്സിൽ ഡബിൾസിൽ സ്റ്റാൻ വാവറിങ്കയും ആയി ചേർന്നു സ്വർണം നേടി. ഓസ്‌ട്രേലിയൻ ഓപ്പൺ സെമിയിൽ പിന്നീട് ചാമ്പ്യൻ ആയ ജ്യോക്കോവിചിനോട് പരാജയപ്പെട്ട ഫെഡറർ ഫ്രഞ്ച് ഓപ്പൺ, വിംബിൾഡൺ ഫൈനലുകളിൽ നദാലിനോട് പരാജയപ്പെട്ടു. ചിലപ്പോൾ ടെന്നീസ് ചരിത്രം കണ്ട ഏറ്റവും മഹത്തായ ഫൈനൽ ആയിരുന്നു ആ വിംബിൾഡൺ ഫൈനൽ. തുടർച്ചയായ ആറാം വിംബിൾഡൺ എന്ന റോജറിന്റെ സ്വപ്നങ്ങൾക്ക് പക്ഷെ നദാൽ കടിഞ്ഞാൺ ഇട്ടു. രണ്ടു സെറ്റ് പിറകിൽ നിന്ന ശേഷം അവിശ്വസനീയ മികവോടെ തിരിച്ചു വന്ന ടെന്നീസ് ആരാധകർ ഒരിക്കലും മറക്കാനാവാത്ത പോരാട്ടത്തിനു ഒടുവിൽ അഞ്ചാം സെറ്റിൽ പരാജയം സമ്മതിച്ചു. നീളൻ റാലികളും അതിസുന്ദര ഷോട്ടുകളും ഇരു താരങ്ങളുടെയും പോരാട്ടവീര്യവും കണ്ട ആ മത്സരം ഇന്നും കണ്ണിനു മുന്നിൽ തന്നെയുണ്ട്. 2008 നു അവസാനം നദാലിന് മുന്നിൽ ലോക ഒന്നാം നമ്പർ പദവി ഫെഡറർ അടിയറവ് പറയുന്നുണ്ട്.

സാമ്പ്രസിന്റെ 14 ഗ്രാന്റ് സ്‌ലാം എന്ന റെക്കോർഡ് തകർക്കാൻ ആയാണ് ഫെഡറർ 2009 ൽ കളിക്കാൻ ഇറങ്ങുന്നത്. ഓസ്‌ട്രേലിയൻ ഓപ്പണിൽ ഒരിക്കൽ കൂടി 5 സെറ്റ് ക്ലാസിക്കിൽ റോജർ റാഫക്ക് മുന്നിൽ വീണു. കളിമണ്ണ് സീസണിൽ മാഡ്രിഡിൽ നദാലിനെ വീഴ്ത്തിയ ഫെഡറർ ആത്മവിശ്വാസം തിരികെ നേടി. കഴിഞ്ഞ നാലു സീസണിലും ഫ്രഞ്ച് ഓപ്പൺ ഫൈനലിൽ നദാലിന് മുന്നിൽ വീണ ഫെഡറർക്ക് ഇത്തവണ കാര്യങ്ങൾ അനുകൂലമായി. റോബിൻ സോഡർലിങ് നദാലിനെ അട്ടിമറിച്ചപ്പോൾ ഫെഡറർക്ക് എല്ലാവരും കിരീടം പതിച്ചു നൽകി. എന്നാൽ ടാമി ഹാസിന് എതിരെ രണ്ടു സെറ്റും മൂന്നാം സെറ്റിൽ ഒരു ബ്രേക്കും പിറകിൽ ആയ ശേഷം 5 സെറ്റിൽ പൊരുതി ജയിച്ച് ആണ് റോജർ ഫ്രഞ്ച് ഓപ്പൺ സെമിഫൈനലിൽ എത്തുന്നത്. സെമിഫൈനലിൽ യുവാൻ ഡെൽ പോർട്ടോയെയും 5 സെറ്റ് നീണ്ട കടുത്ത പോരാട്ടത്തിൽ ആണ് ഫെഡറർ കീഴടക്കിയത്. ഒടുവിൽ നദാലിനെ വീഴ്ത്തിയ സോഡർലിങിനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്ത ഫെഡറർ പാരീസിൽ ആദ്യമായി കിരീടത്തിൽ മുത്തമിട്ടു. ഫ്രഞ്ച് ഓപ്പൺ കിരീടത്തോടെ കരിയർ സ്‌ലാം പൂർത്തിയാക്കിയ ഫെഡറർ സാമ്പ്രസിന്റെ 14 ഗ്രാന്റ് സ്‌ലാം കിരീടനേട്ടങ്ങൾക്ക് ഒപ്പവും എത്തി.

വിംബിൾഡൺ ഫൈനലിൽ ആന്റി റോഡിക് വലിയ വെല്ലുവിളി ആണ് ഫെഡറർക്ക് മുന്നിൽ ഉയർത്തിയത്. റെക്കോർഡ് തിരുത്തപ്പെട്ട അഞ്ചാം സെറ്റ് 16-14 എന്ന സ്കോറിന് ജയിച്ച റോജർ ആരും തകർക്കില്ലെന്നു ഒരു കാലത്ത് കരുതിയ സാമ്പ്രസിന്റെ 14 ഗ്രാന്റ് സ്‌ലാം കിരീടങ്ങൾ എന്ന നേട്ടം മറികടന്നു. 2009 സെമിഫൈനലിൽ തുടർച്ചയായ മൂന്നാം വർഷവും ജ്യോക്കോവിച് ഫെഡറർക്ക് എതിരാളിയായി വന്നു. ഈ മത്സരത്തിൽ ആണ് റോജർ ടെന്നീസ് ചരിത്രം കണ്ട എക്കാലത്തെയും മഹത്തായ ഷോട്ട് ആണെന്ന് പലരും കരുതുന്ന ‘ട്വീനർ’ വിന്നർ ഉതിർക്കുന്നത്. ഈ ട്വീനർ ഷോട്ട് ആണ് റോജറിന് മാച്ച് പോയിന്റുകൾ സമ്മാനിക്കുന്നത്. തുടർന്ന് സെമിഫൈനൽ ജയിച്ച റോജർ പക്ഷെ ഫൈനലിൽ ഡെൽ പോർട്ടോക്ക് മുന്നിൽ പരാജയപ്പെട്ടു. 2 സെറ്റ് മുന്നിൽ നിന്ന ശേഷവും നാലാം സെറ്റിൽ 2 പോയിന്റുകൾ അകലെ കിരീടം എന്ന നിലയിലും ആണ് റോജർ ഈ മത്സരം കൈവിടുന്നത്. കരിയറിൽ എന്നെങ്കിലും ഒരു മത്സരം ഒരിക്കൽ കൂടി കളിക്കാൻ അവസരം കിട്ടിയാൽ ഏത് തിരഞ്ഞെടുക്കും എന്ന ചോദ്യത്തിന് വർഷങ്ങൾക്ക് ശേഷം ഫെഡറർ നൽകുന്ന മറുപടി ഈ മത്സരം എന്നാണ്. അതിൽ നിന്നു തന്നെ ഈ പരാജയം റോജറിന് എത്രത്തോളം നിരാശ നൽകിയിട്ടുണ്ട് എന്നു മനസ്സിലാക്കാം. ചരിത്രപരമായ 2009 ൽ കരിയറിൽ അഞ്ചാം തവണയും ലോക ഒന്നാം നമ്പർ ആയാണ് റോജർ വർഷം അവസാനിപ്പിക്കുന്നത്.

2010 ൽ ആന്റി മറെയെ വീഴ്ത്തി ഓസ്‌ട്രേലിയൻ ഓപ്പൺ നേടിയ റോജർ ആന്ദ്ര അഗാസിയുടെ നാലു ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടങ്ങൾ എന്ന റെക്കോർഡ് നേട്ടത്തിന് ഒപ്പം എത്തി. ഫ്രഞ്ച് ഓപ്പണിൽ 700 മത്തെ കരിയർ ജയവും കളിമണ്ണ് കോർട്ടിലെ 150 മത്തെ ജയവും കുറിക്കാൻ ആയെങ്കിലും ക്വാർട്ടർ ഫൈനലിൽ റോജർ വീണു. സമാനമായ വിധി വിംബിൾഡണിലും റോജർ നേരിട്ടു. ലോക ഒന്നാം റാങ്കും നഷ്ടമായ ഫെഡറർ കരിയറിലെ ഏറ്റവും മികച്ച ഘട്ടത്തിൽ എത്തിയ നദാൽ, ജ്യോക്കോവിച് എന്നിവർക്ക് മുമ്പിൽ ഫെഡറർ നിറം മങ്ങാൻ തുടങ്ങിയെന്ന് പോലും തോന്നി. ആ വർഷം യു.എസ് ഓപ്പൺ സെമി ഫൈനലിലെ പരാജയം ഹൃദയഭേദകമായ കാഴ്ച ആയിരുന്നു. രണ്ടു മാച്ച് പോയിന്റുകൾ നഷ്ടമാക്കിയ ഫെഡറർ നൊവാക് ജ്യോക്കോവിചിന് മുന്നിൽ വീഴുക ആയിരുന്നു. എ.ടി.പി ഫൈനൽസിൽ പക്ഷെ തന്റെ മുഖ്യഎതിരാളികൾ ആയ നദാൽ, ജ്യോക്കോവിച്, മറെ എന്നീ മൂന്നു പേരെയും വീഴ്ത്തി കിരീടം നേടിയ ഫെഡറർ ആ വർഷം അവസാനം ലോക രണ്ടാം റാങ്കിൽ ആണ് വർഷം അവസാനിപ്പിച്ചത്. വർഷങ്ങൾക്ക് ശേഷം ഒരു ഗ്രാന്റ് സ്‌ലാം ഇല്ലാത്ത വർഷം ആയിരുന്നു ഫെഡറർക്ക് 2011. ഓസ്‌ട്രേലിയൻ ഓപ്പൺ സെമിയിൽ ജ്യോക്കോവിച് ഫെഡറർക്ക് മുന്നിൽ ഒരിക്കൽ കൂടി വില്ലൻ ആയി.

