ടീം ഇന്ത്യ ഇനി ടീം മാസ്ക് ഫോഴ്സ്, മാസ്ക് ധരിക്കുവാന്‍ ഉള്ള ബോധവത്കരണ വീഡിയോയുമായി ബിസിസിഐ

ലോകത്ത് കൊറോണ പടര്‍ന്ന് പിടിക്കുന്നത് തടയുവാനുള്ള ശ്രമങ്ങള്‍ അതാത് രാജ്യത്തെ സര്‍ക്കാരുകള്‍ ശ്രമിക്കുമ്പോള്‍ അതിനൊപ്പം തന്നെ പല സാമൂഹിക സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. അത് പോലെ ഇന്ത്യയില്‍ ബിസിസിഐയുടെ ആഭിമുഖ്യത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ മാസ്ക് ധരിക്കുന്നതിന്റെ ബോധവത്കരണവുമായി മുന്നോട്ട് വന്നിട്ടുണ്ട്. ഇന്ത്യന്‍ സര്‍ക്കാര്‍ ജനങ്ങള്‍ക്കിടയില്‍ മാസ്ക് ധരിക്കുന്നതിന്റെ ആവശ്യം ആളുകളെ പഠിപ്പിക്കുവാനാണ് ഈ ദൗത്യം ക്രിക്കറ്റര്‍മാരെ എല്പിച്ചിരിക്കുന്നത്.

വിരാട് കോഹ്‍ലി ആമുഖത്തോടെയാണ് വീഡിയോ ആരംഭിക്കുന്നത്. നിങ്ങള്‍ നമ്മളെ പിന്തുണയ്ക്കാനായി ആര്‍പ്പുവിളികളുമായി എത്തുമ്പോള്‍ ഇന്ന് ഞാന്‍ നിങ്ങളുടെ കുടുംബങ്ങളുമായി സംസാരിക്കാനാണ് എത്തുന്നതെന്ന് പറഞ്ഞ കോഹ്‍ലി മാസ്ക് ഫോഴ്സിന്റെ കാര്യം കാഴ്ചക്കാരോട് പറയുന്നു.

സൗരവ് ഗാംഗുലി, സ്മൃതി മന്ഥാന, രോഹിത് ശര്‍മ്മ, ഹര്‍ഭജന്‍ സിംഗ്, ഹര്‍മ്മന്‍പ്രീത് കൗര്‍, രാഹുല്‍ ദ്രാവിഡ്, വിരേന്ദര്‍ സേവാഗ്, മിത്താലി രാജ്, സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്നിവര്‍ ആളുകളോട് വീട്ടില്‍ ഇരുന്ന് മാസ്ക് ഉണ്ടാക്കി പുറത്ത് പോകുമ്പോള്‍ ഇവ ഉപയോഗിക്കണമെന്നും പറയുന്നുണ്ട്.

വീഡിയോയുടെ അവസാനം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എത്തി കൈ കഴുക്കേണ്ട ആവശ്യകതയെക്കുറിച്ചും പറയുന്നുണ്ട്. ഓരോ താരങ്ങളും അവര്‍ ഉണ്ടാക്കിയതെന്ന് തോന്നിപ്പിക്കുന്ന തരത്തില്‍ വ്യത്യസ്തമായ മാസ്കുകളാണ് ഉപയോഗിക്കുന്നത്. മാസ്ക് ഉണ്ടാക്കുന്ന കാര്യങ്ങള്‍ അറിയുവാന്‍ ആരോഗ്യ സേതു ആപ്പ് ഡൗണ്‍ലോഡ് ചെയ്യുവാനും വീഡിയോയില്‍ ആഹ്വാനമുണ്ട്.

Exit mobile version