എന്നാൽ ഫ്രഞ്ച് ഓപ്പൺ സെമിയിൽ ഫെഡറർ തിരിച്ചടിച്ചു. ജ്യോക്കോവിച്ചിന്റെ 43 മത്സരങ്ങളുടെ വിജയകുതിപ്പ് അവസാനിപ്പിച്ച ഫെഡറർ പക്ഷെ ഫൈനലിൽ നദാലിന് മുന്നിൽ ഒരിക്കൽ കൂടി വീണു. വിംബിൾഡൺ ക്വാർട്ടർ ഫൈനലിൽ കരിയറിൽ ആദ്യമായി ആദ്യ രണ്ടു സെറ്റ് നേടിയ ശേഷം ഗ്രാന്റ് സ്ളാമിൽ ഫെഡറർ ജോ-വിൽഫ്രയിഡ് സോങയോട് പരാജയപ്പെട്ടു. യു.എസ് ഓപ്പൺ സെമിഫൈനലിൽ കഴിഞ്ഞ വർഷത്തെ ആവർത്തനം ആണ് കാണാൻ ആയത്. സ്വന്തം സർവീസിൽ രണ്ടു മാച്ച് പോയിന്റുകൾ നഷ്ടമാക്കിയ ഫെഡറർ ആദ്യ രണ്ടു സെറ്റുകൾ നേടിയ ശേഷം ജ്യോക്കോവിചിന് മുന്നിൽ ഒരിക്കൽ കൂടി മത്സരം അടിയറവ് പറഞ്ഞു. 2002 നു ശേഷം ആ വർഷം ആദ്യമായി ആണ് ഫെഡറർ ഒരു ഗ്രാന്റ് സ്‌ലാം കിരീടം നേടാത്ത വർഷം ഉണ്ടാവുന്നത്. എ.ടി.പി ഫൈനൽസ്, പാരീസ് മാസ്റ്റേഴ്സ് കിരീടം നേടാൻ ആയെങ്കിലും വർഷാവസാനം റോജർ ജ്യോക്കോവിച്, നദാൽ എന്നിവർക്ക് പിറകിൽ മൂന്നാം റാങ്കിലേക്ക് പിന്തള്ളപ്പെട്ടു. 2012 ഫെഡററിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച വർഷങ്ങളിൽ ഒന്നായിരുന്നു. ഓസ്‌ട്രേലിയൻ ഓപ്പൺ സെമിയിൽ നദാലിന് മുന്നിൽ വീണ ഫെഡറർ ആ വർഷം 3 മാസ്റ്റേഴ്സ് കിരീടങ്ങൾ ആണ് നേടിയത്. ഫ്രഞ്ച് ഓപ്പൺ സെമിയിൽ പക്ഷെ കഴിഞ്ഞ വർഷത്തെ ആവർത്തനത്തിൽ റോജർ ജ്യോക്കോവിചിന് മുന്നിൽ വീണു.

എന്നാൽ ഈ നിരാശ എല്ലാം ഫെഡറർ വിംബിൾഡൺ ഫൈനലിൽ തീർത്തു. ബ്രിട്ടീഷ് ചരിത്രം തേടിയിറങ്ങിയ മറെയെ നാലു സെറ്റ് പോരാട്ടത്തിൽ വീഴ്ത്തിയ ഫെഡറർ സാമ്പ്രസിന്റെ ആറു വിംബിൾഡൺ കിരീടങ്ങൾ എന്ന റെക്കോർഡ് നേട്ടത്തിന് ഒപ്പവും ലോക ഒന്നാം നമ്പർ പദവിയിലേക്കും തിരിച്ചെത്തി. നാലരമണിക്കൂർ നീണ്ട ഒളിമ്പിക് സെമിഫൈനൽ ഡെൽ പോർട്ടോയോട് ജയിച്ചു പിറ്റെ ദിവസം ഫൈനലിൽ ഇറങ്ങിയ റോജർ ഫൈനലിൽ ആന്റി മറെയോട് പരാജയപ്പെട്ടു ഒളിമ്പിക്സ് സിംഗിൾസ് വെള്ളി മെഡലിൽ തൃപ്തിപ്പെട്ടു. യു.എസ് ഓപ്പൺ ക്വാർട്ടർ ഫൈനലിൽ വീണ റോജർ എ.ടി.പി ഫൈനൽസ് ഫൈനലിലും പരാജയപ്പെട്ടു. എങ്കിലും 300 ആഴ്ച ലോക ഒന്നാം നമ്പർ പദവിയിൽ ഫെഡറർ പൂർത്തിയാക്കി. പരിക്ക് വലക്കുന്ന സീസൺ ആണ് 2013 ൽ റോജറിനെ കാത്തിരുന്നത്. വിംബിൾഡൺ രണ്ടാം റൗണ്ടിൽ പുറത്തായ റോജർ നാലാം റാങ്കിലേക്ക് പിന്തള്ളപ്പെട്ടു. തുടർച്ചയായ 36 തവണ ഗ്രാന്റ് സ്‌ലാം ക്വാർട്ടർ ഫൈനലുകളിൽ എത്തിയ ശേഷമാണ് അത്രക്ക് വലിയ തോൽവി ഫെഡറർ നേരിട്ടത്. ബാക് ഇഞ്ച്വറി അടക്കം ഈ സമയങ്ങളിൽ റോജറിനെ വലക്കുന്നുണ്ട്. കരിയറിൽ ആദ്യമായി റാക്കറ്റ് മാറ്റി പരീക്ഷിച്ച റോജർ ഓസ്‌ട്രേലിയൻ ഓപ്പൺ ഫൈനലിൽ 2014 എത്തിയെങ്കിലും നദാലിന് മുന്നിൽ വീണു. തുടർച്ചയായ 11 മത്തെ തവണയാണ് ഫെഡറർ ഓസ്‌ട്രേലിയൻ ഓപ്പൺ സെമിഫൈനലിൽ എത്തുന്നത്. വിംബിൾഡണിൽ റെക്കോർഡ് ഒമ്പതാം തവണ ഫൈനലിൽ എത്താൻ ഫെഡറർക്ക് ആയെങ്കിലും 5 സെറ്റ് നീണ്ട മറ്റൊരു ക്ലാസിക് മത്സരത്തിന് ഒടുവിൽ ഫെഡറർ ജ്യോക്കോവിചിന് മുന്നിൽ വീണു. യു.എസ് ഓപ്പൺ സെമിഫൈനലിൽ പിന്നീട് ചാമ്പ്യൻ ആയ മാരിൻ ചിലിചിനോട് റോജർ വീണു. ബാക് ഇഞ്ച്വറി കാരണം എ.ടി.പി ഫൈനൽസ് ഫൈനലിൽ നിന്നു പിന്മാറിയ റോജർ പക്ഷെ പരിക്ക് വക വക്കാതെ ഡേവിസ് കപ്പ് ഫൈനൽ കളിക്കാൻ ഇറങ്ങി.

ഫ്രാൻസിന്റെ റിച്ചാർഡ് ഗാസ്ഗറ്റിനെ തോൽപ്പിച്ച ഫെഡറർ ചരിത്രത്തിൽ ആദ്യമായി സ്വിസർലാന്റിന് ഡേവിസ് കപ്പ് കിരീടം സമ്മാനിച്ചു. പരിക്കുകൾ അലട്ടുന്ന ഫെഡററും മികവ് തുടരുന്ന നദാലും ജ്യോക്കോവിച്ചും ആയിരുന്നു 2015 ലെയും കാഴ്ച. 1000 ജയം കുറിച്ച ഫെഡറർ ഓപ്പൺ യുഗത്തിൽ 1000 ജയങ്ങൾ കുറിക്കുന്ന മൂന്നാമത്തെ മാത്രം താരമായി. ഒപ്പം തുടർച്ചയായ 15 മത്തെ സീസണിലും കിരീടം നേടിയ ഫെഡറർ അത്തരം നേട്ടം ഓപ്പൺ യുഗത്തിൽ കൈവരിക്കുന്ന ആദ്യ താരവും ആയി മാറി. പത്താം വിംബിൾഡൺ ഫൈനലിൽ ജ്യോക്കോവിച്ചിന് മുന്നിൽ വീണ റോജർ യു.എസ് ഓപ്പൺ ഫൈനലിലും സെർബിയൻ താരത്തിന്റെ ചെറുപ്പത്തിനു മുന്നിൽ കീഴടങ്ങി. 2016 ൽ പരിക്കുകൾ കരിയർ അവസാനിപ്പിക്കും എന്ന നിലക്ക് വരെ ഫെഡററെ വേട്ടയാടി. ഓസ്‌ട്രേലിയൻ ഓപ്പൺ സെമിയിൽ എത്തിയെങ്കിലും ജ്യോക്കോവിചിന് എതിരായ മത്സരത്തിന് ഇടയിൽ കാൽ മുട്ടിനു ഏറ്റ പരിക്ക് റോജറിന് വലിയ വെല്ലുവിളിയായി. തുടർന്ന് കാൽ മുട്ടിനു ശസ്ത്രക്രിയക്ക് ഫെഡറർ വിധേയമായി. തിരിച്ചു വരവ് ശ്രമങ്ങൾ പരാജയപ്പെട്ടപ്പോൾ 2016 ഫ്രഞ്ച് ഓപ്പണിൽ നിന്നു ഫെഡറർ പിന്മാറി. 2000 ഓസ്‌ട്രേലിയൻ ഓപ്പൺ മുതൽ 65 ഗ്രാന്റ് സ്‌ലാമുകളിൽ കളിച്ച ഫെഡറർ ഇല്ലാത്ത ആദ്യ ഗ്രാന്റ് സ്‌ലാം ടൂർണമെന്റ് ആയി ആ വർഷത്തെ ഫ്രഞ്ച് ഓപ്പൺ. വിംബിൾഡണിൽ റെക്കോർഡ് 11 മത്തെ തവണ ഫെഡറർ സെമിഫൈനലിൽ എത്തി. എന്നാൽ അഞ്ച് സെറ്റ് പോരാട്ടത്തിനു ഒടുവിൽ ഫെഡറർ കീഴടങ്ങി. അഞ്ചാം സെറ്റിൽ മുട്ടിനു പരിക്കേറ്റതോടെ ഫെഡററുടെ കരിയറിന് അന്ത്യം ആവുമോ എന്നു പോലും ആളുകൾ സംശയിച്ച നാളുകൾ ആയിരുന്നു ഇവ. 2016 ഒളിമ്പിക്സിൽ നിന്നും ഫെഡറർ പിന്മാറി.

2000 ത്തിന് ശേഷം ആദ്യമായി ഫെഡറർ ഒരു കിരീടം പോലും നേടാത്ത വർഷം ആയിരുന്നു 2016. 14 വർഷങ്ങൾക്ക് ശേഷം റാങ്കിംഗിൽ ആദ്യ പത്തിൽ നിന്നും റോജർ പുറത്തായി. നാലു വർഷം ഗ്രാന്റ് സ്‌ലാം കിരീടങ്ങളും നേടാൻ ആവാത്ത റോജർ ഫെഡറർ ഇനിയൊരു പ്രധാന കിരീടം നേടില്ലെന്നും താരം വിരമിക്കണം എന്നും ഉള്ള അഭിപ്രായങ്ങൾ ആളുകൾ പരസ്യമാക്കിയ കാലം ആയിരുന്നു ഇത്. 17 റാങ്കുകാരൻ ആയി ഓസ്‌ട്രേലിയ കാണാൻ കുടുംബവും ആയി 2017 ഓസ്‌ട്രേലിയൻ ഓപ്പണിൽ എത്തിയത് ആയി ആണ് താൻ പോലും കരുതിയത് എന്നു ഫെഡറർ പിന്നീട് പറഞ്ഞ ആ ഓസ്‌ട്രേലിയൻ ഓപ്പണിൽ ഒരാൾ പോലും വയസ്സനായ ഫെഡറർക്ക് സാധ്യത കൽപ്പിച്ചില്ല. ആദ്യ പത്തിൽ ഉള്ള താരങ്ങളെ മറികടന്നു സെമിഫൈനലിൽ എത്തിയ ഫെഡറർ 1991 ലെ ജിമ്മി കോണോർസിന് ശേഷം ഒരു ഗ്രാന്റ് സ്‌ലാം സെമിഫൈനലിൽ എത്തിയ ഏറ്റവും പ്രായം കൂടിയ താരമായി. വാവറിങ്കയെ 5 സെറ്റ് പോരാട്ടത്തിൽ മറികടന്ന ഫെഡറർ 1974 നു ശേഷം ഒരു ഗ്രാന്റ് സ്‌ലാം ഫൈനലിൽ എത്തുന്ന ഏറ്റവും പ്രായം കൂടിയ താരവും ആയി മാറി. ഫൈനലിൽ എതിരാളിയായി റാഫേൽ നദാൽ വന്നപ്പോൾ ടെന്നീസ് ലോകം എന്നല്ല ലോകം മുഴുവൻ ആ മത്സരത്തിനായി ഉറ്റു നോക്കി. തന്റെ നൂറാം ഓസ്‌ട്രേലിയൻ ഓപ്പൺ മത്സരത്തിൽ 5 സെറ്റ് നീണ്ട മറ്റൊരു ഇതിഹാസ മത്സരത്തിൽ ഫെഡറർ നദാലിനെ തോൽപ്പിച്ചു തന്റെ പതിനെട്ടാം ഗ്രാന്റ് സ്‌ലാം കിരീടം ഉയർത്തി. 2007 വിംബിൾഡൺ ഫൈനലിന് ശേഷം ഇത് ആദ്യമായി ആയിരുന്നു ഫെഡറർ നദാലിനെ ഗ്രാന്റ് സ്‌ലാം വേദിയിൽ തോൽപ്പിക്കുന്നത്. പിന്നാലെ ലോക റാങ്കിങിൽ ആദ്യ പത്തിൽ എത്താനും ഫെഡറർക്ക് ആയി. തുടർന്ന് മിയാമി ഓപ്പൺ, ഇന്ത്യൻ വെൽസ് എന്നിവയിലും നദാലിനെ തോൽപ്പിക്കുന്ന ഫെഡറർ ഇവിടെ രണ്ടിടത്തും കിരീടവും നേടുന്നുണ്ട്.

കിരീടം എന്ന ലക്ഷ്യം മുന്നിൽ കണ്ട ഫെഡറർ ഈ സീസണിൽ കളിമണ്ണ് സീസൺ ഒഴിവാക്കി ആണ് വിംബിൾഡണിൽ എത്തുന്നത്. ഒരു സെറ്റ് പോലും കൈവിടാതെ റോജർ ചിലിചിനെ മറികടന്നു വിംബിൾഡൺ കിരീടം ഉയർത്തുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. 1976 ൽ ബോർഗിന് ശേഷം ഒരു സെറ്റ് പോലും കൈവിടാതെ വിംബിൾഡൺ നേടുന്ന ആദ്യ താരമായി റോജർ ഇതോടെ. ഓപ്പൺ യുഗത്തിൽ വിംബിൾഡൺ നേടുന്ന ഏറ്റവും പ്രായം കൂടിയ താരവും ആയി മാറി ഫെഡറർ. യു.എസ് ഓപ്പണിൽ ക്വാർട്ടർ ഫൈനലിൽ നിരാശപ്പെട്ടെങ്കിലും ആദ്യ 3 റാങ്കിൽ ഫെഡറർ എത്തി. ലേവർ കപ്പ് എന്ന ആശയം പ്രാവർത്തികമാക്കാൻ മുന്നിൽ നിന്ന ഫെഡറർ ആദ്യ ലേവർ കപ്പിൽ സിംഗിൾസിൽ രണ്ടു ജയങ്ങളും ആയി ടീം യൂറോപ്പിന്റെ ജയം ഉറപ്പിച്ചു. ഡബിൾസിൽ തന്റെ ദീർഘകാല ശത്രു നദാലും ഒന്നിച്ചു ഡബിൾസ് കളിക്കാൻ ഫെഡറർ ഇറങ്ങിയപ്പോൾ ടെന്നീസ് ലോകത്തിന് അത് വലിയ വിരുന്ന് ആയി. ആ മത്സരം ഇതിഹാസ താരങ്ങൾ ജയിക്കുകയും ചെയ്തിരുന്നു. ഷാങ്ഹായ് മാസ്റ്റേഴ്സ് ഫൈനലിൽ നദാലിനെ തോൽപ്പിച്ചു കിരീടം നേടുന്ന ഫെഡറർ നദാലിന് എതിരെ തുടർച്ചയായ അഞ്ചാം ജയം ആണ് കുറിച്ചത്. 2018 ൽ ഒരിക്കൽ കൂടി ഓസ്‌ട്രേലിയൻ ഓപ്പണിൽ ഫെഡറർ തന്റെ ക്ലാസ് അടയാളപ്പെടുത്തി. ഒരു സെറ്റ് പോലും വഴങ്ങാതെ ഫൈനലിൽ എത്തിയ 36 കാരനായ ഫെഡറർ ഫൈനലിൽ ചിലിചിനെ അടങ്ങാത്ത പോരാട്ടവീര്യത്തോടെ 5 സെറ്റ് പോരാട്ടത്തിൽ തോൽപ്പിച്ചു കിരീടം ഉയർത്തി.

ചരിത്രത്തിൽ ആദ്യമായി 20 ഗ്രാന്റ് സ്‌ലാം കിരീടങ്ങൾ നേടുന്ന താരമായ ഫെഡറർ 2008 നു ശേഷം ആദ്യമായി ഒരു ഗ്രാന്റ് സ്‌ലാം കിരീടം നിലനിർത്തുകയും ചെയ്തു. ഈ വർഷം 36 വയസ്സും 195 ദിവസവും പ്രായമുള്ളപ്പോൾ ലോക ഒന്നാം നമ്പർ റാങ്കിൽ എത്തിയ ഫെഡറർ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ ലോക ഒന്നാം നമ്പർ താരമായി മാറി. വിംബിൾഡൺ കിരീടം നിലനിർത്താൻ ഇറങ്ങിയ ഫെഡറർ പക്ഷെ ക്വാർട്ടർ ഫൈനലിൽ കെവിൻ ആന്റേഴ്‌സനോട് പരാജയപ്പെട്ടു. യു.എസ് ഓപ്പണിൽ നാലാം റൗണ്ടിൽ പുറത്തായ ഫെഡറർ ലേവർ കപ്പ് നേടാൻ ടീം യൂറോപ്പിനെ സഹായിക്കുന്നുണ്ട്. കരിയറിൽ ആദ്യമായി ജ്യോക്കോവിചിന് ഒപ്പം ഡബിൾസ് മത്സരത്തിൽ ഫെഡറർ പങ്കാളിയും ആവുന്നുണ്ട് ഇവിടെ. 2019 ൽ ഓസ്‌ട്രേലിയൻ ഓപ്പൺ നാലാം റൗണ്ടിൽ നാലു സെറ്റ് കടുത്ത പോരാട്ടത്തിൽ പക്ഷെ ഫെഡറർ സിറ്റിപാസിനു മുന്നിൽ വീണു. 12 ബ്രേക്ക് പോയിന്റുകളിൽ ഒന്നു പോലും മുതലാക്കാൻ സാധിക്കാത്ത ഫെഡറർ ഒരു അവിശ്വസനീയ കാഴ്ച ആയിരുന്നു. വിരമിക്കൂ എന്ന മുറവിളിക്ക് ഇടയിൽ ഫെഡറർ 2016 നു ശേഷം ആദ്യമായി കളിമണ്ണ് സീസൺ കളിക്കും എന്നു ഫെഡറർ പ്രഖ്യാപിച്ചു. ദുബായ് ഓപ്പണിൽ സിറ്റിപാസിനോട് പ്രതികാരം ചെയ്തു എട്ടാം ദുബായ് ഓപ്പൺ കിരീടം ചൂടിയ ഫെഡറർ കരിയറിൽ നൂറാം കിരീടവും കുറിച്ചു. ജിമ്മി കോണോർസിന് ശേഷം 100 കിരീടങ്ങൾ കരിയറിൽ നേടുന്ന രണ്ടാമത്തെ മാത്രം താരമായും ഇതോടെ ഫെഡറർ മാറി.

മിയാമി ഓപ്പൺ കിരീടം നേടിയ ഫെഡറർ കരിയറിൽ തന്റെ 28 മത്തെ മാസ്റ്റേഴ്സ് കിരീടവും സ്വന്തം പേരിലാക്കി. മാഡ്രിഡ് ഓപ്പണിൽ കരിയറിലെ 1200 മത്തെ ജയം കുറിച്ച ഫെഡറർ ഇറ്റാലിയൻ ഓപ്പൺ ക്വാർട്ടർ ഫൈനലിൽ കാലിനു ഏറ്റ പരിക്ക് കാരണം പിന്മാറി. എല്ലാവരും എഴുതി തള്ളിയ ഫെഡറർ ഫ്രഞ്ച് ഓപ്പണിൽ ഞെട്ടിക്കുന്നത് ആണ് പിന്നീട് കാണാൻ ആയത്. നേരിട്ടുള്ള സെറ്റുകൾക്ക് നാലു മത്സരവും ജയിച്ചു ക്വാർട്ടർ ഫൈനലിൽ എത്തിയ ഫെഡറർ ക്വാർട്ടർ ഫൈനലിൽ വാവറിങ്കയെ മൂന്നര മണിക്കൂർ നീണ്ട നാലു സെറ്റ് പോരാട്ടത്തിൽ വീഴ്ത്തി 2012 നു ശേഷം ആദ്യമായി ഫ്രഞ്ച് ഓപ്പൺ സെമിഫൈനലിൽ എത്തി. എന്നാൽ സെമിയിൽ കളിമണ്ണ് കോർട്ടിലെ രാജാവിന് മുന്നിൽ ഒരിക്കൽ കൂടി ഫെഡറർ പരാജയം സമ്മതിച്ചു. വിംബിൾഡൺ ജയിക്കാൻ ഉറച്ചു എത്തിയ ഫെഡററെ ആണ് സെന്റർ കോർട്ട് കണ്ടത്. അനായാസം സെമിഫൈനലിൽ എത്തിയ ഫെഡറർ സെമിയിൽ നദാലിനോട് ഫ്രഞ്ച് ഓപ്പണിലെ തോൽവിക്ക് പ്രതികാരം ചെയ്തു. 2008 ലെ ഇതിഹാസ ഫൈനലിന് ശേഷം വിംബിൾഡൺ സെന്റർ കോർട്ടിലെ പുൽ മൈതാനത്ത് ഫെഡറർ, നദാൽ പോരാട്ടം വന്നപ്പോൾ ലോകം ഒരിക്കൽ കൂടി അവിടേക്ക് ചുരുങ്ങി. നാലു സെറ്റ് പോരാട്ടം ജയിച്ചു ഫെഡറർ റെക്കോർഡ് 12 മത്തെ വിംബിൾഡൺ ഫൈനലിലേക്ക് യോഗ്യത നേടി.

37 മത്തെ വയസ്സിൽ അവിശ്വസനീയം ആയി കളിക്കുന്ന ഫെഡററെ ആണ് ഫൈനലിൽ നൊവാക് ജ്യോക്കോവിചിന് എതിരെ കാണാൻ ആയത്. അഞ്ചാം സെറ്റിൽ ലഭിച്ച രണ്ടു മാച്ച് പോയിന്റുകൾ കൈവിട്ട ഫെഡറർ 5 മണിക്കൂറിൽ ഏറെ നീണ്ട പോരാട്ടം 12 ഗെയിമുകൾ അടങ്ങിയ ടൈബ്രേക്കറിൽ ആണ് കൈവിട്ടത്. ഏതൊരു ഫെഡറർ ആരാധകന്റെയും ഹൃദയം തകർക്കുന്ന പരാജയം ആയിരുന്നു അത്. ജയിച്ചു എന്ന കളി സ്വന്തം സർവീസിൽ മാച്ച് പോയിന്റുകൾ നഷ്ടമാക്കി ഫെഡറർ പാഴാക്കിയത് ഹൃദയം പിളർത്തുന്ന കാഴ്ചയായി. യു.എസ് ഓപ്പൺ ക്വാർട്ടർ ഫൈനലിൽ 2-1 നു മുന്നിട്ട് നിന്ന ശേഷം 5 സെറ്റിൽ മത്സരം ഗ്രിഗോർ ദിമിത്രോവിനു എതിരെ കൈവിടുന്ന ഫെഡററെയും ഈ വർഷം കാണാൻ ആയി. പത്താം സ്വിസ് ഇൻഡോർ കിരീടം നേടിയ ഫെഡറർ എ.ടി.പി ഫൈനൽസ് ഗ്രൂപ്പ് ഘട്ടത്തിൽ ജ്യോക്കോവിചിനെ തോൽപ്പിച്ചു എങ്കിലും സെമിയിൽ പരാജയപ്പെട്ടു. 2020 ഓസ്‌ട്രേലിയൻ ഓപ്പൺ സെമിഫൈനലിൽ ഫെഡറർ എത്തിയത് നീളം കൂടിയ മത്സരങ്ങൾ കളിച്ചു തന്നെ ആയിരുന്നു. ക്വാർട്ടർ ഫൈനലിൽ ടെന്നിസ് സാന്റ്ഗ്രനു എതിരെ 7 മാച്ച് പോയിന്റുകൾ ആണ് ഫെഡറർ രക്ഷിച്ചത്. ഒടുവിൽ അഞ്ചു സെറ്റ് പോരാട്ടത്തിൽ താരത്തെ വീഴ്ത്തി ഫെഡറർ സെമിയിൽ എത്തി. എന്നാൽ നേരിട്ടുള്ള സെറ്റുകൾക്ക് ഫെഡറർ ജ്യോക്കോവിചിനോട് വീണു. ടൂർണമെന്റിൽ പറ്റിയ ഗ്രോയിൻ ഇഞ്ച്വറി ഫെഡറർക്ക് വലിയ തിരിച്ചടി സമ്മാനിച്ചു. തുടർന്ന് ശസ്ത്രക്രിയക്ക് പിറകെ ശസ്ത്രക്രിയകൾക്ക് ഫെഡറർ വിധേയമായി. തുടർന്ന് ആ സീസണിൽ നിന്നു പിന്മാറിയ ഫെഡറർ 2021 ൽ തിരിച്ചു വരും എന്ന് പ്രഖ്യാപിച്ചു.

2021 ലെ ഓസ്‌ട്രേലിയൻ ഓപ്പണിൽ തിരിച്ചു വരാനുള്ള ശ്രമം പരാജയപ്പെട്ടതോടെ ഖത്തർ ഓപ്പണിൽ തിരിച്ചു വന്നു. ആദ്യ മത്സരത്തിൽ ജയിച്ച ഫെഡറർ രണ്ടാം മത്സരത്തിൽ പരാജയപ്പെട്ടു. വിംബിൾഡൺ ക്വാർട്ടർ ഫൈനലിൽ എത്തിയ 39 കാരനായ ഫെഡറർ ഓപ്പൺ യുഗത്തിൽ വിംബിൾഡൺ ക്വാർട്ടർ ഫൈനലിൽ എത്തുന്ന ഏറ്റവും പ്രായം കൂടിയ താരമായി മാറി. എന്നാൽ ക്വാർട്ടർ ഫൈനലിൽ ഉമ്പർട്ട് ഹുർകാഷിനു മുന്നിൽ ഹൃദയഭേദക പരാജയം ആണ് ഫെഡറർ ഏറ്റുവാങ്ങിയത്. 19 വർഷത്തിന് ഇടയിൽ ആദ്യമായി വിംബിൾഡൺ മത്സരം നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെട്ട ഫെഡറർ അവസാന സെറ്റ് 6-0 നു ആണ് കൈവിട്ടത്. സെന്റർ കോർട്ടിലെ ആരാധകർ ഒരു തരം അവിശ്വസനീയതോടെ തന്നെയാണ് ഫെഡററിന്റെ ഈ വീഴ്ച കണ്ടിരുന്നത്. ഫെഡറർ ആരാധകർക്ക് ആവട്ടെ അത് ഓർത്തിരിക്കാൻ ഇഷ്ടപ്പെടാത്ത സങ്കടകാഴ്ചയായി. തുടർന്ന് ഒരിക്കൽ കൂടി മുട്ടിനു ശസ്ത്രക്രിയക്ക് വിധേയമായ ഫെഡറർ പക്ഷെ വിരമിക്കില്ല എന്നു ആവർത്തിച്ചു. 2022 ൽ തിരിച്ചു വരാൻ എല്ലാ ശ്രമവും നടത്തുമെന്ന് യു.എസ് ഓപ്പണിൽ നിന്നു പിന്മാറിയ ശേഷം ഫെഡറർ പ്രഖ്യാപിച്ചു. എന്നാൽ അതിനു ശേഷം ഒരു മത്സരവും കളിക്കാൻ ഫെഡറർക്ക് ആയില്ല. ഒടുവിൽ ആണ് വരുന്ന ലേവർ കപ്പിന് ശേഷം താൻ വിരമിക്കും എന്ന പ്രഖ്യാപനം ഫെഡററിൽ നിന്നു ഉണ്ടാവുന്നത്.

പ്രതീക്ഷിച്ചത് തന്നെയാണ് ഈ വിരമിക്കൽ എങ്കിലും ഇത് അവശേഷിപ്പിപ്പിക്കുന്ന ശൂന്യത ഭയങ്കരം തന്നെയാണ്. വളർന്ന കാലത്ത് എന്നും എങ്ങോ ലോകത്ത് റോജർ ഫെഡറർ ടെന്നീസ് കളിച്ചിരുന്നു എന്നത്, അത് കാണുന്നത്, അത് അറിയുന്നത് ജീവിതത്തിലെ തന്നെ പ്രധാന കാര്യങ്ങളിൽ ഒന്നായിരുന്നു. ഓരോ വർഷവും അയാൾക്ക് പ്രായമേറുന്നത് ആശങ്കയോടെ കണ്ടത് ഈ ദിനം എന്നെങ്കിലും വരും എന്ന പേടിയോടെ ആണ്. ഏറ്റവും കൂടുതൽ ആഴ്ച(237) തുടർച്ചയായി ലോക ഒന്നാം നമ്പർ ആയി തുടർന്ന താരം, ഏറ്റവും പ്രായം കൂടിയ ലോക ഒന്നാം നമ്പർ, ഒരു വർഷം തന്നെ 3 തവണ നാലു ഗ്രാന്റ് സ്‌ലാം ഫൈനലുകളിലും എത്തിയ ഏക താരം, തുടർച്ചയായി ഏറ്റവും കൂടുതൽ തവണ ഗ്രാന്റ് സ്‌ലാം സെമിഫൈനൽ, ക്വാർട്ടർ ഫൈനൽ എന്നിവയിൽ എത്തിയ താരം, ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിംബിൾഡൺ(8) കിരീടങ്ങൾ നേടിയ താരം, 6 വേൾഡ് ടൂർ കിരീടങ്ങൾ ഇവയൊക്കെ ഇന്നും ഫെഡറർ സൂക്ഷിക്കുന്ന റെക്കോർഡുകൾ ആണ്. 103 കരിയർ കിരീടങ്ങളും, 20 ഗ്രാന്റ് സ്‌ലാം കിരീടങ്ങളും, 28 മാസ്റ്റേഴ്സ് കിരീടങ്ങളും, ഡേവിസ് കപ്പും, ഒളിമ്പിക് സ്വർണവും(ഡബിൾസ്) അടക്കം നേട്ടങ്ങൾ പറയാൻ ഒരുപാട് ഉണ്ട് ഫെഡറർ എന്ന ഇതിഹാസത്തിന്.

ഫെഡററുടെ പല നേട്ടങ്ങളും പിറകിൽ വന്ന നദാലും ജ്യോക്കോവിചും തകർക്കുന്നത് ദേഷ്യത്തോടെ സങ്കടത്തോടെ മാത്രമേ നോക്കി നിൽക്കാൻ ആയിട്ടുള്ളു. അവരോട് ബഹുമാനം സൂക്ഷിക്കുന്ന സമയത്തും ഫെഡററോടുള്ള ഇഷ്ടം കാരണം അത് നീരസം ആയാണ് പുറത്ത് വരിക. ഇനിയും ചിലപ്പോൾ ഫെഡറർ സൂക്ഷിച്ച പല റെക്കോർഡുകളും തകരുമായിരിക്കും. എന്നാൽ ഏത് നമ്പറുകൾക്കും അപ്പുറം തന്നെയാണ് ഫെഡററുടെ സ്ഥാനം. ആ സർവീസുകളുടെ പെർഫെക്ഷൻ, ആ ഫോർഹാന്റിന്റെ മനോഹാരിത, പലപ്പോഴും പിറക്കുന്ന ആ ഡ്രോപ്പ് ഷോട്ടുകളുടെ കൃത്യത, ബാക് ഹാന്റ്, ഫോർ ഹാന്റ് സ്ലൈസുകൾ ആ കളിക്ക് നൽകുന്ന ഭംഗി, പലപ്പോഴും വിശ്വസിക്കാൻ പിന്നീട് ഒരിക്കൽ കാണേണ്ടി വരുന്ന അവിശ്വസനീയ ഷോട്ടുകൾ ഇതൊക്കെ ഏത് നമ്പറിൽ ആണ് നിങ്ങൾക്ക് കാണാൻ ആവുക. അയാളുടെ മാന്ത്രിക ചലനങ്ങൾസ് അയാളുടെ ആ അനായാസ ടെന്നീസ്, അയാളുടെ ആ അത്രമേൽ സൗന്ദര്യം തുളുമ്പുന്ന ടെന്നീസ് നിങ്ങൾക്ക് ഏത് കണക്ക് പുസ്തകത്തിൽ ആണ് കാണാൻ ആവുക?

റോജർ ഫെഡററെ കണ്ടു വളർന്ന കുട്ടിക്കാലം ഉള്ള അയാളുടെ ടെന്നീസിന് ഒപ്പം വളർന്ന ഈ മനുഷ്യന് അയാൾക്ക് മേലേക്ക് ഒരു താരത്തെയും കാണാൻ ആവില്ല ഒരിക്കലും. ഇനിയൊരാൾ റെക്കോർഡ് പുസ്തകങ്ങൾ തകർത്തു മുന്നേറുമ്പോഴും ചോദ്യം നിങ്ങളുടെ ടെന്നീസ് അത് ഫെഡററിന്റെ മാന്ത്രികതക്ക് മനോഹാരിതക്ക് ഒപ്പം എത്തുന്നുണ്ടോ എന്നതിനു മാത്രം ആയിരിക്കും. വിട പറയുന്ന സമയത്ത് ഫെഡററോട് പറയേണ്ടത് നന്ദിയാണ്. ഈ കളിയെ പരിചയപ്പെടുത്തിയതിൽ, ഈ കളിയുടെ ആരാധകൻ ആക്കി മാറ്റിയതിൽ ഒക്കെ നിങ്ങളോട് മാത്രം ആണ് നന്ദി പറയാനുള്ളത്. നിങ്ങളുടെ ഓരോ സന്തോഷവും എന്റെ സന്തോഷങ്ങൾ ആയിരുന്നു, നിങ്ങളുടെ ഓരോ സങ്കടവും എന്റെ സങ്കടങ്ങൾ ആയിരുന്നു, ജീവിതത്തിലെ ഏറ്റവും ദുഖകരമായ പല നിമിഷങ്ങളും അതിജീവിച്ചത് നിങ്ങൾ ടെന്നീസ് കളിച്ചത് കൊണ്ടു മാത്രം ആണ്, അതിനാൽ തന്നെ ജീവിതത്തിനോട് പോലും നിങ്ങളോട് എനിക്ക് കടപ്പാടുണ്ട്. നിങ്ങളുടെ വിജയങ്ങൾ പോലെ പരാജയവും ജീവിതത്തിന്റെ ഭാഗം ആയിരുന്നു. എല്ലാറ്റിനും നന്ദിയുണ്ട് ഫെഡറർ, വിംബിൾഡണിൽ സെന്റർ കോർട്ടിൽ വെള്ള അണിഞ്ഞു നിൽക്കുന്ന നിങ്ങളെക്കാൾ മനോഹരമായ ഒന്നും സ്പോർട്സിൽ ഇല്ല എന്നു കരുതുന്നു. എണ്ണിയാൽ ഒടുങ്ങാത്ത അനുഭവങ്ങൾ ആണ് നിങ്ങൾ എനിക്ക് ഞങ്ങൾക്ക് സമ്മാനിച്ചത് എങ്കിലും എന്നെന്നും ഞാൻ ആ ഓസ്‌ട്രേലിയൻ ഓപ്പൺ ജയം ഹൃദയത്തിൽ പ്രത്യേകം സൂക്ഷിക്കും. നദാലിനെ തോൽപ്പിച്ചു കൊണ്ടു കണ്ണീർ അണിഞ്ഞു ആർത്തു വിളിച്ച നിങ്ങളുടെ മുഖം ആണ്, ആ മുഖം ആണ് എന്നും എന്റെ മനസ്സിൽ നിങ്ങൾ എന്നു കേട്ടാൽ ആദ്യം ഓടി വരിക. ഏറ്റവും പ്രിയപ്പെട്ട ഒരിക്കലും വിലമതിക്കാൻ ആവാത്ത വലിയ പിറന്നാൾ സമ്മാനം ആയി ഞാൻ അതെന്നും ഹൃദയത്തിൽ സൂക്ഷിക്കും. എല്ലാ ഓർമ്മകൾക്കും എല്ലാറ്റിനും നന്ദി റോജർ ഫെഡറർ.

‘ഇങ്ങനെ ഒരു ദിവസം ഒരിക്കലും വരരുത് എന്നു ആഗ്രഹിച്ചിരുന്നു, ഫെഡറർ വിരമിച്ചത് വ്യക്തിപരമായി സങ്കടകരമായ കാര്യം’ – നദാൽ

റോജർ ഫെഡററിന്റെ വിരമിക്കലിനു പിന്നാലെ വികാരപരമായ യാത്രകുറിപ്പ് എഴുതി താരത്തിന്റെ പ്രധാന എതിരാളിയും സുഹൃത്തും ആയ റാഫേൽ നദാൽ. പ്രിയ സുഹൃത്തും എതിരാളിയും ആയ ഫെഡറർ ഇങ്ങനെ ഒരു ദിനം ഒരിക്കലും വരാതിരുന്നു എങ്കിൽ എന്നു താൻ കരുതിയിരുന്നു എന്നാണ് നദാൽ കുറിച്ചത്. തനിക്ക് വ്യക്തിപരമായും കായിക രംഗത്തിനും ഇത് വളരെ സങ്കടകരമായ ദിനം ആണെന്ന് അദ്ദേഹം പറഞ്ഞു. മുമ്പ് ഇതിനെ കുറിച്ച് നമ്മൾ സംസാരിച്ചിരുന്നു എങ്കിലും ഒടുവിൽ ആ ദിനം എത്തിയെന്നും നദാൽ കൂട്ടിച്ചേർത്തു.

ഇത്രയും വർഷങ്ങൾ കളത്തിലും പുറത്തും ഫെഡററും ആയി ചിലവഴിച്ച അവിസ്മരണീയ നിമിഷങ്ങൾ തന്റെ ഭാഗ്യവും സന്തോഷവും ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭാവിയിലും തങ്ങൾ ഒരുമിച്ച് ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട് എന്നു കുറിച്ച നദാൽ ഇതിഹാസതാരങ്ങൾ ഭാവിയിൽ എന്തിനെങ്കിലും ഒരുമിക്കും എന്ന സൂചനയും തന്നു. ഭാവിയിൽ ഫെഡറർക്കും ഭാര്യ, കുട്ടികൾ എന്നിവർക്കും സകല സന്തോഷം ഉണ്ടാവട്ടെ എന്നും നദാൽ ആശംസിച്ചു. ടെന്നീസ് ചരിത്രത്തിലെ തന്നെ ഏറ്റവും മഹത്തായ നിമിഷങ്ങൾ ആയിരുന്നു ഫെഡറർ, നദാൽ പോരാട്ടങ്ങൾ. വലിയ എതിരാളി ആയിട്ടും എന്നും മികച്ച സുഹൃത്തുക്കൾ കൂടിയായിരുന്നു ഇത്.

ബൈ ബൈ രാജ റോജർ

ആദ്യ കാലങ്ങളിൽ കളികൾ തോൽക്കുമ്പോൾ റോജർ ഫെഡറർ കരയുമായിരുന്നു. പിന്നീട് ജയം ശീലമാക്കിയപ്പോഴും റോജർ കരയുന്ന ശീലം മാറ്റിയില്ല. ഇത് കണ്ട് കാണികളുടെ കണ്ണുകൾ നിറയുമായിരുന്നു.

ഇന്നിപ്പോൾ തന്റെ വിരമിക്കൽ പ്രഖ്യാപനം നടത്തിയ റോജർ കരയുന്നില്ലെങ്കിലും, ടെന്നീസ് ആരാധകർ സങ്കട കടലിലാണ്. റോജറിനൊപ്പം, ആ ടെന്നീസിനൊപ്പം, ആ 20 ഗ്രാൻഡ്സ്ലാം ട്രോഫികൾക്കൊപ്പം വളർന്ന ഒരു തലമുറ ഇന്ന് കണ്ണീരടക്കാൻ പറ്റാതെ തേങ്ങുന്നു. എക്കാലത്തെയും മികച്ച ഈ കളിക്കാരന്റെ വിരമിക്കൽ വാർത്തയെ പറ്റി എഴുതുന്ന റിപ്പോർട്ടമാർ കടലാസിൽ കണ്ണീർ വീഴാതിരിക്കുവാൻ ബുദ്ധിമുട്ടുന്നുണ്ടാകും.

പരിക്കുകളുടെ പിടിയിൽ നിന്നു മോചനം കിട്ടാതെ ഒരു വർഷത്തിൽ ഏറെയായി കോർട്ടുകളിൽ നിന്നു റോജർ വിട്ടു നിന്നപ്പോൾ തന്നെ ഈ ലേഖകൻ പ്രവചിച്ചിരുന്നു, അടുത്ത ആഴ്ചത്തെ ലേവർ കപ്പ് ആകും ഈ സ്വിസ് രാജകുമാരന്റെ അവസാന എടിപി ടെന്നിസ് ടൂർണമെന്റ് എന്നു.

ഒരു രാജാവിന് ചേർന്ന യാത്രയയപ്പാകും ഫെഡറർക്ക് ടെന്നീസ് ലോകം നൽകുക. എതിരാളികളായി തുടങ്ങി സുഹൃത്തുക്കളായ മാറിയ കളിക്കാർ മുതൽ, ടെന്നീസിലെ വരും തലമുറയുടെ ദീപശിഖ ഏന്താൻ തയ്യാറായി നിൽക്കുന്ന മുൻനിര കളിക്കാരെല്ലാം അടുത്താഴ്ച്ച ലണ്ടനിൽ ഉണ്ടാകും. യൂറോപ്യൻ ടീം ലോക ടീമിനെ നേരിടുമ്പോൾ ഇതു സ്വാഭാവികം മാത്രം. എന്നാൽ ഇക്കൊല്ലം കളികളെല്ലാം വൈകാരികമാകും എന്ന് ഉറപ്പാണ്. അവരെല്ലാം അവിടെ എത്തുക റോജറിന് വേണ്ടിയാകും, അദ്ദേഹം ടെന്നീസിന് നൽകിയ വിലപ്പെട്ട സംഭാവനകൾക്ക് നന്ദി പറയാനാകും. ഒരു കാര്യം ഉറപ്പാണ്, ടെന്നീസ് ചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന ടൂർണമെന്റാകും അടുത്താഴ്ച്ച ലണ്ടനിൽ നടക്കുക.

ഒരു ബോൾ ബോയി ആയി തുടങ്ങി, ടെന്നീസിലെ നക്ഷത്രമായി മാറിയ ഫെഡററെ ലോകം ഒരു കാലത്തും മറക്കില്ല, ആ ഫോർഹാൻഡ്, പിന്നെ ആ സിംഗിൾ ഹാൻഡ് ബാക്ഹാൻഡ് മാത്രമാണ് അതിന് കാരണം. എത്ര ഗ്രാൻഡ്സ്ലാമുകൾ, എത്ര എടിപി ചാംപ്യൻഷിപ്പുകൾ, എത്ര ഒളിമ്പിക് മെഡലുകൾ, ഒന്നാം നമ്പർ ആയി എത്ര ആഴ്ചകൾ, അങ്ങനെ കണക്കെടുക്കുവാൻ എളുപ്പമാണ്, പക്ഷെ ആ കളിയുടെ സൗന്ദര്യം മഷി കൊണ്ട് എഴുതി പിടിപ്പിക്കുക അസാധ്യമാണ്.

ടെന്നീസ് താരങ്ങൾ, രാഷ്ട്ര തലവന്മാർ, ആരാധകർ എല്ലാവരും റോജറിന് ആശംസകൾ അറിയിക്കുന്ന തിരക്കിലാണ് ഇന്ന്. ടൂർണമെന്റ് ഗാലറികൾ ഫെഡറെ മിസ് ചെയ്യും എന്ന കാര്യം ഉറപ്പ്, പക്ഷെ ഏറ്റവും അധികം സങ്കടപ്പെടുക ആ കോർട്ടുകളിലെ ബോൾ ബോയ്സ് & ഗേൾസ് ആകും. അവരിൽ ഒരാൾ ആയിരുന്നല്ലോ ലോക ടെന്നീസിലെ ഈ മുടി ചൂടാ മന്നൻ!

കരഞ്ഞു തീർക്കാം നമുക്ക്! ടെന്നീസ് ലോകത്ത് റോജർ ഫെഡറർ ഇല്ല ഇനി, വിരമിക്കൽ പ്രഖ്യാപിച്ചു

അടുത്ത ആഴ്ച നടക്കുന്ന ലേവർ കപ്പിന് ശേഷം റോജർ ഫെഡറർ ടെന്നീസിൽ

വിരമിക്കൽ പ്രഖ്യാപിച്ചു ടെന്നീസ് കണ്ട ഏറ്റവും മഹാനായ താരം റോജർ ഫെഡറർ. അടുത്ത മാസം വരുന്ന ലേവർ കപ്പ് തന്റെ അവസാന ടൂർണമെന്റ് ആയിരിക്കും എന്ന് ഫെഡറർ അറിയിച്ചു. ആരാധകർക്ക് എഴുതിയ തുറന്ന കത്തിൽ ആണ് ഫെഡറർ തന്റെ വിരമിക്കൽ പ്രഖ്യാപിച്ചത്. തന്റെ ടെന്നീസ് കുടുബത്തിനും എല്ലാവർക്കും ആയുള്ള കുറിച്ച് എന്നു തുടങ്ങിയ കത്തിൽ അദ്ദേഹം, ടെന്നീസിൽ താൻ ഉണ്ടാക്കിയ സുഹൃത്തുക്കളും എതിരാളികൾക്കും എല്ലാറ്റിനും അപ്പുറം ടെന്നീസിന് ജീവൻ നൽകിയ ആരാധകർക്കും ആയി ഒരു വാർത്ത പങ്ക് വക്കാനുണ്ട് എന്നു പറഞ്ഞാണ് തന്റെ വിരമിക്കൽ വാർത്ത പ്രഖ്യാപിച്ചത്.

അവസാന മൂന്നു വർഷം നിരവധി പരിക്കുകളും ശസ്ത്രക്രിയകളും അടക്കം നിരവധി വെല്ലുവിളികൾ ആണ് താൻ നേരിട്ടത് എന്നു പറഞ്ഞ ഫെഡറർ താൻ ടെന്നീസിൽ കളത്തിലേക്ക് തിരികെ വരാൻ പരമാവധി ശ്രമിച്ചു എന്നും പറഞ്ഞു. എന്നാൽ തന്റെ ശരീരത്തിന്റെ പരിമിതികൾ താൻ തിരിച്ചറിയുന്നത് ആയി പറഞ്ഞ അദ്ദേഹം ശരീരം മതിയാക്കാം എന്ന സന്ദേശം ആണ് നൽകിയത് എന്നും കൂട്ടിച്ചേർത്തു. 41 കാരനായ താൻ കഴിഞ്ഞ 24 വർഷത്തിൽ 1500 ൽ അധികം കളിച്ചു. ടെന്നീസ് എന്നും തന്നെ താൻ സ്വപ്നം കണ്ടതിനു അപ്പുറം സ്വീകരിച്ചു എന്നാൽ ഇപ്പോൾ താൻ ടെന്നീസിൽ നിന്നു വിരമിക്കേണ്ട സമയം ആണെന്ന് തിരിച്ചറിയുന്നത് ആയി അദ്ദേഹം പറഞ്ഞു.

അടുത്ത ആഴ്ച ലണ്ടനിൽ നടക്കുന്ന ലേവർ കപ്പ് തന്റെ അവസാന എ.ടി.പി ടൂർണമെന്റ് ആവും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇനിയും താൻ ടെന്നീസ് കളിക്കും എങ്കിലും അത് ഗ്രാന്റ് സ്‌ലാം വേദികളിലോ, എ.ടി.പി ടൂറിലോ ആയിരിക്കില്ല എന്നും അദ്ദേഹം വ്യക്തമാക്കി. 24 വർഷങ്ങൾക്ക് ശേഷം തന്റെ സൗന്ദര്യ ടെന്നീസ് കൊണ്ടു ലോകത്തെ കീഴടക്കി ടെന്നീസിനെ കലയായി മാറ്റിയ പ്രതിഭാസം ആയിരുന്നു റോജർ ഫെഡറർ. 17 വയസ്സ് മുതൽ ഇങ്ങോട്ട് റെക്കോർഡ് 8 വിംബിൾഡൺ കിരീടങ്ങൾ അടക്കം 20 തവണ ഗ്രാന്റ് സ്‌ലാം കിരീടങ്ങൾ നേടിയ ഫെഡറർ ഒരുപാട് കാലം ലോക ഒന്നാം നമ്പർ ആയിരുന്നു.

ടെന്നീസ് എന്ന കളിയെ അത്രമാത്രം സ്നേഹിക്കുന്നത് ആയി പറഞ്ഞു അവസാനിപ്പിക്കുന്ന കത്തിൽ തന്റെ കുടുംബത്തിനും ടീമിനും ആരാധകർക്കും ഹൃദയം കൊണ്ടാണ് ഫെഡറർ നന്ദി പറയുന്നത്. തന്റെ ഭാര്യയുടെയും മക്കളുടെയും താഗ്യം എടുത്തു പറഞ്ഞു നന്ദി പറഞ്ഞ ഫെഡറർ മാതാപിതാക്കൾക്കും സഹോദരിക്കും മുൻ പരിശീലകർക്കും നന്ദി പറഞ്ഞു. എന്നും തനിക്ക് ഒപ്പം നിന്ന ടീമിൽ ഓരോരുത്തരുടെയും പേരെടുത്ത് നന്ദി പറഞ്ഞു അദ്ദേഹം. തനിക്ക് ഒരിക്കലും മറക്കാൻ ആവാത്ത അവിസ്മരണീയ എതിരാളികളെയും തന്നെ താൻ ആക്കിയ ആരാധകരെയും ഓർത്ത് എടുത്ത ഫെഡറർ എല്ലാവരോടും നന്ദി രേഖപ്പെടുത്തി. ബേസലിലെ ബോൾ ബോയിയിൽ നിന്നു ഈ നിലയിൽ താൻ എത്തിയതിനു കാരണം ആയവരോട് ഹൃദയത്തിൽ നിന്നു നന്ദി രേഖപ്പെടുത്തിയ താരം ഈ വർഷത്തെ എല്ലാം താൻ അത്രമേൽ ആസ്വദിച്ചിരുന്നത് ആയും കുറിച്ചു.

നൂറിൽ അധികം എ.ടി.പി കിരീടങ്ങൾ സ്വന്തമായുള്ള ഫെഡറർ ചരിത്രത്തിൽ തന്റെ അത്രമേൽ സുന്ദരമായ കളി ശൈലി കൊണ്ടു തന്നെയാണ് രേഖപ്പെടുത്തുക. സാക്ഷാൽ പീറ്റ് സാമ്പ്രസിനെ വിംബിൾഡൺ സെന്റർ കോർട്ടിൽ അട്ടിമറിച്ചു വരവ് അറിയിച്ച ഫെഡറർ പിന്നീട് ടെന്നീസിൽ നടത്തിയ യാത്ര സമാനതകൾ ഇല്ലാത്തത് ആയിരുന്നു. റാഫേൽ നദാൽസ് നൊവാക് ജ്യോക്കോവിച്, ആന്റി മറെ എന്നിവർക്ക് എതിരെയുള്ള പ്രസിദ്ധമായ മത്സരങ്ങളും അതിനു വലിയ മാനങ്ങൾ നൽകുന്നുണ്ട്. ഒടുവിൽ ഒരിക്കൽ കൂടി ഫെഡററെ ഗ്രാന്റ് സ്‌ലാം വേദിയിൽ കാണാം എന്ന ആരാധകരുടെ വലിയ പ്രതീക്ഷ അവസാനിപ്പിച്ചു ആണ് താരം വിരമിക്കൽ പ്രഖ്യാപിച്ചത്. പരമാവധി ശ്രമിച്ചു എങ്കിലും 41 കാരനായ ഫെഡററിന്റെ ശരീരം ആ മടങ്ങി വരവ് അനുവദിച്ചില്ല. ഉറപ്പായിട്ടും ടെന്നീസ് ആരാധകർക്ക് മാത്രമല്ല ഫെഡറർ എന്ന പേര് കൊണ്ടു മാത്രം ടെന്നീസിനെ അറിഞ്ഞ എല്ലാ കായിക പ്രേമികൾക്കും ഇത് ഏറ്റവും വലിയ സങ്കടവാർത്ത തന്നെയാവും. വിട ടെന്നീസിന്റെ ഏറ്റവും സൗന്ദര്യത്തിന്.

സെറീന വില്യംസ് ടെന്നീസ് കോർട്ട് വിട്ടു

ടെന്നീസ് ഇതിഹാസം സെറീന വില്യംസ് ഇനി ടെന്നീസ് കോർട്ടിൽ ഉണ്ടാകില്ല. ഇന്ന് യുഎസ് ഓപ്പണിൽ അവർ പരാജയപ്പെട്ടതോടെ ഐതിഹാസികമായ ആ കരിയറിന് അവസാനമായി‌ ഓസ്‌ട്രേലിയയുടെ അജ്‌ല ടോംലാനോവിച്ചിനോട് പരാജയപ്പെട്ടാണ് ഇന്ന് സെറീന ടൂർണമെന്റിലെയും കരിയറിലെയും യാത്ര അവസാനിപ്പിച്ചത്‌.

യു എസ് ഓപ്പണിനുശേഷം വിരമിക്കുമെന്ന് കഴിഞ്ഞ മാസം സെറീന പറഞ്ഞിരുന്നു. 40 കാരിയായ സെറീന വില്യംസിനെ 7-5, 6-7 (4/7) 6-1 എന്ന സ്കോറിന് ആണ് ടോംലാനോവിച്ച് പരാജയപ്പെടുത്തിയത്.

27 വർഷൻ നീണ്ട കരിയറിൽ 23 ഗ്രാൻഡ് സ്ലാം സിംഗിൾസ് കിരീടങ്ങൾ നേടിയ താരമാണ് സെറീന.

ടെന്നീസിലെ പുത്തൻ താരോദയം കാത്ത് ആരാധകർ

ടെന്നീസിലെ പുത്തൻ താരോദയം കാത്ത് ആരാധകർ

സിൻസിനാട്ടി മാസ്റ്റേഴ്സ് വിജയിച്ചു കഴിഞ്ഞു ബോർണ കോറിച് പറഞ്ഞത്, ഞങ്ങൾക്ക് മുന്നേ ഫെഡറർ, നദാൽ, ജോക്കോവിച്ച് എന്നിവർ ടെന്നീസ് കോർട്ടുകൾ അടക്കി വന്നിരുന്നത് പോലെ ഇനി ആരും ദീർഘകാലം അടക്കി വാഴും എന്നു കരുതുന്നില്ല എന്നാണ്. ഇത് പല കാരണങ്ങൾ കൊണ്ടും ഏതാണ്ട് ശരിയാണ്. ഒരു കാരണം, ഈ മൂന്ന് പേരുടെ സ്വാഭാവദാര്‍ഢ്യവും കഴിവും ഉള്ള ഒരു കളിക്കാരനെ കണ്ടു കിട്ടാൻ നമുക്ക് ഇനിയും കഴിഞ്ഞിട്ടില്ല എന്നതാണ്. കഴിവ് ചിലപ്പോൾ മിന്നി തിളങ്ങുന്നുണ്ടെങ്കിലും, അത് നിലനിറുത്തി കൊണ്ട് പോകാൻ പുതുതലമുറ കളിക്കാർക്ക് സാധിക്കുന്നുമില്ല.

പുതിയ കളിക്കാർ ഏറ്റവും മുന്തിയ കളി പുറത്തെടുക്കാനുള്ള വ്യഗ്രതയിൽ, കളി മിടുക്കിന്റെ കുറവ് തരണം ചെയ്യാനായി അതി തീവ്രമായ കായിക ക്ഷമത പുറത്തെടുക്കുന്നതിലൂടെ, നിരന്തരമായ ഫോം നിലനിറുത്താൻ സാധിക്കാതെ പോകുന്നു എന്നതാണ് ഒരു കണ്ടെത്തൽ. പല കളിക്കാരുടെയും ടൂർണമെന്റ് ജയ പരാജയങ്ങളുടെ ഗ്രാഫ് നോക്കിയാൽ ഇത് ശരിയാണെന്ന് മനസ്സിലാകും.

എന്നാൽ പ്രധാന കാരണമായി പലരും കാണുന്നത് ഇവരുടെ ഒന്നിച്ചുള്ള വളർച്ചയെയാണ്. ഫെഡറർ, നദാൽ, ജോക്കോ, പിന്നെ ഒരു പരിധി വരെ ആന്റി മറെയും പരസ്പരപൂരകങ്ങളായ കളിക്കാരയിരുന്നു. അവർ തമ്മിൽ ഒരു വാശിയേറിയ മത്സരം എന്നും ഉണ്ടായിരുന്നു. ഒന്നിച്ചു കളിച്ചു, കളി മെച്ചപ്പെടുത്തി മുന്നോട്ട് വന്നവരാണ് ഇവർ. ആദ്യ കാലങ്ങളിൽ തികഞ്ഞ ശത്രുതയിൽ തുടങ്ങി, പിന്നീട് പരസ്പര ബഹുമാനമുള്ള എതിരാളികളും, സുഹൃത്തുക്കളും ആയി മാറിയ ചരിത്രമാണ് ഇവർക്കിടയിൽ ഉള്ളത്. ഇത് ഇവരുടെ കളിയെ വലിയ രീതിയിൽ സ്വാധീനിച്ചിട്ടുണ്ട്. അങ്ങനെയുള്ള മത്സരം പല കാലത്തും ടെന്നീസിൽ സംഭവിച്ചിട്ടുണ്ട്. ബോർഗ്, കോണർസ്, മേക്കൻറോ, ലെൻഡൽ, ബെക്കർ, പാറ്റ് ക്യാഷ്, എഡ്‌ബെർഗ്, അഗാസി, സംപ്രാസ് എന്നിവർ എല്ലാം ഇത്തരം മത്സരങ്ങളിലൂടെ വളർന്നവരാണ്. ആ മത്സരങ്ങളെല്ലാം നമുക്ക് ആവേശകരമായ ടെന്നീസ് സമ്മാനിച്ചിട്ടുമുണ്ട്.

അതിനാൽ ഇനിയുള്ള കാലത്ത് ടെന്നീസ് ഇനിയും ഉയരങ്ങൾ താണ്ടണമെങ്കിൽ ഒരു കൂട്ടം കളിക്കാർ ഒന്നിച്ചു വരണം, വളരണം. അവർ പരസ്പരം കളിച്ചും, മത്സരിച്ചും, കലഹിച്ചും കളിയെ മുന്നോട്ട് കൊണ്ടു പോകണം. അത്തരം ഒരു കൂട്ടം കളിക്കാർ ഉയർന്നു വരും എന്ന് പ്രതീക്ഷിക്കാം.

ഇന്നതിന് കഴിവുള്ള ഒരു ഡസൻ കളിക്കാരെങ്കിലും ഇന്ന് 1000 മാസ്റ്റേഴ്സ് തലത്തിൽ കളിക്കുന്നുണ്ട്. അവരിൽ നിന്ന് മൂന്നോ നാലോ താരകങ്ങളെങ്കിലും ഉദിച്ചുയരുന്നത് നമുക്ക് കാത്തിരിക്കാം. രണ്ട് ദിവസത്തിൽ തുടങ്ങുന്ന യുഎസ് ഓപ്പൺ അതിന് തുടക്കമാകും എന്ന് പ്രത്യാശിക്കാം.

ബോൺ എഗെയിൻ കോറിച്!

ഇത്രയധികം മാനങ്ങൾ ഉള്ള ഒരു ടൂർണമെന്റ് ഈ അടുത്ത കാലത്ത് ടെന്നീസ് ആരാധകർ കണ്ടിട്ടുണ്ടാകില്ല. അടുത്താഴ്ച്ച തുടങ്ങാനിരിക്കുന്ന യുഎസ് ഓപ്പൺ ടൂർണമെന്റിന്റെ മുന്നൊരുക്കത്തിനുള്ള വേദിയായാണ് എന്നും സിൻസിനാറ്റി ഓപ്പൺ ടൂർണമെന്റിനെ കളിക്കാർ കണ്ടിട്ടുള്ളത്. എന്നാൽ ഇക്കൊല്ലം ഈ ടൂർണമെന്റിന് പ്രാധാന്യം കൂടി.

വിംബിൾഡൺ വിലക്കിന് ശേഷം തിരികെ കോർട്ടിലേക്ക് വന്ന മേദ്ഡ്വേദേവ് തന്റെ ഒന്നാം റാങ്ക് ന്യായീകരിക്കാനുള്ള വേദി. ടെന്നീസിലെ പുതിയ ജന്റിൽമാൻ ആയ നിക്ക് കിരിയോസിന്റെ വിംബിൾഡൺ ഓണ് കോർട്ട് പെരുമാറ്റം സത്യസന്ധമായ ഒന്നായിരുന്നോ എന്നു ടെന്നീസ് ലോകം പരിശോദിക്കാൻ ഒരു വേദി. പരിക്ക് മൂലം പുറത്തായിരുന്നു നദാൽ തിരിച്ചു വരവിന് സ്വീകരിച്ച വേദി. ആൻഡി മറെ ലോക ടെന്നീസിന്റെ മുൻ നിരയിലേക്ക് വരുമോ എന്നറിയാനുള്ള വേദി. പുത്തൻ തലമുറ കളിക്കാരിൽ ആരാകും ഇനിയുള്ള കാലം വാഴുക എന്നറിയാനുള്ള ശ്രമം.

എന്നാൽ ഈ തിരക്കഥകളിൽ ഒന്നും ക്രൊയേഷ്യൻ താരം ബോർണ കോറിച് ഉണ്ടായിരുന്നില്ല. ഫൈനലിൽ സിസിപ്പാസിനെ (7-6, 6-2) തോൽപ്പിച്ച ശേഷം കോറിച് തന്നെ പറഞ്ഞത്, ഒരാഴ്ച്ച മുൻപ് ഈ സ്പീച്ചിന് താൻ തയ്യാറായിരുന്നില്ല എന്നാണ്. ആരും തയ്യാറായിരുന്നില്ല എന്നു വേണമെങ്കിൽ പറയാം. കാരണം, 152 റാങ്കിലുള്ള ഒരു കളിക്കാരൻ 1000 മാസ്റ്റേഴ്സ് ടൂർണമെന്റ് വിജയിക്കുക എന്നത് കേട്ട്കേൾവിയില്ലാത്ത കാര്യമാണല്ലോ. അതും ഒന്നാം റാങ്ക് മുതൽ താഴോട്ടുള്ള മുൻനിര കളിക്കാർ പങ്കെടുക്കുന്ന ഒരു ടൂർണമെന്റിൽ.

പക്ഷെ 2018ൽ തന്റെ ക്യാരിയർ ബെസ്റ്റ് ആയ 12 റാങ്കിൽ എത്തിയിട്ടുള്ള കോറിച്ചിന് ഇതൊരു രണ്ടാം ജന്മമാണ്. തന്റെ മൂന്നാമത്തെ മാത്രം മാസ്റ്റേഴ്സ് കപ്പ് വിജയിച്ച ബോർണ കോറിച്ചിന്റെ ഈ ടൂർണമെന്റിലെ വിജയങ്ങളുടെ ലിസ്റ്റ് എടുത്താൽ അതു മനസ്സിലാകും. മുസെറ്റി, നദാൽ, അഗുട്, ഓഗർ അലിയാസിമേ, നോറി, സിസിപ്പാസ് എന്നിവരെ തോൽപ്പിച്ചാണ് ബോർണ കപ്പുയർത്തിയത്. ഈ ടൂർണമെന്റ് വിജയത്തോടെ തന്റെ റാങ്കിങ് ആദ്യ 50ന് ഉള്ളിലേക്ക് ആക്കുവാൻ കോറിച്ചിന് സാധിച്ചിട്ടുണ്ട്. ഇനിയുള്ള ടൂർണമെന്റുകളിൽ ഇതേ അച്ചടക്കത്തോടും, ആവേശത്തോടും കൂടി കളിക്കാൻ സാധിച്ചാൽ വീണ്ടും മുൻ നിരയിലേക്കെത്താൻ കോറിച്ചിന് താമസമുണ്ടാകില്ല.

തലമുറ മാറ്റത്തിനൊരുങ്ങി ടെന്നീസ്

തലമുറ മാറ്റത്തിനൊരുങ്ങി ടെന്നീസ്

യുഎസ് ഓപ്പൺ തുടങ്ങാൻ ഒരാഴ്ച മാത്രം ബാക്കി നിൽക്കേ, മുന്നൊരുക്കത്തിനായി മുൻനിര കളിക്കാരെല്ലാം സിൻസിനാറ്റിയിലാണ്. കോർട്ടുകൾ അടക്കി വാണിരുന്ന നദാൽ, ഫെഡറർ, ജോക്കോവിച്ച്, മറെ എന്നിവരിൽ നദാലും, മറെയും ടൂർണമെന്റിൽ നിന്ന് പുറത്തായി കഴിഞ്ഞു. ജോക്കോവിച്ച് അമേരിക്കൻ വാക്സിൻ നിയമം കാരണം യാത്ര ചെയ്യാൻ സാധിക്കാതെ പുറത്തിരിന്നു, ഫെഡറർ ഒരു വർഷം മുന്നത്തെ പരിക്ക് കാരണം തിരികെ കോർട്ടിലേക്ക് എത്തിയിട്ടില്ല.

അവസാന 16 പേരുടെ കളികൾ കഴിഞ്ഞു ക്വാർട്ടർ ലൈനപ്പ് തീരുമാനമായി. 16 പേരുടെ റൗണ്ടിൽ തന്നെ, കഴിഞ്ഞ രണ്ട് മൂന്ന് കൊല്ലത്തിൽ ഉയർന്നു വന്ന കളിക്കാർ ഒട്ടുമിക്കവരും ഉണ്ടായിരുന്നു. എന്നാൽ ബിഗ് 4ന് കീഴിൽ അവരുടെ നിഴലായി കളിച്ചിരുന്ന കളിക്കാർ ആരും തന്നെയില്ല.

ടെന്നീസ് ലോകത്തിന് ഒരു വ്യക്തമായ സൂചനയാണ് സിനിസിനാറ്റി വെസ്റ്റേർൺ & സതേർൺ ഓപ്പൺ ടൂർണമെന്റ് നൽകുന്നത്. ആ നാല് പേർ കഴിഞ്ഞാൽ ആര് എന്ന ചോദ്യത്തിന് ഉത്തരം നൽകാൻ സാധിക്കുന്ന പേരുകളാണ് ഇപ്പോൾ അവിടെ ഉയർന്ന് കേൾക്കുന്നത്. ടെന്നീസ് കോർട്ടിലെ തലമുറ മാറ്റം സംഭവിക്കുന്ന കാഴ്ചയിലൂടെയാണ് നാം ഇപ്പോൾ കടന്ന് പോയി കൊണ്ടിരിക്കുന്നത്. ഈ ലിസ്റ്റിൽ പെട്ട എല്ലാവരും ചെറുപ്പമാണെന്നു മാത്രമല്ല, അതിസുന്ദരമായ ടെന്നീസ് പുറത്തെടുക്കാൻ മിടുക്കരാണ്.

ടെന്നീസ് ലോകത്തിന്റെ ബഹുമാനം പിടിച്ചു വാങ്ങാൻ പറ്റില്ല, പക്ഷെ ആദരവ് നേടണമെങ്കിൽ ഈ യുവ നിര മുൻകാല ഗോട്ടുകളെ പോലെ നിശ്ചയദാർഢ്യവും, അച്ചടക്കവും, സമർപ്പണവും കാണിക്കണം. അതിന് സാധിച്ചാൽ അവർക്കും ട്രോഫികളിൽ തങ്ങളുടെ പേര് വീണ്ടും വീണ്ടും എഴുതിക്കാം.

ക്വാർട്ടർ ഫൈനൽ ലൈനപ്പ്:

പ്രജ്നേഷ് ഗുണ്ണേശ്വരനു വെങ്കലം, ടെന്നീസ് മെഡലുകള്‍ക്ക് അവസാനം

ഏഷ്യന്‍ ഗെയിംസ് 2018ലെ ഇന്ത്യയുടെ ടെന്നീസില്‍ നിന്നുള്ള മെഡലുകള്‍ക്ക് അവസാനം. ഇന്ന് അവസാന പ്രതിനിധിയായ പ്രജ്നേഷ് ഗുണ്ണേശ്വരന്‍ സെമിഫൈനല്‍ മത്സരത്തില്‍ പരാജയപ്പെട്ടതോടെയാണ് ടെന്നീസിലെ ഇന്ത്യന്‍ പ്രാതിനിധ്യം അവസാനിച്ചത്. പരാജയപ്പെട്ടുവെങ്കിലും സെമിയില്‍ കടന്നതിനു ഇന്ത്യന്‍ താരത്തിനു വെങ്കല മെഡല്‍ ലഭിയ്ക്കും. ലോക റാങ്കിംഗില്‍ 75ാം നമ്പര്‍ താരം ഡെനിസ് ഇസ്റ്റോമിനോട് 2-6, 2-6 എന്ന സ്കോറിനു നേരിട്ടുള്ള സെറ്റുകളിലായിരുന്നു പ്രജ്നേഷിന്റെ തോല്‍വി.

ടെന്നീസില്‍ നിന്ന് ഇന്ത്യയ്ക്ക് ഒരു സ്വര്‍ണ്ണവും രണ്ട് വെങ്കലവുമുള്‍പ്പെടെ 3 മെഡലുകളാണ് നേടിയത്. പ്രജ്നേഷും അങ്കിത റെയ്‍നയും വെങ്കലം നേടിയപ്പോള്‍ രോഹന്‍ ബൊപ്പണ്ണ-ദിവിജ് ശരണ്‍ കൂട്ടുകെട്ട് സ്വര്‍ണ്ണം നേടി.

ടെന്നീസിലൂടെ ആറാം സ്വര്‍ണ്ണം, രോഹന്‍ ബൊപ്പണ്ണ-ദിവിജ് ശരണ്‍ കൂട്ടുകെട്ടിന്റെ വക

ഏഷ്യന്‍ ഗെയിംസിലെ ഇന്ത്യയുടെ ആറാം സ്വ്ര‍ണ്ണം നേടി രോഹന്‍ ബൊപ്പണ്ണ-ദിവിജ് ശരണ്‍ കൂട്ടുകെട്ട്. ടെന്നീസില്‍ കസാക്കിസ്ഥാന്‍ ടീമിനെ 6-3, 6-4 എന്ന സ്കോറിനു പരാജയപ്പെടുത്തിയാണ് ഇന്ത്യയുടെ ഗെയിംസിലെ ആറാം സ്വര്‍ണ്ണം കൂട്ടുകെട്ട് നേടിയത്. ടെന്നീസില്‍ ഈ ഗെയിംസില്‍ ഇന്ത്യ നേടുന്ന ആദ്യ സ്വര്‍ണ്ണ മെഡലാണിത്. വനിത സിംഗിള്‍സില്‍ നേരത്തെ അങ്കിത റെയ്‍ന വെങ്കല മെഡല്‍ നേടിയിരുന്നു.

അനായാസമായ ജയമാണ് ഇന്ത്യന്‍ ജോഡി ഇന്നത്തെ മത്സരത്തില്‍ കസാക്കിസ്ഥാന്‍ സംഘത്തോട് നേടിയത്. ആദ്യ ഗെയിമില്‍ വല്യ ചെറുത്ത് നില്പില്ലാതെ എതിരാളികള്‍ കീഴടങ്ങയിപ്പോള്‍ രണ്ടാം സെറ്റില്‍ നാല് ഗെയിമുകള്‍ കസാക്കിസ്ഥാന്‍ സ്വന്തമാക്കി.

സെമിയില്‍ പൊരുതി തോറ്റു അങ്കിത റെയ്‍ന, വെങ്കല മെഡല്‍ സ്വന്തം

ലോക റാങ്കിംഗില്‍ 34ാം സ്ഥാനത്തുള്ള ചൈനയുടെ ഷുവായി സാംഗിനോട് സെമിയില്‍ പൊരുതി തോറ്റ് അങ്കിത റെയ്‍ന. ഇന്ന് നടന്ന സെമി പോരാട്ടത്തില്‍ നേരിട്ടുള്ള ഗെയിമുകളിലാണ് തോല്‍വിയെങ്കിലും സെമിയില്‍ കടന്നതിനാല്‍ അങ്കിതയ്ക്ക് വെങ്കല മെഡല്‍ ലഭിയ്ക്കും. 4-6, 6-7 എന്ന സ്കോറിനാണ് അങ്കിതയുടെ തോല്‍വി. 2 മണിക്കൂര്‍ 11 മിനുട്ടാണ് മത്സരം നീണ്ട് നിന്നത്.

Exit mobile version